നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഭാര്യ പറഞ്ഞ വാക്കുകൾ


ഇന്ന് ഉറക്കമില്ലാത്ത രാത്രി ആയിരുന്നു അയാൾക്ക്.തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി. ഭാര്യ പറഞ്ഞ വാക്കുകൾ ചെവികളിൽ മുഴങ്ങുന്നു.
ലീവ് കഴിഞ്ഞ് വന്ന ഒരു പ്രവാസിയാണ് പാവം. പത്ത് ദിവസം കഴിഞ്ഞിരിക്കുന്നു. ,, നിന്നെ കാണാൻ കൊതിയാകുന്നു imo യിൽ വിളിക്കാം,, എന്ന് പറഞ്ഞ നേരത്ത് അവൾ പറഞ്ഞ ആ വാക്കുകൾ...
,,പോകുന്ന ദിവസം കൂടി വീട്ടിൽ ഒന്ന് ഒതുങ്ങി നിൽക്കാതെ കൂട്ടുകാരുടെ ഒപ്പം കറങ്ങി നടന്നിട്ട് ഇപ്പോൾ എന്നെ കാണാൻ കൊതിയാകുന്നു പൊലും. എനിക്ക് കാണണ്ട അവർക്ക് തന്നെ വിളിച്ചോളീം,, പിന്നെയും എന്തൊക്കെയോ പറഞ്ഞു പരാതികൾ പരിഭവങ്ങൾ. കേൾക്കാൻ ശക്തി ഇല്ലാതെ ഫോൺ കട്ട് ആക്കുകയായിരുന്നു.
മനസ്സ് ആകെ കലുഷിതമായിരിക്കുന്നു. അവൾ പറഞ്ഞതിലും കാര്യമുണ്ടല്ലോ. പോരുന്നതിന് ഒരാഴ്ച മുമ്പേ തുടങ്ങിയിരുന്നു. ടിക്കറ്റ് എടുത്ത് ട്രാവൽസിൽ നിന്ന് വന്നത് മുതൽ.ഒരു മടക്കം ആസന്നമായിരിക്കുന്നു എന്ന തിരിച്ചറിവ് വന്ന നിമിഷം മുതൽ തന്നെ തന്റെ സ്വഭാവത്തിൽ വന്ന മാറ്റം. തൊട്ടതിനും പിടിച്ചതിനും ഒക്കെ ദേഷ്യപ്പെടൽ.ഒരു കാര്യവുമില്ലാതെ. അല്ലെങ്കിൽ തന്നെ രണ്ടോ മൂന്നോ മാസത്തെ ലീവിന് നാട്ടിലെത്തുന്ന പ്രവാസിയുടെ കാര്യം കഷ്ടമാണ്.. കുറച്ച് നേരം വീട്ടിൽ ഒന്ന് ഒതുങ്ങി കൂടിയാൽ അപ്പോൾ കിട്ടും കൂട്ടുകാരുടെ വക ഒരു പേര്. ,ബീപി, ( ഭാര്യയെ പേടി) ഇനി കുറച്ച് അധികനേരം അവരോടൊത്ത് ചിലവഴിച്ച് വീട്ടിലെത്തിയാൽ അവളുടെ വീർത്ത മുഖവും കാണേണ്ടി വരും. സത്യത്തിൽ ഒരു ഞാണിന്മേൽ കളി തന്നെയാണ് ഈ ദാമ്പത്യ ജീവിതം.
പോരുന്ന രണ്ട് ദിവസം മുമ്പാണ് രാത്രി നേരം വൈകി വന്നതിന്റെ പേരിൽ ഒന്നും രണ്ടും പറഞ്ഞ് പിണങ്ങിയത്. സത്യത്തിൽ അയാൾ മനപ്പൂർവ്വം ഉണ്ടാക്കിയതായിരുന്നു ഈ പിണക്കം. സ്നേഹിച്ച് സ്നേഹിച്ച് വല്ലാതെ ആ ബന്ധത്തിന്റെ ബന്ധനത്തിൽ അലിഞ്ഞ് പോയാൽ തന്റെ യാത്ര മുടങ്ങുമോ എന്ന ഭയം കൊണ്ട്.അങ്ങനെ സംഭവിച്ചാൽ വീട് പണിയുടെ ബാക്കി കടങ്ങളും ബാങ്ക് ലോണുമെല്ലാം ഒരു ചോദ്യചിഹ്നമായി മുമ്പിലുണ്ട്. ചെറുതായിട്ട് ഒന്നു പിണങ്ങി നിന്നാൽ പോരുമ്പോൾ അവൾക്കും വലിയ വിഷമമുണ്ടാകില്ല എന്ന തിരിച്ചറിവിൽ നിന്നും അയാളുടെ കുഞ്ഞു ബുദ്ധിയിൽ ഉദിച്ചത്. പക്ഷെ അത് ഇങ്ങനെ ഒരു കുരിശാകുമെന്ന് കരുതിയില്ല..
വീട്ടിൽ നിന്ന് ഇറങ്ങുന്ന നേരം.. ഒരു പ്രവാസിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുഖ മുഹൂർത്തം അത് തന്നെയായിരിക്കും. അമ്മയുടെ കലങ്ങിയ കണ്ണുകൾ ,അച്ചന്റെ നിസംഗംത. ഭാര്യയുടെ വിതുമ്പൽ, കവിളിയ കിട്ടിയ മക്കളുടെ മുത്തങ്ങളുടെ നീറ്റൽ. ഇതെല്ലാം അതിജീവിക്കണമല്ലോ അവന്..
പിണക്കത്തിലാണെങ്കിലും വീട്ടിൽ നിന്ന് ഇറങ്ങുന്ന നേരത്ത് അവളുടെ കണ്ണുകളിലെ നനവ് അയാൾ കണ്ടു.. പക്ഷെ കാണാത്ത പോലെ മുഖം തിരിച്ചു നടന്നു. എല്ലാം ഉളളിൽ ഒതുക്കി..
പക്ഷെ ഇവിടെയെത്തിയപ്പോൾ സകല നിയന്ത്രണവും നഷ്ടമായിരിക്കുന്നു.. റൂമിലെത്തി ഒരുപാട് കരഞ്ഞു.. ഇനിയെത്ര കാലം കഴിയണം... എന്നാലും തന്നെ മനസ്സിലാക്കാൻ അവൾക്ക് ഇനിയും കഴിഞ്ഞില്ലല്ലോ എന്നോർത്തായിരുന്നു വിഷമം..
എല്ലാം ശരിയാകുമായിരിക്കും. കാലത്തിന് മായ്ക്കാൻ കഴിയാത്ത പിണക്കങ്ങൾ ഇല്ലല്ലോ.. പിന്നെ പിണക്കം തിർന്ന് ഒന്നാകുന്ന രാത്രികളെല്ലാം ദമ്പതിമാർക്ക് ആദ്യരാത്രികളാണ് എന്ന് ആരോ പറഞ്ഞ വാചകങ്ങളും അയാളുടെ മനസ്സിൽ ഓടിയെത്തി.. ആ രാത്രികളും കിനാവ് കണ്ട് അയാൾ ഉറക്കത്തിലേക്ക് വഴുതി വീണു...
രാവിലെ ഉണർന്ന് ഫോൺ എടുത്ത് നോക്കിയപ്പോഴാണ് ഭാര്യയുടെ മെസേജ് കണ്ടത്... ,,എനിക്ക് അറിയാമായിരുന്നു നിങ്ങൾ എന്തിനാണ് എന്നോട് അങ്ങനെ പെരുമായിരുന്നത് എന്ന്.. ദേഷ്യപ്പെട്ടിരുന്നത് എന്നും.. പിന്നെ നിങ്ങളുടെ മുഖം ഫോണിലാണെങ്കിലും കണ്ടാൽ എനിക്ക് സങ്കടം സഹിക്കാൻ കഴിയില്ല അതാണ് ഞാൻ അങ്ങനെ പറഞ്ഞത്. എന്നോട് ദേഷ്യം തോന്നരുത്,, എന്ന മെസേജ്.. അത് കണ്ടതോടെ അയാൾക്ക് ഒന്ന് കുടി സങ്കടമായി.. അല്ലെങ്കിലും കൊച്ചു കൊച്ചു പിണക്കങ്ങളും കലഹങ്ങളും എല്ലാം കൂടിച്ചേർന്നതാണല്ലോ ഈ ജീവിതം..അതൊന്നുമില്ലാതെ എന്ത് ജീവിതം ..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot