Slider

ബ്ലാക്ക്മാൻ

0

ഏതാണ്ട് ഒരാഴ്ചയോളമായി ഞങ്ങൾ പാലേരിക്കുന്നുകാരുടെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ് ബ്ലാക്ക്മാൻ.രാത്രിയിൽ പാലേരിയിലേക്കുള്ള ചെമ്മൺ പാതയിലൂടെ ബ്ലാക്ക്മാൻ നടന്നു വരുന്നത് ആദ്യമായി കണ്ടത് പാലേരിയിൽ പലചരക്ക് കട നടത്തുന്ന ബാലേട്ടനാണ്.കടയടച്ച് പത്ത് മണിക്ക് വീട്ടിലേക്ക് പോകുമ്പോഴാണ് കറുത്ത ഒരു രൂപം മിന്നൽവേഗത്തിൽ റോഡ് മുറിച്ചുകടന്ന് അപ്രത്യക്ഷമാവുന്നത് അയാൾ കണ്ടത്.പിന്നീട് നേരം വെളുത്തപ്പോൾ കവലയിലെ ഞങ്ങളുടെ പ്രധാന ചർച്ച ബ്ലാക്ക്മാനെക്കുറിച്ചായിരുന്നു.പല സ്ഥലങ്ങളിലും ബ്ലാക്മാന്റെ വിക്രസുകൾ പത്രത്തിലൂടെ വാർത്തകളായി വരുന്ന സമയമായിരുന്നു അത്.
പക്ഷേ പാലേരിയിലെ പഴമക്കാർക്ക് അതിനെക്കുറിച്ച് പല ചരിത്രങ്ങളും പറയാനുണ്ടായിരുന്നു.പണ്ടു കാലങ്ങളിൽ പാലേരിക്കുന്ന് ഒടിയൻമാരുടെ കളിയിടമായിരുന്നത്രെ. അവരെ പേടിച്ച് രാത്രിയായാൽ ആളുകൾ പുറത്തിറങ്ങാറില്ലായിരുന്നത്രെ. ഒടിയൻമാരുടെ ന്യൂ ജനറേഷനിൽ പെട്ടവരാണ് ഈ ബ്ലാക്ക്മാനെന്ന് നാട്ടുകാർ വിശ്വസിച്ചു.
ഏതായാലും പണ്ടത്തെപ്പോലെ ആളുകൾ രാത്രിയായാൽ പുറത്തിറങ്ങാതായി.
നിലമ്പൂരിനടുത്തൊരു സ്ഥലത്ത് പത്തു പേർ ചേർന്ന് പിടിച്ചിട്ടും കൂളായിട്ട് അവരെയെല്ലാം തട്ടിത്തെറിപ്പിച്ച് രക്ഷപ്പെട്ട ഒരു ബ്ലാക്ക്മാന്റെ കഥ ഞെട്ടലോടെയാണ് ഞങ്ങൾ കേട്ടത് .ബ്ലാക്ക്മാനെ പിടിക്കാൻ പോയ ധൈര്യശാലികളിൽ പലരും മീശ മാധവനിലെ പിടലിയെപ്പോലെ കഴുത്തിൽ ബെൽറ്റുമിട്ടാണ് ഇപ്പോൾ നടക്കുന്നതന്നും അതിൽ പെട്ട ഒരാൾ പേടിച്ച് പനി പിടിച്ച് കിടപ്പിലാണെന്നും നിലമ്പൂരിൽ നിന്നും കല്യാണം കഴിച്ച സുബൈറാണ് പറഞ്ഞത്. പക്ഷേ പാലേരിക്കുന്നുകാർക്കിടയിൽ ആർക്കും അങ്ങിനെ കഴുത്തിൽ ബെൽറ്റിടേണ്ട ആവശ്യമുണ്ടാവാനിടയില്ല. കാരണം ഞങ്ങൾക്കാർക്കും ബ്ലാക്ക്മാനെ പിടിക്കാൻ താൽപര്യമില്ല അതു തന്നെ. പിടിക്കാൻ നിന്നാലല്ലേ പിടലിയുളുക്കുന്ന പ്രശ്നമുള്ളൂ.
അന്നു മുതൽ എല്ലാവരും നേരത്തേ വീട്ടിൽ കയറിത്തുടങ്ങി. മാമുണ്ണാൻ കൂട്ടാക്കാത്ത കുട്ടികളെ അമ്മമാർ ബ്ലാക്ക്മാന്റെ കഥകൾ പറഞ്ഞ് പേടിപ്പിച്ച് തീറ്റിച്ചു. അകത്ത് ടോയ്ലറ്റില്ലാത്ത വീടുകളിലെ പുരുഷൻമാർ മൂത്രമൊഴിക്കാൻ ജനലുകളെ ആശ്രയിച്ചു തുടങ്ങി.
പിറ്റേന്ന് സമയം രാത്രി പത്തു മണി. പാലേരിക്കുന്നിലെ വിജനമായ വഴിയിലൂടെ ബ്ലാക്ക്മാൻ നടന്നു വരുന്നു. കാണാൻ ആരുമില്ല. പക്ഷേ എന്റെ ദിവ്യദൃഷ്ടിയിൽ എല്ലാം പതിയുന്നുണ്ടായിരുന്നു. പാലേരിയിലെ വീടുകളിലെല്ലാം വെളിച്ചം അണഞ്ഞു കഴിഞ്ഞിരുന്നു.
ബ്ലാക്ക്മാൻ നടത്തം അൽപം സ്പീഡിലാക്കുന്നു. പോകുന്ന വഴിക്ക് ഒന്നും ശ്രദ്ധിക്കാതെ തല താഴ്ത്തിപ്പിടിച്ചാണ് ബ്ലാക്ക്മാൻ നടക്കുന്നത്. തല മുതൽ കാൽ വരെ മൂടുന്ന കറുത്ത വസ്ത്രമാണ് വേഷം. പാലേരിക്കുന്നിന്റെ മുകളിലുള്ള ഗൾഫുകാരൻ റസാഖിന്റെ വലിയ വീടിന്റെ മുന്നിലെത്തിയ ബ്ലാക്ക്മാൻ ഇടംവലം ഒന്നു നോക്കിയ ശേഷം പതിയെ മതിലെടുത്തു ചാടുന്നു. ഞൊടിയിടയിൽ അയാൾ സിറ്റൗട്ടിലെത്തി. വീടിന്റെ മുൻവാതിൽ ബ്ലാക്ക്മാൻ പതിയെ തള്ളിത്തുറന്നു.എനിക്കദ്ഭുതം തോന്നി. അടച്ചിട്ട വാതിൽ പതിയെയൊന്ന് തള്ളിയപ്പോഴേക്കും ബ്ലാക്ക്മാനത് തുറക്കാൻ കഴിഞ്ഞിരിക്കുന്നു. സിംപിളാണെങ്കിലും വളരെപവർഫുളാണ് ആൾ. വാതിൽ തുറന്നതും ഒരു സ്ത്രീരൂപം ബ്ലാക്ക്മാനെ അകത്തേക്ക് പിടിച്ചു വലിച്ചു കയറ്റുന്നത് ഞാൻ കണ്ടു. പിന്നെ ആവാതിൽ പതിയെ അടഞ്ഞു.അതോടെ ആ സ്ത്രീരൂപം റസാഖിന്റെ ഭാര്യയാണെന്നും ബ്ലാക്ക്മാൻ ധരിച്ച വസ്ത്രം അവൾ സാധാരണ ധരിക്കുന്ന തരം മുഖം മൂടിയുള്ള, അടിഭാഗം നിലത്ത് മുട്ടുന്ന പർദ്ദയാണെന്നും ആ മങ്ങിയ വെളിച്ചത്തിലും എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു.മുഖം കണ്ടില്ലെങ്കിലും ബ്ലാക്ക്മാനാരാണെന്ന് എനിക്ക് ഊഹിച്ചെടുക്കാനും കഴിഞ്ഞു.
_________________________
എം.പി.സക്കീർ ഹുസൈൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo