Showing posts with label JishaNiya. Show all posts
Showing posts with label JishaNiya. Show all posts

ടോമി


ടോമി
******
വർഷങ്ങൾക്കു മുൻപൊരു കർക്കടക വാവിനു മുൻപുള്ള ദിവസം. എല്ലാവർഷവും ഈ ദിവസം രാത്രി വല്യമ്മച്ചിയുടെ വക ഒരു കഥ പതിവാണ്. വല്യമ്മച്ചിയുടെ ചെറുപ്പത്തിൽ ഒരു കർക്കടകവാവിന്റെയന്ന് രാത്രിയിൽ നടന്ന ഭയാനകമായ ഇരട്ടക്കൊലപാതകത്തിന്റെ കഥ. എത്ര തവണ കേട്ടാലും അതേ ഉദ്വേഗത്തോടെ തന്നെ ഞങ്ങളാ കഥ കേൾക്കുകയും ഒരേ ചോദ്യങ്ങൾ തന്നെ പലതവണ ആവർത്തിക്കുകയും ചെയ്യും...
കേൾക്കാനും പറയാനുമൊക്കെ രസമാണെങ്കിലും രാത്രി ഉറങ്ങാൻ നേരത്താണ് ഭയമെന്നൊരു വികാരം അരങ്ങു വാഴാൻ തുടങ്ങുക. വല്യമ്മച്ചിയോട് പരമാവധി പറ്റിച്ചേർന്നു കിടന്ന് ഇരുട്ടിൽ ചെവി വട്ടം പിടിക്കും. എന്തെങ്കിലും ശബ്ദം കേൾക്കുന്നുണ്ടോ? ആരെങ്കിലും വീടിനു ചുറ്റും പതുങ്ങിനടപ്പുണ്ടോ? എന്നാലും കഥ കേൾക്കുന്ന ശീലം മാറ്റാൻ ഞാൻ തയ്യാറല്ലായിരുന്നു.
അന്ന് ഞാൻ മൂന്നിലോ നാലിലോ ആണ് പഠിക്കുന്നത്. രാത്രി വല്യമ്മച്ചിയുടെ അരികിൽ കിടന്ന് കാതോർത്തപ്പോൾ പുറത്ത് മഴ പെയ്യുന്ന ശബ്ദം കേട്ടു . ഇടിമിന്നലിന്റെ വെട്ടം ജനാലച്ചില്ലുകൾക്കപ്പുറം മിന്നി മാഞ്ഞു പോകവേ അകമ്പടിയായെത്തുന്ന കാതടപ്പിക്കുന്ന ഇടിവെട്ടിന്റെ ശബ്ദം....! ആഞ്ഞുവീശുന്ന കാറ്റിന്റെ പ്രഹരത്താലൊടിഞ്ഞു വീഴുന്ന മരച്ചില്ലകൾ...! മഴയുടെ ശബ്ദമെന്ന് ഒന്നു കൂടി ഉറപ്പിച്ച് ഉറങ്ങാനൊരുങ്ങുമ്പോഴാണ് വീടിനു ചുറ്റും ആരോ ഓടുന്നതു പോലെ തോന്നിയത്. ഒന്നൂ കൂടി കാതോർത്തു... അതെ..! തോന്നല്ല.. വാസ്തവം തന്നെ...!
"വല്യമ്മച്ചീ ഒന്നെണീറ്റേ.... ദേ ആരോ മുറ്റത്ത്..." ഞാൻ എനിക്കു കഴിയാവുന്നത്ര ശക്തിയിൽ വല്യമ്മച്ചിയെ കുലുക്കി വിളിച്ചു.
" കെടന്നുറങ്ങു കൊച്ചേ " എന്ന് പറഞ്ഞ് ഒന്നു തിരിഞ്ഞു കിടക്കുക മാത്രമാണ് വല്യമ്മച്ചി ചെയ്തത്.
വല്യമ്മച്ചിയുടെ ഉറക്കത്തേക്കുറിച്ച് നന്നായി അറിയുമായിരുന്ന ഞാൻ പിന്നേയും ഒരു സാഹസത്തിനു മുതിരാതെ ഉറങ്ങാൻ ശ്രമിച്ചു. ഇപ്പോൾ ശബ്ദമൊന്നും കേൾക്കുന്നില്ല .. ഒരു പക്ഷേ എനിക്കു തോന്നിയതാവും...!
രാവിലെ നേരത്തേയുണർന്ന് മാവിൻ ചുവട്ടിലേക്കോടുമ്പോഴാണ് ഞാനാ കാഴ്ച്ച കണ്ടത്... വീടിനു പുറകുവശത്തെ തിണ്ണയിൽ വെള്ളയും കറുപ്പും നിറമുള്ള ഒരു പട്ടിക്കുട്ടി... കാലിൽ നിന്ന് രക്തം ഒലിച്ചിറങ്ങിയ പാടുണ്ട്... എന്നെക്കണ്ട് എണീറ്റോടാൻ ഒരു ശ്രമം നടത്തിയെങ്കിലും വേദന കൊണ്ടാവാം അത് വീണ്ടും അവിടെത്തന്നെ കിടന്ന് ദയനീയമായെന്നെയൊന്നു നോക്കി.. നായയെന്ന വർഗ്ഗത്തെ എനിക്കു പണ്ടേ പേടിയായിരുന്നത് കൊണ്ട് കാച്ചു ദൂരെ നിന്ന് ''അമ്മേ... അമ്മേ ..'' എന്ന് കാറി വിളിക്കാൻ മാത്രമേ എനിക്കായുള്ളൂ..
അന്നുമുതൽ അവനും ഞങ്ങളുടെ വീട്ടിലെ ഒരംഗമായി.
ടോമി..!!! അതായിരുന്നു അവനു ഞാനിട്ട പേര്.. പതിയെ പതിയെ എന്റെ പേടി മാറി ടോമിയുമായി ഒരാത്മബന്ധം വളർന്നു.. ഞാൻ പോകുന്നിടത്തെല്ലാം കൂടെ വരുന്നത് അവന്റെയൊരു ശീലമായി... അതെത്ര ദൂരേക്കായാലും ശരി...!!
ഞാൻ സ്കൂളിൽ പോകുമ്പോൾ എന്റെ പുറകെ വരും.. സ്കൂളിന്റെ വരാന്തയിൽ വരെ കയറി വന്ന് ഞാൻ ക്ലാസ് റൂമിൽ കയറിയതിനു ശേഷം അവൻ തിരിച്ചു വീട്ടിലേക്കു പോകും... വൈകുന്നേരം സ്കൂൾ വിടുന്നതിനു മുൻപേ അവൻ സ്കൂളിന് മുന്നിൽ ഹാജറുണ്ടാവും... ആദ്യമൊക്കെ അത് അരോചകമായിത്തോന്നിയെങ്കിലും പിന്നീട് ഞാനും ടോമിയുടെ കൂട്ട് ഇഷ്ടപ്പെട്ടു തുടങ്ങി.. ഒരുമിച്ചുള്ള യാത്രകൾ പതിവാക്കി നാളുകൾ മുന്നോട്ടു നീങ്ങി.
ഒരു വൈകുന്നേരം എന്തുകൊണ്ടോ ടോമി സ്കൂളിൽ വന്നില്ല... വീട്ടിലെത്തി അമ്മയോട് ചോദിച്ചപ്പോഴും അറിയില്ലെന്ന് മാത്രേ പറഞ്ഞുള്ളു...
എവിടെ പോയിരിക്കും...???
ഇങ്ങു വരട്ടെ... എന്നൊക്കെയാലോചിച്ചു ഞാനിരുന്നു.. സന്ധ്യയായി... രാത്രിയായി... ഇതുവരെ ടോമി എത്തീല... എനിക്കെന്തോ വല്ലാത്ത ദേഷ്യവും സങ്കടവും വന്നു...
രാത്രിയേറെ വൈകിയുട്ടുണ്ടാവും.. ഉറക്കത്തിനിടയിൽ ടോമിയുടെ ഒച്ച കേൾക്കുന്നുണ്ടോ?? ഹേയ് ഇല്ല... പക്ഷേ വേറെ ആരുടെയൊക്കെയോ ശബ്ദം കേൾക്കുന്നുണ്ട്.. ഞാൻ കണ്ണ് തിരുമ്മി എഴുന്നേറ്റു ചെല്ലുമ്പോൾ ടോമി അവശനായി മുറ്റത്തു കിടക്കുന്നു ... വീട്ടുകാരും രണ്ടുമൂന്നു അയല്പക്കക്കാരും അവന്റെ ചുറ്റിനും നിൽക്കുന്നുണ്ട്. ടോമിയുടെ വായിൽ നിന്ന് നുരയും പതയും ഒലിച്ചിറങ്ങുന്നത് ഞാൻ കണ്ടു. അവനെന്തോ ആപത്തു സംഭവിച്ചിരിക്കുന്നു... എന്നെയവൻ കണ്ടെന്ന് അവന്റെ കണ്ണുകൾ വിളിച്ചോതുന്നുണ്ടായിരുന്നു ..
എന്തായിരിക്കും ആ കണ്ണുകൾ പറയാനാഗ്രഹിച്ചത്???
ഒരു ക്ഷമാപണമോ??? അല്ലെങ്കിൽ ഒരു വിടവാങ്ങലോ??? എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി...
''എലിവിഷം വച്ചതാ...പട്ടിയെ കെട്ടിയിടാൻ പറയാൻ മറന്നു പോയി...'' അടുത്ത വീട്ടിലെ ചേട്ടൻ പറയുന്നത് കേട്ടപ്പോൾ എനിക്ക് കാര്യം മനസിലായി...! അയാളോട് കലശലായ ദേഷ്യം തോന്നിയെങ്കിലും ഒന്നും മിണ്ടാതെ ഞാൻ ടോമിയെ നോക്കി നിന്നപ്പോൾ അകത്തു പോകാൻ പറഞ്ഞ് അമ്മ കണ്ണുരുട്ടി..
പിറ്റേന്ന് രാവിലെ സ്കൂളിലേക്കിറങ്ങുമ്പോൾ കൂട്ട് വരാൻ ടോമി ഉണ്ടായിരുന്നില്ല... അവന്റെ കൂട്ടും സംരക്ഷണവും സ്നേഹവുമൊക്കെ ഞാൻ എത്രയേറെ ഇഷ്ടപ്പെട്ടിരുന്നെന്ന് എനിക്കപ്പോഴാണ് മനസിലായത്... അവനില്ലാതായപ്പോഴുള്ള ആ ശൂന്യത പിന്നെയും വളരെ നാൾ നികത്തനാവാതെ കിടന്നു...!!! കാലം കഴിയവേ ടോമി ഒരു നേർത്ത ഓർമ്മമാത്രമായി മാറി...!!!
-ജിഷ രഞ്ജിത്ത്-

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo