Slider

അമ്മ I Ammu Santhosh

0

 തനിക്ക് തോന്നിയതാവുമോ?
ഇങ്ങനെ ഒരു ചിന്ത എങ്ങനെ എന്റെ ഉള്ളിൽ വന്നു ഭഗവാനെ...
മീര നീറുന്ന മനസ്സോടെ അടുക്കളയിൽ ജോലികൾ തുടർന്നു. വെളുപ്പിന് അഞ്ചു മണിക്ക് എഴുനേറ്റു സർവവും ചെയ്തു വെച്ചിട്ട് വേണം മഹേഷിനും തനിക്കും പോകാൻ. തന്റെ ട്രെയിൻ എട്ട് മണിക്കാണ്. മഹേഷിന് കുറച്ചു കൂടി വൈകി മക്കളെ സ്കൂളിൽ വിട്ടിട്ട് പോയാൽ മതി. വൈകുന്നേരവും മഹേഷ്‌ ആദ്യമേത്തും. കുട്ടികൾ സ്കൂളിൽ നിന്നു നേരേ ട്യൂഷൻ ക്ലാസ്സിലേക്കാണ് പോവുക. അവിടെ നിന്നു മഹേഷ്‌ കൂട്ടി വരികയാണ് പതിവ്. അത് ഒരു ആശ്വാസം ആയിരുന്നു ഈ അടുത്ത കാലം വരെ.
മഹേഷിൽ ഒരു മാറ്റം തോന്നി തുടങ്ങിയത് എന്നാണ്?
അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു.
സ്നേഹമോൾ വയസ്സറിയിച്ചു കഴിഞ്ഞു ഒരു ദിവസം
മോളുടെ മുറിയിൽ രാത്രി എന്തൊ ശബ്ദം കേട്ട് ഉണർന്നപ്പോൾ അരികിൽ മഹേഷ്‌ ഇല്ല. വേഗം ഓടി അവിടെ ചെന്നപ്പോൾ മഹേഷ്‌ മോളുടെ മുറിയിൽ ഉണ്ട്. തെല്ലു കുനിഞ്ഞു മോളുടെ ഉടലിലേക്ക് ഒന്ന് ആഞ്ഞതും
എന്താ ഒരു ശബ്ദം കേട്ടത് എന്ന് താൻ ചോദിച്ചതും വിളർച്ചയോടെ മഹേഷ്‌ പെട്ടെന്ന് മോളുടെ ഉടലിലെ മാറി കിടന്ന പുതപ്പ് നേരെയാക്കിയതും പെട്ടന്നായിരുന്നു. അന്ന് താൻ അത് അത്ര കാര്യം ആക്കിയില്ല
പൂച്ച കയറിയ പോൽ തോന്നി എന്ന് മഹേഷ്‌ പറഞ്ഞത് വിശ്വസിച്ചു.
അങ്ങനെ അവിശ്വസിക്കേണ്ട കാര്യവും ഇല്ല. സ്വന്തം മക്കളല്ലേ? എന്നാലും ഉള്ളിൽ എവിടെയോ ഒരു കരട് വീണു. അറിയാതെ മഹേഷിനെ ശ്രദ്ധിച്ചു തുടങ്ങി.
സ്നേഹമോളെയാണ് മഹേഷിന് കൂടുതൽ ഇഷ്ടം എന്ന് പറഞ്ഞു അനു മോൾ എപ്പോഴും വഴക്കിടും
അവളെന്റെ മൂത്ത മോളല്ലേ എന്ന് പറഞ്ഞു മഹേഷ്‌ അവളെ മടിയിലിരുത്തി ഇറുക്കി കെട്ടിപ്പിടിച്ചു
ഉമ്മ
വെയ്ക്കുന്നത് അച്ഛന്റെ വാത്സല്യമായേ ആദ്യമൊക്കെ തോന്നിയിട്ടുള്ളൂ. പിന്നെപ്പോഴോ അതിൽ അസ്വഭാവികത തോന്നി തുടങ്ങി. ഉള്ളിൽ അപ്പൊ ഒരു തേരട്ട ഇഴഞ്ഞു നടക്കും പോലെ.. ഒരു തീ ആളുന്നത് പോലെ.. ഈശ്വര ഇത് ഒരു തോന്നൽ മാത്രം ആയിരിക്കണേ എന്ന് പ്രാർത്ഥിക്കുമ്പോഴും അല്ല അല്ല എന്ന് ഉള്ളിലാരോ വിളിച്ചു പറയും പോലെ. അത് ഒരമ്മയ്ക്ക് മനസിലാവും. ഭർത്താവിന്റെ മാറ്റം എളുപ്പം ഭാര്യക്ക് മനസിലാകും പോലെ തന്റെ കുഞ്ഞിനെ ചുറ്റുന്ന കണ്ണുകളെ അമ്മയ്ക്ക് മനസിലാകും.
അവൾ ശരിക്കും ഉറങ്ങിയിട്ട് ദിവസങ്ങളായി. മോളു കുളിക്കുന്ന ബാത്‌റൂമിന്റെ മുന്നിൽ സംശയാസ്പദമായ നിലയിൽ മഹേഷിനെ കണ്ടപ്പോൾ തുടങ്ങി ആധിയാണ്. അയാളപ്പോൾ മൊബൈലിൽ എന്തൊ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അവൾ തിരിഞ്ഞു കൂടെ കിടക്കുന്ന മഹേഷിനെ നോക്കി. അയാൾ നല്ല ഉറക്കം. അവൾ മെല്ലെ എഴുനേറ്റ് അയാളുടെ മൊബൈൽ എടുത്തു. ഓപ്പൺ ആവുന്നില്ല. അയാളുടെ തന്നെ ഫിംഗർ പ്രിന്റ് ഉപയോഗിച്ച് ഓപ്പൺ ചെയ്തു. വെറുതെ നോക്കി. ഗാലറിയിൽ എത്തിയപ്പോൾ ഫോട്ടോകൾ ഓരോന്ന് നോക്കിയപ്പോൾ അവൾ വീഴാതെയിരിക്കാൻ ഭിത്തിയിൽ മുറുകെ പിടിച്ചു. സ്നേഹമോളുടെ ചിത്രങ്ങൾ. വസ്ത്രം മാറുന്നതിന്റ, കുളിക്കുന്നതിന്റ, ഉറങ്ങുന്നതിന്റ. ഒക്കെ..വീഡിയോകളും ഉണ്ട്.
എന്റെ ദൈവമേ! അവൾ കരച്ചിൽ അയാൾ കേൾക്കാതിരിക്കാൻ വാ പൊത്തി നിലത്ത് ഇരുന്നു മുട്ടിൽ മുഖം പൂഴ്ത്തി.
ഒരാഴ്ച കഴിഞ്ഞുള്ള ഒരു ഞായറാഴ്ച
"നമുക്കു മഹാബലിപുരത്ത് ഒന്ന് പോകണം "
മീര പ്രണയാർദ്രമായി മഹേഷിനെ ഒന്ന് നോക്കി.
"അതെന്താ പെട്ടെന്ന്?"
"എനിക്കൊരു നേർച്ചയുണ്ട്. അന്ന് മഹേഷിനൊരു വയറു വേദന വന്നില്ലേ?എത്ര മരുന്ന് കഴിച്ചു? മാറിയോ? അവിടെ നേർച്ച നേർന്നിട്ടാ മാറിയത് "
അയാൾ പുഞ്ചിരിച്ചു
"പോകാമല്ലോ മക്കൾക്ക് ക്ലാസ്സ്‌ ഇല്ലാത്ത ദിവസം പോകാം "
"അത് ശരി. അവർക്ക് ഈ യാത്ര ഒന്നും ഇഷ്ടം അല്ലെന്നേ. പ്രത്യേകിച്ച് തമിഴ്നാട് വരെ. അവർ മുത്തശ്ശിയുടെ അടുത്ത് പോകണം ന്ന് പറഞ്ഞിരിക്കുവാ "
"നമുക്ക് സ്നേഹമോളെ കൊണ്ട് പോകാം "അയാൾ പെട്ടെന്ന് പറഞ്ഞു.
അവളുടെ പല്ല് ഞെരിഞ്ഞമ്മർന്നു. അയാളുടെ കണ്ണിലെ കഴുകനെ അപ്പൊ അവൾ വ്യക്തമായി കണ്ടു
"അവൾക്ക് എക്സാം അല്ലെ? പോരെങ്കിൽ ശർദിക്കും. നമുക്ക് നാളെ പോയിട്ട് മറ്റന്നാൾ വരാല്ലോ "അവൾ ചിരി അഭിനയിച്ചു
അയാൾ മനസ്സില്ലമനസ്സോടെ തലയാട്ടി..
ക്ഷേത്രത്തിൽ തൊഴുതു ഇറങ്ങുമ്പോൾ അവൾ ദൂരെയുള്ള കുന്നിലേക്ക് കൈ ചൂണ്ടി
"എന്ത് ഭംഗിയാ അല്ലെ? നമുക്ക് കുറച്ചു നേരം അവിടെ പോയിരുന്നു വർത്താനം പറയാം എത്ര നാളായി നമ്മളൊറ്റയ്ക്ക് കുറച്ചു നേരം..?"
അയാൾ തടസ്സമൊന്നും പറഞ്ഞില്ലെങ്കിലും ഒട്ടും താല്പര്യമില്ല എന്ന് ആ മുഖം വിളിച്ചു പറഞ്ഞു.
കുന്നിന്റെ മുകളിൽ നല്ല കാറ്റ് ഉണ്ടായിരുന്നു. ഉച്ച ആയത് കൊണ്ട് അവിടെ ആരുമുണ്ടായിരുന്നില്ല താനും.
"മഹേഷിന്റെ ഫോൺ ഒന്ന് തന്നെ "അവൾ കൈ നീട്ടി
അയാൾ പെട്ടെന്ന് വിളറി വെളുത്തു
"ഇതെന്താ പേടിക്കുന്നെ?"
"ഹേയ്.."
"എന്റെ ഫോൺ കാറിലായി പോയി. ഒരു ഫോട്ടോ എടുക്കട്ടെ.. നല്ല ഭംഗി മഹേഷിനെ ഇപ്പോൾ കാണാൻ "
അയാൾ ക്യാമറ ഓൺ ആക്കി കൊടുത്തു
"അങ്ങനെ നിൽക്കെ.. ഇച്ചിരി കൂടി ബാക്കിൽ.. ഓക്കേ "
അവൾ ക്യാമെറയിലൂടെ നോക്കി കൊണ്ട് മുന്നോട്ട് ചെന്നു
"സൂപ്പർ.. ചിരിച്ചേ "
അയാൾ മെല്ലെ ചിരിച്ചു. അതേ നിമിഷം തന്നെ അവളുടെ കൈ അയാളുടെ നെഞ്ചിൽ ശക്തിയായി പതിച്ചു
താഴേക്ക്..
താഴേക്ക്..
താഴെ പാറക്കൂട്ടങ്ങൾക്കിടയിൽ തലയടിച്ചു ചിതറുന്നത് വരെ അവൾ നോക്കി നിന്നു.
"ചത്തു പോടാ ശവമേ "അവൾ അമർത്തി പറഞ്ഞു
പിന്നെ മൊബൈലിലെ മകളുടെ സകല ഫോട്ടോയും വീഡിയോയും ഡിലീറ്റ് ചെയ്തു.
പിന്നെ ശാന്തമായി പോലീസിന്റെ നമ്പർ ഡയൽ ചെയ്തു.
"ആരെങ്കിലും വിചാരിച്ചോ ഈശ്വര.. ഇങ്ങനെ സംഭവിക്കും ന്നു.. മഴ പെയ്തു തെന്നിക്കിടക്കുന്ന പാറകളായിരുന്നു അല്ലെ മോളെ?"
കൂടെ ജോലി ചെയ്യുന്ന വനജ ചേച്ചി ചോദിച്ചപ്പോൾ
മീര കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ചു കരഞ്ഞു കലങ്ങിയ കണ്ണുകളോടെ തലയാട്ടി..
"വിധി "ആരോ പറഞ്ഞു
മീര മാല ചാർത്തിയ അയാളുടെ ഫോട്ടോയിലേക്ക് നോക്കി
വെറുപ്പോടെ
അറപ്പോടെ..
പിന്നെ മക്കളെ ഒന്നുകൂടി നെഞ്ചിൽ ചേർത്ത് പിടിച്ചു..
ഉറപ്പോടെ

By Ammu Santhosh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo