റിങ്ങ് ചെയ്തു കൊണ്ടിരുന്ന ഫോൺ എടുത്തപ്പോൾ അങ്ങേ തലക്കൽ നിന്ന് സാബുവല്ലേ എന്ന് ചോദ്യം. പെട്ടെന്ന് പിടി തരാത്ത ഏതോ പഴയ പരിചിത ശബ്ദം. ഓർമയിലെവിടെയോ മറന്നു വച്ചത്.
എന്നെ മനസിലായോ ... വീണ്ടും ഓർമയിലേക്ക് . ഏതാണ്ട് നാൽപതു വർഷം മുമ്പു കേട്ടു പരിചയമുള്ള ഒരാളുടെ ശബ്ദം പോലെ.
ഉറപ്പൊന്നുമില്ലെങ്കിലും ചോദിച്ചു
ഉബൈദല്ലേ .....
അങ്ങേ തലക്കൽ ശബ്ദം അല്പ നേരം ഇല്ലാതായി.
മനസിലാക്കുമെന്ന് വിചാരിക്കാതിരുന്നതിൻ്റെ നിശബ്ദതയാവാം .... നാല്പതു വർഷങ്ങൾക്ക് മുമ്പ് ഡിപ്ലോമക്ക് ഒരുമിച്ച് പഠിച്ചതാണ് .
വലിയ ഓർമശക്തി കൊണ്ട് അവൻ്റെ ശബ്ദം തിരിച്ചറിഞ്ഞതല്ല. ഓർമകളിൽ അവൻ എന്നും ഉണ്ടായിരുന്നു എന്നതു സത്യം തന്നെ . ഒന്നു കണ്ടു സംസാരിച്ചാൽ ഒരിക്കലും മറക്കാത്ത ഒരു ശബ്ദമാണ് അവൻ്റേത്.
കുറച്ചു നാൾ മുമ്പ് ഭാര്യയുടെ , ചെറുകിട കയർ ഫാക്ടറി ഉടമയായ ഒരു കസിൻ്റെ വീട്ടിൽ പോവേണ്ടതായി വന്നു.ചെല്ലുമ്പോൾ തറിയിൽ ഒരാൾ നിന്ന് നെയ്യുന്നുണ്ടായിരുന്നു. ഞാൻ അയാളുടെ സമീപത്തേക്ക് ചെന്നു. എൻ്റെ കൂടെ പത്താം ക്ലാസിൽ ഉണ്ടായിരുന്ന ബേബിയായിരുന്നു, അത് . അയാൾ എന്നെ കണ്ട് ചിരിച്ചു. ' കുശലമൊക്കെ പറഞ്ഞ് കഴിഞ്ഞപ്പോൾ അയാൾ എൻ്റെ പേര് ചോദിച്ചു. എന്നെ മനസിലായില്ലേ എന്ന ചോദ്യത്തിന് ഇല്ല എന്ന അർത്ഥത്തിൽ അയാൾ തലയിളക്കി .
പട്ടണക്കാട് ഹൈസ്കൂളിൽ 1980 ബാച്ച് പത്താം ക്ലാസ് ബി ഡിവിഷനിലാണ് പഠിച്ചതെന്ന് അയാൾ സമ്മതിക്കുന്നെങ്കിലും എന്നെ തീരെ ഓർമയില്ല. കൂടെയുണ്ടായിരുന്ന അശോകനേയും അപ്പുക്കുട്ടനേയുമൊക്കെ അയാൾക്കറിയാമെങ്കിലും ഒരുപാട് അടുത്തിടപഴകിയിട്ടുള്ള എന്നെ മാത്രം അയാൾ ഒട്ടും ഓർക്കുന്നില്ല.എൻ്റെ മുഖത്തുണ്ടായ ഇളഭ്യത അടുത്തു നിന്ന കസിൻ്റെ മുഖത്തും കണ്ടു.
അന്ന് ഒരു ദിവസത്തേക്ക് മാത്രമല്ല , ഇപ്പോ ഓർക്കുമ്പോഴും ഒരു വിങ്ങൽ മനസിൽ ഓടിയെത്തുന്നു.
പെങ്ങളുടെ അമ്മായി അമ്മയുടെ മരണാനന്തരചടങ്ങ് നടക്കുന്നതിനിടയിൽ ഒരാൾ സമീപത്തേക്ക് വന്നു. സാബു.. നിന്നെ കണ്ടിട്ട്
ഒരുപാടായല്ലോ എന്ന് പറഞ്ഞു കൊണ്ട് തോളിൽ കൈവച്ചു. ഇപ്പോൾ എവിടെയാണ് , എന്താണ് തൊഴിൽ എന്നൊക്കെ അയാൾ ചോദിച്ചു കൊണ്ടിരുന്നു. രാവിലെ തന്നെ ഷേവ് ചെയത് വൃത്തിയാക്കിയ അയാളുടെ മുഖത്ത് നരച്ച മീശ ഒരഭംഗിയായി നിലകൊണ്ടു. എത്ര ആലോചിച്ചിട്ടും അയാൾ ആരെന്ന് പിടികിട്ടിയില്ല. എൻ്റെ മനോവ്യാപാരം മനസ്സിലാക്കിയതിനാലാവും അയാൾ ചോദിച്ചത്,
"എന്നെ .... നിനക്ക് .. മനസിലായില്ലേ .... "
മനസിലായി എന്ന അർത്ഥത്തിൽ തലകുലുക്കി. അവന് അത്രക്ക് വിശ്വാസം വന്നില്ലെന്നു തോന്നുന്നു.
" എങ്കി ... പറയൂ .. എന്താ എൻ്റെ പേര് .. "
വിഷമവൃത്തത്തിലായ വിവരം അവൻ അറിയരുതല്ലോന്ന് കരുതി ചിരി വരുത്തി കൊണ്ട് പറഞ്ഞു.
" പേരൊക്കെ അറിയാമെടേ .... അല്ലെങ്കിലും പേരിൽ എന്തിരിക്കുന്നു..... "
എന്നാൽ അയാൾ വിടാനുള്ള ഭാവമില്ലായിരുന്നു.
" പറയൂ ... എൻ്റെ പേര് എന്താണ് ... "
ഞാൻ ആകെ പ്രശ്നത്തിലായി , ചുറ്റിനും വെറുതേ നോക്കി. എൻ്റെ ഓർമയിലൊന്നും അയാളുടെയോ സാമ്യമുള്ള ആരുടെയെങ്കിലുമോ രൂപം നെയ്തെടുക്കാൻ കഴിഞ്ഞില്ല. പെട്ടതു തന്നെ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് പരേതയുടെ ദേഹം പട്ടടയിലേക്കെടുക്കുന്നത് .അകന്നു നിന്നവരൊക്കെ അടുത്തേക്ക് വരുന്നതിൻ്റെ തിരക്ക്. ഞങ്ങൾ ഇരുവരും അങ്ങോട്ടേക്ക് നടന്നു.
അങ്ങനെ ആ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെട്ടു.ചടങ്ങൊക്കെ കഴിഞ്ഞ് എൻ്റെ കൈ പിടിച്ച് കുലുക്കിയാണ് അയാൾ പോയത്.
അയാൾ ആരാണെന്ന് പിന്നീട് ഞാൻ ചോദിച്ചു മനസിലാക്കുകയായിരുന്നു. പറപ്പള്ളിയിലുള്ള ഓട്ടോ ഡ്രൈവർ മോഹനൻ, ഒരുമിച്ച് വോളിബോൾ കളിച്ചിട്ടുള്ളതാണ് . അയാളെ അങ്ങനെ മറക്കാൻ പാടില്ലായിരുന്നു.
നാട്ടിൽ നിന്ന് അകന്നു താമസിക്കുന്നതും കൂടിക്കൊണ്ടിരിക്കുന്ന പ്രായവുമൊക്കെയാവാം ഇതുപോലുള്ള
വിസ്മൃതിക്കു കാരണം.
എങ്കിലും പരിചയം കാണിക്കുന്ന ഒരാളുടെ മുഖത്തു നോക്കി അറിയില്ല എന്ന് പറയാതിരിക്കുകയാണ് , ശരി. പ്രായമായി വരികയല്ലേ മറവി സ്വാഭാവികം . പ്രായം ഓരോരുത്തരുടേയും രൂപത്തിൽ വരുത്തുന്ന മാറ്റങ്ങളും പ്രധാനമാണ്. ഓർത്തെടുക്കാൻ പറ്റിയില്ലെങ്കിലും മനോധർമമനുസരിച്ച് സന്ദർഭത്തിനു ചേരും വിധം പെരുമാറി പോവുന്നതാണ് അഭികാമ്യം . ഘനപ്പെട്ട മുഖഭാവത്തേക്കാളും ഒരു പുഞ്ചിരിയാണ് എല്ലാവർക്കും ഇഷ്ടം . ഒരു പൂ പുഞ്ചിരി എടുത്തണിഞ്ഞ് പെരുമാറാൻ കഴിഞ്ഞാൽ എത്ര ഭംഗിയാവുമെന്നോ.... എല്ലാവർക്കും ഇതുപോലെയുള്ള അവസരങ്ങളിൽ നറുപുഞ്ചിരി വാരി വിതറാൻ കഴിയട്ടെ .
............... ............
എ എൻ സാബു
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക