നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നഷ്ടപ്രണയം


നഷ്ടപ്രണയം
ഉമാരാജീവ്‌
"നീ അറിഞ്ഞോ? നമ്മുടെ അയലത്തെ മേനോൻ ഇല്ലേ, അയാളുടെ മോള് ഡിവോഴ്സ് ആയെന്ന്" പത്രവും എടുത്തുകൊണ്ട് അകത്തേക്ക് കടക്കുമ്പോൾ മാധവൻ എന്നോടായി പറഞ്ഞു.
"അവർ തമ്മിൽ കുറേക്കാലം പ്രണയിച്ചിട്ടാ വിവാഹം കഴിച്ചേ? വിവാഹം കഴിഞ്ഞ് മൂന്നു കൊല്ലം തികഞ്ഞില്ല, അപ്പോഴേക്കും ഡിവോഴ്സ്! ഹൈ, പിന്നെ ഇവർക്ക് പ്രണയിച്ചു മാത്രം ജീവിച്ചാൽ പോരായിരുന്നോ? എന്തിനാ വിവാഹത്തിൽ കലാശിപ്പിച്ച് അതിനെ ഇല്ലാതാക്കിയേ".
ഞാൻ ആലോചിച്ചു, 'എത്ര ശരിയാണ് മാധവേട്ടൻ പറഞ്ഞത്, ഇതുവരെ തങ്ങൾ കണ്ടിട്ടുള്ളത് ദമ്പതികളിൽ പ്രണയിച്ചു വിവാഹം കഴിച്ചവർ കുറച്ചുകഴിയുമ്പോൾ അതിനെപ്പറ്റി പറഞ്ഞ് പശ്ചാത്തപിക്കുന്നത്. യഥാർത്ഥത്തിൽ, പ്രണയം വിവാഹത്തിൽ കലാശിക്കുമ്പോഴാണോ അതോ അത് നഷ്ടപ്രണയമായി എന്നെന്നും മനസ്സിൽ തന്നെ നിൽക്കുമ്പോഴാണോ അതിനു മാധുര്യം കൂടുന്നത്? എന്റെ ഓർമ്മകൾ കുറച്ചു പുറകിലോട്ടു പോയി.
അന്ന് പത്താം തരത്തിൽ പഠിക്കുന്ന പ്രായം. പരീക്ഷ കഴിഞ്ഞ് റിസൾട്ട് വരാൻ കാത്തിരിക്കുകയാണ്. ആ സമയത്തായിരുന്നു വീടിന്റെ പരിസരത്തെ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം. പാട്ടും, നാടകവും, ഓട്ടൻതുള്ളലും ഒക്കെയായിട്ടു വളരെ ബഹളമയം. വീടിന്റെ അടുത്തായത് കൊണ്ടുതന്നെ രാത്രിയിൽ നാടകം മുടക്കാറില്ലായിരുന്നു ഞാൻ. അതുകൊണ്ടു രാവിലെ വൈകിയായിരിക്കും എണീക്കുക. അന്ന് രാവിലെ അമ്മയുടെ വിളി കേട്ടാണ് ഉണർന്നത്.
"എടീ, സുലോചനേ, നീ ഒന്നെണീറ്റേ, ദാ അപ്പുറത്തെ വീട്ടിലെ ദമയന്തിയുടെ ചേട്ടന്റെ മകൻ അനിൽ വന്നിരിക്കുന്നു, അവന് ഒരു ഗ്ലാസ്സ് ചായയെങ്കിലും ഇട്ടു കൊടുക്കണ്ടേ, നീ പോയി ഇത്തിരി പാല് വാങ്ങി വാ". പിറുപിറുത്തുകൊണ്ടാണ് ഞാൻ എണീറ്റ് പാല് വാങ്ങാനായി പോയത്, പാലും വാങ്ങി വന്നപ്പോൾ ചായയും ഞാൻ തന്നെ ഇടണമെന്നായി അമ്മ. സത്യത്തിൽ ഉറക്കം പോയതിലുള്ള ദേഷ്യവും, ചായ ഇടേണ്ടിവന്നതിലുള്ള ദേഷ്യവും, രണ്ടും കാരണം ചായയിൽ പഞ്ചസാരയ്ക്ക് പകരം ഉപ്പ് ആണ് എടുത്തിട്ടത്, അമ്മയുടെ കയ്യിൽ കൊണ്ട് കൊടുത്തിട്ട് പറഞ്ഞു "ദാ, കൊണ്ട് കൊടുത്തോ, എനിക്കെങ്ങും വയ്യ" എന്നും പറഞ്ഞ് ഞാൻ അവിടെ നിന്നും ചിണുങ്ങിക്കൊണ്ടു പുറത്തേക്കു പോയി, പോകുന്നതിനിടയിൽ കണ്ടു ആ കണ്ണുകളെ.
കുളത്തിൽ പോയി കൂട്ടുകാരുമൊത്ത് നീന്തി കളിച്ചും കുളിച്ചും ഒക്കെ കഴിഞ്ഞ് വീട്ടിലേക്ക് വന്നപ്പോൾ തന്നെ കിട്ടി അമ്മയുടെ വക "എടീ, ചായയിൽ പഞ്ചസാരയ്ക്ക് പകരം ഉപ്പാ ഇടുക! പാവം ആ പയ്യൻ, എന്നിട്ടും അത് കുടിച്ചു, പോകാൻ നേരം ഉപ്പിട്ട ചായ നന്നായിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായില്ല, ഞാൻ അകത്ത് ചെന്ന് ചായ എടുത്ത് കുടിച്ചപ്പോളല്ലേ അതിൽ ഉപ്പ്" അതും പറഞ്ഞ് അമ്മ എന്റെ കവിളിൽ ഒരു കുത്തും വച്ചു തന്നു, എനിക്ക് നല്ല വേദന തോന്നി. ഞാൻ കവിൾ തടവിക്കൊണ്ട് ഒന്നും പറയാതെ ഓട്ടൻതുള്ളൽ കാണാനായി അമ്പലത്തിലേക്ക് പോയി.
ഓട്ടൻ തുള്ളൽ കാണുന്നതിനിടയിൽ എന്റെ കൂട്ടുകാരി പറഞ്ഞു, "എടീ, ദാ നോക്കിക്കേ, ആ ചേട്ടൻ നിന്നെത്തന്നെ നോക്കുകയാ, കുറേനേരമായി". ഞാൻ നോക്കുമ്പോൾ അനിലേട്ടൻ. എനിക്ക് അപ്പോൾ അമ്മയുടെ കുത്തു കാരണം നൊന്ത എന്റെ കവിളിനെയാണ് ഓർമ്മ വന്നത്. ഞാൻ ആംഗ്യം കാണിച്ചു എന്താ നോക്കുന്നെ എന്ന് ചോദിച്ചു. ഒന്നുമില്ല എന്നായിരുന്നു മറുപടി. വൈകുന്നേരം നാടകം കാണുമ്പോഴും അനിലേട്ടന്റെ കണ്ണുകൾ എന്നെത്തന്നെ നോക്കുന്നു. ഞാൻ എണീറ്റ് വീട്ടിലേക്ക് നടന്നു, അപ്പോൾ പുറകിൽ നിന്നും ഒരു വിളി കേട്ടു.
"സുലു ഒന്ന് നിൽക്കാമോ?" ഞാൻ തിരിഞ്ഞ് നോക്കി. "എന്താ? പിന്നെ ഒരു കാര്യം, അന്ന് വീട്ടിൽ വന്നപ്പോൾ ഞാൻ ചായയിൽ മനഃപൂർവ്വം ഉപ്പു ഇട്ടതല്ല, എന്നോട് ക്ഷമിക്കൂ, പക്ഷെ അത് നിങ്ങൾ അമ്മയോട് പറഞ്ഞപ്പോൾ അമ്മയുടെ കയ്യിൽ നിന്നും എനിക്ക് കിട്ടിയത് കവിളിൽ നല്ല ഒരു കുത്തായിരുന്നു." "അയ്യോ? ഞാൻ മനഃപൂർവ്വം പറഞ്ഞതല്ല, സത്യമാ പറഞ്ഞെ, എനിക്ക് ആ ചായ ഇഷ്ടപ്പെട്ടത് കൊണ്ടുതന്നെയാ പറഞ്ഞെ, ചായ മാത്രമല്ല, അതിട്ട ആളെയും ഇഷ്ടമായിരുന്നു". ഞാൻ ഒന്ന് ഞെട്ടി, എനിക്കെന്തെങ്കിലും പറയാൻ സാധിക്കുന്നതിനു മുൻപ് തന്നെ അനിലേട്ടൻ നടന്നകന്നിരുന്നു.
രാത്രിയിൽ അമ്മയും അച്ഛനും സംസാരിക്കുന്നത് കേട്ടു. " ആ ദമയന്തിയുടെ ചേട്ടന്റെ മകനില്ലേ, നല്ല മര്യാദയുള്ള പയ്യനാ, ടൗണിലാ അവന്റെ വീട്, ഈ വീട്ടിൽ വന്നിട്ടും നമ്മുടെ സുലോചനയെ നോക്കുകയോ അവളോടൊന്നു സംസാരിക്കുകയോ അവൻ ചെയ്തില്ല. മൂത്തവരോട് എന്ത് ബഹുമാനമാ.
ഞാൻ കിടന്നുകൊണ്ട് ചിരിക്കുകയായിരുന്നു'ഉവ്വുവ്വ്, നോക്കാത്ത ആള്. അടുത്ത ദിവസം രാവിലെ പതിവുപോലെ അമ്പലത്തിൽ തൊഴാൻ പോയപ്പോൾ അനിലേട്ടനും കൂടി. 'ഞാനും വരാം' ഞാൻ പറഞ്ഞു അമ്പലം അടുത്തല്ലേ തനിച്ചുപോകാൻ അറിയില്ലേ? 'അറിയാം, പക്ഷെ സുലുവിന്റെ കൂടെ ചെന്ന് തൊഴുമ്പോൾ ഭഗവാന് എന്നോട് ഇഷ്ടം കൂടിയാലോ'. ഞാൻ ഒന്നും പറയാതെ അമ്പലത്തിലേക്ക് നടന്നു. അകത്തു ചെന്ന് ഭഗവാനെ തൊഴുതുകൊണ്ടു നിന്നപ്പോൾ പുറകിൽ നിന്നും വേറൊരു പ്രാർത്ഥന കൂടി കേട്ടു. "ഭഗവാനെ, ഈ നിൽക്കുന്ന എന്റെ പെണ്ണിനെ വിവാഹം കഴിച്ച് ഈ അമ്പലത്തിൽ തന്നെ വന്നു തൊഴാനുള്ള ഭാഗ്യം എനിക്ക് തരേണമേ". ഞാൻ അറിയാതെ ചിരിച്ചു,
പ്രദക്ഷിണം ഒക്കെ കഴിഞ്ഞ് ഞാൻ പുറത്തോട്ടു ഇറങ്ങിയപ്പോൾ ചോദിച്ചു " അല്ല, അനിലേട്ടാ, എന്താ ഉദ്ദേശ്യം, എന്നെക്കാളും ഒരു 9 വയസ്സിനെങ്കിലും മൂത്തതല്ലേ, എന്തെ എന്നോടിങ്ങനെ തോന്നാൻ? " എനിക്കറിയില്ല, നിന്നെ ആദ്യം കണ്ടപ്പോൾ തന്നെ ഞാൻ മനസ്സിൽ എനിക്ക് തോന്നി, നീ എനിക്കുള്ളതാണെന്ന്.." ഞാൻ മറുപടി പറയാൻ തുടങ്ങിയപ്പോൾ ഞങ്ങളെ നോക്കിക്കൊണ്ട് അമ്മ ദൂരെ നിന്നും വരുന്നത് ഞാൻ കണ്ടു, ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ഞാൻ വേഗം നടന്നു നീങ്ങി.
ഞാൻ നോക്കുമ്പോൾ അമ്മ അനിലേട്ടനോട് എന്തോ പറയുകയാണ്. വീട്ടിൽ വന്നിട്ട് അമ്മ എന്നെ വിളിച്ചു " സുലോചനേ, നീ ഇപ്പോൾ കുട്ടിയാണ്, അനിൽ എന്നോട് എല്ലാം പറഞ്ഞു, നിന്റെ പഠിത്തമൊക്കെ കഴിയട്ടെ നമുക്ക് ആലോചിക്കാം, അവൻ നല്ല പയ്യനാ"എനിക്ക് വളരെ സന്തോഷം തോന്നി.
അടുത്ത ദിവസം ഉത്സവത്തിന്റെ സമാപനമായിരുന്നു, അവിടെ പൂരം നടക്കുമ്പോൾ അത് ഞങ്ങൾ രണ്ടുപേരുടെ മനസ്സിലും നടന്നിരുന്നു കണ്ണുകൾ തമ്മിൽ കാര്യം പറഞ്ഞുകൊണ്ടേയിരുന്നു. അടുത്ത ദിവസം തന്നെ അനിലേട്ടൻ നാട്ടിലേക്ക് പോകാൻ ഒരുങ്ങി, പോകുന്നതിനു മുൻപ് എന്നെ കണ്ടു പറഞ്ഞു "അടുത്ത ഉത്സവത്തിന് ഞാൻ തീർച്ചയായും വരും".
ഞാൻ പത്താം തരത്തിൽ നല്ല മാർക്ക് വാങ്ങി പാസ്സായപ്പോൾ എന്നെ എന്റെ ചേച്ചി താമസിക്കുന്ന ടൗണിലെ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കാൻ കൊണ്ടാക്കി അമ്മ. അവിടെ പഠിക്കുമ്പോഴും എന്റെ മനസ്സ് നിറയെ അനിലേട്ടൻ ആയിരുന്നു, ആ വർഷത്തെ ഉത്സവത്തിന് എനിക്ക് നാട്ടിൽ പോകാൻ സാധിച്ചില്ല, അമ്മ കാണാൻ വന്നപ്പോൾ കണ്ണനും (ദമയന്തി ചേച്ചിയുടെ മകൻ) കൂടെ വന്നിരുന്നു, ഞാൻ അവനോട് ചോദിച്ചു "അനിലേട്ടൻ വന്നിരുന്നോ"" "ഉം, അതെ, ചേച്ചിയെ നോക്കി നടന്നു, അവസാന ദിവസം വരെയും വരും വരും എന്ന് കാത്തിരുന്നു". എനിക്ക് സങ്കടമായി. കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ അമ്മയും അച്ഛനും നാട്ടിലെ സ്ഥലമൊക്കെ വിറ്റ് ടൗണിൽ വീട് വാങ്ങി, ചേച്ചിയോടൊപ്പം ഇവിടെ താമസിക്കാൻ തീരുമാനിച്ചു, അനിലേട്ടന്റെ കാര്യമൊക്കെ അമ്മ മറന്നിരുന്നു.
എന്നെ നിർബന്ധിച്ച് മാധവേട്ടനെക്കൊണ്ട് വിവാഹവും കഴിപ്പിച്ചു. വിവാഹത്തിന് തായാറായില്ലെങ്കിൽ മരിച്ചുകളയും എന്ന് പറഞ്ഞ് കയ്യിൽ വിഷക്കുപ്പിയുമായി നിന്നിരുന്ന അവരുടെ മുന്നിൽ എനിക്ക് സമ്മതിക്കേണ്ടി വന്നു. പക്ഷെ, ഞാൻ കല്യാണം കഴിഞ്ഞപ്പോൾ എല്ലാം മാധവേട്ടനോട് തുറന്നു പറഞ്ഞു. മാധവേട്ടൻ ചോദിച്ചു, 'നിനക്ക് കാണണോ, ഉത്സവത്തിന് അനിൽ വരുമെന്ന് നിനക്കുറപ്പുണ്ടോ? വേണമെങ്കിൽ നമുക്ക് പോകാം" ഞാൻ പറഞ്ഞു "വേണ്ട, കഴിഞ്ഞത് കഴിഞ്ഞു, മാധവേട്ടൻ എന്നെ മനസ്സിലാക്കിയല്ലോ അത് മതി.
'സുലോചനേ ദേ, നോക്കിയേ', മാധവേട്ടന്റെ വിളി എന്നെ ഓർമ്മയിൽ നിന്നും ഉണർത്തി. 'നിന്റെ ക്ഷേത്രത്തിൽ പുനരുദ്ധാരണം, നീ പോവുന്നോ?' ഞാൻ ആലോചിച്ചു, ഒന്ന് പോയാലോ? ഞാനും മാധവേട്ടനും കൂടി നാട്ടിലേക്ക് ചെന്നു, ആ അമ്പലത്തിനു വളരെ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു, നാടിനും. പക്ഷെ, ഓർമ്മകൾക്ക് മാത്രം മാറ്റമില്ല.. ഞാനും മാധവേട്ടനും കൂടി അമ്പലത്തിൽ പോയി തൊഴുതു, മാധവേട്ടൻ പറഞ്ഞു "ഞാൻ കാറിൽ ചെന്നിരിക്കട്ടെ, എനിക്ക് ഈയിടെയായി ഏറെ നേരം നില്ക്കാൻ സാധിക്കുന്നില്ല, നീ എല്ലാവരെയും കണ്ടു സംസാരിച്ചു പതുക്കെ വാ," ഞാൻ ശരി എന്നും പറഞ്ഞ് ചുറ്റമ്പലത്തിൽ ഒന്നുകൂടി പ്രദക്ഷിണം വച്ച് വരുമ്പോൾ കേട്ടു ആ ശബ്ദം "സുലു"ഞാൻ നോക്കുമ്പോൾ കണ്ടു ആ രണ്ടു കണ്ണുകൾ. ഇപ്പോഴും തീക്ഷ്ണത വറ്റാതെ തന്നെ നോക്കുന്ന കണ്ണുകൾ. ആദ്യം ഒന്ന് ഞെട്ടി, പിന്നീട് ഒന്ന് ചിരിച്ചു, "എനിക്കറിയാമായിരുന്നു നീ എന്നെങ്കിലും വരുമെന്ന്, കാണാൻ കഴിഞ്ഞല്ലോ ഭാഗ്യം" എനിക്ക് വാക്കുകൾ പുറത്തുവന്നതേയില്ല, അപ്പോഴാണ് ദമയന്തി ചേച്ചിയെ കണ്ടത്, അനിലേട്ടൻ അപ്പോഴേക്കും നടന്നകന്നിരുന്നു, ചേച്ചി കുശലാന്വേഷണങ്ങൾക്കിടയിൽ പറഞ്ഞു, എന്റെ വിവാഹം കഴിഞ്ഞതറിഞ്ഞ് ഒത്തിരി സങ്കടപ്പെട്ടിരുന്നു അനിലേട്ടൻ, വീട്ടുകാരുടെ നിർബന്ധപ്രകാരം ഒരു വിവാഹം കഴിച്ചു, ഒരു മോനുണ്ട്. ഭാര്യവന്നിട്ടില്ല, പുള്ളിക്കാരിക്ക് സർക്കാർ ഉദ്യോഗമാണ്. എല്ലാം കഴിഞ്ഞ് ഞാൻ കാറിൽ കയറിയപ്പോൾ മാധവേട്ടൻ ചോദിച്ചു "കണ്ടു അല്ലേ?" ഞാൻ പറഞ്ഞു അതെ. മാധവേട്ടൻ ചോദിച്ചു"എടീ, നഷ്ടപ്രണയത്തിനാണ് മാധുര്യം കൂടുന്നത് അല്ലേ?. അതെ. മധുരിക്കുന്ന ഓർമ്മകൾ.



No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot