ഗ്രാമം -നന്‍മയാല്‍ സമൃദ്ധം
----------------കഥമയം --
അടുക്കള ജോലിക്ക് അയവു വരുന്ന അപരാഹ്‌നങ്ങളിലെ വെടിപറച്ചിലിന്‍റ പിന്നാമ്പുറങ്ങളില്‍ , ടി വി സീരിയലുകള്‍ക്കിടയിലെ പരസ്യപ്രക്‌ഷേപണത്തിന്‍റ വിരസതയ്‌ക്കിടയില്‍ ശാന്തയുടെ പുനര്‍വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ച പൊടിപ്പും തൊങ്ങലും പേറി ഗ്രാമസിരകളില്‍ ആളിപ്പടര്‍ന്നു..."അറിഞ്ഞോടീ..വടക്കേടത്തെ ശാന്ത സുഗുണനെ കെട്ടാന്‍ പോക്വാത്രെ.. സൌദാമിനി ഇതു കേട്ട് മൂക്കത്തു വിരല്‍വെച്ചു,"കെട്യോന്‍ ചത്തിട്ട് കൊല്ലം ഒന്നായില്ല,അതെങ്ങിനാ നാട്ട്വാര പേടി മാണ്ടെ"-.."ന്നാലും പത്തുനാപ്പത് വയസായിറ്റും ഓള പൂതി നോക്കണേ.". ജാനു ഏറ്റുപിടിച്ചു. "വയസറീച്ച ഒരു പെണ്ണുണ്ടെന്ന വിചാരെങ്കിലും മാണ്ടെ..- പല തവണ ശാന്തയെ ശ്രമിച്ചിട്ടും പരാജയപ്പെട്ട ,ശാന്തയുടെ പക്കല്‍ നിന്നും നാടന്‍ വാറ്റ് മോന്താന്‍ വരുന്ന ചെറുപ്പക്കാര്‍ കല്യാണം മുടക്കാന്‍ പണി പതിനെട്ടും നോക്കി പരാജയപ്പെട്ടു.വിധവകളുടെ ചെറ്റക്കുടിലിന്‍റ അതിര്‍ത്തി കാക്കുന്ന മുള്ളുവേലിക്കു പുറത്ത് എപ്പോഴും ജാരന്‍മാര്‍ കാവലുണ്ടാകണം എന്നത് ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരു ദേശത്തിന്‍റ നിയോഗമാണ്.ശാന്തയുടെ കറുത്തു മുഴുത്ത ഇടങ്ങളുടെ കരുപ്പെട്ടിയുടെയും ചത്ത തേരട്ടയുടെയും നവസാരത്തിന്‍റയും മദിപ്പിക്കുന്ന ഗന്ധം മുളപ്പിച്ച വെള്ളമിറക്കുന്ന മദ്ധ്യവയസ്‌കര്‍ക്ക് ഇനി അവളുടെ പൊക്കിള്‍ചുഴി കാണാന്‍ പറ്റില്ല, ശാന്ത അടക്കമുള്ള പെണ്ണിനെ പോലെ കൈലിയുടെ കോന്തല മുലയിടുക്കില്‍ തിരുകി വയറു മറക്കുകയും, വാറ്റുചാരായത്തിനു തൊട്ടുകൂട്ടാന്‍ അച്ചാറു കൊടുക്കുമ്പൊള്‍ വിരലില്‍ തൊടാതിരിക്കാനും ശ്രദ്ധിക്കുന്നു.രാത്രി ഉറങ്ങാന്‍ കിടക്കവെ ശാന്ത മോളോടു ചോദിച്ചു,"അമ്മ കല്യാണം കഴിക്കണേലു മോക്കു വിഷമൊണ്ട?"- ..നിക്കു സന്തോഷെ ള്ളൂ അമ്മാ..അമ്മ ഒറ്റയ്‌ക്കു കഴിയണതാ നിക്ക് വിഷമം"- ശാന്ത മോളെ കെട്ടി പിടിച്ചോണ്ട് കുമ്മായം തേച്ചിട്ടില്ലാത്ത ചുവരില്‍ തൂക്കിയിട്ട ഭര്‍ത്താവിന്‍റ ഫോടൊയിലേക്കു നോക്കി, ആ കണ്ണുകളില്‍ സമ്മതമൊ വിസമ്മതമൊ അറിയില്ല.ആണിന്‍റ ചൂടുപറ്റി കിടക്കാനുള്ള പ്രാന്താന്നും പറഞ്ഞ് നാട്ടുകാര്‍ പരിഹസിക്കുന്നത് എന്തുകൊണ്ടാണെന്നു അവള്‍ക്കു മനസിലായില്ല.സ്‌നേഹിക്കപ്പെടുക എന്ന മനുഷ്യന്‍റ അടങ്ങാത്ത ആസക്‌തി മാംസനിബന്ധമെന്നു കരുതുന്ന ഗ്രാമം എങ്ങിനെ നിഷ്‌കളങ്കമാകും. ഗ്രാമത്തിന്‍റ അടക്കം പറച്ചിലിനു ചെവികൊടുക്കാതെ ശാന്ത പുതിയ സൂര്യോദയത്തിനായി കാത്തിരുന്നു.
By
Purushu Parol

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക