നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഭാഗം വയ്ക്കൽ I Sreekala Mohan

 ഇന്ന് ഞായറാഴ്ച. രാവിലെ തന്നെ രാഘവൻ മാഷിന്റെ വീട്ടുമുറ്റത്ത് രണ്ട് കാറുകൾ വന്നു നിന്നു. ആരാണെന്നല്ലേ?

രാഘവൻ മാഷിന്റെയും ശാരദ ടീച്ചറിന്റേയും മക്കൾ വന്നിറങ്ങിയതാണ്.
മൂത്തവൻ രവി രണ്ടാമൻ മനു മൂന്നാമത്തെ മഞ്ജു. അങ്ങനെ മൂന്നുമക്കൾ. രവിയും മനുവും വിദേശത്താണ് ഭാര്യയും മക്കളുമായി.
മഞ്ജു നാട്ടിൽ തന്നെയുണ്ട്. വയസ്സായ അച്ഛനും അമ്മയും മാത്രമാണ് തറവാട്ടിൽ താമസം. വല്ലപ്പോഴും വന്ന് ഒരുദിവസം നിൽക്കാൻ പോലും മഞ്ജു മിനക്കെടാറില്ല.
പക്ഷെ ഇന്ന് കൃത്യ സമയത്തു തന്നെ ലീവ് ഇല്ലാതിരുന്നിട്ടും വിദേശത്തുള്ളവർ രണ്ടു പേരും എത്തി. കൂടെ മഞ്ജുവും എത്തി.
എന്താണ് വിശേഷം എന്നല്ലേ. കുറേ നാളായി മക്കൾ മൂന്നാളും കൂടി മാഷിനെ നിരന്തരം വിളിച്ച് ശല്ല്യപ്പെടുത്തുന്ന ഒരു കാര്യത്തിന് ഇന്നാണ് തീർപ്പു കൽപിക്കൽ.
മാഷിന്റെ സ്വത്തുക്കളുടെ ഭാഗം വയ്ക്കൽ ചടങ്ങിനു വേണ്ടിയാണ് എല്ലാവരും എത്തിയത്. അല്ലാതെ വയസ്സായ അച്ഛനേയും അമ്മയേയും കാണാനല്ല.
എല്ലാവർക്കും ഓരോരോ ആവശ്യം. കാശ് വേണം അച്ഛനും അമ്മക്കും വയസ്സായി ഇനി ഈ സ്വത്തും കെട്ടിപ്പിടിച്ചു ഇരുന്നിട്ട് എന്തിനാ. ഞങ്ങൾക്കാണെങ്കിൽ അത് കിട്ടിയാൽ നൂറുകൂട്ടം ആവശ്യങ്ങൾ നടക്കും.
അപ്പോൾ മാഷും വിചാരിച്ചു ഞങ്ങൾക്ക് ഇനി എന്തിനാ ഇതൊക്കെ. എല്ലാം മൂന്നാൾക്കും കൂടെ വീതം വച്ച് കൊടുക്കാം. അതാണ് ആണ്ടിൽ ഒരിക്കൽപോലും അച്ഛനേയും അമ്മയേയും കാണാൻ വരാത്ത രണ്ട് ആൺമക്കൾ ഓടിപ്പാഞ്ഞ് എത്തിയത്. ഇപ്പോൾ അവർക്ക് ലീവൊക്കെ കിട്ടി.
എല്ലാവരും വന്നു അക്ഷമരായി വലിയ ഹോളിൽ കാത്തിരിപ്പുണ്ട്. ജോലിക്കാരി വനജ എല്ലാപേർക്കും കുടിക്കാൻ കൊണ്ടു വന്നു കൊടുത്തു. രണ്ടാളുടേയും ഭാര്യയും മക്കളും വന്നിട്ടില്ല.
അതാ രാഘവൻമാഷും ശായദ ടീച്ചറും ഇറങ്ങി വന്നു. മക്കളെ കണ്ട അവരുടെ കണ്ണുകളിൽ സന്തോഷം. അവർ നാലുപാടും നോക്കി. തങ്ങളുടെ പേരകുട്ടികളെ ഒരു നോക്കു കാണാൻ.
അതു മനസ്സിലാക്കിയ രവി പറഞ്ഞു
മക്കൾക്കും അവൾക്കും ലീവില്ലമ്മേ അതാ വരാതിരുന്നത്.
മനൂ നിനക്കും ഇതായിരിക്കുമല്ലോ പറയാനുള്ളത്. അതുകെട്ട മനു തലകുനിച്ചു.
എന്നാൽ ഇനി കാര്യത്തിലേക്ക് കടക്കാം. എന്താണ് നിങ്ങളുടെ ആവശ്യം. ആദ്യം മൂത്തവനായ രവി തന്നെ പറയൂ മാഷ് ആവശ്യപ്പെട്ടു.
അവൻ മനുവിനേയും മഞ്ജുവിനേയും നോക്കി. അച്ഛാ എനിക്കവിടെ ഒരു വില്ല വാങ്ങാനാണ്. ഇവിടുന്ന് എനിക്കുള്ള ഓഹരി വിറ്റിട്ട് അത് വാങ്ങാനാണ് പരിപാടി. ഞങ്ങൾ ഏതായാലും ഇങ്ങോട്ട് വരാൻ പോകുന്നില്ല. പിന്നെ ഇത് ഇവിടെ ഇട്ടിട്ട് എന്തിനാ. അതാകുമ്പോൾ വാടകക്ക് കൊടുത്താലും ലക്ഷങ്ങൾ കിട്ടും.
നിനക്കോ മനു?
അച്ഛാ ഞാൻ അവിടെ ഒരു ബിസ്നസ്സ് ചെയ്യാനുള്ള പരിപാടിയാ. കുറേ കാശ് അവളുടെ അച്ഛൻ തന്നു സഹായിക്കും. ബാക്കി ഇവിടുന്ന് കിട്ടുന്നത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം എന്നു വിചാരിക്കുന്നു.
മഞ്ജുവോ എന്തു പറയുന്നു.
അച്ഛന് അറിയാമല്ലോ എനിക്ക് രണ്ട് പെൺമക്കളാ. അവരെ കെട്ടിച്ചു വിടണമെങ്കിൽ ഇന്നത്തെ കാലത്ത് എത്രയാ ചിലവ്.
ശരി എല്ലാവർക്കും ഉള്ളത് ഞാൻ തരാം.
മാഷ് പറഞ്ഞു.
എല്ലാവരുടേയും മുഖം തെളിഞ്ഞു.
മൂന്നുപേർക്കും ഉള്ളത് ഏതൊക്കെയെന്ന് മാഷ് പറഞ്ഞു. പക്ഷെ ആ വലിയ വീടും
അതിനോട് ചേർന്നുള്ള ഒരു ഏക്കർ സ്ഥലത്തിന്റെ കാര്യം ഒന്നും പറഞ്ഞു കേട്ടില്ല. മൂന്നുപേരും അതെപറ്റി ചോദിച്ചു.
ഇത് ആർക്ക് കൊടുക്കാനാ അച്ഛാ?
മാഷ് പറഞ്ഞു എന്റെ എല്ലാ സ്വത്തുക്കളും നിങ്ങൾക്ക് ഞാൻ ഭാഗം വച്ച് തരും.
പക്ഷെ നിങ്ങളോട് ഒരു ചോദ്യം?
മൂന്നുപേരും എന്താണെന്നറിയാൻ മാഷിന്റെ മുഖത്തേക്ക് നോക്കി.
അതേ ഞങ്ങളെ ആർക്കും വേണ്ടേ?
അതു ചോദിക്കുമ്പോൾ മാഷിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
നിങ്ങൾ ഇനി ഞങ്ങളെ വീതംവയ്ക്ക്.
മൂന്നുപേരും അതുകേട്ട് മുഖത്തോടു മുഖം നോക്കി. ആര് നോക്കും അച്ഛനേയും അമ്മയേയും.
ഇവിടെയുള്ളത് മഞ്ജുവല്ലേ അവൾ.നോക്കട്ടേ?
അതെങ്ങനാ ചേട്ടാ ആൺമക്കളുടെ കൂടെയല്ലേ അച്ഛനമ്മമാർ നിൽക്കേണ്ടത്.
മകളെ കെട്ടിച്ചു വിട്ടിടത്താണോ?
അതു ശരിയാവില്ല.
എന്നാൽ മൂത്തത് ചേട്ടനല്ലേ ചേട്ടൻ കൊണ്ട് പോയ്ക്കോ.
അമ്മയെ വേണമെങ്കിൽ ഞാൻ കൊണ്ടു
പോകാം. മനു അച്ഛനെ കൊണ്ടു പോയ്ക്കോ.
അതു കൊള്ളാം അമ്മയെ കൊണ്ട് വീട്ടുജോലി ചെയ്യിക്കാമല്ലോ അല്ലേ?
അച്ഛനെ കൊണ്ട് എന്ത് ചെയ്യിക്കാനാ. അമ്മയെ ഞാൻ കൊണ്ടു പോകാം
നിർത്ത് നിങ്ങളുടെ ലേലം വിളി. നിങ്ങൾക്കുള്ളത് നാളെതന്നെ ഭാഗം വച്ച് തരും. അതും വാങ്ങി പൊയ്ക്കോളണം.
ഞങ്ങൾക്ക് വേണ്ടിയാ ഈ വീടും പറമ്പും.
ഇവിടെ ആരൊരുമില്ലാതെ ഞങ്ങളെ പോലുള്ള കുറച്ചു പേരെ ഞങ്ങൾ ഇവിടെ താമസിപ്പിക്കും. ഇനി മുതൽ അവരാണ് ഞങ്ങൾക്ക് സ്വന്തക്കാർ. ഭാഗം വാങ്ങി എല്ലാവരും നാളെത്തന്നെ സ്ഥംലം വിട്ടോളണം. അകത്തു നിന്നും ഒരു തേങ്ങൽ കേട്ടു. മാഷ് നോക്കുമ്പോൾ ടീച്ചർ. താൻ എന്തിനാ സങ്കടപ്പെടുന്നെ തനിക്ക് ഞാനുണ്ട്. നമ്മളെ ഭാഗം വയ്ക്കാൻ ആരും വരില്ല. അതിന് ആരെയും ഞാൻ അനുവദിക്കില്ല ടീച്ചറെ. മാഷ് ടീച്ചറിനെ തന്റെ ചുമലിലേക്ക് ചേർത്തു ആ നെറ്റിയിൽ തലോടി. അതു കണ്ട മക്കളുടെ തല അറിയാതെ താണുപോയി.
(ശുഭം)
ശ്രീകല മോഹൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot