Showing posts with label RanilRamakrishnan. Show all posts
Showing posts with label RanilRamakrishnan. Show all posts

പെൺകുഞ്ഞ്

Image may contain: 1 person, sunglasses and closeup


°°°°°°°°°°°°°°°°
എന്റെ ഇടത് കയ്യിൽ തലവെച്ച് കൊണ്ട് അവൾ എന്നെയൊന്ന് ദയനീയമായി നോക്കി ആ കണ്ണുകളിൽ വല്ലാത്തൊരു സങ്കടം വന്ന് നിറയുന്നത് ഞാൻ കണ്ടു
നമുക്ക് പെൺകുട്ടി മതി...എന്റെ കവിളിൽ തലോടി എന്നിലേക്ക്‌ ചേർന്ന് കിടന്നുകൊണ്ടാണ് അവൾ അത് പറഞ്ഞത്...എന്റെ ഇടനെഞ്ചിലൂടെ ചൂടിറങ്ങിയപ്പോളാണ് അവൾ കരയുകയാണെന്ന് മനസ്സിലായത്
സാരമില്ല മോളെ...ഞാൻ ആ സമയത്തെ ഒരു വിഷമം കൊണ്ട് പറഞ്ഞതല്ലേ...നമ്മുടെ കുഞ് ഈ വയറ്റിൽ പിറന്നിട്ട് മൂന്ന് മാസമായില്ലേ...
അവളുടെ വീർത്ത് വരുന്ന വയറിൽ ഒന്ന് ഞാൻ തലോടി...ദൈവം തരുന്നതെന്തായാലും നമ്മൾ പൊന്നുപോലെ നോക്കും ആരോഗ്യമുള്ള ഒരു കുഞ് അതും മോളെപ്പോലെ ഒരു കുഞ്ഞു സുന്ദരി കുഞ്ഞു നമുക്ക് കിട്ടണേ എന്നു തന്നെ പ്രാർഥിക്കാം...മ്മ്...ഏട്ടൻ നേരത്തെ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ ഞാൻ ആകെ വല്ലാണ്ടായി...
അത് പിന്നെ മോളെ...രാത്രി കണ്ട ആ ന്യൂസ്‌ മനസ്സിനെ അത്രയ്ക്കങ്ങു വിഷമിപ്പിച്ചു അഞ്ചു വയസായെ കുട്ടികളിൽ പോലും കാമം തീർക്കുന്നവർ നമുക്കിടയിലും ഉണ്ടാവും അതൊക്കെ ആലോചിച്ചത് കൊണ്ടാണ് ഞാൻ ആ സമയത്ത് അങ്ങനെയൊക്കെ പറഞ്ഞത്...ആണ്കുട്ടിയാണേൽ ഒന്നും പേടിക്കണ്ടല്ലോ...ഞാൻ അവൾക്ക് നേരെ തിരിഞ്ഞു കിടന്ന് അവളെയൊന്ന് വരിഞ്ഞുമുറുക്കി...ശരിയാ ഏട്ടാ...ആൺകുട്ടികളാണേൽ പേടിക്കേണ്ട...പക്ഷെ ഏട്ടനറിയാലോ നാല് പെണ്മക്കളെ എന്റെ അച്ഛൻ എങ്ങനെയാ വളർത്തിയതെന്ന്‌...ഏത് പ്രതിസന്ധിയെയും തന്റേടത്തോടെ നേരിടാൻ ഞങ്ങളെ പഠിപ്പിച്ച അച്ഛൻ തന്നെയാണ് ഇപ്പോളും ഞങ്ങൾക്ക് ഹീറോ...അതുപോലെ തന്നെ എന്റെ ഏട്ടനും നമ്മുടെ മകൾക്ക് ഹീറോ ആകണം...അച്ഛന്റെ വിരൽ തുമ്പിൽ തൂങ്ങിയ അവളുടെ നടത്തത്തിലെ ഗമയെനിക്കൊന്ന് കാണണം ഞാനൊന്ന് ദേഷ്യപ്പെടുമ്പോൾ വിതുമ്പി അച്ഛന്റെ മടിയിലേക്ക് ഓടി ചെന്ന് കെട്ടിപ്പിടിച്ചുകൊണ്ട് അവൾ അമ്മയെ കുറ്റം പറയണം ... ഒടുവിൽ അച്ഛനോടുള്ള കൊഞ്ചലും കിണുങ്ങലും കണ്ട് എനിക്ക് കുശുമ്പ് വരണം അങ്ങനെ അങ്ങനെ എന്റെ മകളിലൂടെ എനിക്ക് എന്റെ കുട്ടിക്കാലം വീണ്ടും അനുഭവിക്കണം...അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നുകൊണ്ട് നെഞ്ചിലെ രോമങ്ങളിലൂടെ വിരലുകളോടിച്ചുകൊണ്ടിരുന്നു...
ശരിയാണ്...എനിക്കുമുണ്ടല്ലോ ഒരു പെങ്ങൾ അവൾ പെണ്കുട്ടിയല്ലേ...അവളെ കാക്കക്കും പൂച്ചക്കും കൊടുക്കാതെ എത്രയോ സംരക്ഷിച്ചു നടന്നു ഞാൻ...കെട്ടിച്ചയച്ചപ്പോൾ നെഞ്ച് നീറി പിടഞ്ഞെങ്കിലും ഭദ്രമായ കൈകളിൽ തന്നെ എത്തിയില്ലേ അവളും
അതേ... നമുക്ക് മകൾ മതി അവളെ നമുക്ക് പൊന്നു പോലെ വളർത്തണം...അവളെ റാഞ്ചാൻ വരുന്ന പരുന്തുകളുടെ ചിറകരിയണം... എന്റെ നെഞ്ചിലെ ചൂടിൽ കിടത്തി സ്നേഹം പകർന്ന് വളർത്തണം...അതേ...നമുക്ക് പെൺകുട്ടി മതി...അവൾ തന്ന ആ ധൈര്യമാണ് എന്നിലെ അച്ഛനെ ഉണർത്തിയത്...
ലേബർ റൂമിലേക്ക്‌ കയറുമ്പോൾ എന്റെ കൈ പിടിച്ച് അവൾ പറഞ്ഞു ഏട്ടൻ പ്രാർത്ഥിക്കണം...അവളുടെ കവിളിൽ മുത്തം കൊടുത്ത് ലേബർ റൂമിലേക്ക്‌ യാത്രയാക്കി...മണിക്കൂറുകളുടെ...അസ്വസ്ഥതകൾക്കു അവസാനം പുറത്തേക്ക് വന്ന നഴ്‌സിന്റെ കയ്യിൽ നിന്നും കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ലേബർ റൂമിന്റെ വാതിൽ പഴുത്തിലൂട പാതി മയക്കത്തിൽ കിടക്കുന്ന അവളെ നോക്കി ഞാൻ ചുണ്ടനക്കി...its a baby girl...
Ranil Ramakrishnan

ദൃശ്യങ്ങൾ

Image may contain: 1 person

കേരളത്തിലെ വിജനമായ തെരുവുകളിൽ രാത്രികളിൽ നമ്മുടെ വീക്ഷണ കോണുകൾക്ക്‌ അല്പം വ്യതിയാനം വരുത്തിയാൽ കാണാൻ കഴിയുന്ന ചില ദൃശ്യങ്ങൾ ഉണ്ട് അല്പം ലോ ആംഗിളിലേക്ക് ക്യാമറ ചരിക്കേണ്ടി വരും അതൊക്കെ കാണാൻ...അങ്ങിങ്ങായി കടതിണ്ണകളിലും വെയ്റ്റിംഗ് ഷെഡുകളിലും...എന്തിന് റോഡിൽ പോലും കിടന്നുറങ്ങുന്ന ചില കുടുംബങ്ങൾ...അറുപതു കഴിഞ്ഞവർ മുതൽ ഇന്നലെ പെറ്റിട്ടതു വരെയുള്ളവർ...സ്വകാര്യത കുറവാണെന്ന് കരുതി നാല് പേർക്ക് താമസിക്കാൻ ഉണ്ടായിരുന്ന രണ്ട് മുറി വീട്ടിൽ നിന്നും നാല് മുറികളിലേക്ക് ചേക്കേറിയവരും അതിനായി ചിന്തിക്കുന്നവരും സ്ഥായിയായ ആ ക്യാമറയുടെ ആംഗിൾ ഒന്ന് മാറ്റി ഇവിടെ വരെ ഒന്ന് വന്ന് ഹൃദയത്തിലേക്ക് ഒപ്പിയെടുക്കണം ചില നേർ കാഴ്ചകൾ...
രക്തവും, മജ്ജയും, മാംസവും, ഉള്ളവർ തന്നെയാണ് അവർ ജനിക്കുമ്പോൾ തന്നെ തെരുവിലേക്ക് എടുത്തെറിയപ്പെട്ടവർ മുതൽ ഉറ്റവർ വലിച്ചെറിഞ്ഞവർ വരെയുണ്ട്...കോടാനുകോടി രൂപകൊണ്ട് അമ്മാനമാടുന്ന കോർപ്പറേറ്റ് തൈക്കൂണുകൾ ഉള്ള നാട്ടിൽ ഒരു നേരത്തെ അന്നത്തിനും, തലചായ്ക്കാൻ ഒരിടത്തിനുമായി പിടിവലി കൂടുകയാണ് ഇവർ...മാറി മാറി ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികളിലെ അധികാരികളുടെയെല്ലാം കാഴ്ചകൾക്കപ്പുറമാണിവർ...ഒരു തിരിച്ചറിയൽ കാർഡോ റേഷൻ കാർഡോ ഇല്ല എന്നത് തന്നെ സാധാരക്കാരിൽ ഉൾപ്പെടുത്താൻ കഴിയാത്തവർ...പച്ചക്ക് പറഞ്ഞാൽ മൂന്നാം കിട ജന്മങ്ങൾ...
മീ ടൂ കാമ്പയിനും, സ്ത്രീ സമത്വവുമായി നടക്കുന്ന കൊച്ചമ്മമാർ കാണണം ചില സ്ത്രീ ജന്മങ്ങളെ...മുല മറക്കാൻ ഒരു തുണി പോലും ഇല്ലാതെ ചുരത്താൻ മടിച്ചു നിൽക്കുന്ന മുലക്കണ്ണുകളും അതിനു താഴെ തൊണ്ട വരണ്ടലറുമ്പോൾ ആകെയുള്ള കണ്ണുനീർ പോലും വറ്റിയാൽ മൃതിയടഞ്ഞേക്കാവുന്ന കുഞ്ഞു ശരീരങ്ങളും...അമ്മ കരുതി വെച്ച ഭക്ഷണം രുചി പോരാഞ്ഞു മാളിലെ പിസ ഷോപ്പിൽ നിന്നും കഴിച്ചു വരുമ്പോൾ പുറത്ത് റോഡരുകിൽ ഇരുന്ന് വറ്റുകൾ ഓരോന്നായി എണ്ണി പകുത്തെടുക്കുന്ന ഒട്ടിയ വയറുകൾ കാണണമെങ്കിൽ...ലോ ആംഗിളിൽ നിങ്ങൾ നോക്കണമെന്ന് മാത്രം
പോപ്‌കോണും ചിപ്സും ചവച്ച് സോഷ്യൽ മീഡിയയിൽ ജാതിയും മതവും പറഞ്ഞ് തമ്മിൽ തുപ്പുന്ന അഭിനവ കേരളത്തിലെ രക്തത്തിളപ്പുകളെ നിങ്ങൾ കാണുന്നുണ്ടോ വഴിയിൽ രക്തമൊലിച്ച് കിടക്കുന്ന തെരുവിന്റെ മക്കളെ?
അവരും മനുക്ഷ്യരാണ്...അവരിലും ജീവനുണ്ട്...അവരുടെ പട്ടിണി മാറ്റാൻ അവർക്കൊരു കൂര വെച്ച് കൊടുക്കാൻ ഏത് ഭരണകൂടമാണ് ഇനി വരിക...സമൂഹമേ...
നിങ്ങൾ സോഷ്യൽ മീഡിയ വഴി നടത്തുന്ന സമരങ്ങളല്ല നാടിന് വേണ്ടത്...സത്യത്തിനും, സമത്വത്തിനും, സമാധാനത്തിനുമായി നിങ്ങൾ തെരുവിലേക്ക് ഇറങ്ങണം...അതിന് മുൻപ് നിങ്ങൾ നിങ്ങളുടെ വീക്ഷണകോണുകൾ ലോ ആംഗിളിലേക്ക് മാറ്റണം.
Ranil Ramakrishnan

തിരുത്ത്

Image may contain: 1 person, eyeglasses, hat and closeup

°°°°°°°°°°
അമൃത വന്ന് വിഷമം പറഞ്ഞത് കേട്ടപ്പോൾ രാഹുലിന് ഞെട്ടലാണുണ്ടായത് അവളെക്കാൾ നാല് വയസ്സിന് ഇളയവൻ പ്ലസ്ടുവിന് പഠിക്കുന്ന സ്വന്തം ആങ്ങള... ഇങ്ങനെയൊക്കെ അവളോട്‌ പെരുമാറുന്നത് കേട്ടപ്പോൾ വല്ലാതെ വിഷമവും സങ്കടവും വന്നു...
എടാ എന്തെങ്കിലും ചെയ്യണം...കിണറും വക്കിലിരുന്ന് രാഹുൽ പറഞ്ഞു...
നീയൊന്ന് തെളിച്ച് പറയ് ആദ്യം...നിന്റെ പേരും പറഞ്ഞു അവളെ അവൻ ഉപദ്രവിക്കുന്നുണ്ടോ? ജിത്തിന്റെ ചോദ്യത്തിന് രാഹുലിന്റെ കണ്ണിലൂടെ ഒഴുകിയ തുള്ളികൾ കണ്ടപ്പോൾ കാര്യം ഗൗരവമുള്ളതാണെന്നെനിക്ക് മനസ്സിലായി... എടാ ജിത്തേ നീയൊന്നിവടെ ഇരിക്ക് ഞങ്ങളിപ്പോ വരാം ഞാൻ രാഹുലിനെയും കൂട്ടി പഞ്ചായത്ത് ഗ്രൗണ്ടിലെ പടവുകൾ കെട്ടിയ കുളത്തിലേക്ക് പോയി ഞാനൊരു സിഗേരറ്റ് എടുത്ത് കൊളുത്തി ഒരു പുകയെടുത്തുകൊണ്ട് പറഞ്ഞു എടാ നീ വിഷമിക്കണ്ട എന്നോട് പറയ് എന്താ ഉണ്ടായത്?
എടാ...അവളുടെ ആങ്ങളയുണ്ടല്ലോ...
ആര്?? കണ്ണനോ??? ആഹ് അവൻ... അവളെ രാത്രിയിൽ ഓരോന്നും ചെയ്യുന്നെടാ...ഇത് പറഞ്ഞുകൊണ്ട് അവൻ തേങ്ങാൻ തുടങ്ങി... എന്ത്‌ ചെയ്യുന്നൂന്നാ നീ പറയണേ... അതേടാ
ആദ്യം ഇത് അവളുടെ സംശയം മാത്രമായിരുന്നു പക്ഷെ കഴിഞ്ഞയാഴ്ച...അമ്മാവന്റെ മക്കളൊക്കെ വന്നപ്പോൾ അവളും അവളുടെ ചേച്ചിയും കണ്ണനും പിന്നെ അമ്മാവന്റെ മക്കളും കൂടി ഒരുമിച്ചാണ് കിടന്നത്...രാത്രി കഥകളൊക്കെ പറഞ്ഞു കിടന്നപ്പോൾ വൈകിപ്പോയി... അവളുടെ മാറിലൂടെ എന്തോ ഇഴഞ്ഞു നീങ്ങുന്നത് പോലെ തോന്നിയപ്പോൾ കൈകൊണ്ട് തട്ടി മാറ്റി...എന്താണെന്ന് മനസ്സിലായില്ല ആരെയും വിളിച്ചുണർത്തനും തോന്നിയില്ല എല്ലാവരും വൈകിയല്ലേ കിടന്നത് പായയുടെ അപ്പുറത്ത് കിടക്കുന്ന കണ്ണനെ നോക്കിയപ്പോൾ അവൻ നല്ല ഉറക്കമാണ്...കണ്ണുകളടച് അവൾ വീണ്ടും കിടന്നു കുറച്ച് സമയം കഴിഞ്ഞപ്പോൾ അവളുടെ കാലുകളിലൂടെ എന്തോ ഇഴയുന്നത് പോലെ...അവൾ കണ്ണടച്ച് എന്താണെന്നറിയാൻ കാത്ത് നിന്നു...അത് മുകളിലേക്ക് ഇഴയുന്ന പോലെ തോന്നിയപ്പോൾ വേഗം അവൾ കൈ കൊണ്ട് അതിനെ പിടിച്ചു നിർത്തി... എണീറ്റ്‌ നോക്കിയപ്പോൾ കണ്ണന്റെ കൈയായിരുന്നു അത് അവൾക്ക് വിശ്വസിക്കാനായില്ല...
അവളെ അവൻ ലൈംഗികമായി ഉപയോഗിക്കാൻ തുടങ്ങിയെടാ...ദൈവമേ എന്ത്‌ ചെറ്റയാട അവൻ ഞാൻ ഒന്ന് പല്ല് ഞെരിച്ചു...മ്മ്...അവൾക്കിപ്പോൾ സ്വന്തം വീട്ടിൽ കിടക്കുന്നത് തന്നെ ഇഷ്ടമല്ലാണ്ടായി...അവളിത് അച്ഛനോടും അമ്മയോടും പറഞ്ഞില്ലേ...ഇല്ലെടാ അവനിത് കുറച്ചു ദിവസമായി തുടങ്ങീട്ടെന്ന അവൾ പറഞ്ഞത് ഈയിടെയായി അവന്റെ കൂട്ടുകെട്ടുകൾ മോശമാണ് അവൻ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയം പറഞ്ഞിരുന്നു..ഇതിനെ അവൾ എതിർക്കുമ്പോളൊക്കെ ഞങ്ങളുടെ പ്രണയത്തിന്റെ കാര്യങ്ങളൊക്കെ വീട്ടിൽ പറയും എന്ന് അവൻ അവളെ ഭീഷണി പെടുത്തിയിരിക്കുവാ ഇന്നാണ് അവളിത് എന്നോട് പറഞ്ഞത്...ഇവനെന്താടാ ഇങ്ങനെ??? നീ വിഷമിക്കണ്ട ഇവനുള്ള പണി നമുക്ക് വേറെ ഉണ്ട് നീ വാടാ...ഞാൻ രാഹുലിനെ വിളിച്ച് എഴുന്നേൽപ്പിച്ച് വീണ്ടും കിണറിന്റെ അടുത്തേക്ക് പോയി കിണറ്റിൽ നിന്നും ഒരു ബക്കറ്റ് വെള്ളം കോരിയെടുത്ത് ലൂണാർ ചെരുപ്പിലെ അഴുക്ക് ചവുട്ടി വൃത്തിയാക്കുകയായിരുന്ന ജിത്ത് തലയൊന്ന് പൊക്കി ചോദിച്ചു ഓഹ് കഴിഞ്ഞോ കുമ്പസാരം...നിനക്കൊന്നും എന്നോട് പറയാൻ പറ്റില്ല അല്ലെ മ്മ്മ്...ടാ ജിത്തേ... മിണ്ടാതിരിക്കെടാ ഞാൻ അല്പം സ്വരം മാറ്റി പറഞ്ഞു...മ്മ്...
സമയം ആറു മണിയായി...രാത്രി ഏകാദശി വിളക്ക് കാണാൻ ഞങ്ങൾ മൂന്ന് പേരും പ്ലാൻ ചെയ്തിരുന്നതാണ് എടാ എല്ലാരും വീട്ടിൽ പോയി ഡ്രസ്സ്‌ ഒക്കെ മാറി വാ...നമുക്ക് വിളക്കിനു പോകാം പിന്നെ ഇന്ന് രണ്ടെണ്ണം നമ്മൾ അടിക്കും...എല്ലാ പരിപാടികൾക്ക് പോകുമ്പോളും കള്ളുകുടിക്ക് വിലക്കിട്ടിരുന്ന ഞാൻ അങ്ങനെ പറഞ്ഞപ്പോൾ ജിത്തിന്‌ സന്തോഷമായി... ഞങ്ങൾ ആറര ആയപ്പൊളേക്കും അടുത്തുള്ള അമ്പലത്തിന്റെ ആൽത്തറയിൽ എത്തി ഒരുമിച്ച് യാത്ര തിരിച്ചു...പോകുന്ന വഴിയിൽ പാർട്ടി ഓഫീസ് എത്തിയപ്പോൾ അവരോട് പുറത്ത് നിൽക്കാൻ പറഞ്ഞുകൊണ്ട് ഞാൻ അകത്ത് ചെന്ന് ലോക്കൽ സെക്രട്ടറിയെ കണ്ട് ചിലതൊക്കെ സംസാരിച്ച് പുറത്തിറങ്ങി അങ്ങനെ ഞങ്ങൾ ഏകാദശി വിളക്ക് നടക്കുന്നിടത്ത് എത്തി...അവിടെ സെന്ററിലെ ബാറീൽ കയറി മൂന്ന് പേർക്കും കൂടി ഒരു ഫുൾ ബോട്ടിൽ പറഞ്ഞു ഈരണ്ട് പെഗ്ഗ് കഴിഞ്ഞപ്പോളേക്കും ഞാനും രാഹുലും ഏതാണ്ടായി പക്ഷെ ജിത്ത് പിന്നേം അടിച്ചുകൊണ്ടേ ഇരുന്നു ഇതിനിടയിൽ എനിക്കൊരു ഫോൺ വന്നു...ആഹ് ഞാൻ ഇപ്പൊ വരാം അമ്പലത്തിന്റെ ഉള്ളിൽ നിന്നും ഇറങ്ങിയിട്ടില്ലല്ലോ...ആഹ് ശരി ഞാൻ ഇപ്പോൾ എത്താം... ആരാടാ...ജിത്തു നാവ് കുഴഞ്ഞുകൊണ്ട് ചോദിച്ചു...വേഗം വാ രണ്ടാളും ചെറിയ പണിയുണ്ട്...ആഹ്...ഞങ്ങൾ അമ്പലവും ലക്ഷ്യമാക്കി നടന്നു അമ്പലത്തിന്റെ നടയിലെത്തിയപ്പോളേക്കും ദേ നിക്കുന്നു തേടിയ ആ വള്ളി...വേഗം രാഹുലിനോട് മാറി നിൽക്കാൻ പറഞ്ഞു അവനെ ഇതിൽ പെടുത്തേണ്ട നാളെയെങ്ങാനും അവന്റെ പെങ്ങളെ രാഹുൽ കെട്ടുകയാണെങ്കിൽ ഭാവിയിലെ അളിയൻ അളിയൻ ബന്ധം പോവരുതല്ലോ...എടാ നിങ്ങളെന്ത് കാണിക്കാൻ പോവാ രാഹുലിന് പേടി കയറി...നീ പുറത്തിരുന്ന് കളി കണ്ടാൽ മതി...വാടാ ജിത്തേ...ജിത്തിന്‌ കാര്യം പൂർണ്ണമായും മനസ്സിലായില്ലെങ്കിലും ചങ്ങാതി ചോതിച്ചാൽ ചങ്കു പറിച്ച് കൊടുത്തെ ശീലമുള്ളൂ...പിന്നെ അവിടെ ഒരു വെടിക്കെട്ടായിരുന്നു നടന്നത്...കാര്യം എന്തെന്നറിയാതെ അടി കിട്ടുമ്പോളും കണ്ണൻ കരഞ്ഞുകൊണ്ട് ചോദിക്കുന്നുണ്ടായിരുന്നു എന്തിനാടാ എന്നെ ഇങ്ങനെ തല്ലുന്നത്? അപ്പോളേക്കും അവന്റെ ചില കൂട്ടുകാരും കൂടി ഞങ്ങൾക്കെതിരെ വന്നു പിന്നെ ഞങ്ങളുടെ കുറച്ച് സഖാക്കൾ കൈകൾ കോർത്ത് ഞങ്ങൾക്ക് ചുറ്റും ഒരു റിങ് ഉണ്ടാക്കി
WWE റിങിൽ റോക്ക് എതിരാളിയെ മലർത്തിയടിക്കുന്ന പോലെ ഞാൻ അവനെ അടിക്കുകയായിരുന്നു...പെട്ടെന്ന് പോലീസ് എത്തി എല്ലാവരെയും ലാത്തി വീശി അടിച്ചോടിച്ചു...ഓട്ടത്തിനിടയിൽ ഞാൻ കണ്ണനോട് പറഞ്ഞു നിനക്ക് മനസ്സിലായില്ല അല്ലെ...ഇത് നിന്റെ പെങ്ങളെ നീ ചെയ്തതിനുള്ള പണിയാണ്...പിന്നെ ഇനിയും ഇതിന്റെ പേരിൽ അവളെ നീ എന്തേലും ചെയ്‌താൽ...അവൾക്ക് ഞങ്ങളും ആങ്ങളമാരാണ്...നിന്നെ വെച്ചേക്കില്ല ഞങ്ങൾ....
രണ്ട് ദിവസമായി കണ്ണനെ ആ പ്രദേശത്ത് കണ്ടിട്ട്...ഞാൻ ജിത്തുവിനെയും കൂട്ടി രാഹുലിന്റെ അടുത്ത് ചെന്നപ്പോളാണ് വിവരങ്ങൾ അറിഞ്ഞത് അവനെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചത് അവന്റെ കൂട്ടുകാരാണെന്നും കഞ്ചാവിന്റെ ലഹരിയിൽ അവന്റെ മനസ്സിലേക്ക് ലൈംഗികതയുടെ സുഖത്തെ പറ്റി പറഞ്ഞ് കൊടുത്ത് അശ്ലീലം നിറഞ്ഞ വീഡിയോ കാണിച്ച് തെറ്റുകൾ ചെയ്യാൻ അവനെ അവർ പ്രേരിപ്പിക്കുകയായിരുന്നു...
അവൻ പിറ്റേന്ന് തന്നെ രാഹുലിനെ വന്ന് കണ്ടിരുന്നെന്നും അന്ന് തന്നെ അമൃതയോടും ചെയ്ത തെറ്റൊക്കെ മനസ്സിലാക്കി മാപ്പ് പറഞ്ഞു വിവരങ്ങളെല്ലാം അച്ഛനോടും അമ്മയോടും പറഞ്ഞ് പാലക്കാട്‌ പതിനാല് ദിവസത്തെ കൗൺസിലിങ്ങിനു കൊണ്ട് പോയിരിക്കുകയാണെന്നും ഞങ്ങൾ അറിഞ്ഞു...
വർഷങ്ങൾക്ക് ശേഷം...
അപ്പോൾ ഡോക്ടറാണോ അന്നത്തെ കണ്ണൻ? കഥയൊക്കെ കേട്ടപ്പോൾ അവൻ ആശ്ചര്യത്തോടെ ചോദിച്ചു...
കറുത്ത ഫ്രെയിമുള്ള കണ്ണട ഊരി അയാൾ അവന്റെ അരികിലെത്തി അതെ ശ്യാം ഞാനായിരുന്നു ആ തെറ്റുകാരൻ...ശ്യാമിനെ പോലെ ആയിരുന്നു ഞാനും എനിക്കും ഉണ്ടായിരുന്നു ഇതുപോലുള്ള വിഷം നിറക്കുന്ന കൂട്ടുകാർ...നമ്മൾ തെറ്റുകൾ ചെയ്യുമ്പോൾ നമ്മെ അതിൽ നിന്നും ഒരു അടി തന്നിട്ടാണെങ്കിലും പിന്തിരിപ്പിക്കുന്നവനായിരിക്കും നമ്മുടെ യഥാർത്ഥ സുഹൃത്ത്...ഇന്ന് ശ്യാമിനെ പോലെയുള്ള ഒരുപാട് കുട്ടികളെ ശരിയായ ജീവിതത്തിലേക്ക്
തിരിച്ച് കൊണ്ട് വരുവാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്...തെറ്റുകൾ ചെയ്യാത്തവർ ആരുമില്ല പക്ഷെ മുതിർന്നവരോ അല്ലെങ്കിൽ നല്ല കൂട്ടുകാരോ തെറ്റാണെന്നു നമ്മോട് പലതവണ പറയുമ്പോൾ അത് മനസ്സിലാക്കാനും തെറ്റ് തിരുത്താനും നമ്മൾക്ക് മാത്രമേ കഴിയുകയുള്ളു...
ശ്യാമിന്റെ കണ്ണിൽ നിന്ന് ഇപ്പോൾ വരുന്ന കണ്ണീരുണ്ടല്ലോ അത് തന്നെയാണ് ഏറ്റവും വലിയ പശ്ചാത്താപവും...നല്ല കുട്ടിയായി ഇവിടെ നിന്നും തുടങ്ങുക നാളെ ശ്യാമിന് ഇതുപോലെ ഒരുപാട് പേരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ കഴിയട്ടെ...കണ്ണുകൾ തുടച്ച് അവനിൽ പ്രതീക്ഷയും ആത്മ വിശ്വാസവും നിറച്ച് യാത്രയാക്കി തിരിഞ്ഞു നടക്കുമ്പോൾ മുറ്റത്ത് മറ്റൊരു കാർ വന്ന് നിന്നു നിഷ്ക്കളങ്കത നിറഞ്ഞ ചിരിയിൽ ഒളിപ്പിച്ച ഇരുൾ വീണ മനസ്സുമായി...ഒരു പതിനാല് വയസ്സുകാരൻ.
ഇവിടെ അമൃതക്കുണ്ടായ പോലെ പ്രശ്നങ്ങളുള്ള ഒരുപാട് കുട്ടികൾ ഉണ്ടാവാം...ഒരു നല്ല സുഹൃത്തിനോടോ രക്ഷിതാക്കളോടോ പറയാൻ കാണിക്കുന്ന ധൈര്യം ചിലപ്പോൾ അവനെ തെറ്റുകളിൽ നിന്നും നല്ല ജീവിതത്തിലേക്ക് കൈ പിടിച്ച് കൊണ്ട് വരാൻ സാധിച്ചേക്കും.
NB: തെറ്റുകൾ ചെയ്യുന്നത് അറിഞ്ഞുകൊണ്ട് ആകണമെന്നില്ല പക്ഷെ തെറ്റുകൾക്കു നേരെ കണ്ണടക്കുമ്പോൾ നമ്മൾ ഒരു കുറ്റവാളിയെ വാർത്തെടുക്കുകയാണ് ചെയ്യുന്നത്...
Ranil Ramakrishnan

സ്വപ്നവും യാഥാർഥ്യവും

Image may contain: 1 person, eyeglasses, hat and closeup
°°°°°°°°°°°°°°°°°°°°°°°°°°°°°
വിവാഹ പ്രായം ഏതാണ്ടൊക്കെ കഴിഞ്ഞു എന്ന് എന്റെ നരച്ച് തുടങ്ങിയ നാല് താടി രോമം നോക്കി ഓഫീസിലെ ഷീജ മാഡം പറഞ്ഞപ്പോ നെഞ്ച് പൊട്ടിപ്പോയെങ്കിലും പതറിയില്ല... മനസ്സിൽ ഇന്ന് തന്നെ ഞാൻ കണ്ടുപിടിക്കും എന്റെ പെണ്ണിനെ എന്ന വാശിയോടെയായിരുന്നു വീട്ടിലെത്തിയത് അഞ്ചാം തവണയും പുതുക്കിയ മാട്രിമോണി സൈറ്റിൽ കയറി ഉറക്കമിളച്ച് വിശദമായി പരതി പത്ത് പതിനഞ്ചു ഇന്ററെസ്റ് അയച്ചതിന്റെ മനസുഖത്തിൽ അന്ന് രാത്രി ഇടനെഞ്ചിൽ കുറുകുന്ന പ്രതീക്ഷയുടെ പ്രാവിൻ കുഞ്ഞിനെ താലോലിച്ച് ഞാൻ ഉറങ്ങാൻ കിടന്നു...കൊട്ടും കുരവയും താലികെട്ടും വലം വെക്കലുമൊക്കെ എന്നും സ്വപ്നം കാണാറുണ്ടെങ്കിലും ഒന്നിനും ഒരു വ്യക്തതയുണ്ടായിരുന്നില്ല അവളുടെ രൂപം പോലും...ഇന്ററെസ്റ് അയച്ച ഏറ്റവും ഇഷ്ടപ്പെട്ട നാലഞ്ചു പേരുടെ മുഖം കൂടിച്ചേർന്ന്‌ അവ്യക്തമായിരുന്നു അവളുടെ രൂപം...ഇന്നെങ്കിലും ഒരു ക്‌ളാരിറ്റി വരുമെന്ന പ്രതീക്ഷയിൽ ഉറക്കമെന്ന സമിതിയുടെ എന്റെ സ്വപ്‌നങ്ങൾ എന്ന നാടകത്തിലേക്ക് ഞാൻ രംഗപ്രവേശം ചെയ്തു.
നേരം വെളുത്തപാടെ മൊബൈൽ എടുത്ത് നോക്കിയപ്പോൾ 'നിമ്മി' സെൻറ് യു ആൻ ഇന്റെരെസ്റ്റ്‌ എന്ന് കണ്ടു ഞാൻ ഞെട്ടി... ങേ ഇതാരാ നിമ്മി ഓപ്പൺ ചെയ്തു പ്രൊഫൈലിൽ അരിച്ചു പെറുക്കി ആഹാ കൊള്ളാല്ലോ സുന്ദരിയാണ് മുംബൈയിൽ ഫാഷൻ ഡിസൈനർ ആയി ജോലി നോക്കുന്നു കുടുംബവും അവിടെത്തന്നെയാണ്...ഒന്നും നോക്കിയില്ല ഹിന്ദിക്കാരുടെ പ്രണയ ദൈവങ്ങളായ ഷാരൂഖ് ഖാനെയും കാജോളിനെയും മനസ്സിൽ ധ്യാനിച്ച്‌ റിക്വസ്റ്റ് അക്‌സെപ്റ്റഡ്...
ഹാവു.. അങ്ങനെ മാട്രിമോണി സൈറ്റ് അഞ്ചു തവണ പുതിക്കിയിട്ടും ഇന്റെരെസ്റ്റ്‌ ഡിക്ലൈൻഡ് എന്ന മെസ്സേജ് മാത്രം വന്നിരുന്ന എനിക്ക് ഇങ്ങോട്ട് ഒരു റിക്വസ്റ്റ് വന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി പോരാത്തേന് അവളോട്‌ എന്തെന്നില്ലാത്ത ഒരു ഇതും...ഏത് അതെന്നെ...
അന്നത്തെ കുളിയും ഒരുക്കവുമെല്ലാം യാന്ത്രികമായിരുന്നു...പതിവിലും നേരത്തെ ഡൈനിങ്ങ് ടേബിളിൽ എത്തിയ എന്നെ കണ്ട് അമ്മ ഞെട്ടി... ങേ ഇവനെന്തോ പറ്റിട്ടുണ്ട് ഞൻ എത്ര വിളിച്ചാലാ ഇവനൊന്നു എണീക്കുന്നത് മൂക്കത്ത് വിരൽവെച്ചു ബോധമില്ലാതെ നിന്ന അമ്മ കരിഞ്ഞ ദോശയുടെ മണം വന്നപ്പോളാണ് ബോധം തിരിച്ചു വന്ന് അടുക്കളയിലേക്കോടിയത്...
ശങ്കരൻ ബ്രോക്കർ ഏതോ ഒരു ആലോചനയുടെ കാര്യം പറഞ്ഞിട്ടുണ്ട് നിന്റെ പെങ്ങളുടെ വീടിനടുത്തുള്ളതാ
ഞാൻ കാർത്യായനി ചേച്ചിയെ (പെങ്ങളുടെ അമ്മായിമ്മ) വിളിച്ചു ചോദിച്ചപ്പോ നല്ല കുട്ടിയാണെന്നു പറഞ്ഞു കുടുംബവും നല്ലതാണ് ഈ ഞായറാഴ്ച വരാൻ പറ്റുമോന്നു ചോദിച്ചിട്ടുണ്ട്...പ്ലസ്ടു കഴിഞ്ഞതാണ് ഇപ്പൊ കുട്ടി തുന്നല്പടിക്കുന്നുണ്ടത്രേ...
ഒരു ജാക്കെറ്റ് തുന്നുന്നതിനൊക്കെ ഇപ്പൊ എന്താ വില...അമ്മ ദോശയും ചട്ണിയും മേശപ്പുറത്തു വിളമ്പുന്നതിനിടയിൽ ഒറ്റ ശ്വാസത്തിൽ പറഞ്ഞു...ഇത് കേട്ടപ്പോ എനിക്ക് ദേഷ്യം വന്നെങ്കിലും പുറത്തെടുത്തില്ല... അമ്മേ ഈ തുന്നാലൊക്കെ കുറച്ചിലാണ് അത് വേണ്ടാന്ന്‌ പറഞ്ഞേക്ക് ശങ്കരൻ ചേട്ടനോട് അല്ലെങ്കിലും അയാള് കൊണ്ട് വരുന്നതൊക്കെ ഒരു മാതിരി ഇങ്ങനെയുള്ള ആലോചനകളാണ്...ഓഹ് ഇപ്പൊ അങ്ങനെ ആയോ കഴിഞ്ഞ ആഴ്ച നീ കാണാൻ പോയത് ഒരു തുന്നൽകാരിയെ തന്നെയല്ലേ...അന്ന് നിനക്ക് ഈ കുറച്ചിലില്ലായിരുന്നല്ലോ...അമ്മേ അത് തുന്നൽക്കാരിയല്ല ഫാഷൻ ഡിസൈനർ ആണ്....ഓഹ് രണ്ടും ഒന്ന് തന്നെയല്ലേ ഈ കുപ്പായം ഉണ്ടാക്കലല്ലേ അവരുടേം പണി...മൗനമാണ് നല്ലതെന്ന് ആരോ പറഞ്ഞപോലെ തോന്നി പിന്നെ ഞാൻ ഒരക്ഷരം മിണ്ടിയില്ല...
മൂന്നാമത്തെ ദോശയുടെ അവസാനത്തെ പിടിയും വായിലേക്ക് വെച്ച് കട്ടൻ ചായയുടെ ഗ്ലാസ്സെടുത്ത് ഊതിയൊന്നു കുടിച്ച്‌ കുന്തം വിഴുങ്ങിയപോലെ നോക്കി നിൽക്കുന്ന അമ്മയോട് ചോദിച്ചു...അമ്മേ അമ്മക്ക് ഹിന്ദി അറിയോ...ങേ??? ഇതെന്ത് പറ്റി ഇവന്...എനിക്കെവിടുന്നാടാ ഹിന്ദി അറിയുന്നേ? നീതുന്റെ(പെങ്ങൾ) കല്യാണത്തിന് മുൻപ് വീടിന്റെ പ്ലംബിംഗ് പണിക്ക് വന്ന ബംഗാളി പറയുന്നതൊന്നും മനസ്സിലാവാതെ വിഷമിച്ചപ്പോൾ കോൺട്രാക്ടർ ജയൻ പഠിപ്പിച്ച് തന്ന "ആവോ" "ബൈട്ടോ" "ഖാവോ" അല്ലാതെ വേറെ എനിക്കൊന്നും അറിയില്ല നിന്റെ ഈ കിണ്ടിയൊന്നും...എങ്കിൽ ഇനി പഠിക്കണം സീരിയൽ കണ്ട് കരഞ്ഞു തീർക്കാതെ ഇടക്കൊക്കെ ഹിന്ദി ചാനലൊന്നു വെച്ച് കാണണം...ഓഹ് പിന്നെ! ഈ വയസ്സ് കാലത്ത് ഹിന്ദി പഠിക്കാണ്ടല്ലേ...നീയൊരു ദോശ കൂടി കഴിക്ക്...വേണ്ട വേണ്ട നിറഞ്ഞു...പിന്നെ അമ്മേ ആ വടക്കേ മുറിയിൽ വച്ചിട്ടുള്ള ആവശ്യമില്ലാത്ത സാധനങ്ങളൊക്കെ മാറ്റി അവിടെ ഒന്ന് വൃത്തിയാക്കണം അമ്മ പടിഞ്ഞാറേലെ കല്യാണിയേച്ചിയോടൊന്നു വരാൻ പറയു അപ്പിടി സാധനങ്ങളാ അതിന്റെ ഉള്ളിൽ...ഇതെന്താ മോനെ പെട്ടെന്ന്? ആ മുറിക്കുള്ളിൽ സാധനങ്ങൾ ഇരിക്കുന്നത് കുറെ നാളുകളായല്ലോ...നീതുന്റെ കല്യാണം കഴിഞ്ഞപ്പോൾ ഉപയോഗിച്ചിരുന്ന മുറിയല്ലേ വർഷം രണ്ടായി അവർ അമേരിക്കക്ക് പോയിട്ട് അതീപ്പിന്നെ അവിടെ ആരും കിടക്കാറില്ലല്ലോ എന്തിനാ ഇപ്പൊ അതൊക്കെ വൃത്തിയാക്കുന്നത്...
മ്മ്... പാവം അമ്മക്കറിയില്ലല്ലോ അമ്മക്കൊരു മരുമകളെ ഞാൻ തന്നെ കണ്ടു പിടിച്ചിട്ടുണ്ടെന്ന് അതുമല്ല ആ മുറിയിലാണേൽ ബാത്റൂമും ഉണ്ട് കുറച്ച് സ്വകാര്യതയൊക്കെ വേണ്ടേ ആലോചിചിക്കുമ്പോ തന്നെ നേരത്തെ പറഞ്ഞ ആ ഒരു... ഇത്...ഏത്... അതെന്നെ...
എന്തായാലും അമ്മ കല്യാണിയേച്ചിയോട് ഈ ഞായറാഴ്ചതന്നെ വൃത്തിയാക്കാൻ പറയണം...കയ്യും മുഖവും കഴുകി വന്നപ്പോൾ തോർത്തും പിടിച്ചു നിന്നിരുന്ന അമ്മയുടെ സാരി തുമ്പെടുത്ത് മുഖം തുടച്ചു അപ്പോൾ തന്നെ കിട്ടി സ്ഥിരം അടി ഈ ചെക്കൻ കല്യാണപ്രായം കഴിഞ്ഞു എന്നിട്ടും ഇത് നിർത്തൂല്യ...അമ്മക്കറിയില്ലല്ലോ അമ്മയുടെ വിയർപ്പ് തുടച്ച സാരിത്തുമ്പിലെ ഉപ്പിന്റെ രുചി...അമ്മേ ഹിന്ദി പഠിക്കാൻ പറഞ്ഞത് വെറുതെയല്ല ഒരു ആലോചന വന്നിട്ടുണ്ട് മുംബൈക്കാരിയാണ്
ങേ! ഹിന്ദിക്കാരിയോ ഏയ്യ് അതൊന്നും ശരിയാവില്ല എവിടെയുള്ളവരാ? മുംബൈയിലാണ് ബോംബെയിലോ? ആഹ് അതെ ബാക്കിയുള്ള അമ്മയുടെ ചോദ്യങ്ങൾക്ക് അതൊക്കെ വന്നിട്ട് പറയാം എന്ന് പറഞ്ഞ് ബാഗുമെടുത്ത് ബൈക്കിൽ കയറി ഓഫീസിലേക്ക് തിരിച്ചു അപ്പോളും എന്താണ് കഥ എന്ന് ഒരു പിടുത്തവും കിട്ടാതെ വാപൊളിച്ച് നിക്കുകയാരിരുന്നു അമ്മ.
ഓഫീസിലേക്ക് പോകുന്നവഴി കവലയിലെ സുരേഷ് ചേട്ടന്റെ സ്റ്റുഡിയോയിൽ കയറി ഒരു ഫോട്ടോയെടുത്തു ഇനിയെങ്ങാനും പ്രൊഫൈലിൽ ഇട്ട ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ അല്ലാതെ കളർ ഫോട്ടോ എങ്ങാനും ചോദിച്ചാൽ അപ്പൊ തന്നെ അയച്ചു കൊടുക്കാല്ലോ സുരേഷേട്ടനെക്കൊണ്ട് ആവുന്നത്ര മുഖത്തെ കുരുക്കളും കറുപ്പും നീക്കം ചെയ്‌തെടുത്തപ്പോ ഹോ ഇത് ഞാൻ തന്നെ ആണൊന്ന്‌ എനിക്ക് തന്നെ അതിശയമായി...എന്റെ സുരേഷേട്ടാ നിങ്ങളൊരു മേക്കപ്പ് മാൻ ആയാ മതിയാർന്നു...മതിയെടാ രാവിലെ തന്നെ ഊതണ്ട നായരുടെ കടയിലെ എട്ട് ഇഡലിം സാമ്പാറും കേറ്റിട്ടാണ് ഞാനിവിടെ നിക്കുന്നത് അങ്ങനെ ഒന്നും പറക്കൂല...ഈ സുരേഷേട്ടന്റെ തമാശ ആഹ് പൈസ പിടിക്ക് ചേട്ടാ...എന്താടാ ആകെ സന്തോഷത്തിലാണല്ലോ...ആഹ് അതെ അതൊക്കെ പിന്നെ പറയാം ഞാൻ യാത്രയായി...
ഓഫീസിൽ എത്തി കമ്പ്യൂട്ടർ ഓൺ ചെയ്ത് ആദ്യം നോക്കിയത് മാട്രിമോണി സൈറ്റ് ആണ് മൊബൈലിൽ ചെറിയ സ്‌ക്രീനല്ലേ ഇതാവുമ്പോൾ അവളുടെ
സൗന്ദര്യമൊക്കെ അടുത്ത് കാണാമല്ലോ...
നിമ്മി...നിമ്മി...നിമ്മി...മിന്നി...മിന്നി മിന്നി..ഓഓഓ.....ഞാൻ തന്നെ ഈണം കൊടുത്ത മനോഹരമായ ഈ ഗാനം മനസ്സിൽ പാടിക്കൊണ്ട് സൈറ്റ് ഓപ്പൺ ചെയ്തു ....ആഹ് ങേ!..ഒരു പേർസണൽ മെസ്സേജ് ഫ്രം നിമ്മി...എന്റെ മാട്രിമോണി ഭഗവാനെ മിന്നിക്കണേ...ദേ കിടക്കുന്നു കോൺടാക്ട് നമ്പർ...വേഗം സേവ് ചെയ്ത് അപ്പൊ തന്നെ വാട്സ്ആപ്പ് ഉണ്ടോന്നു തപ്പി...ഉണ്ട് വാട്സ്ആപ്പ് ഉണ്ട്...പ്രൊഫൈൽ പിക് ഷാരൂഖ് ഖാൻ കാജോളിനെ പിന്നിൽ നിന്ന് കെട്ടി വരിഞ്ഞു നിക്കുന്ന ഫോട്ടോ അമ്പടി അപ്പൊ ഇത് അവളുടെ അപ്പന്റെ നമ്പർ ആവില്ല...ഇതവൾ തന്നെ... വേഗം തന്നെ സുരേഷേട്ടന്റെ സ്റ്റുഡിയോയിൽ നിന്നുമെടുത്ത ഫോട്ടോ ടേബിളിൽ വച്ച് മൊബൈലിൽ ഒരു പിക് എടുത്ത് തളത്തിൽ ദിനേശന്റെ (ശ്രീനിവാസന്റെ) ഗൗരവം പിടിച്ച ഡിപി മാറ്റി പുതിയത് അപ്ഡേറ്റ് ചെയ്തു ഒരു മെസ്സേജ് അയക്കാം...വെറുതെ ഒരു ഹായ് കൊടുത്തു നോക്കി കുറച്ചു നേരം നോക്കിയിരുന്നു തോട്ടിൽ ചൂണ്ടയിട്ട് കാത്തിരിക്കുന്ന ക്ഷമയില്ലാത്ത കുട്ടിയെപ്പോലെ ഞാൻ ഇരുന്നു...ഇല്ല റിപ്ലൈ ഇല്ല കുറച്ച് നേരം കൂടി നോക്കാം... ഇല്ല റിപ്ലൈ ഇല്ല അല്ലെങ്കിലും നല്ല കുടുംബത്തിൽ പിറന്ന കുട്ടികൾ അങ്ങനെയാ അവർക്ക് അവരുടേതായ തിരക്കൊക്കെ കാണും കണ്ടോ ഇത് വരെ മെസ്സേജ് നോക്കിയിട്ട് പോലുമില്ല...എന്ത്‌ നല്ല കുട്ടിയാ നിമ്മി...മനസ്സിൽ അവളോട്‌ ഇഷ്ടം കൂടിയപോലെ...
പെട്ടെന്ന് ലാൻഡ് ഫോൺ ബെല്ലടിച്ചു...
മാനേജരുടെ ക്യാബിനിലേക്ക് ചെല്ലാൻ റിസപ്ഷനിൽ നിന്ന് വിളിച്ച് പറഞ്ഞതാണ്...ഈശ്വരാ ആ മണകുണാപ്പൻ എല്ലാം ക്യാമെറയിൽ കണ്ടിട്ടുണ്ടാവും...9മണിക്ക് എത്തീട്ട് 10 മണിയായിട്ടും ജോലിയൊന്നും തുടങ്ങീട്ടില്ല...കല്യാണം ആലോചിച്ചപ്പോളേക്കും പണി പോകുമോ...ഏയ് അതൊന്നുമാവില്ല ധൈര്യം വായുവിൽനിന്നും ചുഴറ്റി പിടിച്ച് കക്ഷത്തും വെച്ച് എഴുന്നേറ്റു നേരെ മാനേജരുടെ ക്യാബിനിലെത്തി...ഇരിക്കാൻ പറഞ്ഞപ്പോൾ ഉറപ്പിച്ചു പണി പോയി എന്ന്...എന്നാലും ധൈര്യം അത് നമ്മള് വിടൂല്ല...എന്താണ് സർ വരാൻ പറഞ്ഞത്...ഈ കോൺട്രാക്ട് ഒന്ന് വായിച്ച് നോക്ക് എന്ന് പറഞ്ഞ് എന്റെ നേരെ ഒരു കടലാസ് നീട്ടി... പെട്ടെന്ന് തലയിൽ ഒരു ഇടി വെട്ടിയപോലെ തോന്നി നെഞ്ചിലിരുന്ന പ്രാവും കുഞ്ഞ് കരയുന്നുണ്ടോ??? ഏയ് തോന്നിയതാവും...കോൺട്രാക്ട് എടുത്തു വായിച്ച് നോക്കി...വായിച്ച് വായിച്ച് താഴെ എത്തുംതോറും മനസ്സിൽ പടക്കം പൊട്ടൽ തുടങ്ങി...സന്തോഷം അടക്കാൻ പറ്റിയില്ല...ദൈവമേ നീയവടെ ഉണ്ടല്ലേ...വിഷു കഴിഞ് പൊട്ടാത്ത പടക്കങ്ങളും പൂത്തിരികളും കൂടി അടിച്ചു വാരി അമ്മ തീയിടുമ്പോൾ ഇടക്ക് ഇടക്ക് അവിടുന്നും ഇവിടുന്നും ഒക്കെ പൊട്ടുന്നത് കാണുമ്പോളുള്ള ഒരു സുഖം മനസ്സിൽ.... ഓകെ സർ ഞാൻ സൈൻ ചെയ്യാം അടുത്ത ആഴ്ച്ച തന്നെ പോകാം...ഗുഡ്...പിന്നെ മുംബൈ ആണ് കുറച്ച് കരുതലുകളൊക്കെ വേണം റൂം ഇന്ന് തന്നെ ബുക്ക്‌ ചെയ്യാൻ പറയാം കോൺട്രാക്ട് പ്രകാരം ഒരുമാസമാണ് കാലാവധി അതിനുള്ളിൽ പ്രൊജക്റ്റ്‌ തീർക്കണം...ഉവ്വ് സർ തീർക്കാം...കോൺട്രാക്ട് ഒപ്പിട്ട് ക്യാബിനിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ അമ്മയെയും കൂടെ കൂട്ടിയാലോ എന്നായി ചിന്ത അല്ലെങ്കിൽ വേണ്ട ആദ്യം അവളെയൊന്നു അടുത്തറിയാം മലയാളമൊക്കെ അറിയോന്ന് നോക്കാല്ലോ... അവളെ കാണുന്നതും സംസാരിക്കുന്നതും ഓർത്ത് കോരിത്തരിച്ചു... എന്റെ നിമ്മി മോളെ നിന്നെ കാണാൻ ഞാനിതാ വരുന്നു...ഹോ ഫോൺ എടുത്ത് ഒന്ന് കൂടി നോക്കി റിപ്ലൈ ഒന്നും വന്നിട്ടില്ല...അങ്ങനെ പകുതി ജോലിയും പകുതി സ്വപ്നങ്ങളുമായി ആ ദിവസത്തെ ജോലി കഴിഞ്ഞു...
വീട്ടിലെത്തിയപ്പോൾ ഇറയത്ത്‌ അമ്മയും ശങ്കരൻ ബ്രോക്കറും മൂക്കത്ത് വിരൽ വച്ച് എന്തൊക്കെയോ സംസാരിക്കുന്നു...എന്തൊക്കെയുണ്ട് ശങ്കരേട്ടാ വിശേഷം?...ആഹ്...മുഖം വീർപ്പിച്ചുകൊണ്ടാണ് ശങ്കരേട്ടൻ മൂളിയത് ...നീ ഞായറാഴ്ച കാണാൻ വരുമെന്ന്‌ ആ തുന്നൽകാരിടെ വീട്ടുകാർക്ക് ശങ്കരേട്ടൻ വാക്ക് കൊടുത്ത്തുത്രെ...നിനക്കൊന്നു പോയി കണ്ടൂടെ ആ കുട്ടിയെ...ഈ ഫോട്ടോ ഒന്ന് നോക്കിക്കേ നല്ല ഐശ്വര്യം ഉള്ള കുട്ടിയ എനിക്ക് നല്ല ഇഷ്ടായി...
എന്റെ പൊന്നമ്മേ ഞാൻ പറഞ്ഞില്ലേ ഒരു നല്ല ആലോചന വന്നിട്ടുണ്ട് നമുക്കത് ആദ്യം നോക്കാം അതുമല്ല ഈ ശനിയാഴ്ച ഞാൻ മുംബൈക്ക് പോവുകയാ ഒരു മാസം കഴിഞ്ഞേ തിരിച്ച് വരുള്ളൂ...ങേ അയ്യോ എന്റെ ദൈവങ്ങളെ...എന്റെ മോനെ അപ്പോളേക്കും ആ ഹിന്ദിക്കാരി പെണ്ണ് ചാക്കിട്ട് പിടിച്ചലോ ദൈവമേ അയ്യോ.....അമ്മയുടെ നെഞ്ചത്തടിയും നിലവിളിയും കേട്ട് അയല്പക്കത്തുള്ളവരൊക്കെ ഓടി കൂടി...ഈ സമയത്ത് സംഭവം പന്തികേട് ആണെന്ന് മനസ്സിലാക്കി ശങ്കരൻ ബ്രോക്കർ തടി തപ്പി...അമ്മേ അമ്മ ഉദ്ദേശിക്കുന്നതല്ല എനിക്ക് ഒരു പ്രൊജക്റ്റ്‌ കിട്ടീട്ടുണ്ട് മുംബൈ ആണ് സ്ഥലം ഇന്ന് കോൺട്രാക്ട് സൈൻ ചെയ്തേ ഉള്ളു...അമ്മയെയും അയല്പക്കക്കാരെയും ഒരു കണക്കിന് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കരക്കടുപ്പിച്ചു ...അപ്പോളും ഞാൻ അയച്ച മെസ്സേജ് കരക്കടുക്കാതെ കിടക്കുകയായിരുന്നു...
കുളിയൊക്കെ കഴിഞ്ഞു രാത്രി ഭക്ഷണവും കഴിച്ച് അമ്മയോട് ഗുഡ്ണൈറ്റും പറഞ്ഞ് ഞാൻ കട്ടിലിലേക്ക് വീണു മൊബൈലിൽ നോക്കിയപ്പോൾ അവളുടെ ഒരു മെസ്സേജ് അതും പച്ച മലയാളത്തിൽ ഞാൻ സന്തോഷത്തോടെ വായിച്ചു...ഹലോ മെസ്സേജ് കണ്ടതിപ്പോളാണ് അച്ഛന് സുഖമില്ലാതെ ഹോസ്പിറ്റലിൽ ആയിരുന്നു...ഇത് കണ്ടതോടെ ഉള്ള സന്തോഷം കൈ വിട്ടുപോയി തന്തപ്പിടിക്ക് എന്താവോ പറ്റിയത് അശുഭം ആണല്ലോ തുടക്കം തന്നെ അആഹ് എന്തെങ്കിലുമാവട്ടെ...തിരിച്ചൊരു റിപ്ലൈ അയച്ചു എന്നെ മനസ്സിലായോ? മ്മ് മനസ്സിലായി സോറി ട്ടോ മെസ്സേജ് കണ്ടത് ഇപ്പോളാണ്...അയ്യോ സാരമില്ല...ശ്യോ എന്തൊരു വിനയമാ ഈ കുട്ടിക്ക് എനിക്കങ്ങോട്ട് വല്ലാതെ ഇഷ്ടമായി...പിന്നീട് കുറെ സമയം ഞങ്ങൾ മെസ്സേജിലൂടെ കാര്യങ്ങൾ പരസ്പരം ചോദിച്ചറിഞ്ഞു കൂട്ടത്തിൽ അച്ഛന്റെ ഹോസ്പിറ്റൽ കേസും ചോദിച്ചു...അങ്ങിനെ മുംബയിൽ കാണാം എന്ന് വാക്ക് കൊടുത്ത് ഗുഡ് നൈറ്റ്‌ പറഞ്ഞ് ഞങ്ങൾ നിർത്തി.
അന്ന് ഞാൻ കണ്ട സ്വപ്നത്തിൽ പതിവുപോലെ കൊട്ടും, കുരവയും, താലികെട്ടും, എല്ലാം ഉണ്ടായിരുന്നു ഇത്തവണ ഒരു 4k സിനിമ കാണുന്നപോലെ അവളുടെ സുന്ദരമായ മുഖവും
വലം വെക്കുമ്പോൾ ഒരു ദേവതയെപ്പോലെയുള്ള നടപ്പും വളരെ വ്യക്തമായി ഞാൻ കണ്ടു മനസ്സിൽ ഞാൻ ഉറപ്പിച്ചു ഇവൾ തന്നെ എന്റെ പെണ്ണ്!
പിന്നീട് ഇടക്കിടക്ക് ഞങ്ങൾ മെസേജ് ചെയ്യാറുണ്ട്...
അങ്ങനെ ശനിയാഴ്ച രാവിലെ തന്നെ റെയിൽവേ സ്റ്റേഷനിലേക്ക് ഞാനും അമ്മയും തിരിച്ചു മുംബൈക്ക് ട്രെയിൻ കയറും മുൻപ് അമ്മ പറഞ്ഞു മോൻ കുട്ടിയെ നേരിട്ട് കണ്ട് ഇഷ്ടപ്പെട്ടാൽ ജാതകം ചോദിക്കണം പൊരുത്തങ്ങൾ നോക്കണം രാഘവൻ പണിക്കരുടെ അടുത്ത് തന്നെ കൊണ്ട് പോയി നോക്കണം എന്റെയും നിന്റെ അച്ഛന്റെയും ജാതകം നോക്കിയതും പണിക്കരാണ്...മ്മ്മ് വെറുതെയല്ല അമ്മക്ക് ഈ ഗതി വന്നത്...അമ്മ കൈപൊക്കി എന്നെ അടിക്കാൻ ഓങ്ങി...എന്നിട്ട് കെട്ടിപ്പിടിച്ചു കരഞ്ഞു...എന്റെ മോൻ ആദ്യമായാണ് എന്നെ വിട്ടു നിൽക്കുന്നത്...തലയിൽ തേക്കാനുള്ള കാച്ചെണ്ണ അമ്മ ഒരു കുപ്പിയിലാക്കി കവറിൽ പൊതിഞ്ഞു വെച്ചിട്ടുണ്ട്...പിന്നെ കുറച്ച് മുളക് വറുത്തതും...മാങ്ങാ അച്ചാറും പൊതിഞ് വെച്ചിട്ടുണ്ട്...എല്ലാം ഞാൻ മൂളുന്നുണ്ടായിരുന്നു പക്ഷെ
അപ്പോളും എന്റെ മനസ് നിറയെ നിമ്മിയായിരുന്നു അവളുടെ മെസേജ് ഇടയ്ക്കിടെ വരുന്നുണ്ട് റിപ്ലൈ കിട്ടാത്തതിൽ ദേഷ്യം പിടിക്കുന്നുണ്ടാവും വേഗം കയറി ഇരുന്ന് റിപ്ലൈ ചെയ്യണം...
അമ്മയെ സമാധാനിപ്പിച്ച് ഞാൻ തിടുക്കത്തിൽ ട്രെയിനിലേക്ക് കയറി
സീറ്റിൽ ഇരുന്ന് ഫേസ്ബുക്കിൽ അപ്ഡേറ്റ് ചെയ്തു ഫീലിംഗ് എക്സ്റ്റെഡ് ട്രാവെല്ലിങ് ടു മുംബൈ അവളെ ടാഗും ചെയ്തു...നിമ്മിയുമായി കുറച്ച് സമയം ചാറ്റ് ചെയ്തു അപ്പോളേക്കും ട്രെയിൻ മുന്നോട്ടു നീങ്ങി...കുറച്ച് ദൂരം പിന്നിട്ടപ്പോൾ എന്തോ നഷ്ടപ്പെട്ട പോലെ എനിക്ക് തോന്നി പോക്കറ്റിൽ കയ്യിട്ടു നോക്കി ഇല്ല പേഴ്സ് അവിടെ തന്നെയുണ്ട്...ആശ്വാസമായി...ദൂരം പിന്നിടുംതോറും മനസ്സിൽ എന്തോ എവിടെയോ മറന്നു വെച്ചത് പോലെ...അപ്പോളാണ് ഞാൻ അമ്മയെക്കുറിച്ച് ചിന്തിച്ചത്...അമ്മയോട് യാത്ര പോലും പറഞ്ഞില്ലല്ലോ ഈശ്വരാ...അമ്മയെ തിരിഞ്ഞൊന്നു നോക്കിയത് പോലുമില്ല അമ്മ വിഷമിക്കുന്നുണ്ടാകും...പണ്ട് സ്കൂളിൽ നിന്നും 2 ദിവസത്തെ ടൂറിനു പോയി പകുതി വെച്ച് അമ്മയെ കാണണമെന്ന് കരഞ്ഞു വാശി പിടിച്ച ഞാൻ എന്തെ അമ്മയെ ഓർത്തില്ല?...ഇന്നലെ പരിചയപ്പെട്ട ഒന്ന് കണ്ടിട്ട് പോലുമില്ലാത്ത ഒരുവൾക്കു കൊടുത്ത പ്രാധാന്യം പോലും ഞാൻ അമ്മക്ക് കൊടുത്തില്ലല്ലോ...മനസ്സ് തകരാൻ തുടങ്ങി...അമ്മ ഒറ്റക്കാണ് വീട്ടിൽ എന്ന ചിന്തപോലും എനിക്കെങ്ങനെയാണ് നഷ്ടപ്പെട്ടത്...ഒന്നും ആലോചിച്ചില്ല...അച്ഛൻ മരിച്ചതിന് ശേഷം അമ്മക്ക് ഞങ്ങൾ മാത്രമല്ലേ ഉണ്ടായിരുന്നുള്ളു...നീതു പോയതിൽ പിന്നെ ഞാൻ അല്ലെ ആകെ അമ്മക്ക് തുണയായുള്ളത്...രാവും പകലും അടുക്കളയിൽ കഴിച്ച് കൂട്ടുന്ന കരി പിടിച്ച ജീവിതത്തിൽ എന്റെ അമ്മക്ക് പിണക്കങ്ങളും പരിഭവങ്ങളും പങ്കു വെക്കാൻ ഞാൻ മാത്രമല്ലേയുള്ളു...ഞാൻ അപ്പോൾ തന്നെ മൊബൈൽ എടുത്ത് മാനേജരെ വിളിച്ചു സർ ഞാൻ വീട്ടിൽ നിന്നും ഫോൺ വന്നിരുന്നു അമ്മക്ക് സുഖമില്ലാതായി വേഗം തിരിച്ചു ചെല്ലാൻ പറയുന്നു എന്നെ ഈ കോൺട്രാക്ടിൽ നിന്നും ഒഴിവാക്കണം...ഒടുവിൽ അരമണക്കൂറിനു ശേഷം തിരിച്ചു പോവാനുള്ള പെർമിഷൻ കിട്ടി അടുത്ത സ്റ്റേഷനിൽ തന്നെ ഞാൻ ഇറങ്ങി...തിരിച്ചുള്ള ട്രെയിന് ടിക്കറ്റ് എടുത്തു...അതിനിടയിൽ വന്നിരുന്ന നിമ്മിയുടെ മെസ്സേജുകൾ എനിക്ക് ഓപ്പൺ ചെയ്യാൻ തോന്നിയില്ല മനസ്സിൽ നിറയെ അമ്മയായിരുന്നു...
സ്റ്റേഷനിൽ ഇറങ്ങി ഒരു ടാക്സി വിളിച്ചു ഞാൻ വീട്ടിലേക്കു തിരിച്ചു...
മുറ്റത്തെത്തിയപ്പോൾ പടിഞ്ഞാറേലെ കല്യാണിയേച്ചിയും...കിഴക്കേലെ ബാബുച്ചേട്ടനും ഭാര്യയുമൊക്ക വീടിന്റെ മുറ്റത്തുണ്ട്...അമ്മ ഇറയത്ത്‌ കിടക്കുന്നുണ്ട്...ഞാൻ കയറി ചെന്നപ്പോൾ എല്ലാവർക്കും അതിശയം ബോംബയ്ക്ക് പോയ ആളാണോ ഇത്?? കല്യാണിച്ചേച്ചി പറഞ്ഞു അതെങ്ങനെ പോവാനാ അമ്മയെ പിരിഞ്ഞു നിന്നിട്ടുണ്ടോ ഈ കുട്ടി ഞാൻ സങ്കടത്തോടെ അമ്മയുടെ അരുകിൽ ഇരുന്നു...പേടിക്കണ്ട മോൻ പോയ വിഷമത്തിൽ ഒന്ന് തല കറങ്ങിയതാ ഒന്ന് വിളിച്ച് നോക്ക് മോന്റെ ശബ്ദം കേട്ടാൽ എണീക്കും അമ്മ....അമ്മയുടെ നെറ്റിയിലെ വിയർപ്പിലൂടെ തടവി ഞാൻ അമ്മയെ വിളിച്ചു...പതിയെ കണ്ണ് തുറന്നു നോക്കിയ അമ്മ എന്നെ കണ്ട് ചാടി എണീറ്റ്‌ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് തേങ്ങി...ആ തോളിൽ ചേർന്ന് കൊച്ചു കുട്ടിയെപ്പോലെ ചെയ്ത തെറ്റിന് അമ്മയോട് മാപ്പു പറയുമ്പോൾ കണ്ണുനീർ മഴ പെയ്യുന്നുണ്ടായിരുന്നു...
ഉച്ചയൂണ് ഞാനും അമ്മയും ഒരുമിച്ചിരുന്നാണ് കഴിച്ചത്...കൈ കഴുകി റൂമിലേക്ക്‌ പോകുമ്പോൾ മേശപ്പുറത്തിരുന്ന ഫോട്ടോ കയ്യിലെടുത്ത് ഞാൻ നോക്കി...അആഹ് അമ്മേ പിന്നെ ആാാ ശങ്കരൻ ചേട്ടനോട് പറയണം വാക്കൊന്നും തെറ്റിക്കണ്ടന്ന് നാളെ നമുക്ക് ആ കുട്ടിയെ പോയി കാണാം...അടുക്കളയിൽ നിന്നും ഓടി വന്ന അമ്മക്ക് വിശ്വസിക്കാനായില്ല എന്താ മോൻ പറഞ്ഞത്...നാളെ നമുക്ക് അമ്മേടെ തുന്നക്കാരി പെണ്ണിനെ കാണാൻ പോകാമെന്ന്...ങേ സത്യമാണോ അപ്പൊ മുംബൈക്കാരിയോ...എന്റെ അമ്മേ അത് എനിക്ക് പറ്റിയ തെറ്റല്ലേ...എന്നെ സ്നേഹിക്കുന്ന എന്റെ അമ്മക്ക് താങ്ങായും തണലായും വിളിപ്പുറത്തുള്ള ഒരു സാധാരണ കുടുംബത്തിലെ പെൺകുട്ടി...അത്രേം മതി എന്റെ അമ്മയുടെ ഇഷ്ടമാണ് എന്റെയും ഇഷ്ടം.
അന്ന് രാത്രിയിൽ കിടന്നുറങ്ങുന്നതിനു മുൻപ് നേരത്തെ മേശപ്പുറത്തുനിന്നും എടുത്ത ഫോട്ടോയെടുത്ത് ഒന്നുകൂടി നോക്കി കൊള്ളാം കാണാൻ അഴകൊക്കെയുണ്ട് ഇത്തിരി കാന്താരിയാണോ എന്നൊരു സംശയം ആഹ് സാരല്യ കുറച്ച് കാ‍ന്താരി തന്നെയാ നല്ലത് എങ്കിലേ ഒരു രസമൊക്കെയുള്ളൂ...
അന്നത്തെ ഉറക്കം സമിതിയുടെ സ്വപ്ന നാടകത്തിൽ എന്റെ വലതു കൈ പിടിച്ച് വലം വെച്ചത് ഒരു കാന്താരിയായിരുന്നു.

ഞാനും അമ്മയാണ് സർ

Image may contain: 1 person
************************
പറയെടി പന്ന...മോളെ...
ഇത് ആരുടെ കുട്ടിയാടി... ???
ചോദിച്ചു തീരും മുൻപേ ഒരുത്തന്റെ കൈ ലക്ഷ്മിയുടെ കരണത്ത് വീണു...
എട്ട് മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെയും കൊണ്ട് അവൾ നിലത്തേക് വീഴുമ്പോളും കുഞ്ഞിനെ നിലത്ത് തട്ടാതെ അവൾ നെഞ്ചിലേക്ക് അമർത്തിപിടിച്ച് വാവിട്ട് കരയുന്നുണ്ടായിരുന്നു
നിലത്ത് വീണ് കിടക്കുമ്പോളും ആരുടെയൊക്കെയോ ചവിട്ടും തൊഴിയും അവളുടെ മേൽ വീഴുന്നുണ്ട് വേദനയിലും കുഞ്ഞിനെ വിടാതെ അവൾ ഉറക്കെ കരഞ്ഞുകൊണ്ട് പറയുന്നുണ്ട്
"ഇത് എന്നുടെ പുള്ള സർ"
സത്യം സേട്ടാ...
അടിക്കാതെ എൻ പുള്ളക്ക് വലിക്കിത്...
ഒന്നും സെയ്യല്ലേ...
തമിഴും മലയാളവും കലർത്തി അവൾ അപേക്ഷിച്ചു...
കറുത്ത നിനക്ക് എങ്ങനെയാടി ഇത്രയ്ക്ക് വെളുത്ത് തുടുത്ത കുഞ്ഞ്...ഒരുത്തൻ അലറിക്കൊണ്ട് ചോദിച്ചു
അതെ...
ഇത് അവളുടെ കുഞ്ഞൊന്നും അല്ല കണ്ടാൽ അറിഞ്ഞു കൂടെ...മറ്റൊരുവൻ ഏറ്റുപിടിച്ചു പറഞ്ഞു...
ചിലർ വീഡിയോ പിടിച്ച് കൊണ്ട് ലൈവ് ന്യൂസ്‌ ചാനലിന്റെ റിപ്പോർട്ടറെപ്പോലെ ചോദിക്കുന്നുണ്ട് ഇത് നിന്റെ കുഞ്ഞാണെങ്കിൽ നിന്റെ ഭർത്താവ് എവിടെ? അവനെ വിളിക്ക്
എനിക്ക് ഭർത്താവില്ല സർ...
യെൻ തിരുമണം ഇനിയും ആകലെ സർ...
ഓഹോ കല്യാണം കഴിക്കാതെ എങ്ങനെയാടി കുട്ടിയുണ്ടാകുന്നത്...???
സർ ഇതെന്നുടെ പുള്ളൈ സർ... പത്ത് മാസം നൊന്തു പെറ്റ അമ്മ ഞാൻ ആണ് സർ കണ്ണീരിൽ അവളുടെ നെഞ്ച് നനഞ്ഞു കുതിര്ന്നുണ്ടായിരുന്നു...
പുള്ളയുടെ അപ്പയാർന്നു ഏനക്കേ അറിയില്ല...നിറയെ പേർ എന്നേ....അവൾ മുഴുവിപ്പിക്കാനാകാതെ വാവിട്ട് കരഞ്ഞു
ഇവൾ കള്ളിയാണ് ഇവൾ പറയുന്നതൊക്കെ കള്ളമാണ്...
താടി ആ കുഞ്ഞിനെ എന്ന് പറഞ്ഞ് കുഞ്ഞിനെ അവളിൽ നിന്നും പിടിച്ചെടുക്കാൻ നോക്കിയവനെ അവൾ കാലുകൾ കൊണ്ട് ചവിട്ടി പ്രതിരോധിക്കുമ്പോളും അവൾ പറയുന്നുണ്ട്
ഇത് എൻ പുള്ളൈ സർ ഞാൻ തരില്ല സർ
"ഞാനും ഒരു അമ്മയാണ് സർ"
നീയൊക്കെ കാരണം കുഞ്ഞുങ്ങളെ ഞങ്ങൾക്ക് പുറത്ത് ഇറക്കാൻ പോലും പറ്റാതായി എന്ന് പറഞ്ഞുകൊണ്ട് ഒരുത്തൻ അവളുടെ നാഭിയിൽ ആഞ്ഞു ചവുട്ടി
അമ്മാ.... എന്ന് നിലവിളിച്ചുകൊണ്ട് അവൾ ഒരുവശം ചരിഞ്ഞുകൊണ്ട് അട്ടയെപ്പോലെ ചുരുണ്ടു കൂടി...
സാരിയിലൂടെ രക്തം ഒലിക്കുന്നത് കണ്ടപ്പോൾ ചവുട്ടിയവൻ മൊബൈൽ വീഡിയോ ഓഫ്‌ ചെയ്ത് പതുക്കെ ആൾക്കൂട്ടത്തിൽ നിന്നും മാറിപ്പോയി...
അവളുടെ പണി കഴിഞ്ഞെന്നാ തോന്നുന്നത്...
ആരോ വിളിച്ചു പറഞ്ഞു...
നമ്മൾ കുടുങ്ങും വേഗം പോകാം എന്ന് പറഞ്ഞു ചിലർ സംഭവസ്ഥലത്ത് നിന്നും ഉൾ വലിഞ്ഞു...
ചിലർ കുറച്ചു സമയം കൂടി നിന്നെങ്കിലും മരിച്ചെന്ന് ഉറപ്പായപ്പോൾ ഇട്ടെറിഞ് പോയി
അഞ്ചു മിനിറ്റ് കൊണ്ട് കൂടി നിന്നവരെല്ലാം അപ്രത്യക്ഷരായി
അവളുടെ കാൽപ്പാദങ്ങളിലൂടെ ചോര അപ്പോളും ഒലിച്ചിറങ്ങുന്നുണ്ട്...
മരണത്തിലും നെഞ്ചോട് ചേർത്ത് മുറുകെ പിടിച്ച കുഞ്ഞ് വിശന്ന് തളർന്ന് അവളുടെ മുലയിൽ പരതിക്കൊണ്ട് അലമുറയിട്ട് കരയുകയായിരുന്നു
ഹൃദയം തകരുന്ന ആ കാഴ്ച കണ്ടുകൊണ്ട് അന്ധരായ യാത്രക്കാർ അപ്പോഴും തിരക്കടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ഒഴുകുകയാണ്...
**************************************
ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലെ ഉൾ ഗ്രാമങ്ങളിൽ ഇന്നും അനാചാരങ്ങളും വർണ്ണ വിവേചനവുമൊക്കെ നിലനിൽക്കുന്നുണ്ട്
വിദ്യാഭ്യാസ നിലവാരം നോക്കുകയാണെങ്കിൽ വളരെ മോശമാണ് അവിടുത്തെ അവസ്ഥ പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്തവരാണ് മിക്കവാറും സാധാരണക്കാർ
അവർക്കിടയിൽ ഇന്നും ജാതിയുടെ, നിറത്തിന്റെ പേരിലൊക്കെ കലാപങ്ങൾ ഉണ്ടാകാറുമുണ്ട്
പക്ഷെ! ഇന്ന് നമ്മുടെ കേരളത്തിന്റെ പോക്ക് അതിലും ഭയാനകമായ അവസ്ഥയിലേക്കാണ്
നൂറ് ശതമാനത്തിനടുത്ത് സാക്ഷരതയുണ്ടെന്ന് പറയുന്ന നമ്മുടെ കേരളത്തിൽ ഇതുപോലുള്ള സംഭവങ്ങൾ ഒരുപാട് നടക്കുന്നുവെന്നുള്ളത് വളരെ ദുഖകരമാണ്
നിറം ഇത്തിരി കറുത്ത് പോയ ലക്ഷ്മിയെപ്പോലെയുള്ള അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന സ്ത്രീകളെ...വീട്ടിൽ ആരുമില്ലെങ്കിൽ തക്കം പാത്ത് ഭോഗിക്കുന്ന പകൽ മാന്യന്മാരായ സുമുഖരും സുന്ദരന്മാരും ഒരുപാടുണ്ട് നമ്മുടെ നാട്ടിൽ...ബലം പ്രയോഗിക്കുമ്പോളും, വയറ് നിറക്കാനുള്ള വകക്കുള്ളത് നീട്ടുമ്പോളും വഴങ്ങി കൊടുക്കേണ്ടി വരുന്നവരാണ് മിക്ക നാടോടി സ്ത്രീകളും...
എങ്കിലും വയറ് വീർത്ത് വരുമ്പോൾ ഒരിക്കലും അവകാശം പറഞ്ഞ് സ്വത്ത് തട്ടിയെടുക്കാൻ അവർ നിങ്ങളെ തേടി വരുന്നില്ലല്ലോ...
പക്ഷെ പകരം അവരെ ചവുട്ടിയും തൊഴിച്ചും ജീവൻ എടുക്കാൻ നിങ്ങള്ക്ക് ആരാണ് അധികാരം തന്നത്...???
അവളിലെ അമ്മയെ ചോദ്യം ചെയ്യാൻ നിങ്ങൾക്കെന്ത് അവകാശമാണുള്ളത്...???
അഥവാ സംശയം തോന്നിയാൽ നിയമത്തിന് വിട്ട് കൊടുക്കുകയല്ലേ വേണ്ടത് ഇവിടെ പോലീസും, കോടതിയും, നിയമവുമൊക്കെയില്ലേ ...
കറുത്ത പെണ്ണിന്റെ ഒക്കത്ത് വെളുത്ത് തുടുത്ത കുട്ടിയെ കാണുമ്പോളെക്കും വാളെടുത്ത് വെട്ടാൻ പോകുന്നവർ ഓർത്ത് നോക്കുക
ഒരു ലക്ഷ്മിയോ, കനകമോ, വാസന്തിയോ ജീവിതത്തിൽ എപ്പോളെങ്കിലും കടന്ന് പോയിട്ടുണ്ടോയെന്ന് ഓർത്ത് നോക്കുക....അതുമല്ലെങ്കിൽ ആ കുഞ്ഞിന് നിങ്ങളുടെ മുഖഛായ എങ്ങാനും ഉണ്ടോ എന്ന് നോക്കുന്നതും നന്നായിരിക്കും.
Ranil Ramakrishnan

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo