നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വാസ്തവം ......


വാസ്തവം ......
''ശ്രീക്കുട്ടീ ..... ടാക്സി വന്നു വേഗം ഇറങ്ങ് ' വിനയന്റെ നീട്ടിയുള്ള വിളികേട്ട് പൂർണ്ണ ഗർഭിണിയായ ശ്രീലക്ഷ്മി പുറത്തേക്ക് വന്നു .പുറകെ ശ്രീലക്ഷ്മിയുടേയും വിനയന്റേയും അമ്മമാരും .ഡെലിവറിയ്ക്ക് ഇനിയും മൂന്നു ദിവസം കൂടി ഉണ്ട്. ഇന്നലെ ചെക്കപ്പിന് ചെന്നപ്പോൾ ഇന്നേ അഡ്മിറ്റാകാൻ പറഞ്ഞതാണ്. രണ്ടമ്മമാരുടേയും നടുവിൽ ഇരുന്ന് ഹോസ്പിറ്റലിലേക്ക് പോകവേ ശ്രീലക്ഷ്മിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. നീണ്ട എട്ടു വർഷത്തെ കാത്തിരിപ്പിന് ശേഷം ഒരു കുഞ്ഞു വരുന്നു ജീവിതത്തിലേക്ക് .
അമ്മായിയുടെ മകനായ വിനയേട്ടനുമായുള്ള വിവാഹം ചെറുപ്പത്തിലേ വീട്ടുകാർ തീരുമാനിച്ചതായിരുന്നു. ഇടത്തരം സാമ്പത്തിക പശ്ചാത്തലത്തിൽ നിന്നുള്ള തങ്ങൾക്ക് കൊച്ചു കൊച്ചു മോഹങ്ങളേ ഉണ്ടായിരുന്നുള്ളൂ . അതുകൊണ്ട് തന്നെ അധികം പരിഭവങ്ങളോ പരാതികളോ ഇല്ലാത്ത സ്വസ്ഥമായ കുടുബ ജിവിതം .പരസ്പരമുള്ള മനസ്സിലാക്കലും സ്നേഹവും വിശ്വാസവും ആയിരുന്നു തങ്ങളുടെ കുടുംബ ജീവിതത്തിന്റെ അടിത്തറ. അതുകൊണ്ടുതന്നെ വിവാഹം കഴിഞ്ഞ് വർഷങ്ങൾ ആയിട്ടും ഒരു കുഞ്ഞുണ്ടാകാത്തത് ഏറെ വേദനിപ്പിച്ചു എങ്കിലും പരസ്പര കുറ്റപെടുത്തലുകളോ വഴക്കുകളോ ഉണ്ടായിട്ടില്ല ഒരിക്കലും.
ചികിത്സകൾക്കൊന്നും ഫലമില്ലാതെ വന്ന സമയത്താണ് വിനയേട്ടന്റെ മാനേജർ മനോജ് സാർ അദ്ദേഹത്തിന്റെ അമ്മാവൻ ഡോ.തോമസിനേയും വന്ധ്യതാ ചികിത്സാരംഗത്ത് ഏറെ വർഷങ്ങൾ ആയി പ്രവർത്തിക്കുന്ന അവരുടെ ഹോസ്പിറ്റലിനെ കുറിച്ചും പറഞ്ഞതും. അങ്ങനെയാണ് ഡോ. തോമസിനെ പോയി കാണുന്നതും . കുറെയേറെ ടെസ്റ്റുകൾ ...... മരുന്നുകൾ ..... ഒടുവില്‍ ഗർഭിണി ആണെന്നറിഞ്ഞപ്പോൾ ഉള്ള സന്തോഷം ....... പിന്നീടങ്ങോട്ട് ഓരോ കൊച്ചു കൊച്ചു കാര്യത്തിലുമുള്ള കരുതലുകൾ ....... രണ്ടമ്മരാരിൽ ഒരാൾ എപ്പോഴും തന്നോടൊപ്പമുണ്ടായിരുന്നു .
"ശ്രീക്കുട്ടി..... ഇറങ്ങ് ..... പതുക്കെ ......" വിനയേട്ടന്റെ അമ്മയാണ് . ഓർമ്മകളിൽ മുഴുകിയിരുന്ന് ഹോസ്പിറ്റൽ എത്തിയതറിഞ്ഞില്ല . അവരെ ഒ പി ഡി യിൽ ഇരുത്തിയിട്ട് വിനയൻ പോയി അഡ്മിഷനും റൂമുമെല്ലാം ശരിയാക്കി വന്നു. "നമുക്ക് റൂമിലേക്ക് പോകാം . ഡോകടർ റൗണ്ടിനു വരുമ്പോൾ നോക്കിക്കോളുമെന്ന് "..... ഡോക്ടർ വന്നു പോയ പുറകെ സിസ്റ്റർ വന്ന് ശ്രീലക്ഷ്മിയെ സ്കാനിങ്ങിനായി കൊണ്ടുപോയി. സ്കാനിംങ് കഴിഞ്ഞ് ഡോക്ടർ പറഞ്ഞു എത്രയും പെട്ടെന്ന് സിസേറിയൻ വേണമെന്ന്. കുഞ്ഞിനെന്തോ ചില അസ്വസ്ഥതകൾ ഉണ്ടത്രേ. ഓപ്പറേഷൻ റൂമിന്റെ പുറത്തു വരെ വിനയൻ ശ്രീലക്ഷ്മിയുടെ കൈ പിടിച്ച് നടക്കുന്നുണ്ടായിരുന്നൂ. എന്തുവന്നാലും എന്‍റെ പെണ്ണിന് ഞാനുണ്ട് എന്ന് പറയാതെ പറഞ്ഞു കൊണ്ട്.
കാത്തിരിപ്പിന് അവസാനമില്ലാത്തതുപോലെ ....... ഒടുവിൽ ഒരു തങ്കക്കുടത്തിനേയും ആയി സിസ്റ്റർ എത്തി ...'' ആരാ ശ്രീലക്ഷ്മിയുടെ കൂടെയുള്ളത് " .... എന്ന ചോദ്യവുമായി .വിനയന്റെ കൈയ്യിലേക്ക് കുഞ്ഞിനെ കൊടുത്തുകൊണ്ട് അവർ പറഞ്ഞു .... "ആൺകുട്ടിയാ ..... മോനിപ്പോഴേ എല്ലാം തിന്നാൻ തയ്യാറായാ .... ദേ നോക്കിയേ ഇപ്പോഴേ പല്ലുകൾ ഉണ്ട് "..... അതു കേട്ട് അത്ഭുതത്തോടെ വിനയനും അമ്മരാരും കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി. സിസ്റ്റർ പറഞ്ഞതു മുഴുവൻ മനസ്സിലായ മട്ടിൽ വാ പൊളിച്ച് ചിരിക്കുന്ന അവന്റെ വായിൽ നിരയൊത്ത പല്ലുകൾ !!! ......
നിരയൊത്ത പല്ലുകളുമായി ജനിച്ച അവൻ എല്ലാവർക്കും ഒരു അത്ഭുതമായിരുന്നു..... ഒരാഴ്ച കഴിഞ്ഞ് ശ്രീലക്ഷി വീട്ടിലെത്തി . വീടെത്തി രണ്ടുദിനം കഴിഞ്ഞതേ ഉള്ളൂ .......... ശ്രീലക്ഷ്മി കുളി കഴിഞ്ഞെത്തിയപ്പോൾ കണ്ട കാഴ്ച അക്ഷരാർത്ഥത്തിൽ അവളെ ഞെട്ടിക്കുക തന്നെ ചെയ്തു. ...... പാലും കൊടുത്ത് ഉറക്കി കിടത്തിയിരുന്ന മോനതാ കട്ടിലിൽ എണീറ്റിരിക്കുന്നു. ......
പിന്നീടുള്ള ദിവസങ്ങളിലും അസാധാരണമായ അനുഭവങ്ങൾ തന്നെയാണ് വിനയനേയും ശ്രീലക്ഷ്മിയേയും കാത്തിരുന്നത് . കുളിപ്പിക്കുന്നതിനിടയിൽ അവൻ വെള്ളത്തിൽ കൈകാലിട്ടടിച്ച് രസിക്കുന്നത് .............. ജനിച്ചു പതിനഞ്ചു ദിവസമായപ്പോഴേക്കും അവൻ പിടിച്ചു നടക്കാൻ തുടങ്ങിയത് ......... ഇരുപത്തിയെട്ട് കെട്ടിന്റെന്ന് കാതിൽ വിളിച്ച "അഖിൽ '' എന്ന പേരവൻ ഏറ്റു പറഞ്ഞത് ....... വിനയനേയും ശ്രീലക്ഷ്മിയേയും സ്ഫുടതയോടെ അച്ഛാ .. അമ്മേ ... എന്ന് വിളിച്ചുതുടങ്ങിയത് ........
കുഞ്ഞുമായി പലവട്ടം അവർ ശിശുരോഗ വിദഗ്ധനെ കാണാൻ പോയി ...... ഡോക്ടർക്കും മനസ്സിലാക്കാൻ പറ്റുന്നതിനും അപ്പുറമായിരുന്നു അഖിൽ ..... പെരുമാറ്റത്തിൽ ഉള്ള വ്യത്യാസം അല്ലാതെ മറ്റ് രോഗങ്ങൾ ഒന്നും ഇല്ലാത്തതിനാൽ ഓട്ടിസം പോലുള്ള ഏതെങ്കിലും ജനിതക വൈകല്യമാവാം അഖിലിന്റെ തലച്ചോറിന്റെ അധിത പക്വതക്ക് കാരണം എന്ന കണക്കുകൂട്ടലിൽ ആണ് എത്തിയത് . ഒരു പക്ഷെ ഒന്നോ രണ്ടോ വയസ്സാകുമ്പോഴേക്ക് കുഞ്ഞിന്റെ സ്വഭാവവും പ്രവൃത്തികളും സാധാരണ നിലയിലേക്ക് വരാം എന്ന് പറഞ്ഞ് അവരെ സാന്ത്വനിപ്പിച്ച് അയച്ചു . എങ്കിലും ഇതുവരെ കാണാത്ത ഈ പ്രതിഭാസം ഡോക്ടറെ ഏറെ ചിന്താകുലനാക്കി . ബുദ്ധി വളർച്ച കുറഞ്ഞ കുട്ടികളെ ഏറെ കണ്ടിട്ടുണ്ട് ...... പക്ഷെ ഇത്ര ചെറുപ്പത്തിലേ ശരീരവളർച്ചയിലും ഏറെ ബുദ്ധി വളർച്ച പ്രകടിപ്പിക്കുന്ന കുഞ്ഞ് ......
രണ്ടു മാസമായപ്പോഴേക്കും അഖിൽ മുലപ്പാൽ ഉപേക്ഷിച്ച് എല്ലാം കഴിച്ചു തുടങ്ങി ...... എല്ലാ കാര്യങ്ങളും മനസ്സിലാക്കി സ്പുടതയോടെ സംസാരിച്ചു തുടങ്ങി ....... വീട്ടിൽ ഓടിനടന്നു തുടങ്ങി ...... എല്ലാം എല്ലാവർക്കും അത്ഭുതമായിരുന്നു. ആറു മാസമായപ്പോഴേക്കും അവൻ അക്ഷരങ്ങൾ പഠിക്കാൻ തുടങ്ങി ..... തുടർന്ന് കൈയിൽ കിട്ടുന്നത് എല്ലാം വായിക്കാൻ തുടങ്ങി ....... ഒരു വയസ്സായ അഖിൽ ഒരു പത്തു വയസ്സുകാരിന്റെ പക്വതയാണ് കാണിച്ചിരുന്നത് . പതുക്കെ പതുക്കെ അഖിലിന്റെ സ്വഭാവങ്ങൾ വാർത്തയെ അല്ലെന്നായി ...... സ്കൂളിൽ അവൻ എപ്പോഴും എല്ലാത്തിനും ഒന്നാമൻ ആയിരുന്നു ഒന്നാം ക്ലാസ്സിലൊക്കെ അഖിൽ ഒരു മുതിർന്ന കുട്ടിയുടെ പക്വതയോടെ തന്റെ കൂട്ടുകാരെ നിയന്ത്രിക്കുകയും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിക്കുകയും ചെയ്തിരുന്നു.
പക്ഷെ അഞ്ചാം ക്ലാസ്സിൽ ആയപ്പോഴേക്കും അഖിലിന്റെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ ഉൾകൊള്ളാൻ ആർക്കും കഴിയുമായിരുന്നില്ല .തന്റെ ക്ലാസ്സിലെ കുട്ടികൾക്ക് ഏറെ കരുതലും ശ്രദ്ധയും നല്കുന്ന അവന്റെ , +2 വിദ്യാർത്ഥിനി ലീനയോടുള്ള പെരുമാറ്റം ടീച്ചർമാരെ ഏറെ കുഴക്കി. അഖിൽ എഴുതിയ പ്രണയ ലേഖനങ്ങളുമായി പലവട്ടം ലീന ടീച്ചർമാരെ സമീപിച്ചു . ആ കത്തുകൾ വായിച്ച ടീച്ചർമാർ ആശ്ചര്യപ്പെടുക തന്നെ ചെയ്തു . ഒരു പത്തു വയസ്സുകാരന്റെ അല്ല മറിച്ച് ഒരു പതിനേഴുകാരന്റെ മനസ്സായിരുന്നു ആ കത്തുകളിൽ .......
വീണ്ടും വിനയനും ശ്രീലക്ഷ്മിയും അഖിലിനേയും കൊണ്ട് ഡോക്ടറെ ശരണം പ്രാപിച്ചു . ആ കത്തുകൾ വായിച്ച ഡോക്ടർക്കും അമ്പരപ്പ് ...... ഇത്രമാത്രം മാനസ്സിക വളർച്ചയോ ഈ ചെറിയ കുട്ടിയിൽ .... അവനോട് സംസാരിക്കുമ്പോൾ അവൻ എന്നൊക്കെയോ ഒളിക്കുന്നതായി തോന്നിയ അദ്ദേഹം അഖിലിനെയും മാതാപിതാക്കളേയും പ്രശസ്തനായ സൈക്കോളജിസ്റ്റ് ഡോ.സനലിന്റെ അടുത്തേക്ക് അയച്ചു.
അഖിലിന്റ സംസാരത്തിൽ എന്തൊക്കെയോ അസ്വൊഭാവികതകൾ ... എന്തൊക്കെയോ പറയാൻ അവൻ മടിക്കുന്നു ..... എന്തൊക്കെയോ അവന്റെ മനസ്സിനെ വല്ലാതെ മഥിക്കുന്നു ..... എന്നു തോന്നിയ ഡോക്ടർ ; വിനയന്റെ സമ്മതത്തോടെ അയാളുടെ സാന്യദ്ധ്യത്തിൽ അഖിലിനെ ഹിപ്നോട്ടൈസിന് വിധേയനാക്കി .
അഖിലിനോടുള്ള ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ ഉത്തരങ്ങൾ അവൻ കൊടുത്തു . പത്തു വയസ്സുകാരൻ എന്തേ ഇങ്ങനെ പെരുമാറുന്നു എന്ന ചോദ്യത്തിന് .... "എനിക്ക് പത്തു വയസ്സല്ല പതിനെട്ടു വയസ്സാണ് " എന്ന ഉത്തരമാണ് വന്നത്. അവൻ തുടർന്നു ...... ഏഴു വർഷം ഞാൻ ബോധത്തിനും അബോധത്തിനും ഇടയിൽ തണുത്തുറഞ്ഞ് എവിടെയോ ആയിരുന്നു. അവിടെ ആരൊക്കെയോ വരികയും പോവുകയും ചെയ്തു. പക്ഷെ ഒന്നും വ്യക്തമായിരുന്നില്ല. അവിടെ നിന്നാണ് ഞാൻ അമ്മയുടെ ഗർഭപാത്രത്തിൽ എത്തുന്നത് . പക്ഷെ എന്റെ യഥാർത്ഥ മാതാപിതാക്കൾ ഇവരല്ല. അവർ ആരെന്ന് എനിക്കറിയുകയുമില്ല. ഏഴു വർഷം എന്നെ ഇരുട്ടറയിൽ ഇട്ട എല്ലാവരോടും ഉള്ള ദേഷ്യവുമായാണ് ഞാൻ വന്നത് എങ്കിലും അച്ഛന്റെയും അമ്മയുടെയും സ്നേഹം എന്നെ മാറ്റി. ഞാൻ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്ന പെൺകുട്ടിയോട് അത് തുറന്നു പറഞ്ഞതിൽ എന്ത് തെറ്റാണ് ഉ ള്ളത് എന്ന അഖിലിന്റെ ചോദ്യത്തിന് അവർക്ക് ഉത്തരമില്ലായിരുന്നു. അഖിലിനെ ശ്രീലക്ഷ്മിയുടെ അടുത്തേക്ക് വിട്ടിട്ട് ഡോ. സനൽ വിനയനു നേരേ തിരിഞ്ഞു ......
നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ...... വിവാഹം കഴിഞ്ഞ് വർഷങ്ങൾ ആയിട്ടും ഒരു കുഞ്ഞുണ്ടാകാതിരുന്നതും ... അതിനായി പല ചികിത്സകൾ നടത്തിയിട്ടും ഫലം കാണാതിരുന്നപ്പോൾ ഡോ. തോമസിനെ കുറിച്ചറിഞ്ഞതും ......... അദ്ദേഹത്തിൽ നിന്ന് ivf അല്ലാതെ മറ്റു ചികിത്സാ രീതികളൊന്നും വിജയിക്കില്ലാ എന്നറിഞ്ഞതും .....ivf ന് വേണ്ടി വരുന്ന ഭാരിച്ച ചിലവ് വഹിക്കാൻ തങ്ങൾക്കാവില്ലാത്തത് കൊണ്ട് മുൻപ് ആർക്കോ വേണ്ടി ivf ചെയ്തതിൽ നിന്ന് സൂക്ഷിച്ചിരുന്ന ഭ്രൂണം ശ്രീലക്ഷ്മിയുടെ ഗർഭപാത്രത്തിൽ ഇൻജക്റ്റ് ചെയ്യാമെന്ന നിർദ്ദേശത്തെ താൻ അനുകൂലിച്ചതും ........ അങ്ങിനെയാണ് അഖിലിന്റെ ജന്മമെന്നും ഉള്ള കാര്യങ്ങൾ വിനയൻ വിവരിച്ചു. വിനയൻ പറഞ്ഞതു കേട്ട ഡോ.സനൽ , ഡോ.തോമസിനെ നേരിൽ കണ്ട് വിശദമായ വിവരങ്ങൾ അറിയുവാൻ തീരുമാനിച്ചു.
ഡോ.സനൽ , ഡോ. തോമസിനോട് വിവരങ്ങൾ വിശദമാക്കിയ ശേഷം ആ ഭ്രൂണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാനുള്ള താല്പര്യം അറിയിച്ചു. ഡോ.തോമസ് പറഞ്ഞത് അഖിൽ പറഞ്ഞതിനെ പൂർണ്ണമായും ശരി വയ്ക്കുന്നതായിരുന്നു .
" ഏതൊരു പേഷ്യന്റിന് ivf ചെയ്യുമ്പോഴും ഒന്നിൽ കൂടുതൽ ഭ്രൂണങ്ങല്ല സൃഷ്ടിക്കുന്നു . ആദ്യം ഇൻജക്ട് ചെയ്യുന്നത് അബോർഷനോ മറ്റോ ആയാൽ വീണ്ടും ivf എന്ന ഭാരിച്ച ചിലവുള്ള പ്രൊസീജറിലേക്ക് പോകാതിരിക്കാനുള്ള മുൻകരുതൽ . ഇങ്ങനെ സൃഷ്ടിക്കപെടുന്ന ഭ്രൂണങ്ങൾ ലിക്വിഡ് നൈട്രജനിൽ എത്ര കാലം വേണമെങ്കിലും സൂക്ഷിക്കാം. ആദ്യശ്രമം വിജയം കണ്ടാൽ ബാക്കിയാവുന്ന ഭ്രൂണങ്ങൾ ചിലപ്പോൾ വർഷങ്ങളോളം സൂക്ഷിക്കപെടുന്നു ; ചിലപ്പോൾ എടുത്ത് നശിപ്പിക്കുന്നു.
ഈ ഹോസ്പിറ്റലിലെ ആദ്യ ivf പേഷ്യന്റിനായി സൃഷ്ടിച്ചത് മൂന്നു ഭ്രൂണങ്ങൾ ആയിരുന്നു. ആദ്യത്തെ അബോർഷൻ ആയതിനെ തുടർന്ന് അവർക്ക് വീണ്ടും ഇജക്റ് ചെയ്തത് വിജയമായിരുന്നു. അങ്ങനെ മൂന്നാമത്തെ ഭ്രൂണം സൂക്ഷിക്കുകയായിരുന്നു. വിനയനും ശ്രീലക്ഷ്മിയും എത്തിയപ്പോൾ ഒരു പരീക്ഷണം എന്ന നിലയിലാണ് ഏഴു വർഷമായി സൂക്ഷിച്ചിരുന്ന ആ ഭ്രൂണം ശ്രീലക്ഷ്മിയുടെ ഗർഭപാത്രത്തിൽ ഇൻജക്ട് ചെയ്തതും വിജയിച്ചതും . ഈ കാര്യങ്ങൾ ഡോ.സനലിനോട് വിശദമാക്കിയ ഡോ.തോമസ് തുടർന്നു............. "ഈ നിമിഷം വരെ എന്റെ പരീക്ഷണങ്ങളും ചികിത്സകളും വിജയം കാണുന്നതിന്റെ സന്തോഷത്തിലും അഭിമാനത്തിലും തെല്ലൊരു അഹങ്കാരത്തിലും ആയിരുന്നു ഞാൻ ........... പക്ഷെ .......... ഇപ്പോൾ ....... എന്താ ഞാൻ പറയുക. ..... ivf എന്ന ഏറ്റവും ഫലപ്രദമായ വന്ധ്യതക്കുള്ള ചികിത്സയിലൂടെ ഒട്ടനവധി പേർ മാതാപിതാക്കളായി മാറുമ്പോൾ ഗർഭപാത്രം തേടുന്ന ഒട്ടനവധി ഭ്രൂണങ്ങളെ കൂടി യാണ് നാം നൃഷ്ടിക്കുന്നത്....... ലോകമെമ്പാടുമായി ആയിരക്കണക്കിനോ ലക്ഷക്കണക്കിനോ ഭ്രൂണങ്ങൾ ലിക്വിഡ് നൈട്രജനിൽ ഒരു ഗർഭപാത്രത്തിനായി കാത്തിരിക്കുന്നു എന്ന ബോദ്ധ്യം എന്നെ പേടിപ്പിക്കുന്നു. അക്കൂട്ടത്തിൽ പത്തോ ഇരുപതോ വർഷം പഴക്കമുള്ള ഭ്രൂണങ്ങളും ഉണ്ടാവാം . അവയിൽ ചിലരെങ്കിലും അഖിലിനെ പോലെ മാനസിക വളർച്ച നേടിയവരാണെങ്കിൽ ........ നാളെയൊരിക്കൽ അവയിലൊന്നിന് ഒരു ഗർഭപാത്രം കിട്ടി ഒരു കുഞ്ഞായി പിറവിയെടുത്താൽ .......... ഒരു പക്ഷെ അവന്റെ മാതാപിതാക്കളെക്കാൾ മാനസ്സിക വളർച്ച ഉള്ളവരാകാം അവർ ...... ... അതെ ഈ തിരിച്ചറിവുകൾ വല്ലാതെ പേടിപ്പിക്കുക തന്നെ ചെയ്യുന്നു .
ബിന്ദു ജി. ന്യൂട്ടൻ
26-6-17

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot