Showing posts with label ShortFilmReview. Show all posts
Showing posts with label ShortFilmReview. Show all posts

നാട്ടുകൂട്ടം - ഫൺ സീരീസ്


https://www.youtube.com/watch?v=42tki3WIieY
നാട്ടുകൂട്ടം നാട്ടുപച്ചപ്പിന്റെ ഒപ്പിയെടുക്കലാണ്.
പുതുതലമുറയുടെ അലസതയും പഴയ തലമുറയുടെ അദ്ധ്വാനശീലവും  ദാമ്പത്യത്തിലെ ഇഴയടുപ്പങ്ങളും  മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ട് വെറുതേ അവരുടെ പ്രശ്നങ്ങൾ തന്റെതായി ഏറ്റെടുത്ത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കിത്തീർക്കുന്നവരെയും  ശുദ്ധനർമ്മത്തിന്റെ മേമ്പൊടി ചേർത്ത് പകർത്തിയിരിക്കുന്നു. കഥ, തിരക്കഥ, സംവിധാനം, ക്യാമറ,അഭിനയം, എന്നിങ്ങനെ എല്ലാ മേഖലകളും നല്ല കൈയ്യടക്കത്തോടെ ചെയ്തിട്ടുണ്ട്.
പാടത്തെ പണിയും അടുക്കളപ്പണിയും - ഒട്ടും കുറവുമല്ല, കൂടുതലുമല്ല.(മൂന്നര സെന്റ്)
ഈ സീരിസ് കാണുക, സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
--- എൻ ശ്യാംനാഥ്‌ 

തൂലികയിൽ പ്രബുദ്ധത പേറുന്നവർ... (സിനിമാ നിരൂപണം )

തൂലികയിൽ പ്രബുദ്ധത പേറുന്നവർ...
(സിനിമാ നിരൂപണം )
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
ഇന്നലെ നല്ലെഴുത്തിന്റ You Tube ചാനലിൽ കവിതകൾ തപ്പിച്ചെന്നപ്പോൾ ഒരു ഹ്രസ്വ ചിത്രം കാണാനിടയായി.യാദൃശ്ചികമായി.
The King and Commissioner Reloaded എന്നാണ് ചിത്രത്തിന്റെ പേര്.
കൊച്ചി മെട്രോ
കന്നിയാത്ര തുടങ്ങിയ അഭിമാനകരമായഒരു സുപ്രഭാതത്തിലാണ് കഥ തുടങ്ങുന്നത്.
മെട്രോ റെയിൽ എന്ന സ്വപ്നം സാക്ഷാത്കരിച്ചതിന്റെ അവകാശ വാദവുമായി പ്രമുഖ രാഷ്ട്രീയപ്പാർട്ടികളുടെ
പ്രവർത്തകർ തർക്കിക്കുകയും കാര്യങ്ങൾ കയ്യാങ്കളിയിലേക്കു എത്തുകയും, വാഹന ഗതാഗതം സ്തംഭിക്കുകയും ചെയ്യുന്ന നേരത്താണ് നായകൻ ഒരു ഓട്ടോ യാത്രക്കാരനായി രംഗത്തെത്തുന്നത്.
പ്രശ്നത്തിലിടപെട്ടുകൊണ്ട്
സാധാരണക്കാരന് പറയാനുള്ളത് കേൾക്കണം. കേട്ടേ മതിയാവൂ എന്ന മുഖവുരയോടെ
അദ്ദേഹം ചില ചോദ്യങ്ങൾ ചോദിക്കുന്നു.
പുരോഗമിച്ചു എന്നു പറയപ്പെടുന്ന നമ്മുടെ നാട്ടിൽ ദൈനന്ദിന ചെലവുകൾക്കു പോലും
കാശില്ലാത്ത ധാരാളം പട്ടിണിപ്പാവങ്ങൾ കടത്തിൽ മുങ്ങി ജീവിക്കുമ്പോൾ,
കേറിക്കിടക്കാൻ വീടില്ലാത്തവരും,
മരുന്നു വാങ്ങാൻ കാശില്ലാതെ മരണവുമായി മല്ലിടുന്ന രോഗികളും,
അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത ആശുപത്രികളും ഉള്ളപ്പോൾ,
വേനലിൽ ഒരിറ്റു കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ,
പാവപ്പെട്ടവർ നീതിക്ക് വേണ്ടി ഓഫീസുകൾ കയറിയിറങ്ങി നിരാശരായി ആത്മഹത്യ ചെയ്യുമ്പോൾ,
ഇരുട്ടു വീണാൽ കടിച്ചു തിന്നുന്ന കാമ ഭ്രാന്തന്മാരെ പേടിച്ചു ഉറക്കത്തെ പോലും ഭയക്കുന്ന സ്ത്രീ സമൂഹം ഉള്ളപ്പോൾ...
അവരുടെ ഈ അടിയന്തിര പ്രശ്നങ്ങളൊന്നും പരിഹരിക്കാതെ
ജനങ്ങളിൽ നിന്ന് പിഴിഞ്ഞുണ്ടാക്കുന്ന നികുതിക്കാശ് ഉപയോഗിച്ചുള്ള
ഈ കോടികളുടെ വികസനം ആർക്കു വേണ്ടിയാണെന്ന് ?.
സാധാരണക്കാരൻ ചോദിക്കാനാഗ്രഹിക്കുന്ന ചോദ്യങ്ങൾ.
ചോദിച്ചാലും ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ.
അതാണ് നായകനുയർത്തുന്ന ചോദ്യങ്ങൾ. ചോദിക്കപ്പെടേണ്ട ഈ ചോദ്യങ്ങൾ ജനങ്ങൾക്കു വേണ്ടി ചോദിച്ച സംവിധായകന്
പ്രേക്ഷകരുടെ പേരിൽ അഭിനന്ദനങ്ങൾ അർപ്പിക്കട്ടെ.
രാഷ്‌ട്രീയ സംഘട്ടനങ്ങൾ കൊണ്ട് സ്വൈര ജീവിതം നഷ്ടപ്പെട്ട ജന സമൂഹത്തിന്റെ പ്രതിനിധിയായിക്കൊണ്ട് രാഷ്ട്രീയം എന്താണെന്നും അതിന്റെ അർത്ഥം എന്താണെന്നും നായകൻ പറയുന്നുണ്ട്.
--ജനങ്ങളുടെ വിശ്വാസത്തെയും അതിലുപരി അവരുടെ പ്രതീക്ഷകളെയും നെഞ്ചോട് ചേർക്കുന്നതാണ് രാഷ്‌ട്രീയം... അതാവണം രാഷ്‌ട്രീയം.
തുടക്കത്തിൽ തന്നെ തർക്കത്തിൽ ഇടപെട്ടുകൊണ്ട് ചായക്കടക്കാരൻ ചന്ദ്രേട്ടൻ പറയുന്നുആര് ഭരിച്ചാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെയെന്ന്. അതു തന്നെയാണു സത്യം.
രചനയും സംവിധാനവും
ഛായാഗ്രഹണവും ശബ്ദ മിശ്രണവും ഉന്നത നിലവാരം പുലർത്തുന്നു.ഇതെല്ലാം ഒറ്റയ്ക്ക് നിർവഹിച്ച ശ്രീ പദ്മ കുമാർ രാമചന്ദ്രനു നല്ലെഴുത്ത്‌ കുടുംബത്തിന്റെ ഒരു ബിഗ് സല്യൂട്ട് .
••••••••••••••••••••••••••••
--സായ് ശങ്കർ,തൃശ്ശൂർ.
°°°°°°°°°°°°°°°°°°°°°°°°°°°

കാളിയമ്മ

കാളിയമ്മ
________________________________
നരയും കറുപ്പും ഇടകലർന്നു രണ്ടുമല്ലാത്തൊരു നിറമുള്ള ഇത്തിരി മുടി കൊച്ചൊരു കുടുമിപോലെ കെട്ടിവച്ചു ചുവപ്പ് നിറത്തിലൊരു കെട്ടുബ്ലൗസുമിട്ട് മുഷിഞ്ഞ കോടിമുണ്ടിന്റെ കോന്തലയിൽ മുറുക്കാൻപൊതിയുമായി വീട്ടിലേക്കുള്ള ചെറിയ കയറ്റം കയറി വരുന്ന കാളിയമ്മ എന്റെ ബാല്യകാലസ്മരണകളിലെ നിറസാന്നിധ്യമാണ്... വെളുത്തു തുടുത്ത അത്യാവശ്യം തടിയുള്ള സുന്ദരിയമ്മൂമ്മ.. നല്ല വെണ്ണ നിറമുള്ള മുഖത്ത് വട്ടത്തിലുമല്ല ചതുരത്തിലുമല്ലാത്തൊരു സിന്ദൂരപ്പൊട്ട് എപ്പോഴുമുണ്ടാവും... നെറ്റിയിൽ നിന്നുമൊലിക്കുന്ന വിയർപ്പു ചാലിനാൽ നാനാവിധമാകുന്നൊരു ചുവന്ന പൊട്ട്..! പ്രായാധിക്യം കൊണ്ടാണോ എന്തോ എപ്പോഴും കാളിയമ്മയ്ക്കൊരു വിറയലുണ്ടായിരുന്നു.. വിറയലിനൊപ്പം തൂങ്ങിയാടുന്ന വലിഞ്ഞു നീണ്ട കാതുകൾ ... അടുത്തെത്തുമ്പോൾ സഹിക്കാൻ വയ്യാത്തൊരു ഗന്ധവും.... ചെളിപുരണ്ട കൈനഖങ്ങളും മുറുക്കാൻ കറ പുരണ്ട കുറ്റിപ്പല്ലുകളും സ്വതവേ സുന്ദരിയായ അവരുടെ ശോഭ കെടുത്തിയിരുന്നു... 
മക്കളും കൊച്ചുമക്കളും അവരുടെ മക്കളുമൊക്കെയുള്ള മുതുമുത്തശ്ശിയാണെങ്കിലും കാളിയമ്മ നല്ല 'പയറു പോലെ ' ഓടിനടക്കും..കാര്യം നല്ല ആരോഗ്യമൊക്കെയുണ്ടെകിലും വീട്ടിൽ ഒരുള്ളിപൊളിക്കാൻ പോലും കാളിയമ്മയെ കിട്ടില്ല.. കിഴക്ക് വെള്ളകീറുന്നതു മുതൽ അന്തിക്കൂമൻ ചേക്കേറുന്നതുവരെ കാളിയമ്മ സർക്കീട്ടിലായിരിക്കും... വീട്ടിൽ നിന്നും രാവിലെതന്നെ ഇറങ്ങും 'കര തെണ്ടാൻ'....!! ആ പ്രയോഗത്തിന്റെ പകർപ്പവകാശം കാളിയമ്മയുടെ മരുമകൾ രാജമ്മചേച്ചിക്ക് സ്വന്തം.. 
അയല്പക്കത്തെ വീടുകളോരോന്നായി കയറിയിറങ്ങി നട്ടുവർത്തമാനങ്ങളും ആവശ്യത്തിനു കുറ്റവും കുശുമ്പുമൊക്കെ പറഞ്ഞങ്ങനെയിരിക്കുമ്പോ കാളിയമ്മ ചോദിക്കും...." ഇത്തിരി കഞ്ഞീടെ വെള്ളമിങ്ങു കാട്ടിയേ കൊച്ചേ... " അപ്പൊ "അയ്യോ ഉച്ചനേരത്താണോ കഞ്ഞിവെള്ളം... വാ നമുക്ക് ചോറുണ്ണാം" എന്നു പറഞ്ഞുകൊണ്ട് അമ്മ ചോറു വിളമ്പാൻ പോകുന്നേരം മുറുക്കിത്തുപ്പൽ ഒലിച്ചിറങ്ങിയ ചുണ്ടിന്റെ കോണുകൾ വിറകുകൊള്ളിപോലെ പരുപരുത്ത കൈവിരലുകൾ കൊണ്ട് തുടച്ചു കൊണ്ട്‌ സമീപത്തു വായിനോക്കി നിൽക്കുന്ന എന്നോട് ചോദിക്കും "കാളിയമ്മയ്ക്കു വായ്‌ കഴുകാൻ ഇത്തിരി വെള്ളം കൊണ്ടുവാ മക്കളെ "...ഇതൊക്കെ എന്നുമുളള പതിവാണെങ്കിലും കാളിയമ്മ വളരെ നാടകീയമായാണ് ഓരോ നീക്കങ്ങളും നടത്തുക... കാളിയമ്മ അങ്ങനെയാണ്... അവർക്ക് വീട്ടിൽ ഒന്നിനും ഒരു കുറവുണ്ടായിട്ടല്ല... ഏത് വീട്ടിൽ ചെന്നാലും അവിടെനിന്നും ആഹാരം ചോദിച്ചു മേടിച്ചു കഴിക്കും.. മരുമകൾ രാജമ്മയുടെ പോരിനെ പറ്റിയും കൊച്ചുമകൾ രേഷ്മയുടെ ഒരുങ്ങിക്കെട്ടലിനെ പറ്റിയും കൊച്ചു മരുമകൾ മിനിയുടെ വീട്ടുകാർ പ്രസവത്തിനു വിടീലിനു ദാരിദ്ര്യം കാണിച്ചതിനെപ്പറ്റിയുമൊക്കെ വിസ്തരിച്ചു കൊണ്ട് കാളിയമ്മ ചോറുണ്ണുന്നതു കണ്ടാൽ ലോകത്തിലേറ്റവും രുചിയുള്ള ആഹാരം ചോറാണെന്നു തോന്നിപ്പോകും !
കാളിയമ്മ വീട്ടിലെത്തിയാൽ പിന്നെ ഞാനും അനിയനും അടുത്തു നിന്നും മാറാതെ നിൽക്കും... വേറൊന്നും കൊണ്ടല്ല... അവരുടെ വർത്താനം കേട്ടിരിക്കാൻ നല്ല രസമാണ്... ഇടയ്ക്കിടെ പൊട്ടിച്ചിരിച്ചും... "ഹല്ല പിന്നെ " എന്ന് കൂടെക്കൂടെ പറഞ്ഞും കാളിയമ്മയെങ്ങനെ കഥകളുടെ ഭാണ്ഡമഴിക്കുമ്പോ കേട്ടു നിൽക്കുന്ന ഞങ്ങളെ നോക്കി കണ്ണുരുട്ടിക്കൊണ്ട് അമ്മ കല്പിക്കും.. "പൊക്കോണം അപ്പുറത്ത് ... മൂത്തവർ വാ കിടുക്കുന്നിടത് വന്നു നിന്നോളും"..മടിച്ചാണെങ്കിലും ഞങ്ങൾ പിൻവാങ്ങുമെങ്കിലും എട്ടുനാടും പൊട്ടുമാറു തൊണ്ടകീറുന്ന കാളിയമ്മയുടെ പുരാണം രണ്ടുവീടപ്പുറത്തും കേൾക്കാമെന്നതിനാൽ ഞാനാൾക്കതൊരു വിഷയമായിരുന്നില്ല.. കാളിയമ്മയുടെ ലോകകാര്യം പറച്ചിലുകളിൽനിന്ന് ഞങ്ങൾക്കും കുറെ ലോകവിവരം കിട്ടിയെന്നു പറഞ്ഞാൽ മതിയല്ലോ.. 
കൂടോത്രം എന്ന വാക്ക് ഞാൻ ആദ്യം കേൾക്കുന്നത് കാളിയമ്മ പറഞ്ഞാണ്.. മരുമകൾ തന്നെ കൊല്ലാൻ വീട്ടിൽ കൂടോത്രം ചെയ്തു വച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് പകൽ വീട്ടിലിരിക്കാത്തതെന്നും കാളിയമ്മ പറഞ്ഞു വെക്കുമ്പോൾ രാത്രിയിൽ എഫക്ട് ഇല്ലാത്ത, പകൽ മാത്രം വർക്ക്ഔട്ടാകുന്ന എന്തോ സംഭവമാണീ കൂടോത്രം എന്ന് ഞാൻ ധരിച്ചു പോയി...
അതുപോലെതന്നെ കറവക്കാരൻ ഷംസുദ്ദീൻ കുടിച്ചിട്ട് വന്നു ഭാര്യയെ തല്ലുന്നത് അവൾക്കു 'രഹസ്യക്കാരൻ' ഉള്ളതുകൊണ്ടാണത്രെ... എന്താണപ്പാ ഈ രഹസ്യക്കാരൻ എന്ന് ഞങ്ങൾ അമ്പരന്നെങ്കിലും തല്ലുകിട്ടുന്ന കാര്യമായതുകൊണ്ട് അമ്മയോട് ചോദിക്കാൻ മെനക്കെട്ടില്ല.. 
പിന്നെയും മൂപ്പത്തി പറഞ്ഞു കൂട്ടിയ കഥകളിൽ നിന്നും ഞാൻ മനസ്സിലാക്കിയ മറ്റൊരു കാര്യമാണ് ഗവണ്മെന്റാശുപത്രിയിൽ പോയി പ്രസവം നിർത്തിയാൽ ബക്കറ്റും തോർത്തും കിട്ടുമെന്ന് !! എങ്ങനെയാണ് പ്രസവം നിർത്തുന്നത് എന്ന ചോദ്യത്തിന് അമ്മേടെ തവിക്കണകൊണ്ടുള്ള അടി മറുപടികിട്ടിയപ്പോ ഞാൻ തീരുമാനിച്ചു കൊന്നാലും ഇനി കാളിയമ്മയുടെ 'മൊഴിമുത്തുകൾക്ക് ' ചെവികൊടുക്കില്ലെന്ന്‌ ... 
ചിരിച്ചുകളിച്ചു വർത്തമാനം പറയുമെങ്കിലും പിണങ്ങിയാൽ കാളിയമ്മ കണ്ണുപൊട്ടുന്ന ചീത്ത വിളിച്ചു പറഞ്ഞുകളയും... അതും സ്ഥലകാല പരിഗണന ലവലേശമില്ലാതെ.. !!അതുകൊണ്ട് നാട്ടുകാരും വീട്ടുകാരും കഴിവതും കാളിയമ്മക്ക് ദേഷ്യം വരാതെ സൂക്ഷിക്കും..എത്ര സൂക്ഷിച്ചാലും മരുമകൾ എന്ന നിലയിൽ രാജമ്മ ചേച്ചി ചിലപ്പോഴൊക്കെ കാളിയമ്മയുമായി ഏറ്റുമുട്ടൽ നടത്താറുണ്ട്... "നാട്ടുകാരോട് പോയി എരന്നു തിന്നാൻ നാണമില്ലേ തള്ളേ".. എന്ന് ചോദിക്കുന്ന രാജമ്മയെ "ഞാൻ ജനിച്ചു വളർന്ന നാട്ടിൽ എനിക്കിഷ്ടമുള്ളപോലെ ഞാൻ ജീവിക്കുമെടീ "എന്നലറിക്കൊണ്ട് കാളിയമ്മ നേരിടുമ്പോ കലുഷിതമാകുന്ന കുടുംബാന്തരീക്ഷത്തിൽ കാളിയമ്മയുടെ സീമന്തപുത്രൻ കുട്ടപ്പൻചേട്ടൻ അന്തിക്കള്ളും മോന്തി വന്നു കേറുന്ന നേരം അവിടമൊരു പോർക്കളമായി മാറുന്നത് ഞങ്ങളുൾപ്പടെയുള്ള അയൽക്കാരുടെ വൈകുന്നേരങ്ങളിലെ പതിവ് അലോസരമായിരുന്നു.. 
വഴക്കും വക്കാണവുമൊന്നടങ്ങികഴിയുമ്പോ കേൾക്കാം കാളിയമ്മയുടെ എണ്ണിപ്പെറുക്കലുകൾ... അവ ചിലപ്പോൾ മണ്മറഞ്ഞ പ്രിയ ഭർത്താവു ചാത്തുണ്ണിയുടെ മധുരസ്മരണകളാവാം അല്ലെങ്കിൽ സ്വന്തം ചെറുപ്പകാലത്തെ വീരസാഹസങ്ങളുടെ അയവിറക്കലാകാം... എന്തായാലും ഞങ്ങൾ ഉറക്കം പിടിക്കുന്നതിനു മുൻപുതന്നെ കേൾക്കാം ആ വീട്ടിൽ നിന്നുയരുന്ന പൊട്ടിച്ചിരികളും സന്തോഷം പങ്കുവെയ്ക്കലുകളും... അത്രേയുള്ളൂ കാളിയമ്മയുടെ വഴക്ക്... ആരും സങ്കടപ്പെടുന്നത് കാണാൻ കാളിയമ്മക്ക് വയ്യ... അത് മരുമകൾ രാജമ്മയായാലും.. !!
ആ സ്നേഹവും കരുതലും രാജമ്മചേച്ചിക്ക് കാളിയമ്മയോടുമുണ്ടായിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയത്‌ പിന്നെയും എത്രയോ വർഷങ്ങൾ കഴിഞ്ഞാണ്... പെട്ടന്ന് ബി പി കൂടി ഒരു വശം തളർന്ന കാളിയമ്മയെ പൊന്നുപോലെ നോക്കിയതും പിന്നീട് പൂർണ്ണമായും കിടപ്പിലായിപ്പോയിട്ടും കാളിയമ്മയുടെ മരണം വരെ ഒരു പരിഭവം പോലും പറയാതെ ശുശ്രൂഷിച്ചതും ആ സ്നേഹത്തിന് തെളിവായി.. 
കാളിയമ്മയുടെ ശവദാഹം കഴിഞ്ഞു ആളുകൾ പിരിഞ്ഞ നേരം "ഞങ്ങളെയിട്ടേച്ചു പോയല്ലോ " എന്നും പറഞ്ഞു കാളിയമ്മയുടെ ഫോട്ടോ നോക്കി ഒരു ഭ്രാന്തിയെപ്പോലെ അലമുറയിട്ട രാജമ്മചേച്ചിയുടെ ദുഃഖം കാണാച്ചരടുകൾക്കൊണ്ടു കൂട്ടിയിണക്കപ്പെട്ട കർമ്മബന്ധങ്ങളുടെ ഇഴയടുപ്പം എന്റെ മുൻപിൽ അനാവരണം ചെയ്യുകയായിരുന്നു... 
കാളിയമ്മ കടന്നുപോയെങ്കിലും അവരുടെ ഓർമ്മകൾക്ക് എന്റെയുള്ളിൽ മരണമില്ല... ഒരുപാടു തിരക്കുകളിൽ പെട്ട് മനസ്സ് മടുത്ത് പോയകാല സ്മരണകളിൽ ഒന്നു മുങ്ങി നിവരുമ്പോ കൈയിൽ തടഞ്ഞ അമൂല്യമായ മുത്തുച്ചിപ്പിപോലെ കാളിയമ്മയുടെ നാട്ടുവർത്തമാനങ്ങളെ ഞാൻ ഇടയ്ക്കിടെ നെഞ്ചോടു ചേർക്കാറുണ്ട്...ഒപ്പം എത്രയാഗ്രഹിച്ചാലും തിരികെകിട്ടാത്ത എന്റെ ബാല്യകാലത്തെയും..

AnjuAnthony, 
 💜


അറിവും തിരിച്ചറിവും കാട്ടിത്തരുന്ന ''സുഹൃത്ത്'' [Short Film Review]


അറിവും തിരിച്ചറിവും കാട്ടിത്തരുന്ന ''സുഹൃത്ത്''
'സുഹൃത്ത്' എന്ന 20 മിനിറ്റ് ദെെര്‍ഘ്യമുളള ഒരു ഷോര്‍ട്ട് ഫിലിം ഇന്ന് കാണാനിടയായി. ആശയപരമായ മികവ് സുഹൃത്തിനെ മറ്റ് ഷോര്‍ട്ട് ഫിലിമുകളില്‍നിന്നും ഏറെ വ്യത്യസ്തമാക്കുന്നു. രണ്ടാമത് ഒരുവട്ടംകൂടി കണ്ടപ്പോഴാണ് അതിന്‍െറ സ്ക്രിപ്റ്റ് റെെറ്ററുടെ പേര് ശ്രദ്ധയില്‍പ്പെട്ടതും.
നല്ലെഴുത്തിന്‍െറ സഹയാത്രികനായ ശ്രീ. Mhd Shafi PY ആണ് 'സുഹൃത്ത്' എന്ന ഈ മികച്ച ഷോര്‍ട്ട്ഫിലിമിന്‍െറ സ്ക്രിപ്റ്റ് കെെകാര്യം ചെയ്തിരിക്കുന്നത്.സിദ്ധിക്ക് ആദൂരിന്‍െറ സംവിധാനത്തില്‍ സമകാലീക സത്യങ്ങള്‍ വിളിച്ചോതുന്ന ഒരു നല്ല ഷോര്‍ട്ട്ഫിലിമാണ് സുഹൃത്തെന്ന് തീര്‍ത്തും പറയാം.
ഒരു സാമൂഹ്യജീവി എന്ന നിലയ്ക്ക് മനുഷ്യന് ഉണ്ടാവേണ്ട ഉത്തരവാദിത്വ ബോധങ്ങളിലേക്കും, അറിവിനപ്പുറമുളള തിരിച്ചറിവിലേക്കും വെളിച്ചംവീശുന്നുണ്ട് ഈ ഹ്രസ്വചിത്രം.
എന്തിന്‍െറ പേരിലായിരുന്നാലും തമ്മില്‍ത്തല്ലാനുളളതല്ല ജീവിതമെന്നും, മറ്റുളളവരുടെ കളിപ്പാവകളാകേണ്ടവരല്ല പുതിയ യുവത്വങ്ങളെന്നും ഒപ്പം ചില തെറ്റുകള്‍ തിരുത്തപ്പെടാനാവില്ല എന്ന വലിയ സത്യവും ഈ ചെറിയചിത്രം നമുക്ക് കാട്ടിത്തരുന്നു.
യുവതലമുറ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു മികച്ച ഹ്രസ്വചിത്രം തന്നെയാണ് സുഹൃത്ത്.
അഭിനന്ദനങ്ങള്‍ Mhd Shafi & team.
watch this short filim please visit through this link.

By
Sreeraj Ramachandran

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo