നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അച്ഛൻ

Image may contain: 1 person, smiling, closeup

പറമ്പിലിരുന്ന് അച്ഛാച്ചന്റെ കൂടെ കളിക്കുന്ന കിച്ചുവിനെ കണ്ടപ്പോൾ അറിയാതെ കണ്ണൊന്നു നിറഞ്ഞു....
അല്ലെങ്കിലും ഇങ്ങനാ സന്തോഷം മനസ്സ് നിറഞ്ഞു വരുമ്പോളും ഈ വൃത്തികെട്ട കണ്ണീര് പൊട്ടിപുറപ്പെടും... ചങ്കിലൊരു പിടുത്തവും കൊണ്ട് .
പറമ്പിലെ പൊഴിഞ്ഞു വീണ കവുങ്ങിൻ പാള തപ്പി നടക്കാണ് അച്ഛച്ചനും മോനും ....മോന്റെയും അച്ഛന്റെയും തലയിൽ പ്ലാവിലകൊണ്ടുള്ള കിരീടവും മച്ചിങ്ങ കൊണ്ടുള്ള കാതിൽ തൂക്കുമെല്ലാമുണ്ട് .
ചെറുപ്പത്തിൽ അച്ഛനെ ഇങ്ങനെ കളിച്ചു ചിരിച്ചു കണ്ടിട്ടില്ലെങ്കിലും പ്രാണനാണ് എനിക്ക് ...
അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ആദ്യത്തെ കണ്മണി ആണാവാനായി കുടുംബം മുഴുവൻ ആഗ്രഹിച്ചപോളും അച്ഛനെപ്പോളും ചോദിക്കുമെന്ന് മോൾടെ അനക്കം അറിഞ്ഞോ എന്ന് ..
രക്തസമ്മര്ദം കൂടി അമ്മ മാസം തികയ്ക്കില്ലാന്നു ഡോക്ടർ പറഞ്ഞപ്പോളും അച്ഛൻ പറഞ്ഞെന്ന്.... "ന്റെ മോളാ അവള് ..നേരാവുമ്പോളേ അവള് വരൂ "ന്ന് .
അർധരാത്രിയിൽ പറയാതെ വന്ന പ്രസവ വേദന കൊണ്ട് അമ്മ പുളഞ്ഞതും ...ആരെയും വിളിച്ചാൽ കിട്ടാതെ വന്നപ്പോൾ ഓട്ടോയെടുത്തു ഒറ്റക്ക് അമ്മയെ കൂട്ടി ആസ്പത്രിയിലേക്ക് ഓടിയതും ...
മേല്പാലമില്ലാത്ത റയിൽവേ ഗേറ്റിൽ മിനിറ്റുകളോളം വേദനയും പേടിയും സഹിച്ചു അവർ കാത്തു നിൽക്കുന്ന കഥയറിയാതെ പുറത്തേക്ക് തലയിട്ടു നോക്കിയ എന്നെ കണ്ട് അമ്മയുടെ ബോധം പോയതും ....
പേടിച്ചു പാതി ജീവൻ പോയെങ്കിലും ഏതോ വിപദിധൈര്യത്തിൽ അച്ഛൻ ആസ്പത്രിയിലെത്തിച്ചതും ...
കുഞ്ഞിന്റെ തല പുറത്തേക്ക് വന്നെങ്കിലും അമ്മക്ക് പ്രഷർ കൂടി അമ്മയും കുഞ്ഞും ബോധമില്ലാത്ത അവസ്ഥയിലാണെന്നും ഒന്നും പറയാൻ പറ്റില്ലെന്നുമറിയിച്ച ഡോക്ടറോട് കഥയൊന്നും കേക്കണ്ട എനിക്ക് രണ്ടാളേം ജീവനോടെ വേണം എന്ന് പറഞ്ഞു അവരുടെ കാല് പിടിച്ചതും അമ്മ പറഞ്ഞു കേട്ട അറിവാണ് ...
ഒന്ന് ഇഴയാൻ പ്രായമായപ്പോളേക്കും എന്തിലും പോയി തലയിടുന്ന എന്റെ പിന്നാലെ എപ്പോളും അച്ഛനുണ്ടായിരുന്നു ..
പിച്ചവച്ചു നടക്കാറായപ്പോൾ നെല്ല് പുഴുങ്ങിയിറക്കിയ ഉമിയടുപ്പിലേക്ക് അമ്മയുടെ നോട്ടമെത്തും മുൻപേ പോയി കാലെടുത്തു വച്ചതും എടുക്കാൻ പറ്റാതെ പ്രാണൻ പിടഞ്ഞു കരഞ്ഞ എന്നെയും പൊക്കിയെടുത്തു കൊണ്ട് അച്ഛനോടുമ്പോൾ ഒരു ഷർട്ട് പോലും ഇട്ടില്ലായിരുന്നു ...
അച്ഛന്റെ നെഞ്ചിൽ വേദന സഹിക്കാതെ ഞാൻ കടിച്ച കടികളൊന്നും അച്ഛനറിഞ്ഞേയില്ല .
അന്നത്തെ പൊള്ളൽ , മാസം രണ്ടാണ് എന്നെയും കൊണ്ട് അച്ഛനെ വേതാളത്തെ ചുമന്ന വിക്രമാദിത്യനെ പോലെ നടത്തിച്ചത് .
അടുത്തുള്ളവരൊക്കെ ഉത്സവത്തിനു പോകുമ്പോൾ കൂടെ വിളിച്ചാലും പോകാതെ , അച്ഛൻ വരാനായി കാത്തിരുന്ന് ഉറങ്ങിപ്പോകുന്ന ഞാൻ ,കണ്ണുതുറക്കുന്നത് പാതിരാത്രിയിൽ വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന അമ്പലപറമ്പിലെ വളകച്ചവടക്കാരന്റെ മുൻപിലായിരുന്നു.
കൈനിറയെ വളകളും ചുണ്ട് ചുമപ്പിക്കുന്ന മിട്ടായിയും കയ്യിലൊതുങ്ങാത്ത പൊരി പൊതിയും ഈത്തപ്പഴ പൊതിയും കൊണ്ട് വീട്ടിലേക്ക് മടങ്ങി വരുമ്പോൾ സ്വർഗം വെട്ടിപ്പിടിച്ച സന്തോഷമായിരുന്നു .
പൂരവും പെരുന്നാളും തുടങ്ങിയാൽ പിന്നെ , സ്ഥിരം കേൾക്കുന്ന ഐസ് വില്പനക്കാരന്റെ സൈക്കിളിന്റെ മണിയടി കേൾക്കുമ്പോളേക്കും ഓടും ... അച്ഛനടുത്തേക്ക് അമ്മയുടെ ഉണ്ടക്കണ്ണുകളെ അവഗണിച്ചു കൊണ്ട് ..
അച്ഛൻ തന്ന ചില്ലറത്തുട്ടുകൾ കൊണ്ട് സ്വന്തമാക്കിയ പാൽഐസും കൊണ്ട് അമ്മയുടെ മുൻപിൽ ചെന്നു നിന്നാലേ പിന്നൊരു സമാധാനമുള്ളു ..
സ്കൂളിൽ നിന്നും കുത്തിവെപ്പെടുത്ത വേദന കൊണ്ട് കൈ പൊക്കി പിടിച് അച്ഛനടുത്തേക്ക് ഓടിച്ചെല്ലുമ്പോളേക്കും അച്ഛൻ നേരെ കൂട്ടും അമ്പലമുക്കിലെ പലചരക്കു കടയിലേക്ക് ...പിന്നെ വാ നിറയെ കപ്പലണ്ടി മിട്ടായിയും കൈനിറയെ തേൻനിലാവുമായി മടങ്ങി വരുമ്പോളേക്കും വേദനയെങ്ങോ പോയിട്ടുണ്ടാവും
മുതിർന്നപ്പോഴോ അനിയത്തി വന്നപ്പോഴാ എപ്പോഴാണ് അച്ഛനോടുള്ള സ്വാതന്ത്രം കുറഞ്ഞത് അറിയില്ല , പക്ഷേ പലപ്പോഴും അമ്മയായിരുന്നു പിന്നീട് മധ്യസ്ഥ .
എന്നാലും അമ്മ വഴി അച്ഛൻ എല്ലാ ഇഷ്ടങ്ങളും നടത്തി തരുമായിരുന്നു ..
അടുക്കളയിൽ സഹായത്തിനു വിളിക്കുന്ന അമ്മയെ പഠിക്കാനുണ്ടെന്നു പറഞ്ഞു വഴക്കു തുടങ്ങുമ്പോളെക്കും അച്ഛൻ ചെല്ലും അവള് പഠിച്ചോട്ടെ ഞാൻ സഹായിക്കാമെന്നു പറഞ് ..അച്ഛനെ വേണ്ടെന്നു പറഞ്ഞു മടക്കുന്ന അമ്മ പിന്നെ അച്ഛനില്ലാത്തപ്പോൾ നടുമ്പുറത്തു അടിച്ചാണ് അടുക്കളയിലേക്കു വിളിക്കുന്നത് ഒഴിഞ്ഞു മാറാൻ പറ്റാത്ത വിധം .
പഠിപ്പു കഴിഞ്ഞിട്ട് മതി കല്യാണമെന്ന വാശി സമ്മതിച്ചു തന്ന അച്ഛൻ വീടിനടുത്തു തന്നെയുള്ള യദുവേട്ടന്റെ ആലോചന വന്നപ്പോൾ മറന്നത് വെറുതെയല്ലെന്ന് പഠിപ്പ് തുടർന്നോളാൻ യദുവേട്ടനും അവിടുത്തെ അമ്മയും നിർബന്ധിച്ചപ്പോൾ മനസിലായി .
കല്യാണത്തിന്റെ തലേദിവസം വരെ ഓരോന്ന് ഒരുക്കാൻ ഓടിനടക്കുമ്പോളും എന്റെ ഇഷ്ടങ്ങൾ ചോദിച്ചറിയാൻ അച്ഛൻ മറന്നില്ല ....
പല കടകളിലും കയറിയിറങ്ങിയിട്ടും കിട്ടാത്ത ലക്ഷ്മിമാല മറന്നോളാൻ അമ്മ പറഞ്ഞിട്ടും അച്ഛൻ അത് കിട്ടുന്നത് വരെയും ഞങ്ങളെയും കൊണ്ട് ടൌൺ മൊത്തം കറങ്ങി .
കല്യാണത്തിന്റന്നു രാവിലെ മുതൽ കലങ്ങിയ കണ്ണുകളുമായി മുഖം തരാതെ തിരക്ക് കാണിച്ചു നടന്ന അച്ഛനെ , കാണാൻ കിട്ടിയത് തന്നെ യഥുവേട്ടൻ താലി കെട്ടുന്ന സമയത്താണ് .
അപ്പോളാ നിറഞ്ഞ കണ്ണുകളും ചുണ്ടിലെ പുഞ്ചിരിയും പറയുന്നുണ്ടായിരുന്നു "ന്റെ കുട്ടിയെ കാത്തോളണേ ദൈവമേ "ന്ന് .
ഇറങ്ങാൻ നേരം അച്ഛന്റെ ചുമലിൽ തലചായ്ച്ചു പൊട്ടിക്കരയുമ്പോളും അച്ഛൻ നിറഞ്ഞു തൂവുന്ന കണ്ണുകൾ തോർത്ത് കൊണ്ടൊപ്പി ചിരിച്ചു കൊണ്ട് പറഞ്ഞു
"നാളെ ഇങ്ങടേക്ക് വരില്ലേ നീ ..പിന്നെന്താ "
അച്ഛന്റെ മേലുള്ള പിടി വിടുവിച്ചു സമാധാനിപ്പിച്ചു യദുവേട്ടന്റെ അമ്മ കാറിൽ കയറ്റുമ്പോളും അമ്മയേ നോക്കുന്നതിലും കൂടുതൽ തവണ തിരിഞ്ഞു നോക്കിയത് അച്ഛനെ ആയിരുന്നു .
അകന്നു പോകുന്ന കാറിനെ നോക്കി തോർത്ത് കൊണ്ട് മുഖം പൊത്തി നിക്കുന്ന അച്ഛൻ കണ്ണിൽ നിന്നും മാഞ്ഞില്ല യദുവേട്ടന്റെ വീട്ടിലെത്തിയിട്ടും .
ഗർഭിണിയാണെന്ന് വീട്ടിലറിയിച്ച നിമിഷം എന്റെ ഇഷ്ടങ്ങളെല്ലാം കൊണ്ട് ഓടി വന്ന അച്ഛനെ അസൂയ കലർന്ന ഇഷ്ടത്തിലാണ് താൻ നോക്കിയതെന്ന് യദുവേട്ടൻ ഇപ്പോളും പറയും .
പ്രസവം ഇവിടെ നിന്നു മതിയെന്ന് എല്ലാവരും നിർബന്ധം പിടിച്ചപ്പോൾ ഉള്ളിലെ സങ്കടമൊതുക്കി അച്ഛൻ പോയെങ്കിലും ഒന്നരാടമെങ്കിലും എന്നെ കാണാൻ വരും പരിപ്പുവടയും പഴംപൊരിയും ചൂടോടെ വാങ്ങികൊണ്ട് .
ചെറിയൊരു നടുവേദന പറഞ്ഞപ്പോളേക്കും യദുവേട്ടന്റെ അമ്മയോട്
"അമ്മിണിയമ്മേ മോളേ വിളിക്ക് നമുക്കിറങ്ങാം ഇനി വേദന കൂടാൻ നിക്കണ്ട "
"അച്ഛാ ചെറിയൊരു നടുവേദനയേ ഉള്ളൂ കൂടാണെങ്കിൽ ഞാൻ പറയാം " എന്നു ഞാൻ പറയും വരെ അച്ഛൻ ചോദിച്ചോണ്ടിരുന്നു കുറഞ്ഞോ എന്ന് ...
സമയമായിട്ടും വേദന തുടങ്ങാത്തത് കൊണ്ട് ഓപ്പറേഷൻ വേണമെന്ന് പറഞ്ഞപ്പോളേക്കും അച്ഛനാകെ പേടിച്ചിരുന്നു, എന്നിട്ടും യദുവേട്ടന്റെ തോളിൽ കൈവച്ചു പറഞ്ഞു പേടിക്കേണ്ടെന്നു .
പേടിക്കാനൊന്നുമില്ലെന്നും അമ്മയും കുഞ്ഞും സുഖായിരിക്കണുന്നും സിസ്റ്റർ വന്നു പറയും വരെയും അച്ഛൻ ഒരേ നില്പായിരുന്നെന്ന് .
വാശിയിൽ കരയുന്ന കിച്ചുനേം കൊണ്ട് ഉറക്കം കളഞ്ഞു അച്ഛൻ നടക്കുന്നത് കണ്ണ് നിറയ്ക്കാതെ ഒരിക്കലും നോക്കാൻ പറ്റിയിട്ടില്ല .
എല്ലാവരോടും എപ്പോളും ഗൗരവത്തിലുണ്ടായിരുന്ന അച്ഛൻ അവന്റെ താളത്തിനൊത്തു തുള്ളുന്നത് കാണുമ്പോളോർക്കും എവിടെ പോയി ആ ഗൗരവം.
ജന്നലഴികളിൽ കൈ വച്ചു അച്ഛാച്ഛന്റേം മോന്റേം കളികൾ കാണുന്നതിനിടക്ക് മൊബൈലിൽ എത്തി നോക്കിയപ്പോൾ കണ്ടു ...നിറയെ അച്ഛൻദിനാശംസകൾ ..
ഈ ഓർത്തതിൽ കൂടുതൽ എഴുതാൻ ബാക്കി നിൽക്കുമ്പോൾ എത്രെ ആശംസകൾ കൊടുത്താലാണ് മതിയാവുക ....
അതേ ഈ വിശേഷങ്ങളൊന്നും അറിയാതെ അവർ കളിയിലാണ് .....രണ്ടാളും , ഒരു മനുഷ്യജന്മത്തിന്റെ ഏറ്റവും നിഷ്കളങ്കമായ സമയമാണാഘോഷിക്കുന്നത് ....
ആഘോഷിക്കട്ടെ ആശംസകൾ പിന്നെയറിയിക്കാം .
••••••••••••
ലിസ് ലോന

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot