നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിരലടയാളം

Image may contain: one or more people, closeup and indoor

എന്നത്തെയും പോലെ അന്നും അടുക്കള ജോലിയൊക്കെ കഴിഞ്ഞ് എല്ലാർക്കും
ഭക്ഷണം കൊടുക്കും മുന്നേ ഒന്നു മേൽ കഴുകിയാലോ എന്നോർത്തു കൊണ്ട് രജനി ഡ്രോയിംഗ് റൂമിലേക്കൊന്നെത്തി നോക്കി. കെട്ടിയോൻ ഫുട്ബോളിൽ
മുഴുകിയിരിക്കുന്നുണ്ട്. അഞ്ചു വയസുകാരി ദിയ അവളുടെ പുസ്തകത്തിൽ
എന്തൊക്കെയോ വരച്ചുകൊണ്ടിരിക്കുന്നു.. പുറത്ത് കോരിപ്പെയ്യുന്ന മഴ.
പെട്ടെന്ന് കുളിച്ചു വരാമെന്നോർത്ത് അവൾ കുളിമുറിയിലേക്ക് പോയി. തണുത്ത വെള്ളത്തിൽ കുളിച്ചു കഴിഞ്ഞപ്പോ പകലത്തെ ക്ഷീണമെല്ലാം മാറി .
പുറത്തിറങ്ങി ടി.വിയിൽ മതി മറന്നിരിക്കുന്ന അനിലിനോടായി വിളിച്ചു ചോദിച്ചു.
"അനിയേട്ടാ ഭക്ഷണം എടുക്കാറായോ ?.. "
"ആയില്ല മോൾക്കു കൊടുത്തിട്ടു മതി"
ആയിക്കോട്ടേന്നും പറഞ്ഞ് മോൾക്കുള്ള ഭക്ഷണം എടുത്ത് ഡൈനിംഗ് ഹാളിലേക്കു നടക്കുമ്പോ രജനി വിളിച്ചു പറഞ്ഞു
" ദിയാ കൈ കഴുകി വരൂ. ഇനി ഭക്ഷണം കഴിച്ചിട്ടാവാം ബാക്കി ഹോം വർക്ക് ചെയ്യുന്നത്. അമ്മക്കു കാണണം .വേഗം വന്നേ".
ഭക്ഷണം മേശപ്പുറത്തു വെച്ച് കസേര നീക്കിയിട്ട് രജനി അതിലിരുന്നു നീട്ടിവിളിച്ചു ,
"ദിയാ വരണുണ്ടോ നീയ് ?.:
പിന്നെയും കുഞ്ഞിനെക്കാണാതിരുന്നപ്പോൾ ഇവളിതെവിടെപ്പോയെന്നും പറഞ്ഞു കൊണ്ടെഴുന്നേറ്റു.. അത്രയുമായപ്പോ അനിൽ ടി വി യിൽ നിന്നു
കണ്ണെടുത്തു കൊണ്ട് രജനിയെ നോക്കി .
അവൾ മുറിയിലൊക്കെ നോക്കി,കാണാഞ്ഞ് വളരെ പരിഭ്രാന്തയായി
അനിലിനോട് ചോദിച്ചു ,
"മോളെവിടെ അനിയേട്ടാ ?.:
അനിൽ ഫുട്ബോളുപേക്ഷിച്ച സോഫയിൽ നിന്നെഴുന്നേറ്റു... രണ്ടു പേരും
ഒന്നു കൂടെ വീടാകമാനം നോക്കി. അകത്തെങ്ങും കാണാഞ്ഞ് പരിഭ്രാന്തരായി
സിറ്റൗട്ടിലേക്കിറങ്ങിച്ചെന്നു.സ്ട്രീറ്റ് ലൈറ്റ് കുറേയായി കത്താത്തതു കൊണ്ട് വഴിയിൽ ഒട്ടും തന്നെ വെളിച്ചമില്ല.. പോരാതെ നല്ല മഴയും .രജനിക്ക് വെപ്രാളം കൊണ്ട് തല കറങ്ങുന്നതു പോലെ തോന്നി.
"അനിയേട്ടാ അവിടെത്തന്നെ ഉണ്ടായിരുന്നില്ലേ?.അവളവിടെയിരുന്ന് വരക്കുന്നത്
കണ്ടാണല്ലോ ഞാൻ പോയത്.'
"ഞാൻ ഇടക്കൊന്ന് ടോയ്ലറ്റിൽ പോയിരുന്നു. ഞാനോർത്തു അവൾ അകത്തെങ്ങാനും കാണുമെന്ന്. "
അവർ ഉറക്കെ വിളിച്ചു കൊണ്ട് കുടയുമെടുത്ത് മഴയിലേക്കിറങ്ങി. കരഞ്ഞുകൊ
ണ്ട് രജനിയും പിന്നാലെ .
അപ്പോഴേക്കും അയൽപക്കക്കാരെല്ലാം പുറത്തിറങ്ങി വന്നു.
ഓരോ വീട്ടിലും പറമ്പിലുമായി അന്വേഷണം തുടർന്നു .മോളെക്കാണാഞ്ഞ്
രജനി വലിയ വായിൽ നിലവിളിക്കാൻ തുടങ്ങി.
എല്ലാവരും കൂടി നിന്ന് ചർച്ച തുടങ്ങി.പോലീസിൽ കൊടുക്കണോ അതോ അന്വേഷിച്ചിട്ടു മതിയോ എന്നൊക്കെ കൂലംകഷമായി ആലോചന തുടങ്ങി.
വല്ല കുളത്തിലോ കിണറ്റിലോ ഒക്കെ നോക്കണോ എന്നൊക്കെ ചിലർ അഭിപ്രായം പറഞ്ഞു. കിണറ്റിലേക്ക് എത്തി നോക്കുക പോലും ചെയ്തു ചിലർ.
അനിലിനു കൈയും കാലും വിറക്കാൻ തുടങ്ങി.പെട്ടെന്ന് എന്തെങ്കിലും ചെയ്തേ
ഒക്കൂ. മഴ ഒന്നു തോർന്നിട്ടുണ്ട്.ചുറ്റുവട്ടം ഒന്നന്വേഷിക്കാം. അയാൾ വേഗം വീട്ടിനകത്തു നിന്നു ബൈക്കിന്റെ താക്കോലെടുത്തു വന്നു. പെട്ടെന്ന് ബൈക്ക് സ്റ്റാർട്ടാക്കി. രജനി ഓടി വന്നു ബൈക്കിനു പിന്നിൽ കയറാനൊരുങ്ങിയപ്പോൾ അനിൽ തടഞ്ഞു.
"നീ വരണ്ട. അപ്രത്തെ വികാസിനെ കൂട്ടാം".
അയാൾ ബൈക്ക് വികാസിന്റെ ഗേറ്റിന്റെ മുന്നിൽ നിർത്തി. വികാസ് ഷർട്ടിന്റെ ബട്ടനിട്ടു കൊണ്ട് തിടുക്കത്തിൽ വന്ന് ബൈക്കിലേക്ക് കയറാനാഞ്ഞതും അയാൾ പൊക്കിയ കാൽ പെട്ടെന്ന് നിലത്തൂന്നി. അനിലിന്റെ പുറത്തടിച്ചു കൊണ്ടു പറഞ്ഞു.
" ഡാ നോക്കിയേ, ആരാ വരുന്നേന്ന്.''
വികാസ് ചൂണ്ടിക്കാട്ടിയ ഭാഗത്തേക്ക് നോക്കിയ അനിലിന്റെ മുഖത്ത് സന്തോഷം
തിളങ്ങി.ഒരു ലോളിപ്പോപ്പ് നുണഞ്ഞു ചിരിച്ചുല്ലസിച്ചു കൊണ്ടു കണ്ണന്റെ സൈക്കിളിൽ വരുന്ന ദിയയെക്കണ്ട് അയാൾക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടായി.
പതിനാലുകാരൻ കണ്ണൻ ,അനിലിന്റെ ചേട്ടന്റെ മോനാണ്.ബൈക്കിൽ നിന്നിറങ്ങി അനിൽ രജനിയെ വിളിച്ചു. അപ്പോഴേക്കും കണ്ണനും ദിയയും സൈക്കിളിലേറി അടുത്തെത്തിയിരുന്നു. റോഡു മുഴുവൻ ആൾക്കാരെക്കണ്ട് അന്തം വിട്ടു പോയിരുന്നു അവൻ.രജനി ഓടിപ്പോയി ദിയയെ സൈക്കിളിൽ നിന്നിറക്കി കെട്ടിപ്പിടിച്ചു രണ്ടു കവിളിലും മുത്തമിട്ടു കൊണ്ട് ചോദിച്ചു ,
"നീയെവിടായിരുന്നു മോളെ ?"
"ഞാൻ കണ്ണ'ൻ ചേട്ടന്റെ കൂടെ "
അനിൽ ചോദിച്ചു ,
"ഡാ കണ്ണാ നിനക്കിവളെ എവിടന്നു കിട്ടിയെടാ ?."
"ഇവിടെന്ന് . എന്തേ?"
"അതല്ലെടാ ഇവളെ നീ.. അല്ല ,ഇവിടെന്ന് എപ്പോ ?. "അനിലിന് ഒന്നും മനസിലായില്ല.
"ഞാൻ നേരത്തെ വന്നില്ലേ എനിട്ട് കൂട്ടിക്കൊണ്ടു പോയതാ.....
"കള്ളപന്നീ, എന്നാപ്പിന്നെ ഒന്നു പറഞ്ഞിട്ടു കൊണ്ടു പോകരുതായിരുന്നില്ലേ ?."
"അതല്ല ചെറിയച്ഛ, ചെറിയച്ഛനും ചെറിയമ്മയും അകത്തായിരുന്നു. ചോദിക്കാൻ
നേരം കിട്ടീല. ഇന്ന് അവസാന ദിവസമല്ലേ? "
"അതെന്താ കിട്ടാഞ്ഞെ ?.നീ നാളെ നാടുവിട്ടു പോകുവോ ?."
"അതല്ല ചെറിയച്ഛ .ചെറിയമ്മക്ക് ഈ മാസം റേഷനരി വേണ്ട നമ്മളോട് വാങ്ങി
ച്ചോളാൻ പറഞ്ഞിട്ട് കാർഡ് തന്നില്ലേ ?. അമ്മ നേരത്തേ പറഞ്ഞതാ വാങ്ങിച്ചോണ്ടു ചെല്ലാൻ. കളി കഴിഞ്ഞപ്പോ ലേറ്റായി. അവിടെ ചെന്നപ്പോഴാ അറിയുന്നത് റേഷൻ കാർഡിലെ അംഗത്തിന്റെ വിരലടയാളം കൊടുത്താലേ റേഷൻ കിട്ടൂന്ന്. അരിയില്ലാതെ ചെന്നാ അമ്മ ചീത്ത പറയും..."
"അതിന്? "
"ചെറിയച്ഛനെ വിളിക്കാന്നു വെച്ചാ ഞാൻ വന്നത്. അപ്പോ രണ്ടാളെയും കണ്ടില്ല. കട അടക്കാറായിരുന്നു.ഇവളുടെ വിരലടയാളം ആയാലും മതീലോ?. പെട്ടെന്ന് കൊണ്ടരാന്നു വെച്ച വിളിച്ചോണ്ടു പോയത്. അപ്പോ മഴ പെയ്തു .പിന്നെ വിരലടയാളം വേണെങ്കി ലോളിപ്പോപ്പ് വാങ്ങിത്തരണം പറഞ്ഞു ഇവൾ."
അവിടുണ്ടായിരുന്നവരൊക്കെ ഉറക്കെ ചിരിച്ചു - അനിലിന് ചിരി വന്നെങ്കിലും കണ്ണനെ പിടിച്ചു രണ്ടു പെട കൊടുത്താലോന്ന് ഓർത്തു. പിന്നെ ഓർത്തു
പാവം ,അവൻ നിസ്സഹായനാണ്. അമ്മയേ പേടിച്ചിട്ടല്ലേ. .റേഷൻ കടയിലെ ഓരോ പരിഷ്കാരങ്ങൾ വരുത്തിയ വിന.
അയാൾ മോളെയും കണ്ണനെയും രജനിയെയും കൂട്ടി വീട്ടിലക്കു തിരിച്ചു.
പേടിച്ചിരുന്ന ഒരു വിപത്തൊഴിഞ്ഞ ആശ്വാസത്തോടെ. അപ്പോഴേക്കും
ആൾക്കൂട്ടം ഒഴിഞ്ഞു തുടങ്ങിയിരുന്നു.
നീതി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot