നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഭാര്യയുടെ സ്നേഹം...

ഭാര്യയുടെ സ്നേഹം...
---------------------------------------------------------
ഇവിടെ വന്നു കഴിയുമ്പോൾ സുധിയേട്ടന് ഞാൻ ചോറ് വാരിത്തരാമെന്ന് പറഞ്ഞവളാ.ഇപ്പൊ ദേ പട്ടിക്ക് കൊടുക്കുന്നപോലെ പ്ലെയിറ്റ് മുൻപിൽ കൊണ്ടുപോയി തള്ളിയിട്ട് പോയേക്കുന്നു.
കഴിക്കണോ.. ?സുധി ഒരു നിമിഷം ആലോചിച്ചു.മൂന്ന് നേരം ഹോട്ടലിൽ പോയി കഴിക്കാൻ ഒരു നാനൂറ് രൂപയെങ്കിലും ആകും.ലീവ് തീരാൻ ഇനിയും ഉണ്ട് പത്ത് ദിവസം.കയ്യിൽ കാശ് വളരെക്കുറവും. ഇത് കഴിച്ചേ പറ്റൂ.നീ കഴിക്കുന്നില്ലേ എന്ന് ചോദിക്കണോ.. ?വേണ്ട. പെണ്ണുങ്ങൾക്കേ ഇത്ര അഹങ്കാരം പാടില്ല. മരുഭൂമിയിൽ നിന്നും രണ്ട് വർഷം കൂടി ലീവിന് വന്നതാ. പെണ്ണുംപിള്ളയുടെ കൈകൊണ്ടു ഉണ്ടാക്കിയത് കൂട്ടി കൊതി തീരെ കഴിക്കാൻ.എത്ര രുചിയായിട്ട് ഉണ്ടാക്കിയാലും സ്നേഹത്തോടെ വിളമ്പിതന്നില്ലങ്കിൽ ആ രുചി
അനുഭവപ്പെടില്ലല്ലോ .
വന്ന അന്ന് മുതൽ ഇന്നലെ രാത്രി വരേ ഒരു കുഴപ്പവും ഇല്ലായിരുന്നു. ഇന്നലെ കിടക്കാൻ നേരം എന്റെ പ്രിയതമ അവളുടെ അനിയത്തിയുടെ വീടിന്റെ കേറീതാമസത്തിനു കൊടുക്കാൻ വാഷിംഗ്‌ മെഷീൻ വേണമെന്ന് പറഞ്ഞു.ഇത്ര ദിവസവും എല്ലായിടത്തുമുളള പോക്കും, അതുമിതുമൊക്കെ മേടിച്ചും കയ്യിലുള്ള കാശ് എല്ലാം തീർന്നു.അതുകൊണ്ടാണ് ഞാൻ അവളോട്‌ പറഞ്ഞത്.വാഷിംഗ് മെഷീൻ വേണ്ട,നമുക്കൊരു മൈക്രോ വേവ് ഓവൻ മേടിച്ചു കൊടുക്കാമെന്ന് . അത് പ്രിയതമക്ക് അങ്ങോട്ട്‌ പിടിച്ചില്ല.ഇവളുടെ ഒരു ചേച്ചി കൊടുത്തത് ഫ്രിഡ്ജ്‌ ആണത്രേ.അതുകൊണ്ട് നമ്മൾ വാഷിംഗ് മെഷീൻ എങ്കിലും കൊടുക്കണമെന്ന്.കാശില്ലടീ എന്നൊന്ന് പറഞ്ഞുപോയി. അപ്പോൾ തുടങ്ങിയില്ലേ. എന്റെ ആൾക്കാർക്ക് എന്തെങ്കിലും കൊടുക്കണമെന്ന് പറയുമ്പോൾ സുധിയേട്ടന്റെ കയ്യിൽ കാശില്ലാതാകും.
അരിശം വന്നപ്പോൾ ഞാനെന്തോ പറഞ്ഞു. എന്താ പറഞ്ഞതെന്ന് പോലും ഞാൻ മറന്നുപോയി. പക്ഷേ രാവിലെ എഴുന്നേറ്റത് മുതൽ പ്രിയതമയുടെ മുഖം കടന്നൽ കുത്തിയപോലെ വീർത്തിരിപ്പുണ്ട്. എന്ത് ചോദിച്ചിട്ടും ഒന്നും മിണ്ടുന്നില്ല. എത്ര വട്ടമാ ചോദിക്കുന്നേ.. ?പോടീ പുല്ലേ എന്ന് ഞാനും പറഞ്ഞു. പിന്നെ ഞാനും മിണ്ടാൻ പോയില്ല.
അടുക്കളയിൽ ഇരുന്നു ചോറുണ്ടോണ്ടിരുന്ന ദിവ്യ ഏറുകണ്ണിട്ടു സുധിയെ നോക്കി.ഹും. തന്നെ ഇരുന്നു വെട്ടിവിഴുങ്ങുന്നു. നീ കഴിക്കുന്നില്ലേന്ന് ഒരു വാക്ക് ചോദിച്ചോന്ന് നോക്കിക്കേ. ഫോണിൽ കൂടി എന്തായിരുന്നു ഒലിപ്പീര്.മോളേന്ന് അല്ലാതെ വിളിക്കില്ലാരുന്നു. വന്നു പത്ത് ദിവസം കഴിഞ്ഞപ്പോൾ ആളുടെ വിധം മാറി.രാത്രിക്ക് പറ്റിക്കൂടി ഇങ്ങു വരട്ടെ.
അമ്മേ എനിക്ക് ചോറ് വാരിത്തരുമോ.. ?
അഞ്ചു വയസ്സുകാരി ചിന്നുമോൾ ചോദിച്ചോണ്ട് ദിവ്യയുടെ അടുത്തേക്ക് വന്നു.
തന്നെ വാരി ഉണ്ടാൽ എന്താ നിനക്ക് കുഴപ്പം.. ?തന്നെ ചെയ്ത് പഠിച്ചോ എല്ലാം. കൂടെ എപ്പോഴും ആളുണ്ടാവണമെന്നില്ല.ഓരോരുത്തർക്ക് ഒക്കെ ഓന്തിന്റെ സ്വഭാവമാ.നോക്കി നിൽക്കുമ്പോൾ നിറം മാറും.
ദിവ്യ ഇച്ചിരി ഉറക്കെ പറഞ്ഞു.
സുധി കേട്ടതായി ഭാവിച്ചില്ല. ചിരി വന്നെങ്കിലും ഒരു ഉരുള ചോറും കൂടി കൂടുതൽ വാരി വായിലേക്കിട്ട് അവൻ ചിരിയടക്കി.
അച്ഛാ ഈ അമ്മ ചിന്നുമോൾക്ക് ചോറ് വാരിത്തരുന്നില്ല.അച്ഛൻ ഒന്ന് വഴക്ക് പറയുവോ അമ്മേനേ.
അച്ഛന്റെ ചിന്നുമോൾ ഇങ്ങു വാ. അച്ഛൻ വാരിത്തരാമല്ലോ.
അമ്മ എന്തിനാ അച്ഛാ ചിന്നുമോളേ വഴക്ക് പറഞ്ഞേ.. ചിന്നുമോൾ കുരുത്തക്കേടൊന്നും കാണിച്ചില്ലല്ലോ.. ?
അമ്മയേ അച്ഛനോടുള്ള ദേഷ്യം കാരണം ചിന്നുമോളെ വഴക്ക് പറഞ്ഞതാന്നേ. അല്ലാതെ ചിന്നുമോളേ എന്തിനാ അമ്മ വഴക്ക് പറയുന്നേ...?ചിന്നുമോൾ നല്ല കുട്ടിയല്ലേ.
അമ്മക്ക് അച്ഛനോട് ദേഷ്യം ഇല്ലല്ലോ.. ?
അത് ചിന്നുമോൾക്ക് എങ്ങനെ അറിയാം. ?
അച്ഛൻ ഗൾഫിൽ ആരുന്നപ്പളേ രാത്രിയിൽ ഉറങ്ങാൻ നേരം അമ്മ അച്ഛന്റെ ഷർട്ട് എടുത്ത്‌ കെട്ടിപ്പിടിച്ചു കരയും. എന്നിട്ട് ഒത്തിരി ഉമ്മ കൊടുക്കും ഷർട്ടിന്. അമ്മ പറയും ഷർട്ടിനു ഉമ്മ കൊടുത്താൽ അച്ഛന് കിട്ടുമെന്ന്. അപ്പൊ ചിന്നുമോളും കൊടുക്കും ഒത്തിരി ഉമ്മ. അമ്മയും,ചിന്നുമോളും തന്ന ഉമ്മയെല്ലാം അച്ഛന് കിട്ടിയില്ലേ.. ?
കിട്ടി കേട്ടോ. അച്ഛനും തന്നില്ലേ ഒത്തിരി ഉമ്മ ചിന്നുമോൾക്ക്.
അച്ഛൻ മൊബൈലിൽ കൂടി അല്ലേ ഉമ്മ തന്നത്. അതാ ചിന്നുമോളുടെ മുഖത്തു കിട്ടാതിരുന്നേ.
അന്ന് രാത്രിയിൽ ദിവ്യ ചിന്നുമോളേ നടുക്ക് കിടത്തിയാണ് കിടന്നത്.സുധിയും അനങ്ങാൻ പോയില്ല. പക്ഷേ കുറേ നേരം കണ്ണടച്ച് കിടന്നിട്ടും സുധിക്ക് ഉറക്കം വന്നില്ല.മരുഭൂമിയിലെ വിരഹം നിറഞ്ഞ രാത്രികൾ അവന്റെ ഓർമ്മയിലേക്ക് കടന്നു വന്നു. ഉറക്കം വരാതെ തിരിഞ്ഞും, മറിഞ്ഞും കിടന്നു മൂട്ടയോട് മല്ലിട്ട് നേരം വെളുപ്പിച്ച എത്ര രാത്രികൾ. അപ്പോഴൊക്കെ എത്ര കൊതിച്ചിരുന്നു ഇവളുടെ മടിയിൽ തലവെച്ച്‌ കിന്നാരം പറഞ്ഞു കിടക്കാൻ.ചുമ്മാ ആ മുഖത്തേക്ക് നോക്കിക്കിടന്ന് കണ്ണുകൾ കൊണ്ട് ഒത്തിരി കഥകൾ പറയാൻ. ആർത്തലച്ചു പെയ്യുന്ന മഴയുടെ ശബ്ദത്തിൽ ഒന്നാകാൻ. ഒന്ന് മുട്ടി നോക്കിയാലോ.. ? ഉറങ്ങിക്കാണുമോ.. ?സുധി പയ്യെ കയ്യെടുത്തു ദിവ്യയെ കെട്ടിപ്പിടിച്ചു.വെച്ചതിലും വേഗത്തിൽ കൈ തട്ടി മാറ്റി ദിവ്യ. അപ്പൊ പ്രിയതമ ഉറങ്ങിയിട്ടില്ല. പുറം തിരിഞ്ഞ് കിടക്കുന്ന അവളുടെ ചന്തിക്കിട്ട് കാല് മടക്കി ഒന്ന് കൊടുത്താലോ എന്ന് തോന്നിയെങ്കിലും.. ആകെ വിരലിൽ എണ്ണാവുന്ന ദിവസമേ അവധി തീരാൻ ബാക്കിയുള്ളൂ എന്ന ബോധം അതിൽനിന്നും അവനെ പിന്തിരിപ്പിച്ചു. പല്ല് കടിച്ചു ആവശ്യമില്ലാത്ത തോന്നലുകൾ എല്ലാം അടക്കി കണ്ണടച്ച് സുധി കിടന്നു.
ഈ സമയം പെട്ടന്നുള്ള ദേഷ്യത്തിന് കൈ എടുത്ത്‌ മാറ്റിയെങ്കിലും ഇനി ഒന്നും കൂടി കെട്ടിപ്പിടിക്കുന്നതും നോക്കി കിടക്കുവായിരുന്നു ദിവ്യ. കുറേ നേരം നോക്കിയിട്ടും സുധിയുടെ കൈകൾ തന്നെ വരിഞ്ഞുമുറുക്കാൻ വരാത്തതിനാൽ അവൾ അസ്വസ്ഥയായി. ശ്ശെ.. കൈ എടുത്ത്‌ മാറ്റണ്ടായിരുന്നു.അവളും ഓർക്കുവാരുന്നു. സുധിയുടെ മണമുള്ള ഷർട്ടും കെട്ടിപ്പിടിച്ച്‌ കിടന്ന രാത്രികൾ.ആ നെഞ്ചിൽ തലവെച്ച്, സ്നേഹത്തിന്റെ, സുരക്ഷിതത്വത്തിന്റെ കരവലയത്തിനുള്ളിൽ ആണ്ടുകിടക്കാൻ മോഹിച്ച എത്ര രാത്രികൾ. അവൾ പയ്യെ ഒന്ന് നേരെ കിടന്നു. ചെറുതായി കണ്ണുകൾ തുറന്ന് നോക്കി. ആശാൻ എന്തെടുക്കുവാ.. ?കൈകളാൽ കണ്ണുകൾ മറച്ചാണ് കിടപ്പ്. ഊം.. അവൾ ചിന്നുമോളെ മാറ്റി സൈഡിലോട്ട് കിടത്തി. പതിയെ അവനോടു ചേർന്ന് കിടന്നു. ആശാന് ഒരു അനക്കവും ഇല്ല. അവൾ അവനെ കെട്ടിപ്പിടിച്ചു. സുധി കൈ എടുപ്പിക്കാൻ നോക്കി. അവൾ വിടാതെ മുറുക്കി കെട്ടിപ്പിടിച്ചു.
വല്യ സ്നേഹം ഒന്നും വേണ്ട. നീ കൈ എടുത്ത്‌ മാറ്റിക്കേ.
ഇല്ല. മാറ്റുന്നില്ല. ഇത് എന്റെ അവകാശമല്ലേ. ഭർത്താവിന്റെ ശരീരത്തിൽ ഭാര്യക്കാണ് അവകാശം. കേട്ടിട്ടില്ലേ.. ?
നീ കൈ എടുക്കുന്നുണ്ടോ.. ഇല്ലയോ... ?
എടുക്കുന്നില്ല.
സുധി ദിവ്യയുടെ കൈക്കിട്ട് ഒരു നുള്ള് കൊടുത്തു. അവൾ പെട്ടന്ന് കൈ എടുത്തു. അവൾക്കു നല്ലവണ്ണം വേദനിച്ചു.
ഹോ. എന്തൊരു നുള്ളാ നുള്ളിയത്. അത്രയും ഭാഗത്തേ തൊലി പറിഞ്ഞുപോയീന്നാ തോന്നുന്നേ.ദുഷ്ട്ടൻ.
തന്നെ അവിടെ കിടക്ക്.
അവൾ വീണ്ടും ചിന്നുമോളെ എടുത്ത്‌ നടുക്ക് കിടത്തി.
ശ്ശെ. നുള്ളണ്ടായിരുന്നു.ഉള്ള കഞ്ഞിയിൽ പാറ്റ ചാടി. ഇനിയും ഓർത്തിട്ട് കാര്യമില്ലല്ലോ. ഇച്ചിരി വെയിറ്റ് എടുത്തതാ. അവൻ പയ്യെ ഏറുകണ്ണിട്ട് നോക്കി. നേരത്തേ കിടന്നപോലെ കിടപ്പുണ്ട്. ഇനിയും എങ്ങനെയാ പറ്റിക്കൂടി ചെല്ലുന്നേ. അതും നമ്മൾ ആണുങ്ങൾ.സുധി ഒരു ദീർഘനിശ്വാസം എടുത്തു. ഒരു ദിവസം പോയിക്കിട്ടി. സുധി കണ്ണുകൾ ഇറുക്കിയടച്ചു. നിദ്രാദേവീ കടാക്ഷിക്കണേ .
------------------------------------------------------------
പിറ്റേന്ന് രാവിലെ സുധി പത്രമെടുത്തു നോക്കിക്കൊണ്ടിരുന്നപ്പോൾ ദിവ്യ കട്ടൻ കൊണ്ടുവന്നു സൈഡിൽ വെച്ചിട്ട് പോയി.
ദിവ്യ പോയിക്കഴിഞ്ഞു സുധി കട്ടൻ എടുത്ത്‌ കുടിച്ചു. മധുരമില്ല.
ദിവ്യേ.. എടീ ദിവ്യേ..
ഒരു മറുപടിയും കിട്ടാതെ വന്നപ്പോൾ സുധി കട്ടനും കൊണ്ട് അടുക്കളയിലേക്ക് ചെന്നു.
ഇതിന്റകത്തു മധുരം ഇടണം എന്നുള്ള കാര്യം അറിയില്ലേ നിനക്ക്.. ?
അവൾ ഒന്നും മിണ്ടിയില്ല. പഞ്ചസാര എടുത്തിട്ടു ഇളക്കി കൊടുത്തു.
എന്നാടീ നിന്റെ വായിൽ നാക്കില്ലേ.. ?
ദിവ്യ കടുപ്പിച്ചു ഒന്ന് നോക്കിയിട്ട് ഒരു തേങ്ങ എടുത്തു പൊട്ടിച്ചു.
ദിവ്യയുടെ കലിപ്പിച്ചുള്ള നോട്ടവും തലേന്നത്തെ അരിശവും കൂടി സുധിക്ക് ശരിക്കും ദേഷ്യം വന്നു.
എന്നാടീ നോക്കി പേടിപ്പിക്കുന്നേ.. ?
ഞാൻ നോക്കിയാൽ നിങ്ങൾ പേടിക്കുവോ.. ?
നിന്റെ അപ്പൻ വിജയൻ നോക്കിയാൽ നടക്കില്ല. പിന്നയല്ലേ നീ.
ദേ എന്റെ അപ്പനെ പറഞ്ഞാലുണ്ടല്ലോ..
സുധിയുടെ നേരെ കൈ ചൂണ്ടിക്കൊണ്ട് ദിവ്യ പറഞ്ഞു.
ആണുങ്ങളുടെ നേരെ കൈ ചൂണ്ടുന്നോടീ.
സുധി ആ കൈ പിടിച്ചു തിരിച്ചിട്ട് കവിളത്തൊന്നു പൊട്ടിച്ചു.
ദിവ്യ കൈ കൊണ്ട് കവിളിൽ അമർത്തി ഭിത്തിയിലേക്കു ചാഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഉള്ളിൽ വന്ന ദേഷ്യം മൊത്തം അവൾ അടുക്കളയിലെ പാത്രങ്ങളോട് തീർത്തു.
ഇനി ഇവിടെ നിന്നാൽ ശരിയാവില്ല. രണ്ടെണ്ണം അടിക്കണം. സുധി പെട്ടന്ന് റെഡിയായി ബൈക്കുമെടുത്തു പുറത്തോട്ടു പോയി.
ബൈക്ക് സ്റ്റാർട്ടാക്കുന്ന ശബ്ദം കേട്ട് ദിവ്യ വന്ന് നോക്കുമ്പോൾ സ്പീഡിൽ ബൈക്കും കൊണ്ട് സുധി പോകുന്നത് ഒരു മിന്നായം പോലെ അവൾ കണ്ടു.
--------------------------------------------------------
ആകെ ഒരു സമാധാനമില്ലായ്മാ. പെട്ടന്ന് പോകാനുള്ള ദിവസമായാൽ മതി. എന്തിനാ മരുഭൂമിയിൽ കിടന്ന് കഷ്ട്ടപ്പെടുന്നേ. ഒന്നിനും സ്നേഹമില്ല. രണ്ടെണ്ണം വിട്ടിട്ടും തലയ്ക്കു പിടിക്കുന്നില്ലന്ന് അവനു തോന്നി. സുധി ഒരു പെഗ്ഗിനും കൂടി ഓർഡർ ചെയ്തു. അപ്പോഴാണ് സുധിയുടെ മൊബൈൽ ചിലച്ചത്.
Hallo..
Hallo.. സുധി അല്ലേ.. ?ഒരു പെൺ ശബ്ദം.
അതെയല്ലോ.. ആരാണ്.. ?
ഞാൻ ശാലിനിയാ സുധി.നീ നാട്ടിൽ വരുമ്പോൾ വിളിക്കാം, കാണാം എന്നൊക്കെ പറഞ്ഞിട്ട് എന്നാ വിളിക്കാതിരുന്നേ.. ?നീ fb യിൽ നമ്പർ ഇട്ടേക്കുന്നത് ഇപ്പോഴാ ഞാൻ കണ്ടത്.
നിന്റെ നമ്പർ എന്റെ കയ്യിൽനിന്നും പോയി. അതല്ലേ വിളിക്കാതിരുന്നത്.
കുഴയുന്ന നാക്കോടെ സുധി പറഞ്ഞു.
സുധി ഇപ്പൊ എവിടെയാ.. ? വീട്ടിലാണോ.. ?
അല്ല ശാലിനി .. മനസ്സിന് ഒരു സുഖവുമില്ല. ഞാൻ ബാറിലാ. രണ്ടെണ്ണം വിട്ടോണ്ടിരിക്കുവാ.
ആഹാ. കൊള്ളാമല്ലോ. ഇങ്ങോട്ട് വരുവാണെങ്കിൽ കമ്പനിക്ക് ഞാനും കൂടാം.
ഇപ്പൊ വരട്ടെ..?
വേഗം വാ. ഒരു ഫുൾ മേടിക്കാൻ മറക്കണ്ട.
ഒരു അര മണിക്കൂർ. ഇപ്പൊ വരാം. നീ റെഡിയായിട്ടിരുന്നോ.
അവൻ എഴുന്നേറ്റു M H ന്റെ ഒരു ഫുള്ളും വാങ്ങിച്ചു പുറത്തേക്ക് നടന്നു. കാലുകൾ നിലത്തുറക്കുന്നില്ലന്നു അവനു തോന്നി. ഒരു വിധത്തിൽ ബൈക്കിൽ കേറി ഇരുന്നു സ്റ്റാർട്ട്‌ ചെയ്തു. മദ്യത്തിന്റെ ലഹരി അവനെ കൂടുതൽ ആവേശഭരിതനാക്കി. എത്രയും വേഗം ശാലിനിയുടെ അടുത്തേക്ക് എത്താൻ.
ഗൾഫിൽ ആയിരുന്നപ്പോൾ ആണ് ശാലിനിയുടെ ഫ്രണ്ട് റിക്വസ്റ്റ് വരുന്നത്. ഒരേ നാട്ടുകാർ. പഴയ ക്ലാസ്സ്‌മേറ്റ്. വിശേഷങ്ങൾ ചോദിച്ചു ചോദിച്ചു സ്ഥിരം ചാറ്റിങ്ങായി. അവിടെ വെച്ച് ഒറ്റക്കുള്ള ജീവിതത്തിൽ അതൊരു നേരം പോക്കായിരുന്നു. നാട്ടിൽ വരുമ്പോൾ കാണാമെന്നു അവൾക്കു വാക്ക് കൊടുത്തതാണ്. വീട്ടിൽ വന്ന് ദിവ്യയെയും, ചിന്നുമോളെയും കണ്ടപ്പോൾ അതെല്ലാം മറന്നു. അവരുടെ സ്നേഹം ആവോളം നുകരുമ്പോൾ ഇടക്ക് ശാലിനിയേ ഓർത്തെങ്കിലും, മനസ്സനുവദിച്ചില്ലന്നുള്ളതാണ് സത്യം.നമ്പർ ഇല്ലാഞ്ഞിട്ടല്ലായിരുന്നു. മനപ്പൂർവം വേണ്ടാന്ന് വെച്ചു.
ഒരു നിമിഷം ദിവ്യയുടെ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു. പോടീ പുല്ലേ.
ഇപ്പൊ ഞാനീ പോകുന്നതിനു നീയാ കാരണം. അവൻ ബൈക്കിന്റെ സ്പീഡ് കൂട്ടി. വലത്തോട്ട് തിരിയാൻ ബൈക്ക് തിരിച്ചതും ഏതോ വണ്ടി ബ്രേക്ക്‌ ചവിട്ടുന്ന ഒച്ച കേട്ട് സുധി ഞെട്ടി. പാഞ്ഞു വന്ന ടിപ്പർ സുധിയുടെ ബൈക്കിലിടിച്ചു. ബൈക്കും, അവനും തെറിച്ചു റോഡിലേക്ക് വീണു.കണ്ണുകൾ തുറന്ന് പിടിക്കാൻ നോക്കിയെങ്കിലും അത് പതിയെ അടഞ്ഞു.
മുഖത്തു വെള്ളം വീണപ്പോൾ സുധി കണ്ണ് തുറന്നു. ചുറ്റും ആൾക്കാർ. താൻ ആരുടെയോ മടിയിലാണ്. അവൻ മുഖത്തെ വെള്ളം തുടച്ചു. എഴുന്നേല്ക്കാൻ നോക്കിയപ്പോൾ കഴിയുന്നില്ല. ശരീരം മൊത്തം വല്ലാത്ത വേദന. ആരോ അവനെ എഴുന്നേറ്റിരിക്കാൻ സമ്മതിച്ചു.
എങ്ങനെയുണ്ട് ചേട്ടാ.. ?
ചോദിച്ചയാളുടെ മുഖത്തേക്ക് അവൻ നോക്കി. പിന്നെ തന്റെ ശരീരത്തിലേക്കും. കുറച്ചു ചെളി പറ്റിയെന്നല്ലാതേ പുറമേ കാണാൻ പരിക്കൊന്നും ഇല്ല.
എനിക്ക് കുഴപ്പമൊന്നുമില്ല.
എന്റെ വണ്ടിയാ ചേട്ടനെ ഇടിച്ചത്. ഇൻഡിക്കേറ്റർ പോലും ഇടാതെ പെട്ടന്ന് ചേട്ടൻ വലത്തോട്ട് തിരിക്കുവാരുന്നു. പെട്ടന്ന് ചവിട്ടി ബ്രേക്ക്‌ കിട്ടിയ കാരണം ചെറുതായേ ഇടിച്ചുള്ളൂ.
നിങ്ങൾ കഥ പറഞ്ഞോണ്ടിരിക്കാതേ അയാളെ ആശുപത്രിയിൽ കൊണ്ടുപോകാൻ നോക്ക്.
നാട്ടുകാരിൽ ഒരാൾ ചൂടായി ടിപ്പർ ഡ്രൈവറോട് പറഞ്ഞു.
ഏയ്‌.. അവരെ ഒന്നും പറയണ്ട. തെറ്റ് എന്റെയാ. എനിക്ക് കുഴപ്പമില്ല. ആശുപത്രിയിൽ പോകാനുള്ളതൊന്നും ഇല്ല.ഇവിടെ അടുത്ത് എന്റെ സഹോദരിയുടെ വീട് ഉണ്ട്. ഞാൻ പൊക്കോളാം.
ചേട്ടൻ വെള്ളം അടിച്ചിട്ടുണ്ട് അല്ലേ.. ?
ടിപ്പർ ഡ്രൈവർ ചോദിച്ചു.
ചെറുതായിട്ട് . പക്ഷേ ഇപ്പൊ ok.കെട്ടൊക്കെ വിട്ടു.
ചേട്ടന് എവിടെയാ പോകണ്ടത്. ഞങ്ങൾ കൊണ്ടുപോയി വിടാം.
വേണ്ട. ഞാൻ പൊക്കോളാം. നിങ്ങൾ വിട്ടോ.
സുധി എഴുന്നേറ്റു. ബൈക്കിൽ കയറി സ്റ്റാർട്ടാക്കി. അപ്പോൾ അവന്റെ മൊബൈൽ ബെല്ലടിച്ചു. നോക്കുമ്പോൾ ശാലിനി ആണ്.
Hallo..
എന്താ താമസിക്കുന്നേ.. എവിടെ വരേ ആയി.. ?ശാലിനി ചോദിച്ചു.
ഇപ്പൊ വരാം. ഞാൻ വരുന്ന വഴിക്ക് ബൈക്കിൽ ഒരു ടിപ്പർ തട്ടി.
എന്തേലും പറ്റിയോ.. ?
ശരീരം മൊത്തം ഭയങ്കര വേദന.പുറമേ പരിക്കൊന്നും ഇല്ല. ഡ്രെസ്സെല്ലാം മൊത്തം ചെളിയായി. കുപ്പിയും പൊട്ടിപ്പോയി.
എന്നാൽ ഇന്ന് സുധി വരണ്ട. പുറമേ പരിക്കൊന്നും ഇല്ലങ്കിലും ഒന്ന് സൂക്ഷിച്ചോ. തലയൊക്കെ ഇടിച്ചിട്ടുണ്ടങ്കിൽ കുറച്ചു കഴിയുമ്പോളേ അറിയത്തൊള്ളൂ. ഇവിടെ വന്നിട്ട് വല്ലതും പറ്റിയാൽ ഞാൻ പെട്ട് പോകും. നമ്മുക്ക് വേറൊരു ദിവസം കാണാം. Ok.. ബൈ..
സുധിയുടെ മറുപടിക്ക് കാക്കാതേ ശാലിനി ഫോൺ കട്ട്‌ ചെയ്തു.
അവന്റെ ബാക്കിയുള്ള കെട്ടും കൂടി വിട്ടു. സുധി ബൈക്ക് തിരിച്ചു. നേരെ വീട്ടിലേക്കു പോയി.
ബൈക്ക് സ്റ്റാൻഡിൽ വെച്ച് അവൻ സിറ്റൗട്ടിലെ തറയിലേക്ക് കിടന്നു.
ബൈക്കിന്റെ ശബ്ദം കേട്ട് ഒന്ന് എത്തി നോക്കിയ ദിവ്യ കാണുന്നത് ആകെ ചെളി പുരണ്ട് തറയിൽ കിടക്കുന്ന സുധിയേ.
സുധിയേട്ടാ.. എന്ന് വിളിച്ചു കൊണ്ട് ദിവ്യ ഓടി വന്ന് അവനെ താങ്ങി എഴുന്നേൽപ്പിച്ചു.
ഇതെന്നാ പറ്റിയത്.. ?
ബൈക്കിൽ നിന്നും വീണോ.. ?ശ്ശോ. എന്റെ ദൈവമേ.ഞാൻ കാരണമാണല്ലോ ഇത് പറ്റിയത്.
അവൾ ഓടിപ്പോയി ഒരു പാത്രത്തിൽ വെള്ളം എടുത്ത്‌ കൊണ്ട് വന്ന് അവന്റെ മുഖം തുടച്ചു.
ബൈക്ക് എടുത്ത്‌ സ്പീഡിൽ പോയപ്പോഴേ എന്റെ ഉള്ള് പിടച്ചതാ. സുധിയേട്ടൻ കുടിച്ചിട്ടുണ്ടോ.. ?
എന്താ സുധിയേട്ടാ ഇങ്ങനെയൊക്കെ.. ?
എന്നേ സുധിയേട്ടന് അറിയാവുന്നതല്ലേ. വിവരക്കേട്കൊണ്ട് ഞാൻ എന്തെങ്കിലും പറയും എന്നല്ലാതെ. എനിക്കും കൊച്ചിനും വേറെ ആരാ ഉള്ളത്.. ?
അവൻ ഒന്നും മിണ്ടിയില്ല. തനിക്ക് ഒരപകടം പറ്റിയപ്പോൾ അവൾ എല്ലാ പിണക്കവും മറന്നു. രാവിലെ താൻ അടിച്ചത് പോലും മറന്നു. നിറഞ്ഞൊഴുകുന്ന ആ കണ്ണുകൾ കണ്ടപ്പോൾ അവന് കുറ്റബോധം തോന്നി. ടിപ്പർ ഇടിച്ചതാണെന്നു സുധി ദിവ്യയോട് പറഞ്ഞില്ല.ശാലിനിയുടെ സ്നേഹവും, ദിവ്യയുടെ യഥാർത്ഥ സ്നേഹവും എന്താണന്ന് അവന് മനസ്സിലായി. ഒരു കണക്കിന് ടിപ്പർ ഇടിച്ചത് നന്നായി. അല്ലായിരുന്നെങ്കിൽ താൻ ഇവളെ വഞ്ചിച്ചേനേ. അവന്റെ കണ്ണുകൾ നിറഞ്ഞു.
ദിവ്യയുടെ മുഖം കയ്യിലെടുത്തു സുധി പറഞ്ഞു.
സോറി.. ടീ..
എന്തിന്.. ?
ഈ കവിളിൽ ഞാൻ അടിച്ചില്ലേ.. ?
അത് എന്റെ കയ്യിലിരിപ്പ് കാരണമല്ലേ. അത് സാരമില്ല.
ഇന്നലെ കെട്ടിപ്പിടിച്ചപ്പോൾ നീ എന്തിനാ കൈ തട്ടി മാറ്റിയത്... ?
അത് വീണ്ടും കെട്ടിപ്പിടിക്കാനല്ലേ. ഇനി ഓർത്തോണം. പിണങ്ങിയിരിക്കുമ്പോൾ പറയാൻ പറ്റില്ലല്ലോ.. !
സുധി ദിവ്യയെ കെട്ടിപ്പിടിച്ചു. ദിവ്യ കൈ എടുത്തുമാറ്റി.. ഒരു പൊട്ടിച്ചിരിയോടെ അവൻ വീണ്ടും അവളെ കെട്ടിപ്പിടിച്ചു.കണ്ണുകളടച്ചു അവൾ അവന്റെ കരവലയത്തിൽ ഒതുങ്ങി.
 അവൻ അവളുടെ അപ്പോഴും പാട് മായാത്ത കവിളിൽ ചുണ്ടമർത്തി. എല്ലാ പിണക്കവും അവിടെ അലിഞ്ഞില്ലാതായി . അപ്പോൾ പുറത്ത് ഒരു നേർത്ത ഇരമ്പലോടെ മഴ ആർത്തലച്ചു പെയ്യുന്നുണ്ടായിരുന്നു....
By.... ബിൻസ് തോമസ്‌....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot