Slider

എന്റെ സ്വന്തം യക്ഷി (ഭാഗം-3)

0
എന്റെ സ്വന്തം യക്ഷി (ഭാഗം-3)
.........................................................
വിശാൽ ഞെട്ടിയുണർന്നു.. കണ്ണുകൾ തിരുമ്മി.. നേരം പരപരാ വെളുക്കുന്നു.. കറന്റ് അപ്പോഴും വന്നിരുന്നില്ല.. മൊബൈൽ എടുത്തു സമയം നോക്കി.. വീടിനുള്ളിലെ ഇരുട്ടുപാളികൾ പതിയെ ഉരുകിത്തുടങ്ങുന്നു.. എന്തൊരു സ്വപ്നമായിരുന്നു.. തനെപ്പോഴാണ് ഉറങ്ങിയത്..?
കുളിക്കുവാൻ കയറിയപ്പോഴും ബാത്റൂമിലെ കുട്ടിയിടാൻ ഒരുപേടി.
പെട്ടെന്ന് കുളിച്ചുറെഡിയായി.. അടുത്തെങ്ങാനും അമ്പലമുണ്ടോ? ശ്രീധരേട്ടന്റെ കടയിൽ ചോദിക്കാം..
രാവിലെ ഒരു ചായ കുടിക്കണമെങ്കിൽ ആ കടയിൽ പോകണം..
അടുത്തവീട്ടിലെ ഗൃഹനാഥൻ ഗേറ്റിനു പുറത്തുനിന്നു പത്രം വായിക്കുന്നു.. അയാളൊരു ചിരി പാസ്സാക്കി.. മറുപടി ചിരിയിൽ ഒതുക്കിയപ്പോൾ
'ആലപ്പുഴയാണല്ലേ?'
'അതേ... '
'ബ്രോക്കർ ഇതുവഴി പോയപ്പോൾ പറഞ്ഞതാ.. ഞങ്ങളും ആലപ്പുഴക്കാരാ.. ചമ്പക്കുളം.. അറിയുമോ?'
'ഞങ്ങൾ പുന്നപ്രയാ.. ചമ്പക്കുളം ഒന്നോ രണ്ടോ തവണ പോയിട്ടുണ്ട്.. '
'ഒറ്റയ്‌ക്കെ ഒള്ളോ .... '
'ഉം' അയാളുടെ മുഖഭാവം മാറിയോ? ഏയ്.. തോന്നിയതാവാം..
'അടുത്തെവിടെയാ ചേട്ടാ ക്ഷേത്രമുള്ളത്?'
'കുറച്ച് വടക്കോട്ടുനടന്നാൽ ഒരു ദേവീക്ഷേത്രമുണ്ട്'
'നന്ദി'
നടന്നുനീങ്ങുമ്പോൾ പലരും തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. അവരുടെയൊക്കെ മുഖത്ത് എന്തെങ്കിലും ഭാവവ്യത്യാസങ്ങളുണ്ടോ?
അപ്പോഴാണ് ഓർത്തത്.. ബ്രോക്കറെ വിളിക്കണം.. പെട്ടെന്ന് മൊബൈലെടുത്ത് അയാളെവിളിച്ച് ഉടനേതന്നെ ഇങ്ങോട്ടുവരുവാൻ ആവശ്യപ്പെട്ടു.. അടുത്തെവിടെയോ ആണയാൾ താമസിക്കുന്നത്.
'എങ്ങനെയുണ്ടായിരുന്നു ഉറക്കം ?' ശ്രീധരേട്ടന്റെ മുഖത്തുവിടർന്ന ചിരി.
'സുഖം.. അച്ഛൻ പോയതിന്റെ ഒരു വിഷമം ഉണ്ടായിരുന്നു.. പിന്നെ കറന്റും പോയി. കൊതുകുകൾ പാട്ടുപാടിത്തന്നതുകൊണ്ട് ഉറക്കം സുഖമായിരുന്നു.. '
രാത്രിയിൽ സംഭവിച്ചതൊക്കെ പറഞ്ഞാൽ ഇവരൊക്കെ കരുതും താനൊരു പേടിത്തൊണ്ടനാണെന്ന്.. അതുവേണ്ട.
ചായ കുടിച്ചു പുറത്തിറങ്ങിയപ്പോഴേക്കും 'അമ്മ വിളിച്ചു.. ഏറെയും അന്വേഷണങ്ങൾ.. അച്ഛനോട് ഒന്ന് വരാൻ പറയണമെന്നുണ്ട്.. വേണ്ടാ.. ഇന്നച്ഛൻ വരും.. എന്നുമതു പറ്റില്ലല്ലോ?...
തിരികെവന്നു വീട് തുറക്കുമ്പോഴും നോട്ടം പലയിടത്തായിരുന്നു.. സമയം ഏഴ്.. ബ്രോക്കർ വന്നില്ലല്ലോ? അയാളെ വിളിക്കാൻ മൊബൈൽ എടുത്തതും ഗേറ്റിൽ ബൈക്ക് വന്നുനിന്നതും ഒരുമിച്ചായിരുന്നു.
അലക്സ് ഒരു ബ്രോക്കർ മാത്രമല്ല. ഇല്ലാത്ത പണികളൊന്നുമില്ല അയാൾക്ക് ... ഇലെക്ട്രിഷ്യൻ..പ്ലംബർ.. റിയൽ എസ്റ്റേറ്റ്.. കോൺട്രാക്ട്..
'എന്താ വിശാൽ.. ഇത്ര രാവിലെ?'
അയാൾ അകത്തുകയറി എല്ലായിടവും ഒന്നു ചുറ്റിയടിച്ചു.. പൂട്ടിയിട്ട ഡോറിന്റെ താഴിൽപിടിച്ച് ബലമായൊന്നു താഴേക്കുവലിച്ചുനോക്കി..
'നല്ല മഴയുണ്ടായിരുന്നു.. എവിടെയെങ്കിലും ചോരുന്നുണ്ടോന്നു നോക്കിയതാ.. ' അങ്ങനെ അയാൾ പറഞ്ഞെങ്കിലും അയാൾ അതല്ല നോക്കിയതെന്നു മനസ്സുപറയുന്നു.. എന്തോ ഒന്നുണ്ടിവിടെ.. അതെന്താണ്? ചോദിക്കണോ.. അല്ലെങ്കിൽ വേണ്ട.. ചോദിച്ചാൽത്തന്നെ അയാളൊരു സത്യസന്ധമായ മറുപടി തരുമെന്ന് പ്രതീക്ഷയില്ല.
'എനിക്കാ ഇലക്ട്രിസിറ്റി ബോർഡിന്റെ നമ്പർ വേണം.. രാത്രിമുഴുവൻ കറന്റ് ഇല്ലായിരുന്നു.. '
'അതിനാണോ? അത് വിളിച്ചപ്പോൾ ചോദിച്ചാൽ പോരായിരുന്നോ? ഞാൻ കരുതി ... '
'എന്തു കരുതി.. ?' അപ്രതീക്ഷിതമായി ആ ചോദ്യം കേട്ടപ്പോൾ അയാളൊന്നു ഞെട്ടിയോ?
'അല്ല.. ഇന്നലെ ഒറ്റയ്ക്കല്ലായിരുന്നോ.... എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട്.. '
അപ്പോൾ ബുദ്ധിമുട്ടുണ്ടാകുമെന്ന് അയാൾക്കറിയാമായിരുന്നോ?.. എന്തായാലും ഇന്നൊരുരാത്രികൂടെ നോക്കാം.. ഇല്ലെങ്കിൽ ?
അയാൾ പോയപ്പോഴേക്കും ഓഫീസിൽ പോകാനുള്ള സമയമായി.
പുറത്തിറങ്ങി ഓട്ടോ വിളിച്ച് ഓഫീസിലെത്തിയപ്പോൾ എട്ടേമുക്കാൽ.. ആരും എത്തിയിട്ടില്ല.. സമാധാനം.. ആദ്യദിവസംതന്നെ സമയത്തിനുമുമ്പ് എത്താനായതിൽ സന്തോഷിച്ചു.
വൈകുന്നേരം ആറുമണിക്ക് ഓഫീസില്നിന്നിറങ്ങുമ്പോൾ കൂടെ വർക്ക് ചെയ്യുന്ന സനൽ ചോദിച്ചു.
'എവിടെയാ.. അരൂരല്ലേ ? എങ്ങനെപോകും?.. ഞാൻ ചേർത്തലയ്ക്കാ.. എന്റെ കൂടെവരാം.. '
അയാളുടെ പിന്നിൽ കയറിയിരുന്നപ്പോൾ ഒരു സമാധാനമായി.. നഗരത്തിന്റെ മയക്കാഴ്ചകൾ പിന്നിട്ട് വണ്ടി വൈറ്റിലയിലെത്തി.. കൃമികീടങ്ങൾ നുരയ്ക്കുന്നതുപോലെ വാഹനങ്ങൾ.. അരൂർ പാലം കടന്നപ്പോൾ അയാൾ കാണിച്ചു.
'അതു കണ്ടോ? അതാണ് മഴവിൽ മനോരമ.. ഈ ഇറക്കത്തിൽകൂടെ അകത്തോട്ടു നടന്നാൽ മതി.. '
ഇറങ്ങേണ്ട സ്റ്റോപ്പിൽ ഇറക്കിവിട്ടിട്ട് സനൽ അതിവേഗം പാഞ്ഞുപോയി..
അതിനിടയ്ക്ക് പലതവണ അച്ഛൻ വിളിച്ചിരുന്നു.. അമ്മ ഓഫീസ് വിശേഷങ്ങൾ തിരക്കി..
വീട്ടിലെത്തി വസ്ത്രങ്ങൾ അഴിച്ചിടുമ്പോഴും വരാൻപോകുന്ന രാത്രിയായിരുന്നു മനസ്സിൽ.. കുളികഴിഞ്ഞപ്പോൾ ഒരുന്മേഷം.. കുറച്ചുനേരം വായിച്ചാലോ?
വീട്ടിൽനിന്നുപോരുമ്പോൾ ഒന്നുരണ്ടു പുസ്തകങ്ങൾ എടുത്തിരുന്നു.. അതിൽ പോൾ സെബാസ്റ്റിൻറെ 'ആ മൺസൂൺ രാത്രിയിൽ' ഏകദേശം പകുതിയായിട്ടുണ്ട്.. ദീപയും ശാവേലച്ചനും ഭട്ടതിരിപ്പാടും ഇൻസ്‌പെക്ടർ സോജനുമൊക്കെ മനസ്സിനെ മഥിച്ചിരുന്നു.. ശോഭയുടെ മരണം.. ദീപകാണുന്ന ദ്വിമാന, ത്രിമാന ചിത്രങ്ങൾ.. ഇനി അങ്ങനെയൊരു ചിത്രമാണോ താനും കണ്ടത്? നോവലിലെ കഥാപാത്രങ്ങൾ മനസ്സിലുള്ളതുകൊണ്ട് തനിക്കും അങ്ങനെയൊക്കെ തോന്നിയതാണോ?
ബാക്കി വായിക്കണം.. പക്ഷേ.. ഈരാത്രി വേണ്ടാ..
പുസ്തകം തിരികെവച്ചു കതകുമടച്ചു പുറത്തിറങ്ങി.. ലഞ്ച് ഹവറിൽ പുറത്തിറങ്ങിയപ്പോൾ ഒരു ടോർച്ച് വാങ്ങിച്ചിരുന്നു.. അതുമെടുത്തു. ഇന്നലെ സംഭവിച്ചതെല്ലാം മനസ്സിലിട്ടു മഥിച്ചുനോക്കി.. വഴിയിൽ ഇനി അനിക്കുട്ടി കാണുമോ?
തിരികെ വരുമ്പോൾ ടോർച്ച് ഒരു സഹായിയായി.
ഗേറ്റിൽനിന്നേ ടോർച്ചടിച്ചു പരിസരമൊക്കെ വീക്ഷിച്ചു.. ഒന്നുമില്ല.
ഇന്ന് നേരത്തേ കിടക്കണം.. ഇന്നലത്തെ ഉറക്കക്ഷീണമുണ്ട്... വാതിലും ജനലുമൊക്കെയടച്ചോന്നുറപ്പുവരുത്തി. ടോർച്ച് കിടക്കയ്ക്കരുകിൽത്തന്നെവച്ചു.
ഒന്നൂടെ ബാത്‌റൂമിൽ പോയിവരാം.. കറന്റ് പോകരുതേയെന്നു മനസ്സിൽ പലതവണ പ്രാർത്ഥിച്ചു.
ബാത്റൂമിലേക്കുള്ള ഇടനാഴിയിലെ ലൈറ്റിട്ടു. ഒന്നുമിന്നി.. പിന്നെ ഒരു കിരുകിരാ ശബ്ദത്തോടെ അതുകെട്ടു. മുന്നോട്ടുനടന്നു ബാത്റൂമിന്റെ പ്ലാസ്റ്റിക് ഡോറിന്റെ ഓടാമ്പലിൽ കൈവച്ചതും ഒന്നു ഞെട്ടി. അകത്താരോ ഉണ്ട്..ഷവറിൽനിന്നു വെള്ളംവീഴുന്ന ശബ്ദം.. താൻ കുളിച്ചിട്ട് ഷവർ നിറുത്തിയിരുന്നതാണല്ലോ? .. പിന്നെ.. ബാത്റൂമിലെ ലൈറ്റിന്റെ സ്വിച്ച് ഉള്ളിലാണ്.. തുറക്കണോ ?.. അകത്താളുണ്ടെങ്കിൽ പുറത്തേ ഓടാമ്പൽ മാറ്റേണ്ടതല്ലേ? അപ്പോൾ തന്റെ തോന്നലാണ്.. പതിയെ ഓടാമ്പൽ മാറ്റി... അതിലും പതിയെ ഡോർ തുറന്നു.. വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട്.. സ്വിച്ച് തപ്പിപ്പിടിച്ചിട്ടു. വെളിച്ചം വീണതും ഷവർ തനിയേ നിന്നു. നെഞ്ചിൽ പഞ്ചാരിമേളം നടക്കുന്നുണ്ട്.. ബാത്റൂം നിറയെ വെള്ളം തളംകെട്ടികിടക്കുന്നു.. സീവേജ് പൈപ്പിന് എന്തോ ക്ലോട്ട് ഉണ്ട്.. താൻ കുളിച്ചപ്പോൾ ശ്രദ്ധിച്ചിരുന്നു.. ഷവറിൽനിന്ന് അപ്പോഴും ഒരുതുള്ളി വെള്ളം വീണുകൊണ്ടിരുന്നു..
പെട്ടെന്ന് മൂത്രമൊഴിച്ചു പുറത്തിറങ്ങി.. അപ്പോഴാണ് അത് ശ്രദ്ധിച്ചത്.. ബാത്റൂമിൽനിന്നു നനഞ്ഞ കാൽപ്പാടുകൾ പുറത്തേക്കു പോയിരിക്കുന്നു.. ചെരുപ്പിടാതെയാണ് താനിങ്ങോട്ടുവന്നത്.. അപ്പോൾ തറയിൽ നനവുണ്ടായിരുന്നില്ല.. അതും അങ്ങോട്ടുപോയ കാൽപാടുകൾ..
മനസ്സു ചഞ്ചലമാകുന്നു.. ഭയം കൂടിവരുന്നുണ്ടോ?
ഇവിടെയാരോ ഉണ്ട്.. അതാര്?
നെറ്റിയിൽനിന്നൊഴുകിവരുന്ന വിയർപ്പു തുടച്ചുകളഞ്ഞു.. പേടിച്ചാൽ ഇന്നും ഉറക്കം നടക്കില്ല.. പക്ഷേ......
പതിയെ പുറത്തിറങ്ങി.. ഹാളിലോട്ടു നീങ്ങി.. ഇരുട്ടുതിങ്ങിയ ഇടനാഴിയിൽ ആരെങ്കിലും ഒളിച്ചിരുപ്പുണ്ടോ? മൊബൈൽ ഹാളിലാണ്. ടോർച്ചും....
പെട്ടെന്നൊരു ശക്തമായ കാറ്റ്.. ആരോതട്ടിയിട്ടപോലെ മറിഞ്ഞുവീണു.. ഇടനാഴിയിൽനിന്നു ഹാളിലോട്ടു കടക്കുന്ന നേരത്താണത് സംഭവിച്ചത്.. വീഴാതിരിക്കാൻ ഭിത്തിയിൽ പിടിച്ചെങ്കിലും..
'ആരാ.. ?.. ആരാദ്.. ?' സ്വരം ഇടറിയിരുന്നു.
പൂട്ടിയിട്ട റൂമിൽ എന്തൊക്കെയോ മറിഞ്ഞുവീഴുന്ന ശബ്ദം..
ഇനിയിവിടെനിന്നാൽ.. കഴുത്തിലെ ഏലസ്സിൽ കൈതടഞ്ഞു.. മനസ്സിൽ അറിയാതെ ഏതൊക്കെയോ ദൈവങ്ങളേ വിളിച്ചു.. ഇത് മനുഷ്യനല്ല.. വേറേതോ ശക്തിയാണ്.. ഭൂതപ്രേതപിശാചുക്കൾ.. അതിലൊന്നും വിശ്വാസമില്ല.. പക്ഷേ...!
പിടലി ഉളുക്കിയെന്നു തോന്നുന്നു .. പതിയെ കൈയെടുത്തു പിടലിയിൽ തഴുകി.. കൈപ്പുറത്ത് ചൂടുള്ള നിശ്വാസം.. പിന്നിലാരോ ഉണ്ട്.. തിരിഞ്ഞുനോക്കണമെന്നുണ്ട്.. കഴിയുന്നില്ല.. കൈ പതിയെ മാറ്റി.. ഇപ്പോൾ ചുടുനിശ്വാസം പിടലിക്കടിക്കുന്നുണ്ട്.. അതിശീഘ്രം ശ്വാസോഛ്വാസം ചെയ്യുന്ന ശബ്ദം.. പെട്ടെന്ന് വെട്ടിത്തിരിഞ്ഞു..
ഞെട്ടിപ്പോയി..
ആരുമില്ല.. പിന്നെ?
ഇപ്പോൾ ശബ്ദം പിന്നിലാണ്.. പതിയെ തിരിഞ്ഞു..
ഒരു ശക്തമായ കാറ്റ് തന്നെ തള്ളിമാറ്റിക്കൊണ്ട് മുന്നോട്ട്...
ഹാളിന്റെ മൂലയിൽ ഒരാൾ..
വെള്ളപുതച്ച്..
കൃത്യമായി കാണാനാവുന്നില്ല.. മഞ്ഞുപോലെ..
പതിയെ ഹാളിലേക്ക് നടന്നു.. മൊബൈൽ.. ടോർച്ച്..
അതവിടെയാണ്..
പതിയെ രണ്ടും കുനിഞ്ഞെടുത്തു..
പെട്ടെന്ന് ടോർച്ച് ആ ദിശയിലൊട്ടടിച്ചു..
ഒരു സ്ത്രീയാണ്.. കൈ ഏലസ്സിൽ പിടിച്ചു..
'ആരാ.. " ശബ്ദം തൊണ്ടയിൽ കുരുങ്ങി..
ആ രൂപം പെട്ടെന്ന് തിരിഞ്ഞു..
ആതിര..
വളരെ ശാന്തയായി നിൽക്കുന്നു.. പക്ഷേ അവൾ ഇതുപോലെ വെള്ളവസ്ത്രങ്ങൾ ധരിച്ചുകണ്ടിട്ടില്ലല്ലോ.. ? അതുമല്ല അവളിവിടെ?
'പേടിച്ചുപോയോ.. ? ഹ ഹ ഹ.. '
നീയെന്താ ഇവിടെ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു.. ചോദിക്കാൻ നാവുപൊന്തുന്നില്ല..
അവൾ അടുത്തോട്ടുവന്നു....
'നിനക്ക് പേടിയുണ്ടോ.. ?'
ഉണ്ടെന്ന അർത്ഥത്തിൽ തലയാട്ടുവാൻ മാത്രമേ കഴിഞ്ഞുള്ളു..
'പേടിക്കണം.. പേടിച്ചേ മതിയാവൂ.. '
റൂമിൽ ചുറ്റും പരതി.. എല്ലാം അടച്ചു ഭദ്രമാക്കിയതാരയിരുന്നു.. അപ്പോൾ ഇവളെങ്ങനെ അകത്തുകടന്നു..
'നിന്റെ ചിന്തകളെ പഠിക്കുവാൻ എനിക്ക് കഴിയും വിശാൽ.. നീ കരുതുന്നതുപോലെ ഞാൻ ആതിരയല്ല..'
'പിന്നെ?'.. അസ്പഷ്ടമായി ശബ്ദം പുറത്തുവന്നു.
പെട്ടെന്ന് കറന്റ് പോയി.
ശരീരത്തിനൊരു വിറയൽ.. ഇരുട്ടത്ത്..
കറന്റ് വന്നു.
മുന്നിൽ ആരുമുണ്ടായിരുന്നില്ല.
രക്ഷപ്പെടണം.. പക്ഷേ ഈ രാത്രിയിൽ ?
ബ്രോക്കറെ വിളിച്ചാൽ ഒരുപക്ഷേ ....
ബ്രോക്കെർക്ക് കോള് വിട്ടു..
'ഹലോ.. അലക്സ് ചേട്ടനല്ലേ.. ?'
'മോനേ..ഇതമ്മയാടാ....എന്താ നിന്റെ ശബ്ദം ഇടറിയിരിക്കുന്നേ ? ' ഒരായിരം ചോദ്യങ്ങൾ...
അബദ്ധത്തിൽ അമ്മയ്ക്ക് കോളുപോയതാ..
'ഒന്നുമില്ല.. കറന്റ് പോയി.. അതിനു വിളിച്ചതാ.. '
'ഉം.. നിന്റെ അച്ഛനിതുവരെ വന്നില്ല.. '
'അച്ഛനെവിടെപ്പോയി.. ?'
'ങ് ഹേ ....' 'അമ്മ പറഞ്ഞത് കേട്ട് ശബ്ദം തൊണ്ടയിൽ കുരുങ്ങി.
(തുടരും)
വേണു 'നൈമിഷിക'
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo