Showing posts with label നിസാർ പുത്തനങ്ങാടി. Show all posts
Showing posts with label നിസാർ പുത്തനങ്ങാടി. Show all posts

ഒരു നാൾ


ഒരു നാൾ
----------------------
വയലിന്റെ ഓരം ചേർന്ന് കൊത്തി പെറുക്കിയിരുന്ന ഒരു പറ്റം വെള്ള കൊക്കുകൾക്ക് കൃത്യം നടുവിലായ് ഹരി എറിഞ്ഞകല്ല് ചെന്ന് പതിച്ചു.
" ഉം..നല്ല ഉന്നം....." രാഹുലിന്റെ പ്രശംസ.
വളഞ്ഞ കഴുത്ത് നേരെയാക്കി
അവറ്റകൾ ഞങ്ങളെ മൂവരെയും ദേഷ്യത്തിൽ ഒന്ന് നോക്കിയിട്ട് ഒന്നിച്ച് പറന്നുയർന്നു. ആ ചിറകടിയൊച്ചയിൽ ഞങ്ങളുടെ പൊട്ടിച്ചിരിയുംഅലിഞ്ഞു ചേർന്നു.
വിളഞ്ഞ് നിൽക്കുന്ന നെൽക്കതിരുകൾ ഞങ്ങൾ കാണാതിരിക്കാനായി തല കുനിച്ചങ്ങ്നിന്നു കളഞ്ഞു.
പക്ഷെ ...
ഇതിനോടകം ഞങ്ങൾ അത് കണ്ടു കഴിഞ്ഞു.
മൂവരും പരസ്പരം നോക്കി..
പെട്ടെന്ന് അതിനടുത്തെത്തി നെൽ കതിരുകൾ വലിച്ചു ഉതിർത്തെടുത്തു.
രാഹുൽ നെൽമണികൾ വേഗത്തിൽ അടർത്തി നിക്കറിന്റെ കീശയിലാക്കുന്ന തിരക്കിലായിരുന്നു.
വീട്ടിൽ കൊണ്ട് പോയി ചോറ് വെക്കാം എന്ന ചിന്തയിലാണെന്ന് തോന്നുന്നു ആ പ്രവൃത്തി.
അപ്പോഴാണ് വലിയചിറകുള്ള ഒരു പൂമ്പാറ്റ കണ്ണിൽ പെട്ടത് .മൂവരും അതിന്റെ പിന്നാലെ പാഞ്ഞു.
അത് നിറഞ്ഞുനിൽക്കുന്ന വയൽക്കാടുകളിലേക്ക് വർണ്ണച്ചിറകുകൾ വിരിച്ച് പറന്നു കൊണ്ടിരുന്നു.
വിട്ടുകൊടുക്കാതെ ഞങ്ങളും പിന്നാലെ തന്നെ.
ദേഹം മുഴുവനുംചെളിയിൽ മുങ്ങിയിട്ടും പിൻമാറാൻ തയ്യാറാവാതെ ഞങ്ങൾ കലപ്പ വയ്ക്കാത്ത കാളകളായി മാറി.
ഏറെ നേരത്തെ പ്രയത്നത്തിന് ഒടുവിൽ ആ വലിയ ചിറകുള്ള പൂമ്പാറ്റ രാഹുലിന്റെ കൈക്കുള്ളിലായി....
ചേർന്ന് നിന്ന് കൈ തുറന്നു..
പൂമ്പാറ്റയുടെ ഒരു ചിറക് മാത്രം രാഹുലിന്റെ കൈ വെള്ളയിൽ തിളങ്ങുന്ന പൊടിയായി അവശേഷിച്ചു.
"ആരാടാ അവിടെ....???"
പെട്ടെന്നാണ് ആ ശബ്ദം കേട്ടത്.
അകലെ നിന്നാരോ അലറുന്നു..
സത്യൻ ചേട്ടനാണ്..
കയ്യിൽ കിട്ടിയിൽ നല്ല പെട കിട്ടും.
" തോമസ് കുട്ടി വിട്ടോടാ..."
ഹരി ഉറക്കെ വിളിച്ചു പറഞ്ഞു.
ജീവനും കയ്യിൽ പിടിച്ച്കൊണ്ട് ഓടി.. ഊർന്ന് വീണ നിക്കറും ഒരുകയ്യിൽ താങ്ങിപ്പിടിച്ച് കൊണ്ട് ഓടി.സത്യൻ ചേട്ടന്റെ കണ്ണ് എത്താത്ത ദൂരം കഴിഞ്ഞു.
കിതപ്പ് അകറ്റി..
നോക്കുമ്പോൾ മുന്നിൽ സീതത്തോട്..
മൂവരും ഒന്നു ചിരിച്ചു..
തോട്ടിലേയ്ക്ക്ചാഞ്ഞു കിടന്നിരുന്ന ആൽമരത്തിൽ തത്തിപിടിച്ച് കയറി.
അവിടെ നിന്നും തോട്ടിലേയ്ക്ക് തല കീഴായിചാടി. അന്തരീക്ഷത്തിൽ ഒരു മലക്കം മറിഞ്ഞ് തോട്ടിലെ തെളിഞ്ഞ വെള്ളത്തിലേയ്ക്ക് പതിച്ചു.
ഹരിയുടെ ചാട്ടം കാണാൻ നല്ല രസമായിരുന്നു.
വട്ടം കറങ്ങി തോട്ടിലേയ്ക്ക് ....ഡോൾഫിൻ വീഴും പോലെ വെള്ളത്തിലേയ്ക്ക് ഊളിയിടും..
നീന്തലും ,ചാട്ടവും എല്ലാം നടന്നുകൊണ്ടിരുന്നു.
ചെറിയ ഒഴുക്കുള്ള ആറ് കലങ്ങി മറിഞ്ഞു. ആറിന്റെ അടിഭാഗം മുകളിലായപോലെ.
നീന്തി നീന്തി തിമിർത്തു..
മുങ്ങാംകുഴിയിട്ട് അർമാദിച്ചു...
പതിയെഎല്ലാവരും തളർന്നു. കരയ്ക്ക് കയറി..
അവിടെ നിന്നു തന്നെ ഉടുത്തിരുന്ന നിക്കറുകൊണ്ട് തലതുവർത്തി.
നൂൽബന്ധമില്ലാതെ നിൽക്കുന്ന ഞങ്ങളെ കണ്ട് കുളക്കോഴികൾ നാണിച്ച് തല താഴ്ത്തി.
കാടിറങ്ങി വന്ന ഈറൻ കാറ്റിൽ ഞങ്ങൾ വിറച്ചു.
അപ്പോഴാണ് രാഹുൽ കാട്ടുചേമ്പുകൾ കൂട്ടമായ് നിൽക്കുന്നതിലേയ്ക്ക് മൂത്രമൊഴിക്കുന്നത് കണ്ടത്..ഞങ്ങളും കൂടി
ഒന്നായ് നിന്നങ്ങ് തകർത്തു.
പുൽത്തുമ്പുകളിൽ പതുങ്ങിയിരുന്ന പ്രാണികളും ശലഭങ്ങളും ചൂടേറ്റ് പറന്നുയർന്നു ... ചേമ്പിലയിലൂടെ സ്വർണ്ണ തുള്ളികൾ നോവാതെ താഴെയ്ക്ക് പതിക്കുന്നത് കണ്ടു
ഇത് നടന്ന് കൊണ്ടിരിക്കെ പിന്നിലൂടെ അടുത്ത് കൊണ്ടിരുന്ന ആപത്ത് ഞങ്ങൾ അറിഞ്ഞില്ല.
ചന്തിക്ക് അതിശക്തമായ പ്രഹരമേറ്റ് ശിരസ്സിനുള്ളിൽ മിന്നൽ പിണരുകൾ തെളിഞ്ഞു ഞെട്ടിത്തെറിച്ചു...
കണ്ണ് തുറന്നു.
ചൂട് കൊണ്ട് തല മാത്രം മൂടിയിരുന്ന തുവർത്ത് പതിയെ മാറ്റി.
തല പുറത്ത് ഇട്ട് നോക്കി.
റൂമിൽ ആകെ ബഹളം.. പ്രകാശപൂരം.
റൂമിലുള്ളഎല്ലാവരും കൂടി നിൽക്കുന്നു..
" @...... മോനെ...! നിന്നോട് എത്ര പ്രാവിശ്യം പറഞ്ഞിട്ടുണ്ട് കിടന്ന് മുള്ളരുതെന്ന്..."
ഡബിൾ ഡക്കർ കട്ടിലിനു താഴെ കിടക്കുന്ന
മമ്മാലിയിക്കാ കയ്യിൽ മുട്ടൻ വടിയുമായി നനഞ്ഞ് കുളിച്ച് നിന്ന് അലറുന്നു..
"എന്ത് പണിയാടാ ഈ കാണിച്ചെ...??"
അടുത്ത കട്ടിലിലെ സാനു വളരെ ദയനീയമായി എന്നെ നോക്കി. അവനും നനഞ്ഞിട്ടുണ്ട്..
ഇതൊന്നും ശ്രദ്ധിക്കാതെ Ac അപ്പോഴും മുരണ്ടു കൊണ്ടിരുന്നു...
ശുഭം..
[NB...!
ആ മൂന്ന് പേരിൽ പേരില്ലാത്തവൻ ഞാനാണ് എന്ന് നിങ്ങൾക്ക് തോന്നാം .സ്വാഭാവികം.
പക്ഷെ ഞാനല്ല കേട്ടോ ...]

അവകാശികൾ..

അവകാശികൾ..
--------------------
"ഏട്ടാ,.. ഈ ബാക്കി വന്ന ബിരിയാണി കുഴിവെട്ടി മൂടിയേക്കട്ടെ..." മുന്നിൽ അനിയൻകുട്ടൻ .അവന്റെ മുഖം ഇരുണ്ടിരുന്നു.
ഒരു ചെമ്പ് ബിരിയാണി ബാക്കിയായതിന്റെ ദേഷ്യമാണ് .
തന്റെ അനുജന്റെമോളുടെ വിവാഹം ആർഭാഢമായി ഇന്ന് കഴിഞ്ഞിരിക്കുന്നു.
ക്ഷണിക്കപ്പെട്ടവരിൽ ഏറെയും കോരിച്ചൊരിയുന്ന മഴയായതിനാലാവാം എത്തിച്ചേരാനാവാതിരുന്നത്..
മുഖമുയർത്തി നോക്കിയപ്പോൾ
തന്നെ നോക്കുന്ന അമ്മയെ ആണ് കണ്ടത് . ആ മുഖത്ത് ഒരു ചിരി മിന്നി മറഞ്ഞു..
ആ ചിരിയിൽ ഇന്നും ക്ലാവ് പിടിക്കാത്ത കുറെ ഓർമ്മകളുണ്ടായിരുന്നു.
"അനിയൻ കുട്ടാ, നീ ആ ഉപ്പ് ഇങ്ങെടുത്തെ... "
കഞ്ഞിക്കുള്ള വെള്ളംതിളച്ച് മറിയുന്നു. തൊടിയിലെ കശുമാവിൽ വലിഞ്ഞ് കയറി ഉണങ്ങിയ ചില്ലകൾപൊട്ടിച്ച് ,അത് അടുപ്പിൽ വച്ച് കരിയും പുകയിലും ഊതിയൂതി തലചുറ്റുന്നു. എഴുന്നേൽക്കാൻ വയ്യ.
"എനിക്ക് വിശന്നിട്ട് വയ്യ..ഏട്ടൻ വന്ന് എട്..." അവന്റെ ശബ്ദം നേർത്തിരുന്നു.
അനിയൻകുട്ടൻ കീറിയ പുല്ല് പായയിൽ കമഴ്ന്ന് കിടക്കുകയാണ്. വിശപ്പ് സഹിക്കാൻ പറ്റാത്ത കൊണ്ടായിരിക്കും.. പാവം.
രാവിലെയൊന്നും കഴിച്ചിട്ടില്ല.
അമ്മ പാടത്ത് പണിക്ക് പോയിരിക്കുകയാണ്. ഇന്നലെ മഴ പെയ്തതിനാൽ അമ്മയ്ക്ക് പണിയില്ലായിരുന്നു. അതാണ് ഇന്നത്തെ ഈ അവസ്ഥയ്ക്ക് കാരണം.
അച്ഛന്റെ മരണംശേഷം വിശപ്പ് എന്താന്ന് നല്ലത് പോലെ അറിയുന്നുണ്ട്..
പത്ത് വയസ്സെ ആയുള്ളുവെങ്കിലും കഞ്ഞി വയ്ക്കാനൊക്കെ ഇതിനകം പഠിച്ചിരുന്നു.
അനിയൻകുട്ടന് എട്ട് വയസ്സായെങ്കിലും എനിക്കെന്നും ചെറിയ കുട്ടിയാ അവൻ. ഏങ്ങി ഏങ്ങി കരയുന്നത് കണ്ടാണ് കാര്യം തിരക്കിയത്.
" ഏട്ടാ വിശക്കുന്നു.... " അവന്റെ കണ്ണുനീര് കണ്ട് സഹിക്കാൻ പറ്റിയില്ല.
നേരെ അമ്മാവന്റെ വീട്ടിലേക്ക് ചെന്നു.
അവിടെ മുറ്റത്ത് തന്നെ അമ്മായി നിൽക്കുന്നുണ്ട്.
" പട്ടിണി കിടന്ന് ചത്താലും നമ്മുടെ ആൾക്കാരുടെ മുന്നിൽ കൈ നീട്ടരുത്..."
അമ്മയുടെ വാക്കുകൾ ചെവിയിൽ മുഴങ്ങി.
"എന്താടാ ചെക്കാ..??"
അമ്മായിയുടെ പുച്ഛം കലർന്ന ശബ്ദം.
ചുമൽ കുലുക്കി കൊണ്ട് പറഞ്ഞു
" ഒന്നൂല്ല..."
എന്താന്നറിയില്ല അമ്മായിക്ക് ഞങ്ങളെ കാണുമ്പോഴെ ദേഷ്യം വരും.
പക്ഷെ എന്തെങ്കിലും പണി ചെയ്യാനുണ്ടെങ്കിൽ ഭയങ്കര സ്നേഹമായിരിക്കും.
കുറച്ച് നേരം അവിടെ ചുറ്റിപറ്റി നിന്നു..
അപ്പോഴാണ് അമ്മാവന്റെ മകൻ ചന്തു പുറത്തേയ്ക്ക് വന്നത്. എന്റെ അതേ പ്രായമാണ് അവനും.
"ഹരി ... വാ കളിക്കാം.. "
ചന്തു ചെസ്സ് ബോർഡ് എടുത്തു കായ്കൾ നിരത്തി..
ഉള്ളിൽ ചിരിക്കാൻ തോന്നി. വിശന്ന് വയറ് കത്തിനിൽക്കുമ്പോൾ എങ്ങിനെയാണ് കളിക്കുക.
അമ്മായി അകത്തേയ്ക്ക് പോയ തക്കം നോക്കി ചന്തുവിനോട് കാര്യം അവതരിപ്പിച്ചു.
"ചന്തു ..അനിയൻകുട്ടൻ അവിടെ വിശന്ന് കരയുവാ.. നീ അമ്മായി അറിയാതെ കുറച്ച് അരി എടുത്ത് തരാമോ.??"
അവൻ അത് കേട്ടു കുറച്ച് നേരം ആലോചിച്ചു. എന്നിട്ട് അകത്തേയ്ക്ക്പോയി... കുറച്ച് കഴിഞ്ഞ്
പുറത്ത് വരുമ്പോൾ ചന്തുവിന്റെ നിക്കറിന്റെ രണ്ട് പോക്കറ്റിലും കുത്തിനിറച്ച അരിയുണ്ടായിരുന്നു..
അതു കൊണ്ട് ഒരു വിധത്തിൽ കഞ്ഞി തയ്യാറാക്കി.
പാത്രത്തിലാക്കി അനിയൻ കുട്ടന് കൊടുത്തു.
ചൂടൊന്നും വകവയ്ക്കാതെ അനിയൻകുട്ടൻ കഞ്ഞി വലിച്ച്കുടിക്കുന്നത് കണ്ടപ്പോൾ അനുവാദമില്ലാതെ ഒരു തുള്ളി കണ്ണുനീർ താഴെ വീണുടഞ്ഞു..
"ഏട്ടാ .. ഈ കഞ്ഞിക്ക് നല്ല സ്വാദുണ്ട്.. "
അനിയൻ കുട്ടൻ ചുണ്ടുകൾ തുടച്ച് കൊണ്ട് പറഞ്ഞു.
പാവം അവനറിയില്ലല്ലോ കഞ്ഞിക്കല്ല സ്വാദ്
അവന്റെ വിശപ്പിനായിരുന്നു എന്ന്..
" മക്കളെ ഉറങ്ങുവാണോ..??"
അമ്മയുടെ ശബ്ദം. അമ്മ പണി കഴിഞ്ഞ് വന്നിരിക്കുന്നു.
"എന്റെ മക്കൾക്ക് ഇപ്പം കഞ്ഞിയാക്കിത്തരാം ട്ടോ..."
നെറ്റിയിലെയും കഴുത്തിലെയും പൊടിഞ്ഞ വിയർപ്പ് തുള്ളികൾ തുവർത്ത് കൊണ്ട് ഒപ്പി അമ്മ ആയാസപ്പെട്ട് അകത്തേയ്ക്ക് വന്നു. കഞ്ഞി കുടിച്ചിരിക്കുന്ന അനിയൻകുട്ടനെ കണ്ട് അമ്മയ്ക്ക് അതിശയം തോന്നി..
"കലത്തിൽ ഒരു മണി അരി പോലുമില്ലായിരുന്നല്ലോ .ഇത് പിന്നെ എവിടുന്നാ..?? അമ്മ ചുറ്റിനും നോക്കി.
" അത് അമ്മെ ,അനിയൻകുട്ടൻ വിശന്ന് കരഞ്ഞപ്പോൾ... അമ്മായിയുടെ വീട്ടിൽ നിന്നും..."
പറഞ്ഞ് മുഴുമിച്ചില്ല .. അമ്മയുടെ മുഖം ചുവന്നു വന്നു.
വേലിപത്തൽ ഒടിക്കുന്ന ശബ്ദംകേട്ടു.
അമ്മയുടെ ദേഷ്യം തീരും വരെഅടിച്ചു.
എന്റെ നിലവിളിയെക്കാൾ അടിയുടെ ശബ്ദമാണ് കൂടുതൽ ഉയർന്നത്.
ഞാൻ പൊട്ടിക്കരഞ്ഞു.
എന്തിനെന്നറിയാതെ അമ്മയും കൂടെഅനിയൻകുട്ടനും....
സവാധാനം അമ്മയുടെ ദേഷ്യംഅടങ്ങി. എന്റെ കരച്ചിലും.
ഉണ്ടായ കാര്യങ്ങൾ വിങ്ങിപ്പൊട്ടി കൊണ്ട് പറഞ്ഞു.
അത് കേട്ട് അമ്മ പിന്നെയും കരഞ്ഞു.
ഞങ്ങളെ രണ്ട് പേരെയും ചേർത്ത്നിർത്തി കണ്ണീരോടെ പരിതപിച്ചു...
"എന്റെ കുഞ്ഞുങ്ങൾക്കീ ഗതിവന്നല്ലോ ദൈവമെ.. "
അമ്മയുടെ കൈകൾ അടി കൊണ്ട് തിണർത്ത എന്റെ കാലുകളെ തഴുകിക്കൊണ്ടിരുന്നു.
"എട്ടാ .. മൂടാം അല്ലെ...??"
അനിയൻകുട്ടന്റെ ശബ്ദം ഓർമ്മകളിൽ നിന്നുണർത്തി.
"അനിയൻ കുട്ടാ... " ഒന്ന് നിർത്തി .ശബ്ദം അടഞ്ഞത് നേരെയാക്കി കൊണ്ട് തുടർന്നു.
" നിനക്ക് ഓർമ്മയുണ്ടോ..? എത്ര ദിവസം വിശപ്പ് സഹിക്കാൻ പറ്റാതെ കരഞ്ഞിട്ടുണ്ട് നീ...?
ദാരിദ്ര്യം എന്താന്ന് നമ്മൾ കുറെ അറിഞ്ഞതല്ലെ..?
നീ വെട്ടി മൂടാന്ന് പറഞ്ഞ ഈ ഭക്ഷണം കൊണ്ട് എത്ര പേരുടെ വിശപ്പ് അടക്കാം...?
നമ്മൾ കഴിക്കുന്ന ആഹാരത്തിനും അവകാശികൾ വെറെയുണ്ട്.
അത് പാഴാക്കിയാൽ കാലം പൊറുക്കൂല അനിയൻ കുട്ടാ..."
മുഖം കുനിച്ചിരുന്ന അനിയൻകുട്ടൻ പതിയെ പറഞ്ഞ് തുടങ്ങി.
" ശരിയാണ് ഏട്ടാ..
നമ്മൾ എത്ര പട്ടിണി കിടന്നിട്ടുണ്ട്..? നമുക്ക് വേണ്ടി നമ്മുടെ അമ്മ..!"അവന്റെ സ്വരം ഇടറി. കണ്ണുകൾ നിറഞ്ഞു.
"ഇവിടെ അടുത്ത് ഒരു അനാഥാലയം ഉണ്ട്. അവരെ വിളിച്ച് പറഞ്ഞാൽ മാത്രം മതി. അവർ വന്ന് കൊണ്ട് പൊയ്ക്കൊള്ളും. ഫോൺനംബർ എന്റെടുത്ത് ഉണ്ട്.. "
എല്ലാം കേട്ടുകൊണ്ട് അടുത്ത് തന്നെ ഉണ്ടായിരുന്ന ചന്തു പറഞ്ഞു..
അനിയൻകുട്ടന്റെ മുഖം തെളിഞ്ഞു.
ചന്തുവുമായ് അനാഥാലയത്തിലേയ്ക്ക് ഫോൺ ചെയ്യുവാനായ് മാറി.
ഞാൻ അമ്മയെ നോക്കി..
അമ്മയവിടെ ഇല്ലായിരുന്നു. എവിടെ പോയ്...?? ഇത്ര വേഗം..?
ഭിത്തിയിലെ ഫ്രെയിം ചെയ്ത ഫോട്ടോയിൽ അമ്മ അപ്പോഴും പുഞ്ചിരി തൂവുന്നുണ്ടായിരുന്നു.
ശുഭം.
By
Nizar Vh

ഒന്നാം നാൾ...


ഒന്നാം നാൾ...
-----------------
അന്നും പതിവ് തെറ്റാതെ അവൻ ആ കുന്നിൻമുകളിലേയ്ക്ക് ഓടിക്കയറി. മിന്നൽ പോലെ മുകളിലെത്തിയശേഷം
തേയില ചെടികൾക്കിടയിലൂടെ വളരെ വേഗം താഴെയ്ക്ക് ഇറങ്ങി റോഡിലെത്തി.
കുനിഞ്ഞ് നിന്ന് കിതച്ചു. കിതപ്പ് മാറ്റിയ ശേഷം തലയുയർത്തി റോഡിന്റെ ഇരുവശങ്ങളിലേയ്ക്കും നോക്കി.. ആരുമില്ല.വളഞ്ഞ് പുളഞ്ഞ് പോകുന്ന പാത മാത്രം.
ചുറ്റിനും തലയുയർത്തി നിൽക്കുന്ന മലനിരകൾ. കുന്നിനെ ചുറ്റിയാണ് ടൗണിലേയ്ക്കുള്ള റോഡ് കടന്ന് പോകുന്നത്.
ഈ കുന്ന് കയറി ഇറങ്ങിയാൽ വരുന്ന വാഹനത്തെക്കാൾ മുന്നെ ഇവിടെ എത്താം.
താഴ് വാരം കോടമഞ്ഞിൻപുതപ്പ് അണിയാൻ തുടങ്ങി.. പുൽനാമ്പുകളിൽ തുഷാര ബിന്ദുക്കൾ അടരുവാൻ മടിച്ച് നിൽക്കുന്നു.
അടുകളുടെ കരച്ചിൽ അടുത്ത് വരുന്നു. സോഹനാണ് ആടിനെ നയിക്കുന്നത്.. ഞങ്ങൾ നല്ലആട്ടിടയൻമാർ.
കൂടെപ്പിറന്നതല്ലെങ്കിലും സഹോദരനാണ് .
അവന്റെ മുഖത്ത് നിന്നും വായിക്കാം ചോദിക്കാൻ തുടങ്ങുന്നത് എന്തെന്ന്.
"എന്തിനാ നീ എന്നും ഈ മല കയറിയിറങ്ങുന്നത്....???" പതിവ് മറുപടി.
" ഒരു രസം.. "
അവന് ഒരു പുഞ്ചിരി സമ്മാനിക്കുമ്പോഴും ഉള്ളിൽ നൊമ്പരങ്ങളുടെ കൊടുംങ്കാറ്റ്അലമുറയിടുന്നു.
'മോനെ... ' എന്നുള്ള വിളി
ഹൃദയത്തിന്റെ അടിത്തട്ടിൽ ഇടയ്ക്കിടെ മുഴങ്ങാറുണ്ട്.. ആവിളിയുടെ ഈണം ഊർജ്ജമാണ് ഇന്നും.
തളരാതെ പിടിച്ച് നിർത്തുന്ന ഔഷധം.മൂക്കിൻ തുമ്പത്തെ ആ കറുത്ത മറുകും ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.
"മോൻ ഇറങ്ങു ... അമ്മ മലകളെ കാട്ടിത്തരാം.. "
അമ്മയുടെ കൂടെ മലകൾ കാണാൻ മൂക്കിൻ തുമ്പത്ത് കറുത്ത മറുകുള്ള അമ്മയുടെ കൈയ്യും പിടിച്ച് കാറിൽ നിന്നും ഇറങ്ങിയ ആ നാല് വയസ്സുകാരൻ കോടമഞ്ഞിൽ വിറച്ചു .അമ്മയുടെ സാരിത്തലപ്പ് അവന് ചൂട് പകർന്നു.
പുതിയ കാഴ്ചകൾ കണ്ട് അവൻ മതിമറന്ന് നിൽക്കെ.....
സാരിത്തലപ്പ് തന്നിൽ നിന്നും വഴുതി മാറിയത് അവൻഅറിഞ്ഞില്ല.
അവൻ തിരിഞ്ഞ് നോക്കുമ്പോൾ പുകമറയിലേയ്ക്ക് മറഞ്ഞ്പോകുന്ന കാർ കണ്ട്
വെറുങ്ങലിച്ച് നിന്നു പോയി....
'അമ്മേ ...... അമ്മേ... '
എന്ന് വിളിച്ച് കരഞ്ഞുകൊണ്ട് കാറിന് പിന്നാലെ ഓടി.. അകന്ന് പോകുകയായിരുന്നു ആ ചുവപ്പ് വെളിച്ചം..
പെട്ടെന്ന് തോന്നിയ ബുദ്ധിയിൽ ആ കുന്നിലേയ്ക്ക് വലിഞ്ഞുകയറി..
വെപ്രാളപെട്ട് കയറി മുകളിലെത്തി .താഴെയ്ക്ക് ഊർന്നിറങ്ങുമ്പോൾ അടിതെറ്റി.
കല്ലിലും ,കമ്പിലും ഉരഞ്ഞ് ഊർന്നിറങ്ങി
ഒരു വിധം റോഡിൽ എത്തി. തൊട്ടു മുന്നിലായ് അമ്മ കയറിയ കാർ..പതിയെ നീങ്ങുന്നു.
അവൻ ഓടി ...
പെട്ടെന്ന് കണ്ടു തല പുറത്തേയ്ക്കിട്ട് തന്നെ തന്നെ നോക്കുന്ന അമ്മയെ.. ആ കണ്ണുകൾ നിറഞ്ഞിരിന്നുവോ...??
കണ്ണാടിയിലൂടെ ചിരിക്കുന്ന പുതിയ ഡാഡിയുടെ
മുഖം.
ഓടിക്കുഴഞ്ഞ് തളർന്ന് വീണത് ഒരു പറ്റംആടുകൾക്കിടയിലായിരുന്നു. ജീവിതം ഇന്നും ആടുകൾക്കിടയിലാണ്.
സ്നേഹിച്ചാൽ തിരിച്ച് കിട്ടുന്നസ്നേഹം.
കുന്നിനപ്പുറത്ത് നിന്നും ഇപ്പുറമെത്താൻ നിമിഷങ്ങൾ മാത്രം മതി ഇന്നവന്. പക്ഷെ അന്ന് ഒരൽപ്പം വൈകിപ്പോയി.....
ഇന്നും തന്നെ ഉപേക്ഷിക്കാൻ കൊണ്ട് വന്നതല്ലിവിടെ എന്ന് അന്തരംഗം വെറുതെ വാശി പിടിക്കുന്നു.
അടുകളോടൊപ്പം അവനും പതിയെ കോടമഞ്ഞിൽ മറഞ്ഞു..
8ാം നാൾ.....
-------------------
അന്നും പതിവ് പോലെ ആടുകളുമായി മലയിറങ്ങി വന്നു..
എന്നെത്തെയും പോലെ കുന്നിൽ ഓടിക്കയറി
റോഡിലിറങ്ങി.കണ്ണുകൾ പായിച്ചു.പെട്ടെന്നാണ് ആ കാഴ്ച കണ്ടത്..
ഒരു കാറിന് പിന്നാലെ ഓടുന്ന വ്യദ്ധയായ ഒരു സ്ത്രീ....
കാറിന്റെ ചുവപ്പ് വെളിച്ചം കോടമഞ്ഞിൽ മറഞ്ഞു കഴിഞ്ഞിരുന്നു.
ആ സ്ത്രീ ഒരു കല്ലിൽ തട്ടി റോഡിൽ മറിഞ്ഞ് വീണു.
അവൻ പതിയെ അവർക്കരുകിലെത്തി.
അവരെ പിടിച്ചെഴുന്നേൽപ്പിച്ചു.കയ്യിലും കാലിലും ചോര പൊടിഞ്ഞിരിക്കുന്നു. പൊടിയും ചോരയും അവൻ പുതച്ചിരുന്ന തുണികൊണ്ട് തുടച്ചു.
"എന്ത് പറ്റി..??"
പതിയെ ചോദിച്ചു.
അത് കേട്ട് അവർ അവനെ സൂക്ഷിച്ച് നോക്കി.
നിറകണ്ണുകളോടെ വിറയാർന്ന ചുണ്ടുകൾ അനക്കി.കാറ് മറഞ്ഞ ദിക്ക് ചൂണ്ടി.
"കർമ്മഫലമാണ് മോനെ. .. അനുഭവിക്കുക തന്നെ.. "
അവർ മുഖം കുനിച്ചു.
അവൻ അവരുടെ കൈകവർന്നു.പതിയെ ആടുകൾക്കൊപ്പം നടന്നു .കൂടെ എങ്ങോട്ടെന്നറിയാതെ അവരും..
അവന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു.
"അമ്മ.... "
അവന്റെ ഹൃദയം തുടിക്കുന്നുണ്ടായിരുന്നു.
ഒപ്പം ആ വൃദ്ധയുടെ മൂക്കിൻ തുമ്പത്തെ ആ കറുത്ത മറുകും....
By
Nizar Vh

ദോഞ്ചാലി [ ഹാസ്യം]


ദോഞ്ചാലി [ ഹാസ്യം]
"എടീ ...ആരാടീ അവൻ...?
സാവിത്രിയുടെ മുടിക്ക് കുത്തിപ്പിടിച്ച് സഹദേവൻ അലറി.
"അയ്യോ നാട്ട്കാരെ ഓടിവായോ... ഈ പണ്ടാരക്കാലൻ എന്നെക്കൊല്ലുന്നെയ്.. "
ഒരു കയ്യാൽ മുടിയിൽ പിടിച്ച് മറുകൈ കൊണ്ട് സ്വന്തം നെഞ്ചത്ത് ഇടിച്ച് കൊണ്ട് വലിയ വായിൽ നിലവിളിച്ചു.
സഹദേവന്റെ ബലിഷ്ഠമായ കരങ്ങളിൽ അ
കാർകൂന്തൽ കെട്ട് നിന്ന് തിളങ്ങി.
"എടീ ആരാടി അത് ..ഇപ്പോ ഇവിടെ നിന്ന് ഇറങ്ങിപ്പോയവൻ...?" സഹദേവന്റെ പല്ല് കടിക്കുന്ന ശബ്ദം അതിലും ഉച്ചത്തിൽ മുഴങ്ങി.
"നിങ്ങള് ഇത് ആരുടെ കാര്യമാഈ പ്പറയുന്നത് മനുഷ്യാ.. മുടിയിൽ നിന്ന് വിട് ?"
സാവിത്രി വേദനയിൽ പുളഞ്ഞു.
"ഇപ്പം ഇവിടുന്ന് ഇറങ്ങിപ്പോയവന്റെ കാര്യാ. ആരാടി അത്.. പറയാൻ.."
ഞരമ്പുകൾ വലിഞ്ഞ് മുറുകിയ ആ കൈകളെ വിടുവിക്കാൻ സാവിത്രി ഒരു പാഴ്ശ്രമം നടത്തി.
സഹദേവന്റെചെറിയ കണ്ണുകൾ ചോര പോലെ ചുവന്നിരൂന്നു.. മെലിഞ്ഞ ആ ദേഹം ആടിയാടി നിന്നു. മുടിയിലെ പിടുത്തം വിട്ടാൽ താഴെ വീഴും എന്ന കണക്ക്..
"എടീ നിന്നോടാ ചോദിച്ചെ .. ഇവിടുന്ന് ഇറങ്ങിപ്പോയവൻ അല്ലെടി നിന്റെ ജാരൻ...? "
"അയ്യോ.. എന്റെ പൊന്നാങ്ങളെ ...ഇതെല്ലാം കേൾക്കുന്നുണ്ടോ....?? അയ്യോ ... അയ്യോ.. " 'ജാരൻ' എന്ന വാക്ക് സാവിത്രിയുടെ ഉപബോധമനസ്സിൽ ആഴത്തിൽ സ്പർശിച്ചു .സങ്കടം സഹിക്കവയ്യാതെ.
ഒരു കൈ കൊണ്ട് സ്വന്തം തലയിൽ രണ്ട് അടിവച്ച് കൊടുത്തു സാവിത്രി.
"പിന്നെ നിന്റെ ഒരാങ്ങള... പ്ഫൂ...! അവൻ എന്നെ അങ്ങ് ചെത്തിക്കളയും..."
കഴിഞ്ഞ മാസം ഇത് പോലെ ഒരു പ്രശ്നമുണ്ടായപ്പോൾ അവൻ വന്നു .. ഇരുട്ടിൽ മാറ്റി നിർത്തി കരണത്ത് ഒന്ന് തന്നതിന്റെ വേദന ഇപ്പോഴും മാറിയിട്ടില്ല. പക്ഷെ ഇപ്പോൾ ആള് സ്ഥലത്തില്ല. അത് ഓർത്തപ്പോൾ വീണ്ടും ഉൻമേഷവാനായ് .
" പിന്നെ എങ്ങിനെയാടീ നിന്റെ മുത്തമോനും അവനും ഒരു പോലിരിക്കുന്നത്... ??"
"ങ്ങേ......???"
സാവിത്രിയുടെ ക്ഷമ നശിച്ചു.
ഒരു നിമിഷം നാഗവല്ലിയായ് മാറി. കോപം കൊണ്ട് വിറച്ച നാഗവല്ലി സഹദേവനു നേരെ പെരുവിരൽ ചൂണ്ടി അലറി
" ദേ മനുഷ്യാ വേണ്ടാദീനം പറഞ്ഞാലുണ്ടല്ലോ...??"
സഹദേവൻ ആ വിരൽ കടന്നുപിടിച്ചു തിരിച്ചു കൊണ്ട് ചോദിച്ചു.
" പറഞ്ഞാൽ നീ എന്ത് ചെയ്യുമെടീ...??"
വേദന കൊണ്ട് പുളഞ്ഞനാഗവല്ലിയുടെ കണ്ണുകളിൽ നിന്നും കണ്ണീർ ഒഴുകി.
കൃത്യം ഈ സമയം കയ്യിൽ കുറച്ച് പേപ്പറുകളുമായ് .ഒരാൾ അവിടെയ്ക്ക് വന്നു.
"ദാ ചേച്ചി ... നിങ്ങളുടെ ഈ മാസത്തെ ബില്ല്.. തരാൻ മറന്നു. "
അയാൾ ഒരു കടലാസ് നീട്ടിക്കൊണ്ട് പറഞ്ഞു.
അത് കേട്ട് വീണ്ടും സഹദേവന്റെ പല്ലുകൾ കൂട്ടിമുട്ടി ശബ്ദ്ധമുയർന്നു.
"ഓഹോ.... ബില്ല് വരെയായ്... അല്ലെടീ... "
മൂവരും പരസ്പരം നോക്കി ...
"ഇവനല്ലെടീ കുറച്ച് മുന്നെ നീ വിളിച്ച് കയറ്റിയ നിന്റെ ജാരൻ...???"
സാവിത്രിയുടെ കണ്ണുകൾ തുറിച്ചു. മൂക്കുകൾ വിടർന്നു. സർവ്വ ശക്തിയുമെടുത്ത് സഹദേവനെ ആഞ്ഞൊരു തള്ള്...
അന്തരീക്ഷത്തിലൂടെ പറന്ന സഹദേവൻ അല്പം മാറി നടുവും തല്ലി വീണു.
" പ്ഫ....! ഈ വെള്ളെലിക്കുഞ്ഞ് പോലിരിക്കുന്ന ഈ തെണ്ടിയാണോ എന്റെ ജാരൻ .. നിങ്ങൾക്ക് വെറെ കാണാൻ കൊള്ളാവുന്ന ആരെയും കിട്ടിയില്ലെ എന്റെ ജാരനാക്കാൻ.??? എന്റെ മനുഷ്യാ ഇത് കറന്റ് ചാർജ് നോക്കാൻ വന്ന യാളാ.. "
അ കിടപ്പിൽ കിടന്ന്സഹദേവൻ ദയനീയമായ് അവരെ മാറി മാറി നോക്കി.കുറ്റബോധം കാരണം പല്ലുകൾ വീണ്ടും ശബ്ദമുണ്ടാക്കി.
അപ്പോഴാണ് സഹദേവൻ അ കാഴ്ച കണ്ടത്.
തന്റെ ഭാര്യയിൽ ഒരു മാറ്റം. ഭാര്യയ്ക്ക് പകരം മറ്റൊരു സ്ത്രി .പെട്ടെന്നാണ് തന്റെ കയ്യിലിരിക്കുന്ന സാധനം കണ്ണിൽപെട്ടെത് .
സാവിത്രിയുടെ മുടി പറിഞ്ഞ് പോന്നിരിക്കുന്നു.
അവളുടെ തലയോട്ടിതെളിഞ്ഞ് കാണാം .
അങ്ങിങ്ങായ് കുറച്ച് മുടികൾ നീണ്ട് കിടക്കുന്നു.
ആ കാഴ്ച സഹദേവനെ തളർത്തി.
സാവിത്രിയും കണ്ടു അ മുടി .അവൾ വേഗം അ മുടി കൈക്കലാക്കി യഥാസ്ഥാനത്ത് വച്ചു.ഒരു നിമിഷം കൊണ്ടുള്ള പ്രവർത്തി ആയതിനാൽ സഹദേവന് ഒന്നും മനസ്സിലായില്ല..
മീറ്റർ റീഡിംങ്ങിന് വന്ന ആ ഓഫിസർ എല്ലാം കേട്ടും കണ്ടു പകച്ചു നിന്നു.
ഈ സമയം സാവിത്രി മണ്ണിൽ എന്തോ ശക്തിയായ് ചവിട്ടി ഞെരിക്കുന്നത് ശ്രദ്ധയിൽ പെട്ട സഹദേവൻ ആ കാഴ്ച കണ്ടു വെറുങ്ങലിച്ചു പോയ്.സവിത്രിയുടെ കാലുകൾക്ക് അടിയിൽ.....
പിടിവലിക്കിടയിൽ മടിക്കുത്തിൽ നിന്നും താഴെ വീണ് പോയ ദിനേശ് ബീഡി ചതഞ്ഞരഞ്ഞ് കുടൽ വെളിയിൽ ചാടി ചത്ത് മലച്ച് കിടക്കുന്ന ഹൃദയഭേദകമായ കാഴ്ച..
സവിത്രി സഹദേവനെ എഴുന്നേൽപ്പിച്ചു നിർത്തി.
ഈ സമയം ഓഫിസർ അയാൾക്കരുകിലെത്തി.
പടക്കം പൊട്ടു പോലെ ഒന്നും കൊടുത്തു.
" ഇത് എന്തിനാണ് എന്ന് മനസ്സിലായോ..??"
ഓഫിസർ സഹദേവനോട് ചോദിച്ചു.
കവിൾ തിരുമിക്കൊണ്ട് കണ്ണും തോളും ചലിപ്പിച്ച്
'ഇല്ലാ ' എന്ന് ആഗ്യം കാട്ടി.
" ഇത് പോലുള്ള
ഒരു സാധനത്തിന് എന്നെ ജാരനാക്കിയതിന്..." ഓഫിസർ പിന്നെയും അടിക്കാൻ കയ്യോങ്ങി.
"അയ്യോ നാട്ടുകാരെ ഓടിവായോ ... ഇതിയാനെ ഈ സാറ് തല്ലി കൊല്ലുന്നെ... യ്..."
സാവിത്രി വിളിച്ച് കൂവി.
ഇത് കേട്ട് ഭയന്നാവണം ഓഫിസർ വേഗം സ്ഥലം കാലിയാക്കി.
സാവിത്രി സഹദേവനെ നോക്കി ചിരിച്ചു കൊണ്ട് ശൃങ്കാരത്തോടെ മൊഴിഞ്ഞു.
" എന്താ മനുഷ്യാ നിങ്ങൾ കരുതിയെ...?ഞാനെന്താ ' ദോഞ്ചാലിയാ..'??
അതു കേട്ടു സഹദേവൻ കണ്ണു മിഴിച്ചു..
"ദോഞ്ചാലിയോ...??"
'' അ .. പാഞ്ചാലിക്ക് അഞ്ചാകുമ്പോൾ ഞാനെന്താ ദോഞ്ചാലിയാ....." സാവിത്രി വിശദീകരിച്ചു.
അ നർമ്മം സഹദേവനെ ചിരിപ്പിച്ചു.
സഹദേവൻ ചിരിച്ച് കൊണ്ട് സാവിത്രിയെ അടുത്തേയ്ക്ക് വിളിച്ചു. നാണത്തോടെ വിരൽ കടിച്ചു കൊണ്ട് അടുത്ത് ചെന്നു.
സഹദേവന്റെ കൈ സാവിത്രിയുടെകവിളിൽ ആഞ്ഞു പതിഞ്ഞു.
" ഇത് എന്തിനാന്നറിയോ.?"സഹദേവൻ സ്നേഹത്തോടെ ചോദിച്ചു
"ഇല്ല..." സാവിത്രി കവിൾ തടവി.
"ഈ തിരപ്പനും വച്ച് ഇത്രയും നാൾ എന്നെ പറ്റിച്ചതിന് ."
സാവിത്രി പകച്ചു ,പണ്ടാറമടങ്ങി നിന്നു.
ശുഭം.
Nizar Vh

[ചെറുകഥാ ലൈറ്റ് ഹൗസ്


[ചെറുകഥാ
ലൈറ്റ് ഹൗസ്
÷÷÷÷÷÷÷÷÷÷÷
കരൾ പകുത്തനോവും മാറാപ്പിലാക്കി തുടരുകയായി യാത്ര.
മോക്ഷത്തിലേയ്ക്കല്ല... മോക്ഷം വിദൂരമാണെന്ന് ഹൃദയം മന്ത്രിച്ച് കൊണ്ടെ ഇരുന്നു. ദൂരെ ...വിരഹത്തിൻ നൊമ്പരം ചൊല്ലുവാനാവാതെ മൗനമായ് വീണ്ടുമൊരസ്തമയം.
ഉള്ളിൽ ചെറുചിരി ഉയർന്നു.
എത്ര അസ്തമയങ്ങൾക്ക് സാക്ഷിയായ ഈ കണ്ണുകളുടെ കാഴ്ച
മങ്ങിത്തുടങ്ങിയിരിക്കുന്നുവോ..?
തുടരുന്ന ഈ യാത്രയുടെ അന്ത്യം ഏതെങ്കിലുംതെരുവിൽ ആയിരിക്കാം .ഭിക്ഷാംദേഹികളുടെ അവസാനം ഇത്തരത്തിലായിരിക്കുമല്ലോ.. !
തെരുവുകളിൽ നിന്നും തെരുവുകളിലേയ്ക്ക്.ആൾക്കൂട്ടത്തിൽ ഒരുവനായ്.. അകറ്റി നിർത്തപ്പെടുന്ന യാചക വേഷം നന്നായ് ചേരുന്നു.
സമ്പാദ്യമായ് ഈ വിശപ്പ് മാത്രം.
റോഡിൻ ഓരത്തെ കറുത്ത ഗ്ലാസ് പതിപ്പിച്ച കാറിൽ തന്റെ പ്രതിബിബം കണ്ട് ചിരി വന്നു.
വെളള കയറി നീണ്ട തലമുടിയും ,മുഷിഞ്ഞ വേഷവും ഒട്ടിയ വയറും ,കവിളുകളും .. ശരിക്കും ഒരു പിച്ചക്കാരൻ തന്നെ..
പഴയ തന്റെ പ്രധാപ കാലം ഉള്ളിൽ തെളിഞ്ഞു..
രാജാവായ് വാണിരുന്നകാലം.
വെട്ടിപ്പിടിച്ചും, ചതിച്ചു, ..കാശിന്റെ ഹുങ്കിൽ മതിമറന്ന ജീവിതം.
പാവം ലക്ഷ്മി എത്രമാത്രം സഹിച്ചിരുന്നു തന്നെ.
അവളുടെ മരണത്തോടെയാണ് തന്റെ പതനത്തിന് ആരംഭമായത്.
അൻപത്തിമൂന്ന് കാരനായ താൻ വയസ്സനായിത്തീർന്നത് പെട്ടെന്നായിരുന്നു.
അല്ലെങ്കിൽ തീർത്തു.
എന്ത് ചെയ്താലും കുറ്റങ്ങൾ മാത്രം നിരത്തി തന്നെ ശകാരവാക്കുകൾ കൊണ്ട് ശിക്ഷിച്ച മരുമകൾ.
മകൻ പാവപ്പെട്ട വീട്ടിലെ ഒരു പെൺകുട്ടിയെ പ്രണയിച്ചപ്പോൾ എതിർത്തില്ലഅവന്റെ കൂടെ നിന്നു.
അവളാണ് ഈ മരുമകൾ..
ഒരു ദിവസം മകന്റെ സ്നേഹം കരകവിഞ്ഞൊഴുക്കിയത് കണ്ട് മതി മറന്നു. പേരക്കുട്ടികളുമായ്
ഒരു വിനോദയാത്ര. ഒടുവിൽ വ്യദ്ധമന്ദിരത്തിൽ എത്തി നിന്നപ്പോളാണ്ഞെട്ടിയത്.
നിറഞ്ഞ കണ്ണുകൾ കാണുവാൻ നിൽക്കാതെ മകൻ മടങ്ങുന്നത് കണ്ടു നിൽക്കുവാനെ കഴിഞ്ഞുള്ളു.
എത്ര ശ്രമിച്ചിട്ടും അവിടെയുള്ള ജീവിതവുമായ് പൊരുത്തപ്പെടാനായില്ല.
ഓടുകയായിരുന്നു. വെറും കയ്യുമായ്.
വിശന്നപ്പോൾ വെറുതെ കൈ നീട്ടിയതാ .. ചില്ലറ തുട്ടുകൾ നീട്ടിയ കൈകളിൽ വീണപ്പോൾ വിശപ്പ് ഒഴിഞ്ഞു. വർഷങ്ങൾ പിന്നിട്ടത് എത്ര വേഗമായിരുന്നു.
മങ്ങിയ കാഴ്ചയും ,വേച്ചു പോകുന്ന കാലടിയുമായ് തുടരുന്ന യാത്ര.
അസ്തമയം പൂർണ്ണമായ് കഴിഞ്ഞു.
വയ്യ .. കാലുകൾ കുഴയുന്നു..
ഈ പടവുകളിൽ അല്പം ഇരിക്കാം.
ഏറീ വരുന്നു കിതപ്പ് .മരണം എന്ന പ്രപഞ്ച സത്യത്തിലേയ്ക്കിനി ദൂരമില്ല എന്നത് അറിയുന്നു.
ഇരുൾ വീണ് തുടങ്ങിയിരിക്കുന്നു.
ആരോ ഓടിക്കിതച്ച് തനിക്ക് അരികിൽ വന്നിരുന്നത് അറിഞ്ഞു.
ആർത്തിരമ്പുന്നതിരമാലകളുടെ ശബ്ദത്തിൻമേൽ അകിതപ്പിൻ ശബ്ദം ഉയർന്ന് നിന്നിരുന്നു.
കയ്യിലിരുന്ന വെള്ളക്കുപ്പി അയാൾക്ക് നേരെ നീട്ടി.ആർത്തിയോടെ വാങ്ങി തൊണ്ടയിലേയ്ക്ക് കമഴ്ത്തുന്ന ആയാളെ വാത്സല്യത്തോടെ നോക്കി.
തേങ്ങിക്കരച്ചിൽ കേട്ടു .
അയാൾ കരയുകയാണ്. തേങ്ങിക്കരച്ചിൽ പതിയെ പൊട്ടിക്കരച്ചിലിന് വഴിമാറി.
ദു:ഖങ്ങൾ അണപൊട്ടിയൊഴുകട്ടെ..
താനും ഇത് പോലെ എത്ര കരഞ്ഞിരിക്കുന്നു.
തിരമാലകൾക്ക് ശക്തിയേറുന്നു. കരയുടെ മേൽ താണ്ഡവമാടുന്നു.. പതിയെ ശാന്തമായ് ചിരിക്കുന്നു. കടലും അയാളും.
"എന്ത് സംഭവിച്ചു..??"
വർഷങ്ങളായ് തുടരുന്ന മൗനവൃതം എന്തിനെന്നറിയാതെ മുറിച്ചു.
കണ്ണീർ തുടച്ചു കൊണ്ട്. പതിയെ അയാൾപറഞ്ഞു.
" ഞാനിപ്പോൾ വരുന്നത് വ്യദ്ധമന്ദിരത്തിൽ നിന്നുമാണ്.. "
അയാൾ മൗനമായ്.. നിശബ്ദതയിൽ ഗദ്ഗദങ്ങൾ ഉയർന്നു.
"എങ്ങിനെ.. അവിടെ എത്തി.???"
മറുപടി ഊഹിക്കാം എങ്കിലും ചോദിച്ചു.
"കർമ്മഫലമാണ് അനുഭവിച്ചെ തീരു... "
അയാൾ വീണ്ടും മൗനത്തിലേയ്ക്ക് വീണു..
ലൈറ്റ് ഹൗസിൽ നിന്നുമുള്ള വെട്ടത്തിൻ കൂട്ടങ്ങൾ ഒരു നിമിഷം ആഗതനിൽ പതിഞ്ഞു.
അയാളെ ശരിക്കും കണ്ടു. ഞെട്ടിപ്പോയ്.
മനസ്സ് ഒന്നു പിടഞ്ഞു..
" സത്യമാണ് മകനെ .. കർമ്മഫലമാണ് നിന്റെ പിതാവിനെ നീയും ആ ആശ്രമത്തിലല്ലെ കളഞ്ഞത്..??"
അയാൾ ഞെട്ടുന്നത് ആ ഇരുട്ടിലും തിരിച്ചറിഞ്ഞു.
"അന്ന് നിന്റെ കൂടെ നിന്റെ മകനും ഉണ്ടായിരുന്നു..!! "
വാക്കുകളാം കൂരമ്പുകളേറ്റ് അയാൾ പിടയുന്നത് ശ്രദ്ധിക്കാതെ തുടർന്നു.
" മകനെ ബാലു .വരു. ..ഈ അച്ഛന്റെ കൈ പിടിക്കു ,
എന്റെയീ യാത്ര അവസാനിക്കുംവരെ.. ഞാനുണ്ടാവും നിനക്ക്...!!"
ഇരുളിൽ ഒരുപൊട്ടിക്കരച്ചിൽ ഉയർന്നു..
ലൈറ്റ് ഹൗസിലെ വെട്ടത്തിൻ കൂട്ടം തിരമാലകളോട് പടപൊരുതി തോറ്റ് മടങ്ങി വന്നു.
ശുഭം.
By
Nizar vh

പ്രഭാതമകലെ [ കഥ]


പ്രഭാതമകലെ [ കഥ]
----------
കുഞ്ഞോളങ്ങൾതമ്മിൽ പരിഭവത്തോടെതല്ലിപതഞ്ഞു അലിഞ്ഞില്ലാതാവുന്നു. ദൂരെ മീൻവലയെറിയുന്ന ചെറുതോണികൾ ഓളത്തിനൊത്ത് ചാഞ്ചാടുന്നു. തിങ്ങിനിറഞ്ഞ കപ്പപ്പായയലിൻമേൽ നീലക്കുറിഞ്ഞി പൂത്തപോൽ നീല പൂക്കൾ.
മഹി വീണ്ടുമൊരു സിഗററ്റിന് കൂടീ തീ കൊളുത്തി.
പതിവില്ലാത്തതാണ് പുകവലി.
പുലരിപൂർണ്ണമായിക്കഴിഞ്ഞു. സൂര്യൻ ഉറക്കമുണർന്നിരിക്കുന്നു.
ഈ കായൽക്കരയിൽതനിയെനിൽക്കുമ്പോൾ പുതിയ ഉന്മേഷംനിറയും.
ക്ലാവ് പിടിച്ചഓർമ്മകൾക്ക്ആരോചായം പൂശുന്നു.
തെളിഞ്ഞ് വരുന്നുപോയകാലം.
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോളായിരുന്നു സഹപാഠിയായ മീനാക്ഷിയോട് കലശലായപ്രേമം ഉടലെടുത്തത്.
കൂട്ടുകാരായിരുന്നു അതിനുകാരണക്കാർ.
തൊട്ടടുത്തിരിക്കുന്ന രാജീവാണ് പറഞ്ഞത്
"മോനെ... ഈ പ്രേമം ഉണ്ടല്ലോ.. അതൊരു സംഭവമാ..."
"എന്ത് സംഭവം...??"
രാജീവ് മുന്നിലേയ്ക്ക് വീണമുടി നേരെയാക്കാൻ ശിരസ്സ് ഒരു വശത്തേയ്ക്ക് വെട്ടിച്ചു കൊണ്ട് പറഞ്ഞു.
"അത് പറഞ്ഞറിയിക്കാൻ പറ്റില്ല. അത് അനുഭവിച്ച്അറിയുക തന്നെ വേണം... "
"ഓ.... അതിന് എന്നെ ആര് പ്രേമിക്കാൻ....?"
നിരാശയോടെ ചോദിച്ചു.
"ഈ ക്ലാസിലെ ആരെ നിനക്ക് വേണം...???"
രാജീവ് പെൺകുട്ടികൾ ഇരിക്കുന്ന വശത്തേയ്ക്ക് വിരൽ ചൂണ്ടി കൊണ്ട്. രാജാവിനെപോലെ ചോദിച്ചു.
ഒട്ടുംആലോചിക്കാതെ പറയാമായിരുന്നു. -മീനാക്ഷിയെന്ന്. പക്ഷെ ആലോചിക്കും പോലെ ഭാവിച്ചതിന് ശേഷം.
മടിച്ച് മടിച്ച് പറഞ്ഞു..
" മീനാക്ഷി... "
അവൾ പണ്ടെ മനസ്സിൽ ചേക്കേറിയതാണ്
വലിയ വട്ട പൊട്ട് തൊടുന്ന അവളുടെ വലിയ കണ്ണുകൾ നല്ല ഭംഗി ആയിരുന്നു. ചിരിക്കുമ്പോൾ തെളിയുന്ന ആ നുണക്കുഴികൾ നോക്കി മതിമറന്ന് ഇരുന്നിട്ടുണ്ട്.
"എടാ ഭയങ്കരാ... നീ ആള് കൊള്ളാല്ലോ. പുളിങ്കൊമ്പിലാണല്ലോ പിടിച്ചിരിക്കുന്നത്..... "
കാശുള്ള വീട്ടിലെയായിരുന്നു മീനാക്ഷി.
പിന്നീടുള്ള ദിവസങ്ങളിൽ മീനാക്ഷിയെ വളയ്ക്കാൻ ഞാനറിയാതെ കരുക്കൾനീക്കി രാജീവ്.
ഒരു ദിവസം രാവിലെ ക്ലാസിൽ എത്തിയ ഞാൻ ഞെട്ടി .ബോർഡിൽ എന്റെയും മീനാക്ഷിയുടെയും പേരുകൾ.
എല്ലാവരും അതുകണ്ടു. മീനാക്ഷിയും.
വിയർപ്പ് പൊടിഞ്ഞകൈയ്യാൽ അത് മായിച്ചു.പക്ഷെ അ എഴുത്ത് മായാൻ കൂട്ടാക്കാതെ വീണ്ടുംതെളിഞ്ഞ് വരുന്നത് കണ്ട്.
എല്ലാവരും അത് കണ്ട് ചിരിച്ചു.
മീനാക്ഷിയുടെ കോപം കലർന്ന നോട്ടത്തിന് മുന്നിൽ തരിച്ച് നിന്നു.
അടുത്തനാൾ ഡ്രിൽ പീരിയഡിൽ ഗ്രൗണ്ടിൽ വച്ച് മീനാക്ഷി എന്റെ അടുത്തെത്തി.
" ചെക്കാ നീ ആണോ ബോർഡിൽ അങ്ങിനെ എഴുതിയത്...??"
എന്റെ ഹൃദയമിടിപ്പ് പുറത്ത് കേൾക്കാം എന്ന നിലയിലായ്..
" ഞാൻ... ഞാനല്ല..." വിക്കി വിക്കി പറഞ്ഞു.
"രാജീവ് പറഞ്ഞല്ലോ നിനക്ക് എന്നോട് പ്രേമമാണെന്ന്...?? ആണോ..???"
എന്റെ ഹൃദയമിടിപ്പ് നിന്നത് പോലെ ആയ്.
" അവൻ അങ്ങിനെ പറഞ്ഞോ....??'
ഭയത്തോടെ ഞാൻ ചോദിച്ചു.
"അതെ... "
"ഹേയ്.... അങ്ങിനെയൊന്നും ഇല്ല..." ഞാൻ പതറി.
" ഇല്ലെ.....??"
അവൾ സാകൂതം എന്നെ നോക്കി. അ കണ്ണുകളെ നേരിടുവാനാവാതെ എന്റെകണ്ണുകൾ പിൻവലിച്ചു.
അവൾ കൈയ്യിൽ ചുരുട്ടി പിടിച്ചിരുന്ന പേപ്പർ തുണ്ട് എന്റെ നേരെ നീട്ടികൊണ്ട് പറഞ്ഞു.
"ദാ ഇതും അവൻ തന്നതാ.. "
ഞാൻ അത് വാങ്ങി ഈ സമയം അവൾ തിരിഞ്ഞ് നടന്നിരുന്നു.
വെളുത്ത കാലിൽ പതിഞ്ഞ് കിടക്കുന്ന സ്വർണ്ണക്കൊലുസ്സ് മാത്രമെ കാണാനായുള്ളു.
രാജീവ് എന്താണ്എഴുതിയിരിക്കുന്നത് എന്ന് അറിയാൻ പേപ്പർ തുണ്ട് തുറന്നു.
' -വായിച്ച ഉടൻ കീറിക്കളയുക.-
എനിക്കുംമഹിയെ ഒരു പാട്ഇഷ്ട്ടമാണ്..
എന്ന് സ്വന്തം - മീനാക്ഷി ' -
എന്റെ ആഹ്ളാദത്തിന് അതിരില്ലായിരുന്നു
സ്വർഗ്ഗം കീഴടക്കിയവനായി തീർന്നിരിക്കുന്നു.
അന്ന് മുതൽ മീനാക്ഷിക്ക് വേണ്ടിയുള്ളതായിരുന്നു പ്രഭാതങ്ങൾ പിറന്നത്.
അവധി ദിവസങ്ങളെ വെറുത്തു.
എത്ര എത്ര പച്ച കവറുള്ള പാരീസ് മിഠായികൾ കൈമാറി.
എഴുതിയാൽ കാണാവുന്നിടത്തക്കെ അവളുടെ പേരുകൾ ചിത്രങ്ങളായ്.
ഞങ്ങളുടെ പ്രേമം അങ്ങിനെ നിശബ്ദ്ധമായ് മുന്നേറി സ്ക്കൂൾ ജീവിതത്തിന് വിരാമമിട്ടു.
കോളേജിലെത്തി അവിടെയും ഞങ്ങൾ ഒന്നായിരുന്നു.
വർഷങ്ങൾ കടന്ന് പോയിരുന്നു.
ഒരു നാൾ കരഞ്ഞു കലങ്ങിയ കണ്ണുകളുമായ് അവൾ മുന്നിലെത്തി.
കയ്യിലിരുന്ന പ്ലാസ്റ്റിക്ക് സഞ്ചി എന്റെ മുന്നിലേയ്ക്കിട്ടു.
"മഹി ,നി എനിക്ക് തന്ന എല്ലാമുണ്ട് ഇതിൽ. കഴിഞ്ഞ തെക്കെ നമുക്ക് മറക്കാം.ഇനി എന്നെ ശല്ല്യം ചെയ്യരുത്.."
മുഖത്തടിച്ച പോലെ ഇത്രയുംപറഞ്ഞിട്ട് അവൾ നടന്ന് നീങ്ങി.
പൊട്ടിത്തകർന്ന ഹൃദയവുമായ്ഞാൻ നിന്നു.
എന്താണ് ഞാൻ ചെയ്ത തെറ്റ്..??
വീണ്ടും അവളെ കാണുവാൻ ഒരു പാട് ശ്രമിച്ചു. നിരാശ ആയിരുന്നു ഫലം. അവളുടെമൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു
ആ വഴിയുംഅടച്ചിരുന്നു.
മീനാക്ഷിയെ തേടിഅവളുടെ വീട്ടിലെത്തി. പക്ഷെ
അത് അടഞ്ഞുകിടക്കുന്നു.
അയൽ വീട്ടിൽ അന്വക്ഷിച്ചു ചെന്നു.
"മുതലാളിയുടെ ബിസ്സിനസ്സ് തകർന്നു. കടം കയറി എല്ലാം പോയ് ,കാറും ,വീടും എല്ലാം.
അവർ എങ്ങോട്ടോപോയ്..!
എവിടെയ്ക്കാണ് പോയത് എന്നറിയില്ല.."
പാവം മീനാക്ഷി. അപ്പോൾ ഇതായിരിക്കും കാര്യം.
പല വഴിക്കും അന്വക്ഷിച്ചു. മീനാക്ഷിയുടെ ബന്ധുക്കളുടെവീട്ടിലും ചെന്നു.
ആർക്കും അറിയില്ല.അവർ എവിടെ പോയെന്ന്..
പിന്നെയും വർഷങ്ങൾ കൊഴിഞ്ഞു.
ഞാനിന്ന് സർക്കാർ ജീവനക്കാരൻ ആണ് .
വിവാഹക്കാര്യം പറഞ്ഞു അമ്മ ശല്ല്യപ്പെടുത്താൻ തുടങ്ങിയിട്ട് കുറെ നാളായ്.
എന്തായാലും ഒരു തീരുമാനത്തിലെത്തിയെ പറ്റു. അച്ഛന്റെ അന്ത്യശാസന.
മീനാക്ഷി നൊമ്പരമായ് ഉള്ളിൽ ഇന്നുമുണ്ട്.
എവിടെ അവൾ....??
എന്നെങ്കിലും അവൾ തിരികെവരും. എന്ന വിശ്വാസം ഉണ്ട്.
അതിനിടയിലായിരുന്നു സ്ഥലമാറ്റമായത്.
പുതിയ സ്ഥലവുമായ് പെട്ടെന്ന് ഇണങ്ങി. ശാന്തസുന്ദരമായ സ്ഥലം.
ദിവസങ്ങൾ കടന്നു.
സിറ്റിയിൽ ഒരു തെരുവ് കച്ചവടക്കാർ കയ്യേറി.
ആൾക്കാർക്ക് പ്രത്യേകിച്ച്കാൽനടക്കാരുടെ പരാതി പരിഗണിച്ച് കച്ചവടക്കാർക്ക് പല പ്രാവിശ്യംനോട്ടീസ് കൊടുത്തുഒഴിയാൻ.
അവസാന നടപടിയായ ഒഴിപ്പിക്കലിനായ് പോലീസ്നൊപ്പം തെരുവിൽ എത്തി.
ഒഴിപ്പിക്കൽ ആരംഭിച്ചു.
ഭിക്ഷക്കാരെ ബലം പ്രയോഗിച്ച് മാറ്റുന്നത് കണ്ടപ്പോൾ സങ്കടം തോന്നി.
പെട്ടെന്നാണ് ഒരു പെൺകുട്ടിയുടെകയ്യുംപിടിച്ച് പതിയെ നടന്ന് വരുന്ന യുവതിയിൽ കണ്ണുടക്കിയത്.
അതെവലിയ പൊട്ടുകൾ ..
രൂപത്തിൽ മാത്രം അല്പംവിത്യസം.
എന്റെമീനാക്ഷി...
വിശ്വാസിക്കാനാവാതെ ഞാൻ നിന്നു.
അവർ അടുത്തെത്തി.. ഹൃദയം ഉറക്കെ ഇടിച്ചു കൊണ്ടിരുന്നു.
" മീനാക്ഷി..... ...."
പതിയെ വിളിച്ചു..
അവൾ ഞെട്ടലോടെ മുഖമുയർത്തി.
എന്നെ കണ്ട് അവളുടെ മുഖത്ത് അമ്പരപ്പായിരുന്നു.
പതിയെ ശോകത്തിലേയ്ക്കും ,പിന്നെ കുറ്റബോധത്തിലേയ്ക്കും മാറുന്നത് കണ്ടു.
സാരിത്തലപ്പാൽ പൊട്ടിവീണ കരച്ചിൽ അമർത്തി.
"മഹി... "
അവളുടെ വാക്കുകൾ മുറിഞ്ഞു.
ഈ സമയം പിന്നിൽ നിന്ന് പെൺകുട്ടി
അവളുടെ കൈ പിടിച്ച് വലിച്ച് കൊണ്ട്
" നടക്ക് അമ്മെ...."
ഞെട്ടിപ്പോയ്..
അമ്മ..!! .അപ്പോൾ മീനാക്ഷി..?
ഭൂമി പിളർന്ന് പോയെങ്കിലെന്ന് ഞാൻ ആശിച്ചു.
അപെൺകുട്ടി അവളെയും പിടിച്ച് വലിച്ച് കൊണ്ട് നടന്നു.
മീനാക്ഷി നിറകണ്ണുകളോടെ പിൻതിരിഞ്ഞ് നോക്കി കൊണ്ട് നടന്നകന്നു.. തകർന്ന്പോയ നെഞ്ചകം
പൊട്ടിക്കരയുക ആയിരുന്നു .
- - - - - - - - - - - - - - - - - - - - - -
[കമന്റ് ചെയ്യാൻ വരട്ടെ . കുറച്ച് കൂടീ ബാക്കിയുണ്ട്.]
" അത് ശരി ഇവിടെ വന്നു നിൽക്കുവാണോ..? എവിടെയൊക്കെ തിരഞ്ഞെന്നറിയോ..?"
ഭാര്യയുടെ ശബ്ദം ഓർമ്മകളിൽ നിന്നുണർത്തി.
"എന്താണ് ഇപ്പോഴും... ഒരാലോചന." അവളുടെ കുസൃതി കലർന്ന ചോദ്യം.
"ഹേയ്......" അവളെ ചേർത്ത് നിർത്തി നെറ്റിയിലെ അ വലിയ പൊട്ടിൽ ഒരു ചുംബനം നൽകി കൊണ്ട് തുടർന്നു.
" അന്ന് നീ തിരികെ വന്നില്ലായിരുന്നെങ്കിൽ. അ കുട്ടി നിന്റെ സ്വന്തം മകളാണ് എന്ന് കരുതി വെറെ വിവാഹത്തിന് സമ്മതം മൂളിയനെ..
അയൽവീട്ടിലെ കുട്ടിയാണെന്ന് പിന്നെയല്ലെ അറിഞ്ഞത്.. "
"എങ്കിൽ ഈ മഹിയെ ഞാൻ കൊന്നെനെ... "
അവൾ ചിരിച്ചു.
അ നുണക്കുഴികൾ തെളിഞ്ഞു വന്നു..
ശുഭം.
✍Nizar vh

വിഷം തീണ്ടാത്തവർ [ചെറുകഥ ]


വിഷം തീണ്ടാത്തവർ [ചെറുകഥ ]
അവൻ എന്തിന് അത് ചെയ്തു...?
എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.
കൂടെ പിറന്നില്ല എന്ന് മാത്രമെഉള്ളു. ഷാജഹാനും ഞാനുംസഹോദരങ്ങളെപോലെ ആയിരുന്നു.
ഞങ്ങൾഎപ്പോഴും ഒരുമിച്ചായിരുന്നു. വിദ്യാഭ്യസവും ,ജോലിയും എല്ലാം ഒന്നിച്ച്.
മാതാപിതാക്കളുടെ കൂടെ കഴിഞ്ഞ ദിനങ്ങളെക്കാൾ കൂടുതൽ സമയം അവൻ എന്റെ കൂടെ ആയിരുന്നു.
ആഘോഷങ്ങൾ ഏത് തന്നെ ആയാലും ഓണമായാലും ,ബക്രീദ് ആയാലും ഒന്നിച്ചാണ് തുണിക്കടയിൽ പോകുന്നത്. തുണിഎടുക്കുന്നത്
ഒരെ കളറിലുള്ളതായിരിക്കും.
രക്തബന്ധങ്ങൾക്ക് മീതെസൗഹൃദത്തിൻ തണലിലായിരുന്നു ഞങ്ങൾ.
ആൽത്തറയിലേയ്ക്ക് ചെല്ലുമ്പോൾ തന്നെ,
"ദാ വന്നല്ലോ ജമ്പനും, തുമ്പനും.."
കൂട്ടുകാർ പരിഹസിക്കും.
"രണ്ടിന്റെയും കല്ല്യാണം കഴിയുന്നതോടെ തീരും ഈ കൂട്ട്.. "
കൂട്ടുകാർ ചിരിയോടെ പ്രവചിക്കും.
"തീർന്നില്ലെങ്കിൽഅവളുമാർഇവരെ -
തീർത്തോളും "
പക്ഷെ അവരുടെ പ്രവചനങ്ങളെതകർത്ത് കൊണ്ട് ഞങ്ങൾഇന്നലെവരെ ഒന്നായിരുന്നു.
ആദ്യരാത്രിയിൽ അനിതയോട് ഒരെ ഒരു നിബന്ധനയെ മുന്നോട്ട് വച്ചുള്ളൂ.
" നീ ഇന്ന് ആണ് എന്റെ ജീവിതത്തിലേയ്ക്ക് കടന്നു വന്നത്.പക്ഷെഷാജഹാൻ കഴിഞ്ഞ 26 വർഷമായ് എന്നെ അറിയുന്നവനാ. അതു കൊണ്ട് പിരിക്കാൻ ശ്രമിക്കരുത്. വേണമെങ്കിൽ നിനക്ക് പിരിയാം..."
ഞങ്ങളുടെ ബന്ധത്തിൻ ആഴം മനസ്സിലാക്കിയ അനിത അത് അംഗീകരിച്ചു.
വർഷങ്ങൾ ഒരു പാട് കഴിഞ്ഞിട്ടുംഅവളുടെ ഭാഗത്ത് നിന്ന് ഇന്നെവരെ നല്ലതല്ലാതെ മോശമായ് ഒന്നും ഉണ്ടായിട്ടില്ല.
ഞങ്ങളെ തമ്മിലടുപ്പിച്ച അ കഥഅവളോട് പറഞ്ഞു.
വർഷങ്ങൾക്ക് മുൻപ് അഞ്ചാം ക്ലാസിൽ പടിക്കുന്ന സമയം. ഒരെ ക്ലാസിലായാരുന്നു ഞാനും ,ഷാജഹാനും.
ഒരെ ക്ലാസിൽ പടിക്കുന്നവർഅത്ര മാത്രം.
ഒരു മഴക്കാലം ഇടതടവില്ലാതെ പെയ്ത മഴയിൽ തോടും ,പാടവും നിറഞ്ഞ് കവിഞ്ഞു.തോടിന് കുറുകെ നീട്ടിയ തടിപ്പാലം കടന്ന് വേണം സ്ക്കൂളിലെത്താൻ. പാലത്തിന് നടുവിലെത്തിയപ്പോൾ കാൽ വഴുതി തോട്ടിലേയ്ക്ക് വീണു.നീന്തലറിയാത്ത ഞാൻ തോടിന്റെ ആഴങ്ങളിലേയ്ക്ക് താണു. മരണത്തിൻ മാലഖമാരെ കണ്ടു ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു.
കണ്ണുതുറന്നപ്പോൾ മാലാഖമാരില്ല.പകരം പരിചയമുള്ള മുഖങ്ങൾ. ആകെനനഞ്ഞ് നിൽക്കുന്ന ഷാജഹാനെയും കണ്ടു.
ജീവനാണ് ഷാജഹാൻ എനിക്ക് തിരികെ നൽകിയത്.
അന്ന് തുടങ്ങി ഇന്നെവരെ അവന്റെ നിഴലായ് ഈ ഹരി ഉണ്ടായിരുന്നു.
പക്ഷെ ഇന്ന് അവൻ അകന്നിരിക്കുന്നു.
എന്റെമകനെ നിഷ്ക്കരുണം തല്ലിചതച്ചിരിക്കുന്നു. അത് തടയാൻ ശ്രമിച്ച അമ്മാവനെയും തല്ലിയിരിക്കുന്നു. അമ്മാവൻ ക്ഷേത്രത്തിലെ ജീവനക്കാരൻ ആയിരുന്നു. അറിഞ്ഞ് വന്നവർ ഷാജഹാനെ തല്ലി..
ഷാജഹാന്റെ വാപ്പ മഹല്ല് സെക്രട്ടറി ആയതിനാൽ അവരും സംഘടിച്ചു..
വർഗ്ഗിയ കലാപമായ് മാറി.
ആ സംഘടനത്തിലൊടുവിൽ അമ്മാവന്റെ കൂട്ടത്തിൽ പെട്ട ഒരാൾക്ക് കുത്തേറ്റു.ആശുപത്രിയിൽ ആണ്..
സംഘർഷസാധ്യതകണക്കിലെടുത്ത് പോലീസ് 144 പ്രഖ്യാപിച്ചിരിക്കുന്നു.
"എന്തിന് അവൻ എന്റെ മകനെ തല്ലിച്ചതച്ചത്??"
അനിത ആദ്യമായ് സങ്കടം പറഞ്ഞു.
" നോക്കു.. നമ്മുടെ മകനെ .. !!പ്ലസ് വണ്ണിനു പടിക്കുന്ന കൊച്ചിനെ കാണിച്ച് വച്ചിരിക്കുന്നത്..."
അവളുടെ വാക്കുകളിൽ വേദനയും , കോപവും,
കലർന്നിരുന്നു.
മകൻ തല കുനിച്ചിരിക്കുകയാണ്. മുഖത്ത് അടി കൊണ്ട് നീര് വച്ചിരിക്കുന്നു..
വാതിലിൽ തുടരെ ഉള്ള മുട്ട് കേട്ടാണ് തുറന്നത്.
അമ്മാവനും രണ്ട് മൂന്ന് ആളുകളും.
"ഈ കുഞ്ഞിനെ ഈ പരുവമാക്കിയവനെ ഇന്ന് കൊല്ലണം... നീ വന്നെ... "അമ്മാവൻ നീട്ടിപിടിച്ച വാളുമായ് നിന്ന് അലറുകആയിരുന്നു.
മനസ്സിൽപക നിറഞ്ഞു. അപകയാൽ എല്ലാം മറന്നു. ഒരു പിശാചിനെ പോലെ ഞാൻ അലറി.
"ആരും വേണ്ട ഞാൻ ഒറ്റയ്ക്ക് തീർത്തോളാം. അവന്റെ കഥ."
ദേഷ്യത്തിൽ അമ്മാവന്റെ കയ്യിലെ വടിവാളും വാങ്ങി ആ ഇരുട്ടിൽ ഷാജഹാന്റെ വീട് ലക്ഷ്യമാക്കി കുതിച്ചു.
ഷാജഹാന്റെ വീടിന്റെ അടുത്തെത്തി.
അവന്റെ മുറിയിൽ ലൈറ്റ് തെളിഞ്ഞിരുന്നു.. അകത്ത് നിന്ന് സംസാരം കേൾക്കാം.
" ഇക്കാ ... വന്ന്അത്താഴം കഴിക്കു.. " അവന്റെ ഭാര്യയുടെ ശബ്ദം.
"വേണ്ടടീ.. വിശപ്പില്ല. മനസ്സിന് ഒരു സുഖമില്ല.ഹരിയുടെ മകനെഞാൻ തല്ലാൻ പാടില്ലായിരുന്നു... "
അവന്റെ വാക്കുകളിലെ കുറ്റബോധം തിരിച്ചറിഞ്ഞു.
" അവൻ എന്റെ കൂടി മകനല്ലെടീ... "
"പിന്നെ എന്തിനാ ഇക്കാ അവനെ തല്ലിയത്..??" റംലത്ത് ചോദിക്കുന്നു.
"അവൻ അതു പോലെയുള്ള തെറ്റാചെയ്തത്."
"എന്താ അവൻ കാട്ടിയെ ഇക്കാ..??"
റംലത്ത്അവനെ കൊണ്ട് പറയിച്ചെ അടങ്ങു എന്ന മട്ടിൽ ചോദിക്കുന്നു.
"നീ ഇതാരോടും പറയരുത് .നമ്മുടെ ദാമുവേട്ടന്റെ മകൾ ലക്ഷമിയുടെ പിന്നാലെ ചെക്കൻ ചുറ്റിത്തിരിയാൻ തുടങ്ങിയിട്ട് കുറച്ച് നാളായ്.. "
" മേലോത്തെ ദാമുവേട്ടനാ..??" റംലത്ത് ഇടയ്ക്ക് കയറി.
"ഉം.. ദാമുവേട്ടൻ എന്നോട് കാര്യം പറഞ്ഞു. ഹരിയെ അറിയിച്ചില്ല. അവൻ ഒരുഎടുത്ത് ചാട്ടക്കാരനാ. അവനങ്ങാനും അറിഞ്ഞാൽ ചെറുക്കനെ തല്ലിക്കൊല്ലും.
ഞാൻ ആ പയ്യനെ കണ്ട് ഉപദേശിച്ചു പക്ഷെ എന്റെ വാക്കുകൾകേട്ടില്ല. അതിന്റെ വാശിക്ക് അവൻ ആ പെൺകൊച്ചിനെ കയറിപിടിച്ചു.അത് കണ്ടാ ഞാൻ അവിടെയ്ക്ക് ചെന്നത്...
ആ ദേഷ്യത്തിലാ അടിച്ചത്.."
"അല്ല ഇക്കാ ഇനി ദാമുവേട്ടനെങ്ങാനും... " റംലത്ത് ഓർമ്മപ്പെടുത്തുന്നു.
" ഇല്ല ദാമുവേട്ടനെ ഞാൻ ചെന്ന് കണ്ടിരുന്നു .കാലിൽ വീണ് ഒരു വിധം സമാധാനിപ്പിച്ചു.കേസ്സു കൊടുക്കാൻ തീരുമാനിച്ചിരിക്കുക ആയിരുന്നു.അങ്ങിനെ ആയാൽചെറുക്കന്റെ ഭാവി എന്താവും..??"
"നിങ്ങൾ കൂട്ടുകാരന് വേണ്ടി ജീവിച്ചോ.ഹരി നിങ്ങളെ കൊല്ലാൻ നടക്കുവാണെന്നാ കേട്ടത്.."
എല്ലാം കേട്ട് സ്തപ്ധനായ് ഇരുന്നു പോയ്.ശബ്ദമുണ്ടാക്കാതെ കുറെ നേരം ആ ഇരുട്ടിൽ ഇരുന്നു കരഞ്ഞു. കുറ്റബോധം ഒഴുകി ഇറങ്ങി.
ഇവനെയാണല്ലോ ദൈവമെ ഞാൻ കൊല്ലാൻ ഇറങ്ങിയത്.
ആയുധം വലിച്ചെറിഞ്ഞ്.
വാതിലിൽ മുട്ടി.ഷാജഹാൻ വാതിൽ തുറന്നു.
അവനെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു. കുറ്റങ്ങൾ എണ്ണി പറഞ്ഞു. അവനും കരയുന്നുണ്ടായിരുന്നു.
----------
അടുത്ത നാൾതോളിൽ കയ്യിട്ട് ആൽത്തറയിലേയ്ക്ക് നടക്കുന്ന ഞങ്ങളെ കണ്ട് ജനം മൂക്കത്ത് വിരൽ വച്ചു..
[ നമുക്ക് വർഗ്ഗിയത വേണ്ട. ഈ ലോകത്ത്ആരുമല്ല നമ്മൾ .വെറും മനുഷ്യൻ മാത്രം. മുറിഞ്ഞാൽ രക്തം മാത്രംപൊടിയുന്ന മനുഷ്യൻ ]
ശുഭം.
Nizar vh

[കഥ] നിശാഗന്ധിയുടെ പ്രതികാരം.


[കഥ]
നിശാഗന്ധിയുടെ പ്രതികാരം.
മഞ്ഞ് പെയ്യുന്ന നിശീഥിനിയിൽ തുറന്നിട്ട ജാലകപ്പഴുതിലൂടെ കണ്ണ്ചിമ്മിനിന്നിരുന്നതാരകങ്ങളെ മഴ മേഘങ്ങൾവാത്സല്ല്യത്തോടെ തന്റെ ചിറകുകൾ കൊണ്ട് പൊതിഞ്ഞു.
മണ്ണെണ്ണവിളക്കിൻ നാളങ്ങൾപരിഭവത്തോടെ ചിണുങ്ങാൻ തുടങ്ങി. ഈ രാവിലെങ്കിലും നിദ്രസാധ്യമോ..?
ജാലകവാതിൽ ചാരി.
മണ്ണെണ്ണവിളക്കിൻ മേൽ അവളുടെകൈകൾ തഴുകി .
നാളങ്ങൾ ആദ്യം എതിർത്തെങ്കിലും.പതിയെ കീഴടങ്ങി.
കൂരിരുട്ട് ..
രാക്കിളികൾ എന്തോ പിറുപിറുക്കുന്നു.
അപ്പുറത്തെ മുറിയിൽ നിന്നും അച്ഛന്റെചുമ മുഴങ്ങി.
തോല് പൊട്ടിയഇടയ്ക്കയുടെ നാദംപോൽ.
കതകിൽ ആരോപതിയെ മുട്ടുന്ന പോലെ .കാതോർത്തു.
ആരോ വന്നിട്ടുണ്ട് .പതിവുകാർ ആരോ ആണ്.
"രാധേ.., കതകു തുറക്ക്.ഇത് ഞാനാ സുകു."
അടക്കിപ്പിടിച്ച സംസാരം.
ഇരുട്ടിൽ തപ്പി തടഞ്ഞ് എഴുന്നേറ്റ്.ശബ്ദം കേൾപ്പിക്കാതെ കതകിന്റെ ഒരു പാളി തുറന്നു.മദ്യത്തിന്റെ രൂക്ഷഗന്ധം മൂക്കിലേയ്ക്ക് അടിച്ച് കയറി.
" സുകുസാറെ ,ഇന്ന് പറ്റില്ലാട്ടോ. " ശബ്ദം താഴ്ത്തി പറഞ്ഞു.
" ഓ..ബുക്കിംങ്ങ് ഉണ്ടായിരിക്കും... "വളിച്ച ചിരിയോടെ സുകു ചോദിച്ചു.
" ഇല്ല.. ഇനി കുളിക്കണം."
തന്റെ നാണം എന്ന വികാരം മരിച്ചു പോയിരിക്കുന്നത് അവൾ തിരിച്ചറിഞ്ഞു എങ്കിലും പരമാവധി നാണം അഭിനയിച്ച് കൊണ്ടാണ് പറഞ്ഞത്.
"നാശം ,പണ്ടാരമടങ്ങാൻ..."
ശാപവാക്കുകൾ ഉരുവിട്ട് കൊണ്ട് സുകു ഇരുളിൽ മറഞ്ഞു.
എല്ലാം പഴകിയിരിക്കുന്നു.
എവിടെയാണ് തനിക്ക് പിഴച്ചത്...?
ഓർമ്മകളിൽ പട്ട് പാവാടയും ,ബ്ലൗസുമിട്ടഅപഴയ പതിമൂന്ന്കാരി പുഞ്ചിരി തൂകുന്നുണ്ടായിരുന്നു.
കാടിറങ്ങിവന്നകാറ്റിൽ സ്വാന്തന ത്തിൻ കുളിരില്ലായിരുന്നു.ശോകത്തിൻ ഗന്ധമായിരുന്നു.
ഈ രാക്കിളിയെ തേടി ഇനിയുംവരും വേട്ടക്കാർ.
വേട്ടയും കഴിഞ്ഞു പോകുമ്പോൾ അവശേഷിക്കുന്ന നോട്ടുകളിൽ ചോരയുടെയും ,മാംസത്തിന്റെയും ഗന്ധമായിരിക്കും.
അച്ഛന്റെയും ,അമ്മയുടെയും മരുന്നുകൾക്കും ,മൂന്ന് വയറിന്റെവിശപ്പും അടങ്ങും.
രാവുകളിൽനിദ്രകൾ അന്വമായിരിക്കുന്നു.
വീണ്ടും അച്ഛന്റെ ചുമ .
അവർ ഒന്നും അറിയുന്നില്ല. അച്ഛൻ കിടപ്പിലായിട്ട് വർഷങ്ങൾ ആയ്..
അമ്മ വീട് വിട്ട് പുറത്തിറങ്ങാറുമില്ല.
രാത്രികളിൽ തന്നെ തേടിഎത്തുന്നവർ പകൽ വെട്ടത്തിൽ മുഖം കുനിച്ച് നടന്ന് മറയുന്നത് കണ്ട് ഉള്ളിൽ ചിരിക്കും.
ഇവന്റെയെക്കെ രാത്രിയിലെവൈകൃതങ്ങൾ തെളിഞ്ഞു വരും.
ചിലവൻമാർ പകലിൽ സദാചാരവാദികളായ് പരിഹാസത്തിൻ കല്ലെറിയുന്നത് കാണുമ്പോൾ കോപം വന്നിരുന്നു.
വാതിലിൽ വീണ്ടും മുട്ട് കേട്ട് തുറന്നു. മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞെട്ടി.
രമണൻ.
ഒരു നാൾ തന്റെ എല്ലാമെല്ലാം ആയവൻ.
തനിക്ക് നശിച്ച ഈ ജീവിതം സമ്മാനിച്ചവൻ. വീണ്ടും അതെ കണ്ണുകളിൽ കാമവുമായ്.
"രാധേ.. "
ആ വിളിയിൽ ഒരു നിമിഷം തരളിതയായ്..പഴയ പതിമൂന്ന് കാരിആയപോലെ.
വേഗം യാഥാർത്ഥ്യത്തിലേയ്ക്ക് തിരിച്ചു വന്നു.
"എന്ത് വേണം....??" തന്റെ ശബ്ദത്തിലെ കോപം കലർന്നപുച്ഛം തിരിച്ചറിഞ്ഞാവും..
" ഞാൻ അകത്ത് വരട്ടെ.. ഒരു കൂട്ടം പറയാനുണ്ട് "
ഒട്ടും ചേരാത്തപഴയ ശൃംങ്കാരംസ്വരം. തന്നിൽ ചലനങ്ങൾ സൃഷ്‌ട്ടിക്കില്ല എന്ന് തനിക്കല്ലെ അറിയു.
തന്റെ അവസ്ഥ തുറന്ന് പറഞ്ഞു. അമുഖത്തെ വെളിച്ചം മങ്ങുന്നത് ഇരുട്ടിലും തിരിച്ചറിഞ്ഞു.
ഇനി ഒരു നാൾ വരാം എന്നറിയിച്ച് .രമണൻ മടങ്ങി. ഉള്ളിൽ കനലെരിയുക ആയിരുന്നു.
അകലുന്ന കാലടി ശബ്ദം.
ഒരു നാൾ ഈ കാലടി ശബ്ദത്തിനായ് കാതോർത്തിരുന്നിട്ടുണ്ട്.
പ്രണയിക്കുക അല്ലായിരുന്നു. ജീവിക്കുക ആയിരുന്നു രമണന്റെ പ്രണയത്തിൽ സ്വയം അലിഞ്ഞ്.
ചേച്ചി അന്യമതത്തിൽപ്പെട്ട ഒരാളുമായ് ഒളിച്ചോടിയപ്പോയതറിഞ്ഞ് അച്ഛൻ വീണു.
അച്ഛൻ കിടപ്പിലായ് കഴിഞ്ഞപ്പോൾ അച്ഛന്റെ ശിഷ്യനായിരുന്ന ചെറുപ്പക്കാരനായ രമണൻ ആശ്വാസവാക്കുമായ് എത്തി.
വീട്ടിലെ പട്ടിണികണ്ട് കടയിൽ നിന്നും സാധനങ്ങളുമായ് വന്നു.
പിന്നീട് അത് പതിവായ്.
ശരിക്കും രമണന്റെ വരവ് ആശ്വാസം പകരുന്നതായിരുന്നു.
ഒരു നാൾ തന്നോടുള്ള പ്രണയം തുറന്നു പറഞ്ഞു.
സാഹചര്യമാവാം എതിരൊന്നും പറഞ്ഞില്ല.
സ്നേഹം നൽകിയപ്പോൾ തന്റെ മനസ്സ് കൊടുത്തു.വിവാഹവാഗ്ദാനം നൽകിയപ്പോൾ ശരീരവും.
മനസ്സും ശരീരവും ഒന്നായ്.
ആ കൂടിച്ചേരൽപകലുകളിൽ നിന്നും രാവുകളിലേയ്ക്ക് മാറിയത് യാദൃശ്ചികമായിരുന്നു.
ഒരു നാൾ രാവിൽരമണന്റെ കൂടെ ഒരാൾ കൂടെ ഉണ്ടായിരുന്നു.
ഉമ്മറപ്പടിയിലിരുന്നു അവർ മദ്യപിക്കുന്നത് കണ്ടപ്പോൾ തിളച്ച് മറിഞ്ഞ കോപം അടക്കി.
എന്തായാലും വിവാഹശേഷം ഈ പരുപാടി സമ്മതിച്ച് കൊടുക്കില്ല.മനസ്സിൽ ഉറപ്പിച്ചു.
അന്ന് രാത്രി രമണന് പകരം കൂട്ടുകാരൻ തന്റെ കട്ടിലിനരികെ വന്നപ്പോൾ ഭയന്നു.
അലറി വിളിക്കാൻ തുടങ്ങിയതന്റെ വായിൽ തുണി തിരുകി.
ആയാളുടെ ആവിശ്യം കഴിഞ്ഞ് പോകുമ്പോൾ. കുറച്ച് നോട്ടുകൾ തനിക്ക് നേരെ നീട്ടി.
കരഞ്ഞുകൊണ്ട് പുറത്തിറങ്ങിയതന്നെ നോക്കി ചിരിച്ച് കൊണ്ട് രമണൻ ചോദിച്ചു..
" അവൻ കാശു തന്നല്ലോ അല്ലെ.. ?? കോളടിച്ചല്ലോ.. !!!!"
എല്ലാം മനസ്സിലായ് വന്നപ്പോഴെയ്ക്കും വൈകിപ്പോയിരുന്നു.
പുറത്ത് പറഞ്ഞാൽ അച്ഛനെയും ,അമ്മയെയും ചേർത്ത് വീടും കത്തിച്ചുകളയുംഎന്നുള്ള ഭീഷണി.
എല്ലാം സഹിക്കുകയല്ലാതെ വെറൊന്നും തന്റെ മുന്നിൽ ഇല്ലായിരുന്നു. രമണന്റെ കൂട്ടുകാർകൂടി വന്നു.
താൻ വഴിപിഴച്ചവൾ ആയിരിക്കുന്നു.
രമണനോടുള്ളവാശി തീർക്കാൻ പല ആണുങ്ങളെയും വശീകരിച്ച് വരുത്തി. പതിയെ നാട്ടിൽ അറിയപ്പെടുന്നവളായ് മാറി..
--------------
രമണൻ വാക്കുപാലിച്ചു.. പറഞ്ഞ പോലെ തന്നെ ഒരുരാവിൽ തന്നെത്തേടീ വന്നു.
അന്ന് പൂർണ്ണചന്ദ്രൻ നറുനിലാവ് വിതറി പുഞ്ചിരിച്ച് നിന്നിരുന്നു. ഒരിക്കൽ കൂടി പഴയരാധയായ്.
തന്റെ കയ്യാൽ പകർന്നേകീയ മദ്യവുംനുകർന്ന്
നിലാവിൽ രാസകേളികൾ ആറാടീ
തളർന്ന് രമണൻ തന്നോട് ചേർന്ന് മയങ്ങി.
ഒച്ചപ്പാടും ബഹളവും കേട്ട് ഞെട്ടിഉണർന്നപ്പോൾ ചുറ്റിനും എത്തി നോക്കുന്നമുഖങ്ങൾ കണ്ട് പകച്ചു.പുലർന്നിരിക്കുന്നു.
രമണൻ നൂൽബന്ധമില്ലാതെ വസ്ത്രങ്ങൾക്കായ് ചുറ്റിനും പരതുന്നു.
അന്ന് അവിടെ കൂടീയ ജനം പിരിഞ്ഞത് സന്തോഷത്തോടെ ആയിരുന്നു.
അവിടെ വച്ച് ഞങ്ങളുടെ വിവാഹംനടത്തിയതിന്റെ ചാരിതാർത്ഥ്യം എല്ലാ സദാചാര മുഖങ്ങളിലും കണ്ടു.
രമണൻ തന്റെ കഴുത്തിൽ താലിചാർത്തുമ്പോൾ കണ്ണുകൾ ആൾക്കൂട്ടത്തിനിടയിൽ നിന്നിരുന്ന സുകുസാറിന്റെ മുഖത്ത് തങ്ങി.
പറഞ്ഞ് ഉറപ്പിച്ചപോലെ തന്നെഎല്ലാം ഭംഗിയായ് ചെയ്തതിന്റെ അഭിമാനം അ കണ്ണുകളിൽ തെളിഞ്ഞ് നിന്നു.
ഇതായിരുന്നു രമണന് ഞാൻ വിധിച്ച ശിക്ഷ.
അഭിസാരികയുടെ ഭർത്താവിന്റെ വേഷം.
* * * * *
ശുഭം.
✍. Nizar vh .

[മിനിക്കഥ] മൈലാഞ്ചിപ്പാട്ടും ,ഞാനും.


[മിനിക്കഥ]
മൈലാഞ്ചിപ്പാട്ടും ,ഞാനും.
"കണ്ടാറകട്ടുമ്മേൽ വെണ്ടരൂളോതാക്ക്
തെണ്ടതിലുണ്ടാനെ - ഒരുത്തി
ഷെഹനിലുദിച്ചഖമർപോൽമുഖം കത്തി -
ലങ്കിമറിന്താനെ... "
ടേപ്പ്റിക്കോർഡറിൽ ഗാനഗന്ധർവ്വൻ യേശുദാസിന്റെ മൈലാഞ്ചിപ്പാട്ടുകൾ വലിയശബ്ദത്തിൽ വച്ചിട്ട് അയൽവീട്ടിലെയ്ക്ക് ഓടി .അവിടെ കേൾക്കുന്നുണ്ടോ എന്നറിയാൻ.
കേൾക്കുന്നുണ്ട് .പക്ഷെ മുഴക്കമില്ല.
തിരികെ വന്ന്
അരി ഇട്ട് വയ്ക്കുവാൻ ഉമ്മ വാങ്ങി വച്ച മൺകലത്തിലെയ്ക്ക് സ്പീക്കറിന്റെ വാഭാഗം മുകളിലേയ്ക്ക് തിരിച്ച് ഇറക്കിവച്ചു. കൊള്ളാം ഇപ്പോ നല്ല മുഴക്കമുണ്ട്.. ബാസ്സ് അല്പം കൂടി കൂട്ടി .
ബും ,ബും എന്ന മുഴക്കം കൂടീ . ഇപ്പോൾശരിയായ്.. ആ അത്മ നിർവൃതിയിൽ ലയിച്ചിരിക്കുകആയിരുന്നു. വൈദ്യുതി ഇല്ലാത്തതിന്റെ ഓരോ കഷ്ട്ടപ്പാടെ..
പെട്ടെന്നാണ്
"ക്ലിക്ലീ ക്ലീ ക്ലി........" എന്ന ശബ്ദം.
കാസറ്റ് കുരുങ്ങിരിക്കുന്നു.
ചാടി എഴുന്നേറ്റു.. അതീവ ശ്രദ്ധയോടെ കാസറ്റിന്റെ റിബൺ പുറത്തെടുത്ത് കുരുക്ക് നേരെയാക്കി വീണ്ടും ഇട്ടു.. ഒരു പാട്ട് കഴിഞ്ഞപ്പോൾ യേശുദാസിന്റെ ശബ്ദത്തിന് ഒരു വിത്യാസം. മദ്യപിച്ച് പാടും പോലെ.. ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു.
ബാറ്ററി ചാർജ് തീർന്നിരിക്കുന്നു..
മുംതാസ് ഇപ്പോ വരുമല്ലോ.. എന്താ ചെയ്യുക??
എല്ലാം വെറുതെ ആയല്ലോ പടച്ചോനെ..
അവൾക്ക് കേൾക്കാൻ വേണ്ടിയാണ് കഷ്ട്ടപ്പെട്ട് കശുവണ്ടി പെറുക്കി ചേർത്ത് വച്ച് വിറ്റ് ബാറ്ററി വാങ്ങിയത്... അവൾക്ക് മാപ്പിളപാട്ട് ജീവനാണ് എന്ന് ഇന്നലെയാണ് അറിഞ്ഞത്.പുള്ളിയുള്ള തട്ടവുമിട്ട് അവൾ ഈ പാട്ട് കേട്ട് പോകുന്ന രംഗം ഒന്ന് കൂടി മനസ്സിൽഓടി എത്തി.
റ്റ്യുഷൻ കഴിഞ്ഞ് എന്റെ ആ സുന്ദരി വീടിനു മുന്നിലൂടെയാണ് അവളുടെ വീട്ടിലേയ്ക്ക് പോകുന്നത് ..ഇപ്പോ വരും എന്താ ഒരു വഴി..
തല പുകഞ്ഞ് ആലോചിച്ചു.
അപ്പോഴാ കണ്ടത് വാതിൽപടിയുടെ മേലെ ദാറുസ്വലാംയത്തിംഖാനയുടെ [ അനാഥാലയം]ചെറിയ പെട്ടി. എല്ലാ വീടുകളിലും ആ ചെറിയ പെട്ടി വച്ചിട്ടുണ്ട്.
"ദാനധർമ്മം അപത്തിനെ തടയും "
എന്ന കടുത്ത വിശ്വാസം വാപ്പായ്ക്കുള്ളത് കൊണ്ട് എവിടെ യാത്രയ്ക്ക് പുറപ്പെടുമ്പോഴും കയ്യിലുള്ള ചില്ലറകൾ അതിലേയ്ക്ക് നിക്ഷേപിക്കുന്നത് പല തവണ കണ്ടിട്ടുണ്ട്. വർഷത്തിലൊന്ന് എന്ന കണക്കിന് ഭാരവാഹികൾ വന്ന് ആ പണംശേഖരിച്ച് പോകും.
കൈ എത്തി അത് എടുത്തു.. ഹൃദയം അത്യുച്ചത്തിൽ ഇടിക്കുന്നുണ്ടായിരുന്നു. ആ ശബ്ദത്തിന് മേൽ ചില്ലറ പൈസായുടെ കിലുക്കം ഉയർന്നു നിന്നു.
തെറ്റാണ് ചെയ്യുന്നത് മനസ്സ് മന്ത്രിച്ച് കൊണ്ടെ ഇരുന്നു. മോഷണമാണ് ഇത്.
അള്ളാഹുവിനോട് ഒരു മുൻകൂർ ജാമ്യം എന്ന നിലയ്ക്ക് മാപ്പിരന്നു.കിട്ടുമ്പോൾ തിരിച്ച് ഇട്ടെക്കാം എന്ന വ്യവസ്ഥയിൽ കുറച്ച് പൈസാ എടുത്തു..
എല്ലാം പഴയത് പോലെ വച്ചു.ഓടിപ്പോയ് രണ്ട് ബാറ്ററി വാങ്ങി. നാലെണ്ണം വേണമായിരുന്നു.പക്ഷെ അത്രയും പൈസാ എടുക്കാൻ അതിനകത്തില്ലായിരുന്നു.
ബാറ്ററി ഇട്ട് ടേപ്പ് റെക്കോഡർ ഓൺ ചെയ്തു..
ഈ സമയത്താണ് ബന്ധുവിന്റെ വിവാഹത്തിന് പോയിരുന്ന വാപ്പയും ,ഉമ്മയും തിരികെവന്ന് കയറിയത്.
ഒരു ബീഡീ കത്തിച്ച് വാപ്പ തീപ്പെട്ടി വയ്ക്കുവാൻ വാതിൽപ്പടിയുടെ അടുത്തെത്തി.
ഒരലർച്ചആയിരുന്നു വാപ്പ.
"ടാ .. നീ ഇത്പൊട്ടിച്ചോ ??"
"അത് .... പിന്നെ.."
ഞാൻ നിന്ന് പരുങ്ങുന്നത് കണ്ടപ്പോൾ വാപ്പയ്ക്ക് ഉറപ്പായ്.അപ്പോഴാണ് ശ്രദ്ധിച്ചത് തിരികെ വച്ച പെട്ടിയുടെ സ്ഥലം മാറിപ്പോയിരിക്കുന്നു. തുടർന്നുണ്ടായ ചോദ്യം ചെയ്യലിൽ സത്യം പറയേണ്ടി വന്നു.
പിന്നെ അവിടെ നടന്നത് ഒരു യുദ്ധമായിരുന്നു. ആയുധമില്ലാതെ ഞാൻ നിന്നു.
എല്ലാ പ്രഹരവും ഏറ്റ് വാങ്ങി..
മുറ്റത്തെ തെങ്ങിൽ കൈ പിന്നിലേയ്ക്ക് കെട്ടിവച്ച് അടി..
പാവം വാപ്പാ .കൈ കുഴഞ്ഞിട്ടുണ്ടാവും.
" സുരലോക മണി ഹൂറുന്നിസാനീങ്കളെ..... " ടേപ്പ് റെക്കോർഡിൽ യേശുദാസ് തകർക്കുന്നുണ്ടായിരുന്നു.. ആ പാട്ടിന്റെ താളത്തിലാണ് ഓരോ അടിയും എന്നിൽ പതിച്ചത്
പാദസ്വര കിലുക്കം കേട്ട് തല ഉയർത്തി. കണ്ണ്നീര് കൊണ്ട് കാഴ്ചമങ്ങിയിരുന്നു. എങ്കിലും കണ്ടു .
മുംതാസ് വരുന്നു.എന്റെ അ അവസ്ഥ കണ്ട് ചിരി സഹിക്കാനാവാതെ തട്ടം കടിച്ച് പിടിച്ച് കൺമുന്നിലൂടെ നടന്ന് പോകുന്നു...
പെട്ടെന്ന് പാട്ട് നിന്നു. പിറകെ
എന്തോ വന്ന് വീഴുന്ന ശബ്ദം.
ടേപ്പ്റെക്കോർഡും മൺകലവും കൂടി തെങ്ങും ചുവട്ടിലേയ്ക്ക് ..
" അവന്റെ ഒരു പാട്ടും കോപ്പും " വാപ്പായുടെ കലി ഇനിയും അടങ്ങിയിട്ടില്ല.
തെറിച്ചുവീണ ടേപ്പിൽ നിന്നും ഒരു ബാറ്ററി വേർപെട്ട് ഉരുണ്ട് ഒന്നും അറിയാത്തവളെ പോലെ എന്റെ കാൽച്ചുവട്ടിൽ വന്ന് വിശ്രമിച്ചു.
ശുഭം..
✍
Nizar Vh

[കഥ] ഇതാ ഒരു മനുഷ്യൻ


[കഥ]
ഇതാ ഒരു മനുഷ്യൻ
°°°°°°°°°°°°°°°°°°°°°°
"ഡാ സതീഷെ ,നിന്റെ ബ്ലഡ് ഗ്രൂപ്പ് ഏതാ...?"
വീണ്ടും, അബിയുടെ ശബ്ദം ഫോണിലൂടെ കേട്ടു.
"AB+ve ... എന്താടാ...???
എന്റെ ചോദ്യംത്തിന് പെട്ടെന്ന് തന്നെമറുപടിയും വന്നു.
" ശരി ,രാവിലെഒരിടംവരെപോകാനുണ്ട് റെഡിയായ് നിൽക്കണം. ഞാൻ വരാം.... "
" നീ കാര്യം പറയു.. എന്താ പ്രശ്നം..??" എന്തെങ്കിലും ഇല്ലാതെഈ സമയത്ത് അവൻ വിളിക്കില്ല.
"ഡാ നമ്മുടെ വട്ടപ്പറമ്പിലെ ജോണിച്ചായന്റെ മോള്ക്ക് നാളെ കുറച്ച് ബ്ലഡ് ആവിശ്വമായ് വരും പ്രസവ കേസ്സാ. നിന്റെ ഗ്രൂപ്പ് തന്നെ.അവർക്ക് വെറെ ആരും ഇല്ലെന്ന് നിനക്കറിയാല്ലോ. ജോണിച്ചായൻ എന്റെ മുമ്പിൽ വന്ന് കരഞ്ഞപ്പോൾ... അത് ഞാനേറ്റു.."
ബ്ലഡ് കൊടുക്കാനോ ? ഞാനോ ..? കേട്ടപ്പോൾ തന്നെ തലചുറ്റുന്ന പോലെ.. എന്റെ രക്തത്തിൽ ഭയം വന്നു നിറഞ്ഞ പോലെ.
"അളിയാ എന്നെ വിട്ടേര് .. എനിക്ക് പേടിയാ.. "
സത്യം തുറന്നു പറഞ്ഞു.
അബിയുടെ മുൻ കോപം അറിയാവുന്നത് കൊണ്ട് ഭയം അഭിനയിച്ച് കൊണ്ടാണ് പറഞ്ഞത്.
അവൻ ചിരിക്കുന്നത് കേട്ടപ്പോളാണ് സമാധാനമായത്.
രക്തംദാനം ചെയ്യുന്നതിന്റെ മഹത്വത്തെക്കുറിച്ച് വിശദമായ വിവരണംഅബി പറയുന്നത് കേട്ട് വായും പൊളിച്ചിരുന്നു.
ശ്ശെടാ ..ഇവൻ ഇതെല്ലാം എവിടെ നിന്ന് പഠിച്ചു.
"നമ്മുടെ ശരീരത്തിനും നല്ലതാടാ..."
മനസില്ലാ മനസ്സോടെസമ്മതിക്കേണ്ടി വന്നു.
" അപ്പോൾ OK നാളെ ഏഴ് മണിക്ക് കാണാം. ഗുഡ് നൈറ്റ്.."
അബിഫോൺ വച്ചു.
ഏഴ് മണിക്കല്ലെ. അവൻ വരുന്നത് അതിന് മുൻപ് മുങ്ങണം. മനസ്സിൽ ഉറപ്പിച്ചു. അമ്മയോട് ആറരയ്ക്ക് വിളിക്കാൻ ഏൽപ്പിച്ചിട്ട് ഉറങ്ങാൻ കിടന്നു.
പുലർച്ചെആരോ തട്ടി വിളിക്കുന്നു. കണ്ണ് തുറന്നപ്പോൾ കണ്ടത് അബിയെ ആണ്. ക്ലോക്കിൽ അപ്പോൾ സമയം ആറ് പതിനഞ്ച്.
"എനിക്കറിയാം നീ മുങ്ങുമെന്ന്.... " അവന്റെ വാക്കുകളിൽ എന്തോ സാധിച്ച ഭാവം.
മെഡിക്കൽ കോളേജിലെത്തി.
രക്തമെടുക്കാനായുള്ള ഉപകരണങ്ങളുമായ് കാവൽ മാലഖമാർഎത്തി.
സൂചി കയ്യിലെ ഞരമ്പുകളിലേയ്ക്ക് ആഴ്ന്നിറങ്ങിയപ്പോൾ. അല്പം വേദനിച്ചെങ്കിലും സഹിക്കാവുന്ന വേദനെയെ ഉണ്ടായിരുന്നുള്ളു.
പക്ഷെ തൂങ്ങിയാടുന്ന പ്ലാസ്റ്റിക് സഞ്ചിയിലേയ്ക്ക് ഇറ്റിറ്റ് വീഴുന്ന സ്വന്തം രക്തം കാണുമ്പോൾ ഭയം വർദ്ധിക്കുന്നു. എന്തോ ശരീരത്തിൽ നിന്നും ചോർന്ന് പോകുന്ന പോലെ.
തൊട്ടപ്പുറത്ത് ഈ സമയം വലിയ ബഹളം നടക്കുക ആയിരുന്നു.
ധൈര്യശാലി എന്ന് കരുതിയിരുന്ന അബിയുടെ ഭയന്നുള്ള പരാക്രമങ്ങൾ കണ്ടപ്പോൾ ഉളളിൽ ചിരിപൊട്ടി.
നേഴ്സുമാർ പണിപ്പെട്ടാണ് അവന്റെ രക്തം എടുക്കുവാൻ ആരംഭിച്ചത്.
സൂചി ഊരിമാറ്റിയിട്ട് നേഴ്സ് ഒരു ജ്യൂസ് പായ്ക്കറ്റ് കയ്യിൽ തന്നു.അതും കുടിച്ചിരിക്കുമ്പോൾ.
അബിയുടെ കയ്യിലെ സൂചിയും ഊരിമാറ്റുന്നത് കണ്ടു. പക്ഷെ അബി കണ്ണു തുറക്കാതെ കിടക്കുകയാണ്.
പരിഭ്രാന്തരായ നേഴ്സ് മാരെ കണ്ടപ്പോൾ ഉള്ളിൽ ഭയംതോന്നി..
" പേടി കൊണ്ട്അവന്റെ ബോധം പോയ്... "
ഒരു നേഴ്സ് പറയുന്ന കേട്ട് അറിയാതെ ചിരിച്ച് പോയ്.മുഖത്ത് വെള്ളം തളിച്ചപ്പോൾ. പതിയെ കണ്ണ് തുറന്ന അബി കണ്ണ് മിഴിച്ച്ചുറ്റിനും നോക്കുന്ന കാഴ്ച കണ്ടപ്പോൾ ചിരി നിയന്ത്രിക്കാൻ പറ്റാതെ വന്നു.
സുഹൃത്തുക്കൾക്കിടയിലെ നേതാവാണ് അബി.എല്ലാവർക്കും ഇഷ്ട്ടമാണ് അവനെ. അതെ സമയംഭയവും .എടുത്ത് ചാട്ടവും ,മുൻകോപവും കാരണംപല വീരസാഹസകഥകളിലെയും നായകനായ് മാറി.
അത് പോലെ പെട്ടെന്ന് അലിയുന്ന മനസ്സായിരുന്നു.
എല്ലാം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ അബി തോളിൽ കയ്യിട്ട് കൊണ്ട് പറഞ്ഞു.
"ഇവിടെ നടന്നത് ആരോടുംപറയേണ്ട. കേട്ടല്ലോ.. "
ചിരിച്ച് കൊണ്ട് തലയാട്ടി. പെട്ടെന്ന്
മുന്നിലുടെ നടന്ന്പോയ ഒരു സ്ത്രിയുടെ സഞ്ചിയിൽ നിന്ന് ഒരു ചെറിയപേഴ്സ് താഴെ വീഴുന്നത് കണ്ണിൽ പെട്ടത്.അത് അറിയാതെ അവർ നടന്ന് നീങ്ങി.
ഈ സമയം മറ്റൊരാൾ ആ പേഴ്സ് എടുത്തു.
സിബ്ബ് തുറന്ന് നോക്കുന്നത് കണ്ടു .എന്നിട്ട് ഒന്നും സംഭവിക്കാത്തത് പോലെ. അടുത്തുള്ള കുപ്പതൊട്ടിയിലേയ്ക്ക് എറിയുന്നത് കണ്ടു.
അബിവേഗം കുപ്പതൊട്ടിയിൽ നിന്നും തിരിഞ്ഞ് ആ പേഴ്സ് എടുത്തു അത് തുറന്ന് നോക്കുന്നത് കണ്ട് ഞാനും അതിലേയ്ക്ക് എത്തിവലിഞ്ഞു നോക്കി. കുറച്ച് ഗുളികകളും ചുവന്ന കളറിലെ ആശുപത്രിയിലെ പാസും,പിന്നെ മുഷിഞ്ഞ് കീറിയ ഒരഞ്ച് രൂപ നോട്ടും. അവൻ അ അഞ്ച് രൂപ എടുത്തുയർത്തി.അതിന്റെ അവസ്ഥ കണ്ട് ഞാൻ ചിരിച്ചു.
അബി മുഖമുയർത്തി എന്നെനോക്കി.ആ കണ്ണുകൾ ചുവന്നിരുന്നു. കനലെരിയുന്ന അ കണ്ണുകൾ കണ്ട് ഞാൻ ചിരി നിർത്തി.
ഈ സമയം ആ സ്ത്രി ചുറ്റിനും പരതി നോക്കി കൊണ്ട് നടന്ന് വരുന്നത് കണ്ടു.
കയ്യിൽ തൂക്കി പിടിച്ചസഞ്ചിയിൽ മുഴിഞ്ഞ വസ്ത്രങ്ങളോടൊപ്പം.ആശുപത്രിയിൽ നിന്നും കൊടുക്കുന്ന ബ്രഡ്ഡിന്റെ പായ്ക്കറ്റും പുറമെ കാണാമായിരുന്നു.
അവർ ധരിച്ചിരിക്കുന്ന മുഷിഞ്ഞ സാരി അവിടവിടെ പിഞ്ചികീറിയിരിക്കുന്നു. ദൈന്യത നിറഞ്ഞ മുഖത്ത് ഉറക്കച്ചടവ് തെളിഞ്ഞ് കാണാമായിരുന്നു.
അബി പേഴ്സ് അവരുടെ നേരെ വച്ച്നീട്ടീ.
അത് കണ്ടപ്പോൾ അവരുടെ കണ്ണുകൾ വിടരുന്നത് കണ്ടു. ആശ്വാസത്തിന്റെ തെളിദീപം വിരിയുന്നത് നോക്കി നിന്നു.
ഒരായിരം നന്ദി ആ കണ്ണുകളിൽ പറയാതെ പറഞ്ഞു.
പേഴ്സുമായ് അവർ വേച്ചു വേച്ചു നടന്ന് മറഞ്ഞു.
ബസ്സിൽ തിരക്ക് കുറവായിരുന്നു. സീറ്റ് എല്ലാം നിറഞ്ഞിരുന്നു.കമ്പിയിൽ തൂങ്ങി നിൽക്കുമ്പോൾ കണ്ടു. പേഴ്സ് കൊടുത്ത സ്ത്രീയും അതെ ബസ്സിൽ കയറുന്നു.
അവർ സീറ്റിന്റെ സൈഡിലെ കമ്പിയിൽപിടിച്ച് നിന്നു.
പക്ഷെ അവർക്ക് അധികം നേരം അങ്ങിനെ നിൽക്കുവാനാവില്ല എന്ന് മനസ്സിലായ്.വിയർപ്പ് തുള്ളികൾ ആ മുഖത്ത് പറ്റി കൂടി നിൽക്കുന്നു.
അവരുടെ അവസ്ഥ മനസ്സിലാക്കിയിട്ടും സ്ത്രി ജനങ്ങൾ ആരും സീറ്റ് ഒഴിഞ്ഞ് കൊടുത്തില്ല.
ഈ സമയം ഞങ്ങൾ നിന്നിരുന്ന ഭാഗത്ത് നിന്നും ഒരാൾ ഇറങ്ങുന്നതിനായ്എഴുന്നേറ്റു .ഇതു കണ്ട
അബി അ സ്ത്രിയോട് ഒഴിവുള്ള സീറ്റിൽ ഇരിക്കാൻ ക്ഷണിച്ചു.
നന്ദിയോടെ അബിയെ നോക്കിയിട്ട് അവിടെ വന്നിരുന്നു..
ഒരു ദീർഘനിശ്വാസം അവരിൽ നിന്നും ഉയർന്നു.
അല്പം കഴിഞ്ഞപ്പോൾ ആ സ്ത്രീയുടെ അടുത്തിരുന്ന മാന്യൻ എന്ന് തോന്നിക്കും വിധം വസ്ത്രങ്ങൾ അണിഞ്ഞയാൾ ഉറക്കെ ശകാരിക്കാൻ തുടങ്ങി.
"സ്ത്രികളുടെ സീറ്റ് ഇവിടെയല്ല. ഇത് പുരുഷൻമാരുടെ സീറ്റാണ്. നിങ്ങൾ എഴുന്നേറ്റ് പോകു ഇവിടെ നിന്ന്. മനുഷ്യനെ മെനക്കെടുത്താനായിട്ട് ഓരോന്ന് വന്നോളും.... "
വിളറി വെളുത്ത് അ സ്ത്രി ഇരുന്നു.
ബസ്സിലുള്ള എല്ലാരും ഇത് കേൾക്കുന്നുണ്ടായിരുന്നു. ആരും ഒരക്ഷരം മിണ്ടുന്നില്ല. അയാൾ തുടർന്നും പറഞ്ഞു കൊണ്ടെ ഇരുന്നു.
ആ സ്ത്രി എഴുന്നേൽക്കുന്നതിനായ് ഒരുങ്ങി.
അബി പെട്ടെന്ന് അവരെ തടഞ്ഞ് കൊണ്ട് അല്പം മുന്നോട്ടാഞ്ഞു.
പടക്കം പൊട്ടും പോലെ അടിപൊട്ടി .
വലതു കവിളും തടവി ഇരിക്കുന്ന അയാളെ കണ്ട് എല്ലാരും ചിരിച്ചു..
മുൻവാതിലിൽ നിന്ന കിളിയുടെ മുഖത്ത് വലിയ സന്തോഷം
" നന്നായ് സാറെ ... " അവന്റെ സന്തോഷം വാക്കുകളായ്.
അടി കൊണ്ടയാൾ എന്തോ പറയുന്നതിനായ് വാ തുറന്നു.
മിണ്ടരുത് എന്ന് അബി ചുണ്ടിൽ വിരൽ വച്ച് ആംഗ്യം കാട്ടി.
അനുസരണയുള്ള കുട്ടിയെ പോലെ. അയാൾ തലയാട്ടി.
അബി എന്റെ മനസ്സിൽ ശരിക്കും നായകനായ് തീർന്നിരിക്കുന്നു.
കണ്ടക്ടർ സ്ത്രിയുടെ അടുത്ത് ടിക്കറ്റുമായ് എത്തി .
അവർ പേഴ്സിൽ നിന്നും കീറിയ അഞ്ച് രൂപാനീട്ടി കൊണ്ട്.
സ്ഥലപ്പേര് പറഞ്ഞു.
കണ്ടക്ടർ ആ പൈസാ തിരികെനൽകി കൊണ്ട് പറഞ്ഞു.
"ഈ പൈസാ എടുക്കില്ല. മാറ്റിത്തരു."
അവർ കൂടുതൽവിളറി.
"അയ്യോ മോനെ എന്റെ കയ്യിൽ ഇതെയുള്ളു... "
അവർ സത്യാവസ്ഥ ബോധിപ്പിച്ചു.
കണ്ടക്ടർ എന്തോ പിറുപിറുപ്പ് തുടങ്ങി.
ഈ സമയം അബി അവരോട് പറഞ്ഞു..
"നന്നായിട്ട് നോക്ക് അമ്മച്ചി ,അതിൽ ഉണ്ടാവും."
"ഇല്ല മോനെ ,." അവർ കടുത്ത വേദനയോട് കൂടി അറിയിച്ചു.
"ശരി ,ഞാൻനോക്കാം, ആ പേഴ്സ് ഇങ്ങു തരു "
അബി ആ പേഴ്‌സിലെ റോസ്കളറിലുള്ള ആശുപത്രി പാസിനുള്ളിൽ നിന്നും ചെറുതായ് മടക്കിയ നിലയിൽ നൂറ് രൂപ എടുത്ത് കണ്ടക്ടറെ ഏൽപിച്ചു.
അത് കണ്ട് അ സ്ത്രി ഞെട്ടി.
അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
കൈകൂപ്പുന്നതിനായ് ഉയർത്തിയ അ കൈകളെ അബി തള്ളിമാറ്റി .എന്നിട്ട്
ഒന്നും സംഭവിക്കാത്ത പോലെ നിൽപ്പുതുടർന്നു.
അത് കണ്ടപ്പോൾ ഉള്ളിൽ അസൂയ തോന്നി,
ഇവനെ പോലെയാകാൻ എന്തെ തനിക്ക് സാധിക്കാത്തത്.
എന്നാലും ഇവൻ എപ്പോൾ ഇവന്റെ പോക്കറ്റിൽ ഇരുന്ന പൈസ അതിനുള്ളിൽ വച്ചു..? ???
ശുഭം.
✍ Nizar vh
(3,15)

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo