Slider

ഒരു അവധിക്കാല പ്രണയം.. രണ്ടാം ഭാഗം

0
ഒരു അവധിക്കാല പ്രണയം.. രണ്ടാം ഭാഗം
അവന്റെ രംഗ പ്രവേശം എന്നെ ആകെ തകർത്തു കളഞ്ഞു. നമ്മൾ വല്ലയിടത്തും നിന്നും കിട്ടിയ സംഭവങ്ങൾ കാണിച്ചു ആളായ സ്ഥലത്താണ് പുള്ളി സ്വന്തം കഴിവുകൾ പുറത്തെടുക്കുന്നത്. വല്ല ആവശ്യമുണ്ടോ അവന് ?! അതും അവന്റെ അമ്മ വീട്ടിൽ വന്നു പഠിക്കാൻ നിൽക്കുന്നവൻ. അവനു പഠിച്ചിട്ടു പോയാൽ പോരേ... അവനാണേൽ ഒരു മാതിരി ബാലചന്ദ്ര മേനോനെ പോലെ... പാട്ട്.. നാടകം.. കഥാപ്രസംഗം.. ഒക്കെ പോരാത്തതിന് നല്ല പോലെ വരക്കും.. കവിതയും എഴുതും (സാധരണ നാട്ടിൻ പുറത്തുകാരി പെൺപിള്ളേർക്കു പ്രേമത്തിൽ വീഴാനുള്ള എല്ലാം ചേരുവകളും ഉണ്ടെന്നു ചുരുക്കം ) ഇതു കേട്ട് ഞാൻ ഒന്ന് കവിത എഴുതാൻ നോക്കി.. ആക്രിക്കാരന് തൂക്കി വിൽക്കാൻ അടുക്കി വെച്ചിരുന്ന പഴയ ബുക്കുകൾ വലിച്ചു ചാടിച്ചെന്ന ബഹുമതിയോടെ അമ്മയുടെ കയ്യിലെ കഞ്ഞി തവി കൊണ്ട് കിട്ടിയ അവാർഡോടെ ആ പരിപാടി നിർത്തി. ആകെ ഒരാശ്വാസം അവൻ ഡാൻസിൽ കൈ വച്ചില്ല എന്നതാണ്. അവന്റെ വരവോടെ ഇലക്ഷന് തോറ്റ സ്ഥാനാർത്ഥിയെ പോലായി എന്റെ അവസ്ഥ.. പരിശീലനത്തിന് ഇടക്ക് കിട്ടിക്കൊണ്ടിരുന്ന കട്ടൻ കാപ്പി ബിസ്‌ക്കറ് നാരങ്ങാ വെളളം ഇവയൊക്കെ ചേട്ടന്മാർ (അവസരവാദികൾ ) അവനു കൊടുക്കാൻ തുടങ്ങി.. അതോടെ ഞങ്ങളുടെ അഭിമാനം (അങ്ങനെ ഒന്നില്ലെന്നു വീട്ടുകാർ ഞങ്ങളെ പറ്റി അപവാദങ്ങൾ പറയും ) മുറിവേറ്റു. സ്വാഭാവികമായും ബുദ്ധി (കുരുട്ടു ) ഉണർന്നു...പാട്ടിനും ഡാൻസിനും ഒക്കെ ഉണ്ടായിരുന്ന എനിക്ക് പെട്ടന്ന് പനി പിടിക്കുന്നു. ഞാൻ പോയില്ലേൽ ബാക്കി ഒറ്റെണ്ണം പോവില്ലല്ലോ. അങ്ങനെ പ്രാക്ടീസ് മുടങ്ങും. അപ്പോൾ അവസരവാദി ചേട്ടന്മാരും ചേച്ചിമാരും എന്നെ വന്നു കൂട്ടിക്കൊണ്ട് പൊക്കോളും. ഇങ്ങനുള്ള മനോസ്വപ്നങ്ങൾ കണ്ടു കഷ്ടപ്പെട്ട് ഞാൻ എന്റെ കാലുകളോട് പറഞ്ഞു "അരുത് പുറത്തേക്ക് ഇറങ്ങാതെ ഈ കുരുത്തക്കേടിന് എനിക്കു കൂട്ട് നില്ക്കു ".... ..രണ്ടു ദിവസമായിട്ടും ആരും അന്വേഷിക്കുന്നില്ല.. എന്തിനു.. ഈ ബുദ്ധി പറഞ്ഞു തന്ന ആത്മാർത്ഥ കൂട്ടുകാർ വരെ തിരിഞ്ഞു നോക്കുന്നില്ല.. "ഇനി അവളുമാരെങ്ങാനും അവന്റെ കൂടെ കൂടിയോ എന്തോ ? പറയാൻ പറ്റില്ല രണ്ടു നാരങ്ങാ മിട്ടായി കൂടുതൽ കൊടുത്താൽ എന്നെ അറിയില്ലെന്ന് വരെ പറഞ്ഞു കളയുന്ന കക്ഷികൾ ആണ്"---(ആത്മഗതം..) പുറത്തു കേട്ടാൽ അവളുമാർ എന്നെ കൂടാതെ ഒറ്റയ്ക്ക് കാട്ടു മാങ്ങാ പറക്കാൻ പോയി കളയും ദ്രോഹികൾ
മൂന്നാമത്തെ ദിവസം ആരോ അമ്മയോട് എന്നെ പറ്റി ചോദിക്കുന്നത് കേട്ടു. അമ്മ പുറത്തിറങ്ങിയ തക്കത്തിന് തേങ്ങ മുറിയിൽ നിന്ന് കടിച്ചെടുത്ത കഷണത്തിന്റ കൂടെ തിന്നാൻ പഞ്ചസാര പാത്രം തപ്പാൻ അടുപ്പിനു മുകളിൽ കയറിയ ഞാൻ സ്പ്രിങ് വലിച്ചു വിട്ട പോലെ തെറിച്ചു മുറിയിലെ ബെഡിലെത്തി.. പിന്നെ കേട്ടത് അമ്മയുടെ ഒരലർച്ച "എന്നാടി നിനക്ക് പനി പിടിച്ചത് എന്നു" രണ്ടു ദിവസം തെണ്ടാൻ പോകാതെ ഇരുന്നപ്പോൾ അമ്മ വിചാരിച്ചത് മോളു നന്നായെന്ന്. ആമ കഴുത്തു നീട്ടുന്ന പോലെ നോക്കിയപ്പോളാണ് കണ്ടത് അവനാണ് വീടിനു മുന്നിൽ നിൽക്കുന്നത്. ഈ അമ്മക്ക് എന്നെ കാട്ടിൽ ഉരുള് പൊട്ടിയപ്പോൾ കിട്ടിയതാണോ എന്തോ എന്നു ഓർത്തു ഇറങ്ങി ചെന്നു.. ""എന്താ പ്രാക്ടിസിനു വരാത്തത് എന്ന് അവൻ "" ഒന്നുമില്ല എന്നു ഞാൻ... എന്നാൽ വന്നു പ്രാക്ടീസ് ചെയ്യൂ എന്ന് അവൻ.. ഞാൻ ഇപ്പോൾ പ്രേമത്തിലേക്കു മൂക്കും കുത്തി വീണെന്ന് എന്റെ കൂട്ടുകാരെ പോലെ വായിക്കുന്നവരും വിചാരിച്ചു കാണും. നാണം കെട്ടു അമ്മയെ മനസ്സിൽ ചീത്ത വിളിച്ചു നിൽക്കുന്ന നമുക്കെവിടെ പ്രേമം...
അങ്ങനെ പരിശീലനം കൊണ്ടു പിടിച്ചു നടക്കുന്നു. ദിവസവും.. അത്ര സുഖമുള്ള പരിപാടി അല്ല അത്. കാരണം ഞങ്ങളുടെ പരിപാടികൾ ഒന്നും നടക്കുന്നില്ല. ആകെ ഉള്ള മെച്ചം എന്താന്ന് വച്ചാൽ പള്ളിക്കാര്യത്തിനായത് കൊണ്ട് വീട്ടുകാർക്ക് സന്തോഷം. നാട്ടുകാർക്കും കുറച്ചു നാളായിട്ട് ഞങ്ങളെ കൊണ്ടുള്ള തല വേദന ഇല്ല. അവരുടെ ജനാലയുടെ ചില്ലുകൾ പൊട്ടുന്നില്ല. ചെടികൾ മോഷണം പോകുന്നില്ല...മതിലിനു മുകളിലൂടെ പുറത്തേക്ക് കുല കുത്തി നിൽക്കുന്ന റോസാ പൂവുകൾ അവിടെ തന്നെ നിൽക്കുന്നു.. ഞങ്ങളെ വെല്ലു വിളിച്ചോണ്ട്.
അങ്ങിനെ ഇരിക്കുമ്പോളാണ് എന്റെ അടുത്ത കൂട്ടുകാരി പറയുന്നത് അവൾക്കു അവനോടു മുടിഞ്ഞ പ്രേമം ആണെന്ന്. ഒന്നു രണ്ടു പ്രേമലേഖങ്ങൾ എഴുതി അവൾ ധൈര്യം തെളിയിച്ചിട്ടുണ്ടത്രെ. എനിക്കതത്ര വിശ്വാസമായില്ല. കാരണം അവളുടെ ബുക്കുകൾ ഞാൻ കണ്ടിട്ടുള്ളതാണ്. ""പരോഗിയിൽ നിന്നും പരോഗ രേണുക്കൾ പരേഗാന സ്ഥലത്തു പതിക്കുന്ന പ്രോവർത്തനമാണ് പോരോഗണം"" എന്നെഴുതി സയൻസ് ടീച്ചറെ ഞെട്ടിച്ച വ്യക്തിയാണ്. അവന്റെ കയ്യിൽ കൊടുത്തിട്ട് മറുപടി കിട്ടിയില്ലത്രേ. എനിക്കിപ്പോൾ അവനോടു കുറച്ചു പാവം തോന്നി. കാരണം അവൻ ഇതു വരെ അതു വായിച്ചു തീർത്തിട്ടുണ്ടാവില്ല. ഞങ്ങൾ അതു ചോദിക്കാൻ തീരുമാനിച്ചു. ഞങ്ങളുടെ കൂട്ടത്തിൽ ആരെയെങ്കിലും അവനൊന്നു പ്രേമിക്കുക എന്നത് ഞങ്ങളുടെ അഭിമാന പ്രശ്നമായി തീർന്നിരുന്നു. കൂട്ടത്തിൽ നാക്കിനു നീളം കുറച്ചു കുറഞ്ഞവൾ അവനോടു ചോദിച്ചു "---- കത്തിന്റെ മറുപടി എവിടെ എന്ന് " ഞങ്ങളെ ഒന്നു നോക്കി. എന്നിട്ട് വീട്ടിൽ പോയി കത്ത് കൊണ്ടു തന്നു. അവനോടു ചോദിച്ചവളുടെ നിൽപ്പ് കണ്ടാൽ പാക്കിസ്ഥാന്റെയും ഇന്ത്യയുടേയും ശത്രുത മാറ്റിയ പോലുണ്ട്. രഹസ്യമായി വായിക്കാൻ പറ്റിയ സ്ഥലം കൊക്കോ മരത്തിന്റെ മുകളിലാണ്. അതും കൊണ്ട് വലിഞ്ഞു കയറി. കത്തിന്റെ കുറച്ചു താഴെ ചേർക്കുന്നു...
---------
14/4/1999
പ്രിയ ചട്ടാ... സുഗമല്ലേ. എനിക്കു സുഗമാണ്. വീട്ടിൽ എല്ലാർക്കും സുഗമല്ലേ. എൻ്റെ വീട്ടിൽ എല്ലാർക്കും സുഗമാണ്.അവിടെ മഴയുണ്ടോ ? ഇവിടെ മഴയില്ല. എനിക്ക് ചട്ടനെ ഇഷ്ടമാണ്. എന്നെ ഇഷ്ടമാണേൽ മറുപടി തരണം..
.........
എന്ന് ----
ഒപ്പ്
എന്താണ് സംഭവം എന്ന് പിടി കിട്ടിക്കാണും. വായിച്ചു കഴിഞ്ഞതും ഒരുത്തി മരത്തീന്നു താഴോട്ട്, അവളുടെ അമ്മയുടെ സാരി വെട്ടി തയ്ച്ച പാവാട മരത്തിന്റെ കൊമ്പിലും. അവളെ പറഞ്ഞിട്ടും കാര്യമില്ല. വയനാടിന് കെട്ടിച്ചു വിട്ട ചേച്ചിക്ക് കത്തെഴുതിയ പരിചയമേ അവൾക്കുള്ളു.
അങ്ങനെ വാർഷികം വന്നെത്തി...തലേ ദിവസം പരിപാടിക്ക് വേണ്ട സാമഗ്രികൾ സംഘടിപ്പിക്കുന്നത് കൊണ്ട് അധികം പ്രാക്ടീസ് ഉണ്ടായില്ല. നാടോടി നൃത്തത്തിന് ഒരു പാവ വേണ്ടത് കൊണ്ട്, വീട്ടിലെ സകല ചാക്ക് കെട്ടും വലിച്ചിട്ടു തപ്പിയപ്പോൾ അനിയനിൽ നിന്നാണ് ആ മഹാ സത്യം ഞാൻ അറിഞ്ഞത്. പാവ കൊണ്ട് കളിക്കേണ്ട പ്രായം ഞങ്ങൾക്ക് രണ്ടാൾക്കും കഴിഞ്ഞത്രേ. മഹാൻ!! അവൻ പറയാതെ എനിക്കതറിയാൻ മേലാരുന്നു. ഇനി എന്നാ യൂണിറ്റ് ലീഡർ ചേട്ടന്റെ തല തിന്നാം എന്ന് കരുതിയാണ് അങ്ങോട്ട്‌ ഇടിച്ചു കയറി ചെന്നത്.. അവൻ മാത്രമേ അവിടെ ഉണ്ടാരുന്നുള്ളു...
ഡും ഡും ഡും ( വാതിലിൽ കൊട്ടിയതല്ല.. വായിച്ചവരുടെ നെഞ്ചിടിപ്പാണ്.. )......... തുടരും
NB; പുതിയതായി വാങ്ങിച്ച ചോട്ടാ ഭീം ബലൂൺ പുളി മരത്തിൽ കുടുങ്ങി, അപ്പനും മക്കളും അതിന്റെ മുകളിലോട്ട് നോക്കി നിൽക്കുന്ന കാരണം മൊബൈൽ എന്റെ കയ്യിൽ തന്നെ ഉണ്ട്. മൊബൈൽ കിട്ടുമോ എന്ന് എന്നോടൊപ്പം ടെൻഷൻ അടിച്ചു കമന്റ്‌ ചെയ്ത എല്ലാവർക്കും എന്റെ പേരിലും മക്കളുടെ പേരിലും നന്ദി അറിയിക്കുന്നു.

Anamika

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo