
നീ എന്താ ഈ പറയുന്നതെന്ന് വല്ല ബോധവുമുണ്ടോ ശ്രുതീ നിനക്ക്?"
"ഞാൻ നല്ല ബോധത്തോടെ തന്നെയാണ് സംസാരിക്കുന്നത്.നമുക്ക് പിരിയാം."
റോഷൻ ഇടിവെട്ടേറ്റത് പോലെ നിന്നു.കഴിഞ്ഞ നാലു ദിവസമായി ശ്രുതി അവനോട് സംസാരിക്കാറുണ്ടായിരുന്നില്ല.മെസ്സേജിന് മറുപടി ഇല്ല,വിളിച്ചാൽ ഫോണും എടുക്കില്ല. അവസാനം തമ്മിൽ കണ്ടു പിരിഞ്ഞപ്പോൾ അവളുടെ മനസ്സിൽ എന്തെങ്കിലും വിഷമമുള്ളതായി റോഷന് തോന്നിയിരുന്നില്ല. അവളിൽ പെട്ടെന്നുണ്ടായ മാറ്റം അയാളെ ഞെട്ടിച്ചു.
"താൻ കാണണമെന്ന് പറഞ്ഞു വിളിച്ചപ്പോൾ ഞാൻ എത്ര സന്തോഷിച്ചുവെന്നോ.നിനക്കോർമ്മയുണ്ടോ രണ്ടു വർഷം മുൻപ് ഈ വാകമരത്തിന്റെ ചുവട്ടിൽ വച്ചാണ് നമ്മൾ പരസ്പരം തോന്നിയ ഇഷ്ടം ആദ്യമായി തുറന്നു പറഞ്ഞത്."
"എനിക്കറിയാം. അതുകൊണ്ടാണ് ഇവിടെ വച്ചു തന്നെ കാണാമെന്നു പറഞ്ഞത്.ഇവിടെ വച്ചു തുടങ്ങിയത് ഇവിടെ വച്ചു തന്നെ അവസാനിക്കട്ടെ."
"നിന്റെ ഉള്ളിലെ വിഷമം എന്താണെന്ന് എനിക്കിപ്പോഴും അറിയില്ല.പിരിയാനാണ് നിന്റെ ആഗ്രഹമെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ."
ഒരു നീണ്ടനേരത്തെ മൗനത്തിനു ശേഷം റോഷൻ നൽകിയ മറുപടി ശ്രുതിയെ ഞെട്ടിച്ചു.അത് അവൻ മനസ്സിലാക്കാതിരിക്കാൻ വേണ്ടി അവൾ വീണ്ടും ക്ഷോഭിച്ചു.
"അല്ലെങ്കിലും നിനക്ക് വിഷമമുണ്ടാവില്ല എന്നെനിക്കറിയാം.ഞാൻ പോയാലെന്താ അവളുണ്ടല്ലോ നിനക്ക്,നിന്റെ പ്രീതി."
റോഷൻ കോപം കടിച്ചമർത്തി.
"ഓഹോ,അപ്പൊ അതാണ് നിന്റെ പ്രശ്‌നം. കഷ്ടം,പ്രീതി എന്റെ നല്ലൊരു സുഹൃത്തും സഹോദരിയുമാണ്. അത് മറ്റാരേക്കാളും നീ മനസ്സിലാക്കിയിട്ടുണ്ടെന്നാണ് ഞാൻ വിചാരിച്ചത്.നമ്മൾ ഒന്നിക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് അവളാണ്.അതറിയാമോ നിനക്ക്?"
"എനിക്കൊന്നും കേൾക്കണ്ട. പറയാനുള്ളതെല്ലാം ഞാൻ പറഞ്ഞു കഴിഞ്ഞു. ഇനി മേലിൽ എന്നെ കാണാൻ ശ്രമിക്കരുത്."
ശ്രുതി മുഖം തിരിച്ചു. നിറഞ്ഞു തുടങ്ങിയ കണ്ണുകൾ റോഷൻ കാണാതിരിക്കാനായി ഷാളിന്റെ തുമ്പു കൊണ്ട് പതിയെ തുടച്ച് അവൾ നടന്നകന്നു.
ശ്രുതി വീട്ടിലെത്തിയപ്പോൾ അവളുടെ അച്ഛൻ വിശ്വനാഥ മേനോൻ മകളെ കാത്ത് വരാന്തയിലെ ചാരുകസേരയിൽ ഇരിപ്പുണ്ടായിരുന്നു.അയാൾ മുഖം ഉയർത്തി അവളെ നോക്കി.
"അച്ഛൻ പറഞ്ഞത് പോലെ തന്നെ റോഷനുമായുള്ള എല്ലാ ബന്ധവും ഞാൻ ഉപേക്ഷിച്ചു. ഇനി മേലിൽ ഞങ്ങൾ തമ്മിൽ കാണുകയോ സംസാരിക്കുകയോ ചെയ്യില്ല.
സ്വന്തം മകൾ ഒരന്യജാതിക്കാരനെ സ്നേഹിച്ചതിന്റെ പേരിൽ മേലേടത്ത് വിശ്വനാഥ മേനോന് ആരുടെ മുമ്പിലും തല കുനിക്കേണ്ടി വരില്ല."
സ്വന്തം മകൾ ഒരന്യജാതിക്കാരനെ സ്നേഹിച്ചതിന്റെ പേരിൽ മേലേടത്ത് വിശ്വനാഥ മേനോന് ആരുടെ മുമ്പിലും തല കുനിക്കേണ്ടി വരില്ല."
വിശ്വനാഥ മേനോൻ ഒന്നു ചിരിച്ചു,കൗശലക്കാരനായ ഒരു കുറുക്കനെ പോലെ.
ശ്രുതി അവളുടെ മുറിയിലേക്ക് പോയി.കതകടച്ച ശേഷം ഒരു കരച്ചിലോടെ കട്ടിലിലേക്ക് വീണു.കരഞ്ഞു കലങ്ങിയ കണ്ണുകൾക്കു മുന്നിൽ നാലു ദിവസം മുമ്പ് വീട്ടിലുണ്ടായ സംഭവങ്ങൾ വീണ്ടും തെളിഞ്ഞു വന്നു.
"മോളെ നീ നമ്മുടെ ശ്രീജേഷിനെ അറിയില്ലേ.അംബുജാക്ഷൻ ഡോക്ടറുടെ മകൻ. ഡോക്ടറാ. അവന് നിന്നെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്.ഞാൻ നോക്കിയിട്ട് ഇത് നമ്മുടെ കുടുംബത്തിന് പറ്റിയ ബന്ധമാ.സമ്പത്തിലും തറവാടിത്തത്തിലും നമ്മളേക്കാൾ ഒട്ടും പിന്നിലല്ല അവർ."
റോഷനെ അവസാനമായി കണ്ടു പിരിഞ്ഞ അന്ന് രാത്രി അവർ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സമയത്ത് ശ്രുതിയുടെ അച്ഛൻ അവളോട് പറഞ്ഞു.
"എനിക്കിപ്പോ കല്യാണം വേണ്ടച്ഛാ.കോഴ്സ് കഴിയാൻ ഒരു കൊല്ലം കൂടിയുണ്ട്."
"കല്യാണം ഒരു കൊല്ലം കഴിഞ്ഞു മതി.ഇപ്പൊ ഒന്നു വാക്കാൽ ഉറപ്പിച്ചു വയ്ക്കാം.അവരെല്ലാവരും ഈ ഞായറാഴ്ച ഇങ്ങോട്ടു വരും."
ശ്രുതി ഊണ് നിർത്തി.
"മോളൊന്നും പറഞ്ഞില്ല."
"അച്ഛൻ ക്ഷമിക്കണം. എനിക്കൊരാളെ ഇഷ്ടമാണ്.അയാളെയല്ലാതെ മറ്റാരെയും ഞാൻ വിവാഹം കഴിക്കില്ല."
മേനോന്റെ മുഖം കോപം കൊണ്ടു ജ്വലിച്ചു.
"ഏതവനാടി അത്?"
ശ്രുതിയുടെ അമ്മ ചോദിച്ചു.
"പേര് റോഷൻ.ക്രിസ്‌ത്യാനിയാണ്.കോളേജിൽ എന്റെ സീനിയറാ.കഴിഞ്ഞ രണ്ടു വർഷമായി ഞങ്ങൾ തമ്മിൽ സ്നേഹത്തിലാണ്."
വിശ്വനാഥ മേനോൻ വർദ്ധിച്ച കോപത്തോടെ ഊണ് നിർത്തി എഴുന്നേറ്റു.
"ഈ മോഹം മുളയിലേ നുള്ളിക്കളയുന്നതാണ് നിനക്ക് നല്ലത്.ഒരു അന്യജാതിക്കാരന് നിന്നെ കെട്ടിച്ചു കൊടുക്കുമെന്ന് എന്റെ മോള് കരുതണ്ട.എന്റെ കൊക്കിന് ജീവനുണ്ടെങ്കിൽ അത് നടക്കില്ല."
മേനോൻ തന്റെ മുറിയിലേക്ക് കയറിപ്പോയി.പിന്നീടുള്ള രണ്ടു ദിവസം അവൾ ഉറങ്ങിയില്ല.റോഷന്റെ കാളുകൾ അറ്റൻഡ് ചെയ്തതുമില്ല.മൂന്നാം ദിവസം രാത്രി വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ വരെ ശ്രമം നടത്തി.പക്ഷേ ഹാളിൽ എത്തിയ അവൾ കണ്ടത് കൈയിൽ വിഷക്കുപ്പിയുമായി നിൽക്കുന്ന സ്വന്തം മാതാപിതാക്കളെയാണ്.
"എന്റെ മോള് ഇഷ്ടപ്പെട്ട പയ്യനൊപ്പം ജീവിക്കാൻ പോകുവല്ലേ. അതിന് മുൻപ് അച്ഛനും അമ്മയും മരിക്കുന്നത് കൂടി കണ്ടിട്ടു പൊയ്ക്കോ."
എന്തു ചെയ്യുമെന്നറിയാതെ അവൾ നിസ്സഹായയായി നിൽക്കേ,വിശ്വനാഥ മേനോൻ വിഷം തന്റെ ചുണ്ടോട് ചേർത്തു.അടുത്ത നിമിഷം ശ്രുതി അച്ഛന്റെ അടുക്കൽ ഓടിയെത്തി അത് തട്ടിത്തെറിപ്പിച്ചു.അന്ന് രാത്രി അവൾ റോഷനെ തന്നിൽ നിന്നും അകറ്റാൻ തീരുമാനിച്ചു.അവൾക്കു വേണ്ടിയല്ല, അച്ഛനമ്മമാരുടെ സന്തോഷത്തിനായി....അതു കൊണ്ടാണ് നല്ല സുഹൃത്തുക്കൾ മാത്രമാണെന്ന് ഉത്തമ ബോദ്ധ്യമുണ്ടായിട്ടും പ്രീതിയേയും റോഷനെയും അവൾ കാമുകീ കാമുകന്മാരായി ചിത്രീകരിച്ചത്.ഒടുവിൽ എല്ലാം അവളുടെ അച്ഛൻ വിചാരിച്ച വഴിക്ക് തന്നെ എത്തി.ആർക്കു മുന്നിലും തോൽക്കാത്ത മേലേടത്ത് വിശ്വനാഥ മേനോൻ ഒടുവിൽ സ്വന്തം മകൾക്ക് മുന്നിലും ജയിച്ചു.
പെട്ടെന്ന് മുറിയുടെ വാതിലിൽ ആരോ മുട്ടുന്നത് കേട്ട് ശ്രുതി തന്റെ ചിന്തകളിൽ നിന്നുണർന്നു.വാതിൽ തുറന്ന അവൾ കണ്ടത് തനിക്ക് മുന്നിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന റോഷനെയും പ്രീതിയേയുമാണ്.
"റോഷൻ....പ്രീതി.... നിങ്ങൾ ഇവിടെ?"
"സംശയിക്കേണ്ട.അവരെ ഞാനാ കൊണ്ടു വന്നത്.''
അവൾ അത്ഭുതപ്പെട്ടു നിൽക്കേ വിശ്വനാഥ മേനോനും ഭാര്യയും അവിടെയെത്തി.
"എനിക്കൊന്നും മനസ്സിലാകുന്നില്ല."
"നീ ഇവിടെ നിന്നിറങ്ങിയപ്പോഴേ എനിക്കറിയാമായിരുന്നു ഇന്ന് നിങ്ങൾ തമ്മിൽ കാണുമെന്ന്.ഒരു പക്ഷേ, റോഷനെ നേരിൽ കണ്ടു സംസാരിച്ചാൽ നിന്റെ മനസ്സു വീണ്ടും മാറുമെന്ന് ഞാൻ കരുതി.അതു കൊണ്ട് ഞാൻ നിന്റെ പിന്നാലെ തന്നെയുണ്ടായിരുന്നു.നിങ്ങൾ തമ്മിൽ സംസാരിച്ചതെല്ലാം ഞാൻ കേട്ടു.നീ ഞങ്ങളെ എത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്ന് ഇന്നെനിക്ക് മനസ്സിലായി.ഞങ്ങൾ മരിക്കുമെന്ന് ഭയന്നല്ലേ നീ നിന്റെ ഇഷ്ടം വേണ്ടെന്നു വച്ചത്.ഇനി അത് വേണ്ട."
മേനോൻ റോഷന് നേരെ തിരിഞ്ഞു.
"റോഷൻ,നാളെ തന്നെ വീട്ടുകാരെയും കൂട്ടി വന്നോളൂ.നമുക്ക് എല്ലാം പറഞ്ഞുറപ്പിക്കാം.ഒരു കൊല്ലം കഴിഞ്ഞ് വിവാഹം എന്താ?"
"ശരി അങ്കിൾ."
ശ്രുതി അവിശ്വസനീയതയോടെ അച്ഛനെ നോക്കി.അവളെ നോക്കി ഒന്നു പുഞ്ചിരിച്ച ശേഷം മേനോനും ഭാര്യയും മുറി വിട്ടു പോയി.
"എന്നാലും നീയെന്നെ വില്ലത്തിയാക്കി കളഞ്ഞല്ലോ മോളേ?"
പ്രീതി ചോദിച്ചു.
"സോറി പ്രീതി, റോഷൻ എങ്ങനെയെങ്കിലും എന്നെ വെറുക്കണമെന്നു മാത്രമേ ഞാൻ വിചാരിച്ചുള്ളൂ.അതിന് വേറൊരു വഴിയും ഞാൻ കണ്ടില്ല."
"ഉം... എന്തായാലും കൊള്ളാം.എന്നാ നിങ്ങൾ സംസാരിക്ക്. ഞാൻ പുറത്തുണ്ടാവും."
പ്രീതി കൂടി പോയതോടെ ആ മുറിയിൽ ശ്രുതിയും റോഷനും മാത്രമായി.അവൾ അവന്റെ മാറിലേക്ക് ചാഞ്ഞു.റോഷൻ അവളുടെ മുഖമുയർത്തി,കണ്ണിൽ നിന്നും ഒഴുകി വന്ന കണ്ണുനീർ പതിയെ തുടച്ചു.
"സോറി റോഷൻ."
"എന്തിന്?നീ പറയുന്നതെല്ലാം കള്ളമാണെന്ന് പറഞ്ഞു തുടങ്ങിയപ്പോഴേ എനിക്ക് മനസ്സിലായി."
"എങ്ങനെ?"
"ഞാൻ പറഞ്ഞിട്ടില്ലേ എനിക്കേറ്റവും ഇഷ്ടം നിന്റെ കണ്ണുകളാണെന്ന്.നിന്റെ ചുണ്ടുകൾ കള്ളം പറഞ്ഞാലും കണ്ണുകൾ എനിക്ക് കാട്ടിത്തരും പറയുന്നത് കളവാണോ സത്യമാണോ എന്ന്. അത് നിനക്കുമറിയാം. അത് കൊണ്ടാണല്ലോ അവിടെ വച്ച് അത്രയും സമയം സംസാരിച്ചിട്ടും ഒരു തവണ പോലും നീ എന്റെ മുഖത്ത് നോക്കാതിരുന്നത്.പിന്നെ പ്രീതിയെക്കുറിച്ചു നീ പറഞ്ഞതു കേട്ടപ്പോൾ മാത്രം എനിക്ക് ദേഷ്യം വന്നു.നിന്നിൽ നിന്നും ഞാൻ അത് പ്രതീക്ഷിച്ചിരുന്നില്ല."
അവൾ തന്റെ വലത് കൈ കൊണ്ട് റോഷന്റെ വാ പൊത്തി. അവൻ ആ കൈയിൽ മൃദുവായി ചുംബിച്ചു.ആ സമയം അവൾ നാണത്തോടെ കൈ പിൻവലിച്ചു.അവൻ ശ്രുതിയുടെ അടുത്തേക്ക് കൂടുതൽ കൂടുതൽ നീങ്ങി നിന്നു.
"അല്ല,അപ്പൊ എങ്ങനാ കാര്യങ്ങള്?"
"എന്ത്?"
"അല്ലാ, ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇനി ഒരു കൊല്ലം കാത്തിരിക്കണോ?നാളെ അപ്പച്ചനെയും അമ്മച്ചിയേം കൂട്ടിക്കൊണ്ടു വരാനല്ലേ അങ്കിള് പറഞ്ഞത്.നാളെ തന്നെ നല്ലൊരു മുഹൂർത്തം നോക്കി ഈ മാസം തന്നെ നിന്നെ എന്റെ വീട്ടിലോട്ട് കൊണ്ടു പോയാലെന്താന്നാ ഞാൻ ആലോചിക്കുന്നേ. എന്താ നിന്റെ അഭിപ്രായം?"
"അയ്യടാ."
അവൾ തന്റെ അരികിലേക്ക് നീങ്ങി വന്ന റോഷനെ തള്ളിമാറ്റി ഓടാൻ ഭാവിച്ചു.അവൻ ശ്രുതിയെ തന്റെ കൈകൾ കൊണ്ട് തന്നിലേക്ക് വലിച്ചടുപ്പിച്ചു. എന്നിട്ട് അവളുടെ നെറുകയിൽ ഉമ്മ വച്ചു.
~ജിഷ്‌ണു മുരളീധരൻ~
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക