നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സൂപ്പർ കൂൾ അമ്മ

"അടുക്കളേൽ കേറി വല്ലവരും ഉണ്ടാക്കി വെച്ചിരിക്കുന്നത് തിന്നാനല്ലാതെ നിനക്കു വേറെ എന്തോന്നറിയാമെടി,ഞാനൊരു ദിവസം ഒന്നുമുണ്ടാക്കിയില്ലേൽ നീയൊക്കെ വായു ഭക്ഷിക്കും" അടുക്കളയിൽ എന്നെ ചായയിടാൻ പറഞ്ഞു വിട്ടിട്ട് ചായപ്പൊടി എവിടാ ഇരിക്കുന്നത് എന്നുള്ള എന്റെ നിസാര ചോദ്യത്തിനാണ് 'അമ്മ ഇത്രയും വലിയ മറുപടി തന്നത്. ഷെല്ഫിലുള്ള കുപ്പികളൊക്കെ തപ്പിപ്പെറുക്കിയിട്ടും ചായപ്പൊടി മാത്രം കണ്ടുകിട്ടാത്ത സങ്കടത്തിൽ നിക്കുമ്പോളാണ് 'അമ്മ അടുക്കളയിലേക്കു രംഗപ്രവേശനം ചെയ്തു ഷെൽഫിൽ കയ്യിട്ടു അതാ കയ്യിൽ ഒരു ഹോര്ലിക്സ് കുപ്പി പൊങ്ങി വരുന്നു,
"ഇന്ന ചായപ്പൊടി, കണ്ണുതുറന്നു നോക്കണം എന്നാലേ കിട്ടു"
"അതിപ്പോ ഹോര്ലിക്സ് കുപ്പിയിലാണോ അമ്മെ ചായപ്പൊടിയൊക്കെ വെയ്ക്കാ"
"വല്ലപ്പോഴുമൊക്കെയൊന്ന് അടുക്കളേൽ കേറി വല്ലതുമൊക്കെ ഉണ്ടാക്കണം അപ്പൊ മനസിലാവും ഓരോ സാധനവും എവിടൊക്കെയാ ഇരിക്കുന്നതെന്നു, നാളെ മുതൽ ഞാൻ എഴുന്നേൽക്കുമ്പോ മര്യാദയ്ക്ക് എഴുന്നേറ്റു അടുക്കളേൽ കയറിക്കോണം ഇല്ലേൽ അപ്പൊ കാണാം"
'അമ്മ വെച്ചുണ്ടാക്കുന്നത് എടുത്തു കഴിക്കുവാൻ കയറുമെന്നല്ലാതെ അടുക്കളയും ഞാനുമായി കാര്യമായ മറ്റു ബന്ധങ്ങളൊന്നുമില്ലായിരുന്നു.അമ്മയുടെ ശിക്ഷണത്തിൽ അങ്ങനെ ഞാൻ പാചകം പഠിക്കാൻ തുടങ്ങി. അമ്മയുടെ കയ്യിന്നു ചീത്ത നല്ലോണം കേൾക്കുന്നുണ്ടായിരുന്നു. അടിയിൽപ്പിടിക്കാതെ നോക്കുവാൻ ഏൽപ്പിച്ചിട്ടു പോയ സാധനം ഞാൻ വായിനോക്കി നിന്നതിന്റെ ഫലമായി അടിയിൽപ്പിടിച്ചു നാശമാക്കുക, പഞ്ചസാരപ്പാത്രം അടയ്ക്കാണ്ട് തുറന്നു വെച്ച് പഞ്ചസാര മുഴുവൻ ഉറുമ്പുകളെ തീറ്റിക്കാനായി വിട്ടുനൽകുക, ഒരു മാസത്തേക്ക് വാങ്ങിവെച്ചിരിക്കുന്ന സാധനങ്ങൾ ഒരാഴ്ച കൊണ്ട് തീർക്കുക അങ്ങനെ അമ്മയുടെ ബിപി ഇടയ്ക്കിടയ്ക്ക് കൂട്ടിയും കുറച്ചും തട്ടിയും മുട്ടിയും വല്ലതുമൊക്കെ വെച്ചുണ്ടാക്കുവാൻ ഞാൻ പഠിച്ചു.
വർഷങ്ങൾ ഇത്തിരി കടന്നു പോയി, കാത്തു കാത്തു എന്റെ മാവും പൂത്തു. ഇന്നു ഞാൻ അധ്യാപികയും 'അമ്മ വിദ്യാര്ഥിനിയുമാണ്. സ്മാർട്ഫോൺ ഉപയോഗിക്കാൻ അമ്മയെ പഠിപ്പിക്കൽ ആണ് ഈ അധ്യാപികയുടെ ലക്‌ഷ്യം. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും അമ്മയ്ക്ക് ഫോണിന്റെ വിദ്യ അങ്ങട്ട് വഴങ്ങിയില്ല. പണ്ട് പാചകം പഠിപ്പിക്കുമ്പോൾ എന്നെയിട്ടു വട്ടം കറക്കിയ കക്ഷിയാണ് തര൦ കിട്ടിയപ്പോളൊക്കെ ചെറിയ ഡോസ് ഞാൻ തിരിച്ചു കൊടുക്കും,
"ഈ അമ്മയ്ക്കിതു ഈ ജന്മത്തു പറ്റുമെന്ന് എനിക്ക് തോന്നണിലാട്ടോ, ഇതൊക്കെ മനസിലാക്കണമെങ്കിലേ ഇച്ചിരി ബുദ്ധിയൊക്കെ വേണം, വെറുതെ അമ്മേനെ പഠിപ്പിച്ചിട്ട് ഞാൻ എന്റെ സമയം കളയുമെന്നല്ലാതെ"
"മതിയടി,സമയം കളയാണുപോലും, നീയിനി എന്നെ പഠിപ്പിക്കണ്ട ഞാൻ തനിയെ പഠിച്ചോളാം"
"ഓ ന്ന കാണാട്ടാ തനിയെ പഠിക്കണേ"
"ആ കാണാ"
അങ്ങനെ 'അമ്മ എന്നെ വെല്ലുവിളിച്ചു,കുറച്ചു ദിവസം കഴിഞ്ഞു ഞാൻ പെട്ടിയും കിടക്കയുമെടുത്തു ചെന്നൈക്ക് സ്ഥലംവിട്ടു.
കുറച്ചു ദിവസം കഴിഞ്ഞു ഞാൻ ടീവിയും കണ്ടു കിടക്കുമ്പോളാണ് അമ്മയുടെ ഫോൺ വന്നത് അറ്റൻഡ് ചെയ്തതും മറുതലയ്ക്കൽനിന്നും 'അമ്മ പറഞ്ഞു
" നിനക്ക് വേറെ പണിയൊന്നുമില്ലേ നീയെന്തുവാ ഫേസ്ബുക്കിൽ പശുവിന്റെ ഫോട്ടോയൊക്കെ ഇട്ടേക്കുന്നെ?"
"'അമ്മ അത് എങ്ങനെയാ കണ്ടത്,ഓ സൂര്യ കാണിച്ചു തന്നതാവും അല്ലെ, അവൾക്കു വേറെ പണിയൊന്നുമില്ലേ"
"സൂര്യ കാണിച്ചു തന്നാലേ എനിക്ക് നോക്കാൻ പാടുള്ളു"
"പിന്നെ 'അമ്മ എങ്ങനെയാ കണ്ടേ?"
"നീ ഫേസ്ബുക് തുറന്നൊന്നു നോക്കിയേ"
ഞാൻ ഫോൺ കാൾ കട്ട് ചെയ്തു മുഖപുസ്തകം തുറന്നു. മൂന്നുനാലു ഫ്രണ്ട് റിക്വസ്റ്റ് വന്നുകിടപ്പുണ്ട്. തുറന്നു നോക്കി ഒന്നാമത്തെ റിക്വസ്റ്റ് 'ലത ഭായ് കെ വി' എന്റെ സ്വന്തം 'അമ്മ. റിക്വസ്റ്റ് കയ്യോടെ അക്സപ്റ്റ് ചെയ്തു ഇല്ലെങ്കിൽ അമ്മയുടെ അടുത്ത പരിഭവം അതാവും.
"ഇപ്പോ എങ്ങനെയുണ്ട് നീ അല്ലെ പറഞ്ഞെ എനിക്കതൊന്നും തലയിൽ കേറുല്ലാന്നു ഇപ്പോ എങ്ങനെയുണ്ട്"
ഫേസ്ബുക്കിൽ ഞാനിടുന്ന ഫോട്ടോകളെല്ലാം ഇപ്പോൾ നിരീക്ഷണവിധേയമാണ്.
"നീ ഇങ്ങനെ ചുമ്മാ കാപ്പിയൊക്കെ കുടിച്ചോട്ടോ അവസാനം ഷുഗറിന്റെ സൂക്കേട് വന്നിട്ട് പിന്നെ കരഞ്ഞിട്ട് കാര്യമില്ല"
"നീയെന്തിനാ ഇങ്ങനെ ഫോട്ടോ മാറ്റി മാറ്റി കളിക്കുന്നെ വേറെ ജോലിയൊന്നുമില്ലേ"
അമ്മയിപ്പോൾ പഴയ അമ്മയല്ല ഫേസ്ബുക്കും വാട്സ്ആപ്പും ഈസി ആയി ഹാൻഡിൽ ചെയുന്ന സൂപ്പർ കൂൾ അമ്മയാണ്. ഈ ഫേസ്ബുക്കും വാട്സ്ആപ്പും ഉപേക്ഷിച്ചു ഒരു വനവാസത്തിനു പോയാലോ എന്ന ചിന്ത എനിക്കിലാതില്ല....

Anjali

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot