Showing posts with label PurushuParol. Show all posts
Showing posts with label PurushuParol. Show all posts

സ്വത്വം തേടുന്നവര്‍

Image may contain: 1 person


"രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ നിന്‍റ അമ്മ മരിക്കുമല്ലൊ ധൃവന്‍,അപ്പോള്‍ നീ കരയുമൊ?"- അമ്മുവിന്‍റ ഇടക്കുള്ള ചോദ്യം കേട്ടാല്‍ വട്ടാണൊ അവള്‍ക്കെന്ന്‌ തോന്നാതിരിക്കാന്‍ കാരണം മൂന്നാം ദിവസം ധൃവന്‍റ അമ്മ മരിക്കുന്നുണ്ട്‌ എന്നതാവാം. -"അറിയില്ല അമ്മൂ,അമ്മ മരിച്ചാല്‍ ആരോടും കരഞ്ഞു പോകില്ലെ, കരച്ചില്‍ വന്നാലും ഞാന്‍ പിടിച്ചു നില്‍ക്കും,എനിക്കു കരയാന്‍ ഇഷ്‌ടമല്ല. (നമ്മളൊക്കെ ഉത്തരാധുനികര്‍ അല്ലെ,കരച്ചിലും ചിരിയുമൊക്കെ സ്വാഭാവികമായി വരുന്ന കാലത്തെ നിഷേധിക്കുന്നവര്‍)മരണം ആഘോഷിക്കാന്‍ വന്നവരൊക്കെ എന്‍റ കണ്ണുകളിലേക്കു തന്നെ നോക്കിയേക്കാം, കണ്ണീരു വീഴാത്തതില്‍ ചിലരെങ്കിലും 'സ്‌നേഹമില്ലാത്തവന്‍'എന്നു കുറ്റപ്പെടുത്തിയെക്കാം.സ്‌നേഹത്തിന്‍റ ഉപ്പില്ലാത്ത കണ്ണീരെന്നു തിരിച്ചറിഞ്ഞാലും അമ്മ സ്വീകരിക്കുമെങ്കിലും എനിക്കു ഞാന്‍ ആയല്ലെ മതിയാകൂ.ആരെങ്കിലുമൊക്കെ തന്നെ കുറിച്ചോര്‍ത്ത്‌ കരയണമെന്ന്‌ കൊതിക്കും പോലെ അടഞ്ഞു കിടന്ന ആ കണ്ണുകള്‍ ഇടക്ക്‌ തുറന്നു തിരഞ്ഞേക്കാം. -"അല്ലെങ്കിലും എന്‍റ അമ്മയ്‌ക്കുവേണ്ടി കരയാന്‍ ആരും ഉണ്ടാവില്ല. വെള്ള പുതച്ചു കിടത്തിയാല്‍ തലവശത്ത്‌ ആരെയൊക്കെയൊ കാണിക്കാന്‍ ഏങ്ങലടിക്കുന്ന ,എനിക്കുപോലും അറിയാത്ത അകന്ന ബന്ധുക്കള്‍ കാണാം. ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല, ഒരാളുടെ വിയോഗം നമ്മെ കരയിക്കണമെങ്കില്‍ അയാളുമായുള്ള ഇടപഴകലുകളില്‍ മനസില്‍ തങ്ങി നില്‍ക്കുന്ന ചില ഓര്‍മകള്‍ ബാക്കിയാകണം,ചുരുങ്ങിയത്‌ അയാളുടെ അഭാവം മനസില്‍ നേരിയ നൊമ്പരമെങ്കിലും ഉണ്ടാക്കണം. ധൃവന്‍ കരഞ്ഞില്ല. കോലായിലെ മൂലയില്‍ മരവിച്ചിരിക്കുന്ന ഒരു ശരീരം മാത്രമായി അവന്‍.അവന്‍റ ചലനമറ്റ കണ്ണുകള്‍ക്കു മുന്നിലൂടെ ചിരട്ടയും മടലുമായി സ്‌ത്രീകള്‍ തെക്കേ മുറ്റത്തേക്കു നീങ്ങി.വീടിനു തെക്ക്‌ ഇത്തിരിപ്പോന്ന മുറ്റത്തു കുഴി എടുക്കും മുന്‍പ്‌ ധൃവന്‍റ അച്ചനെ അടക്കിയ സ്‌ഥലം പഴമക്കാരോട്‌ തിരക്കി .ശവത്തിനുമേല്‍ ശവം ദമ്പതിമാരുടെ ആത്‌മാക്കള്‍ ഇച്ഛിക്കുന്നുവെങ്കിലും ജീവിച്ചിരിക്കുന്നവര്‍ക്ക്‌ ദോഷക്രിയ ആണല്ലൊ.ആള്‍ക്കൂട്ടത്തിനു ഇടയിലൂടെ അമ്മു ധൃവനെ തന്നെ നോക്കി നിന്നു. അവളുടെ കണ്ണുകള്‍ എന്തുകൊണ്ടൊ ഈറനണിഞ്ഞിരുന്നു. കുറെ പ്രായം ചെന്ന സ്‌ത്രീകള്‍ കിണറ്റു കരയില്‍ കൈതോലപ്പായ കൊണ്ട്‌ മറയുണ്ടാക്കി ,മരക്കട്ടിലില്‍ വാഴയില വിരിച്ച്‌ അവരെ കുളിപ്പിച്ചു.ചിതയിലേക്ക്‌ എടുക്കാന്‍ നേരമായപ്പോള്‍ നാട്ടുമൂപ്പന്‍ ധൃവനോട്‌ പറഞ്ഞു "കുളിച്ച്‌ ഈറനോടെ വാ...
'' എന്തിനാ..''
എടുത്തടിയുള്ള ധൃവന്‍റെ ചോദ്യം കേട്ട് കൂടി നിന്ന നാട്ടുകാര്‍ സ്തബ്ദരായി.
അവിടെ തങ്ങി നിന്ന നിശബ്ദത പൊടുന്നനെ ഭേദിക്കപ്പെട്ടു.
ധൃവന്‍റെ അമ്മാവന്‍ അവനെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു.
-' ധൃവാ....അമ്മയുടെ കര്‍മ്മം ചെയ്യണം. പോയി കുളിച്ചു വാ..
ചിതക്കു തീ കൊളുത്താന്‍ മറ്റാരാ......
-'' മരിച്ചാല്‍ കുഴിച്ച് മൂടണം..കര്‍മ്മം..മണ്ണാങ്കട്ട. ഞാന്‍ ചെയ്യില്ല. ആത്മശാന്തി കിട്ടാന്‍ പ്രദക്ഷിണം വെച്ച് തീകൊളുത്തൂകയല്ല വേണ്ടത്.''
ധൃവന്‍ ഒരു പഭ്രാന്തനെ പോലെ വിളിച്ചു പറഞ്ഞു.
അവന്‍ അയലില്‍ നിന്നും ഷര്‍ട്ട് എടുത്ത് ഇട്ടുകൊണ്ട് ആള്‍കൂട്ടത്തിനിടയിലൂടെ പുറത്തേക്ക് നടന്നു. ഇറങ്ങുമ്പോള്‍ അവന്‍ അമ്മയുടെ മുഖത്തേക്ക് ഒരിക്കല്‍ കൂടി നോക്കി.
തന്നെ ബന്ധിപ്പിക്കുന്ന അവസാന കണ്ണിയും അറ്റിരിക്കുന്നു.
എങ്ങോട്ടെന്നറിയാതെ ,,സ്വത്വം തേടി വിദൂരതയിലേക്ക് നടന്നു നീങ്ങുന്ന അവനെ നോക്കി ആള്‍കൂട്ടത്തില്‍ ഒരു മനസ് തേങ്ങുന്നുണ്ടായിരുന്നു.
പുരുഷു പരോള്‍

മദ്യപാനവും എഴുത്തും


മദ്യപാനവും എഴുത്തും ------------- മദ്യപാനം എഴുത്തിന്‌ അഥവാ ഭാവനയെ പിന്തുണയ്‌കുന്നു എന്ന വിശ്വാസത്തില്‍ അല്ലങ്കില്‍ ഒരു ദാര്‍ശനികനെയൊബുദ്ധിജീവിയെയൊ സമൂഹം അംഗീകരിക്കുന്നത്‌ മദ്യപാനത്തിന്‍റ മേമ്പൊടിയിലാണെന്ന്‌ വിഡ്ഡിത്തത്തിന്‍റ പുറത്ത്‌ വഴിതെറ്റി പോകുന്ന ഒരു പറ്റം യുവ എഴുത്തുകാര്‍ കവിസമ്മേളനമായാലും ഫിലിംഫെസ്‌റ്റായാലും ധിക്കാരത്തിന്‍റ അകമ്പടിയോടെ ആഘോഷിക്കുകയാണിവിടെ.മദ്യപിച്ച്‌ അകാലത്തില്‍ പൊലിഞ്ഞുപോയ ഒട്ടനവധി എഴുത്തുകാര്‍,സിനിമാസംവിധായകര്‍, ഗാന രചയിതാക്കള്‍..നാംകണ്ടിരിക്കുന്നു. കേരളത്തിലെ ,അല്ല ;ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന എഴുത്തുകാരനായ എം ടി ഒരഭിമുഖത്തില്‍ പറഞ്ഞു, മദ്യപിച്ചാലെ എഴുതാന്‍ കഴിയു എന്നത്‌ മൂഢവിശ്വാസമാണ്‌, എനിക്ക്‌ മദ്യപിച്ചാല്‍ ഒരക്‌ഷരം എഴുതാന്‍ കഴിയില്ല,ജ്‌ഞാനപീഠം കയറിയെത്താന്‍ അദ്ദേഹത്തിനു മദ്യത്തിന്‍റ കൂട്ട്‌ വേണ്ടായിരുന്നു. കാലത്തിന്‍റ ഒഴുക്കിനിടയില്‍ എവിടെവെച്ചാണു കലാകാരന്‌ മദ്യവും മയക്കുമരുന്നും കൂടപ്പിറപ്പായത്‌,എഴുപതുകളിലെ രാഷ്‌ട്രിയ വിഘടനവും അരാഷ്‌ട്രിയവും അരക്‌ഷിതത്വവും തീര്‍ത്ത അസ്‌തിത്വദുഖം പേറിനടന്ന യുവത്വം കഞ്ചാവും ചരസ്സുമടിച്ചു അലസരായി നടക്കുന്ന ചിത്രം മുകുന്ദന്‍റയും വിജയന്‍റയും മറ്റും നോവലുകളില്‍ നാം കാണുന്നു.കാലത്തോടൊപ്പം നടക്കുക എഴുത്തുകാരന്‍റ ധര്‍മമെങ്കിലും പില്‍കാല സമൂഹം മുകുന്ദന്‍റ നോവലുകള്‍ യുവത്വത്തെ വഴിതെറ്റിച്ചു എന്ന്‌ കുറ്റപ്പെടുത്തുന്നു. ഡല്‍ഹിയില്‍ കാക്കനാടനുമായൊക്കെ കൂടുമ്പോള്‍ മുകുന്ദന്‍ പലപ്പോഴും തന്‍റ ഗ്ലാസിലെ മദ്യം കാക്കനാടന്‍ കാണാതെ അദ്ദേഹത്തിന്‍റ ഗ്ലാസില്‍ ഒഴിച്ചു വെക്കുകയായിരുന്നു,എ അയ്യപ്പന്‍ ജോണ്‍ അബ്രഹാം ...ലോഹി ,പുത്തഞ്ചെരി ഇവരുടെയൊക്കെ പ്രതിഭ ലോകം ഇനിയുമെത്രയൊ കാണാനിരുന്നതല്ലെ? വെറും അമ്മ അറിയാനിലും അഗ്രഹാരത്തിലെ കഴുതയിലും ഒതുങ്ങിപ്പോകേണ്ടതായിരുന്നോ ജോണ്‍ എന്ന മഹാ പ്രതിഭ, കൌമാരം പലപ്പൊഴും ഇരുത്തം വന്ന എഴുത്തുകാരെ അനുകരിക്കുന്നതായി കാണാം,എന്‍റ ചെറുപ്പം ഞാന്‍ അയ്യപ്പനു മദ്യം മേടിച്ചു കൊടുത്തിട്ടുണ്ട്‌,അന്നെനിക്കഭിമാനമായിരുന്നെങ്കിലും എത്രവലിയ തെറ്റായിരുന്നെന്ന്‌ ഞാനിപ്പോ മനസിലാക്കുന്നു. സുഹൃത്തെ നിങ്ങളുടെ സര്‍ഗാത്‌മകതയെ കാര്‍ന്നു തിന്നാന്‍ മദ്യത്തെ അനുവദിച്ചു കൂടാ.,നിങ്ങളെ ലോകത്തിനു ആവശ്യമുണ്ട്‌

Purush Parol

ഗ്രാമം -നന്‍മയാല്‍ സമൃദ്ധം ----------------കഥമയം --


ഗ്രാമം -നന്‍മയാല്‍ സമൃദ്ധം 
----------------കഥമയം --
അടുക്കള ജോലിക്ക്‌ അയവു വരുന്ന അപരാഹ്‌നങ്ങളിലെ വെടിപറച്ചിലിന്‍റ പിന്നാമ്പുറങ്ങളില്‍ , ടി വി സീരിയലുകള്‍ക്കിടയിലെ പരസ്യപ്രക്‌ഷേപണത്തിന്‍റ വിരസതയ്‌ക്കിടയില്‍ ശാന്തയുടെ പുനര്‍വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ച പൊടിപ്പും തൊങ്ങലും പേറി ഗ്രാമസിരകളില്‍ ആളിപ്പടര്‍ന്നു..."അറിഞ്ഞോടീ..വടക്കേടത്തെ ശാന്ത സുഗുണനെ കെട്ടാന്‍ പോക്വാത്രെ.. സൌദാമിനി ഇതു കേട്ട്‌ മൂക്കത്തു വിരല്‍വെച്ചു,"കെട്യോന്‍ ചത്തിട്ട്‌ കൊല്ലം ഒന്നായില്ല,അതെങ്ങിനാ നാട്ട്വാര പേടി മാണ്ടെ"-.."ന്നാലും പത്തുനാപ്പത്‌ വയസായിറ്റും ഓള പൂതി നോക്കണേ.". ജാനു ഏറ്റുപിടിച്ചു. "വയസറീച്ച ഒരു പെണ്ണുണ്ടെന്ന വിചാരെങ്കിലും മാണ്ടെ..- പല തവണ ശാന്തയെ ശ്രമിച്ചിട്ടും പരാജയപ്പെട്ട ,ശാന്തയുടെ പക്കല്‍ നിന്നും നാടന്‍ വാറ്റ്‌ മോന്താന്‍ വരുന്ന ചെറുപ്പക്കാര്‍ കല്യാണം മുടക്കാന്‍ പണി പതിനെട്ടും നോക്കി പരാജയപ്പെട്ടു.വിധവകളുടെ ചെറ്റക്കുടിലിന്‍റ അതിര്‍ത്തി കാക്കുന്ന മുള്ളുവേലിക്കു പുറത്ത്‌ എപ്പോഴും ജാരന്‍മാര്‍ കാവലുണ്ടാകണം എന്നത്‌ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരു ദേശത്തിന്‍റ നിയോഗമാണ്‌.ശാന്തയുടെ കറുത്തു മുഴുത്ത ഇടങ്ങളുടെ കരുപ്പെട്ടിയുടെയും ചത്ത തേരട്ടയുടെയും നവസാരത്തിന്‍റയും മദിപ്പിക്കുന്ന ഗന്ധം മുളപ്പിച്ച വെള്ളമിറക്കുന്ന മദ്ധ്യവയസ്‌കര്‍ക്ക്‌ ഇനി അവളുടെ പൊക്കിള്‍ചുഴി കാണാന്‍ പറ്റില്ല, ശാന്ത അടക്കമുള്ള പെണ്ണിനെ പോലെ കൈലിയുടെ കോന്തല മുലയിടുക്കില്‍ തിരുകി വയറു മറക്കുകയും, വാറ്റുചാരായത്തിനു തൊട്ടുകൂട്ടാന്‍ അച്ചാറു കൊടുക്കുമ്പൊള്‍ വിരലില്‍ തൊടാതിരിക്കാനും ശ്രദ്ധിക്കുന്നു.രാത്രി ഉറങ്ങാന്‍ കിടക്കവെ ശാന്ത മോളോടു ചോദിച്ചു,"അമ്മ കല്യാണം കഴിക്കണേലു മോക്കു വിഷമൊണ്ട?"- ..നിക്കു സന്തോഷെ ള്ളൂ അമ്മാ..അമ്മ ഒറ്റയ്‌ക്കു കഴിയണതാ നിക്ക്‌ വിഷമം"- ശാന്ത മോളെ കെട്ടി പിടിച്ചോണ്ട്‌ കുമ്മായം തേച്ചിട്ടില്ലാത്ത ചുവരില്‍ തൂക്കിയിട്ട ഭര്‍ത്താവിന്‍റ ഫോടൊയിലേക്കു നോക്കി, ആ കണ്ണുകളില്‍ സമ്മതമൊ വിസമ്മതമൊ അറിയില്ല.ആണിന്‍റ ചൂടുപറ്റി കിടക്കാനുള്ള പ്രാന്താന്നും പറഞ്ഞ്‌ നാട്ടുകാര്‍ പരിഹസിക്കുന്നത്‌ എന്തുകൊണ്ടാണെന്നു അവള്‍ക്കു മനസിലായില്ല.സ്‌നേഹിക്കപ്പെടുക എന്ന മനുഷ്യന്‍റ അടങ്ങാത്ത ആസക്‌തി മാംസനിബന്ധമെന്നു കരുതുന്ന ഗ്രാമം എങ്ങിനെ നിഷ്‌കളങ്കമാകും. ഗ്രാമത്തിന്‍റ അടക്കം പറച്ചിലിനു ചെവികൊടുക്കാതെ ശാന്ത പുതിയ സൂര്യോദയത്തിനായി കാത്തിരുന്നു.

By
Purushu Parol

വായിക്കാനിരുന്ന പേജുകള്‍


വായിക്കാനിരുന്ന പേജുകള്‍ 
 (കഥ)
രാമചന്ദ്രന്‍ നായര്‍ ഒരു നോവല്‍ വായിച്ചു തീരാന്‍ ഇനി നാലു പേജുകള്‍ മാത്രമാണ്‌ ബാക്കി, വരികള്‍ പിന്തുടരുന്ന അദ്ദേഹത്തിന്‍റ കണ്ണുകളില്‍ ഉദ്വേഗത്തിന്‍റ വേലിയേറ്റം വരുത്തുന്ന ഭാവമാറ്റം പ്രകടമായിരുന്നു.അയാള്‍ പെട്ടന്ന്‌ ക്‌ഷുഭിതനാവുകയും മുഷ്‌ടി ചുരുട്ടി മേശയ്‌ക്കു മുകളില്‍ ഇടിക്കുകയും ചെയ്യുന്നു,കൈവിരലുകള്‍ ഒതുക്കമില്ലാത്ത മുടിയിഴകള്‍ ചുറ്റിപ്പിടിച്ചു വലിക്കുന്നു.ആ പുസ്‌തകത്തിലെ ഏതു വരികളാവാം, പ്രഹരമേല്‍പിക്കുന്ന ഏത്‌ ആശയമാകാം അദ്ദേഹത്തെ ഇത്രമാത്രം പ്രക്‌ഷുബ്‌ദമാക്കുന്നത്‌,അദ്ദേഹം കൂജയിലെ വെള്ളമെടുത്ത്‌ വായ്‌കകത്തേക്ക്‌ കമഴ്‌തി. ഇനി രണ്ട്‌ പേജുകള്‍ മാത്രം വായിക്കാന്‍ ബാക്കിയുള്ള ആ നോവല്‍ അദ്ദേഹം പൂര്‍ത്തിയാക്കിയില്ല.പുസ്‌തകം മടക്കിവെച്ച്‌ കൂട്ടിലടച്ച മൃഗത്തെ പോലെ അദ്ദേഹം മുറിക്കകത്ത്‌ തലങ്ങും വിലങ്ങും നടക്കാന്‍ തുടങ്ങി, ...ഒരു അച്ഛനു മകളെ ഇങ്ങിനെ ചെയ്യാന്‍ കഴിയുന്നുവെങ്കില്‍ മൃഗവും മനുഷ്യനും തമ്മില്‍ എന്തു വ്യത്യാസം, പിതൃത്വം എന്ന മഹാസങ്കല്‍പം കാലക്കെടുതിയില്‍ കത്തിയമരാതിരിക്കാന്‍ ഒന്നും പറയാനൊരുമ്പെടാത്ത ആ കഥാപാത്രം ..ഹൊ!! അദ്ദേഹം അമര്‍ഷത്തോടെ ഫ്ലവര്‍ബേസ്‌ ചവുട്ടി നിലത്തിട്ടു. അപ്പോഴാണ്‌ മകള്‍ ചായയുമായി അകത്തേക്കു കയറി വന്നത്‌, അദ്ദേഹം സ്വയം നിയന്ത്രിക്കാന്‍ ശ്രമിച്ചു.അവള്‍ക്ക്‌ പനിപിടിച്ചിരുന്നു.കണ്‍തടത്തിലെ കറുത്ത പാടുകള്‍ അവള്‍ നല്ല ക്‌ഷീണിതയാണെന്നു തോന്നിച്ചു. അദ്ദേഹം അവളുടെ നെറ്റിയില്‍ ചൂടുണ്ടൊ എന്നു തൊട്ടുനോക്കാന്‍ മുതിര്‍ന്നെങ്കിലും കൈകള്‍ രക്‌തം വറ്റി മരവിച്ചതായി തോന്നി, അദ്ദേഹം കൈ പിന്‍വലിച്ച്‌ വാവിട്ട്‌ കരയാന്‍ തുടങ്ങി.ഒരു ശുദ്ധ മനുഷ്യനില്‍ അധമനാണെന്ന കുറ്റബോധത്തിലേക്കുള്ള ആശങ്ക കടന്നു വരുന്നത്‌ ഏത്‌ വഴിയിലൂടെയാണ്‌, എന്‍റ മകളോടുള്ള പെരുമാറ്റത്തില്‍ വല്ല കുഴപ്പവും ഉണ്ടൊ ? അയാള്‍ മകളെ തൊട്ടുനോക്കാനിരുന്ന കൈ പിന്‍വലിച്ച്‌ ഭിത്തിയില്‍ ആഞ്ഞിടിക്കാന്‍ തുടങ്ങി, വാല്‍സല്യത്തോടെ ഒന്നു തൊടാന്‍ കഴിയുന്നില്ലല്ലോ ഈശ്വരാ..ഒരു സ്‌കിസൊഫ്രാനിെയാക്കിനെ പോലെ അദ്ദേഹം അലറി.."ഗോ ഔട്ട്‌..ഗോ.." അവളുടെ മുടിക്കുത്തില്‍ പിടിച്ച്‌ പുറത്തേക്ക്‌ തള്ളി കതകടച്ചു, കൂജയിലെ വെള്ളം തലയിലൂടെ ഒഴിച്ചു.അയാള്‍ കിതക്കുന്നുണ്ടായിരുന്നു. വായിക്കാന്‍ ബാക്കിവെച്ച രണ്ടു പേജുകള്‍ അയാളെ പ്രകോപിതനാക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ആ പുസ്‌തകം വലിച്ചു കീറി.എന്തായിരിക്കാം വായിക്കാതെ പോയ ആ പേജുകള്‍ പറയാനിരുന്നത്‌...
....... പുരുഷു പരോള്‍...

സദാചാരം


സദാചാരം
-----------------------കുഞ്ഞു കഥ
.."അവര്‍ ആഴ്‌ന്നു പോവുകയായിരുന്നില്ല,പ്രണയ വസന്തത്തിലേക്ക്‌ കയത്തിലെ സ്‌നേഹച്ചുഴികള്‍ വലിച്ചു കൊണ്ടു പോവുകയായിരുന്നു"-
മനുവിനു പ്രണയാര്‍ദ്രമായ ആ നിമിഷത്തില്‍ കാവ്യാത്‌മകമായിട്ടാണ്‌ പറയാന്‍ തോന്നിയത്‌.."സായിപ്പിന്‍റ മകള്‍ അലീന ഒരു ആദിവാസി യുവാവുമായി പ്രണയത്തിലായി"..ഗോപിക മുത്തശിക്കഥ കേള്‍ക്കുന്ന കുട്ടിയുടെ ജിജ്ഞാസയോടെ മനുവിന്‍റ മുഖത്തേക്കു തന്നെ നോക്കിയിരുന്നു.-"ന്നിട്ട്‌..? -
ഒരു ദിവസം ദാ..ആ കാണുന്ന കയത്തിനു മുകളിലെ പാറയില്‍ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന അവരെ കണ്ട്‌ സായിപ്പ്‌ അമര്‍ഷമടങ്ങാതെ ഓടിച്ചെന്ന്‌ ആ ചെറുക്കനെ ചവുട്ടി കയത്തിലേക്കിട്ടു.അലീന സങ്കടം സഹിക്ക വയ്യാതെ പിന്നാലെ ചാടി എന്നാണ്‌ കഥ. അവര്‍ ആഴ്‌ന്നു പോവുകയായിരുന്നില്ല, പ്രണയ വസന്തത്തിലേക്ക്‌ സ്‌നേഹച്ചുഴികള്‍ വലിച്ചു കൊണ്ടു പോവുകയായിരുന്നു." ഗോപിക ആ ബംഗ്ലാവിന്‍റ ഉമ്മറത്തേക്ക്‌ നോക്കി.അവിടെ വരാന്തയില്‍ ഒരു പെണ്‍കുട്ടി പിയാനോയില്‍ വിരഹഗീതി വായിക്കുന്നതായി അവള്‍ക്കു തോന്നി...."വാ..നിനക്ക്‌ അവര്‍ മരണമടഞ്ഞ കയം കാണണ്ടെ"..അവള്‍ക്ക്‌ ആ കയത്തിലേക്കു നോക്കിയപ്പോള്‍ വല്ലാതെ ഭയം തോന്നി.അവള്‍ മനുവിന്‍റ നെഞ്ചോട്‌ ചേര്‍ന്നു നിന്നു.പ്രണയഭാരമിറങ്ങാത്ത രണ്ട്‌ ആത്‌മാക്കള്‍ ഇടക്ക്‌ ജലാശയത്തിനുമേല്‍ പൊങ്ങിവരികയും ഉറക്കനെ നിലവിളിക്കും പോലെയും അവള്‍ക്കു തോന്നി.ഭയപ്പെട്ട കുട്ടിയെ പോലെ അവള്‍ വിറച്ചപ്പോള്‍ മനു അവളെ ചേര്‍ത്തു പിടിച്ചു." കെട്ടിപ്പിടുത്തമൊക്കെ അങ്ങു വീട്ടില്‍ മതി"-പിന്നില്‍ നിന്നുള്ള പരുഷമായ ശബ്‌ദം. "സുഹൃത്തെ ഞങ്ങള്‍ കല്യാണം ഉറപ്പിച്ചവരാണ്‌. ഞങ്ങള്‍ക്ക്‌ ദുരുദ്ദേശമൊന്നും ഇല്ല. നെടുംകയത്തെ കുറിച്ച്‌ എഴുതാന്‍ വന്നതാണ്‌"-മനു ശാന്തനായി പറഞ്ഞു."പിഴപ്പിക്കാന്‍ വരുന്ന എല്ലാരും ഇതു തന്നാ പറയാറു". നിങ്ങളാരാ പോലീസോ"-മനുവിനു ദേഷ്യം വന്നു. "പോലീസ്‌ ഇല്ലാത്തിടത്തും സദാചാരം വേണ്ടെ മോനെ"-കൂട്ടത്തില്‍ മറ്റൊരാള്‍ ഇതും പറഞ്ഞ്‌ ഗോപികയുടെ കൈയ്യില്‍ കയറി പിടിച്ചു.മനു അയാളെ പിടിച്ചു ശക്‌തമായി പിന്നോട്ടു തള്ളിയതും മനു കാല്‍ വഴുതി കയത്തില്‍ വീണതും ഒരുമിച്ചായിരുന്നു.ഗോപികക്ക്‌ ഉച്ചത്തില്‍ നിലവിളിക്കാനെ കഴിഞ്ഞുള്ളു. അവളുടെ സമചിത്തത നഷ്‌ടമായിരുന്നു. ഗോപിക്ക്‌ രണ്ടാമതൊരു വട്ടം ചിന്തിക്കേണ്ടി വന്നില്ല.അവന്‍ ആഴങ്ങളില്‍ നിന്നും അവളെ വിളിക്കുന്നുണ്ടായിരുന്നു.."അവര്‍ ആഴ്‌ന്നു പോവുകയായിരുന്നില്ല.പ്രണയ വസന്തത്തിലേക്കു കയത്തിലെ ചുഴികള്‍ .........- -പുരുഷു പാറോല്‍-

ഉപ്ലയിലെ പ്രാന്തന്‍മാര്‍(കഥ)


ഉപ്ലയിലെ പ്രാന്തന്‍മാര്‍(കഥ) 
-------------------
"..ഡോക്‌ടര്‍ , നോക്കൂ..എന്‍റ തലമുടി നല്ല ഭംഗിയില്ലെ, റിമിയെ പോലെ ചുരുണ്ട്‌ ഞാന്നു കിടക്കുന്നത്‌ കാണാന്‍.എന്‍റ ജഹന്‍ഷക്ക്‌ എന്തിഷ്‌ടാന്നൊ, ന്‍റ മുടി.."-മാനസിക രോഗിയായ റംല ഡോക്‌ടറെ കാണുമ്പോള്‍ എന്നും ഈ ചോദ്യം തന്നെ ആവര്‍ത്തിച്ചു കൊണ്ടിരുന്നു.."ന്‍റ മുടി നല്ല ഭംഗില്ലെ ഡോക്‌ടര്‍"? -ഡോക്‌ടര്‍ ഉണ്ടെന്ന്‌ ആശ്വസിപ്പിച്ചുകോണ്ട്‌ അവളുടെ മുണ്ഡനം ചെയ്‌ത തലയില്‍ വെറുതെ തലോടും.അടുത്ത ബെഡിലേക്ക്‌ പോകുമ്പോള്‍ റംലയുടെ പരിഭവിച്ച മുഖം അയാള്‍ ഇടംകണ്ണിട്ട്‌ സങ്കടത്തോടെ നോക്കിയിരുന്നു.-"..ഹും..പൊയ്‌ക്കൊ, എല്ലാര്‍ക്കും പ്രാന്താ..ഉപ്ലയിലെ പ്രാന്തന്‍മാര്‍. കശുവണ്ടി തോട്ടത്തില്‍ പിടിച്ചു നിര്‍ത്തി നിന്‍റ തല ഞാന്‍ മൊട്ടയടിക്കും ,നോയിക്കൊ..-ശരീരഭാഗങ്ങള്‍ അല്ലെങ്കില്‍ അവയവങ്ങള്‍ വൃത്തിയായി സൂക്‌ഷിക്കുക എന്ന ബോധത്തില്‍ നിന്നാണ്‌ ഭംഗിയായി കൊണ്ടുനടക്കുക എന്ന മറ്റൊരു തലത്തിലേക്ക്‌ റംല ചിന്തിച്ചു തുടങ്ങുന്നത്‌.വൃത്തിയായി സൂക്‌ഷിക്കുക എന്ന വ്യക്‌തിപരമായ കാര്യത്തില്‍ ആയിരുന്നില്ല ഭംഗിയായി കൊണ്ടു നടക്കുന്നത്‌ അപരന്‍റ കാഴ്‌ചയെ ആശ്രയിക്കുന്നു എന്ന വസ്‌തുതയിലായിരുന്നു റംലയുടെ ആശയക്കുഴപ്പം. മുടി മറച്ചുവെക്കുന്ന പല പെണ്‍കുട്ടികളും ചുരിദാറിന്‍റ ഷാള്‍ തലയില്‍ നിന്നും ഊര്‍ന്നു പോകുമ്പോള്‍ ഇത്തിരി നേരമെങ്കിലും ആരെങ്കിലും കാണണം എന്നു മനസു കൊണ്ട്‌ കൊതിക്കുന്നത്‌ കൊണ്ടല്ലേ.. ഹെയര്‍പിന്നില്‍ ഒതുക്കിവെച്ച്‌ മുല്ലപ്പൂവില്‍ അലങ്കരിച്ച്‌ വെക്കുന്നത്‌.എന്തുകൊണ്ടൊ ആര്‍ത്തവത്തിനു മുന്‍പ്‌ റംലയുടെ സൌന്തര്യം ഉമ്മയുടെ ഇഷ്‌ടാനുസരണം മാത്രമായിരുന്നു. ഉമ്മ മുടിചീകി ഒതുക്കുമ്പോഴൊ പൊട്ടുകുത്തുമ്പൊഴൊ,മൈലാഞ്ചി ഇടുമ്പോഴൊ റംല കണ്ണാടിയിലേക്കല്ല, തൊടിയിലെ ചാമ്പക്കാ മരത്തിലേക്കാണ്‌ നോക്കിയിരുന്നത്‌.പിന്നീടെപ്പഴാണ്‌ അവള്‍ അവളിലേക്ക്‌ നോക്കി തുടങ്ങിയത്‌,വിലക്കപ്പെട്ട കനി തിന്ന ശേഷം ഹവ്വയില്‍ ഉണ്ടായ ഉള്‍ക്കാഴ്‌ച പോലെ..ഭംഗിയായി ചീകിയൊതുക്കിയ തന്‍റ തലമുടി തട്ടത്തിനുള്ളില്‍ ആരും കാണാതെ ഒളിച്ചുവെക്കുന്നതിന്‍റ കാരണം ഉമ്മക്കൊ ഉമ്മുമ്മക്കൊ അറിയില്ലായിരുന്നു.കൂട്ടുകാരി തുളസിയുടെ പിന്നിയിട്ട്‌ റിബണ്‍ കെട്ടിയിട്ട ഇടതൂര്‍ന്ന മുടിയിലേക്ക്‌ അവള്‍ കൊതിയൊടെ നോക്കി നിന്നിട്ടുണ്ട്‌.അപ്പോഴാണ്‌ പലപ്പൊഴും റംലക്ക്‌ തട്ടം വലിച്ചെറിയാന്‍ തോന്നിയിട്ടുള്ളത്‌.
ഒരു ദിവസം കവലയിലൂടെ നടന്നു പോകുന്ന റംലയെ കണ്ട് നാട്ടുകാര്‍ മൂക്കത്ത് വിരല്‍ വെച്ച് അതിശയിച്ചു നിന്നു.
തട്ടമിടാതെ ഭംഗിയായി ചീകിയോതുക്കിയ മുടിയും കാണിച്ച് കോളജിലേക്ക് പോകുന്ന റംല.
പള്ളിമുസ്ള്യാര്‍ ഹസ്സനക്കയുടെ കണ്ണ് തള്ളിപ്പോയി.
അതെ അവള്‍ ബോധവതിയായ അന്നു തന്നെയായിരുന്നില്ലേ..അവളുടെ സ്വബോധവും അവര്‍ കവര്‍ന്നെടുത്തത്...
കോളജ് വിട്ട് വീട്ടിലേക്ക് മടങ്ങവെ ആളൊഴിഞ്ഞ കശുവണ്ടിത്തോട്ടത്തില്‍ പിടിച്ചു നിര്‍ത്തി അവര്‍ മുടി പറ്റെ വെട്ടിയെടുക്കുമ്പോള്‍ അവളുടെ നിലവിളി ആരുടെയും ചെവികളില്‍ എത്താതെ ഒഴുകിയകന്നു പോയി.
' ഡോക്ടര്‍ അവര്‍ക്കൊക്കെ നീണ്ട മുടിയുണ്ടല്ലോ..എനിക്കെന്താ മുടി യില്ലാത്തെ..''
-'' റംലക്കുട്ടി ആശുപത്രി വിട്ടു പോകുമ്പഴേക്ക് മുടി അതിനെക്കാള്‍ വളരും...'
അവളെ ആശ്വസിപ്പിച്ച് ഡോക്ടര്‍ നടന്നു മറയവെ അവള്‍ ഉറക്കനെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു
...........' അതുവഴി പോകല്ലേ....ഉപ്പളയിലെ പ്രാന്തന്‍മാര്‍ കശുവണ്ടിത്തോട്ടത്തില്‍ ഒളിച്ചിരിപ്പുണ്ട്....'
---പുരുഷു പരോള്‍ --'

ചൂണ്ട ----------------------ഭാഗം രണ്ട് ---


കഥ
--------
ചൂണ്ട 
----------------------ഭാഗം രണ്ട് ---
പുരുഷു പാറോല്‍
----------------------------
കറുത്ത ഫ്രെയിമുള്ള കണ്ണാടിക്കുള്ളിലെ രണ്ട് കണ്ണുകള്‍ മാത്രമായിരുന്നു, കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫസര്‍ ചിന്നന്‍.മുന്‍പ് സ്കൂള്‍ ടീച്ചര്‍ ആയിരുന്നതിനാലാവാം ഇപ്പൊഴും കണ്ണുരുട്ടിയാണ് പേടിപ്പിക്കുന്നത്. തന്‍മാത്രകളെ വിഘടിപ്പിക്കുന്നത് തന്‍റെ കായികാദ്ധ്വാനം കൊണ്ടാണെന്ന ഭാവത്തിലാണ് പ്രൊഫസറുടെ കഠിനമായ ക്ളാസ്. അറുപത്തിയെട്ട് കണ്ണുകള്‍ പ്രൊഫസറുടെ ക്ളാസ് പിന്തുടരുമ്പോള്‍ രണ്ടു കണ്ണുകള്‍ മാത്രം അപരാഹ്നത്തിന്‍റെ ചാഞ്ഞ വെയിലിനു നേര്‍ത്ത മറതീര്‍ത്ത കാറ്റാടി മരത്തിന്‍റെ ചില്ലകളിലേക്ക് ചേക്കേറുന്നുണ്ടെന്ന് പ്രൊഫസര്‍ കണ്ടെത്തുകയാണെങ്കില്‍ തെറ്റി, അവളുടെ കണ്ണുകളിലേക്ക് വ്യക്തമായി നോക്കിയാല്‍ മനസിലാകും നോട്ടം ജനല്‍ വഴി പുറത്തേക്കാണെങ്കിലും അവള്‍ ആ കാറ്റാടി മരം കാണുന്നുണ്ടായിരുന്നില്ല. മനസ് മരണക്കിണറിലെ സാഹസികന്‍റെ സൈക്കിള്‍ വേഗം കറങ്ങിക്കൊണ്ടിരുന്നു.,
-'' ഇന്ദു സ്റ്റാന്‍റപ്പ് ''
അവള്‍ കേട്ടില്ല.
പ്രൊഫസര്‍ അടുത്ത് ചെന്ന് അവള്‍ കുറിച്ചുകൊണ്ടിരുന്ന പേപ്പര്‍ കൈയ്യിലെടുത്തപ്പോള്‍ മാത്രമാണ് സമചിത്തത കൈവരിക്കുന്നത്.
പ്രൊഫസര്‍ പ്ളാറ്റ് ഫോമില്‍ കയറി നിന്ന് ആ എഴുത്ത് ഉറക്കനെ വായിക്കുന്നതിനിടയില്‍ അവളോട് എഴുന്നേറ്റ് നില്‍ക്കാന്‍ ആംഗ്യം കാണിച്ചു.
.....'' എന്‍റെ മരണം ആത്മഹത്യ അല്ല, കൊലപാതകമാണ്...
'' ഇതാ കുഞ്ഞുങ്ങളെ ഇന്ദുവിന്‍റെ നീണ്ട കഥ , ഒന്നുറക്കെ വായിച്ചേ...മാഷൊന്ന് കേള്‍ക്കട്ടെ.''
ക്ളാസിലെ കുട്ടികള്‍ വിവിധ ഭാവങ്ങളില്‍ മാറി മാറി വായിക്കുമ്പോള്‍ ഇന്ദു തല കുനിച്ചു നിന്നു.
-'' ..അവന്‍ എപ്പ വേണമെങ്കിലും മുന്നില്‍ പ്രത്യക്ഷപ്പെടാം...''
...''- മുനിസിപ്പല്‍ ബസ്റ്റാന്‍റിലെ മൂത്രപ്പുരയുടെ ചുവരില്‍ നിന്നും ഏതോ സ്ത്രിയുടെ പേരും നമ്പരും എഴുതിയെടുക്കുന്ന അയാള്‍ തന്നെ...ഉടനെ അയാള്‍ ബസ്സില്‍ കയറുകയും യാത്രക്കാര്‍ക്ക് അച്ചടിച്ച കാര്‍ഡ് വിതരണം ചെയ്യുന്ന യാചകസ്ത്രീയോട് മനുഷ്യന്‍റെതല്ലാത്ത കണ്ണുകൊണ്ട് സംസാരിക്കുകയും ചെയ്യും...
.....
''- ഉം..മതി മതി..ഇത്തിരി മസാലയൊക്കെ ഉണ്ട് ,ഉത്തരാധുനീകമാവും...ഇന്ദു ഒരു കാര്യം ചെയ്യ്..പുറത്ത് നല്ല കാറ്റും വെളിച്ചവും ഉണ്ട്, ആ കാറ്റാടിയുടെ കീഴില്‍ പോയിരുന്ന് എഴുത്വോ..തലകുത്തി മറിയോ എന്തു വേണേലും ചെയ്തൊ...ക്ളാസില്‍ പറ്റില്ലാ..''
''- ഇത് ശരിയല്ല സര്‍...എഴുതുന്നത് ആത്ര വലിയ തെറ്റാണോ..''- ഇന്ദുവിന്‍റെ കൂട്ടുകാരി നന്ദ അവള്‍ക്കു വേണ്ടി സംസാരിച്ചപ്പോള്‍ രാംദാസ് എറ്റുപിടിച്ചു.
ഒരു ട്രെയിന്‍ ഓടിക്കിതച്ചു പോയ ശബ്ദത്തിലാണ് രാം ദാസ് ഓര്‍മയില്‍ നിന്ന് ഉണരുന്നത്.
...''..നീ എന്താ രാം ഓര്‍ത്തുകൊണ്ടിരുന്നത്...
'' ഒന്നുല്ല.''
-'' ഞാന്‍ പറയട്ടെ... ഇന്ദുവിനെ കുറിച്ചല്ലേ..''
-''ലുക്ക് നന്ദ...ഇന്ദുവിന്‍റെ മരണം എന്നെ വേദനിപ്പിച്ചില്ല എന്ന് ഞാന്‍ പറയുന്നില്ല, എന്നാല്‍ നീ കരുതും പോലെ ഞാന്‍ പാടെ തളര്‍ന്നു പോയിട്ടില്ല.ദുരന്തങ്ങള്‍ എപ്പഴും വന്നു ചേരാം എന്ന തോന്നലില്‍ ഞാന്‍ എന്‍റെ മനസിനെ സജ്ജീകരിച്ചിരുന്നു.
( തുടരും )

സ്വപ്നം(കുഞ്ഞു കഥ )


സ്വപ്നം(കുഞ്ഞു കഥ )
---------------സുധയ്‌ക്ക്‌ പിന്നീട്‌ ഉറങ്ങാന്‍ കഴിഞ്ഞില്ല.എന്നും കാണുന്ന ഒരെ സ്വപ്‌നം ..അവള്‍ രവിയെ ഉണര്‍ത്താതെ ,പതുക്കെ എണീറ്റ് ഫ്രിഡ്ജില്‍ നിന്നും വെള്ളം നിറച്ച് വെച്ച ബോട്ടില്‍ എടുത്ത് വായ്കകത്തേക്ക് കമഴ്തി. അവള്‍ നന്നായി വിയര്‍ത്തിരുന്നു .നീണ്ട കഴുത്തിലൂടെ വിയര്‍പ്പ് തുള്ളികള്‍ നൈറ്റിക്കിടയിലേക്ക് ഒലിച്ചിറങ്ങി. ''ആരാണയാള്‍...? എന്തിനാണ് അയാള്‍ എന്‍റെ സ്വപ്നങ്ങളിലേക്ക് കടന്നു വരുന്നത്. എന്‍റെ കുടുംബം എനിക്ക് ഇത്രമാത്രം വിലപ്പെട്ടതാണെന്നറിഞ്ഞിട്ടും ഉപബോധ മനസ് എന്തിന് ഇത്തരം ചപല ചിന്തകളു
മായി എന്നെ വേട്ടയാടുന്നു. നിങ്ങള്‍ ചോദിച്ചേക്കാം ഇത്തരം
. നിസാരമായ സ്വപ്‌നത്തില്‍ ഇത്ര ഉല്‍കണ്ഠപ്പെടേണ്ട കാര്യമെന്ത്‌, അല്ലേലും സ്വപ്‌നങ്ങള്‍ നാം മനപൂര്‍വം സൃഷ്‌ടിക്കുന്നതാണൊ? കാര്യമെന്തായാലും സുധ അസ്വസ്‌ഥയാണ്‌. പുറത്തെ സ്‌ട്രീറ്റ്‌ലൈറ്റിന്‍റ അരണ്ട വെളിച്ചം ജനല്‍ചില്ലിലൂടെ ഹോളിലേക്ക്‌ അരിച്ചിറങ്ങി,കാറ്റിലിളകുന്ന ഗുല്‍മോഹര്‍ചില്ലകളുടെ നിഴല്‍ പല ഭീകര ചിത്രങ്ങളായി ജനല്‍ചില്ലില്‍ രൂപാന്തരപ്പെടുന്നതായി സുധയ്‌ക്ക്‌ തോന്നി,പുലരും വരെ ഇരുട്ടും ഇരുണ്ട ചിന്തകളുമായി .. -"സുധേ..ബ്രേക്‌ഫാസ്‌റ്റ്‌ എടുത്ത്‌ വെച്ചൊ?" മുടി ചീകിക്കൊണ്ട്‌ രവി അടുക്കളയിലേക്ക്‌ നോക്കി വിളിച്ചു ചോദിച്ചു, -"ഇപ്പൊ തരാവേ" -"അമ്മെ എന്‍റ സോക്‌സെന്ത്യെ?" -"അലമാരയ്‌കകത്തുകാണും,വാരിവലിച്ചിടല്ലെ"...വെളുപ്പിനു അഞ്ചുമണിക്ക്‌ അടുക്കളയിലോട്ടു കയറുന്ന സുധ അവസാന ഐറ്റമായ ഗ്രെവി ഉണ്ടാക്കുമ്പഴേക്ക്‌ ജനല്‍പഴുതിലൂടെ സൂര്യന്‍ മുഖത്തേക്ക്‌ ഇളംചൂടുതട്ടിച്ചോണ്ട്‌ ഒന്നൂടെ ഉണര്‍ത്തും,പിന്നെ ഓട്ടം അവസാനിക്കുന്നത്‌ കുളിമുറിയിലാണ്‌, -"ഇന്നു ഞാന്‍ ലീവാണ്‌ രവിയേട്ടാ..ഇന്നാ തുഞ്ചന്‍പറമ്പില്‍ കവിസമ്മേളനം,രവിയേട്ടന്‍ ഒഫീസില്‍ പോകുമ്പൊ ഇന്തുമോളെ സ്‌കൂളീ വിടണെ" കുറച്ച് നേരം കഴിഞ്ഞിട്ടും രവിയുടെ മറുപടി കേള്‍ക്കാതായപ്പോള്‍ സുധ കുളിമുറിയുടെ വാതില്‍ തുറന്ന് പുറത്തേക്ക് നോക്കി. രവി ദേഷ്യം അടക്കി നിര്‍ത്തി മുഷ്ടി ടേബിളില്‍ ഇടിച്ചുകൊണ്ടിരുന്നൂ.
- ' എന്താ രവിയേട്ടാ..'?
-'നീയിതെന്തു ഭാവിച്ചാ ..ഈ സാംസ്‌കാരിക പ്രവര്‍ത്തനോം എഴുത്തുമൊക്കെ ആണുങ്ങക്ക്‌ പറഞ്ഞിട്ടുള്ള, നീ തല്‍കാലം അടുക്കളജോലീം ഒഫീസും നോക്കി ഇവിടിരുന്നാ മതി." -
'' എന്തു പറ്റി രവിയേട്ടാ. .മോളെ സ്കൂളില്‍ വിടാന്‍ ബുദ്ധിമുട്ടാണേല്‍ ഞാന്‍ കൊണ്ടാക്കാം. എന്തിനാ ഇങ്ങിനെ ദേഷ്യം '-
'' നിനക്ക് തന്ന സ്വാതന്ത്ര്യം ഇത്തിരി കൂടിപ്പോയി. അഴിഞ്ഞാട്ടം ഇത്തിരി കൂടുന്നുണ്ട്..'
അഴിഞ്ഞാട്ടം എന്നു കേട്ടപ്പോള്‍ സുധക്ക് ശരിക്കും ദേഷ്യം, വന്നു.
...-"ഇതൊക്കെ മനസിലാക്കന്‍ ഇത്തിരി സാഹിത്യബോധം വേണം'"-സുധ കയര്‍ത്തു,-"എനിക്കു ബുദ്ധില്ല, ഇതൊന്നുമില്ലാതെ നിന്നയൊക്കെ പോറ്റുന്നുണ്ടല്ലൊ"-രവി പാത്രം തട്ടിമാറ്റി കഴിക്കാതെ എണീറ്റു പോയി.ഇന്തുമോള്‍ ഒന്നും ശ്രദ്ധിക്കാതെ ഷൂവിന്‍റ വള്ളി കെട്ടിക്കൊണ്ടിരുന്നു. -"സ്‌ത്രീകള്‍ക്ക്‌ സ്വന്തം ഇഷ്‌ടങ്ങളും ആദര്‍ശവും പാടില്ലെന്നാണോ? "
രവി ആ വാക്കുകള്‍ കേട്ടുകാണില്ല
അല്ലെങ്കില്‍ കേട്ടതായി നടിച്ചില്ല.
അന്നു രാത്രി സുധ അതേ സ്വപ്‌നം വീണ്ടും കണ്ടു . തന്‍റെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരിക്കുന്ന കവിതയുള്ള രണ്ട് കണ്ണുകള്‍...
എന്തുകൊണ്ടോ അന്നവള്‍ ഞെട്ടി ഉണര്‍ന്നില്ല, വിയര്‍ത്തില്ല.
അവള്‍ അറിയാതെ ആ സ്വപ്നത്തെ താലോലിച്ചുവോ.................
പുരുഷു പരോള്‍

എഴുത്തും വായനയുംഃ ഒരാമുഖം

എഴുത്തും വായനയുംഃ ഒരാമുഖം
-----------------------
പല കവിതകളും ദുര്‍ഗ്രഹമെന്നും ഒന്നും മനസിലായില്ലെന്നും കവി എന്താണ്‌ അര്‍ത്ഥമാക്കിയത്‌ എന്നൊക്കെ കവിതകളുടെ കമന്‍റ്‌സില്‍ വായിക്കാന്‍ ഇടയാവാറുണ്ട്‌.ഈ മനസിലാകായ്‌മ എന്തുകൊണ്ടാണ്‌ സംഭവിക്കുന്നത്‌, ജന്‍മസിദ്ധികൊണ്ടും പരന്ന വായനകൊണ്ടും നിരീക്‌ഷണം കൊണ്ടും ഒരു കവി ജനിക്കുന്നതിലും പ്രയാസകരമാണ്‌ ഒരു നല്ല വായനക്കാരന്‍ ജനിക്കുന്നത്‌.ഒരു ദിവസം കൊണ്ട്‌ കവിത വായിച്ച്‌ ഭാവുകത്വത്തില്‍ ലയനം സാദ്ധ്യമാകുമെന്നൊ ആശയത്തെ അനുഗമിക്കാമെന്നൊ ധരിക്കുന്നത്‌ മൌഢ്യമാണ്‌. സുഹൃത്ത്‌ എന്ന പരിഗണനയില്‍ മാത്രം ലൈക്കടിക്കേണ്ടി വരുന്നതും ഹൃദിസ്‌ഥമാക്കാനുള്ള സമയമില്ലായ്‌മ കൊണ്ടൊ ആസ്വാദന ക്‌ഷമതയുടെ അഭാവം കൊണ്ടുമൊ ആണ്‌.കാലത്തിനൊപ്പമൊ കാലാതീതമായൊ സഞ്ചരിക്കുന്ന കവിതകളുടെ പ്രമേയങ്ങള്‍ക്കും സങ്കേതങ്ങള്‍ക്കും പ്രസ്‌ഥാനങ്ങള്‍ക്കും ഒപ്പം സഞ്ചരിച്ച്‌ മാത്രം സ്വായത്തമാക്കാന്‍ കഴിയുന്ന ഒന്നാണ്‌ നല്ല വായന.ഒരു എഴുത്തുകാരന്‍റ കണ്ണും കാതും മനസും കാണാത്തതും കേള്‍ക്കാത്തതും അറിയാത്തതുമായ ലോകത്തില്‍ വിഹരിക്കുകയും അരൂപവും വിരൂപവുമായ യാദാര്‍ത്ഥ്യങ്ങളെ മനോഹരങ്ങളായ പദങ്ങളാല്‍ കോര്‍ത്തിണക്കി സുന്തരമായ രൂപം നല്‍കി നമ്മില്‍ പുതിയ ലോകം തീര്‍ക്കുന്നു. ഒരോ വായനയും പുതിയ ലോകത്തിലേക്കുള്ള വാതായനങ്ങളാണല്ലൊ,പതിവു രീതികള്‍ തെറ്റിക്കുന്നതും പരീക്‌ഷണ സൃഷ്‌ടികളും സംവേദനത്തിന്‍റ വഴികള്‍ ദുഷ്‌കരമാക്കാറുണ്ട്‌.നിരന്തരമായ വായനയും കാലാനുക്രമമായ മാറ്റങ്ങളെ അനുഗമിക്കാനുള്ള മനസാന്നിദ്ധ്യവും ഈ ദുര്‍ഗ്രാഹ്യത്തെ അതിജീവിക്കാന്‍ സഹായിക്കുന്നു.ഒഴുക്കിനൊപ്പമല്ല ഒഴുക്കിനെതിരെയാണ്‌ എഴുത്തുകാരന്‍റ ദിശാബോധം.വാച്യാര്‍ത്ഥത്തിന്‍റ ഉപരിതലത്തില്‍ മാത്രം സ്‌പര്‍ശിച്ച്‌ ബൌദ്ധികാദ്ധ്വാനത്തിനു ഒട്ടും മെനക്കെടാതെ മനസിലാകുന്നില്ല ലളിതമായി എഴുതൂ എന്ന്‌ വേവലാതിപ്പെടുന്ന വായനക്കാരനെ മനസിലാകുന്നില്ല.വ്യംഗ്യാര്‍ത്ഥത്തിന്‍റ അഗാധതില്‍ ഇറങ്ങിച്ചെന്ന്‌ അറിവിന്‍റ വെളിച്ചം കാണാന്‍ ശ്രമിക്കാത്ത ഇരുട്ടില്‍ തപ്പുന്ന ചുരുക്കം വായനക്കാരെങ്കിലും വേഗമേറിയ ഈ ലോകത്ത്‌ നിലനില്‍ക്കുന്നുണ്ട്‌ എന്നത്‌ ഒരു സത്യമാണ്‌

By
Purush parol

നഷ്ടപ്പെട്ട നല്ലകാലവും ആസന്നമായ മരണവും


നഷ്ടപ്പെട്ട നല്ലകാലവും
ആസന്നമായ മരണവും
---------------------കഥ
...മനസ്സ് വല്ലാതെ വേദനിക്കുമ്പോള്‍ ജീവിതം തന്നെ വെറുത്തു പോവുകയും ,ദാമ്പത്യ ജീവിതത്തിന് അസ്ഥിത്വം തന്നെ അടിയറ വെക്കേണ്ടി വരും എന്ന തോന്നല്‍ ജോണിന്‍റെ മനസില്‍ കടന്നു വരാറുണ്ടെങ്കിലും, ദേഷ്യപ്പെടുമ്പോള്‍ പോലും നീലിമയോട് അത്തരം വാക്കുകള്‍ പറഞ്ഞു പോകാതിരിക്കാന്‍ അയാള്‍ ശ്രദ്ധിക്കാറുണ്ട്.അത് നീലിമയില്‍ ഉണ്ടാക്കിയേക്കാവുന്ന ആഘാതം ചെറുതായിരിക്കില്ല എന്ന് അയാള്‍ക്ക് അറിയാമായിരുന്നു.
സ്നേഹമെന്നാല്‍ നീലിമക്ക്.,
അടുക്കള ജോലിക്കിടയില്‍ പിറകിലൂടെ വന്ന് ഇക്കിളിപ്പെടുത്തുക,
അലക്കുമ്പോള്‍ മുഖത്തേക്ക് വെള്ളം തൂവുക,
രാവിലെ മുറ്റം തൂക്കുമ്പൊ കോലായിലെ കസേരയില്‍ ഇരുന്ന് തന്നെ തന്നെ നോക്കിയിരിക്കുക....
നീലിമയുടെ ലോല ഭാവങ്ങള്‍ക്ക് നേരേ വന്ന ആദ്യത്തെ അടിയായിരുന്നു, കല്യാണ മണ്ഡപത്തില്‍ വെച്ച് അവളുടെ കഴുത്തില്‍ ജോണ്‍ താലി കെട്ടിയില്ല എന്നത്.അപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം നീലിമയുടെ കഴുത്തില്‍ ഇപ്പോള്‍ കാണുന്ന താലി ആരു കെട്ടിയതാണെന്ന്..അത് അവള്‍ സ്വയം കെട്ടുകയായിരുന്നു. അന്ന് പഴമക്കാര്‍ മൂക്കത്ത് വിരല്‍വെച്ച് അതിശയപ്പെട്ടു..''- ഇത്ര പാവം ചെക്കന്‍റെ മനസ് എത്ര ദുഷിച്ചിരിക്കണൂ..ഭഗവാനേ..''.
പില്‍ക്കാലത്ത് അച്ഛന്‍ മരിച്ചപ്പോള്‍ മരണാനന്തര ക്രിയ ചെയ്യാന്‍ തയ്യാറാവാതിരുന്നപ്പോഴാണ് നാട്ടുകാരുടെ മനസില്‍ നിന്നും ജോണ്‍ ആട്ടിയിറക്കപ്പെടുന്നത്.
അയാള്‍ താലി കെട്ടിയില്ലേലും താലി കെട്ടിയവരേക്കാള്‍ നീലിമയെ സ്നേഹിച്ചിരുന്നു.ഉദകക്രിയ ചെയ്തില്ലേലും അയാളെ പോലെ അച്ഛനെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്തവര്‍ വിരളമാവാം.
പാരമ്പേര്യേതരമായി കഥ പറയുമെപോള്‍ ചട്ടങ്ങളെ ലംഘിക്കാം, എവിടെയും തുടങ്ങാം, വാക്കുകള്‍ കൊണ്ട് കപടജാലം കാണിക്കാം എന്നത് കളിയില്‍ തോറ്റവന്‍റെ മുട്ടുന്യായങ്ങളാണെ, സമ്മതിക്കുന്നു. ഇവിടെ വഴക്കിട്ട് മുഖം തിരിഞ്ഞു കിടക്കുന്ന ജോണും നീലിമയും ഒരേ സമയം അവരുടെ ഭൂതകാലം തിരയുന്നത് സമന്യയിപ്പിച്ച് എഴുതുക പ്രയാസകരമാണ്..കാരണം അവര്‍ ചിന്തിക്കുന്നത് വൈവാഹിക ജീവിതത്തിനു മുന്‍പുള്ള അനുഭവങ്ങളാണ്. ഒരിക്കലും പരസ്പരം പറഞ്ഞിട്ടില്ലാത്ത രണ്ട് കഥകളുടെ കൈവഴികള്‍. 
ആദ്യം പറഞ്ഞു തുടങ്ങിയത് ജോണ്‍ ആയിരുന്നു.
,,,,,,,,,'' കൈയ്യടക്കി വെച്ച സമ്പത്ത് തുല്യമായി വിതരണം ചെയ്യപ്പെടുകയും ഉള്ളവനും ഇല്ലാത്തവും ഇല്ലാതാവുന്ന ലോകം സ്വപ്നം കണ്ടു നടന്നവരില്‍ ഞാനും ഉണ്ടായിരുന്നു. കഞ്ചാവും ചരസ്സും പിന്നെ കൊലവിളിയും എന്ന് പരിഹസിക്കപ്പെട്ടവര്‍..
മാറ്റം എന്ന വാക്കിനേ മാറ്റമില്ലാതുള്ളൂ...എന്ന മാക്സിയന്‍ ദര്‍ശനം ഒരു ഫലിതമാക്കിയെടുത്ത സര്‍വ രാജ്യ തൊഴിലാളികള്‍ സംഘടിച്ച് , സാമൂഹ്യ സാഹചരൃയങ്ങളെയും ശാസ്ത്രസാങ്കേതിക വിദ്യയേയും മുതലെടുത്ത് 'മുതലാളിത്തശക്ത'രായപ്പോള്‍ ..പാര്‍ലമെന്‍ററി മോഹവുമായി കഷിചേര്‍ന്നവരാല്‍ പെരുവഴിയില്‍ ഉപേക്ഷിക്കപ്പെട്ടവര്‍...
പെരുവഴിയില്‍ പകച്ചു നില്‍ക്കെ വിപ്പവത്തിന്‍റെ അഗ്നിയിലേക്ക് പ്രണയമായ് പെയ്തിറങ്ങുകയായിരുന്നു അവള്‍.
അതെ..ഞാന്‍ ജോണിലേക്ക് പെയ്തിറങ്ങിയെങ്കിലും അവന്‍റെ അസ്ഥിത്വത്തെ ഉലക്കാന്‍ എന്‍റെ ലോലഭാവങ്ങള്‍ക്ക് കഴിഞ്ഞില്ല.
പ്രണയിക്കുന്ന ഏതൊരു പെണ്ണിനെയും പോലെ ഇടവഴികളിലും അമ്പലനടകളിലും കളിപറയാനും പിണങ്ങാനും കൊതിച്ചെങ്കിലും അവന് ഇതൊന്നും ഒരിക്കലും ഇഷ്ടപ്പെട്ടില്ല.
അപ്പൊഴും അവന്‍ പറയുമായിരുന്നു
'' നിന്‍റെ വലിയ കണ്ണുകളാണ് എന്‍റെ ലോകം..എന്‍റെ കാലുകള്‍ താണ്ടിത്തീര്‍ക്കുക ഇനി നിന്നിലേക്കുള്‌ള ദൂരമാണ്..
വിവാഹശേഷം ജോണില്‍ മാറ്റങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒരിക്കല്‍ പോലും മറ്റ് ദമ്പതിമാരെ പോലെ തെരുവിലൂടെ കൈകോര്‍ത്ത് നടക്കാനോ ഒരുമിച്ചൊരു കുടയില്‍ തോളുരുമ്മി നനയാനോ എനിക്ക് അവസരമുണ്ടായില്ല. അപ്പൊഴോക്കെ ജോണ്‍ പറയും പ്രകടിപ്പിക്കുന്നില്ലെന്നേ ഉള്ളു..ഈ നെഞ്ച് മുഴുവന്‍ നിന്നോടുള്ള സ്നേഹാ....''
മുഖം തിരിഞ്ഞു കിടക്കുന്ന ജോണും നീലിമയും വിപ്ളവത്തിന്‍റെയും കാല്‍പനികതയുടെയും ഇരു ധൃവങ്ങളില്‍ പതിയെ മയങ്ങിപ്പോകുമ്പോള്‍ രണ്ടു പേരും ഒരേ സ്വപ്നം കാണുന്നു. സ്നേഹത്തിന് വീര്‍പ്പു മുട്ടുന്ന വൃദ്ധദമ്പതികളും, നഷ്ടപ്പെടുത്തിയ നല്ല കാലവും ആസന്നമായ മരണവും.
(പുരുഷു പരോള്‍

ഭാര്യ


ഭാര്യ
---------
നീ പോകുന്നിടത്തേക്ക്
വീട് കൂടെ വരുന്നതെന്താണ്
എത്ര വെള്ളം തളിച്ചിട്ടും
തുളസിച്ചെടി
ഇലകുനിച്ചു നില്‍ക്കുന്നു.
ആര്‍ക്കോ വേണ്ടി പാതി വിടര്‍ന്ന തൊടിയിലെ പൂക്കളില്‍
പരാഗണം മറന്ന പൂമ്പൊടി
രതിസ്മൃതികള്‍ അയവിറക്കുന്നു.
വരാന്തയിലെ ടീപോയില്‍
ഒന്നാം പേജിനുള്ള പിടിവലിയുടെ സ്മരണയില്‍
ഉറക്കമാണ് പത്രം.
ചാനല്‍ മാറ്റാതിരിക്കാന്‍ നീ ഒളിപ്പിച്ച റിമോട്ട്
പിന്നെ ഞാന്‍ തിരഞ്ഞതേയില്ല.
മൗനം തളംകെട്ടി നിന്ന അടുക്കളയില്‍
അടുപ്പ്,അമര്‍ന്ന ചിത കണക്കെ
ചാരം മൂടി കിടക്കുന്നു...
തലയിണയില്‍
നീ അവശേഷിപ്പിച്ചു പോയ
തലനാരിഴയില്‍,
കണ്ണാടിച്ചുറ്റിലും
വിരിച്ചിട്ട സിന്ധൂരരേണുവില്‍,
വിയര്‍പ്പില്‍ നിന്നും ഊരിയെറിഞ്ഞ
ഉടുവസ്ത്രങ്ങളില്‍..
നിന്‍റെ പ്രണയം തുടിക്കുന്നു.
-- പുരുഷു പാറോല്‍ -

അത്ര യുക്‌തി ഭദ്രമല്ലാത്ത -കഥ-(ഭാഗം-രണ്ട്‌)


അത്ര യുക്‌തി ഭദ്രമല്ലാത്ത -കഥ-(ഭാഗം-രണ്ട്‌) ഉണങ്ങാനിട്ട മെടഞ്ഞ ഓലയുടെ മറവില്‍ അച്ഛനും അമ്മയുമായുള്ള ഒളിച്ചു കളിക്കിടയില്‍ സ്വാഭാവികമായും; ഉറക്കത്തില്‍ ഞെട്ടിയുണരുന്ന മയക്കത്തില്‍ മാതാപിതാക്കളുടെ ലൈംഗികചേഷ്‌ടകള്‍ കണാറുള്ള കുട്ടിയുടെ ഉപബോധ മനസിലെ നേര്‍ത്ത കാഴ്‌ചയുടെ ബഹിര്‍സ്‌ഫുരണത്തില്‍ തെളിയേണ്ടത്‌ എന്നും ഓര്‍മയില്‍ തെളിയേണ്ട ബാല ലൈംഗിക വികൃതികളാണ്‌.എന്നാല്‍ നീ ചെയ്‌തത്‌ എന്താണെന്നു നീ ഓര്‍ക്കുന്നൊ ധൃവന്‍, പിന്നീടുള്ള്‍ സംസാരത്തിനിടയില്‍ അമ്മു ധൃവന്‍റ മുഖത്തു നോക്കിയില്ല.."എന്‍റ മാറിടത്ത്‌ ചൊറിയില ഉരച്ച്‌ പൊട്ടിച്ചിരിച്ചു. മാറില്‍ ചൊറിഞ്ഞ്‌ ഞാന്‍ നിലവിളിക്കുമ്പോള്‍ എന്തിനോടൊ അമര്‍ഷം തീര്‍ക്കുന്ന ഭാവമായിരുന്നു നിനക്ക്‌."-അമ്മുവിന്‍റ തുറന്ന സംസാര രീതിയില്‍ അവന്‍ ആശ്‌ചര്യപ്പെടാത്തതിനു കാരണം അവള്‍ എന്നും വായിക്കാന്‍ ഇഷ്‌ടപ്പെട്ടിരുന്നത്‌ മാധവിക്കുട്ടിയുടെ പുസ്‌തകങ്ങള്‍ ആയതിനാലാവാം. അമ്മു വായനശാലയിലെ ലൈബ്രറിക്കു പുറത്തേക്കു നോക്കിയിരുന്നു.ലൈബ്രേറിയനായി അവിടെ ജോലി ചെയ്യുന്നതില്‍ ധൃവന്‍ തൃപ്‌തനല്ലാതിരുന്നതിന്‍റ കാരണം തുച്ഛമായ വരുമാനമായത്‌ കൊണ്ടായിരുന്നില്ല,പുസ്‌തകങ്ങള്‍ എടുക്കാന്‍ വരിക്കാര്‍ ഇല്ലാത്തത്‌ അവനെ വല്ലാതെ നിരാശപ്പെടുത്തി. അവന്‍ അമ്മുവിന്‍റ മുഖത്തേക്കു നോക്കി ,അവള്‍ പുസ്‌തകങ്ങളുടെ കാറ്റ്‌ലോഗില്‍ നിന്നും കണ്ണുയര്‍ത്തിയില്ല.-"അമ്മു കണ്ട കാഴ്‌ചക്കും ഒത്തിരി ആഴമുണ്ട്‌ എന്‍റ ബാല്യകാല സ്‌മരണകള്‍ക്ക്‌.." ധൃവന്‍ ഒത്തിരി ഗൌരവക്കാരനും പക്വമതിയുമായി അമ്മുവിനു തോന്നി.."അമ്മയെ കെട്ടിപ്പിടിച്ച്‌ ഉറങ്ങാന്‍ കൈനിട്ടി ശൂന്യതയില്‍ ഞെട്ടിയുണരുന്ന പാതിരാത്രികളില്‍ ചാണകം തേച്ച നിലത്തെ പുല്ലുപായയില്‍ ചിമ്മിനി വിളക്കിന്‍റ അരണ്ട വെളിച്ചത്തില്‍ രണ്ടു നിഴലുകള്‍ കെട്ടുപിണഞ്ഞു കിടക്കുന്നതു കണ്ട്‌, അമ്മയുടെ അനക്കങ്ങള്‍ക്ക്‌ ഭീതിതമായ ഒറ്റപ്പെടലിന്‍റ സൂചന തിരിച്ചറിഞ്ഞെന്ന പോലെ ,തേങ്ങലിന്‍റ താളത്തില്‍ തേരട്ടയെ പോലെ ചുരുണ്ടു കൂടി കിടന്ന്‌ രാത്രിയാമങ്ങളില്‍ എപ്പഴോ ഉറക്കത്തിലേക്കു വഴുതി വീഴുന്ന കുട്ടിയെ നിനക്കറിയില്ല അമ്മു.അതിനു ശേഷമായിരിക്കാം ചെമ്പകമരച്ചോട്ടില്‍ ഇണചേരുന്ന പാമ്പുകള്‍ക്കു നേരെ ഞാന്‍ കല്ലെറിയാന്‍ തുടങ്ങിയത്‌.കൂര്‍ത്ത കല്ലുകള്‍ കൊണ്ട്‌ ചോര പൊടിഞ്ഞിട്ടും ഇണപിരിയാത്ത ചേരപ്പാമ്പുകള്‍ എന്നെ ഭ്രാന്തനാക്കിയിരുന്നു.ഞാന്‍ ഓര്‍ക്കുന്നു ധൃവന്‍ ,ഇത്തരം ക്രൂര വിനോദങ്ങളില്‍ എനിക്കു നിന്നോടു ഏറ്റവും വെറുപ്പു തോന്നിയ നിമിഷം..(തുടരും

By 
Purush Parol

അത്ര യുക്‌തി ഭദ്രമല്ലാത്ത -കഥ


അത്ര യുക്‌തി ഭദ്രമല്ലാത്ത -കഥ- ഇരുപത്തി രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ധൃവന്‍ എന്ന ചെറുപ്പക്കാരന്‍ അവന്‍റ അമ്മയെ കുറിച്ച്‌ ഓര്‍ക്കാന്‍ ഇടയുണ്ട്‌,കാരണം തീവ്രവിപ്ലവത്തിന്‍റ വക്‌താവായി മാറാന്‍ ഇടയുള്ള ധൃവന്‍ ഒളിത്താവളങ്ങളിലെ വിശ്രമവേളകളില്‍ മുളങ്കാടുകളിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഇരുന്ന്‌ മാക്‌സിംഗോര്‍ക്കിയുടെ അമ്മ എന്ന പുസ്‌തകം വായിക്കാന്‍ ഇടയുണ്ട്‌. ലെനിന്‍റ അമ്മയും ധൃവന്‍റ അമ്മയും അനുഭവത്തീച്ചൂളയില്‍ സദൃശരാണെന്ന്‌ നിങ്ങള്‍ ധരിക്കുന്നതിനു മുന്‍പ്‌ ധൃവന്‍റ അമ്മയെ വെളിപ്പെടുത്തിയില്ലെങ്കില്‍ മുന്‍വിധി കഥാഗതി വഴിതെറ്റിച്ചേക്കാം. നെറ്റിയില്‍ വലിയ കുങ്കുമപ്പൊട്ടൊ,ചുണ്ടില്‍ ചുണ്ണാമ്പിന്‍റ ചെഞ്ചായമൊ,ഒലിച്ചിറങ്ങുന്ന കടും നിറത്തിലുള്ള സാരിയൊ മാറുമറക്കാന്‍ മടി കാണിക്കുന്ന ബ്ലൌസൊ ധരിക്കാറുള്ള ശരീരം വിറ്റ്‌ ഉപജീവനം നടത്തുന്ന മറ്റു സ്‌ത്രീകളുടെ ഒരു പ്രത്യേകതയും അവന്‍റ അമ്മയില്‍ അവനു ഓര്‍ത്തെടുക്കാന്‍ കഴിയില്ല അല്ലെങ്കില്‍ ഓര്‍ക്കാന്‍ ഇഷ്‌ടപ്പെടുന്നില്ല. എപ്പൊഴെങ്കിലും ഞാന്‍ അമ്മയെ സ്‌നേഹിച്ചിരുന്നൊ,എന്നും വെറുപ്പായിരുന്നു, മറ്റു പുരുഷന്‍മാര്‍ക്ക്‌ പായ വിരിക്കുമ്പോള്‍ മരിച്ചുപോയ അച്ഛനെ എന്നെങ്കിലും അമ്മ ഓര്‍ത്തു കാണുമൊ..ഇരുപത്തി രണ്ടു വര്‍ഷങ്ങള്‍ക്ക്‌ ശേഷം അവന്‍ തീവ്രവാദത്തിന്‍റ വഴിയെ പോകാന്‍ ഇടയുണ്ടെന്നും അമ്മയെ കുറിച്ച്‌ ഇപ്രകാരം ഓര്‍ക്കുമെന്നും ഇപ്പഴേ പറഞ്ഞുവെക്കുന്നതിന്‍റ കാരണം അവന്‍റ യാത്രാഗതി എനിക്കു തരുന്ന ചില സൂചനകളാണ്‌.സമ്പന്നന്‍റ മക്കള്‍ വിലകൂടിയ മിഠായികള്‍ നുണയുന്ന വഴികളില്‍ നിന്നും മാറി നടന്നിട്ടും നാക്കിന്‍ തുമ്പില്‍ നീട്ടിപ്പിടിച്ച ചുകന്ന മിഠായി കാണിച്ച്‌ കൊതിപ്പിച്ചവനു നേരെ എറിഞ്ഞ ആദ്യത്തെ കല്ല്‌ സാമ്പത്തിക അസമത്വത്തിനു എതിരെ ഉള്ള അവന്‍റ ആദ്യത്തെ പ്രതികരണമായിരുന്നു.വീട്ടിലെ രാത്രികളില്‍,പല പകലുകളിലും കറുത്ത കാഴ്‌ചകളില്‍ നിന്നും കണ്ണുകളെ പറിച്ചു നടാനുള്ള ആയാസകരമായ പ്രവൃത്തിയുടെ ഭാഗമാകാം ഉറുമ്പുകളെ പിടിച്ച്‌ വെള്ളത്തില്‍ ഇട്ട്‌ ശ്വാസം മുട്ടുമ്പോള്‍ ഈര്‍ക്കില്‍ ഇട്ടുകൊടുക്കുകയും പാതി കയറുമ്പൊള്‍ ഈര്‍ക്കില്‍ കുടഞ്ഞ്‌ വീണ്ടും വെള്ളത്തിലേക്കു തള്ളി വിടുന്ന അവന്‍റ ക്രൂര വിനോദം. വിവേകം പടികയറി വന്നിട്ടില്ലാത്ത കാലം അടുക്കളയില്‍ കൂറകളെ വീഴ്‌താന്‍ അമ്മ വെച്ച കിണ്ണത്തില്‍ നിന്നും എത്രയൊ കൂറകളെ രക്‌ഷപ്പെടുത്തിയിരുന്ന അവനില്‍ എത്ര വലിയ മാറ്റങ്ങളാണ്‌ ഉണ്ടായിരിക്കുന്നത്‌.ഉണക്കാനിട്ട മെടഞ്ഞ ഓലകളുടെ മറവില്‍ .. (തുടരും)

By
Purushu Parol

സ്കെച്ച് (കഥ )


സ്കെച്ച് (കഥ )
---------------
സങ്കടമായാലും സന്തോഷമായാലും സ്വപ്നങ്ങള്‍ എപ്പോഴും ഏച്ചുകെട്ടലോടെയാണ് അവതരിക്കാറുള്ളത്.ദരിദ്രനായ ഒരാള്‍ക്കു വഴിയില്‍ നിന്നും വീണു കിട്ടുന്ന സ്വര്‍ണനാണയങ്ങള്‍ എടുക്കുന്തോറും കൂടി കൂടി വരുന്നു, രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഒരാള്‍ക്ക് എത്ര ഓടിയിട്ടും മുന്നോട്ട് നീങ്ങാന്‍ കഴിയുന്നില്ല.
കുഞ്ഞിമുസ്ല്യാര്‍ ഓടിക്കൊണ്ടേയിരുന്നു.ലാത്തിയും തോക്കുമായി പിന്നാലെ ഒരു സംഘം പോലീസുകാര്‍...അദ്ദേഹം അതിവേഗം കാലുകള്‍ മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും ഇത്തിരി പോലും ദൂരം പിന്നിടാന്‍ കഴിയുന്നില്ല.
ബിയ്യാത്തുമ്മയുടെ വീടിന്‍റെ ഉമ്മറത്തെ പെടാപ്പുറത്ത് ,അത്തറു മണക്കുന്ന പുല്ലുപായില്‍ കിടന്ന് പോലീസുകാരില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കുഞ്ഞുമുസ്ല്യാര്‍ ഒരു ഞരക്കത്തോടെ കണ്ണു തുറന്നു.
----'' ദോക്കീ..എണിക്ക്..സമിയായി...''
ബിയ്യാത്തു തട്ടി വിളിചച്ചപ്പോ അവരെ സ്വന്തം ഉമ്മയായി തോന്നി. വീടോ..വിളിച്ചുണര്‍ത്താന്‍ ഉമ്മയോ ഇല്ലാത്ത മുസ്ല്യാര്‍ ,യത്തീം ഖാനയില്‍ നിന്നും പുതുപ്പള്ളിയിലെ ഓത്തുപള്ളിയില്‍ ഉസ്താദായി വന്നതില്‍ പിന്നെയാണ് സ്നേഹമെന്തെന്ന് അറിയുന്നത്.പള്ളിക്കമ്മറ്റി തീരുമാനിക്കുന്ന പോലെ ഓരോ ആഴ്ചയില്‍ ഓരോ വീട്ടിലാണ് ഭക്ഷണം.
-''''' ഉമ്മച്ചീ...ഇന്നാട്ടിലെ കത്തിക്കുത്തും അടിപിടിയുമൊക്കെ സമാധാനായോ...''
മുസ്ല്യാര്‍ കിണ്ടിയുമെടുത്ത് മുറ്റത്തേക്ക് ഇറങ്ങിക്കോണ്ട് ചോദിച്ചു.
---'' ഇപ്പൊ കൊറെ സമാദാനേണ്ട്. അന്ത്രൂന കൊന്നതോടെയാ ഓല കലിപ്പ് തീര്‍ന്നേ. '' - ബിയാത്തുമ്മ അകത്ത് ടി വി യിലെ വാര്‍ത്തയിലേക്ക് നോക്കിക്കൊണ്ട് ദീര്‍ഘനിശ്വാസം വിട്ടു.
..........സ്പോടനം നടന്ന രാമന്‍ നായരുടെ വീടില്‍ നിന്നും സുധി നമ്മോടൊപ്പം ചേരുന്നു...'' സുധീ..കേള്‍ക്കാമോ...മുസ്ലിം തീവ്രവാദമാണ് സ്ഫോടനത്തിനു പിന്നിലെന്ന് പറയുന്നുണ്ടല്ലോ..എന്താണ് വിശദാംശം..
.......'' മാളവികാ..ഇപ്പോള്‍ സ്ഥിതി ശാന്തമാണ്...ഓത്തുപള്ളിയിലെ ഉസ്താദായ കുഞ്ഞിമുസ്ല്യാര്‍ എന്ന പണ്ഡിതനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.അയാളുടെ തലയിലെ സുന്നിത്തൊപ്പിയും നീട്ടി വളര്‍ത്തിയ താടിയുമാണ് പോലീസിന് സംശയം ജനിപ്പിച്ചത്.
മാത്രമല്ല സംശയാസ്പദമായി പലയിടത്തും ഇയാളെ കണ്ടിട്ടുണ്ടെന്ന് സമീപവാസികള്‍ പറയുന്നു..''
...- സുധീ ലൈനില്‍ തുടരുക.. മത പണ്ഡിതനായ മമ്മിക്കോയ തങ്ങള്‍ നമ്മോടൊപ്പം ചേരുന്നു..
കുഞ്ഞി മുസ്ല്യാര്‍ കിണ്ടിയുമായി ഉമ്മറത്തേക്ക് കയറുമ്പോ ടി വി യില്‍ അയാളുടെ ഫോട്ടോ കണ്ട് മിഴിച്ച് നിന്നു പോയി. വ്യക്തമായി കാണും മുന്‍പ് അത് മിന്നി മാഞ്ഞു.ആ ഫോട്ടോ ഇനിയും കാണിക്കുമെന്ന് പ്രതീക്ഷിച്ച് അയാള്‍ പിന്നെയും ഏറെ നേരം കാത്തിരുന്നു.
കുഞ്ഞിമുസ്ലിയാര്‍ ഒരു യന്ത്രം കണക്കെ കണ്ണാടിയുടെ അടുത്തേക്ക് നടന്നു. ടി വി യുടെ ശബ്ദം നേര്‍ത്തു വന്നു.
അയാള്‍ തന്‍റെ മുഖത്തേക്കു തന്നെ ഏറെ നേരം നോക്കിയിരുന്നു.കണ്ണാടിയിലെ വിള്ളല്‍ മുഖം രണ്ടായി ഭേദിച്ചിരിക്കുന്നു.അയാള്‍ ഒരു ഭ്രാന്തനെ പോലെ മുഖം ചരിച്ചും കുനിച്ചും വക്രിച്ചും പരിശോധിച്ചു,,,ഒരു തീവ്രവാദിയുടെ മുഖം തേടി...
അപ്പോള്‍ എവിടെയോ ഒരു അനാഥബാലന്‍ നീട്ടി വളര്‍ത്തിയ താടിയും , തലയിലെ തൊപ്പിയും ടെക്സ്റ്റ് ബുക്കില്‍ അമര്‍ത്തി വരച്ചുകൊണ്ടിരുന്നു

പുരുഷു പരോള്‍ -

സ്വാതന്ത്യ്രം


മനുഷ്യന്‍റ സ്വതന്ത്ര ചിന്തക്കുമേലുള്ള രാഷ്‌ട്രിയ മത സാഹിത്യ സംഘടനകളുടെ ആധിപത്യം ഒരു രാഷ്‌ട്രത്തെയും ജനതയെയും ഇരുട്ടിന്‍റ ആഴങ്ങളിലേക്കു നയിച്ചുകൊണ്ടിരിക്കുന്നത്‌ ഒരു വര്‍ത്തമാനകാല ദുരന്ത കാഴ്‌ചയാണ്‌.ഒരാള്‍ ഒറ്റയ്‌കിരിക്കുമ്പോള്‍ ചിന്തിക്കുന്ന നേരിന്‍റ വഴി പലപ്പൊഴും സംഘടനകളുടെ സംഘത്തിന്‍റ ചിന്തകളിലേക്ക്‌ പറിച്ചുനടേണ്ടി വരുമ്പോള്‍ താന്‍ ഇച്ഛിക്കാത്ത നയങ്ങളെ പിന്‍തുടരാനും മനസാക്‌ഷിയെ വഞ്ചിക്കാനും അയാള്‍ നിര്‍ബന്ധിതനാകുന്നു. പണവും അധികാരവും ലക്‌ഷ്യം വെച്ച്‌ ചുക്കാന്‍ പിടിക്കുന്ന നേതൃത്ത്വത്തിന്‍റ മേലങ്കി ആട്ടിന്‍ തോലാണെന്ന്‌ തിരിച്ചറിയാത്തിടത്തോളം ഒരു രാഷ്‌ട്രം അന്ധതയിലും ജനത അന്ധരുമായി തന്നെ നിലനില്‍ക്കുന്നു. മൂല്യാധിഷ്‌ടിത രാഷ്‌ട്രിയമെന്ന ആശാവഹമായ ആശയത്തിലേക്കുള്ള അന്വേഷണം ആരംഭിക്കുന്നത്‌ സ്വന്തം യുക്‌തിയില്‍ നിന്നാവണം. വ്യക്‌തിപരമായ നേട്ടങ്ങള്‍ക്ക്‌ പാദസേവ ചെയ്‌ത്‌ റാന്‍ മൂളുന്ന അണികള്‍ യദാര്‍ത്ഥ ദേശ ദ്രോഹികളാണ്‌. മാര്‍ക്‌സും എങ്കല്‍സും ജീവനും ചിന്തയും സമര്‍പിച്ച്‌ രൂപപ്പെടുത്തിയ കമ്യൂണിസം എന്ന ആശയം സാമ്പത്തിക അസമത്വങ്ങളെയും അടിസ്‌ഥാന വര്‍ഗത്തെയും തൃണവല്‍ഗണിച്ച്‌ മുതലാളിത്ത മൂലധനത്തിന്‍റ ആശ്രിതരായി , പാര്‍ലമെന്‍ററി വ്യാമോഹത്താല്‍ അധികാരത്തിന്‍റ ലഹരിയില്‍ ലക്‌ഷ്യം മറന്നിരിക്കുന്നു. മഹാത്‌മാവിന്‍റ മൂല്യാധിഷ്‌ഠിത സൈദ്ധാന്തിക പ്രക്രിയയിലൂടെ അടിമത്തത്തില്‍ നിന്നും സ്വാതന്ത്ര്യത്തിന്‍റ വെളിച്ചത്തിലെത്തിച്ചെങ്കിലും സ്വജനപക്‌ഷവും സ്വാര്‍ത്ഥതയും കൊലയും കൊള്ളയും പാര്‍ശ്വവല്‍കരിക്കപ്പെട്ടവനു പാരതന്ത്ര്യമല്ലാതെ മറ്റെന്താണ്‌.മത സംഹിതകള്‍ കൊണ്ട്‌ മനുഷ്യനെ ഉദ്ധരിക്കുന്നതില്‍ ലാഭമില്ലെന്നും മതത്തെ രാഷ്‌ട്രിയ പ്രസ്‌ഥാനത്തോട്‌ ചേര്‍ത്തു നിര്‍ത്തി വോട്ടുബാങ്കിലൂടെ അധികാരത്തിലേക്കുള്ള വഴി സുഗമമാക്കാം എന്നു ചിന്തിച്ച മത നേതൃത്വത്തിനു മതത്തെ കുറിച്ചൊ മനുഷ്യനെ കുറിച്ചൊ എന്തറിയാം. മുതലാളിത്തം സ്വന്തം പ്രതിച്ഛായയില്‍ അരാഷ്‌ട്രിയ ബോധം പകര്‍ന്നു കൊടുത്ത കോര്‍പറേറ്റ്‌ മാധ്യമങ്ങളും സാഹിത്യ സൃഷ്‌ടികളും ആത്‌മരതിയില്‍ കൂപ്പു കുത്തുകയും പ്രതികരണ ശേഷിയില്ലാത്ത ഒരു ജനതയെ വാര്‍ത്തെടുക്കുകയും ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു, കക്‌ഷി രാഷ്‌ട്രിയത്തില്‍ നിന്നും ജീവല്‍ സാഹിത്യത്തെ സ്വതന്ത്രമാക്കാന്‍ ശ്രമിക്കുന്നതിനു പകരം ഇവര്‍ കല കലയ്‌ക്കു വേണ്ടി എന്നു ഉറക്കെ വിളിച്ചു പറയുന്നു. കാലം ആവശ്യപ്പെടുന്നത്‌ സ്വതന്ത്ര ചിന്തയും പ്രതികരണശേഷിയുള്ള ഒരു സമൂഹത്തെയുമല്ലേ...
-പൂരുഷു പരോള്‍

കഥാപാത്രത്തിന് പറയാനുള്ളത് - ചെറുകഥ


ചെറുകഥ
------------------
കഥാപാത്രത്തിന് പറയാനുള്ളത്
----------------(പുരുഷു പരോള്‍ )
-'' എടോ ..ദാ..ഇവിടെ. ഞാനാ, നീ എഴുതിക്കൊണ്ടിരിക്കുന്ന കഥയിലെ കഥാ പാത്രം, സുഗതന്‍മാഷ്. ഞാന്‍ സാവിത്രിടീച്ചറുടെ കൈയ്യില്‍ കയറി പിടിക്കാന്‍ തുങ്ങുന്നിടത്താ താന്‍ എഴുത്ത് നിര്‍ത്തി സ്മാളടിക്കാന്‍ പോയത്. ഞാന്‍ ഇപ്പൊ എന്താ ചെയ്യണ്ടേ..ടീച്ചറുടെ കൈയ്യില്‍ കയറി പിടിക്കട്ടോ..''-
-'' നിങ്ങള്‍ ഒരു അദ്ധ്യാപകന്‍ അല്ലെ സുഗതാ. സഹപ്രവര്‍ത്തകയായ സ്ത്രീയോട് ഇങ്ങിനൊക്കെ തോന്നാന്‍ പാടുണ്ടോ..?''-
-'' ഒരു സംശയം ചോദിക്കട്ടെ കഥാകാരാ...നാലു പേര്‍ക്ക് ഒരുമിച്ച് നടന്നു പോകാന്‍ ഇടമുള്ള ഇടനാഴിയിലൂടെ കടന്നു പോകുമ്പോള്‍ എന്‍റെ ഇടുപ്പില്‍ തട്ടിയത് മനപൂര്‍വം അല്ലെന്നാണോ...
അവരുടെ നോട്ടം വളരെ വശ്യമാണെന്ന് കഥയില്‍ എവിടെയോ നിങ്ങള്‍ പറയുന്നുമുണ്ട്.
അതൊക്കെ പോട്ടെ ഒരു ദിവസം ഇരുട്ടിയ നേരത്ത് ബസ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന എന്നോട് വീടുവരെ കൂട്ടു ചെല്ലാന്‍ പറഞ്ഞതില്‍ ഒരു ദുരുദ്ദേശവും ഇല്ലെന്നാണോ..അന്ന് ഒരുമിച്ച് നടക്കവെ അവര്‍ എത്ര വട്ടം എന്നെ സ്പര്‍ശിച്ചിരിക്കുന്നു.''-
''-- ആ ഭാഗം നീ ഒന്നു കൂടെ വായിച്ചു നോക്കു സുഗതാ. ശരിക്കോര്‍ത്തു നോക്കിയെ..അന്ന് ടീച്ചറുടെ കൈയ്യില്‍ മാത്രം കുടയുള്ളതിനാല്‍ നീ മഴ പെയ്യണം എന്ന് ആഗ്രഹിച്ചു. എന്നാല്‍ മഴ പെയ്തില്ല. ടീച്ചറുടെ വീടെത്തും തോറും നിങ്ങള്‍ അനുഭവിച്ച മാനസിക സംഘര്‍ഷം എത്ര വലുതായിരുന്നു. അവസരം പാഴാക്കരുത് എന്ന വ്യഗ്രമായ പരിഭ്രമത്തിനിടയില്‍ ആരുടെ ചുമലാണ് കാന്തികമായി ചരിഞ്ഞതെന്ന് സ്വയം ചോദിച്ചു നോക്കൂ...''-
കുറ്റസമ്മതം നത്താനുള്ള വൈമുഖ്യം സുഗതന്‍റെ മുഖത്ത് പ്രകടമായിരുന്നു.
''- സ്ത്രീയുടെ സ്വതന്ത്രമായ പെരുമാറ്റത്തെ സ്വന്തം ഇച്ഛക്കനുസരിച്ച് വ്യാഖ്യാനിക്കുന്ന വികലമായ മനസിന്‍റെ ഉടമയല്ല സുഗതന്‍മാഷ് എന്ന എന്‍റെ കഥാ പാത്രം.മാത്രമല്ല സ്ത്രീ , പുരുഷനെ പോലെ സദാ ലൈംഗിക സജ്ജരല്ല എന്ന് അറിവുള്ള ഒരു ബയോളജി അദ്ധ്യാപകന്‍ കൂടിയാണ് ഈ കഥാപാത്രം.
എഴുതിയിടത്തോളം കഥ വായിക്കാന്‍ ശ്രമിച്ചപ്പോള്‍ കഥയില്‍ എവിടെയും സുഗതന്‍മാഷെ കാണാനില്ലായിരുന്നു.
തല കുനിച്ച് ആള്‍ക്കൂട്ടത്തില്‍ തനിച്ച് നടന്നു പോകാറുള്ള തന്‍റെ കഥാപാത്രത്തെ തിരഞ്ഞ് തെരുവില്‍ ഇറങ്ങിയ കഥാകാരന്‍റെ മനസ് ചോദിച്ചുകൊണ്ടേയിരുന്നു.. കഥയുടെ ഏത് വഴിത്തിരിവില്‍ നിന്നാവും അയാള്‍ കഥയില്‍ നിന്ന് ഇറങ്ങിപ്പോയിട്ടുണ്ടാവുക.


By
Purushu Parol

കൊമാല


സുസാനേ കൊമാലയിലെ ആത്മാക്കളില്‍ പെഡ്രോപരാമൊയെ തിരയുന്നത് എന്തിനാണ്.
കൊമാല , ശവങ്ങളുടെ ഗന്ധമുള്ള ഒരു പൗരാണിക നഗരം.മഞ്ഞുരുകി ഇറങ്ങുന്ന മലനിരകളാല്‍ ചുറ്റപ്പെട്ട കരിമ്പാറക്കൂട്ടങ്ങള്‍ മാത്രമുള്ള ചതുപ്പു നിലം.
ഇന്നുവരെ വെളിച്ചം വീണിട്ടില്ലാത്തതിനാല്‍ അവിടം എന്നും രാത്രിയാണ്.
കൊമാലയില്‍ ഇന്ന് ജീവിച്ചിരിപ്പുള്ള ഒരേ ഒരു മനുഷ്യ ജീവി സുസാനേ മാത്രമാണ്.അവളുടെ കാലുകള്‍ ഭ്രാന്ത് വരിഞ്ഞുമുറുക്കിയ ചങ്ങലകളാല്‍ വ്രണം വന്ന് പൊട്ടിയൊലിച്ചുകൊണ്ടിരുന്നു.
നീരു വീണ് വീര്‍ത്ത കാലുകള്‍ കൂര്‍ത്ത കല്ലുകളില്‍ അമരുമ്പോള്‍ സുസാനേക്ക് വേദനിച്ചില്ല. ചിലപ്പൊഴൊക്കെ അവള്‍ വലിയ ഉരുളന്‍ കല്ലുകളില്‍ വീഴുമ്പോഴും ഉറക്കെ വിളിച്ചുകൊണ്ടിരുന്നു..''- പെഡ്രോ പരാമോ....പെഡ്രോ..നീയ്യെവിടെയാണ്..''- മലനിരകളില്‍ തട്ടി വെറുതെ പ്രതിധ്വനിക്കുക മാത്രം ചെയ്തു സുസാനേയുടെ നിലവിളികള്‍.
വെടിപ്പുകയില്‍ ,കരിഞ്ഞ കുറ്റിക്കാടുകളില്‍ മറഞ്ഞിരുന്ന പരേതാത്മാക്കളുടെ കല്ലറകളില്‍ കര്‍മഫലങ്ങളുടെ പാപഭാരവും പേറി പെഡ്രോ....
ശവക്കല്ലറകളിലെ ലിപികളിലൊന്നും പെഡ്രോയുടെ പേര് ആലേഖനം ചെയ്തതായി കണ്ടില്ല.
...''- പ്രിയപ്പെട്ട പെഡ്രോ...ഓര്‍ക്കുന്നില്ലെന്നുണ്ടോ...നമ്മുടെയാ പ്രണയകാലം.
കൊമാലയില്‍ ആദ്യമായി വസന്തമഴ പെയ്യിച്ചത് നമ്മളായിരുന്നില്ലേ..പിന്നീടെപ്പഴാണ് പെഡ്രോ നീ എന്നെ വെറുത്ത് തുടങ്ങിയത്.ഒരുവേള പിതാവിനൊപ്പം എനിക്ക് കൊമാല വിടേണ്ടി വന്നപ്പൊഴോ..
എന്‍റെ മനസില്‍ എന്നും നീ ഉണ്ടായിരുന്നു പെഡ്രോ..എന്‍റെ പിതാവിനെ നീ വധിച്ചപ്പോള്‍ പോലും എനിക്ക് നിന്നെ വെറുക്കാന്‍ തോന്നിയില്ലെന്നറിയുക.
പ്രിയപ്പെട്ട പെഡ്രോ നീ എവിടെയാണ്...
സുസാനെയുടെ നരച്ച കണ്ണുകളില്‍ എവിടെ നിന്നോ ഒരു വെളിച്ചം ഒഴുകിയെത്തി, വെളിച്ചം അഗ്നിയായി , അവളുടെ ദേഹത്തില്‍ നിന്നും മാംസം ഉരുകിയിറങ്ങി. മുന്നില്‍ പെഡ്രോയെ കാണുന്ന പ്രതീതിയില്‍ സുസാനേ ചിരിച്ചുകൊണ്ടിരുന്നു.
-- പുരുഷു പരോള്‍--

മുന്‍വിധി


പട്ടാമ്പി കഴിഞ്ഞപ്പോള്‍ ഞാനും ആ പെണ്‍കുട്ടിയും മാത്രമായി ആ കമ്പാര്‍ട്മെന്‍റിലെ കാബിനില്‍.ട്രെയിന്‍ സ്റ്റേഷന്‍ വിട്ട് ഇത്തിരി ദൂരം ചെന്നപ്പോള്‍ വീണ്ടും അതിവേഗം കിതക്കാന്‍ തുടങ്ങിയിരിക്കുന്നു. 
വേണമെങ്കില്‍ ആ പെണ്‍കുട്ടിയോട് ഏന്തെങ്കിലും സംസാരിച്ച് നേരം പോക്കാം. എന്നാല്‍ ആ മുഖത്ത് നോക്കി സംസാരം തുടങ്ങിയാല്‍ പുറത്തേക്കു വരുന്ന വാക്കുകള്‍ അറച്ചുകൊണ്ട് അകത്തേക്കു തന്നെ വലിയും, അത്രക്ക് അഹങ്കാരമായിരുന്നു ആ മുഖത്ത്.
ആദ്യം കണ്ട മാത്രയില്‍ തന്നെ എനിക്കവളെ അത്ര രസിച്ചില്ല..ആ കൂളിങ്ങ് ഗ്ളാസും ലിപ്സ്റ്റിക്കും ബോബ് ചെയ്തുവെച്ച തലമുടിയും ...ചുരുക്കത്തില്‍ ഒരു ആണിന്‍റെ ലുക്കായിരുന്നു അവള്‍ക്ക്. പണക്കൊഴുപ്പിന്‍റെ പിന്‍ബലത്തില്‍ ആണിനു മുന്നില്‍ അഹങ്കാരത്തിന്‍റെ പീലി വിടര്‍ത്തി താണ്ഡവമാടുന്ന പീക്കോക്ക് ഫെമിനിസ്റ്റിനെ പോലെ തോന്നി എനിക്കവളെ.
പണ്ട് കോളജില്‍ പഠിക്കുമ്പോള്‍ കോണ്‍വെന്‍റിനു മുന്നില്‍ വായ്നോക്കി നില്‍ക്കുന്ന കാലത്തേ എനിക്കീ ബോബ് ചെയ്ത് നടക്കുന്ന പെണ്‍കുട്ടികളോട് വെറുപ്പായിരുന്നു.
അവള്‍ പുസ്തകം വായിച്ചുകൊണ്ടിരിക്കുന്നതിനാല്‍ എനിക്കവളുടെ മുഖം വ്യക്തമായി സധൈര്യം നിരീക്ഷിക്കാന്‍ കഴിയുന്നുണ്ട്. അവളുടെ മുഖത്തെ ഓരോ ചുളിവുകളുടെ അര്‍ത്ഥവും ഞാന്‍ തിരഞ്ഞുകൊണ്ടിരുന്നു.
എന്നാല്‍ എന്‍റെ ധാരണ പാടെ തെറ്റിച്ചു കൊണ്ട് ഇടിത്തീ പോലെ പൊടുന്നനെയാണ് അവളില്‍ നിന്നും ആ ചോദ്യം എന്നിലേക്ക് തൊടുക്കപ്പെടുന്നത്, ഒപ്പം അഗ്നിശരങ്ങളോടെയുള്ള നോട്ടവും.
''...എന്താ ..എന്നെ നേരത്തെ പരിചയമുണ്ടോ..''
അപ്രതീക്ഷിതമായ അറ്റാക്കില്‍ ഞാനൊന്ന് പതറി.
''-..ഹേയ്..ഇല്ല..നിങ്ങളെ കണ്ടിട്ട് ഒരു ആണിന്‍റെ ലുക്ക..അതോണ്ട് നോക്കിന്നേ ഉള്ളു.''-
എന്‍റെ തുറന്ന മറുപടി കേട്ടാവാം അവളള്‍ ഒന്നു ചിരിച്ചു.
''- ഫെമിനിസ്റ്റാണോ ''-
എടുത്തടിയുള്ള എന്‍റെ രണ്ടാമത്തെ ചോദ്യം.
''- അല്ല ഹ്യുമനിസ്റ്റാ ''-
അവള്‍ പിന്നെയും ചിരിച്ചു.
''- മിക്ക ഫെമിനിസ്റ്റുകളും ഇമ്മാതിരി മുടിയും വെട്ടി ആണുങ്ങളെ വെല്ലുവിളിച്ച്
അഹങ്കാരികളായി നടക്കണതായിട്ടാണ് കാണാറ്.. അതോണ്ട് ചോദിച്ചെന്നേ ള്ളൂ..''-
സംസാരിക്കുമ്പോള്‍ ബുദ്ധിജീവി നടിക്കുന്ന ശീലം എനിക്ക് പണ്ടേ ഉള്ളതാണ്.ഞാന്‍ ഒരു ഫിലോസഫറുടെ വിജയീഭാവത്തില്‍ അവളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ആ മുഖം ഒരു സന്യാസിനിയുടേത് പോലെ നിസംഗവും ശാന്തവുമായിരുന്നു.
ഇത്തിരി നേരത്തെ മൗനത്തിനു ശേഷം അവള്‍ പറഞ്ഞു തുടങ്ങി.
''- സുഹൃത്തേ..രണ്ടു വര്‍ഷമായി ഞാന്‍ എന്‍റെ തലമുടി ക്യാന്‍സര്‍ ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന കുട്ടികള്‍ക്ക് വിഗ്ഗുണ്ടാക്കാന്‍ വേണ്ടി മുറിച്ചു കൊടുത്തുകൊണ്ടിരിഖ്കുന്നു. എന്നാല്‍ ആവുന്ന ചെറിയ സഹായം. ഇങ്ങിനെ ഓരോരുത്തരുടെ ബാഹ്യരൂപം കണ്ട് ആളെ അളക്കുന്ന സമയം കൊണ്ട് നിങ്ങള്‍ക്കും ചെയ്യാനുണ്ട് സുഹൃത്തേ ഒത്തിരി കാര്യങ്ങള്‍...'''
എനിക്ക് എന്തെങ്കിലും പറയാന്‍ കഴിയും മുന്‍പ് അവര്‍ പ്ളാറ്റ് ഫോമിലേക്ക് ഇറങ്ങി അവരുടെ തിരക്കുകളില്‍ മുഴുകി കഴിഞ്ഞിരുന്നു.
- പുരുഷു പരോള്‍ -

സോഫി വാരിക്കൂട്ടിയ കമന്‍റുകള്‍


നിധിന്‍ സോഫി സ്കൂളിന്‍റെ തുറന്നുവെച്ചിരിക്കുന്ന ഗേറ്റിലേക്കു തന്നെ നോക്കിയിരുന്നു. മമ്മി സ്കൂട്ടിയിലാണ് തന്നെ കാണാന്‍ വരിക എന്ന് അറിയാമെങ്കിലും ഏത് വാഹനം അകത്തേക്ക് കടന്നു വരുമ്പോഴും അവന്‍ അറിയാതെ ആകാംക്ഷയോടെ നോക്കിപ്പോകുന്നുണ്ട്. സമയം കടന്നുപോകുന്തോറും അവന് സങ്കടവും നിരാശയും വര്‍ദ്ധിച്ചുകൊണ്ടിരുന്നു . മറ്റ് കുട്ടികളുടെയൊക്കെ രക്ഷിതാക്കള്‍ വന്ന് അവരവരുടെ കുട്ടികളെയും കൂട്ടിക്കൊണ്ട് തുറന്ന സ്ഥലങ്ങളിലേക്ക് നടക്കുകയും ചോക്കലറ്റ് തിന്നുകൊണ്ട് വാതോരാതെ സംസാരിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ അവന്‍ ക്ഷമകെട്ട് ഗേറ്റിന് അടുത്തേക്ക് പോയി നിന്നു.
-----''- എന്താ നിധീ മമ്മി വന്നില്ലേ.''
കൂട്ടുകാരന്‍റെ അമ്മ അവനോട് ചോദിച്ചു.
''- ഇപ്പ വരും..''-
അവന്‍ സങ്കടത്തോടെ പറഞ്ഞു.
സോഫി വീട്ടിലെ സെറ്റിയില്‍ ഇരുന്ന് ശിശുദിനത്തില്‍ പോസ്റ്റിയ കമന്‍റുകളുടെ കണക്കെടുപ്പില്‍ ആയിരുന്നു.ഒന്നും വിട്ടു പോകാതെ അവള്‍ മറുപടി കൊടുക്കുമ്പൊഴാണ് ക്ളോക്കിലെ പക്ഷികള്‍ നാലു മണി ആയെന്ന് അറിയിക്കുന്നത്. നിധിനെ സ്കൂളില്‍ ചെന്ന് കാണേണ്ട കാര്യം സോഫി ഓര്‍ക്കുന്നത് അപ്പൊഴാണ്.
നിധില്‍ പൊള്ളുന്ന വെയില്‍ വകവെക്കാതെ മമ്മിയുടെ വരവും കാത്ത് ഗേയിറ്റില്‍ തന്നെ നിന്നു.
....ശ്ശൊ..സമയം കഴിഞ്ഞു. ഇനി അടുത്ത ഞായറാഴ്ച വരാമെന്ന് അവള്‍ സ്കൂളിലേക്ക് വിളിച്ചറിയിച്ചു.
അവസാനത്തെ വാഹനവും തിരിച്ചു പോയപ്പോള്‍ വാച്ച്മാന്‍ ഗെയ്റ്റടച്ചു.നിധിന്‍ നിറകണ്ണുകളോടെ റൂമിലേക്ക് തിരിച്ചു പോകവെ കൂട്ടുകാരന്‍ ചോക്ക്ലറ്റ് വെച്ചു നീട്ടിയെങ്കിലും അവന്‍ വാങ്ങിയില്ല.
സോഫി അവസാനത്തെ കമന്‍റിനു എഴുതിയ മറുപടി ഇതായിരുന്നു.
...............കുഞ്ഞുങ്ങളില്‍ നന്‍മ വളരുന്നത് വീട്ടുകാരുടെ സ്നേഹത്തില്‍ നിന്നും വാല്‍സല്യത്തില്‍ നിന്നുമാണ്...
- പുരുഷു പരോള്‍ -

ഇടവപ്പാതി (കഥ)


ചാറ്റല്‍ മഴയത്ത് കരിയിലയില്‍ പതിയുന്ന കാലടി ശബ്ദം വേര്‍തിരിച്ചറിയണമെങ്കില്‍ അയാള്‍ ഏത് നിമിഷവും ഇറങ്ങിപ്പോയേക്കാം എന്ന മുന്‍വിധി അവള്‍ക്ക് ഉണ്ടായിരുന്നു എന്നു വേണം കരുതാന്‍.
അയാളെ കുറിച്ച് എന്നും അവള്‍ക്ക് സഹതാപമായിരുന്നു.പെട്ടുപോയ ഒരാളുടെ നിരാശയായിരുന്നു എപ്പഴും അയാളുടെ മുഖത്ത്.ഒട്ടും ഇഷ്ടമില്ലാതെയാണ് തന്നോടൊപ്പം ജീവിക്കുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
അമ്മകൂടി മരിച്ചതില്‍ പിന്നെ വിവാഹ ജീവിതം എന്ന സ്വപ്നം അവള്‍ ഉപേക്ഷിച്ചതായിരുന്നല്ലോ..
മൂത്ത ഏട്ടന്‍റെ നിര്‍ബന്ധമായിരുന്നു പാറ പൊട്ടിക്കാന്‍ വന്ന ഈ തമിഴനുമായുള്ള ആലോചന.
....''--പ്രായം ഇത്തിരി കൂടുതല്‍ ഉണ്ടെന്നല്ലേ ഉള്ളൂ..നിനക്കുമില്ലേ മോളെ കുറവുകള്‍..''-
അതെ എനിക്ക് കുറവുകള്‍ മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ..
ഒറ്റക്ക് ജീവിച്ചോളാം എന്ന് തന്‍റേടത്തോടെ പറയാന്‍ വിലങ്ങു തടിയായി ബന്ധങ്ങളുടെ കെട്ടംപാടുകള്‍.ഏട്ടന്‍റെ അപേക്ഷാഭാവത്തിലുള്ള ദയനീയമായ നോട്ടത്തെ അവഗണിക്കാന്‍ മാത്രം മനസ് പരുക്കമായിരുന്നില്ല.
അവള്‍ എഴുന്നേറ്റ് വാതില്‍ തുറക്കുമ്പോള്‍ അയാള്‍ നടപ്പാതയുടെ പാതി പിന്നിട്ടിരുന്നേ ഉണ്ടായിരുന്നുള്ളൂ..അയാളുടെ കൈയ്യിള്‍ വരുമ്പോള്‍ കൊണ്ടു വന്ന ബാഗ് കൂടെ ഉണ്ടായിരുന്നു.
അവള്‍ വാതില്‍ പടി ചാരി നോക്കി നില്‍ക്കുന്നത് കണ്ടപ്പോള്‍ അയാള്‍ കുറ്റബോധം കുനിച്ച തലയുമായി തിരിച്ചു വന്നു.
ഒന്നും മിണ്ടാതെ അകത്തേക്ക് കയറവെ ,അവള്‍ തടഞ്ഞു.
.......''- പൊയ്ക്കോളൂ...നിക്ക് സങ്കടില്ല്യ...''-
അവള്‍ ചുവരില്‍ തൂക്കിയിട്ടിരുന്ന കുടയെടുത്ത് അയാള്‍ക്കു നേരെ നീട്ടി.
...''- പാതി വഴിയില്‍ മഴ നനയണ്ട..''-
അയാള്‍ ഒരു പൊട്ടു പോലെ മാഞ്ഞുപോകുന്നതും നോക്കി അവള്‍ നിന്നു.
അയാള്‍ പോയതില്‍ പിന്നെ മഴ പെയ്തതേ ഇല്ല,,, പാതി വഴിയില്‍ ഇട്ടേച്ചു പോയ ഇടവപ്പാതിയെ പോലും പഴിപറയാനാവാതെ...................
------------------------------പുരുഷു പരോള്‍ --

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo