നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇരുന്നൂറാം നമ്പർ മുറി I ചെറുകഥ I Jency Shibu


"മമ്മാ, യു ഹാവ് സ്റ്റിൽ ടൈം ടു ചേഞ്ച് യുവർ ഡിസിഷൻ .പ്ളീസ് മമ്മാ"
രണ്ടുകൈകളാൽ വരിഞ്ഞുമുറുക്കി കണ്ണുകളിലേക്കു ഉറ്റുനോക്കിക്കൊണ്ടു മന്ത്രിക്കുന്ന മെർലിന്റെ രണ്ടു കണ്ണുകളിലും മുത്തം നൽകികൊണ്ട്  പറഞ്ഞു "അമ്മയ്ക്കു പോകണം .എല്ലാം മുൻപേ നമ്മൾ തീരുമാനിച്ചുറപ്പിച്ചതല്ലേ?"

"എങ്കിൽ എനിക്കിന്ന് മമ്മയുടെ കൂടെ കിടക്കണം. ഐ കോൾഡ് രാജു ആൾറെഡി ."

"വേണ്ട മോളെ നാളെ പത്തുമണി ആകുമ്പോള്‍ എന്നെ എയർപോർട്ടിൽ കൊണ്ടുവിടാൻ നിങ്ങൾ രണ്ടുപേരും വന്നാൽ മതി . രാജു നല്ല പയ്യനാണ് . അവനെ ഒരിക്കലും നഷ്ടപ്പടുത്തരുത് . ഇവിടത്തെ ജീവിതരീതി ഒരിക്കലും മാതൃകയാക്കരുത് . എന്തും എറിഞ്ഞു കളയാൻ എളുപ്പമാണ് പക്ഷെ പിന്നീട് വേണമെന്നു തോന്നി പെറുക്കിയെടുക്കാൻ തുടങ്ങുമ്പോഴേക്കും  അത് തിരകളാൽ മായ്ക്കപ്പെട്ടിട്ടുണ്ടാകും."

"എന്താ മമ്മാ ഞാൻ ചെറിയക്കുട്ടിയാണോ എപ്പോഴും ഇങ്ങനെ പറയാൻ ? കാനഡയിൽ ആണേലും, ഞാൻ ആ പഴയ തൃശ്ശൂര്‍ക്കാരി ട്രീസയുടെ മോളുതന്നെയാണ് രാജു മാത്രമല്ല മി ആൾസോ ഗുഡ് .ഓക്കേ മമ്മാ. നാളെ കാണാം". കൊഞ്ചിക്കൊണ്ട് അത്രയും പറഞ്ഞ് മെർലിൻ  രണ്ടടി മുൻപോട്ട് നടന്ന് തിരിഞ്ഞു നിന്നുകൊണ്ട്  ഒരു പുഞ്ചിരിയോടെ തുടർന്നു "നഷ്ടങ്ങളെക്കുറിച്ചു ഇത്രയും  ബോതേർഡ്‌ ആകുന്ന മമ്മാക്ക്  രാഹുൽ അങ്കിളിന്റെ കാര്യത്തില്‍ തെറ്റുപ്പറ്റിയെന്നു തോന്നുന്നുണ്ടോ ?"

"മോള് പോയിട്ടുവാ രാത്രിയിൽ യാത്രപ്പറച്ചിൽ വേണ്ട" ചിരിച്ചുകൊണ്ടാണ്  മകളെ യാത്രയാക്കിയത് .

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും  നിദ്രാ ദേവി അൽപംപോലും കടാക്ഷിക്കുന്നില്ല. പൂർവ്വകാലത്തെ നീറുന്ന അനുഭവങ്ങളിലേക്ക് മനസ്സ് അറിയാതെ ഊളിയിട്ടു. ജോൺ കുര്യൻ  എന്ന കുര്യച്ചൻ,മെർലിന്റെ അപ്പൻ ഇരുപത്തഞ്ചു വർഷമായി മനഃപൂർവ്വം മറക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന പേര് . മായ്ക്കുംന്തോറും കൂടുതൽ തിളക്കത്തോടെ ഹൃദയത്തിൽ 
പതിക്കുന്ന ഓർമ്മകളുടെ നിർമ്മാതാവ് .

പത്താം ക്ലാസ്സിലെ പരീക്ഷക്ക് മുൻപ് എഴുതാൻ കൊടുത്ത  ഓട്ടോഗ്രാഫ് കൈമറിഞ്ഞ് തൊട്ടടുത്ത കോളേജിൽ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന ജോൺ കുര്യൻ എന്ന കുര്യച്ചന്റെ കയ്യിലെത്തി. കുര്യച്ചൻ ഒരു കൂട്ടുകാരന്റെ സഹായത്തോടെ വാങ്ങിച്ചു എന്ന് പറയുന്നതാവും കുറച്ചുകൂടി ശരി. പിന്നീട് ഓട്ടോഗ്രാഫ് എന്റെ കയ്യിൽക്കിട്ടിയപ്പോൾ സന്തോഷത്തോടെ  ഓരോരുത്തരും എഴുതിയത് വായിച്ചുചിരിച്ച്  അവസാനത്തെ താളിലെത്തി  

"ചുരുണ്ട മുടിയും പൂച്ചക്കണ്ണും സ്വർണകളറും മെലിഞ്ഞ കാലുകളും കട്ടപ്പല്ലുമുള്ള എന്റെ സുന്ദരിക്കുട്ടി നിന്നെ ഞാൻ കെട്ടിക്കോട്ടെ ? 
നിന്നെ മാത്രം ധ്യാനിക്കുന്ന നിന്റെ കുര്യൻ "
ചുവന്ന ലവ് ചിഹ്നത്തിനുള്ളിൽ വെളുത്ത ഗിൽറ്റ്‌ പേനക്കൊണ്ട്‌ എഴുതിയിരിക്കുന്നത് കാണാൻ ഒരു പ്രത്യേക ചന്തമായിരുന്നു .

ആദ്യം ദേഷ്യം വന്നെങ്കിലും ആരുടെ കരങ്ങളാണ് ഇതിനു പുറകിലെന്നറിയാൻ ഒരു ചെറിയ ജിജ്ഞാസയും ഉണ്ടായിരുന്നു .അവസാനം മനുവാണ് പറഞ്ഞത് അടുത്ത കോളേജിലെ അവസാന വർഷ പ്രീ ഡിഗ്രിക്കാരൻ ജോൺ  കുര്യൻ ആണ് ഈ വികൃതി ഒപ്പിച്ചതെന്ന് .

പിന്നീട് അങ്ങോട്ട് ഒരു തരം ഓട്ടപന്തയം പോലെയായിരുന്നു .എവിടെ പോയാലും പുറകില്‍ ഒരു നിഴൽ പോലെ കുര്യൻ ഉണ്ടാകും.തൃശ്ശൂരിലെ ഏറ്റവും വലിയ പണച്ചാക്കിന്റെ മകനായ കുര്യനും ആ നാട്ടിലെ ഒരു സാധാരണക്കാരന്റെ മകളുമായ ഞാനും തമ്മിൽ ഒരു തരത്തിലും ചേരില്ല എന്ന ബോധ്യം ഉള്ളതുകൊണ്ടുത്തന്നെ കുര്യനെ ശ്രദ്ധിക്കാൻ മനസ്സിനെ അനുവദിച്ചില്ല .

Bsc രണ്ടാംവർഷം പഠിക്കുമ്പോഴാണ്  അമ്മ പെട്ടെന്ന് മരിക്കുന്നതും അതേ കോളേജിൽ തന്നെ Msc അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്ന കുര്യനുമായി കുറച്ചെങ്കിലും അടുത്തത് . ശരിക്കുംപറഞ്ഞാൽ ഒരു പെൺകുട്ടി ഒറ്റപ്പെട്ടു എന്നു തോന്നിയ സമയം കുര്യൻ നന്നായി വിനിയോഗിച്ചു .

BEd കഴിഞ്ഞ ഞാൻ  അദ്ധ്യാപനത്തിലേക്ക് തിരിഞ്ഞു. കുര്യനാകട്ടെ   ദുബായിൽ ഏതോ IT കമ്പനിയിലും ജോലി ലഭിച്ചു . ഒരുദിവസം ജോലി കഴിഞ്ഞു വന്നഎന്നെക്കാണാൻ  കുര്യൻ  അപ്പനേയും കൂട്ടി  വന്നിരിക്കുന്നു. വിവാഹ ആലോചനയാണെന്നു ഒറ്റ നോട്ടത്തില്‍ത്തന്നെ  മനസ്സിലായി .കുര്യന്റെ അപ്പന് ഈ വിവാഹത്തിന്‌ തീരെ താല്പര്യമില്ലെന്നു വിളിച്ചറിയിക്കുന്നതായിരുന്നു ഓരോ പ്രവൃത്തികളും .
സ്ത്രീധനമായി ഒന്നും വേണ്ട എന്ന കുര്യന്റെ പ്രസ്താവനയിൽ എന്റെ അപ്പനും  വീണുപോയി.പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. എന്റെ സമ്മതം പോലും ചോദിച്ചില്ല. വിവാഹത്തിയതിയും ഉറപ്പിച്ചിട്ടാണ് അവർ പോയത് .

വിവാഹം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോള്‍ കുര്യന്റെ ഒപ്പം എന്റെ  ജീവിതവും ദുബായിലേക്ക് പറിച്ചുനടപ്പെട്ടു. ആദ്യത്തെ മൂന്ന് മാസം സന്തോഷപ്രദമായിരുന്നു. അതിനിടയില്‍ എന്റെ ഉദരത്തിൽ ജീവന്റെ തുടിപ്പും  മൊട്ടിട്ടു .

"കാര്യം ഒരു ഗ്രിൽഡ് ചിക്കന്റെ പേരിലാണേലും നീ ആ സ്റ്റെഫിയുമായി വച്ച ബെറ്റ് വെറുതെയായില്ല. നിന്നെപ്പോലുള്ള കരുമാടിക്ക് മദാമ്മ പോലൊരു പെണ്ണ്!!  അപ്പോ ഇനിമുതല്‍ സ്റ്റെഫി ചിത്രത്തിൽ നിന്ന് ഔട്ട് !!" വിവാഹശേഷം കുര്യൻ നടത്തിയ പാർട്ടിയിൽ പങ്കെടുക്കുമ്പോൾ  മദ്യലഹരിയിലായിരുന്ന സണ്ണിയുടെ വായിൽനിന്നു അപ്രതീക്ഷിതമായി വന്നതാണ് ഈ വാക്കുകൾ.കുര്യന്റെ ഹൃദയം സൂക്ഷിപ്പുകാരനാണ് വളരെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ സണ്ണി . ഒന്നും മനസ്സിലാകാതെ സണ്ണിയെ തുറിച്ചുനോക്കിയ എന്നോടായി വീണ്ടും തുടർന്നു "  ഹോ ഇങ്ങനെ നോക്കാതെ പെണ്ണേ എന്റെ നെഞ്ച് പിളർന്നു പോകുന്നു. ഇവളുടെ  ഉടൽ  മാത്രമല്ല ആ നോട്ടവും കൊത്തിവലിക്കുന്നതാണെടാ!!! കരിമാടാ നീ  ഭാഗ്യവാനാ!!" 
പറഞ്ഞുത്തീർന്നില്ല  കരണം പുകച്ചുകൊണ്ടുള്ള അടിയായിരുന്നു സണ്ണിച്ചന് കിട്ടിയ സമ്മാനം.

അടിയുടെ ആഘാതത്തിൽ വേച്ചു വീഴാൻ പോയ സണ്ണിയെ നോക്കിയ എന്നെ ഇടതു കൈകൊണ്ടു ആഞ്ഞടിച്ച്   കുര്യൻ ആക്രോശിച്ചു "നോട്ടം കൊണ്ട് ആണുങ്ങളെ വല വീശിപ്പിടിക്കുന്ന വേശ്യ"

ദേഹോപദ്രവത്തേക്കാൾ വാക്കുകൾ കൊണ്ടുള്ള മാനസികമായ മുറിവ് ഇപ്പോഴും കരിയാതെകിടക്കുന്നു .പിന്നീടങ്ങോട്ടുള്ള ജീവിതം വേദനകളുടേയും   കുറ്റപ്പെടുത്തലുകളുടേയും  ഒറ്റപ്പെടുത്തലുകളുടേയും  ആയിരുന്നു. ഞാൻ എവിടേക്ക്  തിരിഞ്ഞാലും എനിക്കായി കാമുകന്‍മാരെ  സൃഷ്ടിക്കാനായിരുന്നു കുര്യനു തിടുക്കം .

ഒരുദിവസം അപ്രതീക്ഷിതമായി കണ്ടുമുട്ടിയ സണ്ണിയിൽ നിന്നു കേൾക്കാനിടവന്ന കാര്യങ്ങൾ ഒരു ഭാര്യയ്ക്കും സഹിക്കാനാവുന്നതായിരുന്നില്ല.  

"ഒരിക്കൽ, ഒരു പാർട്ടിക്കിടയിൽ ട്രീസയുടെ ഫോട്ടോ കുര്യന്റെ മൊബൈലില്‍ കാണുകയും അതാരാണെന്ന് ചോദിച്ച സ്റ്റെഫിയോട്  "ഞാൻ കെട്ടാൻ പോകുന്ന പെണ്ണ്" എന്നായിരുന്നു കുര്യൻ പറഞ്ഞത് . അതുകേട്ടതും നീ അവളെ കെട്ടുകയാണെങ്കിൽ  ഞാൻ എല്ലാവർക്കും ഗ്രിൽഡ് ചിക്കൻ വാങ്ങിക്കൊടുക്കും അതല്ല മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ നമ്മുടെ വിവാഹത്തിന്റെ  വിരുന്ന് നീ നടത്തണം അതായിരുന്നു സ്റ്റെഫിയുടെ വാത് .കുര്യന്റെ ഇടക്കിടക്കുള്ള 'കമ്പനി മീറ്റിംഗ്‌'എന്ന  പ്രഹസനം സ്റ്റെഫിയുടെ വീട്ടിൽ അന്തിയുറങ്ങാനുള്ള നാടകം മാത്രമായിരുന്നു.അവരിപ്പോള്‍ ഭാര്യാ ഭർത്താക്കാന്മാരെപ്പോലെയാണ് താമസം."

അന്നു രാത്രി ജോലിക്കഴിഞ്ഞുവന്ന കുര്യനോട്‌ സമാധാനമായി ഞാൻ  കേട്ടതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒട്ടും ഉളുപ്പില്ലാതെ കേട്ടതെല്ലാം ശരിയാണെന്ന് സമ്മതിച്ചു. "മറ്റുള്ളവരുടെ മുമ്പിൽ ഭാര്യ എന്നപ്പേരിൽ കാണിക്കാന്‍ ,നിന്റെ അപ്പന് കാശുക്കൊടുത്ത് , ഞാൻ വാങ്ങിയ ഒരു പാവ, അതാണ് നീ. എന്നെ ചോദ്യം ചെയ്യാൻ നീ വളർന്നിട്ടില്ല. വയറ്റിൽ കിടക്കുന്നതിനെ ഓർത്തിട്ടാണ് അല്ലേൽ ചവുട്ടിക്കൊല്ലും ഞാൻ.നിന്റെ പേറ് കഴിയണവരെ നിന്നെ മാത്രം ധ്യാനിക്കാന്‍ ഞാൻ പൊട്ടനൊന്നും അല്ല. എനിക്കിഷ്ടമുള്ള പെണ്ണുങ്ങളുടെ കൂടെ ഞാൻ പോകും.നീയാരടി ചോദിക്കാൻ ?"

രാത്രി ഒരുപാട് കരഞ്ഞുകഴിഞ്ഞപ്പോൾ മനസ്സിൽ നിന്ന് ഒരു വലിയ കല്ല് ഇറക്കിവച്ചതുപോലെത്തോന്നി.
പിറ്റേദിവസം കുര്യൻ ജോലിക്കു പോയില്ല.തലേദിവസത്തെ കുര്യനാണെന്നു  തോന്നാത്തവിധം സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചുകൊണ്ടുപറഞ്ഞു " നമുക്കിന്നു ഡോക്ടറെ കാണാൻ പോകാം."
അടുത്ത മാസമാണ് പോകേണ്ടതെന്നു ഞാൻ പറഞ്ഞിട്ടൊന്നും കുര്യൻ സമ്മതിച്ചില്ല . 

"അതൊന്നും സാരമില്ല കുഞ്ഞ് ഓക്കേ ആണോന്നറിയാലോ !! പെട്ടെന്ന് റെഡി ആയിട്ടു വാ"  

പലപ്പോഴും കുര്യനെ മനസ്സിലാകുന്നില്ല ഒരുതരം ഇരട്ട വ്യക്തിത്വം പോലെ . ചെറിയ സംശയത്തോടെയാണെങ്കിലും കുര്യൻ പറഞ്ഞപോലെ അനുസരിച്ചു.

"തലകറക്കത്തിനുള്ള ഗുളിക എഴുതിയിട്ടുണ്ട്. വേറെ കുഴപ്പമൊന്നും കാണാനില്ല" എന്നുപ്പറഞ്ഞ  ഡോക്ടറോട് "ആ ഗുളിക വേണ്ട എനിക്ക് തലകറക്കമില്ല" എന്ന് ഞാൻ പറഞ്ഞിട്ടും കുര്യൻ നിർബന്ധിപ്പിച്ച് ഗുളിക വാങ്ങിച്ചു .തിരിച്ചുവരുന്നവഴി ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചു . കടൽകാറ്റേറ്റ്  തണുത്ത വെള്ളം പാദങ്ങളില്‍തൊട്ടുതലോടി , ഒപ്പം കുര്യന്റെ കുസൃതികളും  കൂടിയായപ്പോൾ ആ പഴയ കൗമാര കാലഘട്ടത്തിലേക്ക്, ഞാൻ മനസ്സിൽ താലോലിച്ചുകൊണ്ടിരുക്കുന്ന സ്വപ്നങ്ങളിലേക്ക് 
തിരികെപ്പോയതുപോലെ!

സൂര്യകിരണങ്ങള്‍ മുത്തമിടുന്നതിനുമുൻപു   ഫ്ലാറ്റിന്റെ മട്ടുപ്പാവിലുള്ള റോസാച്ചെടിക്ക് വെള്ളം ഒഴിച്ചുകൊണ്ടിരിക്കുമ്പോൾ എന്തോ ഒരു ശക്തി എന്നെ തള്ളിയതാണോ അതോ ചേർത്തുനിർത്തിയതാണോ ? മുന്നോട്ടു ആഞ്ഞു വീഴാൻപോകുമ്പോൾ നേരെ എതിർവശത്തെ ഫ്ളാറ്റിലെ ചേട്ടൻ കൈ തലയിൽ വെക്കുന്നതും, ഒപ്പംത്തന്നെ കുര്യന്റെ രണ്ടുകൈകളാൽ  എന്നെ കോരിയെടുത്തതും ഓർമ്മയുണ്ട് .അപ്പോഴേക്കും കുര്യൻ കോപത്താൽ ആക്രോശിച്ചു "വായപ്പൊളിച്ച്‌ വല്ല ആണുങ്ങളെയും നോക്കി വെള്ളം ഒഴിച്ചാൽ ഇങ്ങനിരിക്കും."

കുര്യൻ ജോലിക്കു പോയിക്കഴിഞ്ഞപ്പോൾ മയങ്ങാൻ കിടന്ന ഞാൻ തുടർച്ചയായ  വാതിൽമണി ശബ്ദം കേട്ട്‌   കണ്ണുതുറന്നു . എന്നെ പ്രതീക്ഷിച്ച്  അക്ഷമരായി നിൽക്കുന്ന അടുത്ത ഫ്ളാറ്റിലെ ചേട്ടനേയും  അദ്ദേഹത്തിന്റെ ഭാര്യയെയും   അകത്തേക്കു ക്ഷണിച്ചപ്പോള്‍ വരാൻ വിസമ്മതിച്ചുക്കൊണ്ട്‌  അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു "ഞങ്ങള്‍ കയറുന്നില്ല നിങ്ങളെ ഒരു കാര്യം അറിയിക്കാന്‍ വേണ്ടി മാത്രം വന്നതാണ് .രാവിലെ നിങ്ങളുടെ കൂടെ ഉണ്ടായിരുന്ന ആൾ നിങ്ങളെ തള്ളിയിടാൻ തുടങ്ങിയപ്പോള്‍ എന്റെ ഭർത്താവിനെ പെട്ടന്ന് കണ്ടതുകൊണ്ട്, നിങ്ങളെ കരവാലയത്തിലാക്കിയതാണ് .നിങ്ങളും അയാളും തമ്മിലുള്ള ബന്ധം ഞങ്ങള്‍ക്കറിയില്ല. പക്ഷെ ഒരു കാര്യം ഉറപ്പാണ് അയാൾ നിങ്ങളെ ഉപദ്രവിക്കാനാണ് നോക്കിയത്‌. എന്റെ ഭർത്താവ് ഇതുവന്നുപറഞ്ഞപ്പോൾ ഒരു സ്ത്രീ എന്ന നിലയിൽ തോന്നിയ മാനുഷിക പരിഗണനക്കൊണ്ടുമാത്രമാണ് ഇദ്ദേഹത്തെയുംകൂട്ടി ഇപ്പോൾതന്നെ  വന്നത്".

ഒരുപാടു ചിന്തിച്ചു .എന്തോ അവരുടെ സംസാരവും, കുര്യന്റെ പെട്ടെന്നുള്ള സ്നേഹവും,പെട്ടെന്ന് ഡോക്ടറെ കാണാൻ പോക്കും,ഒരുകുഴപ്പവുമില്ലാത്ത എനിക്ക് തലകറക്കത്തിന്റെ ഗുളിക എഴുതിവാങ്ങിപ്പിച്ചതും,ആരോ തള്ളിയപ്പോലെ ഏഴാം നിലയിൽനിന്ന് താഴേക്ക് വീഴാന്‍ പോയതും---- എല്ലാം കൂട്ടിവായിച്ചപ്പോൾ എവിടെയോ ആപത്ത് മണക്കുന്നു.

കരഞ്ഞില്ല പകരം മനസ്സിനെ ധൈര്യപ്പെടുത്തി ഇനിയുള്ള ജീവിതം ഒറ്റയ്ക്ക് ജീവിച്ചു തീർക്കാനുള്ളതാണ് . തനിക്കും  കുഞ്ഞിനും ഭീഷണിയാകുന്ന ഒന്നും തന്റെ ജീവിതത്തിലിനിവേണ്ട .ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ മുഖം ജീവിക്കാന്‍ പ്രതീക്ഷ നൽകി. പിറ്റേദിവസം സണ്ണിയുടെ സഹായത്താല്‍ നാട്ടിലേക്കു എമർജൻസി ടിക്കറ്റ് ബുക്ക് ചെയ്തു . കുര്യൻ ജോലിക്കഴിഞ്ഞുവരുന്നതിനു മുൻപേ ഞാൻ നാട്ടിലെത്തി .

വിവാഹമോചനം ആദ്യം കുര്യൻ സമ്മതിച്ചില്ല. അത് ഭാര്യയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല.പരമാവധി എന്നെ കഷ്ടപ്പെടുത്തുക അതായിരുന്നു കുര്യന്റെ ലക്ഷ്യം.  എന്റെ കയ്യിൽ കുര്യന് എതിരായ ഒരു തെളിവുമില്ല എന്നുമാത്രമല്ല സണ്ണിയുടെ പേരുംപറഞ്ഞ്‌ ഞാൻ വഴിപിഴച്ചവളാണെന്നു കുര്യൻ  വരുത്തിത്തീർത്തു. രണ്ടുവർഷത്തോളം കേസും കോടതിയുമായി കുര്യൻ മടുത്തു.ഇനിയും കേസുമായി  മുന്നോട്ടുപോയാൽ  ജോലിയെ ബാധിക്കും എന്നുമനസ്സിലാക്കിയ കുര്യൻ വിവാഹമോചനത്തിന് സമ്മതിച്ചു. പിന്നീടങ്ങോട്ടുള്ള എന്റെ   ജീവിതം കഷ്ടപ്പാടിന്റേയും  ദുരിതത്തിന്റേയും മാത്രമായിരുന്നു . 

പ്രായാധിക്യത്താൽ ബുദ്ധിമുട്ടുന്ന അപ്പന് ഞാനും മകളും ബാധ്യതയായിത്തുടങ്ങി .അടുത്തുള്ള പാരലൽ കോളേജില്‍ പഠിപ്പിച്ചു കിട്ടുന്ന ശമ്പളം കൊണ്ടുമാത്രം മുന്നോട്ടുപോകാൻ സാധിക്കാതെയായി .
അപ്പോഴും എന്നെ സൃഷ്ടിച്ച പരമപിതാവിൽ അഭയം പ്രാപിച്ചുകൊണ്ടു മുന്നോട്ടു നീങ്ങി. "വായ കീറിയ ദൈവം ഇരയും തരും" എന്ന വിശ്വാസത്തില്‍ മുറുകെപ്പിടിച്ചു.

ഒരുദിവസം പാരലൽ കോളേജില്‍ മെയിൽ നോക്കുമ്പോളാണ് കൂടെ പഠിച്ചവളും ഉറ്റ ചങ്ങാതിയുമായിരുന്ന കാനഡയിലുള്ള മീനുവിന്റെ മെസ്സേജ് വായിക്കുന്നത് . കാനഡയിൽ ഗണിതശാസ്ത്രം പഠിപ്പിക്കാന്‍ അദ്ധ്യാപകരെ ആവശ്യമുണ്ട് എന്നായിരുന്നു സന്ദേശം . അവർ ആവശ്യപ്പെട്ട എല്ലാ യോഗ്യതകളും  ഉള്ളതിനാല്‍ തന്നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നൽകികൊണ്ട്   മറുപടി അയച്ചു .

പിന്നീട് ഓരോ ദിവസവും പ്രതീക്ഷയുടെ പൊൻപുലരികളായിരുന്നു . ഒരു മാസത്തിനകം കാനഡയിൽ പുതുതായി പണികഴിഞ്ഞ   വിദ്യാലയത്തിൽ ഗണിതശാസ്ത്ര അദ്ധ്യാപികയായി ഉദ്യോഗം കിട്ടി.പുതിയതായി വന്ന തന്നെ  , ആ വിദ്യാലയത്തിലെ ഓരോ കാര്യവും മനസിലാക്കിത്തരാൻ രാഹുൽ സാറിനെ നിയമപ്പെടുത്തിയത് അവിടത്തെ ഭരണ സമിതി ആണ്.  മാന്യവും ആകർഷണവുമായ പെരുമാറ്റം. രാഹുൽ സാറിന്റെ ഇടപെടല്‍ക്കൊണ്ട്‌  ഒരുവർഷത്തിനകം മകളും കാനഡയിൽ എത്തി. ഒഴിവുസമയങ്ങളിൽ ട്യൂഷൻ എടുത്തും , പാർട്ട് -ടൈം ജോലികൾ ചെയ്തും പൊരുതിക്കൊണ്ട് ജീവിതത്തിൽ മുന്നേറി.

 "കുര്യനും സ്റ്റെഫിയും തമ്മിൽ വിവാഹിതരായി" സണ്ണി എനിക്കായി അയച്ച സന്ദേശം . "എന്നെ ബാധിക്കാത്ത വിഷയത്തിൽ ഞാൻ തലയിടില്ല" തിരിച്ച് മറുപടിയും  അയച്ചു. മകളിൽ നിന്ന് ഒന്നും മറച്ചുവച്ചില്ല. അപ്പന്റെയും അമ്മയുടെയും ജീവിതം നന്നായി മനസിലാക്കിയതുകൊണ്ടാകാം അവൾ ഏറ്റെടുക്കുന്ന ഏതു കാര്യവും നൂറുശതമാനം വിജയത്തിൽ എത്തിക്കാന്‍ അവൾക്കു സാധിച്ചു .
ഇന്ന് എന്റെ മകൾ കാനഡയിലെ അറിയപ്പെടുന്ന കമ്പനിയുടെ C E O ആണ് .എന്റെ മരുമകൻ ,അല്ല മകൻ എന്ന് പറയാനാണെനിക്കിഷ്ടം കാനഡയിലെ  അറിയപ്പെടുന്ന ഒരു ഡോക്ടർ ആണ് .

കാനഡയിലെ ഇരുപത്തഞ്ചു വർഷത്തെ ജീവിതത്തിനിടയിൽ പരിശുദ്ധ പ്രണയവുമായി എന്നെ സമീപിച്ചത് രാഹുൽ സർ ആണ് .അത് മകൾക്കും അറിയാം .ആ പ്രണയത്തിന് പച്ചക്കൊടി വീശാൻ മകളും  മരുമകനും  ഒരുപാടു നിർബന്ധിച്ചു . "മമ്മാ ബി പ്രാക്ടിക്കൽ" അതാണ് അവരുടെ വാദം. കെട്ടിയവൻതന്നെ താലി വലിച്ചുപ്പൊട്ടിച്ച്‌ മറ്റൊരുവളുടെ മാറിലമർന്നപ്പോഴും , എന്റെ ഹൃദയത്തിൽനിന്നു അടർന്നു വീണ കണ്ണുനീർത്തുള്ളികളെ ധൈര്യത്തോടെ തുടച്ചുമാറ്റി അദ്ദേഹത്തെ ശപിക്കാതിരുന്നത് അദ്ദേഹം എന്റെ മകളുടെ അപ്പനായതുകൊണ്ടുമാത്രമല്ല അതിനേക്കാളുപരിയായി ഞാൻ എന്നെ ബഹുമാനിക്കുന്നതുകൊണ്ടുകൂടിയാണെന്നു പലവുരു  മനസ്സിൽ ഉരുവിട്ടു .

ഇനിയുള്ള ജീവിതം പിറന്ന നാട്ടിൽ !!

നാട്ടിലെത്തി ഒരു വർഷത്തിനകം മനസ്സിലുണ്ടായിരുന്ന  സ്വപ്നഭവനത്തിന്റെ പണിതീർത്തു  . തിരുവനന്തപുരത്ത് ഇരുനൂറ് 
മുറികളുള്ള ഒരു വീട്. പ്രതീക്ഷ അതായിരുന്നു ആ ഭവനത്തിന്റെ പേര്. ജീവിതത്തിൽ ആരുമില്ലാതെ പ്രതീക്ഷനശിച്ചവർക്ക് ജാതി വർണ ലിംഗ വിവേചനമില്ലാതെ  സ്നേഹം നൽകുന്ന പ്രത്യാശയുടെ ഒരു കിരണം.ആർക്കും വേണ്ടാതെ തള്ളപ്പെടുന്നവരുടെ  മാനസികവും ശാരീരികവുമായ മുറിവുകൾ വെച്ചുകെട്ടി ജീവിതത്തിലേക്ക് കൈ പിടിച്ചുകയറ്റാൻ  സ്നേഹമുള്ള കുറെ  ജീവനക്കാരും.
ആ വീട്ടിലെ നൂറ്റിത്തൊണ്ണൂറ്റൊമ്പതാം മുറി എനിക്കായി കരുതിവച്ചു . ഇരുന്നൂറാം മുറി ഒഴിച്ചിടണമെന്നു നിർദേശം  നൽകി.ആർക്കുവേണ്ടി എന്തിനുവേണ്ടി എന്ന് അറിയില്ലായിരുന്നു.എന്നെങ്കിലും തനിക്കു പ്രിയപ്പെട്ട ആരോ ഒരാൾ അതിലേക്കു വരുമെന്ന് മനസ്സു മന്ത്രിച്ചു.

ഒരുവർഷത്തിനുശേഷം ഒരു പ്രഭാതത്തിൽ എന്നെ  കാണാനെത്തിയ അതിഥി ആരെന്നറിയാൻ സ്വീകരണമുറിയിലേക്കു കണ്ണോടിച്ച ഞാൻ ശരിക്കും  ഞെട്ടിപ്പോയി  രാഹുൽ സർ!!

"എന്താ മാഷെ ഒരു മുന്നറിയിപ്പുമില്ലാതെ ?"

"അറിയിച്ചാൽ ട്രീസ വരണ്ടാന്നു പറയും.താനില്ലാത്ത കാനഡയിൽ എപ്പോഴും  ഒരുതരം ശൂന്യതയാടോ."

എന്താ മാഷെ കൊച്ചുകുട്ടികളെപ്പോലെ? പ്രണയത്താൽ ജ്വലിക്കുന്ന രാഹുൽ സാറിന്റെ ഹൃദയം വായിച്ചെടുക്കാവുന്നതായിരുന്നു  .

"ട്രീസ ഞാൻ ഇരുപത് വർഷം മുമ്പ് ചോദിച്ച ആ ചോദ്യം വീണ്ടും ചോദിക്കട്ടേ ? 
പോരുന്നോ എന്റെ കൂടെ? 
ഒരു പ്രണയിനി ആയിട്ടല്ല. സ്നേഹിക്കാന്‍ !! 
എനിക്ക് മതിയാവോളം സ്നേഹിക്കാന്‍!! എന്റേതുമാത്രമെന്നു അഭിമാനത്തോടെ പറയാൻ!! ഒരു താലി ഞാനാ കഴുത്തിലണിയിച്ചോട്ടെ ?"

രാഹുൽ സാറിന്റെ കണ്ണിലെ കത്തുന്ന പ്രണയത്തിന്   പഴയതിനേക്കാള്‍ തീവ്രത കൂടിയിട്ടേയുള്ളൂ .

 "മാഷെ എന്നെ സ്നേഹിക്കാൻ ഒരു താലിയുടെ ബന്ധനം വേണോ? 
ഒരു നല്ല സുഹൃത്തായി സ്‌നേഹിച്ചൂടെ" 
മൗനം ആയിരുന്നു മറുപടി .

"മാഷ് എന്ന തിരിച്ചുപോണെ?"

"ട്രീസ ഞാൻ ഇനി പോകുന്നില്ല. ഞാനും തന്റെ കൂടെ കൂടിക്കോട്ടെ? താൻ എതിർത്തൊന്നും പറയരുത് . ഇനിയുള്ള ജീവിതത്തിൽ തന്നെപ്പോലെ മറ്റുള്ളവരെ സഹായിച്ചുക്കൊണ്ട് അങ്ങനെ --- നമ്മൾ അവശേഷിക്കുമ്പോൾ നമ്മളെ ഓർത്തുവെക്കാൻ എന്തേലും …. നമ്മുടേതായ ഒരു കയ്യൊപ്പോടെ !!"

"ഇട്ടുമൂടാൻ സ്വത്തും ബംഗ്ലാവും ഉള്ള മാഷ്, ഇവിടെ!! ഏയ് അതൊന്നും ശരിയാവില്ല ."

"പക്ഷെ ആ ബംഗ്ലാവിൽ നീയില്ലല്ലോ ട്രീസ."

ഒരു കുസൃതി ചിരിയോടെ രാഹുൽ സർ പറഞ്ഞു 

"വെറുതെ വേണ്ടടോ . ഞാൻ ഇവിടെ വരുന്നവരുടെ അഡ്മിഷൻ എടുത്തോളാം.ചെയ്യുന്ന ജോലിയുടെ ശമ്പളം തന്നാൽ മതി . ട്രീസ സീരിയസായി ഞാനൊന്നു ചോദിച്ചോട്ടെ ആ ഇരുന്നൂറാം നമ്പർ മുറി എനിക്കുതരുമോ ? ജീവിതത്തിൽ തനിച്ചാകുമ്പോൾ ഒരു വിളിക്കപ്പുറം താനുണ്ടാകുമല്ലോ ?"

തന്റെ ഉയർച്ചയിലെ  ഓരോ ഘട്ടത്തിലും മാർഗ്ഗനിർദേശകനായ രാഹുൽ സാറിനെ തള്ളിക്കളയാനായില്ല .

ഒരുദിവസം റിസെപ്ഷനിസ്റ്റ്  മിനിയുടെ മെസ്സേജ്: "മാഡം ഒരു അഡ്മിഷൻ ഉണ്ട് .ക്ലൈന്റ്  ഹിസ്റ്റ്റി രാഹുൽ സർ എടുത്തു .പക്ഷെ മാഡം വന്നു കണ്ടതിനു ശേഷം അഡ്മിഷൻ എടുത്താൽ മതിയെന്ന് പറഞ്ഞു.മാഡം വരോ ?"

അപ്പൊത്തന്നെ മിനിയെ വിളിച്ചു - "നമുക്കിവിടെ റൂം ഒന്നും ഒഴിവില്ലല്ലോ.അവരെ തിരിച്ചു വിട്ടേക്ക് ."

മാഡം ഇവർ കുറച്ചു നാളത്തേക്കുമാത്രമേ കാണൂ. അതുകൊണ്ട് രാഹുൽ സർ പറഞ്ഞു ഇരുന്നൂറാം നമ്പർ മുറി കൊടുത്തോളാൻ .അവരുടെ മകനും ഭാര്യയും വിദേശത്താണ് .അവർക്കു പെട്ടെന്ന് ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോകണം. ക്ലൈന്റ് ഒരു  ഹാർട്ട് പേഷ്യന്റ് ആണ്‌ പിന്നെ ഒരു കാലിന്  സ്വാധീനക്കുറവുണ്ടെന്നും   പ്രത്യേകം പറയണമെന്ന്‌ രാഹുൽ സർ പറഞ്ഞു.

ഇരുന്നൂറാം നമ്പർ റൂം ! ഏയ് അതുശരിയാകില്ല. ആ റൂം രാഹുൽ സാറിന്റേതാണ് . സർ എവിടെ?

അപ്പോഴേക്കും മിനിയുടെ കയ്യിൽനിന്നു ഫോൺ വാങ്ങി പതിഞ്ഞസ്വരത്തിൽ  രാഹുൽ സർ പറഞ്ഞു ട്രീസ താൻ ഇവിടെവരെ വന്നിട്ടുപോകോ?
 
സ്വീകരണമുറിയിലെത്തിയ ട്രീസയെ ആകാംക്ഷയോടെ നോക്കിക്കൊണ്ട് , വന്നിരിക്കുന്ന ചെറുപ്പക്കാരൻ പറഞ്ഞു. മാഡം കയ്യൊഴിയരുത്. അത്യാവശ്യമായി ഇപ്പോൾതന്നെ ജോലിയില്‍ പ്രവേശിക്കേണ്ടതായിവന്നു.മാത്രവുമല്ല ഇവിടത്തെ പരിചരണം നല്ലതാണെന്നാണ് കേട്ടത് .മാസാമാസം ആവശ്യമായ തുക ഞങ്ങള്‍ അയച്ചുതരാം."

നീണ്ടു പോയ അയാളുടെ സംസാരത്തിൽനിന്നുതന്നെ അച്ഛനെ ഉപേക്ഷിച്ചുപോകാനാണെന്നു വളരെ വ്യക്തമായി.
എന്തുചെയ്യണമെന്നറിയാതെ രാഹുൽ സാറിനെ സംശയത്തോടെ ട്രീസ നോക്കിയതും, അതുവരെ ചുമരിനഭിമുഖമായി വീൽച്ചെയറിലിരിക്കുന്ന  ആൾ തിരിഞ്ഞുനോക്കിയതും  ഒരുമിച്ചായിരുന്നു.

കുര്യൻ !!!!    

രണ്ടുപേരുടെയും കണ്ണുകൾ ഉടക്കി. ശ്വാസം നിലച്ചപോലെ .ആകെ ഒരു ശൂന്യത. ഒരുസഹായത്തിനെന്നവണ്ണം രാഹുൽ സാറിനെ  വിളിച്ചു : മാഷെ!!
ആ വിളിയിൽ ഞാനെന്തുചെയ്യണം എന്ന ചോദ്യമായിരുന്നില്ല എനിക്കു മാത്രമേ  എന്തെങ്കിലും ചെയ്യാൻ കഴിയൂ അതിനായി തന്നെ  അനുവദിച്ച  രാഹുൽ സാറിനോടുള്ള നന്ദിയുടെ   ധ്വനികളായിരുന്നു.

ഇരുന്നൂറാം നമ്പർ മുറിയിലേക്ക് കുര്യനെ സ്വീകരിക്കുമ്പോൾ രാഹുൽ സർ പറഞ്ഞു "ഒരുതരത്തിൽ പറഞ്ഞാൽ താൻ ഭാഗ്യവാനാടോ കുര്യാ ! അതുകൊണ്ടല്ലേ താൻ സ്നേഹിച്ചവര്‍ മടുത്തപ്പോൾ തന്നെ സ്നേഹിക്കുന്ന കൈകളിലോട്ട്  ദൈവം തന്നെ എത്തിച്ചത് .ട്രീസ എന്ന നന്മമരത്തിന്റെ ഹൃദയത്തിന്റെ താക്കോലിനായി ഞാൻ ഒരുപാടു അലഞ്ഞു.പിന്നെ മനസ്സിലായി അവിടെ പ്രതിഷ്ഠ നേടാനുള്ള ഭാഗ്യം എനിക്കില്ലെന്ന്. ആ ഹൃദയത്തിൽ താൻ പറിച്ചു കളഞ്ഞ താലി ഇപ്പോഴും മങ്ങലേൽക്കാതെ അതുപോലെ തന്നെ പ്രശോഭിച്ചുക്കൊണ്ടിരിക്കുകയാണ് .ഈ മുറി ഇനി തനിക്കുള്ളതാണ്."

ജീവിതത്തിലാദ്യമായി കുര്യന്റെ കൺപോളകൾ നിറഞ്ഞൊഴുകി.

ആ സമയം മനസ്സ് ഒരു സ്വപ്നലോകത്തായിരുന്നു. തന്റെ അമ്മയുടെ മടിയിലിരുന്ന്‌ കാതോർക്കുന്ന കുട്ടിട്രീസ  "മോളെ ട്രീസക്കുട്ടി ശത്രുവിനാണെങ്കിൽപോലും  ദാഹിക്കുമ്പോൾ വെള്ളവും വിശക്കുമ്പോള്‍ ഭക്ഷണവും കൊടുക്കണം.അപ്പോൾ നീയവന്റെ തലയിൽ തീക്കനൽ കൂട്ടുന്നു.തിന്മയെ തിന്മ കൊണ്ടല്ല നന്മകൊണ്ട് നേരിടണം."
     ✍🏽Jency Shibu

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot