Slider

ലസാഗു ഉസാഗ

0
ലസാഗു ഉസാഗ പഠിക്കാതെ ചെന്നതിനു കൃഷ്‌ണൻ മാഷിന്റെ ചൂരൽ കൈവെള്ളയോട് ചേർന്നമർന്നു ചുംബിച്ചിട്ടുണ്ട്..
എ സ്‌ക്വയർ ഈക്വൽ റ്റു ബി സ്ക്വയർ സ്വപ്നത്തിൽ വന്നു പേടിപ്പിച്ചിട്ടുണ്ട്..
വല്യുപ്പ ജനിച്ചത് പോയിട്ടു വാപ്പയുടെ ബർത്ഡേ പോലും ഓർമ്മിക്കാത്ത ഞാൻ അക്ബർ ചക്രവർത്തി ജനിച്ചതും ഷാജഹാൻ ചക്രവർത്തിയുടെ നൂലുകെട്ടും കാണാതെ പഠിച്ചിട്ടുണ്ട്..
ഫ്രഞ്ച് വിപ്ലവം കാണാതെ പഠിക്കാത്തതിന് വീട്ടിലൊരു വിപ്ലവം നടന്നു..
ചെമ്മൺ റോഡിലൂടെ മൂന്നു കിലോമീറ്റർ നടന്നു സ്‌കൂളിലെത്തിയാണ് തുഗ്ലക്കിന്റെ ഭരണ പരിഷ്കാരങ്ങൾ വായിച്ചതു..
അയല്പക്കത്തു റെസിയാത്തയുടെ മൈലാഞ്ചിക്കല്യാണം നടക്കുമ്പോൾ ഞാനിരുന്നു സുൽത്താന റസിയയുടെ ഭരണകാലം പഠിക്കയായിരുന്നു..
വാപ്പാന്റെ ബന്ധുക്കളിൽ പലരെയും ഓർമ്മയില്ലെങ്കിലും അലക്‌സാണ്ടർ ചക്രവർത്തിയെയും ഹിറ്റ്ലറെയും എനിക്കു നന്നായറിയാം..
ഗുണിക്കലും ഹരിക്കലും ശിഷ്ടവുമായി ഉറക്കമൊഴിഞ്ഞ രാത്രികളുണ്ടായിട്ടുണ്ട്..
എന്നിട്ടുമിപ്പോൾ കണക്കുകൂട്ടാൻ കാൽക്കുലേറ്ററിനെ ആശ്രയിക്കുമ്പോൾ മനസ്സിലുയരുന്നൊരു ചോദ്യമുണ്ട്..
പഠിക്കേണ്ട പ്രായത്തിൽ മാങ്ങക്കെറിയാൻ പോയാലങ്ങിനിരിക്കും എന്നൊക്കെ പറയുമാരിക്കും ചിലപ്പൊ..
എങ്കിലും ചോദിച്ചുപോവുകാ..
നമുക്കു വേണ്ടതു ഒരിക്കലും അവസാനിക്കാത്ത ചരിത്രത്തിലേക്ക് മുഖംപൂഴ്ത്തുന്ന ഒരു തലമുറയെയാണോ..
നമ്മൾ പഠിക്കേണ്ടതും വിജയിക്കേണ്ടതും അർദ്ധരാത്രി ഒരുപെൺകുട്ടിയെ തനിച്ചു കണ്ടാൽ എങ്ങനെ പെരുമാറാനും ചോരയൊലിപ്പിച്ചു നടുറോഡിൽ വീണുകിടക്കുന്നയാളെ എങ്ങിനെയൊക്കെ സഹായിക്കാമെന്നുമല്ലേ..
ജീവിതത്തിൽ തനിച്ചായിപ്പോയാൽ എല്ലാം കൈവിട്ടുപോയാൽ എങ്ങനെ നേരിടണമെന്നല്ലേ..
പൊതുമുതൽ സംരക്ഷിക്കാനും പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കാനുമല്ലേ..
സ്ത്രീകളോടും കുട്ടികളോടും മാന്യമായി പെരുമാറണമെന്നല്ലേ..
ഇതൊന്നും പഠിക്കാതെ ജീവിതത്തിലൊരിക്കല്പോലും ഉപകാരപ്പെടാത്ത പലതും ഉറക്കമൊഴിഞ്ഞു മനഃപാഠമാക്കി നമ്മളെന്തു നേടിയെന്ന് ചോദിച്ചാൽ എനിക്കറിയില്ല.
കൊല്ലരുത്..
പിന്നീടെപ്പോഴെങ്കിലും നന്നാവുമാരിക്കും.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo