നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കളിയോർമ്മകൾ

Image may contain: 1 person, beard and closeup
•••••••••••••••••••••••••••••••••••••
കേരളോത്സവം ആരംഭിച്ച ആദ്യകാലം.
പഞ്ചായത്ത്‌ പരിധിയിലെ ക്ലബ്ബുകൾ തമ്മിലാണു മൽസരം. നമ്മുടെ പഞ്ചായത്തിൽ ഇഞ്ചോടിഞ്ച്‌ മൽസരങ്ങളാണു നടക്കാറുള്ളത്‌ . ചിലയിടങ്ങളിൽ ചേട്ടനും അനിയനും ഭാരവാഹികളായ ക്ലബ്ബുകൾ തമ്മിൽ പോലും ഉശിരൻ വാക്കേറ്റവും വെല്ലുവിളികൾ പോലും ഉണ്ടാവാറുണ്ട്‌. ചാമ്പ്യന്മാരായ ക്ലബ്ബുകൾക്കും വിജയികൾക്കും വമ്പിച്ച സ്വീകരണമൊക്കെ ഉണ്ടാവും. അത്രയും ആവേശത്തോടെയാണു പഞ്ചായത്ത്‌ തല കേരളോത്സവങ്ങൾ പോലും സംഘടിപ്പിക്കപ്പെടുന്നത്.
ആദ്യ കേരളോത്സവകാലത്ത്‌ നമ്മുടെ ക്ലബ്ബും‌ പഞ്ചായത്ത്‌ കേരളോത്സവത്തിനു പേരു നൽകുകയും വാശിയോടെ തന്നെ മത്സരങ്ങളിൽ പങ്കെടുത്ത് ‌ ചിലതിലൊക്കെ വിജയിച്ച്‌ പോയന്റ്‌ പട്ടികയിൽ അധികം പിന്നിലല്ലാതെ ഇടം പിടിച്ചിട്ടുണ്ട്‌. വടംവലി മൽസരത്തിൽ ജില്ലാ തലത്തിൽ പോലും നമ്മുടെ ക്ലബ്ബ്‌ വിജയിച്ച്‌ കൊണ്ടിരിക്കുന്ന ഒരു സമയവും കൂടിയായത്‌ കൊണ്ട്‌ വടംവലിയിലും ഒരു പ്രതീക്ഷയും നമുക്ക്‌ ഉണ്ട്‌.
എല്ലാറ്റിലും പേരു കൊടുക്കുക എന്നതൊരു തന്ത്രപരമായ തീരുമാനമായിരുന്നു.
അഥവാ മൂന്ന് ടീം മാത്രമേ ഉള്ളൂവെങ്കിലോ?
മൂന്നാം സ്ഥാനത്തിനുള്ള പോയന്റ്‌ കിട്ടുമല്ലോ.
എന്നുള്ള ചിന്തയിലാണു ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവർ മിക്കതിനും പേരു കൊടുത്തത്‌. അങ്ങനെയാണു ഫുട്ബോൾ മൽസരത്തിനും പേർ നൽകിയത്‌.
നമ്മുടെ ദേശങ്ങളിൽ അന്ന് കുറച്ച്‌ കൂടി വലിയ കളിസ്ഥലമുള്ളത്‌ “പടയക്കണ്ടി ഗ്രൗണ്ട്‌” മാത്രമാണു. ഫുട്ബോൾ കളിക്കാനുള്ള സ്ഥലമൊന്നും ഇല്ലെങ്കിലും അക്കാലത്ത്‌ അതായിരുന്നു ഞങ്ങളുടെ രാജ്യാന്തര ഫുട്ബോൾ സ്റ്റേഡിയം. അവിടെ നിന്ന് ചെരുപ്പില്ലാതെയും ഹവായ്‌ ചെരുപ്പിട്ടും കളിച്ച പരിചയത്തിൽ മാത്രം ഞങ്ങളുടെ ടീമും കേരളോത്സവത്തിൽ ഫുട്ബോളിനു പേരു കൊടുത്തു.
ആകെ ഞങ്ങളുടെ ധൈര്യം ഞങ്ങളുടെ ഗോളി മാത്രായിരുന്നു. സാമാന്യം നല്ല തടി ഉണ്ടായിരുന്ന ഗോളി “പടയക്കണ്ടി ഗ്രൗണ്ടിലെ” ഗോളിപോസ്റ്റിൽ ഒറ്റ ഗോളും അടിക്കാൻ അനുവദിക്കില്ലായിരുന്നു. ഗോളടിക്കാൻ മുന്നോട്ട്‌ അധികം കയറിയാൽ അയാളുടെ ഒരു തട്ടിന്റെയോ തള്ളലിന്റെയോ സുഖത്തിനപ്പുറം കണ്ണിൽ വരെ കുത്തി ഗോൾ തടയുന്ന ഈ ഗോളിയിലായിരുന്നു ഞങ്ങളുടെ വിശ്വാസം മുഴുവൻ.
രണ്ടാമത്തേത്‌ ഞങ്ങളുടെ കോച്ചായിരുന്നു. ടി വിയിൽ കളി കണ്ട്‌ കൊണ്ടിരിക്കേ മറഡോണയെയും പെലെയെയും ഒക്കെ “അടിക്കെടാ അടിക്കെടാ” എന്ന് ആവേശം കയറ്റി ഗോളടിപ്പിച്ച്‌ പരിചയമുള്ള ഞങ്ങളുടെ പ്രിയപ്പെട്ട ഇക്ക. മൂപ്പർ ബീഡി വലിക്കാനോ മറ്റോ പുറത്തിറങ്ങിയ സമയത്ത്‌ പോലും എതിർ ടീം ഗോളടിച്ചാൽ “കള്ളക്കളി” എന്ന് ഉറക്കെ വിളിച്ച്‌ പറഞ്ഞ്‌ എതിർ ടീമിന്റെ വീര്യം ചോർത്തുന്ന നമ്മുടെ സ്വന്തം....... ഇക്ക ( ആരുടെയും പേരൊന്നും പറയുന്നില്ല, വേറൊന്നും കൊണ്ടല്ല സംഭവം സത്യായത്‌ കൊണ്ടാണു).
അങ്ങനെ അന്ന് മത്സരത്തിനു വേണ്ടി രണ്ട്‌ ഓട്ടോയിലും സൈക്കിളിലുമൊക്കെയായി ഞങ്ങൾ പതിനാലോളം ആൾക്കാർ സ്കൂൾ ഗ്രൗണ്ടിലേക്ക്‌ പുറപ്പെട്ടു.
സെവൻസ്‌ ടൂർണ്ണമെന്റാണെങ്കിലും കോച്ച്‌, അസിസ്റ്റന്റ്‌ കോച്ച്‌, സബ്സ്റ്റിറ്റ്യൂട്ട്‌ അങ്ങനെ മറ്റൊരു ഏഴു പേരും കൂടി ഉണ്ട്‌ കൂടെ.
“ഒന്നിനും പറ്റിയില്ലെങ്കിൽ കൂകിയെങ്കിലും തോൽപിക്കും” എന്ന ദൃഢപ്രതിജ്ഞയെടുത്ത ഞങ്ങൾക്ക്‌
പോകുന്ന വഴിയിൽ തന്നെ കോച്ചിന്റെ കർശ്ശനമായ നിർദ്ദേശങ്ങൾ കിട്ടികൊണ്ടിരിക്കുന്നുണ്ടായിരുന്നു.
‌“ഒന്നും നോക്കണ്ട ആദ്യമേ കയറി കളിച്ച്‌ മൂന്ന് നാലു ഗോളടിച്ചാൽ ഏത്‌ വമ്പൻ ടീമും പതറും. അറ്റാക്ക്‌ മാത്രമാണു മൽസരതന്ത്രം”.
എന്നിങ്ങനെ ആത്മവിശ്വാസം തലയിൽ കേറി "ഇപ്പൊ ബോൾ കിട്ടിയെങ്കിൽ ഇപ്പൊ അടിച്ചേനെ എന്ന മട്ടിലായി ഞാനുൾപ്പെടെ പലരും”.
നിർഭാഗ്യവശാൽ ഞാനങ്ങനെ ആവേശം കൊണ്ടിട്ട്‌‌ കാര്യമില്ലാന്ന് എനിക്ക്‌ നന്നായറിയാം.
ഏത്‌ പൊസിഷനിൽ വേണമെങ്കിലും കളിക്കാൻ ഞാൻ തയ്യാറാണെങ്കിലും എന്നെ എന്നും കോച്ചിന്റെ കൂടെ “കൈമുട്ടി ആർപ്പ്‌ വിളിക്കാനേ ഇവർ കൂട്ടൂ” എന്നെനിക്കറിയാമെങ്കിലും എന്റെ ക്ലബ്ബിനു
“രക്തം വേണേൽ രക്തം തരാം ആർപ്പ്‌ വിളി മതിയെങ്കിൽ അതിനും തയ്യാർ”
എന്നതായിരുന്നു എന്റെ ചിന്ത. ഇല്ലേൽ കളി കാണാൻ തന്നെ ചിലപ്പൊ കൂട്ടിയില്ലെങ്കിലോ എന്ന് കൂടി കരുതി എന്നിലെ വലിയൊരു പ്ലയർ മിണ്ടാതിരുന്നു.
ഞങ്ങൾ ഗ്രൗണ്ടിലെത്തി. സംഘാടകരായി കുറച്ച്‌ പേർ ഉണ്ട്‌. ഞങ്ങൾ പേർ രജിസ്റ്റർ ചെയ്തു. കുറച്ച്‌ ദൂരെ ഉള്ള ഒരു ടീമാണു എതിർ ടീം ( പേരു ഓർക്കുന്നില്ല).കുറച്ചപ്പുറത്തായി അവർ ബോൾ തട്ടി കളിക്കുന്നുണ്ട്‌. ഗ്രൗണ്ടിന്റെ നീളവും വീതിയും കണ്ടപ്പോ തന്നെ കൂടെ വന്ന രണ്ട്‌ മൂന്ന് പേർക്ക്‌ തലവേദനയും കാലു വേദനയും തുടങ്ങി.
ഒന്ന് രണ്ടാളുകൾ അപ്പുറത്തെ ഭാഗത്ത്‌ നിന്ന് ബോൾ തട്ടികളിക്കുന്നവർ ചില്ലറക്കാരല്ലാ എന്ന് അവരുടെ പ്രാക്ടീസിന്റെ ശൈലി കണ്ടപ്പോ തന്നെ തിരിച്ചറിഞ്ഞ്‌ മെല്ലെ പിന്നോട്ടേക്ക്‌ മാറി. ടീമിന്റെ പേരു കൊടുക്കാൻ പോകുമ്പൊൾ ഒരുത്തൻ പറഞ്ഞു “ഞാൻ പകുതിക്ക്‌ ശേഷം ഇറങ്ങാമെന്ന്”.
അങ്ങനെ അവസാന ഇലവനിൽ എനിക്കും നറുക്ക്‌ വീണു.
റഫറി വിസിലുമായി ഗ്രൗണ്ടിലേക്കിറങ്ങി. രണ്ട് ടീമുകളെയും വരിവരിയായി നിർത്തി. ടീമുകളെ പരിചയപ്പെടാൻ എതിർ ടീമിനെ അടുത്ത്‌ കണ്ടപ്പൊഴാ ഞാൻ ശരിക്കും ഞെട്ടി പോയെ. എതിർടീമിലെ ആൾക്കാരെ നോക്കണമെങ്കിൽ തെങ്ങിൽ നോക്കുമ്പോലെ മുകളിലേക്ക്‌ നോക്കണം. കൈ കൊടുത്തപ്പൊ ഒരുത്തനെന്റെ കൈപിടിച്ച്‌ “ഒരൊറ്റ അമർത്തൽ” ഞാൻ തുള്ളി പോയില്ലാന്നേ ഉള്ളൂ. അവന്റെ കൈ കണ്ടാലറിയാം “നല്ല തേങ്ങപറിക്കാരൻ തന്നെ”.
തെങ്ങിൽ നോക്കുമ്പോലെ മുകളിലേക്ക്‌ ദയനീയമായി നോക്കിയപ്പൊ അവന്റെ കണ്ണിൽ കണ്ട ഭാവം വച്ച്‌ ‌ ഒരു കാര്യം ഞാൻ ഉറപ്പിച്ചു.
“ഇവിടെ നിന്ന് തടി ചെളി പുരളാതെ പൊര പിടിച്ചാൽ തന്നെ ഭാഗ്യം”
ടോസ്‌ നമുക്ക്‌ കിട്ടിയതിനു ശേഷം വീണ്ടും ടോസ്‌ ഇടുന്നത്‌ കണ്ട്‌ ആശ്ചര്യത്തോടെ നോക്കുമ്പൊ അതാ വരുന്നു അടുത്ത മാരണം. രണ്ട്‌ ടീമിനും ജഴ്സി ഇല്ലാത്തത്‌ കൊണ്ട്‌ ഒരു ടീം ഷേർട്ട്‌ ‌ ഇല്ലാതെ കളിക്കണം ന്ന്.
“ ന്റെ പടച്ചോനേ” ന്ന് അപ്പൊ തന്നെ വിളിച്ച്‌ പോയി. “ഈ വിര പോലുള്ള ഞാനിനി ഇതും കൂടി ഇല്ലാതെ കളിക്കാനോ”?
മെല്ലെ സ്ഥലം കാലിയാക്കിയാലോന്ന് ഓർത്തപ്പൊ “പിന്നെ ഇവരെന്നെ ഒരു കളിക്കും കൂട്ടൂലാന്നുള്ളത്‌” കൊണ്ട്‌ മനസ്സില്ലാ മനസ്സോടെ കൈ രണ്ടും നെഞ്ചത്ത്‌ കെട്ടി വച്ച്‌ ഒരു മൂലക്ക്‌ മാറി നിൽക്കുമ്പോ അതാ വിസിലടിക്കുന്നു. ഞങ്ങളുടെ ടീമിനായിരുന്നു ടച്ച്‌ കിട്ടിയത്‌. മൂന്നാലാളുകൾക്ക്‌ പിന്നാലെ ഞാനും ഓടി. ഞങ്ങളുടെ ടീമിന്റെ കാലിൽ തന്നെയാണു ബോൾ. ഞാനും പിന്നാലെ ഓടി. എത്ര ഓടിയിട്ടും എനിക്ക്‌ അങ്ങേ പുറത്ത്‌ എത്താൻ കഴിഞ്ഞില്ല. ആ ഓട്ടത്തിൽ തന്നെ ഞാൻ കിതച്ചു ന്ന് പറഞ്ഞാൽ പോര
“നായ കിതക്കുന്നത്‌ പോലെ കിതച്ച്‌” വീഴുമെന്ന് തോന്നി കുനിഞ്ഞ്‌ നിൽക്കുന്നതിനിടയിലതാ ഒരുത്തൻ ഓടി വന്ന് ഒരൊറ്റ ചവിട്ട്‌. വെടിയുണ്ട പോലെ പറക്കുന്നു ബോൾ.
•••••• ഗോൾ ••••
ആകെയുള്ള കുറച്ച്‌ കാണികളിൽ ഞങ്ങളൊഴിച്ച്‌ ബാക്കി മുഴുവനും ആവേശത്തോടെ കൈമുട്ടുന്നു. എവിടെ നിന്നാ വന്നതെന്നോ എങ്ങനെ അടിച്ചെന്നോ അറിയില്ല. ഇത്രയും ദൂരെ നിന്ന് ഗോളടിക്കുന്നത്‌ ഞാൻ അന്നാണു നേരിട്ട്‌ കണ്ടത്‌.
അങ്ങനെ മൽസരത്തിലെ ആദ്യഗോൾ ഞങ്ങളുടെ വലയിൽ. നമ്മുടെ ഇത്രയും വലിയ പരിചയമുള്ള ഗോളിയുണ്ടായിട്ട്‌?
ആ ഗോളി ആ ഗോൾപോസ്റ്റിനു മുന്നിൽ ഒന്നുമല്ലായിരുന്നു എന്ന് എനിക്ക്‌ മനസ്സിലായത്‌ ആ പോസ്റ്റിൽ നിൽക്കുന്ന ഞങ്ങളുടെ ഗോളിയെ ദൂരെ നിന്ന് കണ്ടപ്പോൾ മാത്രമാണു.
തീപാറുന്ന മൽസരം പലപ്പോഴും ആ ടീം പരസ്പരം നടത്തുകയായിരുന്നു എന്ന് തന്നെ പറയാം. മിനുട്ടുകളോളം നിലം തൊടാതെ തലയിൽ നിന്ന് തലയിലേക്ക്‌ പറക്കുന്ന ബോളിനു പിന്നാലെ എല്ലിൻ കഷണത്തിനു പിന്നിൽ പട്ടി ഓടുന്നത്‌ പോലെ ഞങ്ങൾ ഓടി തളർന്നു.
അവർ മൽസരിച്ച്‌ ഗോളടിച്ച്‌ കൊണ്ടിരുന്നു. അവിടെ ഗോളീ പോസ്റ്റിനു പിന്നിൽ കുത്തനെ ഇറക്കമുള്ള റോഡായിരുന്നു. നെറ്റില്ലാത്ത ഗോൾ പോസ്റ്റ്‌ കടന്ന് പോയ നാലോ അഞ്ചോ ഗോളുകൾക്ക്‌ പിന്നാലെ ഓടിയ ഞങ്ങളുടെ സബ്സ്റ്റിറ്റ്യൂട്ടുകാരെ വഴിക്ക്‌ വച്ച്‌ കാണാതായി. ഒരു ഗോളിനു പിന്നാലെ ഓടിയ ഗോളി ടൗൺ വരെ എത്തി.
ആ ഗോളിനു പിന്നാലെ വീണ മറ്റൊരു ബോളിനു പിന്നാലെ ഓടിയ പാവം ഞങ്ങളുടെ ഗോളി പിന്നെ ആ കുന്ന് കയറിയില്ല. പകരം ഞങ്ങളുടെ കോച്ചിനെ പിടിച്ച്‌ ഗോളിയാക്കി നിർത്തി ഞങ്ങൾ ആദ്യ പകുതി വെറും ഒൻപത്‌ ഗോളുകൾക്ക്‌ മാത്രം പിന്നിലായി അതിജീവിച്ചു.
രണ്ടാം പകുതി തുടങ്ങുന്നതിനു മുന്നെ മുങ്ങാൻ തുടങ്ങിയ രണ്ടുപേരെ അതി വിദഗ്ദമായി ഗ്രൗണ്ടിലിറക്കി കോച്ചും ഇപ്പോൾ ഗോളിയുമായ ഞങ്ങളുടെ ഇക്ക ഞങ്ങളുടെ മാനം കാത്തു.
ഇടതടവില്ലാതെ അവർ മൽസരിച്ച്‌ ഗോളടിച്ച്‌ അടിക്കാനറിയുന്നവരൊക്കെ ഹാട്രിക്ക്‌ തികച്ച്‌ മുന്നേറുന്നതിനിടയിലാണു, ഓടി ഓടി തളർന്ന ഞാൻ ഏറ്റവും പിന്നിലായി ഓടി നടന്ന് വരുന്നതിനിടയിൽ, എതിർ ടീം ഉയർത്തിയടിച്ച ഒരു ബോൾ ഞങ്ങളുടെ പ്രതിരോധക്കാരനൊരാളുടെ തലയിൽ തട്ടി എന്റെ അടുത്തേക്ക്‌ തെറിച്ച്‌ വീണത്‌. ബോൾ കൊണ്ട പ്രതിരോധക്കാരൻ ഒന്ന് രണ്ട്‌ വട്ടം ഉലഞ്ഞെങ്കിലും വീഴാതെ മാനം കാക്കാൻ ശ്രമിക്കുന്നതിനിടയിലാണു ആരും കാണാനും കേൾക്കാനും ഇല്ലാത്ത വണ്ണം നിൽക്കുന്ന എന്റെ കാലിൽ ബോളും പത്ത്‌ വാര മാത്രം അകലെ ഗോളിയും വിശാലമായ ഗോളി പോസ്റ്റും.
ആദ്യമായി എന്റെ ക്ലബ്ബിനു വേണ്ടി ഞാൻ ഗോളടിക്കാൻ പോകുന്നു. എത്ര ഗോൾ വഴങ്ങിയാലും ക്ലബ്ബിനു വേണ്ടി ആദ്യമായി ഗോളടിച്ച എന്റെ പേരു തങ്കലിപികളിൽ കൊത്തി വച്ച ക്ലബ്ബിന്റെ ചുമർ എന്റെ ഭാവനയിൽ തെളിഞ്ഞു. “എഴുതി തള്ളി, കൈമുട്ടാൻ മാത്രം എന്നെ കൂട്ടുന്ന” എന്റെ ടീമിനുള്ള എന്റെ മധുരപ്രതികാരം. എന്റെ ഉള്ളിൽ ചിരി പൊട്ടി അത്‌ ചുണ്ടുകളിൽ നിറഞ്ഞു നിന്നു. എന്റെ മുന്നിൽ ഗോളി മാത്രം.
ഞാൻ ഒന്ന് ഉറക്കെ “ഹൂം"... ശബ്ദം പുറപ്പെടുവിച്ച്‌ ആഞ്ഞു ചവിട്ടി…
വീണു കൃത്യമായി തന്നെ വീണു..
ആ ഒരു നിമിഷം ചവിട്ടാൻ നോക്കിയ ബോൾ ഓടി വന്ന എതിർടീമിലെ കളിക്കാരൻ കൊണ്ടു പോയതറിയാതെ എന്റെ കാലിൽ തട്ടി ഞാൻ തന്നെ വീണു. ഞാൻ മെല്ലെ മുഖമുയർത്തി നോക്കുമ്പോൾ ‌ ചിരിച്ച്‌ ചിരിച്ച്‌ വയറും പിടിച്ച്‌ തൊട്ടു മുന്നിലിരിക്കുന്നു അവരുടെ ഗോളി.
പതിനേഴ്‌ ഗോൾ വാങ്ങി കൂട്ടിയ എന്റെ ടീം പക്ഷെ ആ ഒരൊറ്റ ഗോളിനു എന്നെ നാടെത്തുന്നത്‌ വരെ തമാശയാക്കി കൊണ്ടിരുന്നു. ആ ഒരൊറ്റ ഗോൾ പാഴായത്‌ വച്ച്‌ അവർ ഞങ്ങൾ വാങ്ങി കൂട്ടിയ പതിനേഴ്‌ ഗോളിനെ പ്രതിരോധിച്ച്‌ എന്നെ പ്രതികൂട്ടിലാക്കി. ക്രൂരന്മാർ.
അന്ന് വെറുത്തതാ ഫുട്ബോൾ കളിക്കുക എന്ന ചിന്തയെ. പിന്നെ ഇപ്പൊ ചിലവേതുമില്ലാതെ ടി വിയിൽ കളി കാണുക “അടിക്കെടാ അടിക്കെടാ” എന്ന് പറഞ്ഞ്‌ മെസ്സിയെ കൊണ്ടും റൊണാൾഡോയെ കൊണ്ടും മുള്ളറെ കൊണ്ടുമൊക്കെ ഗോളടിപ്പിക്കുക ഇതാണു ഇപ്പൊ ആകെ ഉള്ളൊരു മന:സുഖം.
✍️ഷാജി എരുവട്ടി..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot