നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

(അ) സ്വാഭാവിക മരണം

(അ) സ്വാഭാവിക മരണം
*******************
ഫ്ളാറ്റിന്റെ മട്ടുപ്പാവിലെ ഇളം തണുപ്പിലും അവളുടെ മുഖത്തെ വിയർപ്പുതുള്ളികൾ അയാൾക്ക് കാണാമായിരുന്നു ..
ടെൻഷനും വെപ്രാളവും മൂലം അവൾ പിന്നിലേക്കു വേച്ചുപോകുന്നതു പോലെ തോന്നി ....
"അഭീ ... ഡീലക്സ് വാർഡിന്റെ നഴ്സസ് സ്റ്റേഷനിൽ ഞാനും രജിതയും മാത്രമായിരുന്നു ഇന്നലെ ഡ്യൂട്ടിയിലുണ്ടായിരുന്നത് ... ഉത്തര ബീഹാറിലെ ഏതോ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ നിർദ്ദേശ പ്രകാരം അവളെ അഛനമ്മമാർ രണ്ടു മാസം മുൻപാണ് ഞങ്ങളുടെ ഹോസ്പിറ്റലിൽ എത്തിക്കുന്നത്" ...
"കാമാഖ്യ.. അതായിരുന്നു അവളുടെ പേര് ... നമ്മുടെ മാളൂനെ പോലെ കോലൻമുടിയും ഓമനത്തം തുളുമ്പുന്ന മുഖവും" ...
ലിഫ്റ്റിന്റെ ഇരുമ്പു ഗ്രില്ലിൽ പെട്ട് അറ്റുതൂങ്ങിയ നിലയിലായിരുന്നു അവളുടെ കുഞ്ഞുകൈപ്പത്തി ...
"സർജന്റെയും ഒരു കൂട്ടം നഴ്സുമാരുടെയും പ്രയത്നം മൂലം അറ്റുപോയ കൈപ്പത്തി തുന്നിച്ചേർക്കുവാൻ സാധിച്ചെങ്കിലും തുടരെയുള്ള ഇൻഫെക്ഷൻ മൂലം തുടർന്നു പോയ വിലകൂടിയ ചികിത്സകൾ" ..
"ഐസിയുവിൽ നിന്നും ദിവസത്തിന് ആയിരം രൂപ വാടകയീടാക്കുന്ന ഡീലക്സ് വിഭാഗത്തിലേക്ക് അവളെ മാറ്റിയത് ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ ."..
"ഫയലിൽ പറഞ്ഞ പ്രകാരമുള്ള മരുന്നുകൾ സിറിഞ്ചിലേക്കു ലോഡ് ചെയ്യുമ്പൊഴാണ് അവളുടെ അമ്മ അവിടേക്കു വന്നത് .. പാറിപ്പറന്ന മുടിയും അലസമായി വാരിച്ചുറ്റിയിരിക്കുന്ന സാരിയും .. ദീർഘനാളത്തെ ആശുപത്രി വാസം നൽകിയ വിഷമതകൾ എനിക്കവരുടെ മുഖത്തു നിന്നും വായിച്ചെടുക്കുവാൻ സാധിച്ചു "..
"എന്റെ പേരും ഭർത്താവിനെക്കുറിച്ചുമൊക്കെ ചോദിച്ചു അവർ ... എന്നാൽ തിരികെയുള്ള എന്റെ കുശലാന്വേഷണത്തിൽ ആ സ്ത്രീയുടെ കണ്ണുകൾ നിറഞ്ഞു കവിയുകയാണുണ്ടായത്."
"അത്യാവശ്യം നല്ല സാമ്പത്തിക സ്ഥിതി ഉള്ള കുടുംബമായിരുന്നത്രേ അവരുടേത് .. ഓപ്പറേഷനും രണ്ടു മാസത്തെ ചികിത്സയ്ക്കുമെല്ലാമായി ഒരു വൻ തുക തന്നെ ചില വാക്കേണ്ടി വന്നു .. സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന അവരുടെ ഭർത്താവ് ഉള്ള സമ്പാദ്യമെല്ലാം പണയപ്പെടുത്തി മകളുടെ ചികിത്സക്കായി "...
"പ്രണയ വിവാഹമായിരുന്നതിനാൽ ബന്ധുക്കളും സഹായത്തിനില്ല..
ഇപ്പോൾ മകളെന്നു കേൾക്കുമ്പോൾ തന്നെ അയാൾക്കു ദേഷ്യം .. കുഞ്ഞിനോടയാൾ മിണ്ടാറു പോലുമില്ലെന്ന്" ..
കേട്ടപ്പോൾ വിഷമം തോന്നിയെങ്കിലും ഞാനവരെ സമാധാനിപ്പിച്ച് മരുന്നു ട്രേയുമായി മുന്നൂറ്റി നാലാം നമ്പർ റൂമിലേക്ക് നടന്നു ..
അവിടെ ബെഡിൽ ചാരി ടിവിയിൽ കാർട്ടൂണുകൾ കാണുകയായിരുന്നു ആ കൊച്ചു മിടുക്കി ...
അയാളാകട്ടെ എന്നെ കണ്ടപ്പോൾ ഇഷ്ടപ്പെടാത്ത ഭാവത്തിൽ പുറത്തേക്കിറങ്ങി പോവുകയും ചെയ്തു ... സ്പൂണിൽ കൊടുത്ത ചവർപ്പുള്ള സിറപ്പ് കുടിച്ചിറക്കിയതിനു ശേഷം അവളെന്നെ നോക്കിയൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു ..
രാത്രിയിലും അവർ രണ്ടു പേരും ആ മുറിയിൽ കുഞ്ഞിനോടൊപ്പമാണ് ഉറങ്ങുന്നതെന്ന് എനിക്കവരിൽ നിന്നും അറിയുവാൻ സാധിച്ചു ..
ഒരു പാട് തിരക്കുകൾ ആയിരുന്നതിനാൽ പുലർച്ചെ എപ്പൊഴോ ആണ് ഞാനൊന്നു മയങ്ങിയത് .. സമയം ഏകദേശം മൂന്നരയായിക്കാണും .. ആരുടെയോ ചെരുപ്പിന്റെ ശബ്ദം കേട്ടാണ് ഞാൻ ഞെട്ടിയുണർന്ന് നോക്കിയത് ..
അതാ അയാൾ ..
ആ പെൺകുട്ടിയുടെ അഛൻ വേഗത്തിൽ വാർഡിന്റെ ഡോർ തുറന്ന് പുറത്തേക്കു പോകുന്നു ... ആദ്യമൊരു സംശയം തോന്നിയെങ്കിലും ഞാനത് അത്ര കാര്യമാക്കിയില്ല ..
ഉറക്കച്ചടവു മൂലം കൺപോളകൾക്ക് ഭാരമേറുന്നത് പോലെ ... ഞാൻ വീണ്ടും മയക്കത്തിലേക്കിറങ്ങി ..
കൃത്യം അഞ്ച് മണിക്ക് 304 ൽ നിന്നുള്ള ദൈർഘ്യമേറിയ അലാറം കേട്ടാണ് ഞാൻ കണ്ണു തുറന്നത് .. രജിതയേയും കൂട്ടി മുറിയിലെത്തിയപ്പോൾ കണ്ടത് കട്ടിലിൽ കിടക്കുന്ന കുഞ്ഞിനെയും കെട്ടിപ്പിടിച്ചു കരയുന്ന ആ സ്ത്രീയേയാണ് ... കുഞ്ഞിന് അനക്കമില്ലത്രേ ... ഞാൻ പൾസും ഓക്സിജന്റെ അളവും പരിശോധിച്ചു.. പിന്നെ ആ അടഞ്ഞ കൺപോളകൾ വിടർത്തി നോക്കി .... ടോർച്ചിന്റെ വെളിച്ചത്തിൽ നിശ്ചലമായ ആ കുഞ്ഞുകൃഷ്ണമണി ... പിന്നീടെല്ലാം വളരെ വേഗം ... ഡോക്ടറെ വിവരമറിയിച്ചു ... മെഡിക്കൽ ഓഫീസറടക്കമുള്ള വലിയൊരു സംഘമവിടെത്തി മരണം സ്ഥിതീകരിച്ചു .. മരണ കാരണം മാത്രം വ്യക്തമല്ല .. എന്നാൽ മരണം സംഭവിച്ചത് ഏതാനും മണിക്കൂറുകൾക്കു മുമ്പ്... മാതാപിതാക്കൾ ഒപ്പിടേണ്ടതായിട്ടുള്ള ആ പേപ്പറിൽ ഒപ്പിനായി കുഞ്ഞിന്റെ അഛനെ തിരക്കിയെങ്കിലും അയാൾ ആ പരിസരത്തെങ്ങുമുണ്ടായിരുന്നില്ല ... അലമുറയിട്ടു കരയുന്ന ആ സാധു സ്ത്രീയെ സമാധാനിപ്പിക്കുവാൻ എന്റെ വാക്കുകൾക്ക് പോലും ആവതുണ്ടായിരുന്നില്ല ..
ഫയലിൽ നിന്നും കണ്ടെത്തിയ നമ്പരിൽ അയാളെ വിളിച്ചു വരുത്തി ഞങ്ങൾ ... എങ്കിൽ കുഞ്ഞു നഷ്ടപ്പെട്ട ഒരഛന്റെ ആധിയോ നിസഹായാവസ്ഥയോ അയാളിൽ പ്രകടമായിരുന്നില്ല ... തീർത്തും നിർവ്വികാരനായിരുന്നു അയാൾ ..... മാത്രമല്ല കുഞ്ഞിന്റെ മരണത്തിൽ തങ്ങൾക്ക് ആശുപത്രിയോടോ ജീവനക്കാരോടോ ഒരു പരാതിയുമില്ലെന്ന് എഴുതിയൊപ്പിട്ടു നൽകുകയും ചെയ്തു...
മൃതദേഹം കൊണ്ടു പോകുവാനുള്ള ആംബുലൻസ് റെഡിയാക്കിയതും അയാളാണ് ... വെള്ളത്തുണിയിൽ ഞാൻ പൊതിഞ്ഞു കെട്ടിയ ആ കുഞ്ഞു മാലാഖയുടെ ശരീരം ഏറ്റുവാങ്ങുമ്പൊഴെങ്കിലും അയാളുടെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ പൊടിയുമെന്ന് ഞാൻ പ്രതീക്ഷിച്ചു.. എന്നാൽ വളരെ വിദഗ്ദ്ധനായ അതിബുദ്ധിമാനായ ഒരു കൊലയാളിയുടെ കണ്ണുകളിലെ എന്തിനും പോന്ന ഭാവമാണ് ഞാനയാളുടെ മുഖത്തു നിന്നും വായിച്ചെടുത്തത്.....
അതെ ...എനിക്കുറപ്പാണ് നിങ്ങൾ തന്നെയാണ് ഈ കുഞ്ഞിനെ കൊന്നത് ...എന്റെ മനസ് അയാളോടു പറഞ്ഞു ....
"ഞാൻ കണ്ടതാണ് അഭീ... അയാൾ പുലർച്ചെ വേഗത്തിലിറങ്ങി പുറത്തേക്കു പോവുന്നത് ... ഒന്നുകിൽ അയാൾ അവർക്ക് ഉറക്കഗുളിക നൽകി കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നിട്ടുണ്ടാവണം ... അല്ലെങ്കിൽ ഇന്നലെ ഞാൻ മരുന്നു കൊടുത്തതിനു ശേഷം ആ മനുഷ്യൻ കുഞ്ഞിനു നൽകിയ ആഹാരസാധനത്തിൽ വിഷം കലർത്തിയിട്ടുണ്ടാവണം .... ഉറപ്പായും ഇതിൽ രണ്ടിലും ഏതെങ്കിലും ഒന്നാണ് സംഭവിച്ചിട്ടുണ്ടാവുക."....
"എനിക്കിത് ആരോടെങ്കിലും തുറന്നു പറയണം അഭീ .. എനിക്കതിനുള്ള അനുവാദമെങ്കിലും തരൂ ".. മൃദുല അയാളോട് യാചിച്ചു ..
"ആകെ അൽപ്പമെങ്കിലുമുള്ളത് ഇത്തിരി മനസ്സമാധാനമാണ് .. നീയായിട്ട് അതും കൂടി ഇല്ലാതാക്കരുത് ... എവിടെ നിന്നോ വന്ന ഏതോ ഹിന്ദിക്കാരി കൊച്ചിനു വേണ്ടി വാദിച്ച് നിനക്കെന്തു നേടാനാ ... അതിന്റെ വിധി തന്തേടെ കൈ കൊണ്ട് ചാവാനായിരുന്നിരിക്കും ....സ്വന്തം കാര്യം നോക്ക് .... മറുത്തൊന്നും പറയേണ്ട" ....
ഇത്രയും പറഞ്ഞു കൊണ്ട് അഭിജിത്ത് തന്റെ ലാപ് ടോപ്പിന്റെ സ്ക്രീനിലേക്ക് തിരിഞ്ഞു..
"ഇല്ല.. തന്റെയൊരു അഭിപ്രായത്തിന് ആഗ്രഹത്തിന് ഇവിടെ ഈ മനുഷ്യന് മുൻപിൽ യാതൊരു വിലയുമില്ല .. ഒരിക്കലും തന്റെ വിഷമങ്ങൾക്കൂടി കേൾക്കുവാൻ മനസ്സു കാട്ടാത്ത മനുഷ്യൻ ... ചൊവ്വാദോഷക്കാരി സുമംഗലിയായിക്കാണുവാൻ അഛൻ കനത്ത സ്ത്രീധനം നൽകി തനിക്കു നേടിത്തന്ന ന്യൂ ജനറേഷൻ ഭർത്താവ് ... കമ്പ്യൂട്ടറിന്റെയും മൊബെലിന്റെയും സോഷ്യൽ മീഡിയായുടേയും അതിപ്രസരം തലയ്ക്കു പിടിച്ച മനസ്സ് എന്നതില്ലാത്ത വ്യക്തി" ..
അവൾക്ക് തന്നോടു തന്നെ ഈർഷ്യ തോന്നി ..
രാത്രി വൈകിയാണ് മുറിയിലെത്തിയത് .. അഭിജിത്ത് തന്റെ ലാപ് ടോപ്പിൽ എന്തോ പ്രോജക്ട് വർക്കുകൾ ചെയ്യുന്ന തിരക്കിലാണ് .... കിടന്നിട്ടുറക്കം വരുന്നില്ല ... ജീവിതമെന്തെന്നറിയുന്നതിനു മുൻപേ ഇല്ലാതാക്കപ്പെട്ട ആ കൊച്ചു പെൺകുട്ടിയാണ് മനസ്സുനിറയെ ... ഇല്ല .. കണ്ണുകൾ പോലുമടയ്ക്കുവാൻ തനിക്കാകുന്നില്ല ... തനിക്കു നേരെ വിരൽ ചൂണ്ടി വാദിക്കുകയാണവൾ ... തന്റെ മരണം കൊലപാതകമായിരുന്നു എന്ന് ഈ ലോകത്തോടു പറയൂ .. എന്ന് കേഴുന്ന പിഞ്ചു മുഖം
ബെഡ് ലാംപിനു സമീപമായുള്ള ഡയറിയിലെ താളുകൾ പറയുന്നു .. നിന്റെ ശബ്ദവും ശരീരവും മാത്രമാണ് ഈ തടവറയിൽ ഉരുകുന്നത് .... ബന്ധിക്കപ്പെട്ടിരിക്കുന്നത്
നിന്റെ അക്ഷരങ്ങൾ സ്വതന്ത്രരാണ് .. അവയ്ക്ക് ശബ്ദത്തേക്കാൾ മൂർച്ചയുണ്ട് ... അക്ഷരങ്ങളിലൂടെ ലോകമറിയട്ടെ... ആ കുഞ്ഞിന് നീതി നേടിക്കൊടുക്കൂ...
തന്റെ മനസ്സാക്ഷി വരെയും തനിക്കു നേരെ വിരൽ ചൂണ്ടുകയാണ് ... അവൾ ഡയറിയിലെ താളുകൾ മറിച്ചു ... മനസ്സിൽ നിന്നും കാമാഖ്യയുടെ ആത്മാവ് തൂലികയിലൂടെ അക്ഷരങ്ങളായി മാറി ....

Anju

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot