നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സിന്ദൂരരേഖ I Manojkumar Kappad

 

ഞാനവളുടെ തിരുനെറ്റിയിലെ സിന്ദൂര രേഖയിലേക്കു നോക്കി . ആ രേഖ ഞങ്ങൾക്കിടയിലുളള അതിർ വരമ്പാണിന്ന് . അവളും ഞാനും തമ്മിലുള്ള അകലം എത്രെയെന്നു അതെന്നോട് പറയാതെ പറഞ്ഞു കൊണ്ടിരിക്കുന്നു .
എന്റെ നോട്ടം കണ്ടിട്ടാവണം അവൾ പതുക്കെ മുഖം താഴ്ത്തിയത് . അത് മുതലെടുത്ത പോൽ കടൽക്കാറ്റ് അവളുടെ സിന്ദൂര രേഖയെ മുടിയിഴകളാൽ മൂടാൻ ശ്രമം നടത്തുന്നുണ്ട് .
അവളാകട്ടെ ആ ശ്രമങ്ങളെ പരാജയപ്പെടുത്തി സ്നേഹത്തോടെ പിന്നിലേക്കു അവയെ മാടിയൊതുക്കിക്കൊണ്ടിരുന്നു .
അങ്ങ് ദൂരെ ചക്രവാളത്തിൽ പകലും പിണങ്ങി പോവാനുള്ള തെയ്യാറെടുപ്പിലാണ്!! . അവൾ പോയാൽ പിന്നെ ഇരുട്ടല്ലേ ?
ആരാണ് അവൾക്കും ചുവന്ന സൂര്യനാൽ രക്ത സിന്ദൂരം ചാർത്തിയത് ? ആരാണ് അവളുടെ തെളിഞ്ഞ മുഖം കടും ചായങ്ങൾ തേച്ചു മറച്ചുകളഞ്ഞത് ? .
അവളുടെ കൊച്ചു കുഞ്ഞ് മണലിൽ മുട്ടു കുത്തി ഇഴയാൻ വാശിപിടിക്കുന്നു .ഓരോ തവണ അവൾ മടിയിലേക്കു വലിച്ചു കയറ്റുമ്പോഴും അത് കുസൃതിയോടെ മണൽ പരപ്പിലേക്കു ഊർന്നിറങ്ങിക്കൊണ്ടിരുന്നു .
" മോൾ നടക്കാൻ തുടങ്ങിയോ? "
" ഉം ... കുറേശേ നടക്കും .." അവൾ കുഞ്ഞിനെ കടപ്പുറത്തെ മണൽ പരപ്പിൽ വെച്ചു .
കടലിൽ രണ്ടു ദിശകളില്ക്ക് സഞ്ചിരിക്കുന്ന രണ്ടു ബോട്ടുകൾ. അവ തമ്മിലുള്ള ദൂരം വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു .
വര്ഷങ്ങൾക്ക് മുൻപ് ഒരുപാട് സംസാരിച്ചവരാണ് ഞങ്ങൾ . ഒരു പാട് സ്വപനം കണ്ടവർ . അന്ന് ഒരു ചെറിയ വഴക്ക് ഊതി പെരുപ്പിച്ചതിൽ രണ്ടു പേർക്കും ഒരു പോലെ പങ്കുണ്ട് .
പിണക്കത്തിൽ പറഞ്ഞ വാക്കുകൾ ഇണക്കത്തിൽ കോടമഞ്ഞു പോലെ മാഞ്ഞു പോവുകയായിരുന്നു പതിവ് . പക്ഷെ അന്ന് പോയില്ല!!!! .
അത് കൊണ്ട് തന്നെ വാക്കുകളാൽ കാറ്റ് വിതച്ചു വേദനയുടെ കൊടുകാറ്റുകൊയ്തു ഞങ്ങളിരുവരും!! .
"എന്തോ "പറയാൻ മറന്നതായിരുന്നു പിണങ്ങാൻ കാരണം. വ്യകതമായി ഓർമയില്ല .അല്ലെങ്കിലും പ്രണയത്തിന്റെ കൊടുമുടിയിൽ ആണോ പിണക്കത്തിന് പഞ്ഞം .
പതിവുപോലെ പിണക്കങ്ങളുടെ പാതി വഴിയിൽ യഥാർത്ഥ കാരണങ്ങൾ കടന്നു വന്നു .വഴക്കു മുറുകി. വിളിക്കാതെയായി . പിന്നെ പരസ്പരം വിളിക്കായി ദാഹിച്ചു കാത്തിരിപ്പായി... .
കാണാൻ കഠിനമായി കൊതിച്ചു പക്ഷേ കാണാൻ തുനിഞ്ഞില്ല !!!!. മിണ്ടണമെന്ന് മനസു തുടിച്ചു പക്ഷെ മൗനത്തിലൊളിച്ചു.
നാളുകൾക്കു ദൈർഘ്യം കൂടിയപ്പപ്പോൾ മനസിനും ഇഷ്ടത്തിനും എതിരെ സഞ്ചിരിക്കാൻ തുടങ്ങി . അത് കഠിനമായിട്ടു പോലും തുടർന്നു !!!!
ആ യാത്ര നീണ്ടുപോയതിൽ ഇരുവരും കുറ്റവാളികളാണ് .
വേരറ്റാതെ വേർപിരിഞ്ഞവർ ഞങ്ങൾ .വേർ പിരിഞ്ഞപ്പോൾ കൈവിട്ടതിന്റെ വില മനസിലായി. അല്ലെങ്കിലും വിരഹത്തിലാണ് പ്രണയത്തിന്റെ ആഴം തിരിച്ചറിയുക
പിണങ്ങാനുള്ള എളുപ്പമെന്തേ ഇണങ്ങാൻ ഇല്ലാതെ പോവുന്നതാവോ????.
അവൾ പാതി നനഞ്ഞ പൂഴിയിൽ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ കൈയടയാളം പതിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ആ വെളുത്തു നീണ്ട വിരലുകൾ !!!!. അവളുടെ നഖങ്ങൾക്ക് പോലും വല്ലാത്തൊരു മാസ്മരികതയാണ് .
അവളുടെ നനുത്ത ചുണ്ടുകളേക്കാൾ ചുംബിക്കാനാഗ്രഹിച്ചതും ചുംബിച്ചതും ഈ വിരലുകളിൽ തന്നെ . "
ആ ഓർമ്മ തിരികൾ കുറ്റബോധത്തിന്റെ ചെറുകാറ്റിൽ ഉലയുന്നത് ഞാൻ അറിഞ്ഞു.
അവൾ വിരലുകളിലെ മണൽ തരികൾ തട്ടിക്കളഞ്ഞു നെഞ്ചോട് ചേർത്തു . എന്റെ ചിന്തകളെ അവൾ ഇന്നും എത്ര സമർത്ഥമായാണ് വായിക്കുന്നത്!! .
"ഇനി എത്രെ ദിവസം കാണും നാട്ടിൽ ?" ഞാൻ നീണ്ട മൗനത്തിനു തടയിട്ടു.
" നാല് .. നാല് ദിവസത്തിനുള്ളിൽ മടങ്ങും "
അവൾ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു . വസ്ത്രത്തിലെ മണൽ തരികൾ പതുക്കെ കുടഞ്ഞു . എന്നിട്ടും , ഓർമ്മ തരികൾ പറ്റിച്ചേർന്നു കിടപ്പുണ്ട് എത്ര ശ്രമിച്ചിട്ടും വിട്ടുപോവാതെ .
"നേരമായി .. പോയ്ക്കോട്ടേ ......"
ചക്രവാളത്തിൽ ചുവന്ന സൂര്യനും മായനുള്ള തെയ്യാറെടുപ്പിലാണ് .
" ഉം .... നമ്പർ തരൂ... ഞാൻ വിളിക്കാം "
അവൾ കുഞ്ഞിനെ ഒന്ന് ചേർത്ത് നിർത്തി കുറച്ചു നേരം ഒന്നും മിണ്ടാതെ നിന്നു .
" ഇനിയും നിന്നാൽ മോള് കരയും . ഞാൻ പൊയ്ക്കോട്ടേ? " അവൾ അനുവാദത്തിനായി കാത്ത്നിന്നു .
" ബുദ്ധിമുട്ടാണെങ്കിൽ വേണ്ട . മരിച്ചത് നമ്മിലെ പ്രണയം മാത്രമാണ് . സൗഹൃദം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം "
അവൾ കുറച്ചു നേരം എന്റെ കണ്ണുകളിലേക്കു തന്നെ നോക്കി നിന്നു . പിന്നെ പൊടുന്നെ പറഞ്ഞു
" ഒരിക്കൽ പരസപരം പ്രണയിച്ചവർക്ക് നല്ല കൂട്ടുകാരായി നിലനിൽക്കാൻ കഴിമോ ??.
കഴിയില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം . കാരണം കടന്നു വരുന്ന സൗഹൃദ നിമിഷങ്ങളിൽ പലപ്പോഴും ഹൃദയം ഒളിപ്പിച്ചു വെച്ച് പെരുമാറേണ്ടി വരില്ലേ ?
സൗഹൃദത്തിനും , പ്രണയത്തിനും പരസ്പ്പരം മറിയില്ലാത്തിടത്തെ നിലനിൽപ്പുള്ളു ... അതാണ്‌ സത്യം .""
അവൾ കുഞ്ഞിനെ എടുത്തു മാറോട് ചേർത്തു . പിന്നെ എനിക്കരുകിലേക്കു നീങ്ങി നിന്ന് എന്റെ കണ്ണുകളിലേക്കു നോക്കി കൊണ്ട് പറഞ്ഞു
" നിന്നെ .. നിന്നെ വിശ്വാസം ആണ് . എന്നാൽ എന്നിൽ എനിക്കുള്ള വിശ്വാസം, നീയെന്ന വെയിലേറ്റാൽ ഉതിർന്നു പോവുന്ന മഞ്ഞു പോലെ ദുർബലമാണ്. തീർത്തും ദുർബലമാണ് . "
അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു പൊടുന്നനെ തിരിഞ്ഞു നടന്നു . ഉലഞ്ഞ പൂഴിയിൽ കാൽ വഴുതുമോ എന്ന് ഭയന്നെങ്കിലും അവൾ അത് കടന്നു റോഡ് പിടിച്ചു യാത്ര തുടർന്നു.
ചോദ്യങ്ങൾക്കു ഒന്നിനും എനിക്കു മറുപടി ഉണ്ടായിരുന്നില്ല . അല്ലെങ്കിലും ചില ബന്ധങ്ങളുടെ ബന്ധനസ്ഥരാണ് നാം . ആ ബന്ധങ്ങളെ അറുത്തുമാറ്റി നേടുന്ന സുഖം വേഷം മാറി വരുന്ന ദുഖമാണ് .
ആ മണൽപരപ്പിലിരുന്നു ഞാൻ ചക്രവാളത്തിലേക്കു നോക്കി. അപ്പോൾ അവൻ മറ്റൊരു ഉദയത്തിനായുള്ള തെയ്യാറെടുപ്പിലായിരുന്നു.
മനോജ് കുമാർ കാപ്പാട് - കുവൈറ്റ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot