നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നമുക്കും വേണ്ടേ സന്തോഷവും സമാധാനവും I R Muraleedharan Pillai


 സ്വർണ്ണ പാദസരം മിന്നിച്ച് അലിഷാമോൾ വലതുകാൽ വച്ചു കയറുമ്പോൾ നോക്കിനിന്നവർ സ്വയം മന്ത്രിച്ചിട്ടുണ്ടാവും, ഇവൾ മഹാലക്ഷ്മിയോ?! വെണ്മയുള്ള അവളുടെ കാൽപ്പാദങ്ങൾ താമരദളംപോലെ ശോഭിക്കയായിരുന്നില്ലേ. അത്രക്കും മാർദ്ദവമല്ലേ അവളുടെ കാൽപ്പാദങ്ങൾക്ക്? പക്ഷേ, അവൾ വീടിന്റെ കവാടം കടന്ന് അകത്തേക്ക് കയറുമ്പോൾ, ഇഷാന്റെ അമ്മക്ക്, ഒരു നേരിയ ആകാംക്ഷ ഇടനെഞ്ചിൽ സ്പന്ദിച്ചു. മരുമകളായി വന്നവളുടെ അളന്നു കുറിച്ചുള്ള ആ നടത്തം! എന്തോ മനസ്സിൽ കണക്കു കൂട്ടിയുള്ള വരവുപോലെ.
അലീഷമോടെ ചുറ്റും നിന്ന ഉറ്റവർ ആരുംതന്നെ ഇഷാന്റെ അമ്മയുടെ ആകാംക്ഷയിൽ പങ്കുചേരുന്നില്ല...അവർ അലിഷാമോളുടെ അഴക് ആസ്വദിക്കയാണ്. എല്ലാവരും ഒന്നേ ചിന്തിച്ചിട്ടുണ്ടാവുള്ളൂ… ഇത്രയും പകിട്ടുള്ള ഒരു സുന്ദരി ഈ നാട്ടിൽ വേറേ വന്നിട്ടില്ല. സത്യത്തിൽ ഇവൾ ആര്?! മാലാഖയോ അതോ സാക്ഷാൽ ദേവിയോ?
ആദ്യരാത്രി കഴിഞ്ഞ് അലീഷമോളും, ഇഷാനും, സംതൃപ്തിയും സന്തോഷവും തുളുമ്പുന്ന മുഖങ്ങളുമായി അമ്മയുടെ അടുത്തേക്ക് വന്നപ്പോൾ രാത്രിമൊത്തം ആ അമ്മയെ അലട്ടിയ ആകാംക്ഷ പെട്ടന്ന് അവരെ വിട്ടുപോയി.
'മോളു കുളിച്ചിട്ടുവാ, കാപ്പികുടിക്കാൻ സമയമായിവരുന്നു....'
'ഹാ അമ്മ...' അവൾ പുഞ്ചിരിച്ചു അവിടെനിന്നും പോയി.
‘ഇഷ്ടമായോടാ അവളെ?' 'അമ്മ ഇഷാന്റെ കവിളിൽ പിച്ചി...
'ഞാൻ ശരിക്കും സന്തുഷ്ടനാണമ്മാ...അവളുടെ ലാവണ്യംപോലെതന്നെയാ സ്വഭാവവും...മുത്ത്. എന്റെ മുത്ത്!
'ഒന്നു പോടാ...എനിക്ക് അടുക്കളയിൽ പണിയുണ്ട്...'
കുളി കഴിഞ്ഞ് അടുക്കളയിൽ കയറിവന്ന അലീഷമോൾ സിങ്കിലും വക്കിലുമായി കിടന്ന എച്ചിൽ പാത്രങ്ങൾ കഴുകുകയായിരുന്നു.
'ചായ ഉണ്ടാക്കിക്കൊണ്ടിരുന്നു അമ്മ പറഞ്ഞു. 'മോളു കഴുകണ്ട. മോളു കുളിച്ചിട്ടു വന്നതല്ലേ? മോളുടെ ആദ്യ ദിവസമല്ലേ ഇന്ന്ഇവിടെ?. മോളുപോയി വിശ്രമിച്ചുകൊള്ളൂ...'
'പാത്രം കഴുകുന്നത് ഒരു വലിയ ജോലിയാണോ അമ്മേ? പെണ്ണിന് പറഞ്ഞിട്ടുള്ളതല്ലേ ഇതൊക്കെ?'
'എന്നാ മോടെ ഇഷ്ടംപോലെ ആയിക്കോ?'
അവൾ പാത്രങ്ങളെല്ലാം കഴുകി ഗ്രാനൈറ്റ് സ്ലാബിൽ കമഴ്ത്തി വച്ചു.
'ഇവിടെ ഡ്രെയിനർ ഇല്ലേമ്മേ?’
‘എന്താ മോളെ അത്?
'സ്റ്റീലുകൊണ്ട് ഒരു ബാസ്കറ്റ് ആണമ്മേ അത്. പാത്രങ്ങൾ കഴുകി കമത്തി വയ്ക്കാൻ…’
‘എന്നാ നമുക്ക് ഒരെണ്ണം വാങ്ങാം മോളെ.’
'അമ്മ ചായ ഉണ്ടാക്കി ഡൈനിങ്ങ് ടേബിളിനടുത്തേക്കു പോയി. ഒരു വലിയ പ്ലേറ്റിൽ കമഴ്ത്തി വച്ചിരുന്ന കപ്പുകളുമായി അവൾ പുറകെ നടന്നു.
കപ്പുകളെല്ലാം നിരത്തിവച്ച് അമ്മ ചായ ഒഴിച്ചു.
അലിഷാമോൾ ഒരുകപ്പ് ചായ സാസറിൽവച്ച് ചോദിച്ചു...'അച്ഛനെവിടെയാ ഇരിക്കുന്നെ, അമ്മേ...'
'അമ്മ പുഞ്ചിരിച്ചു പറഞ്ഞു പോർട്ടിക്കോയിൽ കാണും... മനസ്സിൽ 'എന്റെ മോളു തലമറന്ന് എണ്ണ തേക്കുന്ന കൂട്ടത്തിലല്ല...’
പത്രം നോക്കിയിരുന്ന ഇഷാന്റെ അച്ഛൻ പാദസരം കിലുങ്ങുന്നിടത്തേക്കു നോക്കി.
'അച്ഛാ ഇതാ ചായ...'
'മോളിങ്ങു തന്നേ...' അച്ഛൻ ചിരിച്ചുംകൊണ്ടു ചായ വാങ്ങി.
അവൾ തിരിയെ ചെന്നപ്പോൾ എല്ലാവരും ചായ കുടിച്ചുകൊണ്ടിരിക്കുന്നു... ഇഷാന്റെ അനുജൻ വിഹാൻ, അനുജത്തി സുബി, മൂത്ത ചേച്ചി നിഷ, അമ്മ, പിന്നെ നിഷാൻ... അവളുടെ ചായ അവിടെത്തന്നെ അടച്ചു വച്ചിട്ടുണ്ട്.
'മോളു ചായ എടുത്തു കുടിക്ക്...'
'ഹാ... അമ്മാ...'
പെട്ടന്നായിരുന്നു ഒരു പൊട്ടിച്ചിരി ഉയർന്നത്. പതിനാറു വയസ്സുകാരി സുബിയാണ് തുടക്കം ഇട്ടത്. ന്യുക്ലീർ ചെയിൻ റീയാക്ഷൻപോലെ എല്ലാവരും കൂട്ട ചിരിയിൽ! എന്തിനാണ് ചിരിക്കുന്നതെന്ന് ആർക്കും അറിഞ്ഞൂടാ... അതങ്ങനെയാണല്ലോ? സുബിയുടെ മൂക്കിൽ ചായകേറി. അവൾ തുമ്മിചീറ്റി ചായയും കുടഞ്ഞൊഴിച്ച് എണീറ്റോടി.
‘അലീഷമോള് വന്നുകയറിയെപ്പിന്നെ വീടിനൊരനക്കം ഉണ്ട്.' എല്ലാവരും അവരുടേതായ ചിന്തകളിൽ രേഖപ്പെടുത്തുന്നുണ്ട്.
കാര്യം സത്യമാണ്. അലീഷമോൾ നടക്കുന്നിടത്തെല്ലാം പ്രകാശമാണ്.
ഉച്ചയൂണ് ശരിയാക്കാൻ അമ്മ അടുക്കളയിൽ പ്രവേശിച്ചപ്പോൾ അലീഷമോൾ അടുക്കിപ്പറക്കു ജോലിയിലാണ്. അവൾ ഗ്ലാസ്സ് അലമാരയും തടിയലമാരയും തൂത്തു തുടച്ച് അതിൽ എല്ലാ ടിന്നുകളിലും പേരെഴുതി ഒട്ടിച്ചിരിക്കുന്നു. ഉഴുന്ന്, ചെറുപയർ, ജീരകം, കടുക് തുടങ്ങി പഞ്ചസാര, തേയില വരെ... പുഴുക്കലരി, പച്ചരി, ബിരിയാണിയരി എല്ലാം തന്നെ, തുടച്ചു വൃത്തിയാക്കിയ കണ്ടൈനറുകളിൽ, വളരെ ഹാൻഡിയായി വേറേ വച്ചിരിക്കുന്നു.
'ഇപ്പൊ എനിക്ക് അടുക്കളയിൽ പകുതിയിൽ താഴേ ജോലിയുളളൂ. എന്റെ സമയം പോയതെല്ലാം ഓരോന്നും തിരക്കിയായിരുന്നു...' ആഹാരം പാചകം ചെയ്ത ശേഷം അമ്മ പറഞ്ഞു.
'നാളെ മുതൽ ഞാനും അമ്മയെ അടുക്കളയിൽ സഹായിക്കും...' അവൾ പറഞ്ഞു.
ദിനങ്ങൾ കടന്നുപോകും തോറും വീട്ടിലെ എല്ലാ സാധനങ്ങളും അതിന്റേതായ സ്ഥലങ്ങളിൽ സ്ഥാനംപിടിച്ചു തുടങ്ങി. ഡൈനിങ്ങ് ടേബിൾ ടോപ്പ് ഗ്ലാസ്സ് മിന്നി. സെന്ററിൽ ഒരു വേസ് നിറയെ പൂക്കൾ. കസേരകളെല്ലാം നീറ്റായി അതാതു സ്ഥലങ്ങളിൽ... അച്ഛൻ വായിച്ച് ഇട്ടിരിക്കുന്ന ദിനപ്പത്രങ്ങൾ അടുക്കി തീയതി അനുസരിച്ചു വച്ചിരിക്കുന്നു. അതാതു ദിവസത്തെ പേപ്പർ കൊച്ചു സ്റ്റാൻഡിൽ ഇടത്തെ അറ്റത്തു വച്ചിരിക്കും. പേന, കുട, കണ്ണടകൾ എല്ലാംതന്നെ അതിന്റേതായ സ്ഥലങ്ങളിൽ അവൾ സൂക്ഷിച്ചു വച്ചു. വെളിയിൽ ഷൂകളും, ചെരുപ്പുകളും പ്രത്യേകം സ്റ്റാൻഡിൽ അടുക്കി വച്ചു. അങ്ങനെ പലതും.
വെളിയിൽ ഒരു കൊച്ചു ഗാർഡൻ, അടുക്കള തോട്ടം അവൾ വികസിപ്പിച്ചു.
ഒരു ദിവസം ഒരിക്കലും ഇല്ലാത്തപോലെ ഇഷാന്റെ അച്ഛനും അമ്മയും, അതെ, രാമചന്ദ്രൻ സാറും, ഭാഗ്യലക്ഷ്മിയും, രാവിലെ മുട്ടിയുരുമ്മി നടക്കാൻ ഇറങ്ങിയപ്പോൾ, അയൽവീട്ടിലെ സുഭദ്ര, ഭർത്താവു ലക്ഷ്മണനെ തോണ്ടി പറഞ്ഞു...'അല്ലേ കണ്ടില്ലേ രാമചന്ദ്രൻസാറും, ഭാഗ്യലക്ഷ്മിചേച്ചിയും ഒരു ജോടിപോലെ നടന്നുപോന്നത്?
രാമചന്ദ്രൻസാർ ഇടക്കിടക്ക് കുട കയ്യിൽവച്ചു കറക്കുന്നുണ്ട്. പിന്നെ ഭാഗ്യലക്ഷ്മിയെ നോക്കി മോണകാട്ടി ചിരിച്ചുകൊണ്ടെന്തോ പറയുന്നു. ആ നടത്തക്കും ഉണ്ട് കൊച്ചുപിള്ളേരുടെ കുതിപ്പ്.
'എവിടാടീ, എവിടാടീ, നോക്കട്ട്' ലക്ഷ്മണൻ സുഭദ്രയുടെ തോളിൽ കൈ അമർത്തി മതിലിനു വെളിയിലേക്കു നോക്കി...'ശരിയാണല്ലോ? കീരിയും പാമ്പുംപോലെ എന്നും കലഹിച്ചു നടന്ന അവരല്ലേ ആ പോന്നത്! എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലടീ...'
‘ചേട്ടാ ആ അലിഷാമോൾ അവിടെ വന്നു കയറിയ ശേഷം ആ വീടിന് പുരോഗതിയെ ഉണ്ടായിട്ടുള്ളൂ. ആ കൊച്ചിനെ കാണാൻ എന്തഴകാ...ഇപ്പൊ ആ വീട്ടിലുള്ളവർക്കും നല്ലതുവന്നു തുടങ്ങി. അവിടൊണ്ടല്ലോ ഒരു തെറിച്ച കൊച്ച്? സുബി! ചേട്ടൻ കണ്ടോണേ ഒരുനല്ല ജോലിക്കാരൻ അവളെ ഉടനെയൊക്കെ കെട്ടിക്കൊണ്ടു പോകും. എല്ലാം ആ അലിഷാകൊച്ചിന്റെ ജാലവിദ്യയാണ്...’
'എന്നാലും ഒരു പെണ്ണുവിചാരിച്ചാൽ വീടാകെ മാറുമോ? എനിക്കങ്ങോട്ടു പിടികിട്ടുന്നില്ലേ...'
'ചേട്ടാ ഭാഗ്യലക്ഷ്മിചേച്ചി ഒരു പാവമാണ്...ഞാൻ സംസാരിച്ചു മനസ്സിലാക്കിക്കോളാം...'
ഒരു ദിവസം ഒറ്റക്ക് അമ്പലത്തിൽപോയിച്ചുവരുന്ന ഭാഗ്യലക്ഷ്മിയെ സുഭദ്ര കണ്ടു.
'ചേച്ചി ഒറ്റക്ക് അമ്പലത്തിൽപോയിച്ചു വരുവാ?'
'രാവിലെ പോണമെന്നു തോന്നി. ആരേം വിളിച്ചില്ല. കുളിച്ചൊരുങ്ങി അങ്ങ് പോയി...'
'അല്ല ചേച്ചീ, ഇപ്പൊ വീട്ടിൽ വലിയ ശാന്തതയാണല്ലോ? പണ്ടൊക്കെയാണെങ്കിൽ ...?'
'മനസ്സിലായി ഞങ്ങളിപ്പോ വഴക്കടിക്കുന്നില്ല, അല്ലേ? ഹാ, ഇപ്പൊ വഴക്കെന്തിന്? ചേട്ടന് കുട വേണേ നോക്കുന്നിടത്തുണ്ടാകും. അതുപോലെ തന്നെ പേനയും, കണ്ണടയും, പത്രവും. പണ്ടു വഴക്ക് ഇതൊക്കെ തപ്പിനടന്നായിരുന്നു. പിന്നെ, വഴക്ക് വേണ്ടാത്ത തലങ്ങളിലേക്ക് പറന്നെത്തുകയായിരുന്നു. അലീഷമോള് വന്നേപ്പിന്നെ എല്ലാറ്റിനും ഒരു സ്ഥാനം ഉണ്ട്. അതൊക്കെ അവിടെ കാണുകയും ചെയ്യും. അടുക്കും ചിട്ടയും അവൾ ഞങ്ങളെ പഠിപ്പിച്ചു. അടുക്കും ചിട്ടയും ഉള്ളടത്ത് നല്ല ശീലങ്ങൾ പിറക്കും. സന്തോഷവും സമാധാനവും വന്നുചേരും. അതാണിപ്പോ അവിടെ ഉണ്ടായിരിക്കുന്നത്. ഇനി പിന്നീടൊരവസരത്തിൽ സംസാരിക്കാം സുഭദ്രാ... ഞാനങ്ങോട്ടു ചെല്ലട്ട്...’
സുഭദ്ര തിരിയെ വീട്ടിലേക്കു കാലെടുത്തു വച്ചതും ജനാലക്കു വെളിയിലേക്ക് കണ്ണുംനട്ടുനിൽക്കുന്ന ഭർത്താവിനെയാണ് കണ്ടത്.
'ഹൊ, ഇവിടെ ജന്നലിൽ ഒട്ടിനിന്നേതോ?'
'ആടീ സുഭദ്രേ...ഞാൻ എല്ലാം കേട്ടു. അവരുടെ സന്തോഷത്തിന്റെ ചെപ്പടിവിദ്യ എനിക്കു മനസ്സിലായെടീ...'
'ആയല്ലോ...എന്നാപോയി അവിടെങ്ങാണം ഇരിക്ക്...'
ഇരുന്നുമടുത്ത ലക്ഷ്മണൻ നേരെ അടുക്കളയിലേക്കു നടന്നു.
അടുക്കള മാറിക്കഴിഞ്ഞു. എല്ലാം അടുക്കിപ്പെറുക്കി നിരനിരയായി വച്ചിരിക്കുന്നു. അവരുടെ കൊച്ചു ഡൈനിങ്ങ് ടേബിളും കുഷ്യൻ ഇല്ലാത്ത കസേരകളും നിശ്ചിത അകലംപാലിച്ചു നിൽക്കുന്നു.
'നീയും അടുക്കിപ്പറക്ക് തുടങ്ങിയോടീ...'
'നമുക്കും വേണ്ടേ സന്തോഷവും സമാധാനവും....'
'അതെ...അതെ...നമുക്കും വേണം....'

written by
R Muraleedharan Pillai

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot