നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു പാവം ഭർത്താവിന്റെ വികാരവിചാരങ്ങൾ..( കഥ )

ഒരു പാവം ഭർത്താവിന്റെ വികാരവിചാരങ്ങൾ..( കഥ )
രാവിലെ പതിവ് പോലെ ആറു മണിക്കെഴുനേറ്റപ്പോൾ ഭാര്യ ശോഭ,മകനെയും കെട്ടിപ്പിടിച്ചുറക്കമാണ് .. ഇതു പതിവില്ലാത്തതാണല്ലോയെന്ന് വിചാരിച്ചപ്പോഴാണിന്ന് ഞായറാഴ്ചയാണെന്നും അവധി ദിവസമാണെന്നും ഓർമ്മയിൽ വന്നത്..
പുറത്തു നല്ല മഴ .. ആകെയൊരു കുളിരു..
എങ്കില് കുറച്ചു നേരം കൂടി ശോഭയെ കെട്ടി പിടിച്ചു കിടക്കാം... ഞാനവളുടെ അടുത്തേക്ക് നീങ്ങി കിടന്നു..
ഒന്ന് നേരാം വണ്ണം തൊടുന്നതിനു മുന്നേ അവളൊരു തട്ട്..
“മനുഷ്യനെയുറങ്ങാനും സമ്മതിക്കില്ല.. ഈയൊരു വിചാരം മാത്രമേയുള്ളു..”
രാവിലെ തന്നെ കിട്ടേണ്ടത് കിട്ടിയ മനഃപ്രയാസത്തിൽ ഞാനവൾക്കു മുഖം തിരിഞ്ഞു മൂടിപ്പുതച്ചു കിടന്നുറങ്ങി..
***
സമയം11.. ശോഭഅടുക്കളയിലാവും .... മകൻ ടി വിയിലവന്റെയിഷ്ടമുള്ള ചാനെലിൽ പടം കണ്ടാസ്വദിക്കുന്നു. ഒന്നും ചെയ്യാനില്ലാത്ത ഞാൻ പതുക്കെ പത്രവുമായി കിടപ്പു മുറിയിലേക്ക് പോയി. പത്രം വായിക്കാം .ഒന്ന് മയങ്ങുകയും ചെയ്യാം.
ചെന്നപ്പോൾ കുളിമുറിയിൽ വെള്ളം വീഴുന്ന ശബ്ദം..
ഓ.. ജോലിയെല്ലാം കഴിഞ്ഞുശോഭ കുളിക്കാൻ കയറി.. എന്നാലൊരു പണി ഒപ്പിച്ചിട്ടു തന്നെ കാര്യം.. രാവിലെയൊരു ശ്രമം പാഴായതാണ് .. പുറത്തു മഴയും അകത്തു കുളിരുമിപ്പോഴും നിലവിലുണ്ട്..
ഞാൻ ചുവരിനോട് ചേർന്ന് നിന്നു . അകത്തു വെള്ളത്തിന്റെയൊച്ച നിന്നു . ശോഭ വസ്ത്രം ധരിക്കുകയാവും.. അവൾ വാതിൽ തുറന്നതുംമൈസൂർ സാൻഡലിന്റെ ഗന്ധമവിടമാകെ പരന്നു .പിന്നാലെ സുന്ദരിയായി അവളും.. ഇടവും വലവും നോക്കാതെ ഞാനവളെ വാരി പുണർന്നു..
“എന്തായിത് ദാസേട്ടാ ? ശേ ... മനുഷ്യരെ പേടിപ്പിക്കാൻ .. ഈ ഒരു വിചാരം മാത്രമേ ഉള്ളോ?..മോനപ്പുറത്തുണ്ട്.. പറഞ്ഞില്ലെന്നു വേണ്ട .”
അവളെന്നെ വീണ്ടും തട്ടി.. .പിന്നെ ഒന്ന് മുട്ടി, മുനോട്ടു നടന്നു..
ഇവളിതെന്താ ഒട്ടും റൊമാന്റിക് അല്ലാത്തത്... ഒന്നുമല്ലെങ്കിലും മഴക്കാലമല്ലേ?
മൈസൂർ സാൻഡലിന്റെ സുഗന്ധം എന്നെ മുന്നോട്ട് നയിച്ചു .ഞാനൊന്നെന്നെ മണത്തു നോക്കി..ഊംഹും ..ഒരു മണവുമില്ല ,,ഇതു തന്നെ വാരി തേച്ചല്ലേ ഞാനും രാവിലെ കുളിച്ചത്?..
ഞാനവളുടെ അടുത്തേക്ക് ചെന്ന്അവൾ മുടി തുവർത്തുന്നതും കുങ്കുമം തൊടുന്നതും വായിനോക്കി നിന്നു.. കുറച്ചൂടെ ചേർന്ന് നിന്ന് ഞാൻ പറഞ്ഞു..”ശോഭേ.. നിന്നെ കാണാൻ നല്ല ഭംഗി..”
അവളുടെ മുഖം ചുവന്നു.. നാണത്താലാണെന്ന് ഞാൻ ചുമ്മാ തെറ്റിദ്ധരിച്ചു..
“ദാസേട്ടൻ ഇതെന്തു ഭാവിച്ചാ.. എല്ലാറ്റിനും ഒരു സമയമുണ്ട് കേട്ടോ .. “അവൾ ദേഷ്യത്തോടെ മുറിയിൽ നിന്നുമിറങ്ങി പോയി....
“ ഏതു നേരവും ഈയൊരു വിചാരം മാത്രം” അവൾ വാതിൽ ശക്തിയായി വലിച്ചടച്ചു.
കുളിരു കോരിയതും കരളു തുടിച്ചതുമറിയാത്ത ഒട്ടും റൊമാന്റിക് അല്ലാത്ത കൂട്ടുകാരി..
ഞാൻ നിരാശനായി പത്രവുമെടുത്തു കട്ടിലിലേക്ക് കമിഴ്ന്നു..
ഒന്ന് മയങ്ങി,ഞാനൊരു നല്ല സ്വപ്നവും കണ്ടു..
ചുവന്ന ചുരിദാറിട്ടു പഴയ ഹിന്ദി നടികളെ പോലെ മുടി ഉയരത്തിൽ പൊക്കി കെട്ടി ശോഭ, കൂടെ ചുവന്ന ഷർട്ടും വെള്ള ബെൽബോട്ടം പാന്റുമിട്ട ജയനെ പോലെ ഞാനും..... ആ വേഷം, അവൾക്കത് ചേരുന്നുണ്ട്... പക്ഷെയെന്നെയെനിക്കത്ര പിടിച്ചില്ല.
ഒരു മരത്തിന്റെ ചുവട്ടിൽ... ഞങ്ങൾ ആടിപ്പാടുന്നു
“ഹം തും ഏക് കമാരെ മേം ബന്ദ് ഹോ ..” രണ്ടു വരി മൂളിയതെയുള്ളൂ അപ്പോഴേക്കും ശോഭ ശല്യപ്പെടുത്തി..
“ദാസേട്ടാ ഊണ് കഴിക്കാൻ വാ”... വിളി കേട്ട് കണ്ണ് തുറന്ന് ,കമര തുറന്നു ഞാൻ പുറത്തിറങ്ങി..
ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ ചിക്കൻ ബിരിയാണിയാണ് . മോൻ കുറച്ചു ദിവസമായി ബിരിയാണി വെക്കാൻ ബഹളം കൂട്ടുന്നു. ശോഭയെനിക്ക് വിളമ്പിയിട്ടു മകന് ബിരിയാണിയിൽ നിന്നുമവനിഷ്ടമുള്ള ചിക്കൻ കഷണങ്ങൾ നോക്കി യെടുത്തു കൊടുക്കുകയാണ്..
ഞാൻ കഴിക്കാൻ തുടങ്ങി..ഹാ.. നല്ല രുചി. ഇത്ര നല്ല ബിരിയാണി അവളിതു വരെ ഉണ്ടാക്കിയിട്ടില്ല.
ഞാൻ കൈയിൽ കുറച്ചു ബിരിയാണി യെടുത്തു അവൾക്കു നേരെ നീട്ടി.എന്നിട്ടു വളരെ റൊമാന്റിക് ആയി മോഹൻ ലാലിനെ പോലെ മൊഴിഞ്ഞു
“ശോഭേ …വാ തുറന്നെ .... നല്ല അടിപൊളി ബിരിയാണി..”
ശോഭ വീണ്ടും ചുവന്നു.. “...ദാസേട്ടന്നെ കൊണ്ട് തോറ്റു .ഞാൻ കഴിച്ചോളാം”
അവളുടെ നേർക്ക് നീട്ടിയ കൈ നിരാശയോടെ എന്റെ വായിലേക്ക് പോയി.... ബിരിയാണി വിഴുങ്ങുന്നതിനിടയിൽ ഞാൻ ചിന്തിച്ചു -ഇവളിതെന്തായിങ്ങിനെ? .. ഇവളെപ്പോഴാണ് സിനിമയിലെ നായികയെ പോലെ പെരുമാറുന്നത്..?
പിന്നെ കഴിച്ച ബിരിയാണിക്ക് വലിയ രുചിയൊന്നും തോന്നിയില്ല... സ്നേഹവും ലേശം ശൃംഗാരവും കൂടി ചേർന്നതാണ് ബിരിയാണിയുടെ.. അല്ല, രുചിയുടെ മർമമെന്നു ഈ കഴുതയോട് ആര് പറഞ്ഞു മനസിലാക്കും ?
ഭക്ഷണം കഴിഞ്ഞു മകൻ വീണ്ടും ടി വി യിലേക്ക് മടങ്ങി.. ശോഭക്കുച്ചയുറക്കം പതിവുണ്ട്.. ഞാൻബിരിയാണി മണക്കുന്ന കൈയുമായി ക്ഷമയോടെ ഒരു മൂളിപ്പാട്ടും പാടി ബെഡ്റൂമിൽ കാത്തിരുന്നു..
“ചിന്ന ചിന്ന ആശൈ ..
ചിറകടിക്കുംആശൈ..”
നിമിഷങ്ങൾക്കകം ശോഭ ചിറകടിച്ചു വന്നു, ചിറകൊതുക്കി എന്റെ ചാരെ കിടന്നു.. മൈസൂർ സാൻഡലും ബിരിയാണിയും.. രണ്ടും കൂടെ കുഴഞ്ഞു മറിഞ്ഞൊരു പരിമളം എനിക്ക് ചുറ്റും ചിറകടിച്ചു...... ഞാനാശയോടെ ശോഭക്കു നേരെ കൈ നീട്ടീ ..
ഒന്ന് തൊട്ടതേയുള്ളു ..അവളൊരു ചാട്ടം! ഇവൾക്ക് ലോങ്ങ് ജമ്പിൽ സ്കൂളിൽ വെച്ച് സമ്മാനം കിട്ടിയെന്നു പറഞ്ഞിരുന്നത് നേര് തന്നെ..
“ദാസേട്ടാ.. വേണ്ട..വൈകുന്നേരം സിനിമയ്ക്കു പോവാനുളളതാണ്.. മറന്നോ ? അല്ലെങ്കിൽ തന്നെ ഈ ഒരു വിചാരമേ ഉള്ളോ..”
ശോഭ കട്ടിലിന്റെ അങ്ങേ തലക്കലേക്കു നീങ്ങിയൊരു കിടപ്പു.. ഇത്രയും നേരം ആ സുഗന്ധമെങ്കിലുമുണ്ടായിരുന്നു..ഇപ്പോളതും പോയി..
ഈ വിചാരത്തിനെന്താ കുഴപ്പം? ആ വിചാരത്തിൽ ഞാൻ വീണ്ടും മയങ്ങി.. കുളിരും സ്വപ്നവും ഒരു മണ്ണാക്കട്ടയുമില്ലാതെ …
***
വൈകുന്നേരം ചായ കുടി കഴിഞ്ഞു വന്നപ്പോൾ ശോഭ സാരി ഉടുക്കുന്നു. സിനിമക്കു പോവാനുള്ള തയ്യാറെടുപ്പാണ്... വല്ലപ്പോഴുമേ ശോഭ സാരിയുടുക്കു.. അത് കൊണ്ട് തന്നെ നല്ല ശോഭ!
പച്ച കളർ അവൾക്കു നന്നായി ഇണങ്ങുന്നു . ..
പുറത്തു മഴയില്ലെങ്കിലും അകത്തു കുളിരിനൊരു കുറവുമില്ല .
ഞാൻ ശോഭയുടെ അടുത്തേക്ക് ചെന്നു ...ഇപ്പോൾ കുട്ടികൂറ പൗഡറിന്റെ മണമാണ് കാറ്റിൽ ചുറ്റുപാടും പരക്കുന്നത് ..... മോഹൻലാലെന്നിൽ പുനർജ്ജനിച്ചു..
“ശോഭേ.. “
ഞാൻ വളരെ ലോലമായി ,മൃദുവായിയവളുടെ ചെവിക്കരിക്കൽ ചെന്ന് വിളിച്ചു..
“എന്താ ദാസേട്ടാ? ” ശോഭ ചുവന്നു..
“അല്ല ,സാരി പിടിച്ചു തരാൻ ...”ഞാൻ താഴെയിരുന്നു സാരി വലിക്കാൻ തുടങ്ങി..
“ഒന്ന് മാറിയേ ... സാരിയുടുക്കാനെനിക്കറിയാം.. ചുമ്മാ അത് നശിപ്പിക്കാതെ.. “
ശേ.. വീണ്ടും പണി പാളി...സിനിമയിൽ നായകൻ സാരി ഉടുപ്പിച്ചു കൊടുക്കുന്ന നായികയെ ഇവൾ കണ്ടിട്ടില്ലേ ?ഇവളെ സിനിമ കാണിക്കുന്നത് ചുമ്മാ വേസ്റ്റ് ... അരസികത്തി!
“ടിക്കറ്റ് ബുക്ക് ചെയ്താലും നേരത്തും കാലത്തും ചെല്ലണം. അല്ലെങ്കിൽ പാതി പടമേ കാണാൻ സാധിക്കു “.മുടി ചീവുന്നതിനിടയിൽ ശോഭ പിറുപിറുക്കുന്നു..
“ അല്ലെങ്കിൽ തന്നെയേതു നേരവുമീ ഒരു വിചാരം മാത്രം”
ഞാൻ മിണ്ടാതെ പോവാൻ റെഡിയായി.. രാവിലെ തുടങ്ങി ഇവളുടെ പിന്നാലെ കുളിരുമായി ചുറ്റുകയാണ്.... ഒരു ഭാര്യയും ഇത്ര കഠിന ഹൃദയയാവാൻ പാടില്ല
സിനിമ കഴിഞ്ഞെത്തിയപ്പോൾ ശോഭയെന്നെ അത്താഴത്തിനു വിളിച്ചു
“വേണ്ട....വിശപ്പില്ല “
ഞാൻ കിടന്നു…
“ദാസേട്ടാ…” ഒരു കളമൊഴി!
സ്വപ്നമാണോ .. ഞാൻ കണ്ണ് തുറന്നു ..
“എന്നോട് പിണങ്ങിയോ....” ചെവിക്കരികിൽ ശോഭയുടെ ചൂടു നിശ്വാസം..
“ എല്ലാറ്റിനുമൊരു സമയമുണ്ട് ദാസാ..” ചുവന്ന നൈറ്റ് ഡ്രെസ്സിൽ ശോഭയെന്നെ നോക്കി കൊഞ്ചുന്നു.. ക്യുട്ടക്സിട്ട വിരലുകൾ എന്റെ നെഞ്ചത്ത് എന്നെ വട്ടത്തിലാക്കാനായി വട്ടം വരക്കുന്നു...
ശോഭയെ വട്ടം പിടിക്കുമ്പോൾ ഞാനോർത്തു.. ഭർത്താവിന് മാത്രമല്ല ഭാര്യക്കുമുണ്ടീ വിചാരം... പക്ഷെ അതിനൊക്കെയൊരു സമയമുണ്ടെന്നു മാത്രം..
**
രാവിലെ മുതൽ ശോഭയുടെ പിന്നാലെ ചുറ്റിത്തിരിഞ്ഞതിനാലാവും പാതിരാവായപ്പോൾ നല്ല വിശപ്പ്..
“ശോഭേ ….... വാ ,നമുക്ക് ബിരിയാണി കഴിക്കാം “
“സമയമെത്രയായിയെന്നറിയോ ദാസേട്ടാ ? രാത്രി പന്ത്രണ്ടു കഴിഞ്ഞു.. ഇനി മിണ്ടാതെ കിടന്നോ.” ഒന്ന് നിർത്തി ശോഭ തുടർന്നു- “ഈ ഒരു വിചാരമേ മാത്രമേ ഉള്ളോ ?”*** Sani John.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot