നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രേതം I ManojKumar Kappad

 

കോട്ടക്കുന്നിൽ പ്രേതമുണ്ടെന്നായിരുന്നു ചെറുപ്പ കാലത്തെ ഞങ്ങളുടെ ഉറച്ച വിശ്വാസം . ചരൽ നിറഞ്ഞ കുന്നിന്റെ ഉച്ചിയിൽ ഒരു ഒറ്റമരം ഉണ്ട്. അതിൽ പണ്ടെന്നോ ആരോ തൂങ്ങി മരിച്ചിരുന്നു . അത് വഴി അസമയത്ത് പോയ പലരും നേരിട്ടും അല്ലാതെയും കണ്ടിട്ടുണ്ട് പോലും അയാളുടെ പ്രേതത്തെ .
ഞങ്ങൾ, കുട്ടികൾക്ക് സ്‌കൂളിലേക്ക് പോവാൻ ആ കുന്നു കയറി ഇറങ്ങാതെ മറ്റൊരു വഴി ഉണ്ടായിരുന്നില്ല .അല്ലെങ്കിൽ കുന്നു ചുറ്റി സ്‌കൂളിൽ എത്തുമ്പോഴേക്കും ആദ്യ പിരീഡ് കഴിഞ്ഞിരിക്കും .
പ്രേതത്തെ പേടിച്ചു കൂട്ടത്തോടെയാണ് ഞങ്ങൾ കുന്നുകയറുക . കുന്നിൻ നെറുകയിൽ എത്തിയാൽ പെൺകുട്ടികൾ എല്ലാം കണ്ണടച്ചു പിടിച്ചു ഒറ്റ ഓട്ടമാണ് . പെൺകുട്ടികളുടെ മുൻപിൽ ധൈര്യം പിടിച്ചു നിന്ന ആൺ കേസരികളും അവർക്കു പിന്നിൽ വെച്ച് പിടിക്കും . ആ ഓട്ടം കുന്നിന്റെ പകുതി ചെരിവ് കഴിഞ്ഞാലേ നിൽക്കു . എന്നിട്ടു പരസ്പരം നോക്കി ആരെയും പ്രേതം പിടിച്ചിട്ടില്ല എന്ന് ഉറപ്പു വരുത്തും .
ആരൊക്കെ ഓടിയാലും ഓടാൻ കഴിയാതിരുന്ന രണ്ടു പേരായിരുന്നു ഞാനും ആയിഷയും . ആയിഷാക്കു ജന്മനാ ഒരു കാലു വയ്യാ . മുട്ടുകാലിൽ കൈ കുത്തി പതുക്കെയേ നടക്കാൻ ആവൂ . എനിക്കു ഓടാനും ചാടാനും പറ്റും . പക്ഷെ ആയിഷയെ ഒറ്റക്ക് ഇട്ട് ഓടാൻ പറ്റൂല്ല .
അത് എന്താണെന്ന് ചോദിച്ചാൽ അതിനു പിന്നിൽ ഒരു കഥയുണ്ട് . ആയിഷയുടെ ബാപ്പക്ക് ഇറച്ചി വെട്ടാണ് പണി . അതോണ്ട് ആയിഷ എന്നും ഉച്ചക്ക് പോത്ത് വരട്ടിയത് ഇലയിൽ പൊതിഞ്ഞു കൊണ്ടുവരും . ഓള് അടുത്തു വരുമ്പോൾ ഇലയിൽ പൊതിഞ്ഞ പോത്ത് വരട്ടിയതിന്റെ ഒരു മണമാണ് . ഹോ !!!! . സത്യം പറയാല്ലോ ആ പോത്ത് വരട്ടിയതിനാണ് നമ്മള് അവള്ടെ ബോഡിഗാർഡ് ആയത് .
പോരാത്തതിന് ഒരേ പറമ്പിലെ ഒരു മുറ്റം മാത്രമുണ്ടായിരുന്ന അയൽക്കാരായിരുന്നു ഞങ്ങൾ .
അന്ന് രണ്ടു വീട്ടുകാർക്കും കൂടെ ഒരു കിണറായിരുന്നു , ഒരു വഴി ആയിരുന്നു. വിശപ്പിന്റെ ഒരേ ചിന്തയായിരുന്നു .
രാവിലെ പറമ്പിന്റെ പടിയിറക്കം വരെ ആയിഷയുടെ
ഉമ്മ
അവളെ കൈപിടിച്ചു ഇറക്കും . പിന്നെ എന്നെ നോക്കിപ്പറയും
" എടാ മുരളി യെ .. അവളെയും കൂട്ടി ശ്രദിച്ചു പോണോട്ടോ ... അന്നത്തെ പോലെ അവളെ ഇട്ടേച്ചു ഓടരുത് "
അത് കേൾക്കുമ്പോൾ ആയിഷ എന്നെ ഉണ്ടക്കണ്ണു ഉരുട്ടി നോക്കും . എന്റെ പോത്തിറച്ചി വെട്ടി മുഴുങ്ങിയിട്ടും എന്നെ ഇട്ടു ഒട്ടിയില്ലേടാ പോത്തേ എന്ന് എഴുതി വെച്ചിരിക്കും ആ നോട്ടത്തിൽ .
അത് ..ഒരുദിവസം അങ്ങിനെ ഒരു അബദ്ധം പറ്റിപ്പോയി . ആരോടും പറഞ്ഞു നിങ്ങളായി ഇനീം നാറ്റിക്കരുത്
ഒരു ദിവസം പതിവിലും വൈകിയാണ് സ്‌കൂൾ വിട്ടത് . കുന്നിൻ മുകളിൽ എല്ലാവരും എത്തുമ്പോൾ ചെറിയ ഇരുൾ വീണിരുന്നു . ആ ഇരുട്ടിൽ കുന്നിൻ ഉച്ചിയിലെ ഒറ്റ മരത്തിനു മറ്റൊരു ഭാവമായിരുന്നു മറ്റൊരു രൂപമായിരുന്നു . കുറച്ചു നടന്നതും മരത്തിനു പിറകിൽ നിന്നൊരു ഇളക്കം അതിനു പിറകിൽ ഒരു രൂപം .
അത് കണ്ടതും . പെൺകുട്ടികൾ ആണ് ആദ്യം ഓടിയെതെങ്കിലും ആദ്യം കുന്നിൻ ചെരുവിൽ ഏത്തിയത് ധൈര്യ ശാലികളായ ആൺപിള്ളേരായിരുന്നു . ആദ്യം ഞാൻ ഓടിയില്ലെങ്കിലും "അന്നേ പ്രേതം പിടിക്കേണ്ടെങ്കിൽ ഓടിക്കോടാ മുരളിയെന്നു ആരോ വിളിച്ചു പറഞ്ഞത് ഓർമയുണ്ടു . ഒരു നിമിഷം ഞാൻ പോത്തിറച്ചി മറന്നു . ഒപ്പം ആയിഷയേയും .
കുന്നിൻ മറുചെറുവിൽ എത്തിയപ്പോൾ പരസ്പരം എണ്ണം എടുത്ത് ആരോ പറഞ്ഞു ആയിഷയെ പ്രേതം പിടിച്ചു . അത് കേട്ടപ്പോൾ ഉള്ളൊന്നു കാളി . ശരിയാ ആയിഷക്ക് നല്ല വരട്ടിയ പോത്തിറച്ചിയുടെ മണമല്ലേ ? പ്രേതങ്ങൾ ഇറച്ചി അല്ലെ കഴിക്കുക ?
ഓട്ടത്തിനിടയ്ക്കു " എന്നെ ഇട്ടേച്ചു പോവില്ലെടാ എന്റെ മുരളിയേ " എന്ന് ആയിഷ കരയുന്നത് കേട്ടതാണ് . അതോർത്തപ്പോൾ എവിടെ നിന്നാണ് ധൈര്യം ഉണ്ടായത് എന്നറിയില്ല . വീണ്ടും ഓടിക്കുന്നു കയറി . ദൂരെ നിന്നേ കണ്ടു കുന്നിൻ മുകളിൽ മൂന്നു പ്രേതങ്ങളെ . ഒന്ന് ആൺ പ്രേതവും മറ്റേത് രണ്ടു പെൺ പ്രേതവുമാണ് . ഒന്നിന്റെ കുനിഞ്ഞുള്ള നിൽപ്പ് കണ്ടാൽ അറിയാം അത് ആയിഷാ പ്രേതമാണോ .
എന്നാലും ആയിഷ ഇത്രയും പെട്ടന്നു പ്രേതമാവുമോ ? തിരിച്ചു ഓടാണോ എന്ന് ചിന്തിക്കുമ്പോഴേക്ക് വിളി വന്നു " ടാ മുരളിയേ നീ അവളേം ഇട്ടേച്ചു ഓടി അല്ലേ " ശബ്ദം കേട്ടപ്പോൾ മനസിലായി കോട്ടക്കുന്നില്ലേ രവിയേട്ടൻ . ഒപ്പം ഒള്ള സ്ത്രീ തൊട്ടും വാക്കിലെ രമണിയേച്ചിയും .അപ്പോൾ അവരായിരുന്നോ മരത്തിനു പിറകിൽ .
" എന്നാലും ന്റെ മുരളിയേ അന്നെ വിശ്വസിച്ചു കൂടെ വന്ന ഇവളെ ഇട്ടു ഓടീലെ നീ ....അല്ലേലും ആണുങ്ങൾ ഒക്കെ ഇങ്ങനെയാ എപ്പോളാ ഇട്ടേച്ചു പോവുകയെന്നു പറയാൻ പറ്റൂല്ല " പകുതി എന്നെ നോക്കിയും ബാക്കി പകുതി രവിയേട്ടനെ നോക്കിയും ചുളിഞ്ഞ പാവാട നേരെയാക്കി കൊണ്ട് രമണിയേടത്തി പറഞ്ഞു.
ഇരുട്ടിനോളം കറുപ്പുൽ രവിയേട്ടൻ ചിരിച്ചതല്ലാതെ അതിനു മറുപടി ഒന്നും പറഞ്ഞില്ല . ഞാൻ പതുക്കെ ആയിഷയുടെ അടുത്ത് ചെന്നു . ആയിഷ എനിക്ക് മുഖം തരാതെ മുൻപോട്ടു നടന്നു . അവൾക്ക് സങ്കടം ആയിക്കാണും . കൂടെ കാണും എന്ന് കരുതിയ കൂട്ടുകാരൻ കൈവിട്ടു കളഞ്ഞതിലുള്ള സങ്കടം
ഞാൻ നടത്തിനിടയ്ക്ക് അവളോട് ചേർന്ന് നിന്ന് കൊണ്ട് പറഞ്ഞു " സത്യായിട്ടും ആയിഷാ ... നിക്ക് പ്രേതത്തിനെ പേടിയായതോണ്ടാ ഓടിയെ .. ഒന്ന് ന്നെ വിശ്വസിക്ക് അല്ലാതെ അന്നോട് ഇഷ്ടല്യാഞ്ഞിട്ടല്ല ."
ആയിഷ നടത്തം നിർത്തി എന്നെ നോക്കി ആ ഇരുട്ടിലും രണ്ടു വെള്ളാരം കല്ലുപോലെ തിളങ്ങുന്ന അവളുടെ കണ്ണുകൾ ഞാൻ കണ്ടു .
" ഞാൻ മാത്രല്ലേ നിന്നെ തിരഞ്ഞു വന്നുള്ളൂ ..അതെന്താ അനക്ക് മനസിലാവാത്തെ " അവളുടെ കണ്ണുകൾ വിടർന്നു വന്നു . ആ ആവേശത്തിൽ ഞാൻ തുടർന്നു
"അന്നെ പ്രേതം പിടിച്ചാൽ പിന്നെ എനിക്ക് എവിടന്നു കിട്ടാനാ ആയിഷാ പോത്ത് വരട്ടിയത് ... അങ്ങനത്തെ അന്നെ ഞാൻ ഇട്ടേച്ചു പോവ്വോ " എന്റെ വാക്കുകൾ നിഷ്കളങ്കമായി പുറത്തേക്കൊഴുകി . കഷ്ടകാലത്തിനു അവള് അത്ര നിഷ്കളങ്കമായി അല്ല അതെടുത്തത് . അല്ലെങ്കിലും പെണ്ണുങ്ങൾ എഴുതാപ്പുറം വായിക്കാൻ മിടുക്കരാ .
" അപ്പൊ അനക്ക് പോത്തിറച്ചി മുടങ്ങുന്നു വിചാരിച്ചാ ഞ് നമ്മെളെ തെരഞ്ഞു വന്നത് അല്ലെ ". പിന്നെ അവളൊന്നും പറഞ്ഞില്ല . ഞാനും . കുന്നിറങ്ങുമ്പോൾ എന്റെ കൈ പിടിക്കാറുള്ള ആയിഷാ അന്ന് കൈ തന്നില്ല . വള്ളിക്കമ്പ് പിടിച്ചു ചാഞ്ഞും ചെരിഞ്ഞു കഷ്ടപ്പെട്ടു അവൾ കുന്നിറങ്ങി .
അവൾ ദേഷ്യത്തിലായിരുന്നു . കുറച്ചു ദിവസം എന്നോട് മിണ്ടിയിരുന്നില്ല . പക്ഷേ ഇലപ്പൊതി മുടങ്ങാതെ എനിക്കരുകിൽ വെച്ചിട്ടു പോവും . അവൾ മിണ്ടാതെ തരുന്ന ഭക്ഷണത്തിനു ഒരു രുചിയും ഉണ്ടായിരുന്നില്ല അത് കൊണ്ട് തന്നെ കഴിക്കാതെ ഞാൻ കളഞ്ഞു .
വൈകീട്ട് തിരിച്ചു വീട്ടിലേക്കു കുന്നു കയറുമ്പോൾ വിശപ്പിനാൽ ഞാൻ തളരും . എന്നാലും അവൾക്കു മുൻപിൽ പുറത്ത് കാണിക്കാതെ പിടിച്ചു നിൽക്കും . ഞങ്ങൾ പരസ്പരം മിണ്ടാതെ രണ്ടു മൂന്ന് ദിവസം കഴിഞ്ഞു .
അവളാണ് ആദ്യം മിണ്ടിയത് " ഞമ്മള് തരുന്നത് നീ കളയുന്നത് ... ഞമ്മള് കാണാഞ്ഞിട്ടല്ല ട്ടോ .. പിന്നെയും തരുന്നത് " അവളുടെ വാക്കുകളിൽ സങ്കടം തുളുമ്പി നിന്നിരുന്നു .
" മി ണ്ടാത്തോരെ ... ഒന്നും എനിക്ക് വേണ്ട . വിശന്നു മരിച്ചാലും എനിക്ക് വേണ്ട " ഞാൻ ഉറപ്പിച്ചു പറഞ്ഞു
" എന്നാ ഞ് എന്തിനാ മാ ങ്ങുന്നത് .... ഞമ്മളോട് " അവൾ എനിക്ക് നേരെ മുഖം കോട്ടി കൊണ്ട് ചോദിച്ചു .
അത് ശരിയാണല്ലോ . ഞാൻ എന്തിനാ അത് വാങ്ങുന്നത് . വാങ്ങാതിരിക്കാൻ എനിക്കാവില്ലായിരുന്നു എന്ന സത്യം ഞാനും അപ്പോഴാണ് തിരിച്ചറിഞ്ഞത്.
" എന്നാ അന്നോട് മുണ്ടീക്ക് ണ് ... ഞ് വേഗം ഇത് കഴിച്ചേ " അവളുടെ പൊതി എനിക്കു നേരെ നീട്ടിക്കൊണ്ടു വിടർന്ന കണ്ണുകളുമായി അവൾ പറഞ്ഞു .
" എനിക്ക് വിശപ്പില്ല .."
അത് കേട്ട് അവൾ ചിരിച്ചു . പിന്നെ പൊതിയഴിച്ചു എനിക്ക് മുൻപിൽ നിവർത്തി . നമ്മൾ എത്ര തന്മയത്ത്വോടെ അഭിനയിച്ചാലും നമ്മെ ഇഷ്ടപ്പെടുന്നവർക്ക് അത് കണ്ടു പിടിക്കാൻ ഒരു നിമിഷം മതി .
ഞാൻ ഓരോ കഷ്ണങ്ങളായി അകത്താ ക്കുമ്പോൾ അവൾ ചോദിച്ചു .
" ഇനി എന്നെ ഇട്ടേച്ചും ഓടോ ...."
" ഇല്ല .."
" അള്ളാണെ സത്യം .."
" ഉം..അള്ളാണെ സത്യം .."
" പ്രേതത്തിനെ കണ്ടാലും .
"പ്രേതത്തിനെ കണ്ടാൽ ... എന്നോട് ഓടിപ്പോവും ആയിഷാ. നിക്ക് പ്രേതത്തിനെ അത്രയ്ക്ക് പേടി ആയതോണ്ടാ .... . വേറെന്തു വന്നാലും അന്നേ വിട്ടു ഞാൻ ഒടൂല്ല സത്യായിട്ടും.ഒന്ന് വിശ്വസിക്ക് " ഞാൻ അവളുടെ മുഖം വാടുന്നുണ്ടോ എന്ന ആശങ്കയോടെ പറഞ്ഞു.
" അപ്പൊ ഇനീം ഞമ്മളെ ഒറ്റക്കാക്കി ഓടും അല്ലേ ..ന്നാ ഞ് അങ്ങനെ മുണുങ്ങണ്ട "
അവൾ മുഖം കോട്ടി കൊണ്ട് ബീഫും ഇലയും പിറകോട്ടു വലിക്കാൻ ഒരു ശ്രമം നടത്തി . എന്നാൽ അതിനു മുൻപേ ഞാൻ അതെടുത്ത് ഓടിയിരുന്നു
എനിക്കൊപ്പം ഓടാൻ അവൾ ചാടിയെഴുന്നേറ്റു എന്നാൽ അവളുടെ മനസിനൊപ്പം കാലുകൾ ചിലിച്ചില്ല.
അല്ലെങ്കിൽ ആ അതിയായ സന്തോഷത്തിന്റെ നിമിഷത്തിൽ അംഗവൈകല്യം അവൾ മറന്നു പോയിരുന്നുയെന്ന് പറയുന്നതാവും ശരി .
അവളൊന്നു മുൻപോട്ട് ആഞ്ഞു പൊടുന്നനെ മുഖം അടിച്ചു നിലത്തു വീണു. അതൊരു വല്ലാത്ത വീഴ്ച്ചയായിരുന്നു . കൈയ്യിലിരുന്ന പൊതി വലിച്ചെറിഞ്ഞു ഞാൻ ആയിഷായെന്നു വിളിച്ചു ഓടിച്ചെന്നു അവളെ പിടിച്ചെഴുന്നേൽപ്പിച്ചു .
ആ വീഴ്ച്ചയെക്കാൾ അവളെ വേദനിപ്പിച്ചത് എനിക്കൊപ്പം ഓടാൻ കഴിയാഞ്ഞതിലുള്ള സങ്കടമായിരുന്നു. ആ വീഴ്ച എന്റെ മുൻപിൽ ആയതിലുള്ള ദുഃഖം ആ കണ്ണുകളിൽ ഞാൻ കണ്ടു . അവൾ എനിക്ക് മുഖം തരാതെ തല താഴ്ത്തി നിൽക്കവേ ഞാൻ ആണ് അത് ആദ്യം ശ്രദ്ധിച്ചത് . അവൾ നിന്നേടത്തെ ചോരത്തുള്ളികൾ . അത് കൂടിക്കൂടി വന്നപ്പോൾ പതുക്കെ അവളെ താങ്ങി ഒരു ഉയർന്ന കല്ലിൽ ഇരുത്തി .
ഞാൻ ചുറ്റും നോക്കി ആ കുന്നിൻ ചെരുവിൽ ഞങ്ങൾ രണ്ടു പേരുമല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല . അവളിരുന്ന കല്ല് രക്തം കൊണ്ട് നനയാൻ തുടങ്ങിയിരിക്കുന്നു .
" ഞമ്മള് ഇപ്പൊ മരിച്ചോവ്വോ .. മുരളിയേ " എന്റെ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ട് കണ്ണുകളിലേക്കു നോക്കി അവൾ ചോദിച്ചു . ആദ്യമായി സ്വന്തം രക്തം കണ്ട അവളുടെ കൈകൾ വിറ കൊള്ളുന്നുണ്ടായിരുന്നു .
അവൾ മരിച്ചു പോവുമെന്നു ഞാനും കരുതി . പക്ഷെ എവിടയാണ് മുറിഞ്ഞത് എന്ന് എനിക്ക് മനസിലായില്ല . അവളവാകട്ടെ ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കാൻ കൂട്ടാക്കിയില്ല ഒപ്പം എന്റെ കൈവിടാനും .
അവളുടെ സങ്കടം കരച്ചിലായി ഉയരാൻ തുടങ്ങിയപ്പോൾ ഞാൻ ശരിക്കും ധർമ്മ സങ്കടത്തിൽ ആയി . . പിന്നെ എനിക്കും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല ഞാനും അവൾക്കൊപ്പം ഇരുന്നു ഉറക്കെ കരയാൻ തുടങ്ങി.
ഭാഗ്യത്തിനാണ് സ്‌കൂൾ അടച്ചു ഹെഡ്ടീച്ചർ "അന്നമ്മ ടീച്ചർ" അത് വഴി വന്നത് . അവരെ കണ്ടതും ഞാൻ ഉറക്കെ കരയാൻ തുടങ്ങി . ടീച്ചർ ആദ്യം കരുതിയത് എനിക്കെന്തോ പറ്റിയെന്നാണ് . പിന്നെ കാര്യങ്ങൾ പറഞ്ഞപ്പോൾ ടീച്ചർ അവളെ അടി മുടി നോക്കിയിട്ടു എന്റെ ചെവി പിടിച്ചു തിരുമ്മി കൊണ്ട് പറഞ്ഞു
" ഓടെടാ .."
അതെന്തിനാണ് എന്ന് എനിക്ക് മനസിലായില്ല . കരഞ്ഞതിനായിരിക്കും എന്ന് കരുതി ഞാൻ ചുണ്ടുകൾ കടിച്ചു പിടിച്ചു കരയാതിരിക്കാൻ ഒരു ശ്രമം നടത്തി .
എന്നിട്ടും ആയിഷ മരിക്കുന്നതോർത്തപ്പോൾ വിതുമ്പിപ്പോയി . നിറഞ്ഞൊഴുകിയ കണ്ണുകൾ തുടയ്ക്കാൻ എനിക്കു പത്തു കൈകൾ വേണമായിരുന്നു .
ടീച്ചർ ആയിഷയെ പിടിച്ചു എഴുന്നേൽപ്പിച്ചു .ആയിഷയുടെ പാവാട ചോരയിൽ കുളിച്ചിരുന്നു . അത് കണ്ടതും എന്റെ കരച്ചിൽ ഉച്ചത്തിലായി .
ടീച്ചർ ഒരു വടി ഒടിച്ചു കണ്ണുരുട്ടികൊണ്ടു പറഞ്ഞു " നിന്നോടല്ലേടാ പറഞ്ഞെത് ഓടാൻ .... " അടി കൊള്ളും എന്നായപ്പോൾ ഞാൻ ഓടി . ആ ഓട്ടത്തിനിടയ്ക്ക് ഞാൻ പലവട്ടം തിരിഞ്ഞു നോക്കി അപ്പോഴെല്ലാം ആ കുന്നിൻ ചെരുവിൽ വീണു ചോരപൊടിഞ്ഞെങ്കിലും എനിക്ക് തിരിഞ്ഞു നോക്കാതിരിക്കാൻ ആവില്ലായിരുന്നു .
ടീച്ചർ അവളെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിക്കുമ്പോഴും നീ വീണ്ടും എന്നെ കൈയൊഴിഞ്ഞു അല്ലേടാ എന്ന നിസാഹതയിൽ ചാലിച്ച കുറ്റപ്പെടുത്തൽ ഉണ്ടായിരുന്നു അവളുടെ കണ്ണുകളിൽ . ഇനി ഒരിക്കലും അവൾ എന്നോട് മിണ്ടില്ല എന്ന് ഞാൻ ഉറപ്പിച്ചു . അവൾക്കു പരിക്ക് പറ്റാൻ കാരണമായ ഞാൻ ഓടി രക്ഷപ്പെട്ടിരിക്കുന്നു .
പ്രേതത്തിന്റെ മുൻപിൽ മാത്രം ഓടുകയുള്ളൂ എന്ന് അവൾക്ക് സത്യം കൊടുത്തതാ . എന്നിട്ട് വീണ്ടും ... ഓർത്തപ്പോൾ നെഞ്ചു പൊള്ളിപ്പോയി .
റൂമിൽ ഓടിക്കയറി വാതിലടച്ചു നിർത്താതെ കരഞ്ഞു . അമ്മയും അച്ഛനും വാതിൽ തുറക്കാൻ ഒരു പാട് വിളിച്ചു . ആ ഒറ്റമുറിയുള്ള വീട്ടിൽ അധികം അങ്ങിനെ ഇരിക്കാൻ കഴിയില്ല എന്നറിഞ്ഞിട്ടും വാതിൽ തുറന്നില്ല.
ജനാല തുറന്നു ആയിഷയുടെ മുറ്റത്തേക്ക് നോക്കി . ആയിഷ മരിച്ചു കാണുമോ ? ആയിഷെയെ വെള്ളത്തുണിയിൽ പൊതിഞ്ഞു കിടത്തിയിരിക്കുന്നത് മനസിൽ തെളിഞ്ഞപ്പോൾ . റൂമിലെ അമ്മ പ്രാർത്ഥിക്കുന്ന ഗുരുവായൂരപ്പന്റെ ഫോട്ടോക്ക് മുൻപിൽ മുട്ട് കുത്തി പ്രാർത്ഥിച്ചു കൊണ്ട് പറഞ്ഞു .
" അയിഷ മരിക്കണ്ട ..അവൾക്കു കാലു വയ്യാത്തതല്ലേ... ഞാൻ മരിച്ചു പൊയ്ക്കോട്ടേ " ദൈവം പ്രാർത്ഥന കേട്ടു. അല്ലെങ്കിലും മറ്റുള്ളവർക്കു വേണ്ടിയുള്ള പ്രാർത്ഥനയാണ് മൂപ്പർക്ക് ഇഷ്ടം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്
ആയിഷയെയും കൊണ്ട് അന്നമ്മ ടീച്ചർ ആയിഷയുടെ മുറ്റത്ത് പ്രത്യക്ഷപ്പെട്ടു . അവർ ചിരിച്ചു കൊണ്ട് ആയിഷയുടെ ഉമ്മയോട് എന്തൊക്കൊയോ പറയുന്നുണ്ടു .
ഉമ്മ
ആയിഷയെ നെഞ്ചോട് ചേർത്ത് അകത്തേക്കു കൊണ്ട് പോയി .
കുറച്ചു കഴിഞ്ഞപ്പോൾ
ഉമ്മ
എന്റെ അമ്മയെ ഉറക്കെ വിളിക്കുന്നത് എനിക്കു കേൾക്കാമായിരുന്നു . അച്ഛനും അമ്മയും അങ്ങോട്ട് പോയി വളരെ വൈകിയാണ് അവർ തിരിച്ചു വന്നത് . അവർ വന്നപാടെ ഞാൻ വാതിൽ തള്ളി തുറന്നു അടക്കാൻ പറ്റാത്ത ആകാംഷയോടെ അച്ഛനോട് ചോദിച്ചു . .
" ആയിഷാക്ക് എന്താ പറ്റിയേ ..?"
" ഉം അവനു അത് അറിഞ്ഞാലേ ഉറക്കം വരൂ .... പോയിക്കിടന്നു ഉറങ്ങടാ "
പിന്നെ ഒന്നും ചോദിച്ചില്ല നേരെ പായ വിരിച്ചു കിടന്നു . പിറ്റേന്ന് രാവിലെ ആയിഷയെ കാത്ത് നിന്നു. അവൾ വന്നില്ല . പിന്നെ
ഉമ്മ
പറഞ്ഞറിഞ്ഞു നാല് നാൾ കഴിഞ്ഞേ അവൾ വരുകയുള്ളുവെ ന്നു . അന്നാളുകളിലെ ഒറ്റയ്ക്കുള്ള പോക്കിൽ ശരിക്കും അവളുടെ വില അറിഞ്ഞു .
നാലാം നാൾ അവൾ വന്നു . ആയിഷാക്ക് എന്തൊരു മാറ്റം ആയിരുന്നു . അവൾ എന്നെ നോക്കിയതേ ഇല്ല . കാത്ത് നിൽക്കുന്നത് കണ്ടപ്പോൾ കൈയ്യിലെ വാഴയില പൊതി നീട്ടി കൊണ്ട്
ഉമ്മ
പറഞ്ഞു.
" നീ നടന്നോടാ മുരളിയെ അവളെ ഞാൻ കൊണ്ടാക്കാം " .
എന്തുകൊണ്ടോ എനിക്കത് വാങ്ങാൻ തോന്നിയില്ല . ഒന്നും പറയാതെ തല കുമ്പിട്ടു നടന്നു . എന്നിട്ടും പിറ്റേന്നും കാത്തു നിന്നു . അന്ന് 'അമ്മ വന്നു, അവർക്കു മുൻപേ
" ഇനി നീ അവളെ കാക്കേണ്ടെടാ അവള് വലിയ കുട്ടി ആയി .. നീ നടന്നോ ''
ആയിഷ ഒറ്റ ദിവസം കൊണ്ട് എങ്ങിനെ വലിയ കുട്ടി ആയി എന്ന് മനസിലായില്ല . പക്ഷെ ഒന്ന് മനസിലായി ഇനി കൂട്ടില്ല. കൂട്ട് കൂടാൻ പാടില്ല . ഞാൻ ആണും അവൾ പെണ്ണും ആയി പോലും . ഒരുമിച്ചു ഒഴുകിയ പുഴ രണ്ടു കൈവഴികളായി പിരിഞ്ഞൊഴുകും പോലെ ജീവിതം ഒഴുകി തുടങ്ങിയത് ഞങ്ങളറിഞ്ഞു . ഇടക്ക് എപ്പോഴെങ്കിലുമുള്ള ഒരു ചിരിയിൽ ഒതുങ്ങി ഞങ്ങളുടെ കൂട്ട്.
കാലം കടന്നപ്പോൾ കുന്നിൻ ചെരുവിലെ ചാലിയാർപ്പുഴയും രണ്ടു കൈവഴികളായി ഒഴുകാൻ തുടങ്ങി . പരപസ്പരം കാണാതിരുന്നെങ്കിലും അവക്കറിയാമായിരുന്നു മറ്റൊന്ന് തനിക്കൊപ്പം ഒഴുകുന്നുണ്ടെന്നു . പല സ്ഥലങ്ങളിലും ഒരു നേർത്ത കരയ്ക്കിരുപുറവും അവ ഒഴുകികൊണ്ടിരുന്നു പര്പസപരം കണ്ടിട്ടും കാണാത്തത്പോലെ അവ രണ്ടും ഒഴുകികൊണ്ടിരുന്നു .
കാലം കാലുനീട്ടി വെച്ച് നടന്നു തുടങ്ങിയപ്പോൾ കുന്നിന്റെ വാരിയെല്ല് വെട്ടിയെടുത്ത് റോഡ് നിർമ്മിക്കപ്പെട്ടു . വീട് വഴി റോഡ് വന്നപ്പോൾ അമ്മയുടെ ഓഹരി വിറ്റു അച്ഛൻ വീടിനു മുൻപിൽ അവിടത്തെ ആദ്യ പലചരക്ക് കട തുടങ്ങി .കച്ചവടം പൊടി പൊടിച്ചപ്പോൾ പൊടിപിടിച്ച വീട് തട്ടി വാർപ്പാക്കി . കടം വാങ്ങാൻ വന്നവർ അച്ഛനെ മുതലാളിയെന്നു വിളിച്ചു. പിന്നെ അച്ഛനും മനസുകൊണ്ട് മുതലാളിയായി .
ഞങ്ങളുടെ വളർച്ച യിൽ സന്തോഷത്തോടെ ഒപ്പം നിന്നവരായിരുന്നു ആയിഷയുടെ കുടുംബം . ഞങ്ങളുടെ നാടിന്റെ മാറ്റം വീട്ടിലെ അംഗ സംഖ്യയുടെ കൂടുതൽ കൊണ്ടോ, ബാപ്പയുടെ വരുമാനത്തെ മാത്രം ആശ്രയിച്ചായതിന്നാലോ ആ വീട്ടിലേക്ക് എത്താതെ പോയി .ചെത്തി തേയ്ക്കാത്ത ചുവരുകൾ വെള്ളപ്പൂശാനുള്ള മോഹം കൈവിട്ട് വിണ്ടു കീറി പ്രതിഷേധം അറിയിച്ചു അങ്ങിനെ കിടന്നു .
റോഡ് വന്നപ്പോൾ കുന്നിലേക്കു പല ജാതി മനുഷ്യർ കൂട്ടമായെത്തി . അമ്പലങ്ങൾ വന്നു , പള്ളികൾ വന്നു , ചർച്ചും വന്നു . ഒരിക്കൽ പോലും കൈകൂപ്പി പ്രാർത്ഥിക്കാത്ത അച്ഛൻ അമ്പലകമ്മറ്റി പ്രസിഡന്റായി. എത്രയോ ദിവസം ആയിഷയുടെ വീട്ടിൽ നിന്ന് കൊണ്ട് വന്ന ബീഫ് കഴിച്ചു വിശപ്പ് മാറ്റിയ അച്ഛൻ ബീഫ് കഴിക്കാതെ ആയി ... പിന്നെ വീട്ടിൽ കയറ്റാതെയായി .
അതോടെ ആയിഷയുടെ ഉമ്മയും ബാപ്പയും വീട്ടിലേക്കുള്ള വരവ് കുറച്ചു .
വെള്ളിയാഴ്ച ക്‌ളാസ്സുകളുടെ എണ്ണം കൂടിയപ്പോൾ അലക്കിയത് ആറിയിടാൻ ആയിഷയുടെ
ഉമ്മ
അവരുടെ അതിരു കണക്കാക്കി ഒരു അയൽ കെട്ടി . അതോടെ ഒരേ അയലിൽ കാറ്റിനോട് കഥ പറഞ്ഞ ഞങ്ങളുടെ വസ്ത്രങ്ങളും വേർപിരിഞ്ഞു . അതിർത്തി വേർതിരിച്ചെന്നു പറഞ്ഞു അച്ഛൻ അതിർത്തിയിൽ കന്മതിലുകെട്ടി മുറ്റം രണ്ടാക്കി . കിണറിൻ മേലുള്ള അവകാശവാദം തീരാതെ പുറത്ത് പറയാത്ത വിവാദമായി പുകഞ്ഞു .
അതിനിടയ്ക് ആയിഷാക്ക് ഒരു പാട് ആലോചനകൾ വന്നു . ഒന്നും ഉറയ്ക്കാതെ പോയി . അവളുടെ കാലിന്റെ ബലഹീനതയിലേക്ക് നോക്കി വന്നവർ സ്ത്രീധനം കൂട്ടി . കുറഞ്ഞ സ്ഥലവും ഇടിഞ്ഞ വീടും വന്നവരെ വേഗം പടികടത്തി വിട്ടു .
ഓരോ ആലോചനക്കാർ വന്നു പോവുമ്പോഴും ആയിഷ പീടികയിൽ വരും . ഒന്നും പറയാതെ തല താഴ്ത്തി കൈവിരലിൽ തട്ടത്തിന്റെ തുമ്പു ചുറ്റിയും അഴിച്ചും നിൽക്കും . എന്തെങ്കിലും ചോദിച്ചാൽ അതിനു മാത്രം മറുപടി പറയും . പിന്നെ എന്തെങ്കിലും ഒന്ന് വാങ്ങി തിരിച്ചു പോവും . ആ വാങ്ങൽ സാധനം വേണ്ടിയിട്ടല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് .
ഒരു പക്ഷെ അവളെ അവൾ തന്നെ ബോധ്യപ്പെടുത്തുക ആയിരിക്കാം , ഒപ്പം എന്നെയും .ഇന്നലെ കാഴ്ച്ചക്കാർ വന്നു പോയതിനു ശേഷം അവൾ വന്നു. പതിവ് പോലെ ഒന്നും പറഞ്ഞില്ല . പക്ഷെ അന്ന് അവൾ ഒന്നും വാങ്ങിയില്ല . കുറച്ചു നേരം എന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു .
ഒന്നും പറയാതെ ഒരുപാട് പറഞ്ഞവൾ . തിരിച്ചു നടക്കാൻ തുടങ്ങി . എവിടെ നിന്നാണ് എന്റെ ചിന്തകളും വാക്കുകളും വന്നതെന്ന് അറിയില്ല . ഒരു നിമിഷം ഞാൻ ഒരു ധൈര്യമുള്ള പുരുഷനായി
" ആയിഷാ .. അന്നെ ഞാൻ കല്യാണം കഴിക്കട്ടെ "
ചോദ്യം കേട്ട് അവൾ തിരിഞ്ഞു എന്നെ നോക്കും എന്ന് കരുതി .അതുണ്ടായില്ല അവൾ ആ നിന്ന നിൽപ്പിൽ മറുപടി പറഞ്ഞു " ബാപ്പണ്ട് പൊരേല് ........ " ഒരു ചെറിയ മൗനത്തിന് ശേഷം അവൾ പതിയ ശബ്ദത്തിൽ തുടർന്നു "ഞമ്മള് പൊയ്ക്കോട്ടേ "
"ഉം ...." ഞാൻ ഒന്ന് മൂളി അവൾക്കു പിറകെ നടന്നു. അവളുടെ വീട്ടിലേക്കു . വർഷങ്ങൾക്ക് ശേഷം ഞാൻ അവൾക്കൊപ്പം നടന്നു . വീടിന്റെ കോലായിൽ അവളുടെ ബാപ്പ ഇരുപ്പുണ്ട് .
അവൾ വീടിന്റെ പിൻപുറത്തെ വാതിൽ വഴി അകത്തേക്ക് കയറി . എന്നെ കണ്ടതും ബാപ്പ ഇറയത്തേക്കു ഇറങ്ങി .
രണ്ടു പേരും കുറച്ചു നേരം പരസ്പ്പരം നോക്കി നിന്നു .ഞാൻ ആണ് മൗനം ഉടച്ചത്
"ആയിഷാനെ കാണാൻ വന്നവർ എന്ത് പറഞ്ഞുപോയി"
" എന്ത് പറയാൻ ... എല്ലാവരും പറഞ്ഞപോലെ ഓളെ കുറവിന് കണക്കില്ലാത്ത കാശ് പറഞ്ഞു പിരിഞ്ഞു . പക്ഷെ ഒരു ഗുണാണ്ടായിക്ക് . ചെറുക്കന്റെ ബാപ്പക്ക് പോത്ത് കച്ചോടം ആയതോണ്ട് എന്റെ ഒരു പോത്തിനെ വിറ്റു പോയി . അതിന് കാശ് ഇങ്ങോട്ടാ .. പൊന്നുപോലെ വളർത്തിയ മോളെ കൈപിടിച്ചു കൊടുക്കുമ്പോ കുന്നോളം കാശ് അങ്ങോട്ട് .. " ബാപ്പ അവൾ കേൾക്കുന്നില്ല എന്ന് പിറകോട്ടു നോക്കി ഉറപ്പു വരുത്തി .
ഞാൻ മുന്പോട്ട് ചെന്ന് ആയിഷായുടെ ബാപ്പയുടെ കൈകൾ കൂട്ടിപിടിച്ചുകൊണ്ട് ചോദിച്ചു
" ഞാൻ കെട്ടിക്കോട്ടെ ആയിഷായെ '
ബാപ്പ ഒരു നിമിഷം തരിച്ചു നിന്നു . പതുക്കെ എന്റെ കൈ വിടിയിച്ചു. പിന്നെ റോഡിനു അപ്പുറമുള്ള ഇരുന്നില്ല പള്ളി ചൂണ്ടിക്കൊണ്ട് പറഞ്ഞു
" മോൻ അത് കണ്ടോ അതിനപ്പുറം കുറച്ചു ദൂരം നടന്നാൽ അമ്പലമുണ്ട് രണ്ടിനും ഇക്കാലത്ത് നമ്മുടെ വീടുകളേക്കാൾ വലുപ്പം ഉണ്ട് . ശക്തിയും, അധികാരവുമുണ്ട് . അതിനൊക്കെ തോൽപ്പിക്കാൻ നമ്മള് കൂട്ട്യാ കൂടൂല്ല ... മോനെ "
" ഞ് അങ്ങനെ ഒന്ന് ചോദിച്ചിട്ടും ഇല്ല ... ഞാനൊട്ടു കേട്ടിട്ടും ഇല്ല " ബാപ്പ ഒന്ന് വീട്ടിലേക്കു തിരിഞ്ഞു നോക്കി . ആ നിമിഷം വാതിലിനു പിന്നിൽ ഒരു തേങ്ങൽ ഞാൻ കേട്ടു പിന്നെ പിൻവലിയുന്ന തട്ടത്തിന്റെ തുമ്പും .
ഞാൻ തിരിച്ചു നടന്നു . ചോദിച്ചത് തെറ്റോ ശരിയോ എന്നറിയില്ല . ഒന്നറിയാം അത് ചോദിക്കേണ്ടതായിരുന്നു എന്ന് മാത്രം .
പിറ്റേന്ന് ആയിഷയുടെ വീടിനു മുൻപിൽ ഒരു കാറ് വന്നു നിന്നു . ആയിഷയുടെ ഉപ്പയാണ് ആദ്യം കാറിൽ കയറിയത് കൂടെ ആയിഷയും . കാറിൽ കയറും മുൻപ് അവളൊന്ന് എന്നെ നോക്കി . ആ നോട്ടം നേരിടാൻ ആവാതെ ഞാൻ മിഴികൾ പിൻവലിച്ചു .
പിന്നെ കേട്ടു അവർ ആയിഷായെ ഏതോ അകന്ന ബന്ധു വീട്ടിൽ ആക്കിയെന്നു . അവിടെ വെച്ച് ആർക്കോ കെട്ടിച്ചു കൊടുത്തെന്ന് .
എന്ത് കൊണ്ട് തേടിപ്പോയില്ല എന്ന് ഞാൻ തന്നെ എന്നോട് പലവട്ടം ചോദിച്ചു .ഉത്തരം ഒന്നേ ഉണ്ടായിരുന്നുള്ളു ഞങ്ങൾ രണ്ടു മതസ്ഥർ ആയിരുന്നു .അത് ഞങ്ങളുടെ തെറ്റല്ലെങ്കിലും മനുഷ്യരേക്കാൾ മതത്തിനു വിലകൽപ്പിക്കുന്ന ഈ സമൂഹത്തിൽ അത് തെറ്റാണ് ...വലിയ തെറ്റ് .
"വലിയ തെറ്റ് ........................."
മനോജ്‌കുമാർ കാപ്പാട് - കുവൈറ്റ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot