Showing posts with label SreekalaMohan. Show all posts
Showing posts with label SreekalaMohan. Show all posts

പ്രതീക്ഷ I Short Story I Sreekala Mohan




 അമ്മേ അച്ഛൻ എവിടാ? ചാരു വാസന്തിയോട് ചോദിച്ചു.
അച്ഛൻ രാവിലെ പണിക്ക് പോയതാ മോളെ. എന്താ നീ നേരത്തെ വന്നത്
കോളേജ് അവധിയാണോ?
അല്ലമ്മേ കോളേജ് സമരം.
വീണ്ടും തുടങ്ങിയോ സമരവും ബഹളവും.
അല്ല നീയെന്തിനാ ഇപ്പോൾ അച്ഛനെ തിരക്കിയത്?
അതുപിന്നെ ഈ ആഴ്ച പരീക്ഷാ ഫീസ്
കൊടുക്കണം. അത് ഓർമ്മപ്പെടുത്താനാ അമ്മേ.
പാവം അച്ഛൻ എനിക്കുവേണ്ടി കഷ്ട്ടപ്പെടുന്നത് കാണുമ്പോൾ സഹിക്കുന്നില്ല. ഞാൻ പഠിത്തം നിർത്താമെന്ന് പറഞ്ഞപ്പോൾ നിങ്ങൾ സമ്മതിക്കുന്നില്ലല്ലോ?
ഇത്രേം നന്നായി പഠിക്കുന്ന നിന്നെ വീട്ടിൽ നിർത്താനോ? ഇപ്പോൾ കുറച്ച് കഷ്ട്ടപ്പാട് ഒക്കെ സഹിച്ചാലും നിന്നെ പഠിപ്പിച്ച് വലിയ ഒരു ഡോക്ടർ ആക്കണം എന്നാണ് നിന്റെ അച്ഛന്റെ ആഗ്രഹം മോളെ. അതുകൊണ്ട് നീ പഠിക്കുന്ന കാര്യം മാത്രം നോക്കിയാൽ മതി.
എല്ലാരും എൻട്രൻസ് കോച്ചി്‌ംഗിന് പോകുമ്പോൾ എന്റെ മോൾ വീട്ടിൽ ഇരുന്നല്ലേ പഠിക്കുന്നത്. അതിന് എങ്ങനേം വിടാമെന്ന് അച്ഛൻ പറഞ്ഞതല്ലേ. നീ സമ്മതിക്കാഞ്ഞിട്ടല്ലേ?
അച്ഛനെ ഇതിൽ കൂടുതൽ കഷ്ട്ടപ്പെടുത്താൻ എനിക്കു വയ്യ. ഞാൻ നന്നായി പഠിച്ച് മെരിറ്റിൽ തന്നെ അഡ്മിഷൻ എടുക്കും. ഇതൊരു വാശിയ എനിക്ക്.
" എന്റെ ക്ളാസ്സിലെ ആ പത്രാസു കാരി കൊച്ചമ്മയില്ലേ അപ്രത്തെ ബംഗ്ളാവിലെ അവള് കളിയാക്കുവാ എന്നെ. കഞ്ഞിക്ക് അരിയില്ലാത്ത വീട്ടിലെ ഒരുത്തിക്ക് ഡോക്ടർ ആകണമത്രേ എന്നു പറഞ്ഞ് കോളേജിൽ വച്ച് പലതവണ അവള് എന്നെ അപമാനിച്ചിട്ടുണ്ട്."
അവള് വലിയ കോച്ചിംഗ് സെന്ററിൽ പോകുവല്ലേ. അതിന്റെ നെഗളിപ്പാ.
എന്തു ത്യാഗം സഹിച്ചാലും എനിക്ക് ഈ പരീക്ഷ പാസ്സായേ പറ്റൂ.
വൈകുന്നേരം അച്ഛൻ വരുന്നതും കാത്ത്
ചാരു വരാന്തയിൽ തന്നെയുണ്ടായിരുന്നു.
ആ ഇരിപ്പ് കാണുമ്പോൾ അയാൾക്കറിയാം എന്തോ തന്നോട് പറയാനുണ്ടെന്ന്.
ഇന്നെന്താ മോൾക്ക് അച്ഛനോട് പറയാനുള്ളത്. മൺവെട്ടി ചായ്പ്പിൽ വച്ചിട്ട് തോളിൽ കിടന്ന തോർത്തെടുത്ത് മുഖം തുടച്ചുകൊണ്ടയാൾ ചോദിച്ചു.
അതുപിന്നെ അച്ഛാ ഈ ആഴ്ച... അവളൊന്ന് നിർത്തി.
ഫീസ് അടക്കണം അല്ലേ. പെട്ടന്നയാൾ ചോദിച്ചു. അയാൾ മടികുത്തിൽ നിന്നും
വിയർപ്പു പുരണ്ട കുറേ നോട്ടുകൾ എടുത്ത് അവളുടെ നേരെ നീട്ടി. മോള് എണ്ണി നോക്ക്.
അവൾ അച്ഛനെ ദയനീയമായി നോക്കി. എന്നിട്ട് ആ നോട്ടിലേക്കും. നോട്ട് എണ്ണിനോക്കിയിട്ട് ഇത് കൂടുതലുണ്ട്
അച്ഛാ.
അത് മോളെ കൈയ്യിൽ വച്ചോ പരീക്ഷ എഴുതാൻ പോകുമ്പോൾ എന്തെങ്കിലും ആവശ്യം വന്നാലോ.
അയാൾ കുളിക്കാനായി പുഴയിലേക്ക് പോയി.
അവൾ ഓർത്തു വീട് ഇതുവരെ ഓല മേഞ്ഞിട്ടില്ല. മഴ വന്നാൽ ഒരു തുള്ളി വെള്ളം വെളിയിൽ പോകില്ല. ഓല വാങ്ങാൻ വച്ചിരുന്ന കാശാവും തനിക്ക് ഫീസടക്കാൻ തന്നത്.
ഈ അവസ്ഥ മാറണമെങ്കിൽ തനിക്ക് ഒരു ജോലി ആവശ്യമാണ്. പക്ഷെ അച്ഛന്റെ ആഗ്രഹം എത്ര കഷ്ട്ടപ്പാട് വന്നാലും മോളെ ഒരു ഡോക്ടർ ആക്കണമെന്നതാണ്.
തനിക്കതിനു കഴിയും എന്ന വിശ്വാസവും ഉണ്ട്. എങ്കിലും അഞ്ചാറ് വർഷം ഇനിയും തനിക്കു വേണ്ടി അച്ഛൻ കഷ്ട്ടപ്പെടണമല്ലോ എന്ന് ആലോചിക്കുമ്പോൾ നെഞ്ചിലൊരു നീറ്റൽ.
പേടിയോടെ അവർ കാത്തിരുന്ന ആ തുലാവർഷം എത്തി. പഴയ ചാക്കും
ടാർപാളനും ഒക്കെ എടുത്തിട്ട് അച്ഛൻ ചോരുന്നിടമൊക്കെ ഒരുവിധം അടക്കാൻ ശ്രമിച്ചു. പക്ഷെ നല്ല കാറ്റു വീശിയപ്പോൾ എല്ലാം പറന്നു പോയി. വെള്ളം മുഴുവനും വീട്ടിനുള്ളിൽ. ചാരു ഒരു പ്ളാസ്റ്റിക് സഞ്ചിയിൽ തന്റെ ബുക്കുകളൊക്കെ അടുക്കി വച്ചു. കോളേജ് ലൈബ്രറിയിൽ നിന്നും പഠിക്കാൻ എടുത്ത ബുക്കുകളും ഉണ്ട്. അത് വല്ലതും നനഞ്ഞാൽ പിന്നെ പിഴയൊടുക്കണം. അങ്ങനെ ഒരു അധിക ചിലവ് കൂടി താങ്ങാൻ അച്ഛന് കഴിയില്ല.
ഉള്ള പാത്രങ്ങളൊക്കെ എടുത്ത് വച്ച് വെള്ളം നിറയുമ്പോൾ കളഞ്ഞും നേരം വെളുപ്പിക്കും. ചിമ്മിനി വെട്ടത്തിലാണ് പഠിപ്പ്. അങ്ങനെ വളരെ കഷ്ട്ടപ്പാടിനിടയിലും അവൾ പ്രതീക്ഷ കൈവെടിഞ്ഞില്ല.
അങ്ങനെ ആ കഷ്ട്ടപ്പാടും ദുരിതങ്ങളും മറികടന്ന് ചാരു എൻട്രൻസ് എക്സാം
ഒന്നാം റാങ്കോടെ പാസ്സായി.
കോളേജിൽ അവളൊരു ഹീറോ ആയി. അവളെ കളിയാക്കിയവരൊക്കെ തോറ്റു തുന്നം പാടിയപ്പോൾ അവൾ തല ഉയർത്തി തന്നെ നിന്നു. ഏതു പ്രതിസന്ധിയും തരണം ചെയ്യാനുള്ള മനസ്സുണ്ടെങ്കിൽ ഒരിടത്തും തോൽക്കില്ല.
താമസിയാതെ തന്നെ ചാരു മെഡിസിന് ചേർന്നു. വർഷം അഞ്ച് കഴിഞ്ഞു.
എല്ലാവരും കളിയാക്കിയ ആ കൂലിപ്പണിക്കാരന്റെ മകൾ ഒരു ഡോക്ടർ ആയി തിരിച്ചു വന്നിരിക്കുന്നു. എല്ലാവരും ചേർന്ന് അവൾക്കൊരു വൻ സ്വീകരണം തന്നെ കൊടുത്തു. അവളേയും അച്ഛനേയും കളിയാക്കിയവരൊക്കെ
ഇന്ന് അവളെ അഭിനന്ദിക്കാനെത്തി.
പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിട്ടും ആ പ്രതിസന്ധിയിലൊന്നും തളരാതെ
പിടിച്ചു നിന്ന ആ അച്ഛനും അമ്മക്കും മകൾക്കും എല്ലാവരും
അഭിനന്ദനങ്ങൾ
അറിയിച്ചു.
ചാരു അവളുടെ അച്ഛനു കൊടുത്ത വാക്കു പാലിച്ചു. ഇന്ന് അവളൊരു ഡോക്ടർ ആയി.
ശുഭം
ശ്രീകല മോഹൻ
12/6/21

ഭാഗം വയ്ക്കൽ I Sreekala Mohan

 ഇന്ന് ഞായറാഴ്ച. രാവിലെ തന്നെ രാഘവൻ മാഷിന്റെ വീട്ടുമുറ്റത്ത് രണ്ട് കാറുകൾ വന്നു നിന്നു. ആരാണെന്നല്ലേ?

രാഘവൻ മാഷിന്റെയും ശാരദ ടീച്ചറിന്റേയും മക്കൾ വന്നിറങ്ങിയതാണ്.
മൂത്തവൻ രവി രണ്ടാമൻ മനു മൂന്നാമത്തെ മഞ്ജു. അങ്ങനെ മൂന്നുമക്കൾ. രവിയും മനുവും വിദേശത്താണ് ഭാര്യയും മക്കളുമായി.
മഞ്ജു നാട്ടിൽ തന്നെയുണ്ട്. വയസ്സായ അച്ഛനും അമ്മയും മാത്രമാണ് തറവാട്ടിൽ താമസം. വല്ലപ്പോഴും വന്ന് ഒരുദിവസം നിൽക്കാൻ പോലും മഞ്ജു മിനക്കെടാറില്ല.
പക്ഷെ ഇന്ന് കൃത്യ സമയത്തു തന്നെ ലീവ് ഇല്ലാതിരുന്നിട്ടും വിദേശത്തുള്ളവർ രണ്ടു പേരും എത്തി. കൂടെ മഞ്ജുവും എത്തി.
എന്താണ് വിശേഷം എന്നല്ലേ. കുറേ നാളായി മക്കൾ മൂന്നാളും കൂടി മാഷിനെ നിരന്തരം വിളിച്ച് ശല്ല്യപ്പെടുത്തുന്ന ഒരു കാര്യത്തിന് ഇന്നാണ് തീർപ്പു കൽപിക്കൽ.
മാഷിന്റെ സ്വത്തുക്കളുടെ ഭാഗം വയ്ക്കൽ ചടങ്ങിനു വേണ്ടിയാണ് എല്ലാവരും എത്തിയത്. അല്ലാതെ വയസ്സായ അച്ഛനേയും അമ്മയേയും കാണാനല്ല.
എല്ലാവർക്കും ഓരോരോ ആവശ്യം. കാശ് വേണം അച്ഛനും അമ്മക്കും വയസ്സായി ഇനി ഈ സ്വത്തും കെട്ടിപ്പിടിച്ചു ഇരുന്നിട്ട് എന്തിനാ. ഞങ്ങൾക്കാണെങ്കിൽ അത് കിട്ടിയാൽ നൂറുകൂട്ടം ആവശ്യങ്ങൾ നടക്കും.
അപ്പോൾ മാഷും വിചാരിച്ചു ഞങ്ങൾക്ക് ഇനി എന്തിനാ ഇതൊക്കെ. എല്ലാം മൂന്നാൾക്കും കൂടെ വീതം വച്ച് കൊടുക്കാം. അതാണ് ആണ്ടിൽ ഒരിക്കൽപോലും അച്ഛനേയും അമ്മയേയും കാണാൻ വരാത്ത രണ്ട് ആൺമക്കൾ ഓടിപ്പാഞ്ഞ് എത്തിയത്. ഇപ്പോൾ അവർക്ക് ലീവൊക്കെ കിട്ടി.
എല്ലാവരും വന്നു അക്ഷമരായി വലിയ ഹോളിൽ കാത്തിരിപ്പുണ്ട്. ജോലിക്കാരി വനജ എല്ലാപേർക്കും കുടിക്കാൻ കൊണ്ടു വന്നു കൊടുത്തു. രണ്ടാളുടേയും ഭാര്യയും മക്കളും വന്നിട്ടില്ല.
അതാ രാഘവൻമാഷും ശായദ ടീച്ചറും ഇറങ്ങി വന്നു. മക്കളെ കണ്ട അവരുടെ കണ്ണുകളിൽ സന്തോഷം. അവർ നാലുപാടും നോക്കി. തങ്ങളുടെ പേരകുട്ടികളെ ഒരു നോക്കു കാണാൻ.
അതു മനസ്സിലാക്കിയ രവി പറഞ്ഞു
മക്കൾക്കും അവൾക്കും ലീവില്ലമ്മേ അതാ വരാതിരുന്നത്.
മനൂ നിനക്കും ഇതായിരിക്കുമല്ലോ പറയാനുള്ളത്. അതുകെട്ട മനു തലകുനിച്ചു.
എന്നാൽ ഇനി കാര്യത്തിലേക്ക് കടക്കാം. എന്താണ് നിങ്ങളുടെ ആവശ്യം. ആദ്യം മൂത്തവനായ രവി തന്നെ പറയൂ മാഷ് ആവശ്യപ്പെട്ടു.
അവൻ മനുവിനേയും മഞ്ജുവിനേയും നോക്കി. അച്ഛാ എനിക്കവിടെ ഒരു വില്ല വാങ്ങാനാണ്. ഇവിടുന്ന് എനിക്കുള്ള ഓഹരി വിറ്റിട്ട് അത് വാങ്ങാനാണ് പരിപാടി. ഞങ്ങൾ ഏതായാലും ഇങ്ങോട്ട് വരാൻ പോകുന്നില്ല. പിന്നെ ഇത് ഇവിടെ ഇട്ടിട്ട് എന്തിനാ. അതാകുമ്പോൾ വാടകക്ക് കൊടുത്താലും ലക്ഷങ്ങൾ കിട്ടും.
നിനക്കോ മനു?
അച്ഛാ ഞാൻ അവിടെ ഒരു ബിസ്നസ്സ് ചെയ്യാനുള്ള പരിപാടിയാ. കുറേ കാശ് അവളുടെ അച്ഛൻ തന്നു സഹായിക്കും. ബാക്കി ഇവിടുന്ന് കിട്ടുന്നത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം എന്നു വിചാരിക്കുന്നു.
മഞ്ജുവോ എന്തു പറയുന്നു.
അച്ഛന് അറിയാമല്ലോ എനിക്ക് രണ്ട് പെൺമക്കളാ. അവരെ കെട്ടിച്ചു വിടണമെങ്കിൽ ഇന്നത്തെ കാലത്ത് എത്രയാ ചിലവ്.
ശരി എല്ലാവർക്കും ഉള്ളത് ഞാൻ തരാം.
മാഷ് പറഞ്ഞു.
എല്ലാവരുടേയും മുഖം തെളിഞ്ഞു.
മൂന്നുപേർക്കും ഉള്ളത് ഏതൊക്കെയെന്ന് മാഷ് പറഞ്ഞു. പക്ഷെ ആ വലിയ വീടും
അതിനോട് ചേർന്നുള്ള ഒരു ഏക്കർ സ്ഥലത്തിന്റെ കാര്യം ഒന്നും പറഞ്ഞു കേട്ടില്ല. മൂന്നുപേരും അതെപറ്റി ചോദിച്ചു.
ഇത് ആർക്ക് കൊടുക്കാനാ അച്ഛാ?
മാഷ് പറഞ്ഞു എന്റെ എല്ലാ സ്വത്തുക്കളും നിങ്ങൾക്ക് ഞാൻ ഭാഗം വച്ച് തരും.
പക്ഷെ നിങ്ങളോട് ഒരു ചോദ്യം?
മൂന്നുപേരും എന്താണെന്നറിയാൻ മാഷിന്റെ മുഖത്തേക്ക് നോക്കി.
അതേ ഞങ്ങളെ ആർക്കും വേണ്ടേ?
അതു ചോദിക്കുമ്പോൾ മാഷിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
നിങ്ങൾ ഇനി ഞങ്ങളെ വീതംവയ്ക്ക്.
മൂന്നുപേരും അതുകേട്ട് മുഖത്തോടു മുഖം നോക്കി. ആര് നോക്കും അച്ഛനേയും അമ്മയേയും.
ഇവിടെയുള്ളത് മഞ്ജുവല്ലേ അവൾ.നോക്കട്ടേ?
അതെങ്ങനാ ചേട്ടാ ആൺമക്കളുടെ കൂടെയല്ലേ അച്ഛനമ്മമാർ നിൽക്കേണ്ടത്.
മകളെ കെട്ടിച്ചു വിട്ടിടത്താണോ?
അതു ശരിയാവില്ല.
എന്നാൽ മൂത്തത് ചേട്ടനല്ലേ ചേട്ടൻ കൊണ്ട് പോയ്ക്കോ.
അമ്മയെ വേണമെങ്കിൽ ഞാൻ കൊണ്ടു
പോകാം. മനു അച്ഛനെ കൊണ്ടു പോയ്ക്കോ.
അതു കൊള്ളാം അമ്മയെ കൊണ്ട് വീട്ടുജോലി ചെയ്യിക്കാമല്ലോ അല്ലേ?
അച്ഛനെ കൊണ്ട് എന്ത് ചെയ്യിക്കാനാ. അമ്മയെ ഞാൻ കൊണ്ടു പോകാം
നിർത്ത് നിങ്ങളുടെ ലേലം വിളി. നിങ്ങൾക്കുള്ളത് നാളെതന്നെ ഭാഗം വച്ച് തരും. അതും വാങ്ങി പൊയ്ക്കോളണം.
ഞങ്ങൾക്ക് വേണ്ടിയാ ഈ വീടും പറമ്പും.
ഇവിടെ ആരൊരുമില്ലാതെ ഞങ്ങളെ പോലുള്ള കുറച്ചു പേരെ ഞങ്ങൾ ഇവിടെ താമസിപ്പിക്കും. ഇനി മുതൽ അവരാണ് ഞങ്ങൾക്ക് സ്വന്തക്കാർ. ഭാഗം വാങ്ങി എല്ലാവരും നാളെത്തന്നെ സ്ഥംലം വിട്ടോളണം. അകത്തു നിന്നും ഒരു തേങ്ങൽ കേട്ടു. മാഷ് നോക്കുമ്പോൾ ടീച്ചർ. താൻ എന്തിനാ സങ്കടപ്പെടുന്നെ തനിക്ക് ഞാനുണ്ട്. നമ്മളെ ഭാഗം വയ്ക്കാൻ ആരും വരില്ല. അതിന് ആരെയും ഞാൻ അനുവദിക്കില്ല ടീച്ചറെ. മാഷ് ടീച്ചറിനെ തന്റെ ചുമലിലേക്ക് ചേർത്തു ആ നെറ്റിയിൽ തലോടി. അതു കണ്ട മക്കളുടെ തല അറിയാതെ താണുപോയി.
(ശുഭം)
ശ്രീകല മോഹൻ

പശ്ചാത്താപം


 "രാവിലെ ജാനുവിന്റെ വീട്ടിൽ നിന്നും ഒരു നിലവിളി കേട്ടു. പാടത്ത് പണിക്കു

നിന്നവരെല്ലാം അങ്ങോട്ടേക്ക് ഓടി."
രാമൻ ആശാരിയുടെ വീടാണ്.
ആശാരി പോയെന്നാ തോന്നുന്നത്.
അങ്ങോട്ട് ഓടുന്നതിനിടയിൽ ആരോ പറഞ്ഞു.
പോയെങ്കിൽ നന്നായി. എത്ര നാളായി
ഈ കിടപ്പ് തുടങ്ങിയിട്ട്. വേലൻ പറഞ്ഞു.
എല്ലാരും ഓടി എത്തിയപ്പോൾ സംഗതി
ശരിയാ.. രാമൻ ആശാരി മരിച്ചു.
ആ ശരീരത്തിനടുത്ത് ഇതൊന്നുമറിയാത്ത അവരുടെ മൂന്നു വയസ്സുള്ള കുഞ്ഞ് . അവൻ അച്ഛന്റെ മുഖത്തും മുടിയിലും ഒക്കെ പിടിച്ചു വലിക്കുന്നു. അയാളെ നോക്കുന്നു.
അടുത്ത വീട്ടിലെ നാണിയമ്മ വന്ന് കുഞ്ഞിനെ എടുത്തു. ജാനു കരച്ചിൽ തന്നെ.
അവസാനം നാട്ടുകാർ
എല്ലാവരും കൂടി ആശാരിയെ കുളിപ്പിച്ച് പട്ട് പുതപ്പിച്ച്
എല്ലാവർക്കും കാണാൻ വേണ്ടി ആ
ചെറിയ വീടിന്റെ ഉമ്മറത്ത് തന്നെ കിടത്തി.
ബന്ധുക്കളാരും വരാനില്ലാത്തതു കൊണ്ട്
വേഗം തന്നെ ചടങ്ങ് കഴിഞ്ഞു. എല്ലാവരും
പിരിഞ്ഞു പോയി.
അവസാനം നാണിയമ്മ.മാത്രം അവിടെ
ഇരുന്നു. അവരാണ് ജാനുവിന് ഒരു കൂട്ട്
എപ്പോഴും. അവർ അകത്തു കയറി
ഇത്തിരി കട്ടൻ ഇട്ട് ജാനു വിന് കൊടുത്തു.
നാണിയമ്മ ഒറ്റക്കായിരുന്നതു കൊണ്ട്
രാത്രി കിടപ്പ് ജാനുവിൻെറ വീട്ടിലാക്കി.
ജാനുവിന് അത് വലിയ ആശ്വാസം
ആയി.
അങ്ങനെ പതിനാറ് കഴിഞ്ഞപ്പോൾ
ജാനു പറഞ്ഞു. നാണിയമ്മേ ഇനി
ഇങ്ങനെ ഇരുന്നാൽ വീട് പട്ടിണിയാകും.
ഞാൻ പണിക്ക് പോകാൻ തീരുമാനിച്ചു.
ഞാൻ അത് പറയാൻ ഇരിക്കയായിരുന്നു.
മോന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം.
അങ്ങനെ ജാനു വീട്ടു ജോലിക്ക്
പോയിത്തുടങ്ങി.
വർഷങ്ങൾ ഓടി മറഞ്ഞു. അതോടൊപ്പം
ജാനുവിൻെറ മകൻ മണിയും വളർന്നു.
അവനിപ്പോൾ അഞ്ചാം തരം പഠിക്കുന്നു.
പഠിക്കാൻ മിടുക്കനാണ്. അതുകൊണ്ട്
എത്ര കഷ്ട്ടപ്പെട്ട് ആയാലും മോനെ
പഠിപ്പിക്കാൻ ഞാനുവും തീരുമാനിച്ചു.
ഇതിനിടെ അവൾക്ക് ഒരു രണ്ടാം
കല്ല്യാണ ആലോചന വന്നു. പക്ഷെ
അവൾ സമ്മതിച്ചില്ല...തന്റെ.മകനു
വേണ്ടിയാണ് ഇനിയുള്ള ജീവിതം
എന്ന് ഉറപ്പിച്ചൂ.
നാണിയമ്മ പറഞ്ഞു...മോളെ നിനക്ക്
അധികം പ്രായം ഒന്നും ആയില്ല. ഈ
വിവാഹത്തെപറ്റി ആലോചിക്കാവുനതേ
ഉള്ളു. അയാളും രണ്ടാം കെട്ടാ. മണിയെ
പോലെ ഒരു കുട്ടിയും ഉണ്ട്.
അതാ നാണിയമ്മേ പറഞ്ഞത്. .എൻെറ
മുഴുവൻ സ്നേഹവും എന്റെ മകന് കൊടുക്കണം എനിക്ക്. നാണിയമ്മ
അവരോട് നടക്കില്ലാന്ന് പറഞ്ഞേക്ക്.
വർഷങ്ങൾ പിന്നേയും കടന്നു.
മണി ഇപ്പോൾ പത്താം തരം ആയി.
ഇപ്പോൾ ജാനുവിന് കിട്ടുന്ന കാശ് കൊണ്ട് കാര്യങ്ങൾ
ഒന്നും നടക്കുന്നില്ല. .ജാനു ഒന്നു രണ്ടു
ചായ കടകളിൽ കൂടി ജോലിക്ക് പോയി.
പാത്രം കഴുകാനും അരി അരക്കാനും
ആയി. ജോലി ഭാരം കൊണ്ടും സമയത്തിനു ഭക്ഷണം കഴിക്കാത്തതു
കൊണ്ടും ജാനു ആകെ മെലിഞ്ഞുണങ്ങി.
ദിവസവും വെയിലത്തുള്ള ഓട്ടവും
കാരണം അവളുടെ ഭംഗിയും ആ വെളുപ്പും
ഒക്കെ പോയി. ആകെ കറുത്ത ഒരു
മനുഷ്യക്കോലം ആയി മാറി.
മണിയുടെ സ്കൂളിൽ പല പരിപാടികളും
അരങ്ങേറാറുണ്ട്. അവൻ എല്ലാ പരിപാടികൾക്കും പേര് കൊടുക്കും.
സമ്മാനങ്ങളും നേടാറുണ്ട്.
ഓരോ പ്രോഗ്രാം നടക്കുംപോഴും
എല്ലാ കുട്ടികളുടെയും മാതാപിതാക്കൾ
വരാറുണ്ട്. പക്ഷെ മണി മാത്രം
അവന്റെ അമ്മയെ കൊണ്ടു പോകാറില്ല.
ഒരു ദിവസം അവന്റെ നാടകം ഉണ്ടെന്ന്
അറിഞ്ഞ ജാനു അന്നത്തെ പണികൾ
എല്ലാം നേരത്തെ ചെയ്തു തീർത്തിട്ട്
അവന്റെ സ്കൂളിൽ പോകാൻ
തീരുമാനിച്ചു. അവൾ ഉള്ളതിൽ ഒരു
നല്ല സാരിയൊക്കെ ഉടുത്ത്
നാണിയമ്മയേയും കൂട്ടി സ്കൂളിലേക്ക്
പോയി. ആദ്യമായിട്ടാണ് മണിയുടെ
ഒരു പരിപാടി കാണാൻ അവൾ
സ്കൂളിൽ പോകുന്നത്.
അവർ ഗേറ്റ് കടന്ന് അകത്തേക്കു
കയറിയതും മണി ഓടിവന്ന് അവരെ
തടഞ്ഞു.. അയ്യോ അമ്മ എന്തു.പണിയാ കാണിച്ചെ. എന്തിനാ ഇങ്ങോട്ട് വന്നത്. അവന് ദേഷ്യം വന്നു.
ജാനു പറഞ്ഞു. അത് മോന്റെ എന്തോ
സിനിമ ഇവിടെ ഉണ്ടെന്ന് ആ ചെല്ലമ്മ
എന്നോട് പറഞ്ഞു. അതു കാണാൻ
വന്നതാ. അപ്പോ നാണിയമ്മക്കും
കാണണം എന്ന് പറഞ്ഞു.
അയ്യോ സിനിമയൊന്നും അല്ല. അമ്മ
വന്നേ അവൻ അവരെ ഗേറ്റിന് വെളിയിലേക്ക് കൊണ്ടു പോയി.
അതേ ഇന്ന് ഇവിടെ പരിപാടി ഒന്നും
ഇല്ല. അത് കുറച്ചു ദിവസം കഴിഞ്ഞിട്ടാ.
അന്ന് ഞാൻ പറയാം. ഇപ്പോൾ രണ്ടാളും
ചെല്ല്.
അവർ ആകെ വിഷമിച്ച് തിരിച്ചു
പോയി. എന്നാലും നമ്മൾ വന്നത്
വെറുതെ ആയല്ലോ നാണിയമ്മേ.
അതിനെന്താടീ ഇനി എന്നാന്നു വച്ചാൽ
അന്ന് വന്ന് കാണാം. ഇപ്പോൾ നമുക്ക്
പോകാം.
പിന്നെ അതിനെപറ്റി ജാനുവും മറന്നു.
നാണിയമ്മയും മറന്നു.
മണി നല്ല മാർക്കോടെ പാസ്സായി.
അവന് കോളേജിൽ അഡ്മിഷനും
ശരിയായി. അതിനു വേണ്ടിയുള്ള
കാശ് ഉണ്ടാക്കാനുള്ള തത്രപ്പാടിലായിരുന്നു ജാനു. .ഇനിയിപ്പോൾ
പഴയപോലെ അല്ല. നല്ല കാശ് ചിലവാ.
അവൾ ഒരു വീട്ടിൽ കൂടി ജോലി എടുത്തു.
ഇപ്പോൾ അവൾ ഓട്ടത്തോട് ഓട്ടം തന്നെ.
പണിയെടുത്ത് അവൾ ഒരു അസ്തികൂടം
ആയി.
എന്നാലും മോനെ മുന്നോട്ട് പഠിപ്പിക്കാൻ
തന്നെ തീരുമാനിച്ചു. താൻ ഇത്തിരി
കഷ്ട്ടപ്പെട്ടാലും വേണ്ടില്ല. അവന് നല്ല
ഉടുപ്പും പാന്റും ഒക്കെ വാങ്ങി കൊടുക്കും.
അവളാണെങ്കിൽ കീറിയതും പഴയതും
ഒക്കെ കൊണ്ട് ഒരുവിധം നടക്കുന്നു.
വിശേഷം വല്ലതും വരുംപോൾ
ജോലിക്കു നിൽക്കുന്ന വീട്ടിലെ കൊച്ചമ്മ
അവരുടെ പഴയ സാരി കൊടുക്കും. അതു തന്നെ അവൾക്ക് ധാരാളം. എവിടെ
പോകാനാ.
അങ്ങനെ മണിയുടെ പഠിപ്പ് കഴിഞ്ഞു.
നല്ല മാർക്കോടെ തന്നെ അവൻ
ഡിഗ്രി പാസ്സായി. ഇനി എങ്ങനെ എങ്കിലും ഒരു ജോലി കണ്ടുപിടിക്കണം. എന്നിട്ട് തുടർന്ന് പഠിക്കണം എന്ന് അവൻ തീരുമാനിച്ചു. .അങ്ങനെ ഇരിക്കെ
അവന് ഒരു ജോലിക്കുള്ള ഇന്റർവ്യൂവിന്
ഡൽഹിയിൽ പോകേണ്ടി വന്നു.
അതിനുവേണ്ട പുതിയ കോട്ടിനും ഷൂവിനും കാശ് വേണമെന്ന് മണി
പറഞ്ഞപ്പോൾ അവൾ ഒരു വഴിയും കണ്ടില്ല. എന്നാലും മോൻെറ ജോലി
കാര്യത്തിനല്ലേ എങ്ങനെയെങ്കിലും കാശ് ഉണ്ടായല്ലേ പറ്റൂ. അവൾ ജോലിക്ക്
പോകുന്ന വീട്ടിലെ കൊച്ചമ്മയോട് അടുത്ത മാസത്തെ ശംമ്പളം അഡ്വാൻസ് ആയി ചോദിച്ചു വാങ്ങി.
ജാനുവിനെ അവർക്ക് വിശ്വാസമാണ്.
നന്നായി പണിയെടുക്കുന്ന കൂട്ടത്തിലാണ്.
അതുകൊണ്ട് അവളെപ്പറ്റി ആർക്കും ഒരു പരാതിയും ഇല്ല.
ജാനു കാശ് കൊണ്ടുവന്ന് മണിയെ
ഏൽപ്പിച്ചു. മോൻ പോയി എന്താന്നു
വച്ചാൽ വാങ്ങിക്ക് മറ്റന്നാൾ പോകാനുള്ളതല്ലേ.
അമ്മ ഒത്തിരി കഷ്ട്ടപ്പെടുന്നുണ്ട് അല്ലേ.
ഈ ജോലി ഒന്ന് കിട്ടട്ടെ പിന്നെ അമ്മയെ
ജോലിക്കൊന്നും ഞാൻ വിടില്ല.
അങ്ങനെ മണി ഡൽഹിക്ക് വണ്ടി
കയറി. നല്ല ഒരു കമ്പനിയാണ് കിട്ടിയാൽ
രക്ഷപ്പെട്ടു. അവൻ ഇൻറർവ്യൂ
നന്നായി തന്നെ അറ്റന്റ് ചെയ്തു.
അറിയിക്കാമെന്ന് അവർ പറഞ്ഞു.
അവൻ തിരികെ നാട്ടിൽ എത്തി.
അങ്ങനെ മാസം ഒന്നു കഴിഞ്ഞു.
മണിക്ക് ജോലിക്കുള്ള ലറ്റർ കിട്ടി.
അവൻ പോകുന്നതിൽ ജാനുവിന്
നല്ല സങ്കടം ഉണ്ടായിരുന്നു. ഇതുവരെ
അവൻ മാറി നിന്നിട്ടില്ല. അവനും
അമ്മയെ തനിച്ചാക്കി പോകാൻ
വിഷമം ഉണ്ടായിരുന്നു. പിന്നെ കൂട്ടിന്
നാണിയമ്മ ഉള്ളതാണ് ഒരു സമാധാനം.
അവൻ അങ്ങനെ ഒരു ജോലിക്കാരനായി.
വർഷങ്ങൾ ഓടി മറഞ്ഞു. ഇപ്പോൾ
ജാനുവും ഓട്ടം നിർത്തി. തീരെ വയ്യാണ്ടായി. മണി ജോലി കിട്ടിയപ്പോഴെ
പറഞ്ഞതാ. ഇനി വിശ്രമിക്കാൻ.
ഇതിനിടി നാണിയമ്മ മരണപ്പെട്ടു. അത് ജാനുവിന് വല്ലാത്ത വേദനയായിരുന്നു.
തന്റെ അമ്മയുടെ സ്ഥാനമാണ് അവർക്ക്
കൊടുത്തിരുന്നത്. വിവരം അറിഞ്ഞ്
മണിയും വന്നു. മകന്റെ സ്ഥാനത്തു
നിന്ന് എല്ലാം അവൻ തന്നെ ചെയ്തു.
ഇപ്പോൾ ജാനുവിന് ഒരു ആഗ്രഹം
മണി ഒരു വിവാഹം കഴിക്കണം.
മണി ജോലിക്ക് കയറിയിട്ട് മാസം മൂന്നു കഴിഞ്ഞു. ആയിടെ ഓഫീസിൽ നിന്നും
ഒരാൾ വിട്ടു പോകുന്നു. അതിന്റെ
ഒരു പാർട്ടി ഉണ്ടായിരുന്നു ഓഫീസിൽ.
അന്ന് പാർട്ടിക്കിടയിൽ കമ്പനി എം.ഡി
യുടെ ഒരു പ്രസംഗം ഉണ്ടായിരുന്നു.
"അദ്ദേഹം പറഞ്ഞത്. താൻ ഒരു
പാവപ്പെട്ട കുടുംബത്തിലെ മൂത്ത മകൻ ആയിരുന്നു. തനിക്കു താഴെ രണ്ട്
പേർ. അച്ഛനും അമ്മയും. അച്ഛൻ
ഒരിക്കൽ തീർത്ഥാടനത്തിന് പോയിട്ട്
പിന്നീട് മടങ്ങി വന്നില്ല. അന്ന് ഞാൻ
പത്തിൽ പഠിക്കുന്നു. ഞങ്ങളെ മൂന്നു
മക്കളേയും വളർത്താൻ അമ്മ നന്നേ
കഷ്ട്ടപ്പെട്ടു. താൻ ആണെങ്കിൽ
രാവിലെ പത്രം ഇടാൻ പോകും.
അമ്മ വീട്ടുജോലിക്കുവരെ പോയിട്ടുണ്ട്.
ഇതു പറയാൻ എനിക്ക് ഒരു നാണക്കേടും
തോന്നിയിട്ടില്ല. മറിച്ച് എന്റെ അമ്മയോട്
ബഹുമാനം കൂടിയതേയുള്ളു. അമ്മക്ക്
വേണമെങ്കിൽ എന്നോട് പഠിപ്പ് നിർത്താൻ
പറയാമായിരുന്നു. പക്ഷെ അമ്മ വീട്ടു
ജോലിക് പോയി എന്നെ നല്ലനിലയിൽ
പഠിപ്പിച്ചു. ഞാൻ ഉയവന്ന ജോലിയിൽ
കയറി. എന്റെ അമ്മയാണ് എൻെറ
കൺകണ്ട ദൈവം. അതു കൊണ്ട്
മാതാപിതാക്കളെ മക്കളായ ആരും
തന്നെ സങ്കടപ്പെടുത്തരുത് എന്നാണ്
എനിക്ക് പറയാനുള്ളത്".
*ഈ പ്രസംഗം കേട്ട മണിക്ക് താൻ
അമ്മയോടു കാണിച്ച കാര്യം ഓർത്ത്
വല്ലാത്ത പശ്ചാത്താപം തോന്നി.*
അവൻ വേഗം ഒരാഴ്ച ലീവ് എടുത്ത്
വീട്ടിലേക്കു വന്നു. പെട്ടന്ന് മണിയെ
കണ്ട ജാനുവിന് അതിശയം. അവർ
ഓടിവന്ന് മകനെ കെട്ടിപ്പിടിച്ചു.
അവൻ അമ്മയുടെ കാലിൽ വീണ്
പൊട്ടിക്കരഞ്ഞു. അമ്മ എന്നോട്
ക്ഷമിക്കണം. എനിക്ക് മാപ്പു തരണം.
ജാനുവിന് പക്ഷെ ഒന്നും മനസ്സിലായില്ല.
അവർ അവനെ എണീപ്പിച്ചു കാര്യം.
തിരക്കി.
അവൻ പറഞ്ഞു തുടങ്ങി.
"അന്ന് അമ്മയും നാണിയമ്മയും കൂടി
എന്റെ നാടകം കാണാൻ സ്കൂളിൽ
വന്നത് ഓർമ്മയുണ്ടോ അമ്മയ്ക്ക്.
അന്ന് ഞാൻ അമ്മയെ മന:പൂർവ്വം
ആണ് പറഞ്ഞു വിട്ടത്. നാടകം ഇല്ലാന്ന്
പറഞ്ഞ്. അന്ന് എന്റെ നാടകം
ഉണ്ടായിരുന്നു. പക്ഷെ എന്റെ കൂട്ടുകാരുടെ അമ്മമാർ എല്ലാം
നല്ല അറിവുള്ളവരും നല്ല മോഡേൺ
ആയിട്ടുള്ളവരും ആയിരുന്നു.
പക്ഷെ എന്റെ അമ്മ വീട്ടുജോലികാരി
ആണെന്ന് പറയാൻ എനിക്ക് നാണക്കേട്
ആയിരുന്നു. മാത്രമല്ല അമ്മയുടെ അന്നത്തെ കോലം കണ്ടാൽ അവർ
എന്നെ കളിയാക്കുമെന്ന് ഞാൻ
പേടിച്ചു. കറുത്ത് മെലിഞ്ഞു ഒരു
അസ്ഥികൂടമായ അമ്മയെ അവർക്ക്
പരിചയപ്പെടുത്താനുള്ള നാണക്കേട്
കൊണ്ടാണ് അന്നങ്ങനെ ഞാൻ
പെരുമാറിയത്. എൻെറ അറിവില്ലായ്മ
ആയി കണ്ട് അമ്മ എന്നോട് പൊറുക്കില്ലേ. അവൻ അവരുടെ കാലിൽ
കെട്ടിപ്പിടിച്ചു കരഞ്ഞു."
അവൾ അവനെ പിടിച്ച് എണീപ്പിച്ചു.
എന്നിട്ട് അവന്റെ കണ്ണുനീർ തുടച്ചിട്ട്
പറഞ്ഞു. മോനേ നീ അറിവില്ലാത്ത
സമയത്ത് ചെയ്ത ഒരു തെറ്റ് . നിനക്ക്
അത് ഇനിയും പറയാതെ മൂടിവയ്ക്കാം
ആയിരുന്നു. പക്ഷെ ഇപ്പോൾ നിനക്ക്
അതോർത്ത് സങ്കടവും പശ്ചാത്താപവും
തോന്നിയെങ്കിൽ എൻെറ മോന്റെ
മനസ്സിൽ നന്മയും മനുഷ്യത്വവും
ഉള്ളതു കൊണ്ടാണ്. ആ പ്രായത്തിൽ
നിനക്ക് അത്രക്കുള്ള അറിവേ
ഉണ്ടായിരുന്നുള്ളു. അമ്മമാർക്ക്
മക്കളോട് എന്നും പൊറുക്കാനേ കഴിയൂ.
മോൻ വിഷമിക്കണ്ട.
അതോടെ മണിക്ക് മന:സ്സമാധാനം ആയി.
അവൻ പിന്നെ തന്റെ അമ്മയെ ജീവൻെറ
ജീവനായി സ്നേഹം കൊണ്ട് മൂടി.
ഇതുവരെ തന്റെ മനസ്സിൽ കിടന്ന്
തന്നെ വീർപ്പുമുട്ടിച്ച ആ രഹസ്യം അമ്മയോട് ഏറ്റുപറഞ്ഞപ്പോൾ
അവന് കിട്ടിയ ആശ്വാസവും
സന്തോഷവും പറഞ്ഞറിയിക്കാൻ
പറ്റാത്തതായിരുന്നു. അവൻ ലീവ്
കഴിഞ്ഞു പോയപ്പോൾ ജാനുവിനേയും
ജോലിസ്ഥലത്തേക്ക് കൊണ്ടുപോയി.
ഇതിൽപ്പരം ഒരു സന്തോഷം ജാനുവിനും
കിട്ടാനില്ലായിരുന്നു. കാരണം ആദ്യമായി
തന്റെ മകൻ തന്നെ കൊണ്ട് പുറത്തു പോകുന്നത്. അവളുടെ കണ്ണുകൾ
സന്തോഷം കൊണ്ട് നിറഞ്ഞു.
ഫ്ളൈറ്റിൽ കയറിയപ്പോൾ അവൾ
പേടിച്ചു. പക്ഷെ മണി അമ്മയെ
ചേർത്തു പിടിച്ചു കൊണ്ട് അഭിമാനത്തോടെ അകത്തേക്കു കയറിയപ്പോൾ അവളുടെ പേടിയൊക്കെ
പമ്പകടന്നു. അവളുടെ മുഖത്ത് ഒരു
പുഞ്ചിരിയും. തന്റെ മകനോട് അഭിമാനവും തോന്നി. പക്ഷെ ഇതു കാണാൻ മോന്റെ അച്ഛൻ ഇല്ലെന്ന ദു:ഖം മാത്രം ബാക്കിയായി.
എല്ലാ സന്തോഷത്തിനിടയിലും ഒരു ദു:ഖം കാണുമല്ലോ. അത് സ്വാഭാവികം.
*************
(ശുഭം)
ശ്രീകല മോഹൻ

അച്ഛന്റെ കണക്കു ബുക്ക്


"സാവൂ എത്ര സമയമായി ഒരു ചായ
ചോദിച്ചിട്ട്".

എനിക്ക് രണ്ട് കൈയ്യേ ഉള്ളു കണ്ണേട്ടാ?

ഇങ്ങോട്ടൊന്ന് വന്ന് എടുത്തൂടെ?
പത്രം പിടിച്ച് ഇരുന്നാൽ പിന്നെ അനങ്ങില്ല
അവിടുന്ന്. സാവിത്രി പിറുപിറുത്തു.

അവർ ചായയുമായി ചെന്നു.

"ഇതാ ചായ. ഇത് എത്രാമത്തെ ചായയാന്ന് അറിയോ?

ഓ ഞാൻ കണക്കെടുത്തില്ല.

എന്നാലെ ഞാൻ കണക്കെടുത്തു.
അഞ്ചാമത്തെയാ. ഇങ്ങനെ ചായ കുടിച്ചാൽ ഉച്ചക്ക് ഒന്നും കഴിക്കൽ
ഉണ്ടാകില്ല. സാവു പറഞ്ഞു.

"ശരി ശരി ഇനി ചായ വേണ്ടായേ."

അതേ വൈകിട്ട് ആ കുട്ടൻപിള്ളയുടെ
കടവരെ ഒന്ന് പോകണം. കുറച്ച്
സാധനങ്ങൾ വാങ്ങണം.

എന്ത് സാധനമാ ഇപ്പോൾ വാങ്ങാനുള്ളത്?
ഈ മാസത്തെ സാധനങ്ങൾ എല്ലാം
വാങ്ങിയതാണല്ലോ?

"അതേ ഈ ആഴ്ച കണ്ണേട്ടന്റെ അറുപതാം പിറന്നാളല്ലേ".

അതിന് എന്നത്തേയും പോലെ എന്റെ
വക ഒരു സദ്യ. അല്ലാതെ മക്കളൊന്നും
ഇതൊന്നും ഓർക്കാൻ പോകുന്നില്ല. കണ്ണേട്ടന് ഏറ്റവും
ഇഷ്ടപ്പെട്ട അടപ്രഥമൻ ഉണ്ടാക്കാനുള്ള
സാധനമാ വാങ്ങേണ്ടത്. അന്ന് സാധനങ്ങൾ വാങ്ങിയപ്പോൾ ഞാൻ
ഓർത്തില്ല.

വൈകിട്ട് പോയാൽ മതിയല്ലോ?
പോകാം.

വൈകുന്നേരം കണ്ണൻ കടയിലേക്ക്
പോകാൻ ഇറങ്ങിയപ്പോഴായിരുന്നു
മകൻ നന്ദുവും മരുമകൾ മിനിയും
കൂടി ഓഫീസിൽ നിന്നും വന്നത്.

അല്ല അച്ഛൻ സഞ്ചി ഒക്കെ ആയിട്ട്
ഇതെങ്ങോട്ടാ? മകന്റെ ചോദ്യം
കേട്ടു കൊണ്ടാണ് സാവിത്രിയമ്മ അങ്ങോട്ട് വന്നത്. അത് ഒരു സാധനം
വാങ്ങാൻ മറന്നു അതിനാ അച്ഛൻ
പോകുന്നത്?

"കണ്ണൻ നായർ പുറത്തേക്ക് പോയി."

നന്ദുവും മിനിയും അകത്തേക്ക് കയറി.
സാവിത്രി അടുക്കളയിലേക്ക് പോയി.

"അമ്മ ഒന്ന് നിന്നേ നന്ദു വിളിച്ചു.
അതേ ഈയിടെയായി കടയിലെ പറ്റ്
ഇത്തിരി കൂടുതലാ. മൊത്തത്തിൽ
ചിലവ് അങ്ങ് കൂടി. ഇങ്ങനെ പോയാൽ
കാര്യങ്ങളൊന്നും വിചാരിക്കുന്നിടത്ത്
നിൽക്കില്ല."

അതിനിപ്പോൾ എന്താടാ ഇത്രക്ക് ചിലവായത്?

കഴിഞ്ഞമാസം പറ്റ് എത്രയാന്നാ അമ്മയുടെ വിചാരം. രണ്ടു പേർക്ക്
ജോലി ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല.

"ഒരു ദിവസം എത്ര ചായയാണ് അച്ഛൻ
കുടിക്കുന്നത്? ചായപ്പൊടി
പഞ്ചസാര ഒക്കെ ചിലവുതന്നെയല്ലെ?
ഉടനെ വന്നു മിനിയുടെ വിമർശനം."

ഞാൻ വല്ലതും പറഞ്ഞാൽ പോരു
പറയുന്നതാണെന്ന് തോന്നും.

മതി നിർത്ത്. സാവിത്രിക്ക് ദേഷ്യവും
സങ്കടവും ഒക്കെകൂടി വന്നു.
അവന്റെ ഒരു കണക്ക് പറച്ചിൽ.

*തന്റെ കണ്ണട എടുക്കാൻ മറന്ന
കണ്ണൻ നായർ തിരിച്ച് വന്ന് കയറിയത്
ആരും കണ്ടില്ല. അകത്തെ സംസാരം
കേട്ട അയാൾക്ക് തന്റെ കാതുകളെ
വിശ്വസിക്കാൻ ആയില്ല. തന്റെ മകൻ
തന്നെയാണോ ഈ പറഞ്ഞത്.
താൻ കുടിക്കുന്ന ചായയുടെ കണക്ക്
വരെ മരുമകൾ പറഞ്ഞു.
അയാൾ അനങ്ങാനാകാതെ അവിടെ നിന്നുപോയി.

"നീ വലിയ കണക്കൊന്നും പറയണ്ട".

",അച്ഛന്റെ കൈയ്യിലും ഉണ്ടായിരുന്നു
ഒരു കണക്ക് പുസ്തകം. പക്ഷെ
അതിൽ മക്കൾക്ക് വേണ്ടി ചിലവാക്കിയതിന്റെ കണക്കൊന്നും
അദ്ദേഹം എഴുതി വച്ചിട്ടില്ല."

നിങ്ങളോടൊന്നും അതിന്റ കണക്ക്
പറഞ്ഞിട്ടുമില്ല.
നിന്നേയും നിന്റെ ചേച്ചിയേയും പഠിപ്പിക്കാനും അവളുടെ വിവാഹം
നടത്താനും ഒക്കെ നിന്റെ അച്ഛന്റെ
ഒരു വരുമാനം മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളു.

ആരോടും അഞ്ചിന്റെ പൈസ വാങ്ങിയിട്ടുമില്ല. ഇന്നും അദ്ദേഹം
പറമ്പിൽ നട്ടുനനച്ച് ഉണ്ടാക്കുന്ന പച്ചക്കറികൾ തന്നാ ഈ വീട്ടിലെ
ആവശ്യത്തിന് എടുക്കുന്നത്.

അച്ഛൻ രണ്ട് ചായ കുടിച്ചതിന്റെ കണക്ക്
നിന്റെ ഭാര്യ പറഞ്ഞല്ലോ. നിങ്ങൾ
മാസത്തിൽ രണ്ടും മൂന്നും തവണ ഹോട്ടലിൽ പോയി കഴിക്കുന്നതും
സിനിമ കാണുന്നതിനും ചിലവാക്കുന്നതിന്റെ നൂറിൽ ഒരംശം
വരില്ലല്ലോ രണ്ട് ചായ കുടിക്കുന്നതിന്.

"നിനക്ക് അറിയോ നിങ്ങൾ രണ്ട് മക്കൾ
ഉണ്ടായതിനു ശേഷം ആ മനുഷ്യൻ
സ്വന്തമായിട്ട് ഇഷ്ടപ്പെട്ട ഒരു ഡ്രസ്സോ
എന്തിന് രണ്ട് ചെരുപ്പുപോലും
വാങ്ങിയിട്ടില്ല. ഒരു സിനിമ കാണാനോ
ഹോട്ടലിൽ പോയി ഒരു നേരത്തെ
ആഹാരം കഴിക്കാനോ പോയിട്ടില്ല.
ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല. അതിന് ചിലവാക്കുന്ന കാശുണ്ടെങ്കിൽ മക്കൾക്ക്
എന്തെങ്കിലും വാങ്ങാമല്ലോന്ന് ചിന്തിക്കും.
അതാണെടാ അച്ഛൻ."

*കണ്ണൻ നായർ പിന്നവിടെ നിന്നില്ല.
കണ്ണട എടുക്കാതെ തിരികെ പോയി.*

നിങ്ങളുടെയെല്ലാം ഓരോ പിറന്നാളും
എത്ര ഇല്ലെങ്കിലും ആർഭാടമായിട്ടല്ലാതെ
നടത്തിയിട്ടുണ്ടോ. പക്ഷെ ആ മനുഷ്യന്റെ
ഒരു പിറന്നാളെങ്കിലും നിനക്ക് ഓർമ്മിക്കാനോ ഒരു കോടി വാങ്ങി
കൊടുക്കാനോ നിങ്ങൾ മക്കൾ ഇന്നുവരെ
ശ്രമിച്ചിട്ടുണ്ടോ? ഇല്ല. നങ്ങൾക്ക് അറിയോ ഈ ആഴ്ച അച്ഛന്റെ അറുപതാം പിറന്നാളാ. അദ്ദേഹത്തിന്
ഏറ്റവും ഇഷ്ടപ്പെട്ട അടപ്രഥമൻ ഉണ്ടാക്കാനാ സാധം വാങ്ങാൻ ഞാൻ
പറഞ്ഞുവിട്ടത്. നിങ്ങൾക്ക് ഓർമ്മയുണ്ടോ അത്.

*അച്ഛനമ്മമാർ ഒരിക്കലും കണക്കു
ബുക്കിൽ ഈ ചിലവുകളൊന്നും
എഴുതി സൂക്ഷിക്കാറില്ല.*

ഇത്രയും പറഞ്ഞ് സാവിത്രി അകത്തേക്ക്
പോയി.

കണ്ണേട്ടനെ കണ്ടില്ലല്ലോ. എന്താ വൈകുന്നെ. അപ്പോഴേക്കും ആളെത്തി.
അയാളുടെ കൈയ്യിൽ സാധനം ഒന്നും
കണ്ടില്ല. അല്ല നിങ്ങൾ സാധനങ്ങൾ
വാങ്ങിയില്ലേ? ഒന്നും സംഭവിക്കാത്ത മട്ടിൽ സാവിത്രി ചോദിച്ചു.

അവരുടെ കണ്ണുകൾ കലങ്ങിയിരുന്നത്
അയാൾ ശ്രദ്ധിച്ചു.

എന്തുപറ്റി നിനക്ക് കണ്ണ് കലങ്ങിയിരിക്കുന്നു.

അത് ഉള്ളി അരിഞ്ഞതിന്റെയാ.

അല്ല സാധനങ്ങൾ എവിടെ?

" അയാളിന്ന് കട തുറന്നില്ല.
മോളുടെ കുഞ്ഞിന്റെ പിറന്നാളിന്
പോയേക്കുവാ."

എന്നാൽ പിന്നെ നാളെ വാങ്ങാം.

അയാൾ മനസ്സിൽ ഓർത്തു. താൻ
മന:പൂർവ്വം വാങ്ങാത്തതാണെന്ന് സാവു
അറിയണ്ട. ഇവിടെ നടന്ന സംസാരം താൻ
കേട്ടതും അറിയണ്ട. പാവം അവൾ
വിഷമിക്കും.

നന്ദു മുറിയിലേക്ക് പോയി. അവൻ
അമ്മ പറഞ്ഞ കാര്യങ്ങൾ ആലോചിച്ചു.
താൻ പറഞ്ഞത് ശരിയായില്ല. താൻ
കണക്ക് പറയാൻ പാടില്ലായിരുന്നു.
പാവം തനിക്കും ചേച്ചിക്കും വേണ്ടി
അച്ഛൻ നന്നേ കഷ്ട്ടപ്പെട്ടിരുന്നു. എന്നിട്ട്
ഒരു കണക്കും അച്ഛൻ പറഞ്ഞിട്ടില്ല.
ഒരു വർഷം അവരെ നോക്കിയപ്പോൾ
താൻ കണക്കു പറഞ്ഞു. അവന് വല്ലാത്ത
കുറ്റബോധം തോന്നി.

*അവന് പഴയ ഒരു കാര്യം ഓർമ്മവന്നു."

*അന്ന് താൻ ഡിഗ്രിക്ക് കോളേജിൽ
ചേർന്ന ദിവസം. കൂട്ടുകാരൊക്കെ പുതിയ ബൈക്കിൽ ചെത്തി വന്നിറങ്ങി. താൻ
മാത്രം ബസ്സിലും. എല്ലാവരുടേയും
മുന്നിൽ താൻ ചെറുതായപോലെ തോന്നി."

അന്ന് താൻ വീട്ടിൽ വന്നപാടെ ബാഗ്
വലിച്ചെറിഞ്ഞു. എന്താന്ന് ചോദിച്ച
അമ്മയോട് തട്ടിക്കയറി. തനിക്ക് ഇഷ്ടപ്പെട്ട അടയും ചായയും ഉണ്ടാക്കി
അമ്മ കാത്തിരിക്കുകയായിരുന്നു.
താൻ അതൊക്കെ നീക്കിയിട്ടു. എന്നിട്ട്
മുറിയിൽ ചെന്ന് കിടന്നു.

രാത്രിയിൽ അത്താഴം കഴിക്കാൻ അമ്മ വിളിച്ചിട്ടും താൻ എണീറ്റില്ല. കാര്യം
തിരക്കിയപ്പോൾ ബൈക്കിന്റെ കാര്യം
പറഞ്ഞു. അച്ഛന്റെ കൈയ്യിൽ ഇപ്പോൾ
എവിടുന്നാടാ കാശ്. ചേച്ചിയുടെ വിവാഹം
കഴിഞ്ഞിട്ട് അധികം ആയിട്ടില്ല. അതിന്റെ
ക്ഷീണം ഒന്ന് മാറട്ടെ. അമ്മ പറഞ്ഞു.

അതൊന്നും താൻ ചെവിക്കൊണ്ടില്ല.

രാത്രി ഏറെ വൈകിയാണ് അച്ഛൻ
വന്നത്. വന്നപ്പോൾ തന്നെ തിരക്കുന്നത്
കേട്ടു. താൻ ഉറക്കം നടിച്ച് കിടന്നു.

അമ്മ അച്ഛനോട് ബൈക്കിന്റെ കാര്യം
പറയുന്നത് താൻ കേട്ടു. അച്ഛൻ തന്റെ റൂമിലേക്ക് വരുന്നതറിഞ്ഞ ഞാൻ ഉറക്കം നടിച്ച് കിടന്നു. മോനെ എണീക്കെടാ വന്ന് ഊണ് കഴിക്ക്. താൻ അനങ്ങാതെ കിടന്നു.

അവൻ ഉറങ്ങിക്കാണും അമ്മ പറഞ്ഞു.

"അച്ഛൻ തന്റെ തലയിൽ തലോടുന്നതും നെറ്റിയിൽ ഉമ്മ വയ്ക്കുന്നതും താൻ
അറിഞ്ഞിട്ടും അനങ്ങാതെ കിടന്നു.
ഒടുവിൽ അച്ഛൻ പുറത്തേക്ക് പോയി."

*രാത്രി വൈകിയാണ് താൻ ഉറങ്ങിയത്.
അതുകാരണം രാവിലെ എണീക്കാതെ
കിടന്നുറങ്ങി. പോരാത്തതിന് ഞായറാഴ്ച. ഒടുവിൽ ഉണർന്നു
നോക്കുംപോൾ മണി ഒന്ന്.*

ഉണർന്നിട്ടും എണീക്കാനേ തോന്നിയില്ല.
അപ്പോൾ അച്ഛൻ വരുന്ന ഒച്ച കേട്ട് കണ്ണടച്ചു ഞാൻ കിടന്നു. അച്ചൻ വന്ന്
തട്ടി വിളിച്ചു. താൻ കണ്ണുതുറന്ന് നോക്കിയപ്പോൾ ചിരിച്ചു കൊണ്ട് അതാ
അച്ഛൻ മുന്നിൽ. എണീക്കെടാ എന്ന് പറഞ്ഞ് തന്നെ വലിച്ചെണീപ്പിച്ച് കണ്ണു പൊത്തി പുറത്തേക്ക് കൊണ്ടുപോയി.

" മുറ്റത്ത് എത്തിയപ്പോൾ അച്ഛൻ കണ്ണിൽ നിന്നും കൈ എടുത്തു. അതാ
താൻ സ്വപ്‌നം കണ്ട ആ ബൈക്ക് തന്റെ
മുറ്റത്ത്. അച്ചൻ ചാവി തന്റെ കൈയ്യിലേക്ക് വച്ചുതന്നു.
സന്തോഷംകൊണ്വച്ചോൻ അച്ഛനെ
കെട്ടിപ്പിടിച്ചു."

ഇന്നലെ കഴിഞ്ഞപോലെ എല്ലാം
ഓർമ്മവന്നു. പിറ്റേദിവസം തനിക്ക്
ചായ തരുന്ന സമയത്ത് അമ്മയുടെ
ഒഴിഞ്ഞ കൈതണ്ടയിലേക്ക് നോക്കി.
അമ്മയുടെ കൈയ്യിൽ ആകെ ഉള്ള ഒരു
പൂണുവള അത് കാണാനില്ല. എനിക്ക്
കാര്യം മനസ്സിലായി ആ വള ഒന്നുകിൽ
വിറ്റു കാണും. അവൻ ചോദിച്ചില്ല
ആരും പറഞ്ഞതുമില്ല. എങ്കിലും താൻ അത് ഊഹിച്ചെടുത്തു.

അങ്ങനെയുള്ള അച്ഛനേയും അമ്മയേയുമാണല്ലോ താൻ ചെറിയ കാര്യത്തിനു വേണ്ടി വേദനിപ്പിച്ചത്.
അവൻ ഒന്ന് തീരുമാനിച്ചു.

"ഇനി മേലിൽ അച്ഛനേയും അമ്മയേയും
താനോ തന്റെ ഭാര്യയോ വേദനിപ്പിക്കില്ല."

അച്ഛന്റെ ഷഷ്ഠിപൂർത്തി നന്നായി
ആഘോഷിക്കാനും തീരുമാനിച്ചു.

പിറ്റേദിവസം രാവിലെ പതിവുപോലെ
രാവിലെ സാവിത്രി ചായയുമായി
ചെന്നപ്പോൾ ആള് റൂമിലില്ല. നന്ദൂ
അച്ഛനെ കണ്ടൊടാ നീ.

ഇല്ലല്ലോ. ഇവിടെ എവിടെയെങ്കിലും കാണും. അവൻ പറഞ്ഞു.

ദാ വരുന്നു അച്ഛൻ. ഇത്ര രാവിലെ
അച്ഛൻ എവിടെ പോയതാ.

നന്ദു അമ്മയെ നോക്കി. ഇന്നലത്തെ
കാര്യം പറഞ്ഞോ എന്നുള്ള അർഥത്തിൽ.
അവർ ഇല്ലെന്ന് കണ്ണടച്ചു കാണിച്ചു.

താൻ ഇന്നലെ പറഞ്ഞത് ശരിയാടോ.
ഞാൻ ഈയിടെയായി ഒത്തിരി ചായ
കുടിക്കുന്നുണ്ട്.. ആ ദുശ്ശീലം ഇന്നു
മുതൽ ഞാൻ നിവത്തി. ചായകുടി
നിർത്തി. പകരം രാവിലെ കുറച്ച്
നടക്കാമെന്ന് വച്ചു.

അയാൾ അതും പറഞ്ഞ് അകത്തേക്കു
പോയി.
നന്ദുവിന് സംശയം ആയി. അച്ഛൻ
ഇന്നലത്തെ സംസാരം കേട്ടോ?
ഏയ് അച്ഛൻ പോയിക്കഴിഞ്ഞല്ലേ
സംസാരിച്ചത്. അതൊന്നുമാവില്ല അവൻ അങ്ങനെ സമാധാനിച്ചു.

അങ്ങനെ അച്ഛന്റെ പിറന്നാളിന് രണ്ടു
ദിവസം ബാക്കി. ഒരു സർപ്രൈസ് തന്നെ കൊടുക്കണം നന്ദു തീരുമാനിച്ചു.
അച്ഛനും അമ്മക്കും സന്തോഷം ആകണം.

ഷഷ്ഠിപൂർത്തി ആഘോഷത്തിനായി
ഒരു ഹോൾ തന്നെ ബുക്കു ചെയ്തു.
എല്ലാ ബന്ധുക്കളേയൂം കൂട്ടുകാരേയും
വിളിച്ചു. എല്ലാ ഏർപ്പാടുകളും ചെയ്തു.

അങ്ങനെ ആ സുദിനം എത്തി. രാവിലെ
തന്നെ ശ്രീദേവി കണ്ണൻനായരെ കൂട്ടി
അമ്പലത്തിൽ പോയി വന്നു.

വന്നപ്പോൾ നന്ദുവും മിനിയും അച്ഛന്
പിറന്നാൾ ആശംസകൾ അറിയിച്ചു.
അയാൾക്ക് അതിശയം തോന്നി.
അല്ല നിങ്ങൾക്ക് ഇതൊക്കെ ഓർമ്മയുണ്ടോ?

അവൻ ഒരു പാക്കറ്റ് എടുത്ത് അച്ഛന്
കൊടുത്തു. അയാൾ അത് വാങ്ങി
തുറന്നു. അയാൾക്ക് ഇഷ്ടപ്പെട്ട
കളറിലുള്ള ഒരു ഷർട്ടും അതിനു മേച്ചായ മുണ്ടും. അതിൽ ചെറിയൊരു കവർ
കൂടി ഉണ്ടായിരുന്നു. അത് തുറന്ന അയാൾക്ക് വിശ്വസിക്കാനായില്ല.
ഒരു സ്വർണ്ണമാല.

ഇതൊക്കെ എന്തിനാ മോനെ.

അച്ഛന്റെ അറുപതാം പിറന്നാളല്ലെ അച്ഛാ.
ഇന്നേവരെ അച്ഛൻെറയോ അമ്മയുടേയോ പിറന്നാൾ ഓർക്കുകയോ
ഒരു കോടി വാങ്ങിത്തരാനോ മിനക്കെട്ടില്ല
ഞാൻ. ഞങ്ങൾക്കുവേണ്ടി അച്ഛൻ
കഷ്ട്ടപ്പെട്ടതൊക്കെ അമ്മ പറഞ്ഞ്
തരേണ്ടിവന്നു. അച്ഛൻ ഞങ്ങളോട്
പൊറുക്കണം. ഞാൻ കണക്കുവരെ
പറഞ്ഞു. അച്ഛനമ്മമാർ മക്കൾക്കു
ചിലവാക്കുന്നതിന്റെ കണക്ക് അവർ സൂക്ഷിക്കാറില്ല. പക്ഷെ മക്കളോ?
മാപ്പ് അച്ഛാ മാപ്പ്.. അവൻ ആ കാൽക്കൽ
വീണു. കണ്ണൻ അവനെ പിടിച്ച്
എണീപ്പിച്ചു.

"സാരമില്ല മോനെ. തെറ്റു പറ്റാത്ത
മനുഷ്യരില്ല. അത് മനസ്സിലാക്കി
തിരുത്തുംപോഴാണ് നല്ലൊരു മനുഷ്യൻ
ആകുന്നത്. എന്റെ മോൻ നല്ലവനാ.
അച്ഛന് സന്തോഷമായി."

അവൻ ഒരു കവർ അമ്മക്കും നൽകി.
അതിൽ അമ്മക്കുള്ള സെറ്റും മൂണ്ടും.
പിന്നെ ഒരു സ്വർണ്ണ വളയും.

ഈ വള ഓർമ്മയുണ്ടോ അമ്മക്ക്?
ഇതുപോലൊന്ന് എനിക്കുണ്ടായിരുന്നു.

"അന്ന് ഞാൻ ബൈക്കിനു വേണ്ടി നിരാഹാരം കിടന്നപ്പോൾ ആ വള വിറ്റാണ് അച്ഛൻ അന്ന് എനിക്ക് ബൈക്ക് വാങ്ങി തന്നത് അല്ലേ?"

"അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി."

അമ്മേ മാപ്പ് അവൻ അവരുടെ കാലിൽ
വീണു. അവനെപ്പിടിച്ച് തന്നോട് ചേർത്തു
നിർത്തി ആ അമ്മ.

ഇനി രണ്ടാളും പോയി പുതിയ ഡ്രസ്സ് ഇട്ട് റഡിയായി വന്നേ. എല്ലാവർക്കും കൂടി ഒരു സെൽഫി.

രണ്ടു പേരും ഒരുങ്ങി വന്നു. നന്ദുവും മിനിയും
റഡിയായി വന്നു. അവർ ഒരുമിച്ച് നിന്ന് ഫോട്ടോ എടുത്തു.

ശ്രീദേവി പറഞ്ഞു. സമയം പോയി
ഞാൻ പോയി സദ്യ ഉണ്ടാക്കാൻ തുടങ്ങട്ടെ.

"വേണ്ടമ്മേ ഇന്ന് ഇവിടെ ഒന്നും ഉണ്ടാക്കുന്നില്ല. നമ്മൾ പുറത്തു പോകുന്നു അവിടുന്ന് കഴിക്കുന്നു."

രണ്ടാളും മുഖത്തോട് മുഖം നോക്കി.

അവർ നാലു പേരും വണ്ടിയിൽ കയറി.
ഒരു വലിയ ഹോട്ടലിന്റെ മുന്നിൽ
വണ്ടി നിന്നു. അവർ ഇറങ്ങി. എൻഡ്രൻസിൽ തന്നെ വെൽക്കം ബോഡ്
വച്ചക്കുന്ന കണ്ടു. അവർ അകത്തേക്ക്
കയറിയപ്പോൾ നല്ല ഇരുട്ട് പെട്ടന്ന്
എല്ലാ ലൈറ്റും തെളിഞ്ഞു. എല്ലാവരും
ഒരുമിച്ച് വിഷ് ചെയ്തു.

നോക്കുംപോൾ എല്ലാ ബന്ധുക്കളും
കൂട്ടുകാരും. ശരിക്കും അയൾ ഞെട്ടി.
ഇത്രയും പ്രതീക്ഷിച്ചില്ല. സന്തോഷം കൊണ്ട് രണ്ടാളുടെയും കണ്ണുനിഴഞ്ഞു.

സർപ്രൈസ് പാർട്ടി എന്നു പറഞ്ഞതു
കൊണ്ടാണ് ഞങ്ങൾ ആരും വീട്ടിൽ
വരാതിരുന്നത്.

കണ്ണനും ശ്രീദേവിയും നന്ദുവിനേയും
മിനിയേയും ചേർത്തുനിർത്തി.
സന്തോഷം കൊണ്ട് രണ്ടാളുടേയും കണ്ണുകൾ നിറഞ്ഞൊഴുകി.

"അയ്യേ ഒന്ന് ചിരിച്ചേ. സ്മൈൽ
പ്ളീസ് ഫോട്ടോഗ്രാഫർ പറയുന്നതു
കേട്ട് എല്ലാരും പൊട്ടിച്ചിരിച്ചു."
***************
(ശുഭം)


By Sreekala Mohan

സ്വപ്നങ്ങൾ കൊഴിഞ്ഞുപോയ ജീവിതം


 "ഇന്ന് ദേവിയുടെ വിവാഹം ആയിരുന്നു".അപ്പു നായരുടെയും സാവിത്രി അമ്മയുടേയും മൂന്നാമത്തെ മകൾ ദേവി.

പത്താംതരം കഴിഞ്ഞു ടൈപ്പും ഷോർട്ട് ഹാന്റും ഒക്കെ പഠിച്ചു. കൂടെ തയ്യലും.
ഒരു കമ്പനിയിൽ ടൈപ്പിസ്റ്റ് ആയി ജോലി
നോക്കി വരികയായിരുന്നു.

ആയിടക്കാണ് ബാംഗ്ലൂരിൽ ബിസിനസ്
നടത്തുന്ന ഒരു
പയ്യന്റെ ആലോചന വരുന്നത്.

പരിചയമുള്ള ഒരു ബ്രോക്കറാണ് ആലോചന കൊണ്ടുവന്നത്.
അങ്ങനെയാണ് വിവാഹം ഉറപ്പിച്ചത്.

അങ്ങനെ വിവാഹം ഒക്കെ ഭംഗിയായി
നടന്നു. വരനും വധുവും വീട്ടിലേക്ക്
പോകുന്ന സമയം ആയി. എല്ലാവരോടും
യാത്ര പറഞ്ഞ് കാറിൽ കയറിയപ്പോൾ
ദേവിക്ക് സങ്കടം അടക്കാൻ കഴിഞ്ഞില്ല.
അവളുടെ കരച്ചിൽ കണ്ട് കാറിൽ ഉണ്ടായിരുന്ന നാത്തൂൻ കളിയാക്കി.

"അങ്ങനെ അവൾ പുതിയൊരു വീട്ടിലേക്ക് ചേക്കേറി. പുതിയ ആൾക്കാർ പുതിയ സ്ഥലം. "

"ഒത്തിരി സ്വപ്നങ്ങളോടെ അവൾ പുതിയ ജീവിതത്തിലേക്ക് കടന്നു."

ദേവിയുടെ ഭർത്താവ് മധു.
അയാൾ നല്ലവനായിരുന്നു.
അങ്ങനെ അവർ സന്തോഷത്തോടെ
മധുവിധുകാലം നാട്ടിൽ അടിച്ചുപൊളിച്ചു.
ഒരു മാസം കഴിഞ്ഞ് അവർ ബാംഗ്ലൂരിലേക്ക് വണ്ടികയറി.

സ്റ്റേഷനിൽ അച്ഛനും അമ്മയും ആങ്ങളയും എല്ലാരും യാത്ര അയക്കാൻ
വന്നിരുന്നു യാത്ര പറയുംപോൾ എല്ലാവരും പൊട്ടിക്കരയുന്നുണ്ടായിരുന്നു.
വണ്ടി വിട്ടപ്പോൾ ദേവിക്ക് എന്തൊക്കെയോ നഷ്ടപ്പെട്ട പ്രതീതി
ആയിരുന്നു.

"നാട്ടിൻപുറത്തു താമസിച്ചിരുന്ന ദേവി
ആദ്യമായിട്ടാണ് കേരളം വിട്ട് പുറത്തേക്ക്
പോകുന്നതും ട്രെയിനിൽ കയറുന്നതും.
അതിന്റെ ഒരു ത്രില്ല് ഉണ്ടായിരുന്നു".

അങ്ങനെ ബാംഗ്ലൂർ എന്ന മഹാനഗരത്തിൽ ഞങ്ങൾ എത്തി...
അവിടത്തെ കാഴ്ചകൾ ഒക്കെ പുതുമയുള്ളതായിരുന്നു ദേവിക്ക്.

ഞങ്ങൾ ഏകദേശം സന്ധ്യയോടു കൂടി
ഒരു ഫ്ളാറ്റിന്റെ മുന്നിൽ എത്തി. ചേട്ടൻ
വാതിൽ തുറന്നു അകത്തു കയറി.
ലഗേജ് എല്ലാ എടുത്തു വച്ചു. താൻ
വീട്ടിലേക്ക് കയറി. ഒരു ചെറിയ ഫ്ളാറ്റ്
ആയിരുന്നു. ഒരു മുറിയും അടുക്കളയും.
ബാത്റൂമും ടോയ്‌ലറ്റും . ഇതായിരുന്നു
വീട്. തനിക്കാകെ ശ്വാസം മുട്ടുന്ന പോലെ
തോന്നി. നാട്ടിൽ വലിയ വീട്ടിൽ ഓടിചാടി
നടന്നിട്ട് ഇവിടെ വന്നപ്പോൾ ആകെ ഒരു
ബുദ്ധിമുട്ട് പോലെ.

മധു പറഞ്ഞു. ഇവിടൊക്കെ ഇത്രയും
സ്വന്തമായി ഉള്ളതു തന്നെ മഹാ ഭാഗ്യം
എന്ന്. ഇത് നമ്മുടെ സ്വന്തമാണോ
ഞാൻ ചോദിച്ചു.

അങ്ങനെ ചോദിച്ചാൾ എന്റേതല്ല.
അനിയന്റെ സ്വന്തമാ. മധു പറഞ്ഞു.
താൻ മൂളി. അന്ന് കുളിയൊക്കെ കഴിഞ്ഞ്
പുറത്തുനിന്ന് ഫുഡ് കൊണ്ടുവന്നു.
അത് കഴിച്ച് ഞങ്ങൾ കിടന്നു.

പിറ്റേന്ന് അടുത്ത വീട്ടിലുള്ളവരൊക്കെ
തന്നെ കാണാൻ വന്നു. ആ ബിൽഡിംഗിൽ എല്ലാം മലയാളികൾ ആയിരുന്നു. അതുകൊണ്ട് തനിക്ക്
കുറച്ച് ആശ്വാസം ആയിരുന്നു.

ഇവിടെ എത്തിയിട്ട് ദിവസം രണ്ടുമൂന്ന് ആയി. ചേട്ടന് ജോലിക്ക് പോകണ്ടെ
ദേവി ചോദിച്ചു. പോകണം ഒഴുക്കൻ
മട്ടിൽ ചേട്ടൻ പറഞ്ഞു.

പിറ്റേന്ന് രാവിലെ പുള്ളിക്കാരൻ കുളിയൊക്കെ കഴിഞ്ഞ് ബ്രേക്ഫാസ്റ്റും
കഴിച്ച് പോകാനിറങ്ങി. ഞാനും കൂടി
ഗേറ്റുവരെ ചെന്നു. അപ്പോഴാണ് ആ
സത്യം താൻ അറിയുന്നത്.

"ചേട്ടൻ ഒരു ഓട്ടോ ഡ്രൈവർ"
ആയിരുന്നു. ആ സത്യം അറിഞ്ഞ
ഞാൻ ഒന്ന് ഞെട്ടി. ബിസിനസ് എന്നൊക്കെ പറഞ്ഞ് ബ്രോക്കർ
പറ്റിച്ചതാണോ? എന്നാൽ താൻ അതിനെപ്പറ്റി അദ്ദേഹത്തോട് ഒന്നും ചോദിച്ചില്ല. തനിക്ക് കിട്ടിയ ആദ്യത്തെ
ഷോക്ക് അതായിരുന്നു. എന്നിട്ടും
താൻ നാട്ടിൽ ആരോടും ഇക്കാര്യം
പറഞ്ഞില്ല. അവരെക്കൂടി എന്തിനാ
വിഷമിപ്പിക്കുന്നത് എന്ന് വിചാരിച്ചു.

വല്ലപ്പോഴും ഒരു കത്ത് നാട്ടിൽ നിന്നും
വരുന്നതും നോക്കിയിരിക്കുമായിരുന്നു
താൻ. ഇതൊക്കെയാണെങ്കിലും ചേട്ടൻ
തന്നോട് സ്നേഹം ആയിരുന്നു. നന്നായി തന്നെ നോക്കിയിരുന്നു.

"അങ്ങനെ വർഷം ഒന്നുകഴിഞ്ഞപ്പോൾ
ഞങ്ങൾക്ക് ഒരു മോളു ജനിച്ചു."

അപ്പോഴേക്കും ഞങ്ങൾ ഒരു വീട് വാടകക്ക് എടുത്ത് അങ്ങോട്ട് താമസം
മാറി. കൂടാതെ ചെറുതായിട്ട് ഒരു ബിസ്നസ് തുടങ്ങി. അത് പച്ചപിടിച്ചു.

ഇതിനിടെ ഒരു തവണ ഞങ്ങൾ നാട്ടിൽ
പോയി. മോൾക്ക് കന്യാകുമാരിയിൽ
പോയി ചോറ് കൊടുത്തു. വീണ്ടും
തിരിച്ച് ബാംഗ്ലൂരിൽ പോയി.

മോൾക്ക് രണ്ടുവയസ്സായി. അപ്പോഴേക്ക്
അടുത്ത ഒരു മകൻ കൂടി ആയി.
അവനെ പ്രസവച്ചത് നാട്ടിൽ ആയിരുന്നു.
ജനിച്ചപ്പോൾ മുതൽ ഓരോ അസുഖങ്ങളായിരുന്നു മോന്. വളരെ അധികം കഷ്ട്ടപ്പെട്ടു. അവനെക്കൊണ്ട്.
എങ്കിലും സന്തോഷമായി ജീവിതം
മുന്നോട്ടു പോയി.

മക്കൾ രണ്ടുപേരും വളർന്നു .
രണ്ടുപേരും സ്കൂളിൽ പോയിത്തുടങ്ങി.
ഇതിനിടെ സ്വന്തമായി ഞങ്ങൾ ഒരു
ഫ്ളാറ്റ് വാങ്ങി. അത് വലിയൊരു
സന്തോഷമായിരുന്നു.

ഇതിനിടെ മോള് പത്താംതരം നല്ല
മാർക്കോടെ പാസ്സായി. കോളേജിൽ
ചേർന്നു. രണ്ടാളും പഠിക്കാൻ
മിടുക്കരായിരുന്നു.

മോൻ പത്തിൽ എത്തിയപ്പോൾ മുതൽ
പഠിത്തത്തിൽ കുറച്ച് വീക്കായി.
അതു മുതൽ തുടങ്ങി ഞങ്ങളുടെ സങ്കടവും. അവന് പഠിക്കാൻ
ഒരു താൽപര്യവും കണ്ടില്ല. എങ്ങനെയോ
തട്ടിമുട്ടി പത്ത് പാസ്സായി.

കാശൊക്കെ ആയപ്പോൾ ചേട്ടൻ ആദ്യമൊക്കെ ചെറുതായിട്ട് കുടി തുടങ്ങി.
പിന്നെ അത് കൂടിക്കൂടി വന്നു. പകലെന്നോ രാത്രിയെന്നോ ഇല്ലാത്ത കുടിയായി.

അങ്ങനെ ജീവിതം ഒരുമാതിരി ഉലയുന്ന
വഞ്ചിപോലായി. എന്നും പാതിരാത്രി
ആകുംപോൾ കുടിച്ച് ലക്കില്ലാതെ
വീട്ടിൽ വന്നുകയറും . അപ്പോഴേക്കും മക്കൾ ഉറക്കമായിക്കാണും.
രാവിലെ അവർ പോയിക്കഴിയുംപോൾ ആകും ഉറക്കം ഉണരുക.

അങ്ങനെ പോയി ഓരോ ദിവസവും.
എന്തെങ്കിലും കാര്യം പറഞ്ഞ് മക്കളെ
അടിക്കുന്ന ഏർപ്പാടും തുടങ്ങി.
കുടിച്ച് വന്ന് വീട്ടിൽ ബഹളവും തുടങ്ങി.
പിള്ളേർക്ക് പഠിക്കാനുള്ള മാനസിക
അവസ്ഥപോലും ഇല്ലാതായി. മോനായിരുന്നു കൂടുതലായി പ്രയാസം
അനുഭവിച്ചത്. അവൻ വല്ലാത്തൊരു
മാനസിക അവസ്ഥയിലായി.

താൻ ഇതൊന്നും വീട്ടിൽ അറിയിക്കാതെ
മൂടിവച്ചു. അവരെ വിഷമിപ്പിക്കാൻ
തോന്നിയില്ല. എല്ലാം ഉള്ളിൽ ഒതുക്കി.
ചിലപ്പോൾ കുടിച്ചിട്ടു വരുംപോൾ
തന്റെ നിയന്ത്രണം വിട്ടുപോകും ആയിരുന്നു. എന്തെങ്കിലും ഞാൻ
പറഞ്ഞാൽ പിന്നെ ബഹളമായി.
അടിയായി. ആളുകൾ കേൾക്കുമെന്ന
വിചാരംപോലും ഇല്ലാതെ ബഹളം വയ്ക്കുംപോൾ കുട്ടികൾക്കും എനിക്കും
നാണക്കേടായി. അങ്ങനെ ജീവിതം
വീണ്ടും മുന്നോട്ടു പോയി.

വീട്ടിൽ എന്നും വഴക്കും ബഹളവും.
കുടിച്ചുവന്ന് സാധനങ്ങൾ വരെ എറിഞ്ഞ്
പൊട്ടിക്കാൻ തുടങ്ങി. ടി.വി. മൊബേൽ
അങ്ങനെ പലതും നശിപ്പിച്ചു. എല്ലാം
കണ്ട് മക്കള് പേടിച്ചിരിക്കും. ഞാൻ
അവരെ കെട്ടിപ്പിടിച്ച് കരയും.

എന്നാൽ കുടിക്കാത്ത സമയം നല്ല
സ്നേഹമാണ്താനും. വീട്ടിൽ ഒരു കുറവും വരുത്തിയിരുന്നില്ല. മക്കൾ എന്ത് ആവശ്യപ്പെട്ടാലും അത് സാധിച്ചു കൊടുക്കുമായിരുന്നു. അപ്പോൾ
മുൻപ് നടന്നതൊന്നും ഓർമ്മയും
കാണില്ല. പിന്നെ പിന്നെ ബഹളം കൂട്ടുംപോൾ ഞാനും എന്തെങ്കിലും
ഒക്കെ പറയാൻ തുടങ്ങി. ക്ഷമക്കും
ഒരു അതിരില്ലേ?

ഇതെല്ലാം കണ്ടും കേട്ടും കുട്ടികൾക്ക്
മടുപ്പായി. മോന് ആകപ്പാടെ വല്ലാത്തൊരു അവസ്ഥയിലായി.
പഠിത്തത്തോട് ഒരു താൽപര്യവും
ഇല്ലാതായി. ഒരുവിധം പന്ത്രണ്ടാം
തരം പാസായി.

ഡിഗ്രിക്ക് ചേർന്നു വല്ലപ്പോഴും കോളേജിൽ പോയാൽ ആയി.

കുട്ടികൾ ചോദിക്കുമായിരുന്നു നമ്മുടെ
വീട്ടിൽ മാത്രം എന്താ ഇങ്ങനെയെന്ന്.
എനിക്ക് ഉത്തരം ഇല്ലായിരുന്നു.
ഒരു പക്ഷേ ഞാനും തെറ്റുകാരി ആയിരിക്കാം.

പുള്ളിക്കാരൻ ഇപ്പോൾ ഉച്ചക്കും രാത്രിയും
ഒക്കെ കുടിയായി. ശരിക്കും പറഞ്ഞാൽ ഒരു മുഴുക്കുടിയൻ ആയി. ഇപ്പോഴും
കുടിച്ചിട്ട് കുട്ടികളെയും എന്നേയും
അടിക്കാറുമുണ്ട്. ഞാൻ കരയാത്ത
ഒരു ദിവസം പോലും ഇപ്പോൾ ഇല്ല.

ഇതൊന്നും താൻ ഇതുവരെ നാട്ടിൽ
അറിയിച്ചിട്ടില്ല. അവർ വിളിക്കുംപോൾ
സങ്കടം ഉള്ളിൽ ഒതുക്കി സന്തോഷത്തോടെ സംസാരിക്കും.
അതു കഴിഞ്ഞ് പൊട്ടിക്കരയും.

എന്നാൽ നല്ല ബോധത്തോടെ ഇരുന്നാൽ
ഒരു നല്ല മനുഷ്യനാണുതാനും. സ്നേഹം
പുറമെ കാണിക്കാൻ അറിയാത്ത ഒരു
മുരടൻ എന്നുതന്നെ പറയാം.

കുട്ടികളുമൊത്ത് എവിടെയെങ്കിലും
ഒരു ടൂർ പോകാനോ ഒന്നിനും ആ
മനുഷ്യൻ ശ്രമിച്ചിട്ടില്ല. മറ്റു വീടുകളിൾ
എല്ലാവരും സന്തോഷത്തോടെ കഴിയുന്നത് കാണുംപോൾ കുട്ടികൾ
പറയും. അവരുടെ അച്ഛനും അമ്മയും
ഒക്കെ എത്ര സന്തോഷത്തോടെയാണ്
കഴിയുന്നത്. ഇവിടെ അമ്മയും
അച്ഛനും എന്നും വഴക്കും അടിയും.

എന്ത് നല്ല ദിവസം വന്നാലും അന്നും
മൂക്കറ്റം കുടിച്ചിട്ടേ വീട്ടിൽ വരുള്ളൂ.

ഒത്തിരി സ്വപ്നങ്ങളും പ്രതീക്ഷകളും ആയി അന്യനാട്ടിലേക്ക് വന്ന തന്റെ
ജീവിതം ഇങ്ങനെ ആയതിൽ ദേവി
വളരെ ദു:ഖിച്ചു. തന്റെ മക്കൾക്കും
സന്തോഷമായ ജീവിതം കിട്ടുന്നില്ലല്ലോന്ന്
ഓർത്തായി ദേവിയുടെ ആധി.

ചില ദിവസങ്ങളിൽ വീട്ടിൽ വരാറും
ഇല്ലായിരുന്നു. മക്കളെ ഓർത്ത് ദേവി
അങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടു പോയി. വർഷത്തിൽ ഒരിക്കൽ നാട്ടിൽ
പോയി എല്ലാവരോടും കൂടി കുറച്ചു ദിവസം താമസിക്കുംപോൾ മാത്രം ഒരു
ആശ്വാസം ആയിരുന്നു.

ഇതിനിടെ മോൾ ഡിഗ്രി കഴിഞ്ഞു.
ഒരു ജോലിയും ശരിയായി.
അങ്ങനെ ദിവസങ്ങൾ മുന്നോട്ടു
പോയി. നല്ല ബോധത്തിൽ ആയിരുന്ന
ഒരു ദിവസം പുള്ളിക്കാരൻ മോൾക്ക്
കല്ല്യാണം ആലോചിക്കുന്ന കാര്യം
പറഞ്ഞു... പക്ഷെ അവൾക്ക് സമ്മതം
അല്ലായിരുന്നു. കാരണം അച്ഛന്റെയൂം
അമ്മയുടേയും ജീവിതം കണ്ട അവർക്ക്
പേടിയായിരുന്നു.

അവൾ പറഞ്ഞു ഞാൻ വിവാഹം കഴിക്കുന്നില്ലാന്ന്. അതിനായി പിന്നെ
ബഹളം. ഞാൻ വളർത്തി വഷളാക്കി
എന്നു പറഞ്ഞ് എന്നോടായി ബഹളം.
നീയാണ് എല്ലാത്തിനും കാരണക്കാരി
എന്നുപറഞ്ഞു. ദേവിക്ക് അത്
വല്ലാതെ പ്രയാസം ഉണ്ടാക്കി.

അങ്ങനെ ദിവസങ്ങൾ പോയി
കൊണ്ടിരുന്നു. വീട്ടിലെ സ്വസ്തതയും
പോയിക്കൊണ്ടിരുന്നു. മരിച്ചാലോന്ന്
പലവട്ടം ചിന്തിച്ചു. പക്ഷെ മക്കളെ
ഓർത്തപ്പോൾ അതിനും കഴിഞ്ഞില്ല.

പക്ഷെ ഒരിക്കൽ എന്തിനോ ആ മനുഷ്യൻ
വഴക്കിട്ടപ്പോൾ ഞാനും വിട്ടു കൊടുത്തില്ല.
എന്തോ തിരിച്ച് പറഞ്ഞു. അത് വലിയ
ബഹളത്തിൽ കലാശിച്ചു.

"എല്ലാത്തിനും കാരണക്കാരി നീ
മാത്രം ആണെന്ന് ആ മനുഷ്യൻ തന്റെ
മുഖത്തു നോക്കി പറഞ്ഞു.
ഞങ്ങൾ ഇങ്ങനെ ആവാൻ കാരണം
അമ്മയാണെന്ന് മക്കളും പറഞ്ഞപ്പോൾ
തന്റെ എല്ലാ നിയന്ത്രണവും വിട്ടുപോയി."

അന്ന് മുഴുവനും ദേവി ഒറ്റക്ക് ഇരുന്ന്
ആലോചിച്ചു. മക്കളും കൂടി തന്നെ കുറ്റപ്പെടുത്തിയപ്പോൾ പിന്നെ അവൾ
മറ്റൊന്നും ആലോചിച്ചില്ല.

"മക്കളുടെ വിവാഹവും മറ്റും
സ്വപ്നം കണ്ടതൊക്കെ വെറുതെ ആയല്ലോന്ന് ഓർത്തു. "തന്റെ സ്വപ്നങ്ങൾ ഒക്കെ കൊഴിഞ്ഞു പോയി".
ഇനി താൻ ആർക്കും ഒരു ശല്ല്യം
ആകാൻ ആഗ്രഹിക്കുന്നില്ല എന്ന് ദേവി
മനസ്സിൽ ഉറപ്പിച്ചു".

*അന്ന് രാത്രി ദേവി തനിക്ക് ഏറ്റവും
ഇഷ്ട്ടപ്പെട്ട സാരി ഫാനിൽ കെട്ടി.
തന്റെ കൊഴിഞ്ഞു പോയ സ്വപ്നങ്ങളെ
മനസ്സിൽ കുഴിച്ചു മൂടിയിട്ട് ആ സാരിയിൽ
തന്റെ ജീവിതം അവസാനിപ്പിച്ചു.*

**************

(ശുഭം)

Sreekala Mohan

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo