കാളിയമ്മ
________________________________
നരയും കറുപ്പും ഇടകലർന്നു രണ്ടുമല്ലാത്തൊരു നിറമുള്ള ഇത്തിരി മുടി കൊച്ചൊരു കുടുമിപോലെ കെട്ടിവച്ചു ചുവപ്പ് നിറത്തിലൊരു കെട്ടുബ്ലൗസുമിട്ട് മുഷിഞ്ഞ കോടിമുണ്ടിന്റെ കോന്തലയിൽ മുറുക്കാൻപൊതിയുമായി വീട്ടിലേക്കുള്ള ചെറിയ കയറ്റം കയറി വരുന്ന കാളിയമ്മ എന്റെ ബാല്യകാലസ്മരണകളിലെ നിറസാന്നിധ്യമാണ്... വെളുത്തു തുടുത്ത അത്യാവശ്യം തടിയുള്ള സുന്ദരിയമ്മൂമ്മ.. നല്ല വെണ്ണ നിറമുള്ള മുഖത്ത് വട്ടത്തിലുമല്ല ചതുരത്തിലുമല്ലാത്തൊരു സിന്ദൂരപ്പൊട്ട് എപ്പോഴുമുണ്ടാവും... നെറ്റിയിൽ നിന്നുമൊലിക്കുന്ന വിയർപ്പു ചാലിനാൽ നാനാവിധമാകുന്നൊരു ചുവന്ന പൊട്ട്..! പ്രായാധിക്യം കൊണ്ടാണോ എന്തോ എപ്പോഴും കാളിയമ്മയ്ക്കൊരു വിറയലുണ്ടായിരുന്നു.. വിറയലിനൊപ്പം തൂങ്ങിയാടുന്ന വലിഞ്ഞു നീണ്ട കാതുകൾ ... അടുത്തെത്തുമ്പോൾ സഹിക്കാൻ വയ്യാത്തൊരു ഗന്ധവും.... ചെളിപുരണ്ട കൈനഖങ്ങളും മുറുക്കാൻ കറ പുരണ്ട കുറ്റിപ്പല്ലുകളും സ്വതവേ സുന്ദരിയായ അവരുടെ ശോഭ കെടുത്തിയിരുന്നു...
മക്കളും കൊച്ചുമക്കളും അവരുടെ മക്കളുമൊക്കെയുള്ള മുതുമുത്തശ്ശിയാണെങ്കിലും കാളിയമ്മ നല്ല 'പയറു പോലെ ' ഓടിനടക്കും..കാര്യം നല്ല ആരോഗ്യമൊക്കെയുണ്ടെകിലും വീട്ടിൽ ഒരുള്ളിപൊളിക്കാൻ പോലും കാളിയമ്മയെ കിട്ടില്ല.. കിഴക്ക് വെള്ളകീറുന്നതു മുതൽ അന്തിക്കൂമൻ ചേക്കേറുന്നതുവരെ കാളിയമ്മ സർക്കീട്ടിലായിരിക്കും... വീട്ടിൽ നിന്നും രാവിലെതന്നെ ഇറങ്ങും 'കര തെണ്ടാൻ'....!! ആ പ്രയോഗത്തിന്റെ പകർപ്പവകാശം കാളിയമ്മയുടെ മരുമകൾ രാജമ്മചേച്ചിക്ക് സ്വന്തം..
അയല്പക്കത്തെ വീടുകളോരോന്നായി കയറിയിറങ്ങി നട്ടുവർത്തമാനങ്ങളും ആവശ്യത്തിനു കുറ്റവും കുശുമ്പുമൊക്കെ പറഞ്ഞങ്ങനെയിരിക്കുമ്പോ കാളിയമ്മ ചോദിക്കും...." ഇത്തിരി കഞ്ഞീടെ വെള്ളമിങ്ങു കാട്ടിയേ കൊച്ചേ... " അപ്പൊ "അയ്യോ ഉച്ചനേരത്താണോ കഞ്ഞിവെള്ളം... വാ നമുക്ക് ചോറുണ്ണാം" എന്നു പറഞ്ഞുകൊണ്ട് അമ്മ ചോറു വിളമ്പാൻ പോകുന്നേരം മുറുക്കിത്തുപ്പൽ ഒലിച്ചിറങ്ങിയ ചുണ്ടിന്റെ കോണുകൾ വിറകുകൊള്ളിപോലെ പരുപരുത്ത കൈവിരലുകൾ കൊണ്ട് തുടച്ചു കൊണ്ട് സമീപത്തു വായിനോക്കി നിൽക്കുന്ന എന്നോട് ചോദിക്കും "കാളിയമ്മയ്ക്കു വായ് കഴുകാൻ ഇത്തിരി വെള്ളം കൊണ്ടുവാ മക്കളെ "...ഇതൊക്കെ എന്നുമുളള പതിവാണെങ്കിലും കാളിയമ്മ വളരെ നാടകീയമായാണ് ഓരോ നീക്കങ്ങളും നടത്തുക... കാളിയമ്മ അങ്ങനെയാണ്... അവർക്ക് വീട്ടിൽ ഒന്നിനും ഒരു കുറവുണ്ടായിട്ടല്ല... ഏത് വീട്ടിൽ ചെന്നാലും അവിടെനിന്നും ആഹാരം ചോദിച്ചു മേടിച്ചു കഴിക്കും.. മരുമകൾ രാജമ്മയുടെ പോരിനെ പറ്റിയും കൊച്ചുമകൾ രേഷ്മയുടെ ഒരുങ്ങിക്കെട്ടലിനെ പറ്റിയും കൊച്ചു മരുമകൾ മിനിയുടെ വീട്ടുകാർ പ്രസവത്തിനു വിടീലിനു ദാരിദ്ര്യം കാണിച്ചതിനെപ്പറ്റിയുമൊക്കെ വിസ്തരിച്ചു കൊണ്ട് കാളിയമ്മ ചോറുണ്ണുന്നതു കണ്ടാൽ ലോകത്തിലേറ്റവും രുചിയുള്ള ആഹാരം ചോറാണെന്നു തോന്നിപ്പോകും !
കാളിയമ്മ വീട്ടിലെത്തിയാൽ പിന്നെ ഞാനും അനിയനും അടുത്തു നിന്നും മാറാതെ നിൽക്കും... വേറൊന്നും കൊണ്ടല്ല... അവരുടെ വർത്താനം കേട്ടിരിക്കാൻ നല്ല രസമാണ്... ഇടയ്ക്കിടെ പൊട്ടിച്ചിരിച്ചും... "ഹല്ല പിന്നെ " എന്ന് കൂടെക്കൂടെ പറഞ്ഞും കാളിയമ്മയെങ്ങനെ കഥകളുടെ ഭാണ്ഡമഴിക്കുമ്പോ കേട്ടു നിൽക്കുന്ന ഞങ്ങളെ നോക്കി കണ്ണുരുട്ടിക്കൊണ്ട് അമ്മ കല്പിക്കും.. "പൊക്കോണം അപ്പുറത്ത് ... മൂത്തവർ വാ കിടുക്കുന്നിടത് വന്നു നിന്നോളും"..മടിച്ചാണെങ്കിലും ഞങ്ങൾ പിൻവാങ്ങുമെങ്കിലും എട്ടുനാടും പൊട്ടുമാറു തൊണ്ടകീറുന്ന കാളിയമ്മയുടെ പുരാണം രണ്ടുവീടപ്പുറത്തും കേൾക്കാമെന്നതിനാൽ ഞാനാൾക്കതൊരു വിഷയമായിരുന്നില്ല.. കാളിയമ്മയുടെ ലോകകാര്യം പറച്ചിലുകളിൽനിന്ന് ഞങ്ങൾക്കും കുറെ ലോകവിവരം കിട്ടിയെന്നു പറഞ്ഞാൽ മതിയല്ലോ..
കൂടോത്രം എന്ന വാക്ക് ഞാൻ ആദ്യം കേൾക്കുന്നത് കാളിയമ്മ പറഞ്ഞാണ്.. മരുമകൾ തന്നെ കൊല്ലാൻ വീട്ടിൽ കൂടോത്രം ചെയ്തു വച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് പകൽ വീട്ടിലിരിക്കാത്തതെന്നും കാളിയമ്മ പറഞ്ഞു വെക്കുമ്പോൾ രാത്രിയിൽ എഫക്ട് ഇല്ലാത്ത, പകൽ മാത്രം വർക്ക്ഔട്ടാകുന്ന എന്തോ സംഭവമാണീ കൂടോത്രം എന്ന് ഞാൻ ധരിച്ചു പോയി...
അതുപോലെതന്നെ കറവക്കാരൻ ഷംസുദ്ദീൻ കുടിച്ചിട്ട് വന്നു ഭാര്യയെ തല്ലുന്നത് അവൾക്കു 'രഹസ്യക്കാരൻ' ഉള്ളതുകൊണ്ടാണത്രെ... എന്താണപ്പാ ഈ രഹസ്യക്കാരൻ എന്ന് ഞങ്ങൾ അമ്പരന്നെങ്കിലും തല്ലുകിട്ടുന്ന കാര്യമായതുകൊണ്ട് അമ്മയോട് ചോദിക്കാൻ മെനക്കെട്ടില്ല..
പിന്നെയും മൂപ്പത്തി പറഞ്ഞു കൂട്ടിയ കഥകളിൽ നിന്നും ഞാൻ മനസ്സിലാക്കിയ മറ്റൊരു കാര്യമാണ് ഗവണ്മെന്റാശുപത്രിയിൽ പോയി പ്രസവം നിർത്തിയാൽ ബക്കറ്റും തോർത്തും കിട്ടുമെന്ന് !! എങ്ങനെയാണ് പ്രസവം നിർത്തുന്നത് എന്ന ചോദ്യത്തിന് അമ്മേടെ തവിക്കണകൊണ്ടുള്ള അടി മറുപടികിട്ടിയപ്പോ ഞാൻ തീരുമാനിച്ചു കൊന്നാലും ഇനി കാളിയമ്മയുടെ 'മൊഴിമുത്തുകൾക്ക് ' ചെവികൊടുക്കില്ലെന്ന് ...
ചിരിച്ചുകളിച്ചു വർത്തമാനം പറയുമെങ്കിലും പിണങ്ങിയാൽ കാളിയമ്മ കണ്ണുപൊട്ടുന്ന ചീത്ത വിളിച്ചു പറഞ്ഞുകളയും... അതും സ്ഥലകാല പരിഗണന ലവലേശമില്ലാതെ.. !!അതുകൊണ്ട് നാട്ടുകാരും വീട്ടുകാരും കഴിവതും കാളിയമ്മക്ക് ദേഷ്യം വരാതെ സൂക്ഷിക്കും..എത്ര സൂക്ഷിച്ചാലും മരുമകൾ എന്ന നിലയിൽ രാജമ്മ ചേച്ചി ചിലപ്പോഴൊക്കെ കാളിയമ്മയുമായി ഏറ്റുമുട്ടൽ നടത്താറുണ്ട്... "നാട്ടുകാരോട് പോയി എരന്നു തിന്നാൻ നാണമില്ലേ തള്ളേ".. എന്ന് ചോദിക്കുന്ന രാജമ്മയെ "ഞാൻ ജനിച്ചു വളർന്ന നാട്ടിൽ എനിക്കിഷ്ടമുള്ളപോലെ ഞാൻ ജീവിക്കുമെടീ "എന്നലറിക്കൊണ്ട് കാളിയമ്മ നേരിടുമ്പോ കലുഷിതമാകുന്ന കുടുംബാന്തരീക്ഷത്തിൽ കാളിയമ്മയുടെ സീമന്തപുത്രൻ കുട്ടപ്പൻചേട്ടൻ അന്തിക്കള്ളും മോന്തി വന്നു കേറുന്ന നേരം അവിടമൊരു പോർക്കളമായി മാറുന്നത് ഞങ്ങളുൾപ്പടെയുള്ള അയൽക്കാരുടെ വൈകുന്നേരങ്ങളിലെ പതിവ് അലോസരമായിരുന്നു..
വഴക്കും വക്കാണവുമൊന്നടങ്ങികഴിയുമ്പോ കേൾക്കാം കാളിയമ്മയുടെ എണ്ണിപ്പെറുക്കലുകൾ... അവ ചിലപ്പോൾ മണ്മറഞ്ഞ പ്രിയ ഭർത്താവു ചാത്തുണ്ണിയുടെ മധുരസ്മരണകളാവാം അല്ലെങ്കിൽ സ്വന്തം ചെറുപ്പകാലത്തെ വീരസാഹസങ്ങളുടെ അയവിറക്കലാകാം... എന്തായാലും ഞങ്ങൾ ഉറക്കം പിടിക്കുന്നതിനു മുൻപുതന്നെ കേൾക്കാം ആ വീട്ടിൽ നിന്നുയരുന്ന പൊട്ടിച്ചിരികളും സന്തോഷം പങ്കുവെയ്ക്കലുകളും... അത്രേയുള്ളൂ കാളിയമ്മയുടെ വഴക്ക്... ആരും സങ്കടപ്പെടുന്നത് കാണാൻ കാളിയമ്മക്ക് വയ്യ... അത് മരുമകൾ രാജമ്മയായാലും.. !!
ആ സ്നേഹവും കരുതലും രാജമ്മചേച്ചിക്ക് കാളിയമ്മയോടുമുണ്ടായിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയത് പിന്നെയും എത്രയോ വർഷങ്ങൾ കഴിഞ്ഞാണ്... പെട്ടന്ന് ബി പി കൂടി ഒരു വശം തളർന്ന കാളിയമ്മയെ പൊന്നുപോലെ നോക്കിയതും പിന്നീട് പൂർണ്ണമായും കിടപ്പിലായിപ്പോയിട്ടും കാളിയമ്മയുടെ മരണം വരെ ഒരു പരിഭവം പോലും പറയാതെ ശുശ്രൂഷിച്ചതും ആ സ്നേഹത്തിന് തെളിവായി..
കാളിയമ്മയുടെ ശവദാഹം കഴിഞ്ഞു ആളുകൾ പിരിഞ്ഞ നേരം "ഞങ്ങളെയിട്ടേച്ചു പോയല്ലോ " എന്നും പറഞ്ഞു കാളിയമ്മയുടെ ഫോട്ടോ നോക്കി ഒരു ഭ്രാന്തിയെപ്പോലെ അലമുറയിട്ട രാജമ്മചേച്ചിയുടെ ദുഃഖം കാണാച്ചരടുകൾക്കൊണ്ടു കൂട്ടിയിണക്കപ്പെട്ട കർമ്മബന്ധങ്ങളുടെ ഇഴയടുപ്പം എന്റെ മുൻപിൽ അനാവരണം ചെയ്യുകയായിരുന്നു...
കാളിയമ്മ കടന്നുപോയെങ്കിലും അവരുടെ ഓർമ്മകൾക്ക് എന്റെയുള്ളിൽ മരണമില്ല... ഒരുപാടു തിരക്കുകളിൽ പെട്ട് മനസ്സ് മടുത്ത് പോയകാല സ്മരണകളിൽ ഒന്നു മുങ്ങി നിവരുമ്പോ കൈയിൽ തടഞ്ഞ അമൂല്യമായ മുത്തുച്ചിപ്പിപോലെ കാളിയമ്മയുടെ നാട്ടുവർത്തമാനങ്ങളെ ഞാൻ ഇടയ്ക്കിടെ നെഞ്ചോടു ചേർക്കാറുണ്ട്...ഒപ്പം എത്രയാഗ്രഹിച്ചാലും തിരികെകിട്ടാത്ത എന്റെ ബാല്യകാലത്തെയും..
AnjuAnthony,
💜

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക