Showing posts with label Sujitha Dhanoosh. Show all posts
Showing posts with label Sujitha Dhanoosh. Show all posts

ജാതകദോഷം ....

Image may contain: 2 people, people smiling, selfie and close-up
ശ്രീപ്രിയ ഒരിക്കൽക്കൂടെ നടയിലേക്ക് നോക്കി തൊഴുതുകൊണ്ട് തിരിഞ്ഞു. പാടവരമ്പിലൂടെ ഇളംവെയിലിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട്, പരിഷ്‌ക്കാരം വന്നെത്താൻ കാത്തുനിൽക്കുന്ന നാട്ടുവഴിയിലൂടെ മുന്നോട്ടുനടന്നു...
മുത്തിയമ്മയുടെ പറമ്പിൽ ആരൊക്കെയോ അളന്നു തിരിക്കുന്നു ,ഏതോ ബന്ധുവിന്റെ കയ്യിലിരുന്ന ഭൂമിയുടെ വില്പനകഴിഞ്ഞതും അവിടെ വലിയൊരു ഷോപ്പിംഗ്കോംപ്ലക്സ് വരുന്നു എന്നുമൊക്കെ കേട്ടിരുന്നു..
വീട്ടിലെത്തിയപ്പോൾ ഉമ്മറക്കോലായിൽ രാമേട്ടനെ കണ്ടു ..ടൗണിൽനിന്നുള്ള ആലോചനകൾ നാട്ടിലെത്തിക്കുന്നതു രാമേട്ടനാണ്... ചിരിച്ചുകൊണ്ട് അകത്തേക്ക് നടക്കാനൊരുങ്ങുമ്പോൾ പിന്നിൽ നിന്നും വിളിച്ചു, കുട്ട്യേ ഒന്ന് നിക്ക്വ , ഒരാലോചനയുണ്ട്. അയാൾ നേരത്തെ കുട്ടിയെ കണ്ടിരിക്കണൂ, ജാതകത്തിലൊന്നും വലിയ വിശ്വാസം ഇല്ലത്രേ..അച്ഛൻ പറഞ്ഞത് കുട്ടിയോട് ചോദിച്ചിട്ടു തീരുമാനിക്കാംന്നാ ,ആ സമ്മതം ഇങ്ങട്ടു തന്നാൽ ഇക്കുറിയെല്ലാം ശരിയാവുംന്നെന്റെ മനസ്സ് പറയുന്നു ...പുഞ്ചിരിച്ചുകൊണ്ട് ഒരുനെടുവീർപ്പോടെ അവൾ തിരിഞ്ഞുനടന്നു..
ടൗണിൽ ഒരു കമ്പ്യൂട്ടർ സെന്ററിലെ ടീച്ചറാണ് ശ്രീപ്രിയ, വീട്ടിലെ ശ്രീക്കുട്ടി ...വിശ്വനാഥമേനോന്റെ മകൾ,വയസ്സ് 28. ജാതകത്തിൽ ചെറിയ ദോഷം ഉള്ളതുകൊണ്ട് വരുന്ന ആലോചനകൾ പാതിവഴിയിൽമുടങ്ങാറാണു പതിവ്. ദോഷത്തെ മറികടത്താൻ പ്രതീക്ഷിക്കുന്ന സ്വത്തിന്‌ വഴിയില്ലായെന്ന അറിവും ഒരു കാരണമാണ്,
അവരുടേത് പണ്ടൊരു കൂട്ടുകുടുംബം ആയിരുന്നു. പാടവുംപറമ്പും കൃഷിയും, നിറയെ ജോലിക്കാരും. എന്നും ഉത്സവംപോലെയായിരുന്നു, കാലം ചെല്ലുംതോറും കൃഷിയും ആദായവും കുറഞ്ഞു തുടങ്ങിയപ്പോൾ വല്യച്ഛൻമ്മാരും ,അമ്മായിമാരും അവർക്കുള്ള ഭാഗം വാങ്ങിപ്പിരിഞ്ഞു, കൃഷികൾ നശിച്ചതോടെ അറയുംപറയും ഒഴിഞ്ഞു. പണിക്കാരെല്ലാം പലവഴി പിരിഞ്ഞുപോയി. പഴയ പ്രതാപത്തെ ഓർമ്മിപ്പിക്കാൻ വലിയവീടെന്നു പേരുള്ള ആ വീടുമാത്രം തലയുയർത്തിനിന്നു....
അച്ഛന് രണ്ടുതവണ അറ്റാക്കുവന്നതോടെ ചികിത്സക്കും, ഉണ്ടായിരുന്ന കടങ്ങൾ വീട്ടാനുമായി വീടിന്റെ ആധാരം പണയത്തിലുമായി. വീടുകഴിയുന്നതു ഇപ്പോൾ ശ്രീക്കുട്ടിയുടെ വരുമാനത്തിലാണ്. അവൾക്കു താഴെ ശ്രീപ്രസാദ്‌ വീടിന്റെ രക്ഷക്കുവേണ്ടി പ്രവാസത്തിനിറങ്ങിയിട്ടു ആറുമാസം ആവുന്നു.. അവൻ അയക്കുന്ന പണം ആവീടിനൊരു ആശ്വാസമായിത്തുടങ്ങി ....
അടുത്ത ഞായറാഴ്ച പെണ്ണുകാണൽ ഉറപ്പിച്ചു. നാട്ടിൽ വരുന്ന ഷോപ്പിംഗ്‌കോപ്ലക്സിന്റെ ഉടമ.രാജശേഖരമേനോന്റെ മകൻ ,അയാളുടെ ഒരുപാട് സ്ഥാപനങ്ങൾക്കും സ്വത്തിനുമുള്ള ഏക അവകാശി ,ആകാശ് മേനോൻ. അതുകൊണ്ട് തന്നെ ഇത് നടക്കില്ലെന്നു ശ്രീക്കുട്ടി ഉറപ്പിച്ചു ...
ഉള്ളതിൽ കൊള്ളാവുന്ന സാരിയിൽ ശ്രീക്കുട്ടി അവർക്കുമുന്നിലെത്തി ചായക്ക്‌ ശേഷം ,അവർക്കു സംസാരിക്കാനുള്ള അവസരം ഒരുങ്ങി. പയ്യൻ കാണാൻ സുന്ദരൻ എത്രയോ പണമുള്ള സുന്ദരിപ്പെണ്ണിനെ കിട്ടാൻ യോഗ്യൻ
ഇയാൾക്ക് വട്ടാണോ അവൾ ഒരുനിമിഷം സംശയിച്ചു ,അയാൾ അടുത്ത് വന്നു. അവളോട് സംസാരിച്ചു ... പിശുക്കിപ്പിടിച്ചു അവൾ മറുപടി കൊടുത്തു... തിരിഞ്ഞു പോകുംമുമ്പ് അയാൾക്കു അവളെ ഇഷ്ട്ടപ്പെട്ടെന്നറിയിച്ചു,അവളുടെ ഇഷ്ടം രാമേട്ടനെ അറിയിച്ചാൽ മതിയെന്ന് പറഞ്ഞു. അയാൾ അവളെ പ്രിയക്കുട്ടിയെന്നു വിളിച്ചോട്ടെയെന്ന ചോദ്യംകേട്ട് അവളുടെ മനസൊന്നു പിടഞ്ഞു അരുതെന്നുള്ള മറുപടി തൊണ്ടയിൽ കുരുങ്ങി. അയാൾ യാത്രപറഞ്ഞു പിരിയുമ്പോൾ അവളുടെ മനസ്സ് പിടിവിട്ടുപോയിരുന്നു,
************************************************************
പ്രിയക്കുട്ടീ ...പാടത്തുനിന്നും ഉണ്ണിയേട്ടന്റെ വിളികേട്ടു. കുളത്തിൽനിന്നു ആമ്പലോ, പാടത്തുനിന്നും കിളിക്കൂടോ കിട്ടിക്കാണും അവൾ ഇറങ്ങിയോടി. നാട്ടിലെ എല്ലവർക്കും പ്രിയപ്പെട്ട മുത്തിയമ്മേടെ ബന്ധുവാണ് ഉണ്ണിക്കുട്ടൻ. അവന്റെ 'അമ്മ പ്രസവത്തോടെ മരിച്ചു. പിന്നീട് അവനെ വളർത്തിയത് അച്ഛനും മുത്തശ്ശിയും കൂടെയാണ്. പെട്ടെന്ന് ഒരുദിവസം നെഞ്ചുവേദന വന്നു ഉണ്ണീടച്ഛൻ കുഴഞ്ഞുവീണു മരിച്ചതോടെ മുത്തശ്ശിയും ഉണ്ണിയും തനിച്ചായി. ശ്രീക്കുട്ടിയുടെവീട്ടിൽ ജോലികൾക്കു സഹായിച്ചും ,അമ്പലത്തിലേക്കുള്ള
മാലകെട്ടിക്കൊടുത്തുമാണ് മുത്തിയമ്മ അവനെ വളർത്തിയത്. ശ്രീക്കുട്ടിടെ വീട്ടിലായിരിക്കും അവനെപ്പോഴും.അവിടെ എല്ലാവർക്കും അവനെ ജീവനായിരുന്നു ....
ശ്രീക്കുട്ടി ആദ്യമായ് സ്കൂളിൽ പോയത് ഉണ്ണീടൊപ്പമായിരുന്നു,അവളെ ഒരുപാട് ശ്രദ്ധിച്ചും, അവളുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാൻ എന്തുസാഹസത്തിനും തയ്യാറായി ഒപ്പം ഉണ്ടായിരുന്നു ആ പത്തുവയസ്സുകാരൻ.. പ്രായാധിക്യത്താൽ മുത്തശ്ശികിടപ്പിലായപ്പോൾ ദൂരെയുള്ള ഏതോ ബന്ധുവീട്ടുകാർ അവരെകൂടെ കൊണ്ടുപോവാൻ വന്നു. ഉണ്ണിപോവുന്നതറിഞ്ഞു ശ്രീക്കുട്ടി പൊട്ടിക്കരഞ്ഞു.
ആ നാട്ടിൽനിന്നുപോവാൻ ഉണ്ണിക്കും തീരെ ആഗ്രഹം ഇല്ലായിരുന്നു , പോവാൻ നേരം ഓണത്തിന് എല്ലാരും ഒന്നിച്ചെടുത്ത ഫോട്ടോ ശ്രീക്കുട്ടീടെ അച്ഛന്റെ കയ്യിൽനിന്നും ഉണ്ണി ചോദിച്ചു വാങ്ങി. ശ്രീക്കുട്ടിയെ കാണാൻ വരുമെന്ന് കരഞ്ഞുകൊണ്ട് വാക്കുകൊടുത്തു അവൻ അവർ കൊണ്ട് വന്ന കാറിൽ കയറി. അങ്ങ് ദൂരം വരെ പുറകോട്ടു നോക്കിയിരിക്കുന്ന ഉണ്ണിയെ നോക്കി ശ്രീക്കുട്ടി ഏങ്ങലടിച്ചുകരഞ്ഞു...
പിന്നീട് അവരെ കുറിച്ച് തിരക്കിപ്പോയ അച്ഛൻ കൊണ്ട് വന്നത് മുത്തിയമ്മ മരിച്ചെന്നും ഉണ്ണി എങ്ങോട്ടോപോയെന്നും ഉള്ള വാർത്തയായിരുന്നു.. പിന്നീടെപ്പോഴോ കാലം ഓർമ്മകൾക്ക് മറകെട്ടി..
ഇന്നിപ്പോൾ മറ്റൊരാളുടെ വായിൽനിന്നും ആവിളി കേട്ടപ്പോൾ ശ്രീക്കുട്ടി പഴയകാലത്തെ ഓർമ്മകളിൽ നിന്നും കരയ്ക്ക്‌കയറാനാവാത്തവിധം ഒഴുകിനടന്നു.. അവൾ ഉണ്ണിയെപ്പറ്റി ഓർത്തു ഉണ്ണിയേട്ടനിപ്പോ എവിടെയായിരിക്കും. വിവാഹമൊക്കെ കഴിച്ചുകാണുമോ. ഒരിക്കൽപ്പോലും ഈ നാട്ടിലേക്കും തന്നെക്കാണാനും വരാൻ തോന്നാഞ്ഞതു എന്തുകൊണ്ടാവും ...
രാമേട്ടന്റെ സംസാരം അവളെ ചിന്തയിൽനിന്നുണർത്തി. അച്ഛനോട് അയാളെന്തോ അടക്കം പറഞ്ഞു. അച്ഛന്റെ മറുപടി ഉറക്കെയായിരുന്നു, എന്റെ മകൾക്കു സന്തോഷവും സമാധാനവുമായി ജീവിക്കാനുള്ള വകയുണ്ടല്ലോ അതുമതി വേറെ ഒന്നും ഞാൻ ചിന്തിക്കുന്നില്ല. തറവാട്ടു വകയും പാരമ്പര്യവും ഉള്ളവീട്ടിൽ പിറന്നിട്ടും ഇന്നെന്റെ കുട്ടി കൊണ്ടുവന്നിട്ടല്ലേ ഇവിടെ ജീവിക്കുന്നത്. അവൾ രക്ഷപ്പെടണം എനിക്കത്രേള്ളൂ ..
വിവാഹത്തിന്റെ സമയം അടുക്കുംതോറും അവളുടെ മനസ്സ് ആകെ അസ്വസ്‌തമായിരുന്നു,എന്തെന്നറിയാതെ ഒരാശങ്ക. അവൾക്കണിയാനുള്ള വസ്ത്രങ്ങളും സ്വർണ്ണാഭരണങ്ങളും അവർ കൊണ്ടുവന്നു... പണയത്തിലിരുന്ന വീടിന്റെ ആധാരം തിരിച്ചെടുപ്പിച്ചു, ശ്രീപ്രസാദിനെ ഗൾഫിൽനിന്നും തിരികെ വരുത്തി. നാട്ടിലെ ഷോപ്പിംഗ് കോപ്ലക്സിലേക്കു മാനേജരായി നിയമിച്ചു ..
വിവാഹം മംഗളമായിനടന്നു . ഭർത്താവിന്റെ വീട്ടിൽ എല്ലാവരും അവളെ റാണിയെപ്പോലെ വാഴിച്ചു... അവളുടെ മനസ്സുമാത്രം എന്തോ, പൊരുത്തപ്പെടാനാവാതെ മാറിനിന്നു ...
ഒരുദിവസം ഓഫീസ് കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന അയാളുടെ സ്വകാര്യമുറിയിലേക്ക് ആദ്യമായി മടിച്ച് കയറിച്ചെന്ന അവൾ ഞെട്ടി സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാതെനിന്നു ..
മനസ്സിലെ ക്യാൻവാസിൽനിന്നും പകർത്തിയ പെയിന്റിങ്ങുകൾ. ഒരുനാട്ടിൻപുറത്തെ കാഴ്ചകളും ,അമ്പലവും ,അത്‌അവളുടെ നാട്ടിലെ കാഴ്ചകളാണെന്നത് അവളെ അമ്പരപ്പിച്ചു. അതിനടുത്തായി ഫ്രെയിംചെയ്തു വച്ചിരിക്കുന്ന വലിയ ഫോട്ടോയിൽ അവൾക്കുള്ള മറുപടിയുണ്ടായിരിക്കുന്നു. ഓണക്കാലത്ത് തറവാട്ടിലെ എല്ലാരും ഉണ്ണിയേട്ടനും ഒന്നിച്ചെടുത്ത ഫോട്ടോ. അമ്പരപ്പോടെ അതിരറ്റ ആഹ്ലാദത്തോടെ അവനെ നോക്കിനിന്ന അവന്റെ പ്രിയക്കുട്ടിയെ നെഞ്ചോടുചേർത്തു പിടിക്കുമ്പോൾ അവളോട് പറയാൻ ഒത്തിരി കഥകൾ അവന്റെ മനസ്സിലുണ്ടായിരുന്നു..
മുത്തശ്ശിമരിച്ചതും ആ വീട്ടിൽ അവനൊരു അധികപ്പറ്റായതും,എങ്ങോട്ടെന്നറിയാതെ വീടുവിട്ടുപോയതും ,പല സ്ഥലങ്ങളിലായി ജോലിതേടി ജീവിച്ചതും... വഴിയിൽ തളർന്നുവീണ രാജശേഖരൻ എന്നമനുഷ്യനെ രക്ഷിച്ചത്തോടെ അവന്റെ ജീവിതം മാറി മറിഞ്ഞതും ....
സ്നേഹിച്ചപെണ്ണിനെയും കൊണ്ട് നാടുവിട്ടു വന്നു, കൂട്ടുകാരനൊപ്പം ഒരുസ്ഥാപനം തുടങ്ങി സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങിയപ്പോൾ അവരുടെ മകനെ മരണം തട്ടിപ്പറിച്ചു ...തകർന്ന മനസ്സുമായി ജീവിക്കുമ്പോൾ കൂട്ടുകാരൻ കടങ്ങൾ വരുത്തിവച്ചതോടെ ഫാക്ടറി നഷ്ടത്തിലായി കേസിൽപ്പെട്ടു. ഉണ്ണിക്കുട്ടൻ അവരുടെ വീട്ടിൽ എത്തിയതിപ്പിന്നെയാണ് ഫാക്ടറി തിരികെക്കിട്ടാൻ വിധിവന്നത് ... ഉണ്ണിക്കുട്ടൻ വന്നുകയറിയതിന്റെ ഐശ്വര്യംകൊണ്ടാണ് പിന്നീട് വന്ന പലനേട്ടങ്ങളും എന്നവർ വിശ്വസിച്ചു. ഒടുവിൽ ആ നാട്ടിൽ നിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങിയപ്പോഴേക്കും അവൻ അവരുടെ സ്വന്തം മകനായിക്കഴിഞ്ഞിരുന്നു... പിന്നീട് നല്ലനിലയിൽ വളരാനും വിദേശത്തെല്ലാം പോയി പഠിക്കാനും, ഒടുവിൽ എല്ലാസ്വത്തിനും ഏക അവകാശിയാവാനും ഭാഗ്യമുണ്ടായ കഥകൾ... അവൾകണ്ണീരോടെ എല്ലാംകേട്ടുനിന്നു ....
പടിപ്പുകഴിഞ്ഞു തിരികെ എത്തിയപ്പോഴാണ് വലിയവീട്ടിലെ ഇപ്പോഴത്തെ അവസ്ഥകൾ അറിഞ്ഞത്,
അങ്ങനെയാണ് ഈ ആലോചനയുമായി രാമേട്ടനെ പറഞ്ഞുവിട്ടത്. ഞാൻ ഇവരുടെ ദത്തുപുത്രനാണെന്നു നിന്റെ അച്ഛനെ അറിയിച്ചിരുന്നു. നിന്നെ നന്നായി നോക്കുന്ന ഒരാളെമതിയെന്നു മറുപടികിട്ടി.. പിന്നെ ഞാൻ ആരാണെന്നു നീ പതിയെ അറിഞ്ഞാൽ മതിയെന്ന് തോന്നി.. അവൻ പുഞ്ചിരിയോടെ പറഞ്ഞു നിർത്തി..
അവരിപ്പോൾ ഒന്നിച്ചൊരു യാത്രക്കായി ഒരുങ്ങുകയാണ്. അവരുടെ മാത്രമായ ഓർമ്മകൾ ഉള്ള നാട്ടിലേക്ക് നഷ്ടപ്പെട്ട കുട്ടിക്കാലം ഓർത്തെടുക്കാൻ. ആ നാടിൻറെ ഉണ്ണിക്കുട്ടനെ തിരികെ കിട്ടിയ സന്തോഷത്തോടെ അവളും. ആ നാടിനെ തിരികെ കിട്ടിയ സന്തോഷത്താൽ അവനും..
അവർ അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞിറങ്ങി...
സുജി....

വിലയറിയാതെ.

Image may contain: 1 person, selfie and closeup

ദിവസങ്ങൾക്കുശേഷം ജീവൻ നിലനിർത്താനായി ശരീരത്തിൽ പിടിപ്പിച്ചിരുന്ന ഉപകരണങ്ങൾ ഓരോന്നായി മാറ്റാൻ തുടങ്ങിയപ്പോൾ പ്രിൻസ് എഴുന്നേൽക്കൻ
ശ്രമിച്ചു ....ഒരുതൂവലിന്റെ കനംപോലും തോന്നുന്നില്ല നടക്കാൻ കാലുകൾ തറയിൽ ചവിട്ടിയപ്പോൾ അന്തരീക്ഷത്തിലേക്ക് ഉയർന്നുപൊങ്ങാൻ തുടങ്ങി ....അവൻ താഴേക്കുനോക്കി അവിടെ കണ്ടകാഴ്ച അവനെ ഞെട്ടിച്ചു ...താഴെ നിശ്ചലമായ അവന്റെ ശരീരം പതിയെ ആരോ ഒരുതുണി വലിച്ചുമൂടുന്നു ..തന്റെ മരണം അവൻ തിരിച്ചറിയുകയായിരുന്നു ..
പ്രിൻസ് പതിയേ എല്ലാം ഓർത്തെടുത്തു .. കാറിൽ കൂട്ടുകാർക്കൊപ്പം കറങ്ങാൻ പോയതാണ് മദ്യപിച്ചു ലക്കുകെട്ടായിരുന്നു ഡ്രൈവിംഗ് ,നിയന്ത്രണം വിട്ടു ചരക്കുലോറിയിലേക്കു പാഞ്ഞുകയറിയ കാറിൽനിന്നും ആരൊക്കെയോ ചേർന്ന് വലിച്ചുപുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു ... ആകെ വീർപ്പുമുട്ടിയപ്പോൾ പുറത്തേക്കുള്ള വാതിൽതിരഞ്ഞു ..അവനു മുൻപിൽ തുറന്ന വാതിലിലൂടെ പുറത്തിറങ്ങിയത് മുൻപ് അവിടെ കണ്ടതിൽ ഒരു ഡോക്ടർ ആയിരുന്നു .. പുറത്തേക്കുനോക്കി ഒരു നേഴ്സ് തന്റെ പേരുപറഞ്ഞു വിളിക്കുന്നത് അവൻ കേട്ടു...
കരഞ്ഞു കലങ്ങിയ കണ്ണുമായ് നിൽക്കുന്ന തന്റെ ഉറ്റവരെ അവൻ കണ്ടു..
പരമാവധി ശ്രമിച്ചിട്ടും രക്ഷിക്കാൻ കഴിഞ്ഞില്ല ഡോക്ടർ പറഞ്ഞു ,തളർന്നുവീണ അമ്മയെ ആരോതാങ്ങി ,പപ്പാ ചുമരിലിടിച്ചു കരയുന്നു, പോസ്റ്മോർട്ടത്തിനുവേണ്ട ഏർപ്പാടുണ്ടാക്കാൻ ഏൽപ്പിച്ചു ഡോക്ടർ ഡ്യൂട്ടിറൂമിലേക്കുപോയി .... രക്തബന്ധമില്ലാതിരുന്നിട്ടും ആകെത്തളർന്ന ഒരാളെ അവനവിടെകണ്ടു ...അളിയൻ ,എല്ലാം സ്വയം ഏറ്റെടുത്തു മുന്നിൽ നിൽക്കുമ്പോഴും ആ മനുഷ്യന്റെ ചങ്കുപൊട്ടുന്നതു അവൻ തിരിച്ചറിയുകയായിരുന്നു,ജന്മശത്രുവായിരുന്നു അവനെപ്പോഴും അളിയൻ ...
ചെറുപ്പത്തിൽ മരിച്ച തന്റെ കുഞ്ഞനുജനെ അവനിലൂടെ കാണുകയായിരുന്നു അയാൾ,
അവനോ പണവും പ്രതാപവും വേണ്ടുവോളം ഉള്ള പേരുകേട്ട തറവാട്ടിൽ ജനിച്ചതുകൊണ്ട് അഹങ്കാരവും തന്നിഷ്ടവും അവനൊപ്പം വളർന്നു ... എഞ്ചിനീയറിങ്ങിനു അവനുപറ്റിയ കൂട്ടുകാരെ കിട്ടിയതോടെ കൈവിട്ട പട്ടംപോലെ ആയിരുന്നു അവൻ ..മദ്യവും മയക്കുമരുന്നും ശീലമാക്കി ,കൂട്ടുകൂടി കറങ്ങിനടക്കുന്ന അവനെ ആവശ്യത്തിന് പോലും കാണാൻ കിട്ടാതായി ,ബിസിനസ്സിന്റെ പുറകെ നടക്കുന്ന പാപ്പക്ക് അവനെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല,അമ്മയുടെ ദുഃഖം കേട്ട് ഉപദേശിക്കുന്ന അളിയൻ അവന്റെ ശത്രുവും ആയിരുന്നു ... ഈ പേരിൽ പെങ്ങളോട് അവൻ എന്നും വഴക്കിട്ടു ...ഏതു പാതിരാക്കും വന്നുകയറാൻ കഴിയുന്ന മുറിയിലേക്ക് അവൻ കിടപ്പും മാറ്റി ,
അളിയന്റെ പെങ്ങൾ സാറയെ പ്രിൻസിനെക്കൊണ്ട് കെട്ടിക്കണം എന്നൊരാശ എല്ലാവർക്കും ഉണ്ടായിരുന്നു,പക്ഷെ അവൻ അവളെ കാണുമ്പോഴൊക്കെ വളരെ മോശമായിട്ടാണ് പെരുമാറിയിട്ടുള്ളത് ... കൗമാരത്തിന്റെ ആസക്തിയിൽ ,സൗന്ദര്യമല്ല അവളുടെ പെണ്ണുടൽ ആയിരുന്നു അവന്റെ കണ്ണിനു മുന്നിൽ കൗതുകം..
അങ്ങകലെ ഒരു കസേരയിൽ മാതാവിന്റെ ഫോട്ടോയിലേക്കുനോക്കി മിഴിനീര് വാർക്കുന്ന അവളെ അവൻ കുറ്റബോധത്തോടെനോക്കി ..
കൂട്ടുകാരെ തിരഞ്ഞു കണ്ടെത്തുമ്പോൾ ഒരാൾ കാലൊടിഞ്ഞും ,ഒരാളെ കാലുമുറിച്ച നിലയിലുംകാണാന്കഴിഞ്ഞു ..അവരുംകൂടെയാണീ വിധിക്കുപിന്നിൽ എന്നിട്ടും അവരുടെ അമ്മമാർ മനസ്സുകൊണ്ട് ശപിക്കുന്നതു അവൻ അറിഞ്ഞു ,കൂട്ടുകാരുടെ മൗനം അത് സമ്മതിച്ചതിലായിരുന്നു അവനുസങ്കടം ....എന്നിട്ടും അതിലൊരു കൂട്ടുകാരന്റെ അച്ഛനുമമ്മയും ഒന്നിച്ചിരിക്കുന്നതുകണ്ടു ഒത്തിരി സന്തോഷിച്ചു ,കാരണം വര്ഷങ്ങളായി അവർ വേർപിരിഞ്ഞു ജീവിക്കുന്നവരായിരുന്നു ...
പോസ്റ്റ്മോർട്ടം കഴിഞ്ഞു അവനെ വീട്ടിലേക്കു കൊണ്ടുപോയി ,അവിടെ ഒരുനാട്‌ മുഴുവൻ പ്രിൻസിനെ കാണാൻ എത്തിയിരുന്നു ,അത് അവനോടുള്ള ഇഷ്ട്ടം കൊണ്ടല്ല നാട്ടുകാർക്ക് പാപ്പയോടുള്ള സ്നേഹം ബഹുമാനവും കൊണ്ടായിരുന്നു ,പലരും മാറി നിന്ന് അവനെ കുറ്റപ്പെടുത്തുന്നതു അവൻ കേട്ടു... അവൻ വാഹനം ഓടിക്കുന്നതിലെ അമിതവേഗം ,എല്ലാത്തിനോടുമുള്ള പുച്ഛം ഇതിനെകുറിച്ചല്ലാതെ അവനെകുറിച്ച് നല്ലതാരും പറഞ്ഞില്ല,ചങ്കുപൊട്ടി കരയുന്ന അമ്മയേയും പെങ്ങളേയും കുറെ കാലങ്ങൾക്കു ശേഷം അവൻ സ്നേഹത്തോടെനോക്കി,എല്ലാം തകർന്നവനെപ്പോലെ ഇരിക്കുന്ന പപ്പയെ അവൻ വിളിക്കാൻ ശ്രമിച്ചു ... ഇനി അതിനുകഴിയില്ലെന്ന് അവൻ ദുഃഖത്തോടേ തിരിച്ചറിഞ്ഞു ....
പള്ളിയിലേക്കുള്ള അവന്റെ അന്ത്യയാത്രക്കു ഒരുനാടുമുഴുവൻ കൂടെയുണ്ടായിരുന്നു ... ഒടുവിലെ ശുശ്രൂഷകൾക്കുശേഷം അവന്റെ പ്രിയപ്പെട്ടവർ അവസാനചുംബനം നൽകി യാത്രചൊല്ലി ഒരുപിടി മണ്ണുവാരിയിട്ടു തിരിഞ്ഞുനടന്നു .... ഇനി ഒരാളേയും കാണാനും,സ്നേഹിക്കാനുമാവാതെ ,ആരോടും സംസാരിക്കാനോ കൂട്ടുകൂടാനോ ആവാതെ അവനെ ആ മണ്ണേറ്റുവാങ്ങി... ഒടുവിൽ മാർബിളിൽ തീർത്തൊരു കല്ലറയിൽ കൊത്തിവച്ചോരു പേര് മാത്രമാണിന്നവൻ... ലഹരിയുടെ ഉപയോഗവും,അമിതവേഗവും നൽകുന്ന ശിക്ഷ ,ഈ വിധി ആർക്കും വരാതെയിരിക്കട്ടെ...
സുജി ...

രാധികയുടെ കഥ...


രാധികയുടെ കഥ...
അവളൊഴികെ മറ്റെല്ലാവരും അയാളുടെ വരവും കാത്തിരിക്കുകയാണ്... വിനോദിനെ കൊണ്ട് വരാൻ ആരാണ് പോവുന്നത് എന്ന ചോദ്യമാണ് അവളെ ഓർമ്മകളിൽ നിന്നും ഉണർത്തിയത്‌...
തെക്കേ തൊടിയിലെ മാവ്‌ മുറിക്കുന്ന ശബ്ദം കേൾക്കാം....അവിടെ നിന്നും കേള്ക്കുന്ന ഓരോ വെട്ടും അവളുടെ നെഞ്ചിൽ തറയുന്ന പോലെ ആയിരുന്നു അവൾക്ക്...
അവൾ താഴെ വെള്ള പുതപ്പിച്ചു കിടത്തിയിരിക്കുന്ന അമ്മയെ നോക്കി... നിറയുന്ന കണ്ണുകൾ മുന്നിലുളള കാഴ്ച മറയ്ക്കുന്നു....
ഈ അമ്മ കാരണമാണ്,അല്ലെങ്കിൽ ആ അമ്മക്ക് വേണ്ടിയാണു അവളിപ്പോഴും ജീവിച്ചിരിക്കുന്നത്... ഇനി ഇവിടെ തനിക്കൊരു സ്ഥാനവുമില്ല... എവിടേക്കെന്നറിയാതെ പടിയിറങ്ങണം.... ആ സത്യം അവൾ ഉൾക്കൊണ്ടു കഴിഞ്ഞു... അവളുടെ കൈ അറിയാതെ കഴുത്തിലെ മാലയുടെ അറ്റത്തു നെഞ്ചോടൊട്ടി കിടക്കുന്ന താലിയെ മുറുകെ പിടിച്ചു..
എയർപോർട്ടിന് പുറത്ത് കൂട്ടുകാർ വിനോദിനെയും കാത്തു നിൽപ്പുണ്ടായിരുന്നു... നാലു വര്‍ങ്ങഷക്ക് ശേഷം അയാൾ നാട്ടിലെത്തിയതാണ്... നിറഞ്ഞ കണ്ണുകളോടെ അവര്‍ പരസ്പരംനോക്കി ആരും മിണ്ടിയില്ല...
യാത്രക്കിടയിൽ അയാൾ ഓർമ്മകളുടെ ലോകത്തായിരുന്നു.. അവസാനമായി അമ്മ ഫോണിൽ വിളിച്ചത് അവൾക്ക് വേണ്ടിയായിരുന്നു.... അതുകൊണ്ട് ദേഷ്യപ്പെട്ടു ഫോൺ കട്ട് ചെയ്തു... ഇനി ഒരിക്കലും അമ്മയുടെ ശബ്ദം കേള്ക്കാൻ കഴിയില്ല.... അയാൾ വിങ്ങി കരഞ്ഞു....
അച്ഛൻ മരിച്ചതിനു ശേഷം ഒരുപാട് കഷ്ടതകൾ സഹിച്ചാണ് അമ്മ വിനോദിനെയും രണ്ടു സഹോദരിമാരെയും വളർത്തിയത്.. ഡിഗ്രി കഴിഞ്ഞപ്പോൾ ഒരു പരിചയക്കാരൻ വഴി അയാള്ക്ക് ഗൾഫിൽ ജോലി ശരിയായി.... പിന്നീട് അമ്മയെ ജോലിക്ക് വിടാതെ അയാൾ സഹോദരിമാരെ പഠിപ്പിച്ചു വിവാഹം നടത്തി... കൊള്ളാവുന്നൊരു വീടും വച്ചു... അപ്പോഴേക്ക് വയസ്സ് മുപ്പതു കഴിഞ്ഞു....അമ്മ തന്നെയാണ് അവനു ചേർന്ന പെണ്‍കുട്ടിയെ പോയി കണ്ടുറപ്പിച്ചത്.... രാധിക കാണാൻ നല്ല കുട്ടി ,ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.. ചെറുപ്പത്തിൽ അമ്മ മരിച്ചു അച്ഛൻ വീണ്ടും വിവാഹം കഴിച്ചു അതിൽ രണ്ടു മക്കളുണ്ട്... വളരെ ചുരുങ്ങിയ ദിവസത്തിനുള്ളിൽ വിവാഹം തീരുമാനിച്ചു...
അമ്മ തന്ന അവളുടെ മൊബൈൽ നമ്പറിൽ അയാൾ വിളിച്ചപ്പോഴൊക്കെ അവൾ ഓരോ തിരക്ക് പറഞ്ഞൊഴിയുകയായിരുന്നു..
ഒടുവിൽ കല്യാണ ദിവസം അവളെ കണ്ടപ്പോൾ അയാളുടെ മനസ്സ് നിറഞ്ഞു ഫോട്ടോയിൽ കണ്ടതിലും സുന്ദരി... സ്വഭാവം അങ്ങനെ തന്നെ ആവാൻ അയാൾ പ്രാർത്ഥിച്ചു....വിവാഹ ചടങ്ങുകളിലും അവൾ വല്ലാതെ അകലം പാലിക്കുന്നതായി അവനു തോന്നി.ടെൻഷൻ കൊണ്ടാവും എന്നായാൾ സമാധാനിച്ചു....
കല്യാണം ആഘോഷമാക്കാൻ അമ്മ ആരോഗ്യം മറന്നു ഓടി നടന്നത് കൊണ്ടാവാം കല്യാണ രാത്രി ,അമ്മക്കു ഇടയ്ക്കു വരാറുള്ള ശ്വാസ തടസ്സം ശല്യപ്പെടുത്തിയത്.... ഉടനെ ആശുപത്രിയിൽ എത്തിച്ചു...
അവിടെ നിന്നും എല്ലാവരെയും പറഞ്ഞു വിട്ടു രാധിക അമ്മക്കൊപ്പം നില്ക്കാൻ തയ്യാറായി... അതയാളെ വല്ലാതെ സന്തോഷിപ്പിച്ചു... എങ്കിലും അവർക്കിടയിൽ വല്ലാത്തൊരു മൗനം കനം വച്ചു നിന്നു....
ഹോസ്പിറ്റലിൽ നിന്നും വീട്ടിലെത്തിയപ്പോൾ അമ്മയും കൂട്ടുകാരും അവർക്കിടയിലെ മൗനം തിരിച്ചറിഞ്ഞു.... പെണ്ണിനെ കീഴ്പെടുത്തി സ്വന്തമാക്കുന്നതിൽ ആണത്തമില്ലെന്നും... പരസ്പരം അറിഞ്ഞു സ്നേഹിക്കുമ്പോഴേ ഏതു ബന്ധത്തിനും അർത്ഥം ഉണ്ടാവുകയുള്ളു എന്നുംഅയാൾ ഉറച്ചു വിശ്വസിച്ചിരുന്നു... അമ്മ പകർന്നു കൊടുത്ത നല്ല ശീലങ്ങളും നന്മയുള്ള ചിന്തകളും മറന്നു പ്രവര്‍ക്കാത്തിക്കാൻ അയാൾ മുതിര്‍ന്നില്ല....
അവളുടെ മനസ്സിൽ ഭാരമായി നില്ക്കുന്നത്‌ ഏതോ നഷ്ട പ്രണയമാണെങ്കിൽ അവൾ യാഥാർത്യവുമായി പൊരുത്തപ്പെട്ടു വരും വരെ കാത്തിരിക്കാൻ അയാൾ തയ്യാറായിരുന്നു...
വിരുന്നിനായി അവളുടെ വീട്ടിലെത്തിയതിന്‍റെ പിറ്റേ ദിവസം അവൾ രാവിലെ അമ്പലത്തിലേക്ക് പോയി... വരേണ്ട സമയം കഴിഞ്ഞു തിരികെ എത്താതെ അവളുടെ അച്ഛൻ തിരഞ്ഞിറങ്ങിയപ്പോൾ അവൾ അയാൾക്കായി എഴുതിയ കുറിപ്പ് മേശയിൽ അയാളെ കാത്തിരിക്കുന്നുണ്ടായിരുന്നു....
രണ്ടു വർഷമായി ഒരാളുമായി പ്രണയത്തിലാണെന്നും...ഈ വിവാഹം അവളുടെ സമ്മതമില്ലാതെ നടത്തിയതാണെന്നും... അത് കൊണ്ട് അയാൾക്കൊപ്പം പോവുകയാണെന്നും തന്നോട് ക്ഷമിക്കണം എന്നും അവൾ അതിലെഴുതിയിരുന്നു...
ജീവിതത്തോട് മല്ലിട്ടു കൊണ്ട്. ഇത്ര വരെ എത്തിയിട്ടും ഇങ്ങനെ ഒരു ചതി നേരിടേണ്ടി വന്നതോർത്ത് തകർന്ന മനസ്സുമായി അയാൾ വീട്ടിലേക്കു തിരിച്ചു വന്നു...
പ്രവാസം അവസാനിപ്പിക്കാൻ കൊതിച്ചു നാട്ടിലേക്ക് വന്ന അയാൾ ലീവ് ക്യാൻസൽ ചെയ്തു തിരികെ പോവുമ്പോൾ ഒരു വക്കീലിനെ കണ്ടു വിവാഹം വേര്‍പ്പെടുത്താൻ വേണ്ട ഏർപ്പാടുകൾ ശരിയാക്കാൻ അമ്മയോട് പറഞ്ഞിരുന്നു...
അതിനു വേണ്ടി അവളുടെ വീട്ടിൽ പോയ അമ്മ അവളെ കൂട്ടി തിരികെ വന്നത് ഒരിക്കലും അയാള്ക്ക് പൊരുത്തപെടാൻ കഴിഞ്ഞില്ല...
ഏതോ ആക്സിഡന്റിൽ ബോധമില്ലാതെ കിടന്ന അവളെ ആരോ ഹോസ്പിറ്റലിൽ എത്തിച്ചു.വിവരമറിഞ്ഞു വീട്ടുകാരെത്തി ഭേദമായപ്പോൾ വീട്ടിലേക്കു മാറ്റി... ആ വീട്ടിൽ പിന്നീട് അവളെ ആർക്കും ഇഷ്ടമില്ലാതെയായി...ചെറിയമ്മയുടെ കുത്തു വാക്കും ചീത്തയും ശാപങ്ങളും കേട്ടു ആർക്കും വേണ്ടാതെ സ്വയം ഉരുകിത്തീരുന്ന അവളെ അമ്മയുടെ കാലം കഴിയും വരെ നോക്കികൊളളാമെന്ന ഉറപ്പിൽ കൂടെ കൊണ്ട് വരുമ്പോൾ... അവള്‍ മൂലം മനസ്സ് നീറി കഴിയുന്ന അച്ഛൻ രണ്ടു സഹോദരങ്ങളുടെ ജീവിതം കൂടെ തകർക്കാനായി തിരികെ വരരുതെന്ന് പറഞ്ഞു... പടിയിറക്കി...
പിന്നീട് അമ്മ പറഞ്ഞാണ് അവൾക്ക് അന്ന് സംഭവിച്ചത് അയാൾ അറിഞ്ഞത്...
ഫേസ് ബുക്കിലൂടെ സുന്ദരനായ യുവാവുമായി തുടങ്ങിയ സൗഹൃദം പതിയെ പ്രണയത്തിലേക്ക് വഴിമാറി.. ഏതോ കമ്പനിയുടെ പർച്ചേസ് മാനേജർ ആണെന്ന് അവൻ അവളെ വിശ്വസിപ്പിച്ചിരുന്നത്... അതുകൊണ്ട് വിവാഹ സമയത്തു അവൻ നാട്ടിലുണ്ടായിരുന്നില്ല വരും വരെ കാത്തിരിക്കാൻ അവൻ പറഞ്ഞതനുസരിച്ചാണ് അവൻ മടങ്ങി എത്തിയതറിഞ്ഞു അവൻ പറഞ്ഞ സ്ഥലത്തേക്ക് അവൾ ചെന്നത്...
ദൂരെ സുഹൃത്തിന്‍റെതെന്നു പറഞ്ഞു അവൻ കൂട്ടികൊണ്ടു പോയ വീട്ടിലെത്തിയപ്പോൾ അവന്‍റെ ഭാവം മാറുകയായിരുന്നു... മദ്യപിച്ചു ലക്കു കേട്ടപ്പോൾ ഒരാഴ്ച ഒരുത്തനൊപ്പം കഴിഞ്ഞ അവളെ കൊണ്ട് വന്നത് തനിക്കു വേണ്ടിയല്ലെന്നും അവളെ വിലക്കു വാങ്ങിയവർ വന്നു കൊണ്ട് പോവുമെന്നവൻ പറഞ്ഞപ്പോൾ അവൾ തകർന്നു പോയി...
അവൻ ഒരു ക്രിമിനലും പെണ്‍കുട്ടികളെ സ്നേഹം നടിച്ചു തട്ടി കൊണ്ട് വന്നു പണത്തിനു വേണ്ടി വിൽക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയും ആണെന്ന് അവൾ തിരിച്ചറിയുകയായിരുന്നു,തന്‍റെ സ്വപ്നങ്ങളെ തല്ലി തകർത്ത് ജീവിതം തകർക്കാൻ ശ്രമിച്ചവനെ തലക്കടിച്ചു വീഴ്ത്തി അവൾ അവിടെ നിന്നുംഇറങ്ങിയോടി...
എവിടേക്കു പോവണം എന്ത് ചെയ്യണം എന്നറിയാതെ ഒറ്റപ്പെട്ടപ്പോൾ
സ്വന്തം തെറ്റിന് മാപ്പില്ലെന്ന തിരിച്ചറിവിൽ
വിനോദ് കെട്ടിയ താലി കഴുത്തിൽ കിടന്നു അവളുടെ മനസാക്ഷിയെ പൊള്ളിച്ചു.. ഇനി ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്ന ചിന്ത ഏതോ വാഹനത്തിനു മുന്നിലേക്ക് ചാടി മരിക്കാൻ അവളെ പ്രേരിപ്പിച്ചു...
അവളിലെ കുറ്റങ്ങളെല്ലാംസമയത്തിനു ശ്രദ്ധിക്കാൻ ഒരമ്മയില്ലാതെ വളർന്നത് കൊണ്ടാണെന്നു അമ്മ ഉറച്ചു വിശ്വസിച്ചു ,അത് മകനെ വിശ്വസിപ്പിക്കുന്നതിൽ അവർ തോറ്റുപോയി... എങ്കിലും എന്‍റെ മക്കളെക്കാൾ കാര്യമായി അവളെന്നെ നോക്കുന്നുണ്ടെന്നു അമ്മ ആവര്‍ത്തിച്ചു പറയുമായിരുന്നു....
വണ്ടി വീടിനടുത്തെത്തിയതും സഹോദരിമാരുടെ ഉച്ചത്തിലുള്ള... കരച്ചിലാണ് അയാളെ ഓർമ്മകളിൽ നിന്നും ഉണർത്തിയത്...
ഞാൻ ഇനി അധികം നാളൊന്നും ഉണ്ടാവില്ല... 'അമ്മ എന്‍റെ കുട്ടീടെ ജീവിതം നശിപ്പിച്ചു പൊറുത്തേക്കാണെടാ മക്കളെ... അവൾക്കു വേണ്ടി സംസാരിച്ചതിന് അമ്മയോട് ദേഷ്യപ്പെട്ടു ഫോൺ വക്കാൻ നേരം അമ്മ പറഞ്ഞ വാക്കുകൾ ഇപ്പോൾ അറം പറ്റിയിരിക്കുന്നു... അമ്മക്കരികിലിരുന്നു ഒരു കൊച്ചു കുട്ടിയെ പോലെ അയാൾ വാവിട്ടു കരഞ്ഞു...
ചിതയൊടുങ്ങി..... വന്നവരെല്ലാം തിരിച്ചു പോയി വീട്ടിലുള്ളവർ മാത്രമായി... അയാൾ മുറിയിൽ തുറന്നിട്ട ജനലിലൂടെ അമ്മയുടെ ചിതയിലേക്ക് നോക്കി നിൽക്കുമ്പോൾ വാതിലിൽ മുട്ടികൊണ്ട് രാധിക കടന്നു വന്നു..
തന്‍റെ കഴുത്തിൽ കിടന്ന താലിമാല ഊരി അയാളുടെ കൈയ്യിൽ വച്ചു കൊടുത്തു.. എവിടേക്കെന്നറിയില്ലെങ്കിലും ഇനി കണ്മുന്നിൽ വരാതിരിക്കാൻ ഞാൻ പോവുകയാണ് എന്നു പറഞ്ഞു കൊണ്ട് അയാളുടെ കാൽക്കല്‍ തല കുനിച്ചിരുന്നു മനസ്സുകൊണ്ടവൾ മാപ്പിരന്നു..
പാദങ്ങളിൽ കണ്ണുനീർ വീണു പൊളളിയപ്പോൾ. അയാൾ അവളെ പിടിച്ചുയർത്തി പതിയെ നെഞ്ചോടു ചേർത്തു.... അമ്മയുടെ ആഗ്രഹം പോലെ വെറുപ്പിന്‍റെ അറ്റത്തു നിന്നും അവളെ സ്നേഹിക്കാൻ അയാൾ മനസ്സുകൊണ്ട് ഒരുങ്ങുകയായിരുന്നു...അപ്പോൾ ജനലിലൂടെ വലം വച്ചു വന്നൊരു കാറ്റിൽ അമ്മയുടെ ഗന്ധം അയാൾ തിരിച്ചറിഞ്ഞു...
സുജി....

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo