നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അല്ലിയുടെ പെണ്ണുകാണൽ ചടങ്ങ്.

Image may contain: 2 people
അന്ന് ലീവെടുക്കണമെന്നു കരുതിയതായിരുന്നു അല്ലി. വൈകീട്ട് അവളെ കാണാൻ ഒരുകൂട്ടർ വരുന്നുണ്ട് ത്രേ. പക്ഷെ ട്യൂട്ടോറിയലിൽ അതേ ദിവസം മൊട്ട തോമസ് മാഷ് ഒരു ക്ലാസ്സ്‌പരീക്ഷ വച്ചു.
അങ്ങേര് പരീക്ഷ വച്ചാൽ, കാലും കയ്യും ഒടിഞ്ഞു കിടക്കുവാണേലും അല്ലി പോകും. കാരണമെന്തെന്നോ, അന്ന് മുടങ്ങിയവർ ഓരോ ചോദ്യത്തിനുള്ള ഉത്തരവും നൂറു പ്രാവശ്യം ഇമ്പോസിഷൻ എഴുതണം. മൊട്ട മാഷ് പരീക്ഷ വച്ചാൽ, അപ്പുറത്തെ പറമ്പിൽ പശൂനെ മേയ്ക്കണ ചെക്കൻ വരെ ക്ലാസ്സിൽ കയറും എന്നാണ് ഒരു ചൊല്ല്.
അല്ലി വലിയ പഠിപ്പിസ്റ്റാണെന്ന് കരുതിയെങ്കിൽ തെറ്റി. ബുദ്ധിക്കു കുറവൊന്നുമില്ലെങ്കിലും പഠിക്കാൻ ഭൂലോക മടിച്ചിയാണ് അല്ലി. അല്ലിക്ക് ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹം ഒരഞ്ചാറു കുട്ടികളുടെ അമ്മയായി കെട്ട്യോനും കുടുംബവുമൊക്കെയായി ജീവിക്കണം എന്നതാണ്. പതിനെട്ടാം പിറന്നാളിന് അടുത്തുള്ള മാരിയമ്മൻ കോവിലിൽ തൊഴുതാൻ പോയ അല്ലി പ്രാർത്ഥിച്ചത് 'ന്റെ ഭഗോതി, ന്റെ അച്ഛന് നല്ല ബുദ്ധിയുദിച്ചിട്ട്, ന്നെ വേഗം കെട്ടിച്ചയക്കാൻ തോന്നിപ്പിക്കണേ' എന്നായിരുന്നു.
ബാക്കിയുള്ള കുട്ടികൾ പാഠപുസ്തകം വായിക്കുമ്പോൾ അല്ലി വനിതയും മഹിളാരത്നവും വായിക്കും. പാചകകുറിപ്പുകളൊക്കെ അവളുടെ ഡയറിയിൽ കുറിച്ചു വയ്ക്കും.
കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും അല്ലി പരീക്ഷകളൊക്കെ പാസാകും. അന്തസ്സായി കോപ്പിയടിച്ചിട്ട്.ക്ലാസ്സിലെ ചെക്കന്മാർ വരെ അല്ലിക്കു ശിഷ്യപ്പെട്ടവരാണ്.
അങ്ങനെ മേല്പറഞ്ഞ പെണ്ണുകാണൽ ചടങ്ങ് നിശ്ചയിച്ച ആ സുദിനം വന്നെത്തി. പരീക്ഷയൊക്കെ ഒരുവിധം എഴുതിയെന്നാക്കി അല്ലി, വീട്ടിലേക്ക് തിരിച്ചു. വീടിന്റെ അടുത്തുള്ള സ്റ്റോപ്പിലൂടെ പോകുന്ന ഏക ബസ്സായ, കുട്ടൻ ബസ്സിൽ കയറി പറ്റി.കുറച്ചങ്ങോട്ട്‌ കഴിഞ്ഞപ്പോൾ നാശം പിടിച്ച മഴ. വെറും മഴയല്ല. കൊടുംമഴ! അല്ലിയാണെങ്കിൽ കുടയും എടുത്തിട്ടില്ല. സ്റ്റോപ്പെത്തി. അല്ലി ഇറങ്ങി.റോഡിൽ ആരുമില്ല. നേരായ വഴിയിലൂടെ വീട്ടിലേക്കു ഏകദേശം രണ്ടു കിലോമീറ്റർ ദൂരമുണ്ട്. ചെക്കനും കൂട്ടരും എത്തിക്കാണും. ആകെയുള്ള എളുപ്പവഴി വയലിലൂടെ പോവുക എന്നതാണ്.
പക്ഷെ അതൊരു നാറ്റകേസ്സാണ്. അവിടത്തെ കോളനിയിൽ ഇപ്പോഴും പല വീടുകളിലും ശൗചാലയം ഇല്ലാത്തതു കൊണ്ട്, പലരും കാര്യം സാധിക്കുന്ന ഇടമാണ് ഈ ഒഴിഞ്ഞ വയലും വരമ്പും. തീട്ടവയൽ എന്നാണ് വയലിന്റെ ചെല്ലപേര് തന്നെ. എന്തായാലും അല്ലി റിസ്ക്കെടുക്കാൻ തീരുമാനിച്ചു.
അങ്ങനെ കൊടും മഴയത്ത് അല്ലിയോടി, ഒടുക്കം വയൽ വരമ്പിൽ എത്തി. വഴി മുക്കാലും നടന്ന് വരമ്പിന്റെ അവസാനം എത്താനായപ്പോൾ കണ്ട കാഴ്ച. വരമ്പത്തു ചാലു കീറിയിരിക്കുന്നു.വെള്ളം കുത്തിയൊലിച്ചു പോവുന്നുണ്ട്. അപ്പുറത്തേക്ക് ചാടി കടന്നാലേ ഒക്കൂ. ഇല്ലെങ്കിൽ വീണ്ടും ഈ വന്ന വഴിയെല്ലാം തിരിച്ചു നടക്കണം.രണ്ടും കല്പിച്ചു അല്ലി കാലിലെ ചെരുപ്പൂരി കയ്യിൽ പിടിച്ചു. തോളിൽ കിടക്കുന്ന നനഞ്ഞു കുതിർന്ന ബാഗൊന്നു നേരെയാക്കി. അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ചുകൊണ്ടു ഒരൊറ്റ ചാട്ടം.
ദൈവങ്ങൾ ആ നേരത്ത് ചായ കുടിക്കാൻ പോയത് കൊണ്ടാണെന്നു തോന്നുന്നു.ആ വിളി അവർ കേട്ടില്ല. ഒളിമ്പിക്ക് സ്റ്റൈലിൽ ചാടി ചവുട്ടിയിടത്തെ മണ്ണിടിഞ്ഞ്, കാലു തെറ്റി അല്ലി ദേണ്ടെ കിടക്കുന്നു വയലിൽ. അതും വിഘ്യാതമായ തീട്ട വയലിൽ. ഒരു വിധം എഴുന്നേറ്റു, ഞൊണ്ടി ഞൊണ്ടി, അല്ലി വീണ്ടും നടന്നു. കരയാൻ സമയമില്ല. ശരീരം മൊത്തം അഴുക്കാണ്. നാറ്റം സഹിക്കാൻ വയ്യ.
അല്ലി വീടിന്റെ വടക്കേ പുറത്തെത്തി.ആരെയും കാണുന്നില്ല. കോലായിലെ അയക്കയിൽ കിടന്നിരുന്ന പഴയ നിറം മങ്ങിയ ചുരിദാറെടുത്തു അല്ലി പുറത്തെ കുളിമുറിയിൽ കയറി. പഴന്തുണി കീറി തുടക്കാൻ ഉപയോഗിക്കാമെന്ന് പറഞ്ഞു ഇന്നലെ അയക്കയിൽ കൊണ്ടിട്ടത് ഉപകാരമായി. സ്വയം നാറീട്ടു വയ്യ. ലക്സ് സോപ്പ് പോലും ആ നാറ്റത്തിന് മുന്നിൽ തോറ്റു പോവുന്നത് പോലെ തോന്നി അല്ലിക്ക്.
വേഗം കുളിച്ചിറങ്ങി പുത്തൻ സാരിയുടുക്കണം.സാരിക്ക് മാച്ചിന് വാങ്ങിയ കുപ്പി വളകളും, കല്ല് വച്ചും പൊട്ടും ഇടണം. പിന്നെ വേറൊന്നൂടെ വാങ്ങി വച്ചിട്ടുണ്ട് അല്ലി.റോസ് പൌഡർ.അതും ഇത്തിരി കവിളിൽ തേയ്ക്കണം. ലിഫ്റ്റിക്കും കൂടി വാങ്ങീതാരിന്നു.അമ്മ അതെടുത്തു ചാണകകുഴിലേക്ക് ഒരേറു കൊടുത്തൂന്നെ.പരിഷ്‌കാരം തൊട്ടു തീണ്ടിയില്ലാത്ത അറു ബോറത്തിയായൊരമ്മ.ശ്ശോ. ക്യൂട്ടെക്സൊക്കെ ഇന്നലെ രാത്രി ഇട്ടതു നന്നായി. അങ്ങനെ ഒരുങ്ങേണ്ട കാര്യമൊക്കെ മനസ്സിൽ ചിന്തിച്ചു അല്ലി കുളി കഴിഞ്ഞ് നിറം മങ്ങിയ പഴയ ചുരിദാർ വലിച്ചു കയറ്റി, മഴ നനഞ്ഞ കോഴി കണക്കെ തണുത്തു വിറച്ചു പുറത്തേയ്ക്കിറങ്ങി.
പ്ലിംഗ്. പുറത്തെ കാഴ്ച കണ്ട് അല്ലി ഞെട്ടി. വടക്കേ പുറത്തെ പറമ്പിന്റെ വലിപ്പം കാണിക്കാൻ പെണ്ണ് കാണാൻ വന്ന കൂട്ടരേ അല്ലീടെ അച്ഛൻ അങ്ങോട്ട്‌ വിളിച്ചു കൊണ്ട് വന്ന നേരത്താണ്, അല്ലി നീരാട്ട് കഴിഞ്ഞിറങ്ങിയത്.
നീയിതെപ്പോ വന്നു കുട്ട്യേ, അല്ലിയുടെ അമ്മ അന്തം വിടൽ നിർത്തി സ്വബോധം വീണ്ടെടുത്ത് ചോദിച്ചു.

അതു പിന്നെ ഞാൻ, വീണപ്പോൾ, ചളി, കുളിച്ചിട്ട്,.. അല്ലി എന്തൊക്കെയോ പറഞ്ഞുവെന്നാക്കി.. അമ്പടി കള്ളി, അവളുടെ കണ്ണുകൾ അന്നേരം തൻ്റെ മുന്നിൽ പകച്ചു നിൽക്കുന്ന സുന്ദരന്റെ മുഖത്തായിരുന്നു. പ്രണയമഴയിലെ രഘുവിന്റെ അതേ മുഖച്ഛായ.
അല്ലി, നാണം കൊണ്ട് അവിടെ നിന്നും തൻ്റെ മുറിയിലേക്കോടി.
ഇനി ഒരുങ്ങുകയൊന്നും വേണ്ടെടി, അവർ പോയീട്ടോ, അവർക്ക് പോയിട്ടെന്തോ അത്യാവശ്യമുണ്ട് പോലും. അല്ലി പുത്തൻ സാരി ഞൊറിഞ്ഞുടുക്കുന്നതിനിടയിൽ, അമ്മ അവളുടെ മുറിയുടെ വാതിലിൽ തട്ടിക്കൊണ്ടു പറഞ്ഞു..അങ്ങനെ കിടക്കയുടെ അടിയിൽ ഒളിപ്പിച്ചു വച്ച റോസ് പൌഡർ ഡബ്ബ അതിനുള്ളിൽ ശ്വാസം മുട്ടി തന്നെ ഇരുന്നു.
************************************************
ഹരിയുടെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു കൊണ്ട് അല്ലി ചോദിച്ചു. ഏട്ടൻ അന്ന് പെണ്ണുകാണാൻ വന്ന ദിവസം എന്നെ ശരിക്കും കണ്ടിരുന്നോ, കൂതറ വേഷത്തിൽ നിന്നിരുന്ന എന്നെ എങ്ങനെയാ ഇഷ്ടപ്പെട്ടത്.
എന്റെ അല്ലിക്കുട്ടി, ഞാൻ കണ്ട പതിനൊന്നാമത്തെ പെണ്ണാണ് നീ. ബാക്കി പത്തും കവിളും ചുണ്ടും ചുമപ്പിച്ചു, കത്തി വേഷം കെട്ടിയാണ് എന്റെ മുൻപിൽ വന്നു നിന്നത്.
കുളിച്ചറങ്ങി, ഒരു മേക്കപ്പും ഇല്ലാതെ നിഷ്‍കളങ്കമായി ന്റെ മുൻപിൽ നിൽക്കുന്ന എന്റെ അല്ലിക്കുട്ടിയെ കണ്ടപ്പോൾ തന്നെ ഞാനുറപ്പിച്ചു നീയാണ് എന്റെ പെണ്ണെന്ന്.
അങ്ങനെ അതും ഇതും ഒക്കെ പറഞ്ഞും ചെയ്തും അല്ലിയുടേയും ഹരിയുടേയും ആദ്യ രാത്രി കഴിഞ്ഞ് പുലർച്ചെ ആയപ്പോൾ, അല്ലി പതുക്കെ എഴുന്നേറ്റു. ഹരി നല്ല ഉറക്കമാണ്. അവൾ പതുക്കെ മേശയിൽ ഇരിക്കുന്ന തൻ്റെ ബാഗ് തുറന്നു. റോസ് പൌഡർ ഡബ്ബയും അമ്മ കാണാതെ വീണ്ടും വാങ്ങി വച്ച ലിഫ്റ്റിക്കും കയ്യിലെടുത്തു. തുറന്നിട്ട ജനാലയിലൂടെ പുറത്തെ പറമ്പിലേക്ക് ഒറ്റയേറുവച്ചു കൊടുത്തു.അവളുടെ ചുണ്ടിലപ്പോൾ ഒരു ചെറുപുഞ്ചിരി വിടർന്നു നിന്നിരുന്നു.!! പരസ്പരയിഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കി മുന്നോട്ട് പോവുന്ന ഒരു ദാമ്പത്യജീവിതം അവിടെ ആരംഭിക്കുകയായിരുന്നു

By: Aisha JAice

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot