ഒരു യാത്രാനുഭവം
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ട്രെയിനിലെ തേർഡ് എ സി യിൽ സീറ്റ് കിട്ടാൻ വേണ്ടി കൊതുകുകടിയുംകൊണ്ട് പാവം ഭർത്താവ് രാത്രി പത്തുമുതൽ സ്റ്റേഷന് മുന്നിൽ നിന്ന് കിട്ടിയ ടിക്കറ്റും കൊണ്ട് ട്രെയിനിൽ കേറുമ്പോൾ ടിക്കറ്റ് കിട്ടാതെ വെയ്റ്റിംഗ് ലിസ്റ്റിൽ ഉള്ളവരെ ഓർത്തു ഒരു സങ്കടവും തോന്നിയില്ല. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ട്രെയിൻ ഞങ്ങളെയും കാത്തു ഒന്നാമത്തെ പ്ലാറ്റുഫോമിൽ തന്നെയുണ്ട്. സീറ്റിനടിയിൽ ലഗേജ് സുരക്ഷിതമായി വെച്ച ശേഷം ഞങ്ങൾ പരസ്പരം നോക്കി ദീർഘനിശ്വാസം ചെയ്തു. ഒരു മലയാളി എങ്കിലും വരണേയെന്നു പ്രാർഥിച്ചെങ്കിലും ദൈവം അത് കേട്ടില്ല. അവിടെ ബാക്കിയുള്ള ആറു സീറ്റിലേക്കും വന്നത് ഒന്നാംതരം ഹിന്ദിക്കാർ. കേരളത്തിൽ ഇപ്പൊ അവരാണല്ലോ കൂടുതൽ. കേരളത്തിലെ തേങ്ങാ മുഴുവനും അവർ പാക്ക് ചെയ്തെടുത്തിട്ടുണ്ട്. എല്ലാരും ഭയങ്കര ഡീസെന്റ്.. ഞങ്ങളും അങ്ങനെതന്നെ ഭാവിച്ചു. കൂട്ടത്തിൽ മഹാഭാരതത്തിലെ ഭീമൻ എന്ന് തോന്നിപ്പിക്കുന്ന ഒരാളുമുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്ന കുട്ടികളെ കാണുമ്പോഴും അവരുടെ ഒച്ച കേൾക്കുമ്പോഴും അയാൾ അസ്വസ്‌ഥനാകുന്നു. ശബ്ദമലിനീകരണത്തെ കുറിച്ചു കക്ഷി ഒരു ക്ലാസ് തന്നെയെടുത്തു. രാത്രിയായി. എല്ലാരും കരുതി വെച്ചിരുന്ന ആഹാരമൊക്കെ കഴിച്ചു. റെയിൽവേ ജീവനക്കാർ തന്ന കമ്പിളിയും ഒരു തലയിണയും രണ്ടു ബെഡ്ഷീറ്റും.. ഇത്തവണ എനിക്ക് കിട്ടിയത് ലോവർ ബെർത്ത് ആയതുകാരണം സർക്കസ് ഒഴിവായിക്കിട്ടി. ഒരുറക്കം കഴിഞ്ഞുകാണും ഞാൻ ഒന്ന് ഉണർന്നു.ഏതോ കൊടും വനത്തിൽ അകപ്പെട്ട പ്രതീതി. വന്യമൃഗങ്ങൾ നിറഞ്ഞ കാട്.. സിംഹം മുതൽ പൂച്ച വരെയുണ്ട്. കൂട്ടത്തിൽ ചൂളം വിളിക്കുന്ന ഏതോ ഒരു പക്ഷിയും. കണ്ണ് തുറന്നു നോക്കി..വനമല്ല. ട്രെയിനിൽ തന്നെയാണ്. മൃഗങ്ങളുമില്ല. കിടന്നുറങ്ങുന്ന ജനതയുടെ കൂർക്കം വലിയായിരുന്നു. അതിൽ ഒരാൾവളരെ ശാന്തനായി അയാളുടെ ആരോഗ്യത്തിനനുസരിച്ചു വളരെ മെല്ലെഒരു പൂച്ച കുറുകുമ്പോലെ.. മറ്റൊരാൾ അഞ്ചു മിനിറ്റ് ഗ്യാപ് ഇട്ടു ആന ചിന്നം വിളിക്കും പോലെ ഒരു അലർച്ച.. പിന്നെ അയാൾ റസ്റ്റ് എടുക്കും. പിന്നൊരു മനുഷ്യൻ ചൂളം വിളിച്ചു തകർക്കുന്നു. ഏറ്റവും രസകരം ശബ്ദമലിനീകരണത്തെക്കുറിച്ചു ഘോര ഘോരം സംസാരിച്ച വ്യക്തിയുടേതായിരുന്നു. അനിമൽ പ്ലാനെറ്റിൽ ഇര കിട്ടി സംതൃപ്‌തനായ സിംഹങ്ങൾ പുറപ്പെടുവിക്കുന്ന അതെ ശബ്ദം. ബി1ൽ കിടന്ന എല്ലാരുടെയും ഉറക്കം കെടുത്തി ആ മനുഷ്യൻ.. ഏതായാലും കഷ്ടപ്പെട്ടു ടിക്കറ്റ് കിട്ടിയത് വെറുതെയായില്ല. അപ്പോളൊരു സംശയം.. ഇനിയിപ്പോ ഉറങ്ങിക്കിടന്ന എന്റെ കൂർക്കംവലി ആരുടെയെങ്കിലും ഉറക്കം കളഞ്ഞുകാണുമോ.. ഞാനിനി കൂർക്കം വലിക്കാറുണ്ടോ.. ആവോ...!!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക