നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഓത്തുപള്ളി


(ഓർമ്മയിലെന്റെ കൂട്ടുകാരി )
ഇരുമ്പഴിക്കുള്ളിൽ കിടന്നു 'സാനിയ ' അലറി വിളിക്കുന്നത് പുറം ലോകത്തെ ഉണർത്തുന്നുണ്ടെങ്കിലും ആരും ചെവിക്കൊള്ളാൻ കൂട്ടാക്കിയില്ല!
'നശിച്ചവൾ', 'പിഴച്ചവൾ ', 'കുടുംബം കലക്കിയവൾ', 'അസത്ത്, 'സെയ്ത്താൻ ' ,'പിശാച് '_
ഓരോ സമുദായവും അവരവരുടെ ഇഷ്ടാർത്ഥം അവൾക്ക് പേരിട്ടു.ആ ഇരുമ്പുകമ്പികളിൽ സാനിയ തലതല്ലി കരഞ്ഞു- അവൾ വിളിച്ചു പറഞ്ഞു-
"അറിയില്ല, ഒന്നും എനിക്കറിയില്ലായിരുന്നു " ........
************
നിങ്ങളിൽ ചിലർക്ക് അറിയാമായിരിക്കും സാനിയയെ, ഓത്തു്പള്ളിയിലെ എന്റെ കൂട്ടുകാരിയെ...........
ഓത്തുപള്ളിയിലെ പഠനം കഴിഞ്ഞ് പിരിയുമ്പോൾ സാനിയയോട് മനസ്സിൽ നീരസമായിരുന്നു എനിക്ക്...... - എന്റെ കൈയിൽ അവള് നുള്ളിയ നീറ്റലിന്റെ നീരസം ! കാലം സഞ്ചരിച്ച വഴികളിൽ മനസിന്റെ നീറ്റൽ മായാതെ നിന്നു. സ്കൂൾ പഠനത്തിന്റെ നടവഴികളിൽ ഞങ്ങളുടെ കണ്ണുകൾ ഉടക്കിയെങ്കിലും അവളോട് മിണ്ടാൻ പ്രതികാര മനസ്സ് വിസ്സമതിച്ചു.
ഹൈസ്കൂൾ കാലം മനസ്സിന് പക്വത വരുത്തി തുടങ്ങിയപ്പോൾ ഞങ്ങൾ ചിരിച്ചു തുടങ്ങി. പതിയെ നീരസം മറന്ന് സംസാരിച്ചു. അവളുടെ വലിയ നടയുള്ള ഓട് മേഞ്ഞ വീട്ടിലേക്ക് ഒരിക്കൽ കൂട്ടുകാരിയായി പോയതോടെ നീരസം പാടേ മാഞ്ഞു!
സാനിയയുടെ "ശാഠ്യം ", "വാശി " അതായിരുന്നു എന്റെ കൈയിൽ അവളെ നുള്ളാൻ പ്രേരിപ്പിച്ചത്! യഥാർത്ഥത്തിൽ അവളൊരു പൊട്ടിയായിരുന്നു! വെറുമൊരു "പൊട്ടിപ്പെണ്ണ് "ആരേയും പെട്ടെന്ന് അകമഴിഞ്ഞ് വിശ്വസിക്കുമായിരുന്നു സാനിയ . ഞാനവളെ മനസിലാക്കിയത് അങ്ങിനെയായിരുന്നു.
കാലങ്ങൾ പിന്നിട്ട്- സാനിയയും ഞാനും കണ്ടുമുട്ടുമ്പോൾ ഞങ്ങൾ പക്വതയാർന്ന കുടുംബിനികളായിരുന്നു!!
അവളുടെ പെരുമാറ്റത്തിൽ നൂറുമേനിയായിരുന്നു ഒതുക്കവും, സ്നേഹവും!
" നിന്റെ കലപിലയ്ക്ക് ഒരു മാറ്റവുമില്ലല്ലേ " ... സാനിയ എന്നെ വീക്ഷിച്ചത് ശരിയായിരുന്നു ആ വാക്കുകളിൽ!
അവളുടെ കൈയിൽ രണ്ട് തങ്കക്കുടങ്ങൾ !!!
"രണ്ടും ആൺകുട്ടികളാല്ലേ?"
രണ്ട് വയസ്സുള്ള ഇളയ മകനെ കെട്ടിപിടിച്ചു ഉമ്മ വച്ചു കൊണ്ടാ എന്നോട് അവൾ "അതേന്ന് " ഉത്തരം പറഞ്ഞത്. നാലുവയസ്സുള്ള മൂത്തമകനെ മറുകൈയിൽ മുറുക്കെ പിടിച്ചിരുന്നു.
ഞാനും എന്നോട് ചേർത്ത് രണ്ട് മുത്തം അവളുടെ മക്കൾക്ക് പകർന്നു.മക്കളോടുള്ള സാനിയയുടെ സ്നേഹം ആ കൂടിക്കാഴ്ചയിൽ ഞാൻ നിറഞ്ഞ് കണ്ടു. അടുത്ത മാസം പ്രിയതമന്റെയടുത്തേക്ക് പറക്കാൻ പോകുന്ന സന്തോഷ വാർത്ത പറഞ്ഞു സാനിയ നടന്നു പോയത് ഞാൻ ഇന്നും ഓർക്കുന്നു!
ജീവിതത്തിന്റെ തിരക്കിനിടയിൽ മറവിയുടെ ശ്മശാനതയിലേക്ക് വലിച്ചെറിയപ്പെട്ട ചില മുഖങ്ങൾ പിന്നീട് മറനീക്കി പുറത്ത് വരിക നമ്മളെ ഞെട്ടിത്തരിപ്പിച്ച് കൊണ്ടായിരിക്കാം - മനസിൽ തീക്കോരിയിട്ടു കൊണ്ടാവാം..... അങ്ങിനെയാ സാനിയായെ ഞാൻ വീണ്ടും ഓർത്തത് ........ കേട്ടത് സത്യമാണെന്ന് മുറിപ്പാടോടെ അറിഞ്ഞത് !!!!!!!!
"സാനിയ "!_ അവൾക്ക് എന്താണ് സംഭവിച്ചത്?
*******
അതെ ഭർത്താവിന്റെയടുത്തുളള ഒന്നിച്ചുള്ള വാസമൊക്കെ കഴിഞ്ഞ് നാട്ടിലെത്തിയ സാനിയ - പെട്ടെന്ന് ഒരു ദിവസം തന്റെ പൈതങ്ങളേയും കൊണ്ട് നാടുവിട്ടു.!! എന്തിന്? ഞാനും ചോദിച്ചു ? എന്തിന്?
അവൾക്ക് സ്വന്തമായി കാശ് വേണമെന്ന് , ജോലി വേണമെന്ന് സ്വാതന്ത്ര്യം വേണമെന്ന് , മക്കളെ ആവോളം സമ്പത്തിൽ പൂഴ്ത്തി വളർത്തണമെന്ന് . അതിന് വേണ്ടി കൈയിൽ കിട്ടിയ ലക്ഷവും കൊണ്ട് ഏതോ പരിചയക്കാരനെ കൂട്ടുപിടിച്ച് സാനിയ നാടും, വീടും വിട്ടിറങ്ങിയതാണ്,, - ആരോടൊക്കെയോ വാശി തീർക്കാൻ....!
അവളുടെ ഉള്ളിൽ നിറഞ്ഞാടിയ ശാഠ്യമൊന്ന് തന്നെയാണ് അതിന് കാരണം- മറ്റെല്ലാവരും അവൾ പുതിയ കാമം തേടി-മാംസം തേടി പോയെന്ന് പറഞ്ഞപ്പോൾ ഞാൻ മന്ത്രിച്ചിരുന്നു അല്ലെന്ന് ,,സാനിയ മുൻ ശുണ്ഠിക്കാരിയാണെന്ന്. അതവളെ കൊണ്ട് ചെന്നെത്തിച്ചത് പരിചിതമല്ലാത്ത വ്യക്തികൾക്കും, നഗര തിരക്കിലുമിടയിലേക്കാണ്.
പാതി വഴിയിൽ വച്ച്, പറഞ്ഞ് ഉറപ്പിച്ചആർക്കോ സാനിയായെ കൈമാറി ലക്ഷം കൈപ്പറ്റി കൂടെ ചേർന്നവൻ രക്ഷപ്പെട്ടു. പിന്നീടങ്ങോട്ട് കുറേ നികൃഷ്ടജന്മങ്ങൾ വാഴുന്ന ലോകം അവൾക്ക് മുന്നിൽ തുറന്ന് കിടക്കുകയായിരുന്നു.
ജോലി, പണം - ലക്ഷ്യം ചിലപ്പോ അവളെ അന്ധയാക്കിയതാവാം ....
ജീവിതം തോർന്ന് തീരുന്നതറിയാതെ ബോംബെ നഗരത്തിലെ സെക്സ് മാഫിയ സംഘത്തിന്റെ ബലിഷ്ഠമായ കരങ്ങളിൽ തന്റെ കുഞ്ഞുങ്ങളേയും കൊണ്ട് അവൾ ജോലിക്കും, പണത്തിനും വേണ്ടി ആർത്തിയോടെ കണ്ണോടിച്ചു.
ഞാൻ പറഞ്ഞില്ലേ അവളൊരു പൊട്ടിയായിരുന്നു - അവര് പറഞ്ഞതൊക്കെ വിശ്വസിച്ച്,,,, - ആദ്യപടിയായി അവർ നല്കിയ ക്ലീനിംങ് ജോലി ഏറ്റെടുത്തു. മക്കളെ നെഞ്ചോട് ചേർത്ത് അവൾ കൈയിൽ കിട്ടുന്ന കാശിനേയും, സ്വർഗ്ഗതുല്യ ജീവിതത്തേയും പറ്റി വാ തോരാതെ പൊന്നുമക്കളോട് വർണ്ണിച്ചു .
" മക്കൾ " - തടസ്സമാകുമെന്ന് ആ രാക്ഷസ ജന്മങ്ങൾ തിരിച്ചറിഞ്ഞതാവാം, അവരെ ബോർഡിംങിലാക്കി വിദ്യപകരാമെന്ന് സാനിയായെ വിശ്വസിപ്പിച്ച് ആ തങ്കക്കുടങ്ങളെ അവളിൽ നിന്നും അടർത്തി.
ചുരിദാറിൽ നിന്നും ജീൻസിലേക്ക് കൂട് മാറിയ ഉമ്മാന്റെ പാന്റ്സിൽ തലോടി ആ മകൻ ഇതു പോലൊരെണ്ണം എനിക്കും വേണമെന്ന് കെഞ്ചി ,, "എല്ലാം വാങ്ങാം മോനെ നമുക്ക് എല്ലാരുടെ മുന്നിലും ജീവിച്ച് കാട്ടിക്കൊടുക്കണ"മെന്ന് അവൾ തന്റെ മകനോട് പറയുമ്പോൾ- സാനിയാ... നിനക്ക് ഇത്രയും ജീവിതമെന്തെന്ന് അറിയാൻ കഴിവില്ലായിരുന്നോ ....???? ഈ കൂട്ടുകാരി ചോദിച്ചു പോകുന്നു.!
പിന്നീട് എവിടെയായിരുന്നു സാനിയ?
ഒന്നും അവൾ അറിഞ്ഞ് കാണില്ല ഒന്നും .!!അവൾ ശരിക്കും പൊട്ടി തന്നെയായിരുന്നു.,,,, വാശിക്കാരി!
പുലരിയെ കീറിമുറിച്ച് ചോര തെറിപ്പിച്ച് കൊണ്ടായിരുന്നു ആ ദിവസത്തിന്റെ തുടക്കം!
അന്നു ഞാൻ മുത്തം കൊടുത്ത് പിരിഞ്ഞ പൊന്നു മകൻ -സാനിയായുടെ മൂത്ത മകനെ, ജീവനില്ലാതെ ഏതോ നഗരത്തിന്റെ പ്ലാറ്റ്ഫോമിലെ ഒഴിഞ്ഞ ബെഞ്ചിൽ നിന്നും കണ്ടെടുത്തു. ആ പൈതലിന്റെ ഭൂമിയിലുള്ള ജീവിതം കൂറേ കാട്ടാളന്മാർ കൂടി ഇല്ലാതാക്കി.
ആ മരവിപ്പിനെ വീണ്ടും ആഞ്ഞടിച്ച് കൊണ്ടായിരുന്നു പിറ്റേ ദിവസം അവളുടെ രണ്ടാമത്തെ പിഞ്ചോമനയെ റയിൽവെ ട്രാക്കിന് സമീപത്ത് നിന്നും കിട്ടിയതറിഞ്ഞത്.. വിശ്വസിക്കാൻ കൂട്ടാക്കാതെ ഹൃദയത്തെ ഞാൻ പിടിച്ചുവച്ചു! ആ കുഞ്ഞു മുഖങ്ങൾ എനിക്ക് മുന്നിൽ ചിരിച്ചുകാട്ടുന്നത് പോലെ.. ഒന്ന് കരയാൻ പോലും കഴിയാതെ വിറങ്ങലിച്ച നിമിഷങ്ങളായിരിക്കാം - ആ കുരുന്നുകളെ നാട്ടിലെ പള്ളിക്കാട്ടിൽ ഖബറടക്കുന്ന നേരം കൂടി നിന്ന ഹൃദയങ്ങൾക്കെല്ലാം....
സാനിയ ? അവൾക്കതിന് കഴിയുമോ ഇല്ല എന്ന് തന്നെ എന്റെ മനസ്സു പറഞ്ഞു. ആ മക്കളെ അവള് കൊല്ലില്ല, ഒരിക്കലും കൊല്ലാൻ പറ്റില്ല അവൾക്ക് . അവൾ അടക്കിപ്പിടിച്ചത് ഞാൻ കണ്ടതാണ് !
അന്വേഷണങ്ങളൊന്നും എവിടെയും എത്തിയില്ല മാസങ്ങളോളം..... സാനിയ എന്റെ മനസ്സിൽ വിങ്ങലായി തുടർന്നു .അവളോട് മനസ്സിൽ വെറുപ്പും, പുച്ഛവും തോന്നി.ആ മക്കളെ ഓർക്കുമ്പോൾ നെഞ്ച് പിളരുന്നത് പോലെയായി.
മാസങ്ങൾക്ക് ശേഷം ബാംഗ്ലൂരിലെ ഒരു കടയിൽ വച്ച് തപ്പി തടഞ്ഞ് ഇംഗ്ലീഷും, ഹിന്ദിയും പറഞ്ഞ ഒരു യുവതിയെ കടക്കാരൻ പോലീസിന് കൈമാറി. അതെ അവൾ സാനിയയായിരുന്നു! രണ്ട് മക്കളെ കൊന്ന ഉമ്മ! ആണോ?... അല്ലായിരുന്നു!!
ചോദ്യം ചെയ്യലിൽ തളർന്ന സാനിയയുടെ മുൻപിൽ ജീവിതം കൈവിട്ട് പോയിരുന്നു!
അവൾ പൊട്ടിക്കരഞ്ഞു ... പോലീസുകാരൻ നീട്ടിയ മലയാള പത്രം കണ്ട് അവൾ അലമുറയിട്ടു. ഭ്രാന്തിയെപ്പോലെ കൂകിവിളിച്ചു. അതെ സാനിയക്ക് ഒന്നുമറിയില്ലായിരുന്നു - തന്റെ മക്കൾ സുഖമായി ആ നഗരത്തിലെ ഏതോ സ്കൂളിൽ പഠിക്കുന്നു എന്ന് വിശ്വസിച്ചു പോന്ന പൊട്ടിപ്പെണ്ണ് മാത്രമായിരുന്നു അവൾ!! സ്വന്തം നാട്ടിൽ നിയമത്തിന്റെ മുൻപിൽ എത്തി നില്ക്കുമ്പോൾ അവൾ തീർത്തും മരിച്ചു കഴിഞ്ഞിരുന്നു.
ചിറകിനടിയിൽ ഒളിപ്പിച്ച് വച്ച് ,ഇഷ്ടമുള്ളതെല്ലാം നേടിക്കൊടുക്കാൻ താൻ കൂടെക്കൊണ്ട് പോയ മക്കളുടെ ചേതനയറ്റ ശരീരത്തിന്റെ ചിത്രങ്ങൾ! മുന്നിൽ കണ്ടപ്പോൾ അവൾ പിന്നെ കരഞ്ഞ് കാണില്ല , എങ്ങിനെ കരയും? എന്തിന് കരയും...... ഒരു തുള്ളി പോലും കണ്ണീന്നു കനിഞ്ഞ് കാണില്ല. അത്രയ്ക്ക് സ്നേഹിച്ചിട്ടാവില്ലേ മക്കളെ കൂടെക്കൂട്ടിയത് .
ആ കിടാങ്ങളെ കൊന്ന് തള്ളിയ കിരാതൻമാരെ ഒരു നിയമവും കണ്ടെത്തിയില്ല, സാനിയ എന്ന പെൺകുട്ടി എത്തിപ്പെട്ട സെക്സ് മാഫിയ ലോകത്തേക്ക് വിലങ്ങുമായി ഒരു നിയമപാലകനും കടന്നു ചെന്നില്ല. ,,,,ചൂണ്ടാൻ സാനിയയുടെ വിരലുണ്ടായിട്ടും വിശാലമായ നമ്മുടെ ഈ ലോകത്ത് ആ പിശാചിന്റെ ജന്മങ്ങൾ ഇന്നും നൃത്തം ചവിട്ടുന്നുണ്ട്.
മനസ്സും ,ശരീരവും മരവിച്ച സാനിയ സെൻട്രൽ ജയിലിൽ ഇടയ്ക്കിടെ കൂകി വിളിക്കും, ഇടയ്ക്കിടെ മരണത്തെ തേടി ഓടി നടക്കും .കുഞ്ഞുന്നാളിൽ എന്റെ കൈയിൽ നുള്ളിയത് പോലെ ,,,, ഒരു വാശിയുടെ പുറത്ത് ഇറങ്ങി നടന്ന സാനിയയുടെ മേൽ എല്ലാ കുറ്റവും ചുമത്തപ്പെട്ടു.ശരിയാണ് അവൾ അർഹിക്കുന്നു എന്നാലും മനസിൽ സങ്കടം കുമിഞ്ഞ് കൂടാറുണ്ട്,,, കണ്ണ് നിറയാറുണ്ട് അവളെ ഓർക്കുമ്പോൾ.
ഒന്ന് പോയി കാണണമെന്ന് തോന്നാറുണ്ട്, അവളുടെ കൈയിൽ വേദന കൊണ്ട് പുളയുന്ന ഒരു നുള്ള് നുള്ളാൻ.... എന്തിന്? ചിലപ്പോൾ അവൾ എന്നെ തിരിച്ചറിയില്ല, സാനിയയുടെ ശരീരമേ ഇന്ന് കാണാൻ സാധിക്കൂ.... അവൾ എന്നേ മരിച്ചു കഴിഞ്ഞതാവും!!!
............
എങ്കിലും എനിക്കവളോടും, നിങ്ങളോടും പറയാനുണ്ട്:---
" ""ജീവിതമല്ലേ ഇത് ദു:ഖവും, സന്തോഷവും ഇഴചേർന്ന ജീവിതം ! ദൈവം തരുന്ന ഈ ഇത്തിരി സമയം ബന്ധങ്ങളെ ഇല്ലായ്മയും, കഷ്ടതകളും അറിഞ്ഞ് സ്നേഹിക്കുക. സുഖങ്ങളിലും ,ദു:ഖങ്ങളിലും അവർക്ക് താങ്ങാവുക. ഒരു വാശിയുടെ പുറത്ത് പവിത്രമായ ജീവിതത്തെ ഒന്നുമല്ലാതാക്കി വലിച്ചെറിയാതിരിക്കുക." ""
ഷംസീറഷമീർ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot