നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ജാതകദോഷം ....

Image may contain: 2 people, people smiling, selfie and close-up
ശ്രീപ്രിയ ഒരിക്കൽക്കൂടെ നടയിലേക്ക് നോക്കി തൊഴുതുകൊണ്ട് തിരിഞ്ഞു. പാടവരമ്പിലൂടെ ഇളംവെയിലിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട്, പരിഷ്‌ക്കാരം വന്നെത്താൻ കാത്തുനിൽക്കുന്ന നാട്ടുവഴിയിലൂടെ മുന്നോട്ടുനടന്നു...
മുത്തിയമ്മയുടെ പറമ്പിൽ ആരൊക്കെയോ അളന്നു തിരിക്കുന്നു ,ഏതോ ബന്ധുവിന്റെ കയ്യിലിരുന്ന ഭൂമിയുടെ വില്പനകഴിഞ്ഞതും അവിടെ വലിയൊരു ഷോപ്പിംഗ്കോംപ്ലക്സ് വരുന്നു എന്നുമൊക്കെ കേട്ടിരുന്നു..
വീട്ടിലെത്തിയപ്പോൾ ഉമ്മറക്കോലായിൽ രാമേട്ടനെ കണ്ടു ..ടൗണിൽനിന്നുള്ള ആലോചനകൾ നാട്ടിലെത്തിക്കുന്നതു രാമേട്ടനാണ്... ചിരിച്ചുകൊണ്ട് അകത്തേക്ക് നടക്കാനൊരുങ്ങുമ്പോൾ പിന്നിൽ നിന്നും വിളിച്ചു, കുട്ട്യേ ഒന്ന് നിക്ക്വ , ഒരാലോചനയുണ്ട്. അയാൾ നേരത്തെ കുട്ടിയെ കണ്ടിരിക്കണൂ, ജാതകത്തിലൊന്നും വലിയ വിശ്വാസം ഇല്ലത്രേ..അച്ഛൻ പറഞ്ഞത് കുട്ടിയോട് ചോദിച്ചിട്ടു തീരുമാനിക്കാംന്നാ ,ആ സമ്മതം ഇങ്ങട്ടു തന്നാൽ ഇക്കുറിയെല്ലാം ശരിയാവുംന്നെന്റെ മനസ്സ് പറയുന്നു ...പുഞ്ചിരിച്ചുകൊണ്ട് ഒരുനെടുവീർപ്പോടെ അവൾ തിരിഞ്ഞുനടന്നു..
ടൗണിൽ ഒരു കമ്പ്യൂട്ടർ സെന്ററിലെ ടീച്ചറാണ് ശ്രീപ്രിയ, വീട്ടിലെ ശ്രീക്കുട്ടി ...വിശ്വനാഥമേനോന്റെ മകൾ,വയസ്സ് 28. ജാതകത്തിൽ ചെറിയ ദോഷം ഉള്ളതുകൊണ്ട് വരുന്ന ആലോചനകൾ പാതിവഴിയിൽമുടങ്ങാറാണു പതിവ്. ദോഷത്തെ മറികടത്താൻ പ്രതീക്ഷിക്കുന്ന സ്വത്തിന്‌ വഴിയില്ലായെന്ന അറിവും ഒരു കാരണമാണ്,
അവരുടേത് പണ്ടൊരു കൂട്ടുകുടുംബം ആയിരുന്നു. പാടവുംപറമ്പും കൃഷിയും, നിറയെ ജോലിക്കാരും. എന്നും ഉത്സവംപോലെയായിരുന്നു, കാലം ചെല്ലുംതോറും കൃഷിയും ആദായവും കുറഞ്ഞു തുടങ്ങിയപ്പോൾ വല്യച്ഛൻമ്മാരും ,അമ്മായിമാരും അവർക്കുള്ള ഭാഗം വാങ്ങിപ്പിരിഞ്ഞു, കൃഷികൾ നശിച്ചതോടെ അറയുംപറയും ഒഴിഞ്ഞു. പണിക്കാരെല്ലാം പലവഴി പിരിഞ്ഞുപോയി. പഴയ പ്രതാപത്തെ ഓർമ്മിപ്പിക്കാൻ വലിയവീടെന്നു പേരുള്ള ആ വീടുമാത്രം തലയുയർത്തിനിന്നു....
അച്ഛന് രണ്ടുതവണ അറ്റാക്കുവന്നതോടെ ചികിത്സക്കും, ഉണ്ടായിരുന്ന കടങ്ങൾ വീട്ടാനുമായി വീടിന്റെ ആധാരം പണയത്തിലുമായി. വീടുകഴിയുന്നതു ഇപ്പോൾ ശ്രീക്കുട്ടിയുടെ വരുമാനത്തിലാണ്. അവൾക്കു താഴെ ശ്രീപ്രസാദ്‌ വീടിന്റെ രക്ഷക്കുവേണ്ടി പ്രവാസത്തിനിറങ്ങിയിട്ടു ആറുമാസം ആവുന്നു.. അവൻ അയക്കുന്ന പണം ആവീടിനൊരു ആശ്വാസമായിത്തുടങ്ങി ....
അടുത്ത ഞായറാഴ്ച പെണ്ണുകാണൽ ഉറപ്പിച്ചു. നാട്ടിൽ വരുന്ന ഷോപ്പിംഗ്‌കോപ്ലക്സിന്റെ ഉടമ.രാജശേഖരമേനോന്റെ മകൻ ,അയാളുടെ ഒരുപാട് സ്ഥാപനങ്ങൾക്കും സ്വത്തിനുമുള്ള ഏക അവകാശി ,ആകാശ് മേനോൻ. അതുകൊണ്ട് തന്നെ ഇത് നടക്കില്ലെന്നു ശ്രീക്കുട്ടി ഉറപ്പിച്ചു ...
ഉള്ളതിൽ കൊള്ളാവുന്ന സാരിയിൽ ശ്രീക്കുട്ടി അവർക്കുമുന്നിലെത്തി ചായക്ക്‌ ശേഷം ,അവർക്കു സംസാരിക്കാനുള്ള അവസരം ഒരുങ്ങി. പയ്യൻ കാണാൻ സുന്ദരൻ എത്രയോ പണമുള്ള സുന്ദരിപ്പെണ്ണിനെ കിട്ടാൻ യോഗ്യൻ
ഇയാൾക്ക് വട്ടാണോ അവൾ ഒരുനിമിഷം സംശയിച്ചു ,അയാൾ അടുത്ത് വന്നു. അവളോട് സംസാരിച്ചു ... പിശുക്കിപ്പിടിച്ചു അവൾ മറുപടി കൊടുത്തു... തിരിഞ്ഞു പോകുംമുമ്പ് അയാൾക്കു അവളെ ഇഷ്ട്ടപ്പെട്ടെന്നറിയിച്ചു,അവളുടെ ഇഷ്ടം രാമേട്ടനെ അറിയിച്ചാൽ മതിയെന്ന് പറഞ്ഞു. അയാൾ അവളെ പ്രിയക്കുട്ടിയെന്നു വിളിച്ചോട്ടെയെന്ന ചോദ്യംകേട്ട് അവളുടെ മനസൊന്നു പിടഞ്ഞു അരുതെന്നുള്ള മറുപടി തൊണ്ടയിൽ കുരുങ്ങി. അയാൾ യാത്രപറഞ്ഞു പിരിയുമ്പോൾ അവളുടെ മനസ്സ് പിടിവിട്ടുപോയിരുന്നു,
************************************************************
പ്രിയക്കുട്ടീ ...പാടത്തുനിന്നും ഉണ്ണിയേട്ടന്റെ വിളികേട്ടു. കുളത്തിൽനിന്നു ആമ്പലോ, പാടത്തുനിന്നും കിളിക്കൂടോ കിട്ടിക്കാണും അവൾ ഇറങ്ങിയോടി. നാട്ടിലെ എല്ലവർക്കും പ്രിയപ്പെട്ട മുത്തിയമ്മേടെ ബന്ധുവാണ് ഉണ്ണിക്കുട്ടൻ. അവന്റെ 'അമ്മ പ്രസവത്തോടെ മരിച്ചു. പിന്നീട് അവനെ വളർത്തിയത് അച്ഛനും മുത്തശ്ശിയും കൂടെയാണ്. പെട്ടെന്ന് ഒരുദിവസം നെഞ്ചുവേദന വന്നു ഉണ്ണീടച്ഛൻ കുഴഞ്ഞുവീണു മരിച്ചതോടെ മുത്തശ്ശിയും ഉണ്ണിയും തനിച്ചായി. ശ്രീക്കുട്ടിയുടെവീട്ടിൽ ജോലികൾക്കു സഹായിച്ചും ,അമ്പലത്തിലേക്കുള്ള
മാലകെട്ടിക്കൊടുത്തുമാണ് മുത്തിയമ്മ അവനെ വളർത്തിയത്. ശ്രീക്കുട്ടിടെ വീട്ടിലായിരിക്കും അവനെപ്പോഴും.അവിടെ എല്ലാവർക്കും അവനെ ജീവനായിരുന്നു ....
ശ്രീക്കുട്ടി ആദ്യമായ് സ്കൂളിൽ പോയത് ഉണ്ണീടൊപ്പമായിരുന്നു,അവളെ ഒരുപാട് ശ്രദ്ധിച്ചും, അവളുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാൻ എന്തുസാഹസത്തിനും തയ്യാറായി ഒപ്പം ഉണ്ടായിരുന്നു ആ പത്തുവയസ്സുകാരൻ.. പ്രായാധിക്യത്താൽ മുത്തശ്ശികിടപ്പിലായപ്പോൾ ദൂരെയുള്ള ഏതോ ബന്ധുവീട്ടുകാർ അവരെകൂടെ കൊണ്ടുപോവാൻ വന്നു. ഉണ്ണിപോവുന്നതറിഞ്ഞു ശ്രീക്കുട്ടി പൊട്ടിക്കരഞ്ഞു.
ആ നാട്ടിൽനിന്നുപോവാൻ ഉണ്ണിക്കും തീരെ ആഗ്രഹം ഇല്ലായിരുന്നു , പോവാൻ നേരം ഓണത്തിന് എല്ലാരും ഒന്നിച്ചെടുത്ത ഫോട്ടോ ശ്രീക്കുട്ടീടെ അച്ഛന്റെ കയ്യിൽനിന്നും ഉണ്ണി ചോദിച്ചു വാങ്ങി. ശ്രീക്കുട്ടിയെ കാണാൻ വരുമെന്ന് കരഞ്ഞുകൊണ്ട് വാക്കുകൊടുത്തു അവൻ അവർ കൊണ്ട് വന്ന കാറിൽ കയറി. അങ്ങ് ദൂരം വരെ പുറകോട്ടു നോക്കിയിരിക്കുന്ന ഉണ്ണിയെ നോക്കി ശ്രീക്കുട്ടി ഏങ്ങലടിച്ചുകരഞ്ഞു...
പിന്നീട് അവരെ കുറിച്ച് തിരക്കിപ്പോയ അച്ഛൻ കൊണ്ട് വന്നത് മുത്തിയമ്മ മരിച്ചെന്നും ഉണ്ണി എങ്ങോട്ടോപോയെന്നും ഉള്ള വാർത്തയായിരുന്നു.. പിന്നീടെപ്പോഴോ കാലം ഓർമ്മകൾക്ക് മറകെട്ടി..
ഇന്നിപ്പോൾ മറ്റൊരാളുടെ വായിൽനിന്നും ആവിളി കേട്ടപ്പോൾ ശ്രീക്കുട്ടി പഴയകാലത്തെ ഓർമ്മകളിൽ നിന്നും കരയ്ക്ക്‌കയറാനാവാത്തവിധം ഒഴുകിനടന്നു.. അവൾ ഉണ്ണിയെപ്പറ്റി ഓർത്തു ഉണ്ണിയേട്ടനിപ്പോ എവിടെയായിരിക്കും. വിവാഹമൊക്കെ കഴിച്ചുകാണുമോ. ഒരിക്കൽപ്പോലും ഈ നാട്ടിലേക്കും തന്നെക്കാണാനും വരാൻ തോന്നാഞ്ഞതു എന്തുകൊണ്ടാവും ...
രാമേട്ടന്റെ സംസാരം അവളെ ചിന്തയിൽനിന്നുണർത്തി. അച്ഛനോട് അയാളെന്തോ അടക്കം പറഞ്ഞു. അച്ഛന്റെ മറുപടി ഉറക്കെയായിരുന്നു, എന്റെ മകൾക്കു സന്തോഷവും സമാധാനവുമായി ജീവിക്കാനുള്ള വകയുണ്ടല്ലോ അതുമതി വേറെ ഒന്നും ഞാൻ ചിന്തിക്കുന്നില്ല. തറവാട്ടു വകയും പാരമ്പര്യവും ഉള്ളവീട്ടിൽ പിറന്നിട്ടും ഇന്നെന്റെ കുട്ടി കൊണ്ടുവന്നിട്ടല്ലേ ഇവിടെ ജീവിക്കുന്നത്. അവൾ രക്ഷപ്പെടണം എനിക്കത്രേള്ളൂ ..
വിവാഹത്തിന്റെ സമയം അടുക്കുംതോറും അവളുടെ മനസ്സ് ആകെ അസ്വസ്‌തമായിരുന്നു,എന്തെന്നറിയാതെ ഒരാശങ്ക. അവൾക്കണിയാനുള്ള വസ്ത്രങ്ങളും സ്വർണ്ണാഭരണങ്ങളും അവർ കൊണ്ടുവന്നു... പണയത്തിലിരുന്ന വീടിന്റെ ആധാരം തിരിച്ചെടുപ്പിച്ചു, ശ്രീപ്രസാദിനെ ഗൾഫിൽനിന്നും തിരികെ വരുത്തി. നാട്ടിലെ ഷോപ്പിംഗ് കോപ്ലക്സിലേക്കു മാനേജരായി നിയമിച്ചു ..
വിവാഹം മംഗളമായിനടന്നു . ഭർത്താവിന്റെ വീട്ടിൽ എല്ലാവരും അവളെ റാണിയെപ്പോലെ വാഴിച്ചു... അവളുടെ മനസ്സുമാത്രം എന്തോ, പൊരുത്തപ്പെടാനാവാതെ മാറിനിന്നു ...
ഒരുദിവസം ഓഫീസ് കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന അയാളുടെ സ്വകാര്യമുറിയിലേക്ക് ആദ്യമായി മടിച്ച് കയറിച്ചെന്ന അവൾ ഞെട്ടി സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാതെനിന്നു ..
മനസ്സിലെ ക്യാൻവാസിൽനിന്നും പകർത്തിയ പെയിന്റിങ്ങുകൾ. ഒരുനാട്ടിൻപുറത്തെ കാഴ്ചകളും ,അമ്പലവും ,അത്‌അവളുടെ നാട്ടിലെ കാഴ്ചകളാണെന്നത് അവളെ അമ്പരപ്പിച്ചു. അതിനടുത്തായി ഫ്രെയിംചെയ്തു വച്ചിരിക്കുന്ന വലിയ ഫോട്ടോയിൽ അവൾക്കുള്ള മറുപടിയുണ്ടായിരിക്കുന്നു. ഓണക്കാലത്ത് തറവാട്ടിലെ എല്ലാരും ഉണ്ണിയേട്ടനും ഒന്നിച്ചെടുത്ത ഫോട്ടോ. അമ്പരപ്പോടെ അതിരറ്റ ആഹ്ലാദത്തോടെ അവനെ നോക്കിനിന്ന അവന്റെ പ്രിയക്കുട്ടിയെ നെഞ്ചോടുചേർത്തു പിടിക്കുമ്പോൾ അവളോട് പറയാൻ ഒത്തിരി കഥകൾ അവന്റെ മനസ്സിലുണ്ടായിരുന്നു..
മുത്തശ്ശിമരിച്ചതും ആ വീട്ടിൽ അവനൊരു അധികപ്പറ്റായതും,എങ്ങോട്ടെന്നറിയാതെ വീടുവിട്ടുപോയതും ,പല സ്ഥലങ്ങളിലായി ജോലിതേടി ജീവിച്ചതും... വഴിയിൽ തളർന്നുവീണ രാജശേഖരൻ എന്നമനുഷ്യനെ രക്ഷിച്ചത്തോടെ അവന്റെ ജീവിതം മാറി മറിഞ്ഞതും ....
സ്നേഹിച്ചപെണ്ണിനെയും കൊണ്ട് നാടുവിട്ടു വന്നു, കൂട്ടുകാരനൊപ്പം ഒരുസ്ഥാപനം തുടങ്ങി സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങിയപ്പോൾ അവരുടെ മകനെ മരണം തട്ടിപ്പറിച്ചു ...തകർന്ന മനസ്സുമായി ജീവിക്കുമ്പോൾ കൂട്ടുകാരൻ കടങ്ങൾ വരുത്തിവച്ചതോടെ ഫാക്ടറി നഷ്ടത്തിലായി കേസിൽപ്പെട്ടു. ഉണ്ണിക്കുട്ടൻ അവരുടെ വീട്ടിൽ എത്തിയതിപ്പിന്നെയാണ് ഫാക്ടറി തിരികെക്കിട്ടാൻ വിധിവന്നത് ... ഉണ്ണിക്കുട്ടൻ വന്നുകയറിയതിന്റെ ഐശ്വര്യംകൊണ്ടാണ് പിന്നീട് വന്ന പലനേട്ടങ്ങളും എന്നവർ വിശ്വസിച്ചു. ഒടുവിൽ ആ നാട്ടിൽ നിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങിയപ്പോഴേക്കും അവൻ അവരുടെ സ്വന്തം മകനായിക്കഴിഞ്ഞിരുന്നു... പിന്നീട് നല്ലനിലയിൽ വളരാനും വിദേശത്തെല്ലാം പോയി പഠിക്കാനും, ഒടുവിൽ എല്ലാസ്വത്തിനും ഏക അവകാശിയാവാനും ഭാഗ്യമുണ്ടായ കഥകൾ... അവൾകണ്ണീരോടെ എല്ലാംകേട്ടുനിന്നു ....
പടിപ്പുകഴിഞ്ഞു തിരികെ എത്തിയപ്പോഴാണ് വലിയവീട്ടിലെ ഇപ്പോഴത്തെ അവസ്ഥകൾ അറിഞ്ഞത്,
അങ്ങനെയാണ് ഈ ആലോചനയുമായി രാമേട്ടനെ പറഞ്ഞുവിട്ടത്. ഞാൻ ഇവരുടെ ദത്തുപുത്രനാണെന്നു നിന്റെ അച്ഛനെ അറിയിച്ചിരുന്നു. നിന്നെ നന്നായി നോക്കുന്ന ഒരാളെമതിയെന്നു മറുപടികിട്ടി.. പിന്നെ ഞാൻ ആരാണെന്നു നീ പതിയെ അറിഞ്ഞാൽ മതിയെന്ന് തോന്നി.. അവൻ പുഞ്ചിരിയോടെ പറഞ്ഞു നിർത്തി..
അവരിപ്പോൾ ഒന്നിച്ചൊരു യാത്രക്കായി ഒരുങ്ങുകയാണ്. അവരുടെ മാത്രമായ ഓർമ്മകൾ ഉള്ള നാട്ടിലേക്ക് നഷ്ടപ്പെട്ട കുട്ടിക്കാലം ഓർത്തെടുക്കാൻ. ആ നാടിൻറെ ഉണ്ണിക്കുട്ടനെ തിരികെ കിട്ടിയ സന്തോഷത്തോടെ അവളും. ആ നാടിനെ തിരികെ കിട്ടിയ സന്തോഷത്താൽ അവനും..
അവർ അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞിറങ്ങി...
സുജി....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot