നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

[മിനിക്കഥ] മൈലാഞ്ചിപ്പാട്ടും ,ഞാനും.


[മിനിക്കഥ]
മൈലാഞ്ചിപ്പാട്ടും ,ഞാനും.
"കണ്ടാറകട്ടുമ്മേൽ വെണ്ടരൂളോതാക്ക്
തെണ്ടതിലുണ്ടാനെ - ഒരുത്തി
ഷെഹനിലുദിച്ചഖമർപോൽമുഖം കത്തി -
ലങ്കിമറിന്താനെ... "
ടേപ്പ്റിക്കോർഡറിൽ ഗാനഗന്ധർവ്വൻ യേശുദാസിന്റെ മൈലാഞ്ചിപ്പാട്ടുകൾ വലിയശബ്ദത്തിൽ വച്ചിട്ട് അയൽവീട്ടിലെയ്ക്ക് ഓടി .അവിടെ കേൾക്കുന്നുണ്ടോ എന്നറിയാൻ.
കേൾക്കുന്നുണ്ട് .പക്ഷെ മുഴക്കമില്ല.
തിരികെ വന്ന്
അരി ഇട്ട് വയ്ക്കുവാൻ ഉമ്മ വാങ്ങി വച്ച മൺകലത്തിലെയ്ക്ക് സ്പീക്കറിന്റെ വാഭാഗം മുകളിലേയ്ക്ക് തിരിച്ച് ഇറക്കിവച്ചു. കൊള്ളാം ഇപ്പോ നല്ല മുഴക്കമുണ്ട്.. ബാസ്സ് അല്പം കൂടി കൂട്ടി .
ബും ,ബും എന്ന മുഴക്കം കൂടീ . ഇപ്പോൾശരിയായ്.. ആ അത്മ നിർവൃതിയിൽ ലയിച്ചിരിക്കുകആയിരുന്നു. വൈദ്യുതി ഇല്ലാത്തതിന്റെ ഓരോ കഷ്ട്ടപ്പാടെ..
പെട്ടെന്നാണ്
"ക്ലിക്ലീ ക്ലീ ക്ലി........" എന്ന ശബ്ദം.
കാസറ്റ് കുരുങ്ങിരിക്കുന്നു.
ചാടി എഴുന്നേറ്റു.. അതീവ ശ്രദ്ധയോടെ കാസറ്റിന്റെ റിബൺ പുറത്തെടുത്ത് കുരുക്ക് നേരെയാക്കി വീണ്ടും ഇട്ടു.. ഒരു പാട്ട് കഴിഞ്ഞപ്പോൾ യേശുദാസിന്റെ ശബ്ദത്തിന് ഒരു വിത്യാസം. മദ്യപിച്ച് പാടും പോലെ.. ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു.
ബാറ്ററി ചാർജ് തീർന്നിരിക്കുന്നു..
മുംതാസ് ഇപ്പോ വരുമല്ലോ.. എന്താ ചെയ്യുക??
എല്ലാം വെറുതെ ആയല്ലോ പടച്ചോനെ..
അവൾക്ക് കേൾക്കാൻ വേണ്ടിയാണ് കഷ്ട്ടപ്പെട്ട് കശുവണ്ടി പെറുക്കി ചേർത്ത് വച്ച് വിറ്റ് ബാറ്ററി വാങ്ങിയത്... അവൾക്ക് മാപ്പിളപാട്ട് ജീവനാണ് എന്ന് ഇന്നലെയാണ് അറിഞ്ഞത്.പുള്ളിയുള്ള തട്ടവുമിട്ട് അവൾ ഈ പാട്ട് കേട്ട് പോകുന്ന രംഗം ഒന്ന് കൂടി മനസ്സിൽഓടി എത്തി.
റ്റ്യുഷൻ കഴിഞ്ഞ് എന്റെ ആ സുന്ദരി വീടിനു മുന്നിലൂടെയാണ് അവളുടെ വീട്ടിലേയ്ക്ക് പോകുന്നത് ..ഇപ്പോ വരും എന്താ ഒരു വഴി..
തല പുകഞ്ഞ് ആലോചിച്ചു.
അപ്പോഴാ കണ്ടത് വാതിൽപടിയുടെ മേലെ ദാറുസ്വലാംയത്തിംഖാനയുടെ [ അനാഥാലയം]ചെറിയ പെട്ടി. എല്ലാ വീടുകളിലും ആ ചെറിയ പെട്ടി വച്ചിട്ടുണ്ട്.
"ദാനധർമ്മം അപത്തിനെ തടയും "
എന്ന കടുത്ത വിശ്വാസം വാപ്പായ്ക്കുള്ളത് കൊണ്ട് എവിടെ യാത്രയ്ക്ക് പുറപ്പെടുമ്പോഴും കയ്യിലുള്ള ചില്ലറകൾ അതിലേയ്ക്ക് നിക്ഷേപിക്കുന്നത് പല തവണ കണ്ടിട്ടുണ്ട്. വർഷത്തിലൊന്ന് എന്ന കണക്കിന് ഭാരവാഹികൾ വന്ന് ആ പണംശേഖരിച്ച് പോകും.
കൈ എത്തി അത് എടുത്തു.. ഹൃദയം അത്യുച്ചത്തിൽ ഇടിക്കുന്നുണ്ടായിരുന്നു. ആ ശബ്ദത്തിന് മേൽ ചില്ലറ പൈസായുടെ കിലുക്കം ഉയർന്നു നിന്നു.
തെറ്റാണ് ചെയ്യുന്നത് മനസ്സ് മന്ത്രിച്ച് കൊണ്ടെ ഇരുന്നു. മോഷണമാണ് ഇത്.
അള്ളാഹുവിനോട് ഒരു മുൻകൂർ ജാമ്യം എന്ന നിലയ്ക്ക് മാപ്പിരന്നു.കിട്ടുമ്പോൾ തിരിച്ച് ഇട്ടെക്കാം എന്ന വ്യവസ്ഥയിൽ കുറച്ച് പൈസാ എടുത്തു..
എല്ലാം പഴയത് പോലെ വച്ചു.ഓടിപ്പോയ് രണ്ട് ബാറ്ററി വാങ്ങി. നാലെണ്ണം വേണമായിരുന്നു.പക്ഷെ അത്രയും പൈസാ എടുക്കാൻ അതിനകത്തില്ലായിരുന്നു.
ബാറ്ററി ഇട്ട് ടേപ്പ് റെക്കോഡർ ഓൺ ചെയ്തു..
ഈ സമയത്താണ് ബന്ധുവിന്റെ വിവാഹത്തിന് പോയിരുന്ന വാപ്പയും ,ഉമ്മയും തിരികെവന്ന് കയറിയത്.
ഒരു ബീഡീ കത്തിച്ച് വാപ്പ തീപ്പെട്ടി വയ്ക്കുവാൻ വാതിൽപ്പടിയുടെ അടുത്തെത്തി.
ഒരലർച്ചആയിരുന്നു വാപ്പ.
"ടാ .. നീ ഇത്പൊട്ടിച്ചോ ??"
"അത് .... പിന്നെ.."
ഞാൻ നിന്ന് പരുങ്ങുന്നത് കണ്ടപ്പോൾ വാപ്പയ്ക്ക് ഉറപ്പായ്.അപ്പോഴാണ് ശ്രദ്ധിച്ചത് തിരികെ വച്ച പെട്ടിയുടെ സ്ഥലം മാറിപ്പോയിരിക്കുന്നു. തുടർന്നുണ്ടായ ചോദ്യം ചെയ്യലിൽ സത്യം പറയേണ്ടി വന്നു.
പിന്നെ അവിടെ നടന്നത് ഒരു യുദ്ധമായിരുന്നു. ആയുധമില്ലാതെ ഞാൻ നിന്നു.
എല്ലാ പ്രഹരവും ഏറ്റ് വാങ്ങി..
മുറ്റത്തെ തെങ്ങിൽ കൈ പിന്നിലേയ്ക്ക് കെട്ടിവച്ച് അടി..
പാവം വാപ്പാ .കൈ കുഴഞ്ഞിട്ടുണ്ടാവും.
" സുരലോക മണി ഹൂറുന്നിസാനീങ്കളെ..... " ടേപ്പ് റെക്കോർഡിൽ യേശുദാസ് തകർക്കുന്നുണ്ടായിരുന്നു.. ആ പാട്ടിന്റെ താളത്തിലാണ് ഓരോ അടിയും എന്നിൽ പതിച്ചത്
പാദസ്വര കിലുക്കം കേട്ട് തല ഉയർത്തി. കണ്ണ്നീര് കൊണ്ട് കാഴ്ചമങ്ങിയിരുന്നു. എങ്കിലും കണ്ടു .
മുംതാസ് വരുന്നു.എന്റെ അ അവസ്ഥ കണ്ട് ചിരി സഹിക്കാനാവാതെ തട്ടം കടിച്ച് പിടിച്ച് കൺമുന്നിലൂടെ നടന്ന് പോകുന്നു...
പെട്ടെന്ന് പാട്ട് നിന്നു. പിറകെ
എന്തോ വന്ന് വീഴുന്ന ശബ്ദം.
ടേപ്പ്റെക്കോർഡും മൺകലവും കൂടി തെങ്ങും ചുവട്ടിലേയ്ക്ക് ..
" അവന്റെ ഒരു പാട്ടും കോപ്പും " വാപ്പായുടെ കലി ഇനിയും അടങ്ങിയിട്ടില്ല.
തെറിച്ചുവീണ ടേപ്പിൽ നിന്നും ഒരു ബാറ്ററി വേർപെട്ട് ഉരുണ്ട് ഒന്നും അറിയാത്തവളെ പോലെ എന്റെ കാൽച്ചുവട്ടിൽ വന്ന് വിശ്രമിച്ചു.
ശുഭം..

Nizar Vh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot