Slider

ഒടുക്കത്തെ നോമ്പുതുറ (നർമ്മകഥ)

0
ഒടുക്കത്തെ നോമ്പുതുറ (നർമ്മകഥ)
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
നോട്ടുമാറ്റവും അതിനെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയും ഇഫ്താർ മീറ്റുകളെ കാര്യമായി ബാധിച്ചത് എന്നെയൊക്കെ തെല്ലൊന്നുമല്ല നഷ്ടത്തിലാക്കിയത്.
ദിവസം ഓരോന്ന് കിട്ടേണ്ട എനിക്ക് നോമ്പ് അവസാനത്തിലെത്തിയിട്ടും 'മേഡ് ഇൻ ഹൗസ് ' കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
അവസാനം രക്ഷക്കെത്തിയത് എന്നത്തേയും പോലെ ഭാര്യവീട്ടുകാർ തന്നെ.
മറ്റുള്ളവർ അവരുടെ സൗകര്യാർത്ഥം വിഭവങ്ങളൊരുക്കുമ്പോൾ ഭാര്യാ വീട്ടുകാർ നമ്മുടെ താൽപര്യങ്ങൾ കണ്ടറിയുന്നു എന്നതായിരുന്നു ചിലവുണ്ടെങ്കിലും നോമ്പുതുറക്ക് പോകാൻ എന്നെ പ്രേരിപ്പിച്ചിരുന്നത്.
ഭാര്യവീട്ടിലെ ആണുങ്ങൾ എല്ലാം വിദേശത്തായതിനാൽ എന്റെ തീറ്റയുടെ അളവ് അളക്കാൻ ആളില്ലാ എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമായിരുന്നു.
പക്ഷെ ഭാര്യ വീട്ടുകാരുടെ കസ്റ്റഡിയിൽ ഒരു മൊല്ലാക്കയുണ്ടായിരുന്നത് എന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നത് ഭാര്യവീട്ടുകാരെ എങ്ങിനെ ബോദ്ധ്യപ്പെടുത്തും എന്ന കാര്യത്തിൽ കുണ്ഡിതപ്പെട്ടു നിൽക്കുമ്പോഴാണ് മൊല്ലാക്ക കിടപ്പിലായ വിവരം അറിയുന്നത്.
അതോട് കൂടി ഞാൻ ഒന്ന് നെടുവീർപ്പിട്ടു. ഒന്ന് ചീഞ്ഞാൽ മറ്റൊന്നിന് വളമാണ് എന്ന് പറഞ്ഞത് പോലെ നമുക്ക് ഒരു ശല്യം ങ്ങട് ഒഴിഞ്ഞുകിട്ടി.
ഒരു പന്ത്രണ്ട് പൊറോട്ടയും അതിനനുസരിച്ച് ബീഫും ചിക്കനും അകത്താക്കണമെന്ന് മനസ്സിലുറപ്പിച്ച് ഭാര്യവീടിന്റെ പടികയറിയ ഈ 'പുത്യാപ്ള' സിറ്റൗട്ടിലിരിക്കുന്ന പുതിയ അവതാരത്തെകണ്ട് ഞെട്ടി.
മൊല്ലാക്കാക്ക് പകരം മൊല്ലാക്കയുടെ മകൻ ചെറുമൊല്ല.
പടച്ചോനെ .പറ്റിച്ചോ എന്ന ഒരു ഉൾവിളി എന്നിൽ നിന്ന് ഉയരുക സ്വാഭാവികം.
ബാങ്കുവിളി കേട്ട ഉടനെ പാനീയങ്ങളും പലഹാരങ്ങളും അകത്താക്കാൻ തുടങ്ങിയപ്പോൾ എനിക്കൊരു ശങ്ക, പന്ത്രണ്ട് പൊറോട്ട എന്ന ലക്ഷ്യത്തിലെത്താൻ കഴിയുമോ? എന്നതായിരുന്നു ആ ശങ്ക.
അതു കൊണ്ട് തന്നെ മാന്യനാണ് എന്ന് തോന്നിപ്പിക്കുന്ന രൂപത്തിൽ ആക്ര ഒന്ന് കുറച്ചു ഈ വിനീതനായ ഞാൻ.
ആ തക്കം നോക്കി നമ്മുടെ ചെറു മൊല്ല ആഞ്ഞുപിടിച്ചത് എന്റെ ശങ്കയ്ക്കേറ്റ കനത്ത അടിയായിരുന്നു.
ഈ കോലത്തിലാണ് ചെറു മൊല്ലയുടെ തീറ്റയെങ്കിൽ പന്ത്രണ്ട് പൊറോട്ട പോയിട്ട് രണ്ടെണ്ണം പോലും തിന്നാൻ പറ്റുകയില്ലാ എന്ന് ഞാൻ ഉറപ്പിച്ചു.
മാത്രമല്ല പൊറോട്ട കഴിഞ്ഞാൽ ഒരു പക്ഷേ എന്നെത്തന്നെ തിന്നാനും സാദ്ധ്യത കാണുന്നുണ്ട്. അമ്മാതിരി തീറ്റയാ ചെറു മൊല്ല തിന്നുന്നത്.
ചെറു മൊല്ലയുടെ തീറ്റ നോക്കി നിന്ന എനിക്ക് വീണ്ടും അമളി പറ്റി. എന്റെ മുന്നിലിരിക്കുന്ന പാത്രത്തിൽ ഒരു പൊടി പോലുമില്ല കണ്ടു പിടിക്കാൻ.
വിശപ്പും ദാഹവും ഒരു ഭാഗത്തും മാന്യത മറുഭാഗത്തും നിന്നപ്പോൾ ഞാൻ പൊറോട്ടയെന്ന അഭിലാഷത്തെ ഏതാനും നിമിഷങ്ങൾക്കകം വാരിപ്പുണരാമെന്ന പ്രതീക്ഷയിൽ മഗ്രിബ് നമസ്കാരത്തിനായി എണീറ്റു പള്ളിയിലേക്ക് നടന്നു.
ചെറു മൊല്ല എണീറ്റ് ഒരു പ്രാർത്ഥനയൊക്കെ നടത്തിസലാം പറഞ്ഞു പിരിഞ്ഞു.ചെറു മൊല്ലയുടെ നോമ്പുതുറ ആ ആക്രാന്തത്തോട് കൂടി തീർന്നിരിക്കുന്നു. പാവത്തിനെ വെറുതെ തെറ്റിദ്ധരിച്ചു. അടുത്ത ഭക്ഷണം പത്ത് മണിക്ക് ശേഷമാണത്രെ.
പന്ത്രണ്ട് പൊറോട്ട ഒറ്റയടിക്ക് അകത്താക്കാമല്ലൊ എന്ന അതിയായ ആർത്തിയോട് കൂടി പള്ളിയിൽ നിന്ന് തിരിച്ചെത്തിയ ഞാൻ കണ്ടത് മുറ്റത്തൊരു ചെറിയ ആൾക്കൂട്ടം.
അമ്മായി ഉമ്മാനെയുണ്ട് എല്ലാരും കൂടി താങ്ങിപ്പിടിച്ചു ഓട്ടോ യിൽ കയറ്റുന്നു.അമ്മായിമ്മ തല കറങ്ങി വീണത്രെ. ബോധം പോയ മട്ടാ.
രംഗം പന്തിയല്ലാ എന്ന് വേഗം മനസ്സിലായെങ്കിലും, "നോമ്പിന്റെ ക്ഷീണമായിരിക്കും. കുറച്ച് കഴിഞ്ഞാൽ ശരിയായിക്കോളും" എന്ന് ഞാൻ പറഞ്ഞെങ്കിലും ഉദ്ദേശ്യം മനസ്സിലാക്കിയ ഭാര്യ തുറിച്ചൊന്നു നോക്കി.
അതോടെ ആശ്വസിപ്പിക്കൽ ഉദ്യമത്തിൽ നിന്ന് എനിക്ക് പിന്തിരിയേണ്ടിവന്നു.എങ്കിലും പന്ത്രണ്ട് പൊറോട്ട എന്റെ വായിൽ ഒരു കപ്പൽ തടാകം തന്നെ സൃഷ്ടിക്കുന്നുണ്ടായിരുന്നു. അമ്മായിമ്മാനെ കയറ്റിയ വണ്ടിയിൽ ഞാൻ ഒരു ചാടിക്കയറൽ യജ്ഞം നടത്തിയെങ്കിലും സ്ഥലമില്ലാത്തതിനാൽ പിന്തിരിയേണ്ടിവന്നു.സത്യത്തിൽ എന്റെ ആഗ്രഹവും അതു തന്നെയായിരുന്നു.
കാരണം അതു തന്നെ.... പന്ത്രണ്ട് പൊറോട്ട.'....
ബാക്കിയുള്ള വീട്ടുകാരും ഞാനും മൊബൈൽ ഓണാക്കിപ്പിടിച്ച് അമ്മായിമ്മാന്റെ വിവരമറിയാൻ കാതു കൂർപ്പിച്ചു നിന്നു. അപ്പോഴും എന്റെ വായിൽ കപ്പലോടുന്നുണ്ടായിരുന്നു.
പത്ത് പതിനഞ്ച് മിനിറ്റിന് ശേഷം അമ്മായിമ്മാക്ക് കുഴപ്പമൊന്നുമില്ലാ എന്നറിഞ്ഞതോടെ എല്ലാർക്കും ആശ്വാസമായി. പെരുന്നാൾ മാസം കണ്ട സന്തോഷത്തിൽ ഞാനും.
എല്ലാവരും മുറ്റത്തിനപ്പുറത്തെ റോഡിൽ നിന്നും അടുക്കള ഭാഗത്തേക്ക് സന്തോഷ പ്രകടനം ആരംഭിച്ചു. എന്റെ വായിലെ തടാകത്തിൽ തിരകൾ അടിക്കുന്ന ശബ്ദം മറ്റുള്ളവർ കേൾക്കാതിരിക്കാൻ ഞാൻ ഏറ്റവും പിറകിലായിരുന്നു നടന്നിരുന്നത്.
സംഘം അടുക്കളയിലെത്തിയതോടെ ആകെ ഒച്ചപ്പാടും ബഹളവും. അമ്മായിമ്മ വീണ സമയം ആകെ വെപ്രാളപ്പെട്ട് എല്ലാവരും കൂടി അടുക്കള പോലും അടയ്ക്കാതെ പുറത്തേക്കോടിയതാ..
തുറന്നിട്ട വാതിലിലൂടെ മാംസത്തിന്റെ മണം പിടിച്ച് അകത്ത് കയറിയ നായ്ക്കൾ അടുക്കള ആ കെ യുദ്ധഭൂമിയാക്കിയിരിക്കുന്നു.
അത് കണ്ട് കപ്പലോട്ടാൻ വെള്ളമുണ്ടായിരുന്ന എന്റെ വായ വറ്റി വരണ്ട് സഹാറാ മരുഭൂമി പോലെയായി സൂർത്തുക്കളെ.
പിന്നെയെന്താ സംഭവിച്ചതെന്ന് എനിക്കൊന്നും ഓർമ്മയില്ല. കണ്ണ് തുറന്നപ്പോൾ എന്റെ കൈയിലൂടെ ഗ്ളൂക്കോസ് കയറ്റിക്കൊണ്ടിരിക്കുന്നതാണ് കണ്ടത്. തൊട്ടടുത്ത ബഡ്ഡിൽ അമ്മായിമ്മയും കിടക്കുന്നു. അമ്മായിമ്മാനെ കണ്ടതും സങ്കടവും ദേഷ്യവും ഒരുമിച്ചു കയറി എനിക്ക്. എന്റെ പന്ത്രണ്ട് പൊറോട്ട..
ഞാൻ കണ്ണ് തുറന്നു എന്നറിഞ്ഞതും അമ്മായിമ്മാന്റെ ഒരു ഡയലോഗ്.
"ഇന്നാലും അനക്കിന്നോട് ഇത്ര സ്നേഹം ണ്ട്ന്ന് ളളത് ഞാനറിഞ്ഞീല. ഞാൻ മരിച്ചു പോയീന്നറിഞ്ഞാ മക്കൾക്കൊക്കെ തന്തോസം ആവേ ഒള്ളൂ.. ഇന്റെ മോളെ ഒരു ഭാഗ്യേ".
അതോട് കൂടി എന്റെ രണ്ടാമത്തെ ബോധവും പോയി സൂ ർത്തുക്കളെ......
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo