നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചില നഷ്ടനിമിഷങ്ങൾ


ചില നഷ്ടനിമിഷങ്ങൾ
****************************
കഴിഞ്ഞ അവധിദിവസത്തിൽ എന്റെ അടുത്ത കൂട്ടുകാരിയുടെ വീട്ടിലൊന്നു പോയി ...കുറെ നാളുകൂടി കണ്ടതിന്റെ സന്തോഷത്തിൽ ഞങ്ങൾ കുടുംബത്തോടെ ഒരുപാട് നേരം സംസാരിച്ചിരുന്നു
....അതുകഴിഞ്ഞപ്പോൾ ഞങ്ങടെ കെട്ട്യോന്മാരും പിള്ളേരും കൂടി പുറത്തേക്കു ഷോപ്പിംഗിനു പോയി ...ഞാനും അവളും മാത്രം പോയില്ല ...ഞങ്ങൾ കുറെ നേരം എന്നത്തേയും പോലെ ഇച്ചിരി പരദൂഷണവും ...നാട്ടുവർത്തമാനങ്ങളും പറഞ്ഞിരിക്കുന്നു ...
പിന്നീടവൾ അവളുടെ നഷ്ടങ്ങളുടെ കണക്കു പറയാൻ തുടങ്ങി ....മ്യൂച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്ത വകയിലെ നഷ്ടം ....താല്പര്യം ഇല്ലാതിരുന്നിട്ടും മക്കളെ ഹൈ സൊസൈറ്റി പിള്ളേരെപ്പോലെ ആക്കാൻ വേണ്ടി ഓരോരോ ക്ലാസ്സുകളിൽ ചേർത്ത് വിട്ടതിൽ നിന്നുണ്ടായ നഷ്ടം ....
നാലുപേർക്ക് താമസിക്കാനുള്ള സൗകര്യത്തിനും വളരെ കൂടുതലായി ആർഭാടത്തോടെ വീടുപണിതതിൽ ഉണ്ടായ നഷ്ടം ...എന്നിങ്ങനെ ജീവിതത്തിലെ ചില അബദ്ധങ്ങളിലൂടെയുണ്ടായ നഷ്ടങ്ങളുടെ കണക്കുകളുടെ നിര നീണ്ടുപോയ്ക്കൊണ്ടേയിരുന്നു
അവളുടെ വാതോരാത്ത നഷ്ടങ്ങളുടെ ലിസ്റ്റുകൾ കേട്ടുകൊണ്ടിരുന്നപ്പോൾ പെട്ടെന്നാണ് എന്റെ ചിന്തയിൽ ഒരു കണക്കെടുപ്പ് തുടങ്ങിയത് ....എന്റെ ജീവിതത്തിൽ ഉണ്ടായ നഷ്ടങ്ങൾ എന്തൊക്കെയാണ് ....മനസ്സ് വളരെ പുറകോട്ടു സഞ്ചരിച്ചു ഓരോരോ നഷ്ടങ്ങൾ എണ്ണാൻ തുടങ്ങി ...
നിഷ്ക്കളങ്കമായി ഏതു സാഹചര്യത്തിലും പൊട്ടിച്ചിരിക്കാൻ കഴിയുന്ന നിമിഷങ്ങൾ ...
ഒരു ലക്ഷ്യവുമില്ലാതെ ഒരു മനോഭാരവും ഇല്ലാതെ ഒരു അപ്പൂപ്പൻതാടിപോലെ പറന്നുയർന്ന നിമിഷങ്ങൾ
അടുക്കളയിൽ പൊരിഞ്ഞ പണിയിലേർപ്പെട്ട അമ്മയുടെ പുറകിൽ ചെന്ന് " ഠോ" എന്നുറക്കെ ശബ്ദമുണ്ടാക്കി അമ്മയെ പേടിപ്പിച്ച നിമിഷങ്ങൾ ....
അതുകേട്ടപാടേ കയ്യിലുള്ള വിറകുകൊള്ളിയെടുത്തു എന്നെ അടിക്കാൻ വന്ന അമ്മയിൽ നിന്ന് രക്ഷപെട്ടോടി അച്ഛന്റെ പുറകിൽ പോയി ഒളിച്ചുനിന്ന നിമിഷങ്ങൾ ...
അവധിദിവസങ്ങളിൽ വീടിനടുത്തുള്ള ചെറിയ പുഴയിൽ പോയി മണിക്കൂറുകളോളം നീന്തിക്കളിച്ച നിമിഷങ്ങൾ ....
പാടത്തുപണിയെടുക്കാൻ വരുന്ന നീലിയുടെയും ...ചിരുതയുടെയും ദേഹത്തേക്ക് ചെളിതെറിപ്പിച്ചു ഓടിരക്ഷപ്പെട്ടു നിമിഷങ്ങൾ ..
മഴക്കാലത്ത് സ്കൂളിലെത്തുവോളം എഴുതിയ ബുക്കിന്റെ ഓരോ പേജും എടുത്തു കടലാസുതോണിയുണ്ടാക്കി വിട്ട നിമിഷങ്ങൾ
മഴപെയ്തു ചെളിവെള്ളം നിറഞ്ഞു നിൽക്കുന്ന റോഡിലെ ചെറിയ കുഴികളിൽ കൂട്ടുകാരോടൊത്തു ചാടി പരസ്പരം ചെളിതെറിപ്പിച്ച നിമിഷങ്ങൾ ....
നേരമെത്ര ഇരുട്ടിയാലും അച്ഛൻ വരുമ്പോൾ കൊണ്ടുവരുന്ന നാരങ്ങാമുട്ടായിക്ക് കാത്തിരുന്ന നിമിഷങ്ങൾ
വീട്ടുവളപ്പിലെ പ്ലാവിന്റെ താഴെയുള്ള ചില്ലയിൽ ആരുമറിയാതെ കയറി ചക്കയിടാൻ ശ്രമിച്ചപ്പോൾ ചക്കയ്ക്ക് മുന്നേ ഞാൻ താഴെവീണ നിമിഷങ്ങൾ
റോഡിലൂടെ ഓടുന്ന ഒരു ബസ്സിന്‌ കൈകാട്ടി നിർത്തിയതിനു ശേഷം കയറുന്നില്ലെന്നു പറഞ്ഞു കൂവിവിളിച്ചോടിയ നിമിഷങ്ങൾ..
ആൺപെൺവ്യത്യാസങ്ങളില്ലാതെ പൂട്ടിയിട്ട പാടശേഖരങ്ങളിൽ ക്രിക്കറ്റ് കളിച്ച നിമിഷങ്ങൾ ...
ആരെയും പേടിക്കാതെ ...അസുഖം വരുമെന്ന ഭയമില്ലാതെ ...നിയന്ത്രണങ്ങളില്ലാതെ മഴപെയ്തൊഴിയും വരെ നനഞ്ഞ നിമിഷങ്ങൾ..
കൂടപ്പിറപ്പുകളിൽ ഒരാളെ അച്ഛൻ വഴക്കുപറഞ്ഞതിനു എല്ലാവരും കൂടി അന്നത്തെ ദിവസം സങ്കടത്തോടെ പട്ടിണികിടന്ന നിമിഷങ്ങൾ
അനിയത്തിയെ നുള്ളിയ ഒരു കൂട്ടുകാരന്റെ നെറ്റി കല്ലുകൊണ്ടെറിഞ്ഞു പൊട്ടിച്ച നിമിഷങ്ങൾ...
ഇല്ലായ്മകളിൽ ഉള്ള ചോറ് ഒരു കിണ്ണത്തിൽ വിളമ്പി ഓരോ ഉരുളയാക്കി 'അമ്മ വാരി തന്ന നിമിഷങ്ങൾ ...
ഓരോ പരീക്ഷകളിൽ വിജയിക്കുമ്പോഴും അച്ഛനെന്ന അത്ഭുതത്തിന്റെ മിഴികൾ നിറഞ്ഞൊഴികിയ നിമിഷങ്ങൾ..
ആഗ്രഹിച്ച വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴുത്തിലെ താലി ഊരി വിറ്റിട്ടും....എന്നെ നോക്കി പത്തരമാറ്റിന്റെ പകിട്ടോടെ 'അമ്മ ചിരിച്ച നിമിഷങ്ങൾ..
ആകെയുള്ള ഒരു ഷർട്ടിലുള്ള കീറിയ വശങ്ങൾ പലതവണ തുന്നിച്ചേർത്തു ഇടുമ്പോഴും ...ഞാൻ വായിക്കാനായി നന്മയുള്ള പുസ്തകങ്ങളുമായി അച്ഛൻ പടികടന്നുവരുന്ന നിമിഷങ്ങൾ..
അഭിമാനിക്കും വിധത്തിലുള്ള നിലയിൽ എത്തിച്ചേർന്ന എന്നെ ചേർത്തുപിടിച്ചു അച്ഛൻ എന്റെ നിറുകയിൽ ചുംബിച്ച നിമിഷങ്ങൾ..
പ്രതിശ്രുതവരൻ ആദ്യമായി വീട്ടിലെത്തിയപ്പോൾ വീട്ടുവളപ്പിലെ ഒരു മരച്ചില്ലയിൽ ഞങ്ങളൊരുക്കിയ മാട്ടത്തിൽ നിന്ന് വേഗത്തിൽ ചാടിയോടിവന്ന നിമിഷങ്ങൾ..
ഇനിയുമെത്രയോ നിമിഷങ്ങൾ ഇതുപോലെ ...എഴുതിയാൽ തീരാത്ത സുന്ദരനിമിഷങ്ങൾ....
(N B.കുറുമ്പുകളുടെയും...സ്നേഹത്തിന്റെയും ...ഐക്യത്തിന്റെയും ...സ്വാതന്ത്ര്യത്തിന്റെയും എത്രയെത്ര നിമിഷങ്ങളാണ് നമ്മൾക്കോരോരുത്തർക്കും നഷ്ടമായത് .......ഇന്നത്തെ തലമുറയ്ക്ക് അന്യം നിന്ന് പോകുന്ന പുണ്യ നിമിഷങ്ങൾ .........സത്യത്തിൽ ഇതൊക്കെയല്ലേ ശരിക്കും വീണ്ടെടുക്കാനാവാത്ത നഷ്ടനിമിഷങ്ങൾ ...)
സൗമ്യ സച്ചിൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot