നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നോവോര്‍മ്മകള്‍

നോവോര്‍മ്മകള്‍
............................................
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നാട്ടിലെത്തിയത്..
ഓര്‍മ്മകളെ താലോലിച്ചുകൊണ്ട് കളിച്ച് വളര്‍ന്ന സ്ഥലങ്ങളിലെല്ലാം ഒന്നു ചുറ്റിക്കറങ്ങാനിറങ്ങി..
നാടാകെ മാറിപ്പോയി..
ഓടിക്കളിച്ചു നടന്ന ഇടവഴികളൊക്കെ റോഡായിക്കഴിഞ്ഞു..
എങ്ങും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ മാത്രം..
പണ്ട് പഠിച്ച എല്‍ പി സ്കൂളിന്‍റെ മുന്നില്‍ എത്തിയപ്പോള്‍ മൂക്ക് താനേ വിടര്‍ന്നു. ഉപ്പുമാവിന്‍റെ കൊതിപ്പിക്കുന്ന മണം വരുന്നുണ്ടോ എന്നറിയാന്‍..
ഇല്ല..
എനിക്ക് തോന്നിയതാണ്..
അടച്ചിട്ടിരിക്കുന്ന സ്കൂളില്‍ നിന്ന് എങ്ങനെ മണം വരാനാണ്..
മാത്രവുമല്ല.. പണ്ടത്തെപ്പോലെ ഇപ്പോള്‍ സ്കൂളില്‍ ഉപ്പുമാവൊന്നും ഇല്ലല്ലോ... ഉച്ചക്കഞ്ഞിയല്ലേ..
അന്നത്തെ ആ ഉപ്പുമാവിന്‍റെ രുചി ഇപ്പോഴും നാക്കിലുണ്ട്.. ആ രുചിയോടൊപ്പം ചില കണ്ണീരോര്‍മ്മകളും..
സ്കൂളില്‍ നിന്ന് ഉപ്പുമാവ് കിട്ടിക്കഴിഞ്ഞാല്‍ അത് മുഴുവന്‍ കഴിക്കില്ലായിരുന്നു.. ഇഷ്ടമില്ലാഞ്ഞിട്ടല്ല.. മുഴുവന്‍ കഴിക്കണമെന്ന് എത്ര കൊതിയുണ്ടായാലും പകുതി മാറ്റി വെയ്ക്കും.. കാരണം അതിനു വേറെ ഒരു അവകാശിയുണ്ടായിരുന്നു..
സ്കൂളിനത്ത് കുടില്‍ കെട്ടി താമസിക്കുന്ന നാടോടി കുടുംബത്തിലെ കൊച്ചു കുട്ടി..
അവന്‍റെ പേര് എനിക്കറിയില്ലായിരുന്നു.. ഞാനവനെ കണ്ണന്‍ എന്നു വിളിച്ചു.
രാവിലെ സ്കൂളില്‍ പോകുമ്പോള്‍ റോഡിന്‍റെ അരികിലായി അവന്‍ നില്‍ക്കുന്നുണ്ടാവും.. ദെെന്യത നിറഞ്ഞ മുഖം.. കണ്ടപ്പോള്‍ എനിക്ക് സഹതാപം തോന്നി...
അങ്ങനെയാണ് ഉപ്പുമാവിന്‍റെ ഒരു പങ്ക് കൊടുക്കാന്‍ തോന്നിയത്.. ഒരിക്കല്‍ കൊണ്ടു കൊടുത്തപ്പോള്‍ അവന്‍റെ മുഖത്തുണ്ടായ സന്തോഷം ഒന്നു കാണേണ്ടതായിരുന്നു.. അതിനു ശേഷം ഞാനത് പതിവാക്കി..
അവന്‍ എന്നെ 'അക്കാ' എന്നു വിളിക്കാന്‍ തുടങ്ങി..
അവനുമായുള്ള ചങ്ങാത്തം എന്‍റെ കൂട്ടുകാരികള്‍ക്ക് ഇഷ്ടമായിരുന്നില്ല..
''തെണ്ടി ചെക്കന്‍റെ കൂട്ടുകാരി''
എന്നു വിളിച്ചവര്‍ കളിയാക്കി..
ഞാന്‍ അതൊന്നും കാര്യമാക്കിയില്ല.
ഞങ്ങളുടെ ചങ്ങാത്തം തുടര്‍ന്നുകൊണ്ടേയിരുന്നു..
ഓണം അവധിക്ക് സ്കൂള്‍ പത്തു ദിവസം അടച്ചപ്പോള്‍ എനിക്ക് സങ്കടമായി..
പത്തു ദിവസം എന്‍റെ കണ്ണന് ഉപ്പുമാവ് കൊടുക്കാന്‍ കഴിയില്ലല്ലോ..
അവധി കഴിഞ്ഞ് സ്കൂള്‍ തുറന്നപ്പോള്‍ ഞാന്‍ സന്തോഷിച്ചു..
രാവിലെ പോകുമ്പോള്‍ അവന്‍ റോഡരികില്‍ നിന്ന് 'അക്കാ' എന്ന് വിളിച്ച് കെെവീശിക്കാണിച്ചു..
''ഉപ്പുമാവ് കൊണ്ടു വരാം ''
ഞാനും തിരിച്ചു കെെവീശി..
പക്ഷേ അന്ന് സ്കൂളില്‍ ഉപ്പുമാവ് ഇല്ലായിരുന്നു . . മുന്‍പ് അവിടെ പഠിപ്പിച്ച ഒരു ടീച്ചര്‍ മരണപ്പെട്ടതു കാരണം സ്കൂള്‍ നേരത്തെ വിട്ടു..
ഞാന്‍ തിരിച്ചു വീട്ടിലേക്ക് പോകുമ്പോള്‍ കണ്ണനെ കണ്ടു.. ഉപ്പുമാവ് ഇല്ല എന്നറിഞ്ഞപ്പോള്‍ അവന്‍റെ മുഖം വാടി.. കണ്ണുകള്‍ നിറഞ്ഞു..
എനിക്ക് വിഷമമായി...
''നാളെത്തെ ഉപ്പുമാവ് മുഴുവന്‍ നിനക്ക് തരാട്ടോ..''
ഞാന്‍ അവനെ സമാധാനിപ്പിച്ചു..
അവന്‍ നിറഞ്ഞ കണ്ണുകളോടെ തലയാട്ടി..
പിറ്റേന്ന് രാവിലെ സ്കൂളിലേക്ക് പോകുമ്പോള്‍ റോഡരികില്‍ അവനെ കണ്ടില്ല..
ഞാന്‍ അവന്‍റെ കുടിലിനരികില്‍ ചെന്നു നോക്കി..
അവിടെയൊന്നും ആരേയും കണ്ടില്ല ..
സ്കൂളില്‍ എത്തിയപ്പോഴാണ് ആ ദുഃഖവാര്‍ത്ത അറിഞ്ഞത്‌.. തലേന്ന് രാത്രി ഏതോ വണ്ടിയിടിച്ച് കണ്ണന്‍ ഈ ലോകം വിട്ടു പോയി എന്ന്..
എനിക്ക് ദേഹം മുഴുവന്‍ തളരരുന്നതുപോലെ തോന്നി..
അന്നു കിട്ടിയ ഉപ്പുമാവ് എന്‍റെ കണ്ണീരുവീണ് നനഞ്ഞിരുന്നു..
ഞാനത് പാത്രത്തോടെ അവന്‍റെ കുടിലിനു മുന്‍പില്‍ കൊണ്ടു പോയി വെച്ചു..
അകലെയെങ്ങോ ഇരുന്ന് എന്‍റെ കണ്ണന്‍ അതു കാണുന്നുണ്ടാവും എന്നു വിശ്വസിച്ചു..
കണ്ണന്‍റെ മുഖം മനസ്സില്‍ നിന്നു മായാത്തതു കൊണ്ടാവും പിന്നീടൊരിക്കലും സ്കൂളില്‍ നിന്നു ഉപ്പുമാവ് കഴിക്കാന്‍ എനിക്ക് തോന്നിയതേയില്ല...
അജിന സന്തോഷ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot