Slider

ഒന്നാം നാൾ...

0

ഒന്നാം നാൾ...
-----------------
അന്നും പതിവ് തെറ്റാതെ അവൻ ആ കുന്നിൻമുകളിലേയ്ക്ക് ഓടിക്കയറി. മിന്നൽ പോലെ മുകളിലെത്തിയശേഷം
തേയില ചെടികൾക്കിടയിലൂടെ വളരെ വേഗം താഴെയ്ക്ക് ഇറങ്ങി റോഡിലെത്തി.
കുനിഞ്ഞ് നിന്ന് കിതച്ചു. കിതപ്പ് മാറ്റിയ ശേഷം തലയുയർത്തി റോഡിന്റെ ഇരുവശങ്ങളിലേയ്ക്കും നോക്കി.. ആരുമില്ല.വളഞ്ഞ് പുളഞ്ഞ് പോകുന്ന പാത മാത്രം.
ചുറ്റിനും തലയുയർത്തി നിൽക്കുന്ന മലനിരകൾ. കുന്നിനെ ചുറ്റിയാണ് ടൗണിലേയ്ക്കുള്ള റോഡ് കടന്ന് പോകുന്നത്.
ഈ കുന്ന് കയറി ഇറങ്ങിയാൽ വരുന്ന വാഹനത്തെക്കാൾ മുന്നെ ഇവിടെ എത്താം.
താഴ് വാരം കോടമഞ്ഞിൻപുതപ്പ് അണിയാൻ തുടങ്ങി.. പുൽനാമ്പുകളിൽ തുഷാര ബിന്ദുക്കൾ അടരുവാൻ മടിച്ച് നിൽക്കുന്നു.
അടുകളുടെ കരച്ചിൽ അടുത്ത് വരുന്നു. സോഹനാണ് ആടിനെ നയിക്കുന്നത്.. ഞങ്ങൾ നല്ലആട്ടിടയൻമാർ.
കൂടെപ്പിറന്നതല്ലെങ്കിലും സഹോദരനാണ് .
അവന്റെ മുഖത്ത് നിന്നും വായിക്കാം ചോദിക്കാൻ തുടങ്ങുന്നത് എന്തെന്ന്.
"എന്തിനാ നീ എന്നും ഈ മല കയറിയിറങ്ങുന്നത്....???" പതിവ് മറുപടി.
" ഒരു രസം.. "
അവന് ഒരു പുഞ്ചിരി സമ്മാനിക്കുമ്പോഴും ഉള്ളിൽ നൊമ്പരങ്ങളുടെ കൊടുംങ്കാറ്റ്അലമുറയിടുന്നു.
'മോനെ... ' എന്നുള്ള വിളി
ഹൃദയത്തിന്റെ അടിത്തട്ടിൽ ഇടയ്ക്കിടെ മുഴങ്ങാറുണ്ട്.. ആവിളിയുടെ ഈണം ഊർജ്ജമാണ് ഇന്നും.
തളരാതെ പിടിച്ച് നിർത്തുന്ന ഔഷധം.മൂക്കിൻ തുമ്പത്തെ ആ കറുത്ത മറുകും ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.
"മോൻ ഇറങ്ങു ... അമ്മ മലകളെ കാട്ടിത്തരാം.. "
അമ്മയുടെ കൂടെ മലകൾ കാണാൻ മൂക്കിൻ തുമ്പത്ത് കറുത്ത മറുകുള്ള അമ്മയുടെ കൈയ്യും പിടിച്ച് കാറിൽ നിന്നും ഇറങ്ങിയ ആ നാല് വയസ്സുകാരൻ കോടമഞ്ഞിൽ വിറച്ചു .അമ്മയുടെ സാരിത്തലപ്പ് അവന് ചൂട് പകർന്നു.
പുതിയ കാഴ്ചകൾ കണ്ട് അവൻ മതിമറന്ന് നിൽക്കെ.....
സാരിത്തലപ്പ് തന്നിൽ നിന്നും വഴുതി മാറിയത് അവൻഅറിഞ്ഞില്ല.
അവൻ തിരിഞ്ഞ് നോക്കുമ്പോൾ പുകമറയിലേയ്ക്ക് മറഞ്ഞ്പോകുന്ന കാർ കണ്ട്
വെറുങ്ങലിച്ച് നിന്നു പോയി....
'അമ്മേ ...... അമ്മേ... '
എന്ന് വിളിച്ച് കരഞ്ഞുകൊണ്ട് കാറിന് പിന്നാലെ ഓടി.. അകന്ന് പോകുകയായിരുന്നു ആ ചുവപ്പ് വെളിച്ചം..
പെട്ടെന്ന് തോന്നിയ ബുദ്ധിയിൽ ആ കുന്നിലേയ്ക്ക് വലിഞ്ഞുകയറി..
വെപ്രാളപെട്ട് കയറി മുകളിലെത്തി .താഴെയ്ക്ക് ഊർന്നിറങ്ങുമ്പോൾ അടിതെറ്റി.
കല്ലിലും ,കമ്പിലും ഉരഞ്ഞ് ഊർന്നിറങ്ങി
ഒരു വിധം റോഡിൽ എത്തി. തൊട്ടു മുന്നിലായ് അമ്മ കയറിയ കാർ..പതിയെ നീങ്ങുന്നു.
അവൻ ഓടി ...
പെട്ടെന്ന് കണ്ടു തല പുറത്തേയ്ക്കിട്ട് തന്നെ തന്നെ നോക്കുന്ന അമ്മയെ.. ആ കണ്ണുകൾ നിറഞ്ഞിരിന്നുവോ...??
കണ്ണാടിയിലൂടെ ചിരിക്കുന്ന പുതിയ ഡാഡിയുടെ
മുഖം.
ഓടിക്കുഴഞ്ഞ് തളർന്ന് വീണത് ഒരു പറ്റംആടുകൾക്കിടയിലായിരുന്നു. ജീവിതം ഇന്നും ആടുകൾക്കിടയിലാണ്.
സ്നേഹിച്ചാൽ തിരിച്ച് കിട്ടുന്നസ്നേഹം.
കുന്നിനപ്പുറത്ത് നിന്നും ഇപ്പുറമെത്താൻ നിമിഷങ്ങൾ മാത്രം മതി ഇന്നവന്. പക്ഷെ അന്ന് ഒരൽപ്പം വൈകിപ്പോയി.....
ഇന്നും തന്നെ ഉപേക്ഷിക്കാൻ കൊണ്ട് വന്നതല്ലിവിടെ എന്ന് അന്തരംഗം വെറുതെ വാശി പിടിക്കുന്നു.
അടുകളോടൊപ്പം അവനും പതിയെ കോടമഞ്ഞിൽ മറഞ്ഞു..
8ാം നാൾ.....
-------------------
അന്നും പതിവ് പോലെ ആടുകളുമായി മലയിറങ്ങി വന്നു..
എന്നെത്തെയും പോലെ കുന്നിൽ ഓടിക്കയറി
റോഡിലിറങ്ങി.കണ്ണുകൾ പായിച്ചു.പെട്ടെന്നാണ് ആ കാഴ്ച കണ്ടത്..
ഒരു കാറിന് പിന്നാലെ ഓടുന്ന വ്യദ്ധയായ ഒരു സ്ത്രീ....
കാറിന്റെ ചുവപ്പ് വെളിച്ചം കോടമഞ്ഞിൽ മറഞ്ഞു കഴിഞ്ഞിരുന്നു.
ആ സ്ത്രീ ഒരു കല്ലിൽ തട്ടി റോഡിൽ മറിഞ്ഞ് വീണു.
അവൻ പതിയെ അവർക്കരുകിലെത്തി.
അവരെ പിടിച്ചെഴുന്നേൽപ്പിച്ചു.കയ്യിലും കാലിലും ചോര പൊടിഞ്ഞിരിക്കുന്നു. പൊടിയും ചോരയും അവൻ പുതച്ചിരുന്ന തുണികൊണ്ട് തുടച്ചു.
"എന്ത് പറ്റി..??"
പതിയെ ചോദിച്ചു.
അത് കേട്ട് അവർ അവനെ സൂക്ഷിച്ച് നോക്കി.
നിറകണ്ണുകളോടെ വിറയാർന്ന ചുണ്ടുകൾ അനക്കി.കാറ് മറഞ്ഞ ദിക്ക് ചൂണ്ടി.
"കർമ്മഫലമാണ് മോനെ. .. അനുഭവിക്കുക തന്നെ.. "
അവർ മുഖം കുനിച്ചു.
അവൻ അവരുടെ കൈകവർന്നു.പതിയെ ആടുകൾക്കൊപ്പം നടന്നു .കൂടെ എങ്ങോട്ടെന്നറിയാതെ അവരും..
അവന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു.
"അമ്മ.... "
അവന്റെ ഹൃദയം തുടിക്കുന്നുണ്ടായിരുന്നു.
ഒപ്പം ആ വൃദ്ധയുടെ മൂക്കിൻ തുമ്പത്തെ ആ കറുത്ത മറുകും....
By
Nizar Vh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo