നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പെരുമ്പാവൂർ റൂം

പെരുമ്പാവൂർ റൂം 
ചതിക്കാത്ത ചന്തു എന്ന സിനിമയിൽ എം. ജി. ആർ റൂം പ്രേം നസീർ റൂം എന്നൊക്കെ പറയും പോലെ ഞങ്ങളുടെ INE ഹോസ്റ്റലിൽ (ഇത് കോട്ടയം ഗാന്ധിനഗറിലെ ഹോസ്റ്റൽ ആണ് കേട്ടോ )പെരുമ്പാവൂർ റൂം എന്നൊരു സംഭവം ഉണ്ടായിരുന്നു. അതെന്താ അങ്ങനെ ഒരു റൂം എന്നല്ലേ ?! അതിനു പിന്നിൽ ശക്തമായ ഒരു കാരണം ഉണ്ട്.. ഓ, ക്ഷമിക്കണം ഒന്നല്ല നാലു കാരണങ്ങൾ... ജിസ്സ, ഫെമി, മേഘ പിന്നെ ബ്ലെസ്സി... നാല് പെരുമ്പാവൂർ സ്വദേശികൾ. ഊണും ഉറക്കവും മുതൽ നടത്തവും പഠിത്തവും വരെ ഒന്നിച്ച്.. അതെ എല്ലാറ്റിനും അവർ ഒറ്റക്കെട്ടായിരുന്നു.. എല്ലാ മാസവും രണ്ടാമത്തെ വെള്ളിയാഴ്ചയിൽ പെരുമ്പാവൂർ റൂമിൽ പ്രത്യേക ചടങ്ങുകൾ നടക്കാറുണ്ട്... !നാലുപേരും രണ്ടാം വെള്ളിയാഴ്ച അതിരാവിലെ ഉണർന്നു കോളേജിൽ കൊണ്ടുപോകുന്ന ബാഗിനു പുറമേ കുറച്ചുകൂടി വലിയ ബാഗ് എടുത്തു ഒന്ന് രണ്ടു ജോഡി ഡ്രസ്സ് അതിലെടുത്തു വയ്ക്കും എന്നിട്ട് ആ എക്സ്ട്രാ ബാഗും തൂക്കി ക്ലാസ്സിൽ പോകും.. പിന്നെ വൈകുന്നേരം ക്ലാസ്സ് വിട്ടയുടൻ ഈ ബാഗുകളുമെടുത്തു ഇടംവലം നോക്കാതെ മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിലേക്ക് ഓടും... എന്നിട്ട് കോട്ടയം -എറണാകുളം റൂട്ടിൽ നൂറ് -നൂറ്റിപ്പത്ത് സ്പീഡിൽ പറക്കുന്നബസുകളിൽ ഒരെണ്ണത്തിൽ ചാടിക്കയറും .... സീറ്റ് കൂടി കിട്ടിയാൽ ചടങ്ങ് പൂർത്തിയാവും... സീറ്റിൽ ഒന്നു നിവർന്നിരുന്നു പുറത്തേക്ക് നോക്കുമ്പോൾ മെഡിക്കൽ കോളേജ് -ICH റൂട്ടിൽ നടന്നു വരുന്ന ഏതെങ്കിലും INE സഹജീവികളെ കണ്ട് ടാറ്റാ കൊടുക്കാൻ കൂടി കഴിഞ്ഞാൽ ആ തവണത്തെ ചടങ്ങ് പൂർണ്ണ സഫലം.. !! ഇനി ഒന്നു മയങ്ങിയാൽ പിന്നെ കലൂർ എത്തുമ്പോൾ കണ്ടക്ടർ വിളിച്ചു ഉണർത്തിക്കോളും.. അങ്ങനെ സെക്കന്റ്‌ സാറ്റർഡേയും സൺ‌ഡേയും വീട്ടിൽ നിൽക്കാൻ പറ്റും ..ഇനി തിങ്കളാഴ്ച വെളുപ്പിന് ഈ ചടങ്ങ് റിവേഴ്‌സ്... പെരുമ്പാവൂരുന്നു കോട്ടയത്തേക്ക്..ബസിലെ കാറ്റുകൊണ്ട് പാറിപ്പറന്ന മുടിയും യാത്രാ ക്ഷീണം നിറഞ്ഞ മുഖവുമായി വരുന്ന പെരുമ്പാവൂർ ടീം നെ കാണുമ്പോൾ ബാച്ചിലെ ഒരു പ്രത്യേക വിഭാഗത്തിന് വേഴാമ്പൽ മഴ കാണുന്ന ഫീലിംഗ് ആണ്.... ആരാണ് ആ പ്രത്യേക വിഭാഗം എന്നല്ലേ ??? 
രണ്ടു ദിവസത്തെ അവധികൊണ്ട് വീട്ടിൽ പോയി വരാൻ സാധിക്കാത്തത്ര ദൂരെ വീടുകളുള്ള ചില ഹതഭാഗ്യരായ INE അന്തേവാസികൾ... വീട്ടിൽ പോയി വരുന്നവർ കൊണ്ടുവരുന്ന പൊതിച്ചോറിനായുള്ള ക്ലാസ്സിലെ ഭീകര യുദ്ധം കണ്ടാൽ സോമാലിയക്കാർ പോലും നാണിച്ചു നിൽക്കും...കർത്താവ്‌ അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയപോലെ ഒറ്റപ്പാത്രത്തിലെ ചോറ് ചിലപ്പോൾ അമ്പതുപേരും കൂടി കഴിച്ചെന്നിരിക്കും... (അതും ഒരു അത്ഭുതം തന്നെ... )
ഇനി പെരുമ്പാവൂർ മഹാത്മ്യത്തിലേക്കു തിരിച്ചു വരാം... ക്ലാസ്സിലെ ഏതൊരു പരിപാടിക്കും പുട്ടിനു തേങ്ങാപ്പീര പോലെ ഒഴിച്ചുകൂടാൻ വയ്യാത്ത ഒരു ഐറ്റം ആണ് ഫെമിയുടെ പാട്ട്... 13th ബാച്ചിന്റെ ആസ്ഥാന ഗായിക ... ഒരു കുഴപ്പം... പാട്ടു പാടൂ കുട്ടീ എന്നു ഒറ്റ പ്രാവശ്യം പറഞ്ഞാൽ ഫെമി പാടില്ല.... നിര്ബന്ധിക്കണം... (അത് വെയിറ്റ് ഇടുന്നതാണ് എന്നു അസൂയക്കാർ പറയും )എന്നാലും ആളു പാവമാ... പിന്നെ അത്യാവശ്യം പരദൂഷണം ഏത് പെണ്ണിനും ഒരു അലങ്കാരമാണല്ലോ !!
ഇനി ബ്ലെസ്സി...കുട്ടിത്തം മാറാത്ത മുഖം.. സൗമ്യമായ സംസാരം.. ഇല്ലാർന്നോടീ... വന്നാർന്നോടീ.. പൂവാടീ.. എന്നൊക്കെ ചിലപ്പോൾ ചോദിച്ചെന്നിരിക്കും.. അത് സഹിക്കാം.. നമ്മുടെ ബ്ലെസി അല്ലേ... എന്നാൽ നാട്ടുകാരോടുപോയി വേണ്ടാതീനം ചോദിച്ചാലോ ?!! മനസ്സിലായില്ല അല്ലേ... ക്ഷമിക്കൂ.. പറഞ്ഞു തരാം... 
സെക്കന്റ്‌ ഇയറിലെ കമ്മ്യൂണിറ്റി പോസ്റ്റിങ്ങ്‌... വീടുവീടാന്തരം കയറിയിറങ്ങി ആളുകളുടെയും ആടുമാടുകളുടെയും കണക്കുമെടുത്ത് (അതൊക്കെ എന്തിനാരുന്നു എന്ന് ഇന്നും മനസ്സിലായിട്ടില്ല ) വെയിലും കൊണ്ട് തെണ്ടിപ്പെറുക്കി നടക്കുന്ന സമയം.. ഒരു വീട്ടിൽ ചെന്നു കണക്കെടുപ്പ് നടത്തുന്നതിനിടയിൽ ആ വീട്ടിലെ ചേച്ചിയോട് നമ്മുടെ ബ്ലെസി ചോദിക്കുവാ "ചേച്ചിയെ.. ഈ ആട് പെടയാണോ ?!!!" .. പ്ലിംഗ്... ഇത് കേട്ട് വണ്ടറടിച്ചു ചേച്ചി എല്ലാരേം മാറി മാറി നോക്കുമ്പോൾ ബാക്കി ടീ മെമ്പേഴ്‌സ് തല തല്ലി ചിരിക്കുകയാരുന്നു.. അന്ന് പിന്നെ കോളേജിൽ തിരിച്ചു ചെല്ലുന്ന വരെ ബ്ലെസി ആയിരുന്നു വണ്ടിയിലെ താരം.. 
പിന്നെ പെരുമ്പാവൂർ റൂമിന്റെ പൊന്നോമന പുത്രി ജിസ്സ.. പാവമല്ലേ.. !! . എന്താണെന്നു പെട്ടന്ന് പിടികിട്ടില്ല... നമ്മൾ ഒരു തമാശ പറഞ്ഞു എന്നിരിക്കട്ടെ... എല്ലാരും ചിരിച്ചു എന്നുമിരിക്കട്ടെ.. ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞു ഹ.. ഹ.. ഹ.. ഹ കേട്ടാൽ ഉറപ്പിച്ചോ അത് ജിസ്സ തന്നെ... ബാച്ചിലെ എല്ലാരുടെയും സുഹൃത്ത്... ആർക്കും അഭിപ്രായ വ്യത്യാസം ഇല്ല.. 
വെളുത്തു മെലിഞ്ഞു കണ്ണടയും വച്ചു ഇംഗ്ലീഷ് ചുവയിൽ മലയാളവും പറഞ്ഞു സ്റ്റൈലിൽ നടന്നുവരുന്ന ആ സുന്ദരിയാണ് മേഘ.. അധികം സംസാരിക്കില്ലെങ്കിലും ഒന്നാന്തരം ചിത്രകാരി... വല്ല എക്സിബിഷനോ ക്ലാസ്സ്‌ പ്രസന്റേഷനോ വന്നാൽ പിന്നെ പ മേഘ ബിസിയാകും.. INE പിള്ളേർക്ക് ചാർട്ട് വരക്കണ്ടേ ?!പിന്നെ റൂമിൽ ചെന്നാലും മേഘയെ കാണാൻ മുകളിലേക്ക് നോക്കേണ്ടി വരും.. ഡക്കറിന്റെ മുകളിൽ.. 
രണ്ടു ഡക്കർ, ഒരു സാദാ കട്ടിൽ.. ഒരുമേശ, ഒരു തടിക്കസേര പിന്നെ വാഷ്‌ബേസിൻ, ടോയ്ലറ്റ് ഇതാണ് നമ്മുടെ പെരുമ്പാവൂർ റൂം ഫെസിലിറ്റീസ് ഇൻ ടോട്ടൽ... തിങ്ങി ഞെരുങ്ങി നിന്നു തിരിയാൻ പോലും സ്ഥലമില്ലാത്ത ആ റൂമിനുള്ളിൽ ഒരുമയുടെ ഉലക്കപ്പുറത്ത് അങ്ങനെ നാലഞ്ചു വർഷങ്ങൾ... 
കോഴ്സ് മുടിച്ചു തിരുമ്പി പോകുമ്പോ റൂം മുറിച്ചു പായ്ക്ക്ചെയ്യാൻ ഒരു ഓപ്ഷൻ ഉണ്ടായിരുന്നെങ്കിൽ അമ്മച്ചിയാണേ പെരുമ്പാവൂർ റൂമിന്റെ നാലു കഷണം ഇന്നു പെരുമ്പാവൂരിൽ തന്നെ ഇരുന്നേനെ

Anju

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot