നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കുട്ടപ്പൻ ചേട്ടന്റെ കുടുബാസൂത്രണപുരാണം.

കുട്ടപ്പൻ ചേട്ടൻ വലിയ സന്തോഷത്തിൽ ആണ്. താൻ ഒരു അച്ഛനാവാൻ പോകുന്നു. ഒന്നരമാസമായിട്ടുള്ളു കുട്ടപ്പൻ ചേട്ടന്റെ കല്യാണം കഴിഞ്ഞിട്ട്. കാക്ക കറുമ്പൻ കുട്ടപ്പൻ ചേട്ടന്റെ ഭാര്യയാണ് പാലപ്പത്തിന്റെ നിറമുള്ള അമ്മിണി ചേച്ചി. പതിനഞ്ചു വയസ്സ് വ്യത്യാസം ഉണ്ട് അവർ തമ്മിൽ.
പുതുമോടിക്കാലം മാറും മുൻപേ ഗർഭിണിയായ അമ്മിണിയേച്ചിയെ കാണാൻ അയല്പക്കത്തെ പെണ്ണുങ്ങൾ വന്നിട്ടുണ്ട്. വടക്കേ പുറത്ത് നല്ല ബഹളമാ.. ആണുങ്ങളായാൽ ഇങ്ങനെ വേണം, വലിയ നെടുവീർപ്പോടെ വേലപ്പൻ ചേട്ടന്റെ ഭാര്യ വിലാസിനിയുടെ കമന്റ്‌. അവർക്കു കുഞ്ഞുങ്ങളില്ല.
അപ്പന്റെ അല്ലേ മോൻ.കുട്ടപ്പൻ ചേട്ടന്റെ അമ്മ ജാനോമ്മ ഗമയിൽ പറഞ്ഞു.നിങ്ങൾക്കറിയോ,പത്തു നാല്പതു കൊല്ലം മുൻപ്, ന്റെ കല്യാണത്തിന്റെ ഒന്നാം വാർഷികത്തിനു കുട്ടപ്പന്റെ അപ്പനും ഞാനും അമ്പലത്തില് പോയപ്പോളെ കയ്യിൽ അന്ന് കുട്ടപ്പനും ഉണ്ടാരുന്നു. അവനന്ന് ഒരു മാസം പ്രായം. ഹാ ഹാ.വെറ്റില കറ പുരണ്ട പല്ലുകൾ കാട്ടി അവർ ഉറക്കെ ചിരിച്ചു.
അങ്ങനെ മാസങ്ങൾ കഴിഞ്ഞു പോയി. അമ്മിണിയേച്ചി പ്രസവിച്ചു. ആൺ കുഞ്ഞ്. അവർ കുഞ്ഞിന് കുമാരൻ എന്ന പേരിട്ടു.
പ്രസവശുശ്രൂഷ തീരുന്നതിനു മുൻപ് ദേണ്ടെ, അമ്മിണിയേച്ചിക്ക് വീണ്ടും ഛർദി. ഇത്തവണ ആരും അത്ര കണ്ട് സന്തോഷം പ്രകടിപ്പിച്ചില്ലന്ന് മാത്രമല്ല. പലരും അടക്കി പിടിച്ചു ചിരിക്കേം കുശുകുശുക്കേം ചെയ്തു.
മാസം തികഞ്ഞപ്പോൾ അമ്മിണിയേച്ചി പ്രസവിച്ചു. പെൺകുഞ്ഞ്. അവർ കുമാരി എന്ന് കുഞ്ഞിന് പേരിട്ടു. കുമാരന്റെ പിറന്നാളാഘോഷവും കുമാരിയുടെ നൂലുകെട്ടും ഒരേ ദിവസം കൊണ്ടാടി.
അവിടെ തീർന്നില്ല കേട്ടോ, കുമാരിക്ക് അഞ്ചു മാസമായപ്പോൾ ദേ വീണ്ടും അമ്മിണിയേച്ചിക്ക് ഓക്കാനം. ഇത്തവണ എല്ലാവരും മൂക്കത്തു വിരൽ വച്ചു. ഇതെന്താ കുട്ടപ്പാ.. എല്ലാ കൊല്ലവും ഓരോന്നിനെ ഉണ്ടാക്കാമെന്ന് നേർച്ച വല്ലോമുണ്ടോ. പലരും നേരിട്ട് ചോദിച്ചു. അങ്ങനെ മൂന്നാമൻ മോഹനകുമാരനും ഭൂജാതനായി.
അങ്ങനെയിരിക്കെയാണ് കുട്ടപ്പൻ ചേട്ടനോട് നാണു ചേട്ടൻ ഗവണ്മെന്റിന്റെ കുടുംബാസൂത്രണ പദ്ധതിയെ കുറിച്ചു പറഞ്ഞത്. മൂന്നിൽ നിർത്താമെന്നു തീരുമാനിച്ച കുട്ടപ്പൻ ചേട്ടൻ ആശൂത്രിയിൽ പോയി കാര്യം നടത്തി. അമ്പതു രൂപയും ചുവന്ന ബക്കറ്റും കൊണ്ട് ഇത്തിരി വൈക്ലഭ്യത്തോടെ നടന്നു വരുന്ന കുട്ടപ്പൻ ചേട്ടനെ കണ്ട് നാട്ടുകാർ അർത്ഥം വച്ച് തലയാട്ടി.
അങ്ങനെ കുമാരനും കുമാരിയും മോഹന കുമാരനുമൊക്കെയായി കുട്ടപ്പൻ ചേട്ടന്റേം അമ്മിണിയേച്ചീടേം ജീവിതം സന്തോഷത്തോടെ മുന്നോട്ടു പോവുകയായിരുന്നു.
******************************************
എടീ, ഒരുമ്പെട്ടോളെ, സത്യം പറയടീ, ഇതെങ്ങനെ പറ്റിയെടീ.. ജാനോമ്മ ഉറഞ്ഞു തുള്ളി.അമ്മിണിയേച്ചി അലമുറയിട്ടു കരയുന്നു. പിള്ളേർ മൂന്നും മൂലയിൽ പേടിച്ചിരിക്കുന്നുണ്ട് വീടിനു ചുറ്റും ആളുകൾ കൂടി. വീട്ടിൽ ന്തോ വഴക്കു നടക്കുന്നു എന്നറിഞ്ഞു പാടത്തെ പണി നിർത്തി കുട്ടപ്പൻ ചേട്ടൻ വീട്ടിലെത്തി.
എടാ, കുട്ടപ്പാ, നീ കേട്ടോ, ആശൂത്രിയിൽ പോയി, ആപ്രെഷൻ ചെയ്തു ബക്കറ്റും കൊണ്ട് വന്നവനല്ലേ നീയ്, പിന്നെങ്ങനാടാ ഇവള്ടെ കുളി തെറ്റീത്. ജാനോമ്മയുടെ ചോദ്യം കേട്ട് കുട്ടപ്പൻ ചേട്ടൻ പകച്ചു പോയി.
ഈ വാർത്ത നാട് മുഴോനും പടർന്നു. ഇനി ആ വീട്ടിൽ ബഹളം വച്ചാൽ കൊന്നുകളയും എന്ന് കുട്ടപ്പൻ ചേട്ടൻ ജാനോമ്മയോട് രഹസ്യമായി താക്കീത് കൊടുത്തതിനു ശേഷം അവർ മുറുമുറുക്കലിൽ ഒതുക്കി അവരുടെ രോഷപ്രകടനങ്ങൾ.പിഴച്ച പെണ്ണിനെ അവളുടെ കുടംബത്തു കൊണ്ട് പോയി തിരിച്ചു വിടാതെ ഇവിടെ വീട്ടിൽ തന്നെ നിർത്തുന്ന പെൺകോന്തൻ മകനെയോർത്തു അവർക്ക് കലി അടങ്ങിയിരുന്നില്ല..
അമ്മിണിയേച്ചിയാണെങ്കിൽ മുഴുവൻ സമയവും തേങ്ങിക്കരഞ്ഞു കൊണ്ട് കിടക്കയിൽ ആണ്. കുട്ടപ്പൻ ചേട്ടൻ അവരോടൊന്നും ചോദിച്ചിട്ടില്ല ഇത് വരെ. നാല് ദിവസം അയാൾ വീട്ടിൽ നിന്നും പുറത്തിറങ്ങിയില്ല. ആരോടും മിണ്ടിയുമില്ല.
അഞ്ചാം പക്കം അയാൾ വെള്ളമുണ്ടുടുത്തു, വെള്ള ഷർട്ടുമിട്ടു. കവലയിൽ എത്തി. കാണുന്നവർ മുഴുവനും തമ്മിൽ തമ്മിൽ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. അതൊന്നും കാര്യമാക്കാതെ കുട്ടപ്പൻ ചേട്ടൻ ബസ്സിൽ കയറി എങ്ങോട്ടോ പോയി.
അന്ന് രാത്രി അയാൾ മടങ്ങിയെത്തിയില്ല. ജാനോമ്മ വീണ്ടും താണ്ഡവമാടി. മരുമകളെ വീട്ടിൽ നിന്നും അടിച്ചിറക്കി. എന്റെ മകൻ നാണക്കേട് കാരണം നാട് വിട്ടല്ലോടി, ചത്തു പൊക്കൂടെടി നിനക്ക്, അവർ ഉറക്കെ പ്രാകി.
അമ്മിണിയേച്ചി മൂന്നു പിള്ളാരേം കൊണ്ട് പോവുന്നത് കണ്ട്, വിലാസിനി ചേച്ചി തൻ്റെ വീട്ടിലേക്ക് അവരെ വിളിച്ചു കയറ്റി. എന്നാലും ന്റെ അമ്മിണിയെ, നിനക്കെന്താ ഇങ്ങനെ ഒരു മോശക്കേട് തോന്നാൻ.
മറുപടിയായി അലറിക്കരഞ്ഞു അമ്മിണി.
***************************************
ഡോട്ടറെ, നിങ്ങളാണ് എനിക്ക് അന്ന് ആപ്രേഷൻ ചെയ്തത്.എന്റെ പെണ്ണ് ഇപ്പോൾ വീണ്ടും ഗർഭിണി ആണ്. കുട്ടപ്പൻ രൂക്ഷമായി ഡോക്ടറുടെ മുഖത്ത് നോക്കി പറഞ്ഞു.
തനിക്കല്ലെടോ ഞാൻ ഓപ്പറേഷൻ ചെയ്തത്, തൻ്റെ ഭാര്യക്കല്ലല്ലോ. കെട്ട്യോളുടെ കയ്യിലിരുപ്പ് കാരണം വല്ലോടുത്തുന്നും വയറ്റിൽ ഉണ്ടായതിനു ..
പടേ..കുട്ടപ്പൻ ചേട്ടൻ ഡോക്ടറുടെ കരണകുറ്റിയ്ക്കിട്ടു ഒന്ന് പൊട്ടിച്ചു. ഡോക്ടറുടെ കണ്ണിൽ ഇരുട്ട് കയറി.പിന്നീട് എന്തൊക്കയോ മിന്നുന്നപോലെ.
ഞങ്ങൾ പാവങ്ങളാണെന്നു കരുതി എന്തും പറയാമെന്നോ.. നിങ്ങളെന്താ വിചാരിച്ചത്.
ടൗണിലെ ആശൂത്രിയിലെ ഡോക്ടറുടെ കുറിപ്പാണെടോ ഇത്. എനിക്ക് കുട്ടികളുണ്ടാകുമെന്നും താൻ ചെയ്ത ആപ്രെഷൻ ശരിയല്ലെന്നും കാണിച്ചുള്ള കുറിപ്പ്. കേസ് കൊടുക്കാനാ അങ്ങേര് പറഞ്ഞെ.പിന്നെ അത് വേണ്ടാന്ന് വയ്ക്കുന്നതെ, നിങ്ങടെ ഭാര്യയേയും കുട്ട്യോളേം കരുതിയ. മനസാക്ഷി ഉള്ളവനാടോ ഈ കുട്ടപ്പൻ.എന്റെ പെണ്ണിന്റെ കണ്ണിൽ നിന്നും വീണ കണ്ണീരിനു ദൈവം നിന്നോട് മറുപടി ചോദിക്കല്ലേ ന്ന് നീ പ്രാർത്ഥിച്ചോ.
കുട്ടപ്പൻ ഇടത്തെ കയ്യിലിരുന്ന കടലാസ്സെടുത്തു ഡോക്ടറുടെ മുഖത്തേക്കെറിഞ്ഞു.
എന്റെ അമ്മിണിയെ സംശയിച്ചത് കൊണ്ടല്ല, ഞാൻ ടൗണിലെ ആശൂത്രിയിൽ പോയത്. നിങ്ങളുടെ മുന്നിൽ വരുമ്പോൾ, മുട്ട് വിറയ്ക്കാതെ നിന്നു രണ്ട് വാക്ക് പറയാനും, നിങ്ങടെ മോന്തക്കിട്ടൊന്നു പൊട്ടിക്കാനും ഈ പേപ്പറിന്റെ ബലം വേണാരുന്നു.
ഡോക്ടർമാരുടെ വില കളയാനായി ഓരോ ജന്മങ്ങള്...
കുട്ടപ്പൻ അത്രയും പറഞ്ഞു തിരിഞ്ഞു നടന്നു. സ്ലോമോഷനിൽ തന്നെ.
********************************************
കുട്ടപ്പൻ ചേട്ടന്റെ വീട്ടില് ആഘോഷം നടക്കുകയാണ്. അവരുടെ നാലാമത്തെ കുഞ്ഞിന്റെ പേരിടൽ ആണ് ത്രേ അന്ന്.
ദൈവം കൊടുത്ത മുത്തിന് അവർ മുത്തുമണി എന്ന് പേരിട്ടു.
കുമാരന്റെയും, കുമാരിയുടെയും, മോഹനകുമാരന്റെയും കളിയും ചിരിയും മുത്തുമണിയുടെ കിളികൊഞ്ചലുമൊക്കെയായി അവരുടെ വീട് ഭൂമിയിലെ സ്വർഗമാവുകയായിരുന്നു...
*******************************************

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot