Slider

കണക്ക് ക്ലാസ്സ്

0

കണക്ക് ക്ലാസ്സ്
=. =. =. =. =. =.
ഞാൻ ഡിഗ്രി കഴിഞ്ഞുള്ള വെക്കേഷനു ട്യൂഷൻ സെന്ററിൽ ക്ലസ്സെടുക്കാൻ പോണ കാലം. മാത്‍സ് ആണ് വിഷയം. എട്ടാം ക്ലാസ്സിലെ പിള്ളേരാണ്.... ദോഷം പറയരുതല്ലോ.... എല്ലാരും നന്നായി പഠിക്കണ പിള്ളേരാണ്. ഞാനും വാശിയിലാണ് നന്നായി prepared ആയി പോവും. എന്റെ സകല അടവും പയറ്റി അത്യാവശ്യം നല്ല തമാശയൊക്കെ പൊട്ടിച്ചു പിള്ളേർക്ക് ബോറടിക്കാത്ത വിധം പഠിപ്പിക്കും. Equations ഒന്നും മറന്നു പോവാതിരിക്കാൻ എല്ലാത്തിനും ഓരോ trick പഠിപ്പിച്ചു കൊടുക്കും. ഇപ്പഴല്ലേ മ്മടെ baiju ചേട്ടൻ ആപ്പും കൊണ്ടു വന്നേ.... അതിനും മുമ്പും മാത്‍സ് ഉണ്ടായിരുന്നു അക്കാലത്തൊക്കെ നമ്മള് സ്വന്തമായി വികസിപ്പിച്ചെടുത്ത ആപ്പായിരുന്നു.... (Baiju ചേട്ടാ ക്ഷമിച്ചേക്കണേ ). അത് എന്റെ കഴിവല്ലാട്ടാ... അതാണ് നമ്മടെ tuition മാഷ്‌... ആളു പഠിപ്പിക്കുന്ന ശൈലി അങ്ങനായിരുന്നു... ആ കളരിലല്ലേ ഞാനും അടവു പഠിച്ചത്.... പിന്നെങ്ങനെ മോശം വരും. ക്ലാസ്സെടുക്കണത് ശരിയാവുന്നുണ്ടോന്ന് അപ്പുറത്തു മാഷ്‌ ശ്രദ്ധിക്കുന്നുണ്ടാവും.. അതോണ്ട് നമ്മള് പഠിപ്പിക്കണ കുട്ട്യോള് നന്നായി പഠിക്കുന്നുണ്ടോ എന്നറിയാൻ വന്ന ഉടനെ എല്ലാരോടും question ചോദിയ്ക്കണം എന്നാണ് മാഷ്ടെ ഒരു നിയമം. ഞാൻ പതിവ് പോലെ ഓരോരുത്തരോടും ചോദ്യം ചോദിയ്ക്കാൻ തുടങ്ങി. എല്ലാരും ചറ പറാ ന്ന് ഉത്തരം പറയുന്നു. "ആനന്ദലബ്ദിക്കിനിയെന്തു വേണം "? ഞാൻ സന്തോഷവതിയായി. ഇനി ഒരാളോടെ question ചോദിക്കാനുള്ളു അനീഷ് നോട് മാത്രം.
ടിയാൻ വല്യ പുള്ളിയാ... വീട്ടിൽ നല്ല സാമ്പത്തികം ഉള്ളോണ്ടും വീട്ടിലെ ഏക സന്തതി ആയോണ്ടും, സർവോപരി റേഷൻ കട ഉടമ (അന്നൊക്കെ റേഷൻ കട ഇന്നത്തെ അത്ര പരിതാപകരമല്ലാ )കൂടി ആയ രാമാനുജൻ ചേട്ടന്റെ മോൻ ആയോണ്ടും അവന് പഠിപ്പിൽ കാര്യമായ ഉത്സാഹമൊന്നും ഉണ്ടായിരുന്നില്ല....(അവനു പഠിച്ചു ജോലികിട്ടിട്ട് വലിയ ആവശ്യമൊന്നും ഇല്ലെന്നു സാരം. അച്ഛന്റെ സ്വത്തുക്കൾക്ക് ഏക അവകാശിയാണവൻ ) അവനെക്കൂടി ഉത്തരം പറയിപ്പിച്ചാൽ എന്റെ അദ്ധ്യാപന ജീവിതം സഫലമായി....
അവനു പറ്റിയ ഒരു question എന്റെ തലയിൽ പെട്ടെന്നുദിച്ചു. ഗണിതശാസ്ത്രത്തിൽ പ്രസിദ്ധമായ ഒരു നമ്പറുണ്ടല്ലോ....." 1729".ആ നമ്മുടെ രാമാനുജൻ സംഖ്യ... അതങ്ങ് ചോദിക്കാം ഞാൻ കണക്കു കൂട്ടി.... ബട്ട് ഒരു പ്രോബ്ളണ്ട്.... ഒരു പക്ഷേ അവന് ഈ നമ്പർ ഓർമമയില്ലെങ്കിലോ.... ? ഞാൻ ചമ്മില്ലെ..., ഞാൻ അടുത്ത നമ്പർ ഇറക്കി (രാമാനുജന് ഒരു നമ്പറല്ലേ ഉള്ളൂ.... മ്മടെ കയ്യില് നമ്പറുകളിങ്ങനെ കെടക്കല്ലേ.... )ചോദ്യം ദോശ മറിച്ചിടും പോലെ അങ്ങു മറിച്ചിട്ടു...
മുഖത്തെ സന്തോഷം മറച്ചു പിടിച്ചു ഒരു ഗൗരവം തേച്ചു പിടിപ്പിച്ചു.... ഞാൻ അവനോടായി ചോദിച്ചു " ഗണിതശാസ്ത്രത്തിൽ പ്രശസ്തമായ ഒരു സംഖ്യ ആണല്ലോ 1729.ഈ സംഖ്യ അറിയപ്പെടുന്നത് ഏതു ഇന്ത്യൻ ഗണിതശാസ്ത്രഞ്ജന്റെ പേരിലാണ് "?
അവൻ എണീറ്റു നിന്നു പരുങ്ങി... ബാക്കി എല്ലാവരും ഉത്തരം അറിയാമെന്ന ഭാവത്തിൽ ഇരിക്കയാണ്... പക്ഷേ അവന്റെ മുഖത്തു നിരാശ മാത്രം ഞാൻ കണ്ടു...ക്ലാസ്സിലെ കുട്ടികളെല്ലാം ചുറ്റുവട്ടത്തുള്ള വരാകയാൽ അവർക്കെല്ലാം ഇവന്റച്ഛന്റെ പേര് " രാമാനുജൻ " എന്നാണെന്ന് അറിയാവുന്നോണ്ട് അവരൊക്കെ ചിരിക്കുകയാണ്. ഞാൻ പക്ഷേ നിന്നു വിയർക്കുകയാണ്. അപ്പുറത്തു മാഷ്‌ test പേപ്പറിന് കൊടുത്തിട്ട് പിള്ളേരൊക്ക നിശബ്ദമായി ഇരുന്നു എഴുതുകയാണ്. അവിടെ ഇംഗ്ലീഷ് ഗ്രാമർ ആയോണ്ട് എഴുത്തിനേക്കാളേറെ കാടു കയറിയ ചിന്തകളായിരിക്കും... മാഷും എന്റെ ക്ലാസ്സ് എങ്ങനുണ്ടെന്ന് ശ്രദ്ധിക്കുന്നുണ്ടാവും. എങ്ങനെയെങ്കിലും ഇവനെ ഒന്നു ഉത്തരം പറയിക്കണം... ഞാൻ അവന് ഒരു പരിഗണന കൊടുക്കാം എന്നു വിചാരിച്ചിട്ട് പറഞ്ഞു... "വേണെങ്കി ഒരു ക്ലൂ തരാം " നിന്റെ വീട്ടിലുള്ള ഒരാളുടെ പേരാ... ഇത്തവണ എനിക്കുറപ്പായിരുന്നു അവൻ ഉത്തരം പറയുമെന്ന്.... കാരണം അവന്റെ വീട്ടിൽ അവനെക്കൂടാതെ അമ്മയും അച്ഛനും അച്ഛമ്മയും മാത്രേ ഉള്ളൂ. അപ്പൊ സ്വാഭാവികമായും അവന്റെ വീട്ടിലെ മറ്റൊരു പുരുഷപ്രജയായ അച്ഛന്റെ പേര് പറഞ്ഞാൽ ഉത്തരമായി.... എന്റെ ക്ലൂ കേട്ട് മറ്റുകുട്ടികൾ ചിരിച്ചു വെങ്കിലും ഇവൻ സംശയിച്ചു സംശയിച്ചു കൊണ്ടു വിക്കി വിക്കി ഉത്തരം പറഞ്ഞു.... "
 ""കു.. ട്ട... ൻ "!!!!!!.
എന്റെ ക്ലാസ്സു മാത്രല്ലാ അപ്പുറത്തു ഇംഗ്ലീഷ് ക്ലാസ്സിലെ ഗ്രാമർ ക്വസ്റ്റിന് ഉത്തരം തേടി കാടുകയറിപ്പോയ പിള്ളേരും മാഷുമടക്കം കൂട്ടച്ചിരിയായി.... ചിരിക്കാനും കരയാനും വയ്യാതെ ഞാനും....
അവനപ്പോഴും അമ്മേം അച്ചമ്മേം നാട്ടുകാരും അച്ഛനെ കുട്ടൻ എന്നു തന്നെ ആണല്ലോ വിളിക്കുന്നേ.... അത് പറഞ്ഞതിനാണോ ഇത്ര ചിരിക്കാൻ എന്ന മട്ടിൽ എന്നെ തുറിച്ചു നോക്കുകയായിരുന്നു....
ബിനി ഭരതൻ
============
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo