നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ സ്വന്തം യക്ഷി (ഭാഗം-4)

എന്റെ സ്വന്തം യക്ഷി (ഭാഗം-4)
........................................................
പുറത്ത് ഗേറ്റിൽ ആരോ തട്ടി ശബ്ദമുണ്ടാക്കുന്നുണ്ടോ?.. തോന്നലാവും.. പുറത്തിറങ്ങാൻ ഒരു ഭയം.. വീണ്ടും ഇരുമ്പിന്റെ ഓടാമ്പൽ ശക്തിയായി തട്ടുന്ന ശബ്ദം.. ഗേറ്റിനു താഴില്ലല്ലോ? അപ്പോൾ ആരാണെങ്കിലും അകത്തുകയറി വരുമല്ലോ?
പെട്ടെന്ന് മൊബൈൽ റിങ് ചെയ്തു..
എടുക്കണോ? പരിചയമില്ലാത്ത നമ്പർ..
സൈലന്റ് ആക്കിവച്ചു..
മുൻവാതിലിൽ തട്ടുന്ന ശബ്ദം..
'ആരാ.. ?'
'വാതിൽ തുറക്ക്.. എടാ.. '
'ആരാ?.. '
ടോർച്ചെടുത്തു അടിക്കാൻ തയ്യാറായി നിന്നു.. പതിയെ വാതിലിന്റെകുറ്റി മാറ്റി..
വാതിൽ പതിയെ തുറന്നു..
'ങ് ഹേ... നീയോ? നീയെന്താ ഇവിടെ? അതും ഈ രാത്രിയിൽ? '
'അകത്തോട്ടൊന്നു കേറീട്ടെല്ലാം പറയാം.. '
സുധീഷ്.. ഡിഗ്രിക്ക് കൂടെ പഠിച്ചതാണ്.. വീടിനടുത്താണ് അവന്റെയും വീട്.. നല്ലൊരു സുഹൃത്ത്.. പക്ഷേ ജോലികിട്ടിപോന്നപ്പോൾ ഇവരാരോടും പറഞ്ഞിരുന്നില്ല.. കാരണം പ്രൈവറ്റ് ജോലിയാണ്.. എത്രദിവസം ഉണ്ടാകുമെന്നു പറയാൻ പറ്റില്ല.. ഒന്നുറച്ചുനിന്നിട്ടു പറയുന്നതല്ലേ നല്ലതെന്നുതോന്നി.
അവൻ അകത്തുകയറി ആരെയോ ഭയന്നിട്ടെന്നപോലെ വീണ്ടും പുറത്തിറങ്ങിനോക്കി..
'ആരെയാ നീ നോക്കുന്നേ... ?'
'ഒരു പട്ടി.. അതെന്റെകൂടെ കുറേനേരമായിട്ട് ഉണ്ടായിരുന്നു.. തിളങ്ങുന്ന കണ്ണുകളുള്ള പട്ടി.. ഓടിച്ചുവിട്ടിട്ടും പോയില്ല.. ഗേറ്റിനകത്തുകയറി കുറ്റിയിട്ടുകഴിഞ്ഞപ്പോൾ അതെവിടെയോ പോയി..'
ഭയന്നിട്ടുണ്ട് അവൻ.. അതല്ല ഇവനെങ്ങനെ ഇവിടം കണ്ടെത്തി.. എല്ലാം ചോദിക്കണം.. അവന് ബാത്റൂം കാണിച്ചുകൊടുത്തിട്ട് തിരികെവന്നപ്പോളാണ് അമ്മയുടെ ഫോണിന്റെ കാര്യം ഓർത്തത്..
ആതിരയെ കാണാനില്ലത്രേ ! താൻ അവിടെനിന്നുപോരുന്നതിന്റെ തലേരാത്രിമുതൽ.. രണ്ടുദിവസം വീട്ടുകാർ ആരോടും പറഞ്ഞില്ല.. ഇടയ്ക്കിടെ അവൾ ഒരു കൂട്ടുകാരിയുടെ വീട്ടിൽപോയി തങ്ങാറുണ്ടത്രെ! അന്നും അവിടേക്കാണെന്നുപറഞ്ഞാണ് വീട്ടിൽനിന്നുപോയത്.. രാത്രി വൈകിയിട്ടും ഫോൺ വരാഞ്ഞപ്പോൾ അവളുടെ അമ്മ വിളിച്ചു.. ഫോൺ ഓഫായിരുന്നു..
പിന്നെ അവളുടെ കൂട്ടുകാരിയെ വിളിച്ചപ്പോൾ അവൾ ബാംഗ്ലൂർ ആയിരുന്നു ഒരുമാസമായിട്ട്.. പെൺകുട്ടിയുടെ കാര്യമായതുകൊണ്ട് അവർ പോലീസിലറിയിക്കാതെ ബന്ധുവീടുകളിലുംമറ്റും അന്വേഷിച്ചുകൊണ്ടിരുന്നു...
ആതിരയുടെ വീട് വളരെയടുത്താണ്.. കൂടാതെ അവളുടെ അച്ഛൻ തന്റെ അച്ഛന്റെ വളരെയടുത്ത കൂട്ടുകാരനും.. ആ പരിചയമാണ് ആതിരയെ തന്നോടടുപ്പിച്ചതും.. അവൾ അമ്പലത്തിൽപോകുന്നത് തന്റെ വീടിനുമുന്പിലുള്ള വഴിയിലൂടെയാണ്.. ആ കാഴ്ച കണ്ണിനൊരുത്സവം തന്നെയായിരുന്നു..
അവളറിയാതെയും അറിഞ്ഞും പലപ്പോഴും നോക്കിനിന്നിട്ടുണ്ട്.. പല കളിതമാശകൾ പറഞ്ഞിട്ടുണ്ടെങ്കിലും ഒരിക്കലും തനിക്കിഷ്ടമാണെന്നൊന്നും അവളോട് പറയാൻ കഴിഞ്ഞിട്ടില്ല. അങ്ങനെപറഞ്ഞാൽ ഉള്ള സൗഹൃദം നഷ്ടപ്പെടുമോന്നൊരു തോന്നൽ..
ഇപ്പോൾ... അവളെ കാണാതായിരുന്നു..
അവളുടെ അച്ഛൻ വിളിച്ചിട്ട് അച്ഛൻ അങ്ങോട്ട് പോയിരിക്കുകയാണത്രെ.. !
പുന്നമടക്കായലിൽ ഒരു ബോഡി പൊങ്ങിയിട്ടുണ്ട്.. പെൺകുട്ടിയാണ്.. പ്രായം ഏതാണ്ട് ആതിരയുടെ..
ന്റെ ദൈവമേ ! അത് ആതിരയുടേതായിരിക്കല്ലേ.. മനസ്സ് വല്ലാതെ സങ്കടപ്പെടുന്നുണ്ട്.. അപ്പോൾ തനിക്കനുഭവപ്പെട്ട സംഭവങ്ങൾ? ആതിരയെയല്ലേ താനിവിടെക്കണ്ടത്? രണ്ടുസംഭവങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധം?
അതിനിടയ്ക്കാണിവന്റെ വരവ്.. ഇവനെന്തിനാണാവോ ഇങ്ങോട്ടുവന്നത്?
പെട്ടെന്നാണ് അവന്റെ അലർച്ച കേട്ടത്..
'വിശാൽ..വിശാൽ.. '
ഓടിച്ചെന്നപ്പോഴേക്കും അവൻ ബാത്റൂമിനു പുറത്തിറങ്ങിയിരുന്നു.. നല്ലപോലെ അണയ്ക്കുന്നുണ്ട്..
'എന്തുപറ്റി.. ? എന്താ.. ??'
'അവിടെ.. ? അവൻ ബാത്റൂമിലേക്ക് ചൂണ്ടി
'അവിടെ.. ആരോ ഉണ്ട്.. '
'ചുമ്മാ.. 'അവനെ സമാധാനിപ്പിക്കണം
'അല്ലടാ .. പെട്ടെന്ന് ബാത്റൂമിലെ ലൈറ്റ് പോയി .ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ ഒരു വെളുത്തരൂപം.. അയ്യോ .. പെട്ടെന്നു ലൈറ്റ് വന്നു.. ഞാൻ ചാടിയിറങ്ങി.. '
'നിനക്ക് തോന്നിയതാവും..ഞാനിപ്പോ മേല്കഴുകിയിട്ട് ഇറങ്ങിയതേ ഒള്ളു.. '
അവൻ അടങ്ങുന്നമട്ടില്ല..
കുറച്ചുനേരമെടുത്തു അവൻ നോര്മലാവാൻ... അവനൊന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല.. രണ്ടു നേന്ത്രപ്പഴം.. രണ്ടുമൂന്നു ബിസ്കറ്റ്.. പിന്നെ വെള്ളം.. അതെല്ലാം കഴിച്ചുകഴിഞ്ഞപ്പോൾ ആളൊന്നുഷാറായി..
'ഇനി പറ.. നീയെങ്ങനെ ഇവിടെയെത്തി. ?'
'എനിക്കൊരു ഇന്റർവ്യൂ ഉണ്ട് നാളെ.. കാക്കനാട്.. അന്വേഷിച്ചപ്പോൾ നീ ഇവിടെയുണ്ടെന്ന് മനസിലായി.. അഡ്രസ്സൊക്കെ തേടിപ്പിടിച്ചിവിടെ എത്തിയപ്പോൾ ഈ നേരമായി.. ' അവൻ പറഞ്ഞുനിറുത്തി.
ആതിരയെ കാണാനില്ല എന്നുള്ളവിഷയം ഇവനോട് ചോദിക്കണോ? അല്ലെങ്കിൽത്തന്നെ ഇത്ര പ്രാധാന്യമുള്ള വിഷയമാകുമ്പോൾ അവൻ ഇങ്ങോട്ടു പറയേണ്ടതല്ലേ?
'വേറെ എന്തുണ്ട് വിശേഷങ്ങൾ?'
'എന്തോന്ന്.. അവിടൊക്കെ തേരാപാരാ നടന്നു മതിയായി.. വീട്ടിലാണേൽ എന്നും വഴക്കാ.. അപ്പോഴാ ഒരു ഇന്റർവ്യൂ ഒത്തുവന്നത്.. ഞാനിങ്ങുപോന്നു.. ഇനീപ്പോ അതുകിട്ടിയിലെങ്കിലും നിന്റെകൂടെ ഇവിടെത്തങ്ങി വേറൊരെണ്ണം കണ്ടുപിടിക്കാമല്ലോ?'
അപ്പൊ ഒരൊഴിയാബാധയാണ് വന്നുകയറിയിരിക്കുന്നത്.. പക്ഷേ ഒരുകണക്കിന് നല്ലതുമാണ്.. പേടിയുണ്ടാവില്ല .. ഇനി അഥവാ അങ്ങനെയുണ്ടായാൽത്തന്നെ ഒരാൾകൂടെയുള്ളത് നല്ലതാണ്..
'നമുക്ക് കിടക്കാം. ' അവനോട് പറഞ്ഞെങ്കിലും രാത്രിയിൽ ഇനി അനിഷ്ടസംഭവങ്ങൾ ഒന്നുമുണ്ടാകരുതേ എന്നായിരുന്നു പ്രാർത്ഥന.
കിടന്നിട്ട് ഉറക്കംവരുന്നില്ല.. അമ്മയെന്താണ് ഇവൻ ഇങ്ങോട്ടുവരുന്നകാര്യം സൂചിപ്പിക്കാതിരുന്നത്? വീട്ടിലിനിന്നല്ലാതെ തന്റെ അഡ്രസ് ഇവനെങ്ങനെ കിട്ടാനാണ്? അച്ഛൻ വന്നുകാണുമോ? ആതിരയുടെ കാര്യം എന്തായി.. ഒന്നു വിളിച്ചുചോദിച്ചാലോ? സാധാരണഗതിയിൽ അച്ഛൻ വന്നെങ്കിൽ അമ്മ ഇങ്ങോട്ടു വിളിക്കേണ്ടതാണ്.. ഇന്നിപ്പോ..
ലാൻഡ് ലൈനിൽ ബെല്ലടിക്കുന്നുണ്ട്.. എടുക്കുന്നില്ല. അച്ഛനെ വിളിച്ചാലോ?
'ഹലോ അച്ഛാ.. '
'അച്ഛനെവിടാ? വീട്ടിലെത്തിയോ? '
'ഇല്ല മോനെ.. ഞാൻ വീടിനടുത്തായി.. '
'ആതിരയുടെ.. '
'അതു കഴിഞ്ഞു.. ആരോ ആ കുട്ടിയെ ചതിച്ചതാ.. ബോഡി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.. പോസ്റ്റുമോർട്ടം നടത്തി നാളെ ഉച്ചയ്ക്കേ കിട്ടു. കഷ്ടം.. ശിവദാസനെ സമാധാനിപ്പിക്കാൻ എന്നെക്കൊണ്ടാവില്ല.. ഞാനിപ്പോൾ മെഡിക്കൽ കോളേജിൽ നിന്നു വരുവാ...'
വളരെ ലാഘവത്തോടെ അച്ഛനോട് സംസാരിച്ചെങ്കിലും ഹൃദയം നുറുങ്ങുകയാണ്.. എന്റെ ആതിരക്കുട്ടി.. അവൾക്കീ ഗതി വന്നല്ലോ?
'ഉം... ' തനിക്ക് അവളോട് ഒരു ചായ്‌വുണ്ടെന്നു രണ്ടുപേർക്കുമറിയാം.
''അമ്മ പേടിച്ചിരിക്കുവാ.. ഞാനിപ്പോൾ പറയില്ല.. രാവിലെ സമാധാനമായിട്ട് പറയാം.. '
'ശരി അച്ഛാ.. '
അപ്പോൾ അത് സംഭവിച്ചിരിക്കുന്നു.. ആര് ?
താനവിടെയുണ്ടാകേണ്ട സമയമാണ്.. ഇവിടുന്നു ഇനിയിപ്പോ അങ്ങോട്ട് പോകാനും പറ്റില്ല... ഒന്ന്, ജോലി തുടങ്ങിയതേയുള്ളു.. രണ്ടു തനിക്ക് ഓടിപ്പിടിച്ചുവരേണ്ട ആവശ്യം മറ്റുളളവരെ ബോധ്യപ്പെടുത്തൽ... ദൈവത്തിനറിയാമെല്ലാം.. എന്നാലും..
'നിനക്കുറങ്ങണ്ടേ.. ' സുധീഷാണ്
അപ്പോൾ അവൻ ഉറങ്ങിയില്ലായിരുന്നോ? സംഭാഷണം വല്ലതും അവൻ കേട്ടോ.. അറിയില്ല
'ഉം.. '
സുധീഷാണ് രാവിലെ വിളിച്ചുണർത്തിയത്..
ആറര.. അവൻ എണീറ്റപ്പോൾ ഒറ്റയ്ക്ക് ബാത്‌റൂമിൽ പോകാനുള്ള പേടികൊണ്ട് വിളിച്ചതാ..
അവൻ കുളിച്ചുഫ്രഷായി.. തനിക്കതിനൊന്നുമുള്ള മൂഡില്ലായിരുന്നു അവനെയുംകൂട്ടി ശ്രീധരേട്ടന്റെ കടയിലേക്ക്..
അവിടെ പത്രം കാണും..
ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ ശ്രീധരേട്ടൻ അവനെത്തന്നെ സൂക്ഷിച്ചുനോക്കുന്നുണ്ടായിരുന്നു.. അവന്റെ കണ്ണുകൾ കോഴിക്കൂട്ടിലും..
'മോനേ.. ആരാ അവൻ? അവൻ ആളത്ര പന്തിയല്ലല്ലോ?'
ഒന്നും പറഞ്ഞില്ല.. പറയാനുള്ള മനസ്സല്ലായിരുന്നു..
പത്രം എത്തിയിട്ടുണ്ട്.. അകത്തെവിടെയോ ആണ്.. ശ്രീധരേട്ടനോട് പറഞ്ഞാൽ എടുത്തുതരും..
തന്റെ മനസ്സറിഞ്ഞിട്ടെന്നവണ്ണം ശ്രീധരേട്ടൻ പത്രമെടുത്തുകൊണ്ടുവന്നു.
'നോക്കട്ടെ..
അവൻ പത്രം തട്ടിയെടുത്തു.. അതൊരുപക്ഷേ നന്നായി എന്നാണു തോന്നിയത്.. ആ വാർത്തകാണുമ്പോൾ അവന്റെ മുഖത്തെ ഭാവങ്ങൾ അറിയാമല്ലോ? കഷ്ടം ! അവൻ പത്രമെടുത്ത് നേരെ സ്പോർട്സ് പേജ് നോക്കി.. ഇന്ത്യാ -പാകിസ്ഥാൻ മാച്ചിൽ പാകിസ്ഥാൻ ഇന്ത്യയെ തകർത്തുവാരി.. കഴിഞ്ഞു അവന്റെ പത്രംവായന.
ആദ്യപേജിൽ വാർത്തയില്ല.. അപ്പോൾ വാർത്തയ്ക്ക് അത്രപ്രാധാന്യം കൈവന്നിട്ടില്ല.. മരണപേജിനപ്പുറമുള്ള പേജ്.. ആതിരയുടെ പടവും കൊടുത്തിട്ടുണ്ട്..
'നീ ഇതുകണ്ടോ.. ' അവനെ വാർത്ത കാണിച്ചു..
'ഡാ ഞാനിന്നലെ പറയാൻ വിട്ടുപോയതാ.. ന്ഹ ഹേ.. അവള് മരിച്ചോ? ' അവന്റെ കണ്ണുകളിൽ ഭയമുണ്ടോ?..
'നല്ലൊരു കുട്ടിയായിരുന്നു.. സത്യംപറഞ്ഞാൽ അവൾ എന്നെ മൈൻഡ് ചെയ്തിട്ടില്ല.. വായിതോന്നിയതൊക്കെ പറഞ്ഞിട്ടുമുണ്ട്.. ന്നാലും '
അവനാണ് വാർത്ത വിശദമായിട്ട് വായിച്ചത്.
വഴിയിൽ ആരും ഒന്നും സംസാരിച്ചില്ല... സംസാരിക്കാൻ ഒത്തിരിയുണ്ടായിരുന്നിട്ടുകൂടി.. ആതിര..
അവൾ മരിച്ചിട്ട് മൂന്നുദിവസമായിട്ടുണ്ടാവും എന്നാണ് പത്രത്തിൽ...വെള്ളംകുടിച്ച് വയറൊക്കെ വീർത്ത് ചീഞ്ഞഴുകിയ നിലയിലാണത്രെ ബോഡി കണ്ടുകിട്ടിയത്.. കായലിൽ എവിടെയോ തടഞ്ഞുനിന്നതാ..
അവളെ കണ്ടത് ഇന്നലെ രാത്രിയിൽ.. അവൾ മരിച്ചു എന്ന് കരുതപ്പെടുന്നത് മിനിഞ്ഞാന്ന്.. ഇല്ല അവൾ ഇന്നലെയായിരിക്കും മരിച്ചിരിക്കുക.. ഉറപ്പ്.. അവൾ മരിച്ചതിനുശേഷം തന്നെത്തേടിയെത്തിയതാണോ? എന്താണവൾ പറയാൻ ഉദ്ദേശിക്കുന്നത്? എന്നിട്ടവൾ എന്തിനാണ് ഞാൻ ആതിരയല്ല എന്ന് തന്നോട് പറഞ്ഞത്?
'ഡാ.. ഞാനൊരു... ' രണ്ടുപേരും ഒരേപോലെയാണ് പറഞ്ഞുതുടങ്ങിയത്..
രണ്ടുപേർക്കും എന്തോ പറയാനുണ്ട്. പെട്ടെന്നാണ് മൊബൈൽ ശബ്ദിച്ചത്..
(തുടരും)
വേണു 'നൈമിഷിക'

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot