Slider

ഒരു നാൾ

0

ഒരു നാൾ
----------------------
വയലിന്റെ ഓരം ചേർന്ന് കൊത്തി പെറുക്കിയിരുന്ന ഒരു പറ്റം വെള്ള കൊക്കുകൾക്ക് കൃത്യം നടുവിലായ് ഹരി എറിഞ്ഞകല്ല് ചെന്ന് പതിച്ചു.
" ഉം..നല്ല ഉന്നം....." രാഹുലിന്റെ പ്രശംസ.
വളഞ്ഞ കഴുത്ത് നേരെയാക്കി
അവറ്റകൾ ഞങ്ങളെ മൂവരെയും ദേഷ്യത്തിൽ ഒന്ന് നോക്കിയിട്ട് ഒന്നിച്ച് പറന്നുയർന്നു. ആ ചിറകടിയൊച്ചയിൽ ഞങ്ങളുടെ പൊട്ടിച്ചിരിയുംഅലിഞ്ഞു ചേർന്നു.
വിളഞ്ഞ് നിൽക്കുന്ന നെൽക്കതിരുകൾ ഞങ്ങൾ കാണാതിരിക്കാനായി തല കുനിച്ചങ്ങ്നിന്നു കളഞ്ഞു.
പക്ഷെ ...
ഇതിനോടകം ഞങ്ങൾ അത് കണ്ടു കഴിഞ്ഞു.
മൂവരും പരസ്പരം നോക്കി..
പെട്ടെന്ന് അതിനടുത്തെത്തി നെൽ കതിരുകൾ വലിച്ചു ഉതിർത്തെടുത്തു.
രാഹുൽ നെൽമണികൾ വേഗത്തിൽ അടർത്തി നിക്കറിന്റെ കീശയിലാക്കുന്ന തിരക്കിലായിരുന്നു.
വീട്ടിൽ കൊണ്ട് പോയി ചോറ് വെക്കാം എന്ന ചിന്തയിലാണെന്ന് തോന്നുന്നു ആ പ്രവൃത്തി.
അപ്പോഴാണ് വലിയചിറകുള്ള ഒരു പൂമ്പാറ്റ കണ്ണിൽ പെട്ടത് .മൂവരും അതിന്റെ പിന്നാലെ പാഞ്ഞു.
അത് നിറഞ്ഞുനിൽക്കുന്ന വയൽക്കാടുകളിലേക്ക് വർണ്ണച്ചിറകുകൾ വിരിച്ച് പറന്നു കൊണ്ടിരുന്നു.
വിട്ടുകൊടുക്കാതെ ഞങ്ങളും പിന്നാലെ തന്നെ.
ദേഹം മുഴുവനുംചെളിയിൽ മുങ്ങിയിട്ടും പിൻമാറാൻ തയ്യാറാവാതെ ഞങ്ങൾ കലപ്പ വയ്ക്കാത്ത കാളകളായി മാറി.
ഏറെ നേരത്തെ പ്രയത്നത്തിന് ഒടുവിൽ ആ വലിയ ചിറകുള്ള പൂമ്പാറ്റ രാഹുലിന്റെ കൈക്കുള്ളിലായി....
ചേർന്ന് നിന്ന് കൈ തുറന്നു..
പൂമ്പാറ്റയുടെ ഒരു ചിറക് മാത്രം രാഹുലിന്റെ കൈ വെള്ളയിൽ തിളങ്ങുന്ന പൊടിയായി അവശേഷിച്ചു.
"ആരാടാ അവിടെ....???"
പെട്ടെന്നാണ് ആ ശബ്ദം കേട്ടത്.
അകലെ നിന്നാരോ അലറുന്നു..
സത്യൻ ചേട്ടനാണ്..
കയ്യിൽ കിട്ടിയിൽ നല്ല പെട കിട്ടും.
" തോമസ് കുട്ടി വിട്ടോടാ..."
ഹരി ഉറക്കെ വിളിച്ചു പറഞ്ഞു.
ജീവനും കയ്യിൽ പിടിച്ച്കൊണ്ട് ഓടി.. ഊർന്ന് വീണ നിക്കറും ഒരുകയ്യിൽ താങ്ങിപ്പിടിച്ച് കൊണ്ട് ഓടി.സത്യൻ ചേട്ടന്റെ കണ്ണ് എത്താത്ത ദൂരം കഴിഞ്ഞു.
കിതപ്പ് അകറ്റി..
നോക്കുമ്പോൾ മുന്നിൽ സീതത്തോട്..
മൂവരും ഒന്നു ചിരിച്ചു..
തോട്ടിലേയ്ക്ക്ചാഞ്ഞു കിടന്നിരുന്ന ആൽമരത്തിൽ തത്തിപിടിച്ച് കയറി.
അവിടെ നിന്നും തോട്ടിലേയ്ക്ക് തല കീഴായിചാടി. അന്തരീക്ഷത്തിൽ ഒരു മലക്കം മറിഞ്ഞ് തോട്ടിലെ തെളിഞ്ഞ വെള്ളത്തിലേയ്ക്ക് പതിച്ചു.
ഹരിയുടെ ചാട്ടം കാണാൻ നല്ല രസമായിരുന്നു.
വട്ടം കറങ്ങി തോട്ടിലേയ്ക്ക് ....ഡോൾഫിൻ വീഴും പോലെ വെള്ളത്തിലേയ്ക്ക് ഊളിയിടും..
നീന്തലും ,ചാട്ടവും എല്ലാം നടന്നുകൊണ്ടിരുന്നു.
ചെറിയ ഒഴുക്കുള്ള ആറ് കലങ്ങി മറിഞ്ഞു. ആറിന്റെ അടിഭാഗം മുകളിലായപോലെ.
നീന്തി നീന്തി തിമിർത്തു..
മുങ്ങാംകുഴിയിട്ട് അർമാദിച്ചു...
പതിയെഎല്ലാവരും തളർന്നു. കരയ്ക്ക് കയറി..
അവിടെ നിന്നു തന്നെ ഉടുത്തിരുന്ന നിക്കറുകൊണ്ട് തലതുവർത്തി.
നൂൽബന്ധമില്ലാതെ നിൽക്കുന്ന ഞങ്ങളെ കണ്ട് കുളക്കോഴികൾ നാണിച്ച് തല താഴ്ത്തി.
കാടിറങ്ങി വന്ന ഈറൻ കാറ്റിൽ ഞങ്ങൾ വിറച്ചു.
അപ്പോഴാണ് രാഹുൽ കാട്ടുചേമ്പുകൾ കൂട്ടമായ് നിൽക്കുന്നതിലേയ്ക്ക് മൂത്രമൊഴിക്കുന്നത് കണ്ടത്..ഞങ്ങളും കൂടി
ഒന്നായ് നിന്നങ്ങ് തകർത്തു.
പുൽത്തുമ്പുകളിൽ പതുങ്ങിയിരുന്ന പ്രാണികളും ശലഭങ്ങളും ചൂടേറ്റ് പറന്നുയർന്നു ... ചേമ്പിലയിലൂടെ സ്വർണ്ണ തുള്ളികൾ നോവാതെ താഴെയ്ക്ക് പതിക്കുന്നത് കണ്ടു
ഇത് നടന്ന് കൊണ്ടിരിക്കെ പിന്നിലൂടെ അടുത്ത് കൊണ്ടിരുന്ന ആപത്ത് ഞങ്ങൾ അറിഞ്ഞില്ല.
ചന്തിക്ക് അതിശക്തമായ പ്രഹരമേറ്റ് ശിരസ്സിനുള്ളിൽ മിന്നൽ പിണരുകൾ തെളിഞ്ഞു ഞെട്ടിത്തെറിച്ചു...
കണ്ണ് തുറന്നു.
ചൂട് കൊണ്ട് തല മാത്രം മൂടിയിരുന്ന തുവർത്ത് പതിയെ മാറ്റി.
തല പുറത്ത് ഇട്ട് നോക്കി.
റൂമിൽ ആകെ ബഹളം.. പ്രകാശപൂരം.
റൂമിലുള്ളഎല്ലാവരും കൂടി നിൽക്കുന്നു..
" @...... മോനെ...! നിന്നോട് എത്ര പ്രാവിശ്യം പറഞ്ഞിട്ടുണ്ട് കിടന്ന് മുള്ളരുതെന്ന്..."
ഡബിൾ ഡക്കർ കട്ടിലിനു താഴെ കിടക്കുന്ന
മമ്മാലിയിക്കാ കയ്യിൽ മുട്ടൻ വടിയുമായി നനഞ്ഞ് കുളിച്ച് നിന്ന് അലറുന്നു..
"എന്ത് പണിയാടാ ഈ കാണിച്ചെ...??"
അടുത്ത കട്ടിലിലെ സാനു വളരെ ദയനീയമായി എന്നെ നോക്കി. അവനും നനഞ്ഞിട്ടുണ്ട്..
ഇതൊന്നും ശ്രദ്ധിക്കാതെ Ac അപ്പോഴും മുരണ്ടു കൊണ്ടിരുന്നു...
ശുഭം..
[NB...!
ആ മൂന്ന് പേരിൽ പേരില്ലാത്തവൻ ഞാനാണ് എന്ന് നിങ്ങൾക്ക് തോന്നാം .സ്വാഭാവികം.
പക്ഷെ ഞാനല്ല കേട്ടോ ...]
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo