Slider

ഇരുപത്തിയേഴാം രാവ്

0
ഇരുപത്തിയേഴാം രാവ് 
.
പണ്ടാട്ടോ ..പണ്ടെന്നു പറഞ്ഞാൽ കുറെ പണ്ട് ......
നോമ്പു പെരുന്നാൾക്ക് ഒരു കുപ്പായോം രണ്ടു മാസം കഴിഞ്ഞു ഹജ്ജ് പെരുന്നാൾക്ക് പാന്റും .ഇതായിരുന്നു ഒരു കാലത്തെ പുതുവസ്ത്ര കണക്ക് .റമദാനിലെ വിശിഷ്ട ദിവസങ്ങളിൽ ഒന്നായ ഇരുത്തിയേഴാം രാവ് വരാൻ കാത്തിരിക്കും .അന്ന് വിശ്വാസികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു ദിവസം .ദാന ധർമ്മ കർമങ്ങൾക്ക് തിരഞ്ഞെടുക്കുന്ന പുണ്യ ദിവസമാണ് ..പുണ്യം ചെയ്യാൻ പ്രത്യേകിച്ചു ഒരു ദിവസത്തിന്റെ ആവശ്യമില്ലെങ്കിലും അന്നൊരു പ്രത്യേകതയാണ് .പ്രത്യേക പലഹാരങ്ങൾ ഉണ്ടാക്കും വീട്ടിൽ പ്രാത്ഥനകൾ കൂടും അങ്ങനെ അങ്ങനെ ...
.
ഇരുപത്തിയേഴാം രാവ് എന്നാൽ ഇരുപത്തിയാറാമത്തെ നോമ്പ് . മദ്രസയിൽ ലീവ് എടുത്തു നൂല് പിഞ്ഞിയ ഓട്ട തൊപ്പിയും വെച്ചു രാവിലെ ഇറങ്ങും അടുത്ത വീട്ടിലെ കുട്ട്യോളേം കൂട്ടി . വലിയ വലിയ വീടുകൾ നോക്കും .അവിടെ ചെല്ലും ചിലര് കുട്ടികൾ ആയോണ്ട് 2 രൂപയും 5 രൂപയും വരെ ദാനം തരും .അഞ്ചു രൂപയുടെ നോട്ടൊക്കെ കിട്ടിയാൽ പിന്നെ പെരുന്നാൾ അന്ന് തന്നെ ആയ സന്തോഷ , നോമ്പു എടുത്തു കൊണ്ടു ആഞ്ഞു നടക്കും പരമാവധി വീടുകളിൽ കയറാൻ .വലിയ വീടുകളിലുള്ളവരാണ് ദാനം ചെയ്യുക എന്ന ചിന്ത തെറ്റാണെന്നു പലപ്പോഴും അടഞ്ഞു കിടന്ന ഗേറ്റുകളും കുരച്ചു ചാടിയ നായകളും പഠിപ്പിച്ചു . .കയറിച്ചെല്ലുന്ന വീടുകളിൽ സകാത്ത്(ദാനം) തരുന്ന ആളുടെ മടിയിൽ ഇരിക്കുന്ന സമയ പ്രായക്കാരായ കുട്ടികളെ കാണുമ്പോ ദാരിദ്യ്രത്തിന്റെ ചൂടിൽ പൊള്ളുന്ന ഞാനടക്കമുള്ള കൂട്ടുകാർക്ക് കൊതി ആയിരുന്നു പറയാൻ അറിയാത്ത എന്തൊക്കെയോ ആഗ്രഹങ്ങളോട് . അവിടുന്നു പോരുമ്പോ ഞങ്ങൾ പറയും വലുതായിട്ട് വേണം നമുക്കും ഇതുപോലെ കൊടുക്കാൻ . .
ആ പകല് നടന്നു കിട്ടുന്ന പണം വീട്ടിലെത്തി എണ്ണിനോക്കുന്നത് വരെ വല്ലാത്തൊരു സന്തോഷമാണ് . 100 രൂപ തികക്കലാണ് എപ്പോഴും ലക്ഷ്യമായി കാണാറുള്ളത് .കിലോമീറ്ററുകളോളം നടന്നു വീട്ടിൽ എത്തിയാൽ പലപ്പോഴും ക്ഷീണം കണ്ടു നോമ്പു മുറിച്ചോളാൻ ഉമ്മ പറയും .പലഹാരങ്ങളുടെ മണവും നടത്തത്തിന്റെ ക്ഷീണവും ഉണ്ടാകുമെങ്കിലും അന്നത്തെ നോമ്പ് ഒരിക്കലും കളയാറില്ല . കിട്ടിയ പണം മുഴുവൻ എണ്ണി നോക്കി 100 മുകളിൽ ഉണ്ടെങ്കിൽ വീട്ടിൽ ഏൽപ്പിക്കും .100 എടുത്തു ആ വിലക്ക് കിട്ടുന്ന ഒരു ഷർട്ടോ അല്ലേൽ ഷർട്ടിന്റെ തുണിയോ എടുക്കും .അതാണ് പെരുന്നാൾ കുപ്പായം . സ്വന്തമായി ഉണ്ടാക്കിയ അല്ലേൽ അർഹിച്ചവന് ദാനം നൽകാൻ മനസ്സു കാണിച്ചവരുടെ കാരുണ്യം കൊണ്ടു നേടിയ ആ കുപ്പായമിട്ടാൽ മൊഞ്ച് ഇത്തിരി കൂടുതലാണ് .ആ കുപ്പായം ഹജ്ജ് പെരുന്നാള് വരെ പൊന്ന് പോലെ നോക്കും .ഉപ്പ എടുത്തു തരുന്ന പാന്റും ഇട്ട് ഹജ്ജ് പെരുന്നാളും കഴിഞ്ഞു പോവും . വീണ്ടുമൊരു റമദാനും ഇരുപത്തിയേഴാം രാവും ദാനം ചെയ്യാൻ കാരുണ്യം കാണിക്കുന്നവരുടെ മനസ്സിനും വേണ്ടി പുതുവസ്ത്രമിടാൻ ഒത്തിരി മനസ്സുകൾ കാത്തിരിക്കും .
.
ഇന്നിപ്പോ ഏതു ബ്രാൻഡ് ഷർട്ടോ പാന്റോ ഒന്നിൽ കൂടുതൽ എടുക്കാൻ ദൈവാനുഗ്രഹം ഉണ്ടായിട്ടും എടുത്തിട്ടും അന്നിട്ട് നടന്ന കുപ്പായത്തിന്റെ മൊഞ്ച് കിട്ടാത്തത് എന്താന്നു മനസ്സിലാവാതെ എവിടെയോ ഒരു ബാല്യം മറ്റൊരു ഇരുപത്തിയേഴാം രാവിന് വേണ്ടി കാത്തിരിക്കുന്നുണ്ട് .....................
അൻവർ മൂക്കുതല
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo