നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

യാദൃശ്ചികം

യാദൃശ്ചികം
===========
''പ്രശസ്ത സാഹിത്യകാരന്‍ സേതുനാഥ്
കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ .ഭാര്യയെയും മക്കളെയും കാണാനില്ല''വാര്‍ത്ത വായിച്ചവരൊക്കെ ഞെട്ടിത്തരിച്ചു.ഈ വര്‍ഷത്തെ സാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ എഴുത്തുകാരന്‍ !മികച്ച തിരക്കഥക്ക് കഴിഞ്ഞ വര്‍ഷം സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ ആള്‍..പത്രത്തിലെ ഫീച്ചര്‍ അങ്ങനെ പോകുന്നു
,,,പോലീസ് അന്വേഷണ മാരംഭിച്ചു.കിടപ്പുമുറിയില്‍ രക്തം കട്ട പിടിച്ചിട്ടുണ്ട്.മറ്റു സാധന സാമഗ്രി കളൊക്കെ യഥാസ്ഥാനത്തു തന്നെയുണ്ട്...!മറ്റെവിടെയും രക്തപ്പാടുകളില്ല,പിടിവലി നടന്ന ലക്ഷണങ്ങളുമില്ല,ഭാര്യയും ഏഴു വയസുള്ള ഇരട്ടക്കുട്ടികളും എവിടെ അപ്രത്യക്ഷരായി...?? മാധ്യമങ്ങളും അധികാരികളും പോലീസിന് സ്വസ്ഥത നല്‍കിയില്ല,ഒരു പ്രശസ്ത വ്യക്തിയാണ് കൊല്ലപ്പെട്ടത്,അതും ഒരു ക്ലീന്‍ ഇമേജുള്ള സാഹിത്യകാരന്‍ !...സേതുനാഥിനെ കൊന്നതാര് ??..നാടെങ്ങും പ്രതിഷേധയോഗങ്ങള്‍...കൊലപാതകിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന എഴുത്തുകാരന്‍ പുനലൂര്‍ സുധാകരന്‍ നിരാഹാരമാരംഭിച്ചു ''
"അക്ബാർ മേ ക്യാ ലിഖാ ഹേ ബേട്ടീ.... തും പരേഷാൻ മത് ഹോ, ഹം ഹേ ന സാത്... യഹാ കോയി നഹീം ആയേങ്കെ.... അബ് തോ യഹ്‌ ചായ് പീയോ... ബച്ചിയാം സോ രഹീ ഹേ"
സീത ജീജ ഭായുടെ കൈയിൽ നിന്നും ചായ വാങ്ങി, പത്രം മേശമേൽ വെച്ചു. പറഞ്ഞതെല്ലാം മനസ്സിലായെങ്കിലും തിരിച്ചു മറുപടി പറയാനറിയാതെ സീത അവരെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു പരാജിതയായി. സീതയുടെ മനസ്സറിഞ്ഞത് പോലെ അവർ അടുക്കളയിലേക്ക് തിരിച്ചുപോകുമ്പോൾ ബോലാ റാം പുറത്തു നിന്നും കയറി വന്നു.
 അയാളെ കണ്ടതും ചായ താഴെ വെച്ച് സീത എഴുന്നേറ്റു.
"മോള് അവിടെ ഇരുന്നു ചായ കുടിക്കു, ഒന്നുമുണ്ടാകില്ല... പേടിക്കേണ്ട . ഇനി ഇവിടെയാണ് ജീവിക്കേണ്ടത്. എനിക്കെന്റെ മരിച്ചു പോയ മോളാണ് നീ, അക്ബാറിൽ എന്തെങ്കിലും ഉണ്ടോ...? പട്ടണത്തിൽ പോയി വരുന്ന രാഘവ് ആണ് മലയാളം പത്രം കൊണ്ടുതന്നത്.."
സീത ബോലാ റാമിന്റെ കൈകൾ കൂട്ടിപ്പിടിച്ചു നെറ്റിയിൽ ചേർത്തു പിടിച്ചു കരഞ്ഞു. തന്നോടൊരിക്കലും ഇത്ര സ്നേഹം ആരും കാണിച്ചില്ല എന്ന ചിന്ത ആ കണ്ണുകളെ കൂടുതൽ ഈറണനിയിച്ചു. ബോലാ റാം സീതയെ ആശ്വസിപ്പിച്ചു മുറിയിൽ പോയി കിടക്കാൻ പറഞ്ഞ ശേഷം ഭാര്യയുടെ അടുത്തേക്ക് പോയി.
സീത ആലോചിക്കുകയായിരുന്നു, ബോലാ റാം നന്നായി മലയാളം സംസാരിക്കുന്നു. ഒരു വർഷം കൊണ്ട് അയാൾ ഭാഷ പഠിച്ചെങ്കിൽ ഈ പ്രായത്തിലും അയാൾ എത്ര കഴിവുള്ളവനാണ്, തന്റെ അച്ഛന്റെ പ്രായമായിരിക്കണം, പക്ഷേ ഇപ്പോഴും നല്ല ആരോഗ്യവാനാണ്.
ബോലാ റാമിനെ ആദ്യമായി കാണുന്നത് ഒരു സന്ധ്യയ്ക്കാണ്, സേതുവിന്റെ തന്റെ മേലുള്ള പരാക്രമം കഴിഞ്ഞു അയാൾ ഉറങ്ങുകയായിരുന്നു. പഴയ വസ്ത്രങ്ങൾ ചോദിച്ചാണ് അയാൾ വന്നത്, അന്നാ മുഖത്തെ ദൈന്യതയും സ്നേഹം നിറഞ്ഞ ബേട്ടീ.... എന്നുള്ള വിളിയും അയാളോട് എന്തോ അനുകമ്പ തോന്നിപ്പിച്ചു. കൈയിൽ അധികം സാരി ഉണ്ടായിട്ടല്ല, താൻ വീട്ടിലുടുക്കുന്ന കീറിയ സാരികളിലൊന്നു അയാൾക്കെടുത്തു കൊടുത്തു. കൊടുക്കുമ്പോൾ ഒരു കിടപ്പു മുറിയും ഹാളും അടുക്കളയും മാത്രമുള്ള ആ വാടക വീടിന്റെ അകത്തേയ്‌ക്കയാൾ എത്തിനോക്കുന്നുണ്ടായിരുന്നു. അന്ന് എന്താ നോക്കുന്നതെന്നു ചോദിച്ചപ്പോൾ കുട്ടികളുടെ ചെരുപ്പ് കണ്ടു അവരെ നോക്കിയതാണെന്നും, തനിക്കൊരു കൊച്ചുമോൾ ഉണ്ടെന്നും പറഞ്ഞു അയാൾ പോയി.
പിന്നീടയാളെ കണ്ടത് അന്നാണ്, സേതു കൊല്ലപ്പെട്ട രാത്രി.
 സേതുവിനെ പ്രേമിച്ചു കെട്ടുമ്പോൾ വീട്ടുകാരെ എതിർക്കേണ്ടി വന്നു, അവർ അന്ന് പടിയടച്ചു പിണ്ഡം വെക്കുകയും ചെയ്തു. പിന്നീടാരും ഇല്ലായിരുന്നു സഹായത്തിന്, സേതുവിന്റെ വീട്ടുകാർ എന്നു പറയാൻ ആരുമില്ലായിരുന്നു. അമ്മ മരിച്ചു അച്ഛൻ ഏതോ സ്ത്രീയുടെ കൂടെ.... സേതുവിന്റെ പ്രണയത്തിൽ മുങ്ങി കുളിച്ചപ്പോൾ അതൊന്നും ഒരു പ്രേശ്നമല്ലായിരുന്നു. സേതുവിന്റെ എഴുത്തുകളിൽ അത്രയേറെ ആകൃഷ്ടയായിരുന്നു താൻ. എന്നാൽ ജീവിതം ആരംഭിച്ചപ്പോൾ സേതുവിന്റെ മറ്റൊരു മുഖമാണ് കാണാനായത്. എന്നും കുടിച്ചു വന്നു തന്റെ കാമാസക്തി പൂർത്തീകരിക്കാനും ഭക്ഷണം പാകം ചെയ്യാനും ഒരാൾ അത്രയ്ക്കും സ്ഥാനമേ അയാൾ നൽകിയുള്ളു. എഴുതും മുൻപ് അയാൾക്ക് ലൈംഗിക സുഖം ലഭിക്കണം, അതും അതി ക്രൂരമായി, അതിന് വേണ്ടിയാണ് അയാൾ വിവാഹം ചെയ്തതെന്നു തോന്നി. താൻ തിരഞ്ഞെടുത്ത വഴി ആയതിനാലും പരാതി പറയാൻ ആരും ഇല്ലാതിരുന്നതിനാലും ഒന്നും മിണ്ടാതെ എല്ലാം അനുഭവിച്ചു. അതിനിടയിൽ ഗർഭിണിയായി, ഈശ്വരൻ ശിക്ഷയെന്നോണം രണ്ട് പെണ്കുട്ടികളെയും നൽകി. വളരെ കഷ്ടപ്പെടേണ്ടി വന്നു കുട്ടികളെ വലുതാക്കിയെടുക്കാൻ, അയാൾക്ക് ഒരു മാറ്റവും ഉണ്ടായില്ല. കുട്ടികളുടെ മുൻപിൽ വെച്ചും അയാൾ തന്നെ അതി ക്രൂരമായി മർദിച്ചു, തടയാൻ വന്നാൽ കുട്ടികളെയും, അവർ അച്ഛനെ ഭയന്നു.
സേതു എഴുത്തിന്റെ ലോകത്ത് അപ്പോഴേയ്ക്കും പേരെടുത്തിരുന്നു. നിരവധി അവാർഡുകൾ അയാളെ തേടിയെത്തി. പലപ്പോഴും യാത്രകളിലായിരിക്കും അയാൾ, കൈയിൽ തന്നു പോകുന്ന തുച്ഛമായ പണം, ജീവിതം മടുത്തെങ്കിലും കുട്ടികളെ കാണുമ്പോൾ മരണത്തെ മറന്നു.
അയാൾ പോയാൽ അയാളുടെ എഴുത്തിൽ ആരാധന മൂത്ത് ആരാധകർ അയക്കുന്ന കത്തുകൾ ഒന്നും പൊട്ടിക്കാതെ എടുത്തു വെക്കണം, കൂടുതലും സ്ത്രീകൾ ആണ് എഴുതുന്നത്. അയാളറിയാതെ ചില കത്തുകൾ വായിച്ചതിൽ നിന്നും പല സ്ത്രീകളും ആയയാൾക്ക് ബന്ധം ഉണ്ടെന്നു മനസ്സിലായി. എങ്കിലും ഒന്നും ചോദിച്ചില്ല, സഹിച്ചു.
എന്നാൽ അന്നത്തെ ദിവസം, കുട്ടികളെ സ്‌കൂളിൽ നിന്നും വിളിച്ചു കൊണ്ടു വന്നപ്പോൾ കണ്ട കാഴ്ച്ച, അത് തന്റെ ഹൃദയം മുറിഞ്ഞു പൊട്ടിച്ചിതറിയ അവസ്ഥയായിരുന്നു. വാതിൽ അടച്ചിട്ടത് കണ്ട് അടുക്കള വാതിൽ തുറന്നാണ് കയറിയത്, അതായാൾ അടയ്ക്കാൻ മറന്നിരുന്നു, അല്ലങ്കിലും ആ ഭാഗത്തേക്ക് കയറാറില്ലാലോ. ഞാൻ കുട്ടികളെ ഹാളിൽ ഇരുത്തി ബെഡ് റൂം തുറന്നു, അവിടെ ബെഡിൽ അയാളോടൊപ്പം ഒരു പെണ്കുട്ടി. അപ്രതീക്ഷിതമായി കതക് തുറന്നത് കൊണ്ട് അവൾ പേടിച്ചു ചാടിയെഴുന്നേറ്റു വസ്ത്രം തിരഞ്ഞു. എന്നാൽ സേതുവിന് ഒരു കൂസലും ഇല്ലായിരുന്നു. ആ കുട്ടി വേഗം വസ്ത്രം ധരിച്ചു ബാഗുമായി തല താഴ്ത്തിപ്പിടിച്ചുകൊണ്ടു ഇറങ്ങിപ്പോയി.
കോളേജിൽ പഠിക്കുന്ന അധിക പ്രായമില്ലാത്ത കുട്ടിയാണെന്നു കാഴ്ചയിൽ തോന്നിച്ചു.
സേതു, എന്താണിത്... ? എനിക്കിത് അംഗീകരിക്കാൻ സാധിക്കില്ല എന്നു പറഞ്ഞതെ ഓർമ്മയുള്ളൂ, അയാൾ മുഖത്താഞ്ഞടിച്ചു, കട്ടിലിൽ പിടിച്ചെങ്കിലും താഴെ വീണു.
"ഇതൊക്കെ സാഹിക്കാമെങ്കിൽ നിൽക്ക്, അല്ലെങ്കിൽ ഇറങ്ങി പോ" എന്നും പറഞ്ഞു സേതു പോയി.
അന്ന് മക്കളെ കെട്ടിപ്പിടിച്ചു ഒരുപാട് കരഞ്ഞു, മനസ്സിൽ ഒരു ഉറച്ച തീരുമാനം എടുത്തിരുന്നു. കുട്ടികളെ ഉറക്കി കിടത്തി സേതുവിനായ് കാത്തിരുന്നു.
സേതു വരുമ്പോൾ വൈകിയിരുന്നു, കുട്ടികളെ നേരത്തെ കിടത്തിയുറക്കി, അവർ ഹാളിൽ ആണ് കിടത്തം. സേതു വിളിച്ചാൽ അയാളോടൊപ്പം കിടപ്പറയിൽ അല്ലങ്കിൽ ഹാളിൽ അതാണ് തന്റെ സ്ഥിതി. അയാൾ ഒന്നും കഴിക്കാതെ നേരെ പോയി കിടന്നു, മൂക്കറ്റം കുടിച്ച് ആടിയാടിയാണ് വന്നത്. സേതു ഗാഢനിദ്രയിൽ ആകാനായിരുന്നു താനും കാത്തിരുന്നത്.
സേതു ഉറക്കമായെന്നു ഉറപ്പായപ്പോൾ ശബ്ദമുണ്ടാക്കാതെ സൂക്ഷിച്ചു വെച്ച കത്തിയുമായി അയാളുടെ അടുത്തേക്ക് ചെന്നു. തലയിണയെടുത്തു മുഖത്തമർത്തി വെയ്ക്കലും നെഞ്ചിൽ തുടിക്കുന്ന ആ വൃത്തികെട്ട ഹൃദയം നോക്കി ആഞ്ഞു കുത്തി, ചോര ചുമരിലേക്ക് ചീറ്റി, ഭയക്കാതെ വീണ്ടും നാല് തവണ കത്തി ആ ഹൃദയത്തിൽ കയറിയിറങ്ങി. മദ്യലഹരിയിൽ ഉറങ്ങിയതിനാൽ സേതുവിന് അനങ്ങാനായില്ല. ആ നാഡിയിടിപ്പ് നിശ്ചലമായെന്നു ഉറപ്പായപ്പോൾ തലയിണ യഥാസ്ഥാനത്തു വെച്ച് ഹാളിലേക്ക് നടന്നു. കണ്ണു ഇറുക്കി പിടിച്ചു കൈ ഉയർത്തി മകളുടെ കഴുത്തിലേക്ക് കത്തി ചലിച്ചതും കൈ ആരോ പിടിച്ചു വെച്ചതുപോലെ നിന്നു. കണ്ണു തുറന്നു നോക്കിയപ്പോൾ തന്റെ കൈ ഒരാൾ മുറുകെ പിടിച്ചിരിക്കുന്നു, അലറിക്കരയാൻ വാ തുറന്നതും അയാൾ വാ പൊത്തി മിണ്ടരുതെന്നു പറഞ്ഞു. അന്നേരമാണ് ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയത്, അന്ന് പഴയ വസ്ത്രം ചോദിച്ചു വന്ന വൃദ്ധൻ. തന്റെ മുഖത്തെ ആശ്ചര്യത്തെ കണക്കിലെടുക്കാതെ അയാൾ കൈയിലുള്ള തോർത്ത് തന്ന് കൈ എല്ലാം തുടച്ചു കത്തി അതിൽ വെക്കാൻ നിർദ്ദേശിച്ചു, ഒന്നും മിണ്ടാതെ അനുസരിച്ചു. ശേഷം കിടന്നുറങ്ങുന്ന ഒരു മോളെ അയാൾ തോളിലെടുത്തിട്ടു അടുത്ത ആളെ എടുക്കാൻ അയാൾ ആംഗ്യം കാട്ടി. പിന്നീട് അയാളുടെ പുറകേ നടന്നു. ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച തനിക്ക് അയാൾ പറയുന്നത് അനുസരിക്കാനേ തോന്നിയുള്ളൂ.
ഇരുട്ടിൽ അന്യനായ ഒരാളോടൊപ്പം നടക്കുമ്പോൾ ഭയം തോന്നിയില്ല. ഇരുട്ടിന്റെ മറ പിടിച്ച് അവർ വേഗം നടന്നു.
******
ട്രെയിനിൽ ബോലാ റാമിനൊത്ത് യാത്ര ചെയ്യുമ്പോൾ ഇത്രനാളും അനുഭവിക്കാത്ത സുരക്ഷിതാവസ്ഥ തനിക്കനുഭവപ്പെട്ടു. ബോലാ റാം ശേഖരിച്ച വസ്ത്രങ്ങളിൽ നിന്നും ഒരു സാരി തനിക്കുടുക്കാൻ നൽകി. കുട്ടികളിൽ ഒരാളെ ആണ്കുട്ടിയെപ്പോലെ വേഷം ധരിപ്പിച്ചു. തന്റെ സാരി കത്തിച്ചു കളയാനും ട്രെയിൻ യാത്രക്കിടയിൽ കത്തി പുഴയുടെ ആഴത്തിലേക്കെറിയാനും അയാൾ മറന്നില്ല.
 അച്ഛനെന്ന ഭയത്തിൽ നിന്നും ഓടിയൊളിക്കുമ്പോൾ എന്തെല്ലാം കളവുകൾ പറയണമോ അതെല്ലാം കുട്ടികളെ പറഞ്ഞു പഠിപ്പിച്ചിരുന്നു. ബോലാ റാം ആയി കുട്ടികൾ പെട്ടെന്നിണങ്ങി, ഇതുവരെ കിട്ടാത്ത മുത്തശ്ശന്റെ സ്നേഹം അവർക്ക് അയാളിൽ കാണാനായി.
താൻ കൊന്നില്ലെങ്കിൽ ബോലാ റാമിന്റെ കൈകളിൽ തീർന്നേനെ സേതുവിന്റെ ജീവിതം, സേതുവിനെ കുത്തുമ്പോൾ എല്ലാം കണ്ടുകൊണ്ടു ബോലാ റാം വാതിലിനു പുറകിൽ ഉണ്ടായിരുന്നു എന്നത് അയാൾ പറഞ്ഞപ്പോഴാണ് അറിയുന്നത്. താൻ കുട്ടികളെ കൊല്ലും എന്നു തോന്നിയത് കൊണ്ടു മാത്രം അയാൾ പുറത്തേക്ക് വന്നു, അതുകൊണ്ട് മൂന്ന് ജീവൻ രക്ഷപ്പെട്ടു.
ബോലാ റാം സേതുവിനെ കൊല്ലാനായി ഒരു വർഷമായി ബോംബെയിൽ നിന്നും വന്ന്‌ കാത്തിരിക്കുന്നു എന്നറിവ് എല്ലാമറിയുന്നതിന് മുൻപ് അതിശയമാണ് തോന്നിച്ചത്. ബോലാ റാമിനും ഭാര്യ ജീജാ ഭായ്ക്കും
 ആകെ ഉണ്ടായിരുന്ന ഒരു മകളും ഭർത്താവും ആക്സിഡന്റിൽ മരിച്ചപ്പോൾ ശേഷിച്ചത് കൊച്ചുമകൾ സാധിക മാത്രമായിരുന്നു. പട്ടണത്തിൽ നിന്നും കൊച്ചുമകളെയും കൂട്ടി അവർ ഗ്രാമത്തിലേക്ക് വന്നു, പിന്നീടാ കുഞ്ഞായിരുന്നു അവരുടെ ലോകം. നല്ല മാർക്കോടെ വിജയിച്ച അവൾ ഉന്നത വിദ്യാഭ്യാസത്തിനായി പട്ടണത്തിൽ ചേർന്നു ഹോസ്റ്റലിൽ താമസമാക്കി. ഇടയ്ക്കവധി കിട്ടുമ്പോൾ വീട്ടിൽ വരും. ആയിടെ സേതു കഥ എഴുതാൻ അവരുടെ വീടിന്റെ അടുത്ത് താമസമാക്കി. ഒരവധിയ്ക്ക് നാട്ടിൽ വന്ന സാധിക അടുത്ത ദിവസം സേതു താമസിച്ച വീട്ടിൽ മരിച്ചു കിടക്കുന്നതാണ് കണ്ടത്, പിച്ചിച്ചീന്തിയ ശരീരം ഉപേക്ഷിച്ചു സേതു രക്ഷപ്പെട്ടു. പോലീസ്കാർ കഷ്ടപ്പെടാൻ മടിച്ച് കേസ് അന്വേഷിച്ചില്ല. പോലീസ് സ്റ്റേഷൻ ഉണ്ടെന്നല്ലാതെ ഗ്രാമവാസികൾക്ക് ഒരുപകാരവും ഉണ്ടായിരുന്നില്ല.
 ബോലാ റാമിന് പക്ഷേ സേതുവിനെ വെറുതെ വിടാനായില്ല. ഒരു വർഷം അയാൾ കേരളത്തിൽ അലഞ്ഞെങ്കിലും അവസാനം വീട് കണ്ടുപിടിച്ചു. വീടും ചുറ്റുപാടും നോക്കാനായിരുന്നു അന്ന് പഴയ വസ്ത്രം അന്വേഷിച്ചു അയാൾ വീട്ടിൽ വന്നത്. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ തെറ്റ് ചെയ്തെന്നുള്ള കുറ്റബോധം മായ്ഞ്ഞുപോയതായി സീതയ്ക്ക് തോന്നി.
******
"ബേട്ടീ ആവോ... ഖാനാ ഖാവോ... ബച്ചിയാം കിതനെ ദേർ സെ ദേക് രഹീ ഹേ..."
ചിന്തയിൽ നിന്നുണർന്ന സീത എഴുന്നേറ്റു.
"മോളെ വാ, ഒന്നും ഓർത്ത് പേടി വേണ്ട, മോൾക്ക് ഇഷ്ടമാണെങ്കിൽ എന്തെങ്കിലും ജോലി നോക്കാം. കുട്ടികളെ സ്‌കൂളിൽ ആക്കാം. ഇവിടെ ആരും അന്വേഷിച്ചു വരില്ല....വന്നാലും ഞങ്ങളുണ്ട്"
ബോലാ റാമിനെ നോക്കി സീത പറഞ്ഞു,
"ഹാം ബാപ്പു..."
ഇനിയെന്ത് സംഭവിച്ചാലും തന്റെ കുട്ടികൾ അനാഥരാകില്ലെന്ന ആശ്വാസം ആ മുഖത്തുണ്ടായിരുന്നു.
ബോലാ റാം സീതയെ ചേർത്തുപിടിച്ച് വാത്സല്യത്തോടെ തലയിൽ ചുംബിച്ചു, തന്റെ മകളെ തിരിച്ചു ലഭിച്ച സന്തോഷം ആ കണ്ണുകളിലൂടെ ഒഴുകി.
അപ്പോഴും കേരള പൊലീസ് സേതുനാഥ്ന്റെ കൊലപാതകിയ്ക്കെതിരെ തെളിവുകൾ അന്വേഷിക്കുകയായിരുന്നു.
***രേഷ്മ***

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot