നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഹുമാർ...

ഹുമാർ...
നാട്ടിൽ മരംകയറിയും ഗുസ്തി കളിച്ചും സിന്ദാബാദും ഒക്കെ വിളിച്ച് ഒരു പണിയുമില്ലാതെ നടന്നപ്പോഴാണ് കുമാറും സത്യനും ഗൾഫിലേക്ക് വരാൻ ഒരവസരം കിട്ടി വണ്ടി കയറിയത്...
ഗുസ്തി കളിച്ച് നടന്നതിന്റെ ശാരീരിക ഗുണം ഒന്നുകൊണ്ട് മാത്രം ഈന്തപ്പനകളുടെ നാട്ടിലെ പോലീസിന്റെ കീഴിലെ പരീശീനം ഒക്കെ നേടി സെക്യൂരിറ്റി എന്ന കുപ്പായമണിഞ്ഞു.... മലയാളമല്ലാതെ ഒരു വക.....രാഷ്ട്രഭാഷ ഹിന്ദി ആയ നാട്ടിൽ നിന്നു വന്ന ഇവർക്കറിയില്ല....
കണ്ട ബംഗാളികളും....പാക്കിസ്ഥാനികളും....
എന്തിന്....ആഫ്രിക്കകാരും അറബികളും വരെ ഹിന്ദി പറയുന്നത് കേട്ട് വായും തുറന്നിരിക്കുന്ന സത്യനും കുമാറും.....ആരെങ്കിലും ഹിന്ദിയിൽ ഭക്ഷണം കഴിച്ചോ....എന്ന് ചോദിച്ചാൽ.....
ദിൽ തൊ പാഗൽ ഹെ....എന്ന് കുമാറും അത് കേട്ട് ദിൽവാലെ ദുൽഹനിയ ലേജായേഗെ....
എന്ന് സത്യനും മറുപടി പറയും....
ആകെ അറിയാവുന്ന ഹിന്ദി അതൊക്കെ ആണല്ലോ....
കുമാറിന് പകൽ ഒരു ഷോപ്പിംഗ് മാളിലും സത്യന് രാത്രി ഒരു ബാങ്കിലുമായി.... ജോലി ആരംഭിച്ചു രണ്ടു സമയമായതിനാൽ തമ്മിൽ കാണാൻ സാധിക്കാതിരുന്ന അവർ ഒരു അവധി ദിവസം മുറിയിൽ ഒത്തുകൂടി പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുവാണ്....
"ടാ...അളിയാ ഇവിടത്തെ അറബികൾക്കൊക്കെ ഭയങ്കര സിദ്ധി ആണെന്ന് തോന്നുന്നു കേട്ടോ..." മുറിയിലെ ഉറങ്ങിക്കിടക്കുന്ന സീനിയർ പ്രവാസിക്ക് ശല്യമുണ്ടാക്കാതെ ശബ്ദം താഴ്ത്തി കുമാർ സത്യനോട് പറഞ്ഞു.....
''ആണോ എന്തു പറ്റി മച്ചാനെ അങ്ങനെ തോന്നാൻ......" എന്ന് സത്യൻ
"അതൊ.... ഇന്നലെ ഒരു പരിചയവുമില്ലാത്തൊരു അറബി എന്റെ മുഖത്ത് നോക്കി പേരുവിളിച്ചു കുമാർ...കുമാർ...എന്ന്‌..."
"അതെങ്ങനെ.... "സത്യൻ ചോദിച്ചു....
ഇന്നലെ ഷോപ്പ് അടയ്ക്കാൻ നേരം ഞാൻ ഫ്രൂട്ട്സ് സെക്ഷനിൽ ഡ്യൂട്ടിയ്ക്ക് നിൽക്കുവായിരുന്നു.....
കുമാർ ഒരു കഥ പറയും പോലെ പറഞ്ഞു തുടങ്ങി....
സെക്യൂരിറ്റി വേഷത്തിൽ കൈകൾ ഒക്കെ പുറകിൽ കെട്ടി ഒരു പോലീസിനെ പോലെ നാട്ടിൽ വച്ചൊന്നും കണ്ടിട്ട് പോലുമില്ലാത്ത സ്ട്രാബറിയും മറ്റ് പഴങ്ങളിലുമൊക്കെ നോക്കി വായിൽ വെള്ളവും ഇറക്കി കുമാർ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോഴാണ് പ്രായം ചെന്ന ഒരു അറബി അവന്റെ അടുക്കലേക്ക് ചെന്ന് ചോദിച്ചു.... "വെയ്ൻ... ഹലീബ്.... രക്കമ്പ്..... "
"ങേ... " കുമാർ കണ്ണു തള്ളി...
തള്ളേ... എന്തോന്നാപ്പാ.. ഈ കിളവൻ ചോദിക്കുന്നത്.....
"സോറി സർ.... കുമാർ ശബ്ദം താഴ്ത്തി വിനീതനായി അയാളോട് പറഞ്ഞു.
"സാദിക്ക്...വെയ്ൻ ഹലീബ്....രക്കമ്പ്..... " അയാൾ വീണ്ടും
ഒന്നും മനസ്സിലാക്കാത്ത കുമാർ വീണ്ടും പറഞ്ഞു "സോറി.... സർ......."
"അള്ളാ..ഷൂ...ആദാ....
സാദിക്ക്..ഹലീബ്......ഹലീബ്......"
അറബി രണ്ടു കൈയ്യും കുമാറിന് നേരെ നീട്ടി ദേഷ്യം പിടിച്ച് അല്പം ശബ്ദമുയർന്നിരുന്നു....
കുമാർ ഒരു സഹായത്തിനായി നാലുപാടും നോക്കി ആരും ശ്രദ്ധിക്കുന്നില്ല....
"ഐ ഡോന്റ് നോ...സർ... "കുമാർ പറഞ്ഞു
"അന മാഫീ മാലൂം ഇംഗ്ലീസിയ.... ഇൻത...സവയ്... കലാം അറബി...."
അയാൾ വീണ്ടും ചോദിച്ചു...
ഒന്നും മിണ്ടാതെ നിൽക്കുന്ന കുമാറിനെ നോക്കി അറബി അവസാനം അണിഞ്ഞിരുന്ന...
വെള്ള വസ്ത്രത്തിലെ മാറിലെ ബട്ടൺസ് ഓരോന്നായി അഴിച്ചു....
ഇയാൾ ഇത് എന്തിന്റെ ഭാവമാ...ദൈവമെ... നഗ്നമായ അയാളുടെ നെഞ്ചിലേക്ക് നോക്കി കുമാർ അന്തം വിട്ടു നിന്നപ്പോൾ...
അറബി ഒരു കൈ കൊണ്ട് മാറിലെ ഒരു വശത്തു നിന്നും പാൽ പിഴിഞ്ഞ് മറ്റൊരു കൈയ്യിലേക്ക് എടുത്തത് പോലെ ആംഗ്യം കാണിച്ചിട്ട്...
ആ കൈ കുമാറിന് നേരെ നീട്ടിയിട്ട് അതിലേക്ക് വിരൽ ചൂണ്ടി വീണ്ടും ചോദിച്ചു
"ഹലീബ്..... ഹലീബ്.....
വെയ്ൻ ഹലീബ്..... "
ഇതിൽ ഒരു പുല്ലും ഇല്ലല്ലോ...അറബിയുടെ ഒഴിഞ്ഞ കൈയ്യിലേക്ക് നോക്കി ചിന്തിക്കുമ്പോൾ തന്നെ അവന് കാര്യം മനസ്സിലായി അയാൾ ചോദിക്കുന്നത്
ദൈവമെ... ഈ പാലും ഇപ്പൊ ഇവിടൊക്കെ കച്ചവടമുണ്ടോ....
എന്തായാലും ഇവിടെയില്ല...അതങ്ങ് പറയാം എന്നു തീരുമാനിച്ചവൻ അറിയാവുന്ന മുറി ഇംഗ്ലീഷിലൊക്കെ ആയി പറഞ്ഞു
''ദിസ് മിൽക്ക് നോ ഹാവ് ദി ഷോപ്പ്....
യൂ..പ്ലീസ് ഗോ യുവർ ഹൗസ്..."
"ഷൂ... ഷൂ... കലാം..."അറബി പിന്നെയും...
"ഗോ... യുവർ ഹൗസ്... സർ...." കുമാർ വീണ്ടും
"യാ... അള്ളാ.... കുമാർ..... കുമാർ......."
എന്നു പറഞ്ഞ് അയാൾ അവിടെന്ന് നടന്നകന്നു....
ങേ... ഇയാൾ എന്റെ പേരും ഇതിനിടയ്ക്ക് മനസ്സിലാക്കിയോ എന്നു ചിന്തിച്ചവിടെ കുമാറും നിന്നു താനൊരു സംഭവം തന്നെ എന്നതുപോലെ...
മുറിയിൽ കിടന്നിരുന്ന സീനിയർ പ്രവാസി ഒന്നു തിരിഞ്ഞു കിടന്നപ്പോൾ കട്ടിൽ കരയുന്ന ശബ്ദം കേട്ട് കുമാർ സംസാരം നിർത്തി....
"ഇത്രെ... ഉള്ളോ... ഇത് ഇന്നലെ രാത്രി നമ്മുടെ മാനേജർ ചെക്കിംഗിന് വന്നപ്പോൾ എന്നോടും പറഞ്ഞു..... "
സത്യൻ പതിയെ ശബ്ദം താഴ്ത്തി കുമാറിനോട് പറഞ്ഞു...
"ആണോ...എന്തിന്...? കുമാർ ചോദിച്ചു....
ഞാൻ ഇന്നലെ ബാങ്ക് ലോക്ക് ചെയ്ത് പാട്ടും കേട്ട് ഇരിക്കുമ്പോൾ....
ഇയർഫോണും ചെവിയിൽ കുത്തി പാട്ടും കേട്ടിരിന്ന സത്യൻ ഏതോ വാഹനത്തിന്റെ പ്രകാശം കണ്ണിലടിച്ചപ്പോൾ ഫോൺ എല്ലാം മാറ്റി വച്ച് എഴുന്നേറ്റു...
കാർ വന്നു നിന്ന് അതിൽ നിന്നും കമ്പനി മാനേജർ ഇറങ്ങി...
അറബി ആണേലും മുറി ഇംഗ്ലീഷൊക്കെ പുളളിപറയും
"യൂ.. സ്ലീപ്പിംഗ്....?അയാൾ സത്യനോട് ചോദിച്ചു... "നോ... സർ... നോ..."സത്യൻ പറഞ്ഞു
"ഓക്കെ ഗുഡ്....ഹൗ ഈസ് ഗോയിംങ്ങ് ഡ്യൂട്ടി... " "നോർമ്മൽ സർ...സത്യൻ വീണ്ടും മറുപടി "ഓക്കെ... നൈറ്റ് ടൈം... നോ സ്ലീപ്പിംഗ്... ബിക്കാസ് അലിബാബ കമിംഗ് എനി ടൈം....
ഡു യു സ്ലീപ്പ് ദാറ്റ് ടൈം...ഔവർ കമ്പനി നെയിം വിൽ ബാഡ്.... സോ... നൈറ്റ്...ഡ്യൂട്ടി
നോ സ്ലീപ്പ്.... ഓക്കെ...?
ഓക്കെ സർ... സത്യൻ അറ്റൻഷനായി...
"ഓക്കെ... അലർട്ട് ഫുൾ ടൈം... അലിബാബ കമിംഗ്... എനി ടൈം... "
എന്നു പറഞ്ഞ് അയാൾ കാറിലേക്ക് കയറാൻ തുടങ്ങുമ്പോൾ സത്യൻ പുറകിൽ നിന്ന് വിളിച്ചു ചോദിച്ചു....
"വാട്ട് ടൈം അലിബാബ കമിംഗ് സർ....?
അറബി തിരിഞ്ഞ് നിന്നിട്ട്
"വാട്ട്....?
സത്യൻ കൈയ്യിലെ വാച്ചിലേക്ക് നോക്കിയിട്ട്
വീണ്ടും ചോദിച്ചു...
"അലിബാബസർ.. വാട്ട് ടൈം കമിംഗ് ഹിയർ സർ..
"ഷൂ... ആദാ.... കുമാർ... കുമാർ.... എന്നു പറഞ്ഞിട്ടയാൾ കാറിൽ കയറി പോയി.....
കട്ടിലിൽ ഉറങ്ങുവായിരുന്ന സീനിയർ പ്രവാസിയുടെ ചിരി കേട്ട് സത്യനും കുമാറും അങ്ങോട്ടേക്ക് നോക്കി...
"എടാ നാറികളെ മലയാളികളുടെ വില കളയാൻ നാട്ടിൽ നിന്ന് കുറ്റിയും പറിച്ചു വരും... കുറെയെണ്ണം.... "അയാൾ പറഞ്ഞപ്പോൾ
''എന്താ ചേട്ടായിയെ.... "കുമാറും സത്യനും ഒരേ ശബ്ദത്തിൽ ചോദിച്ചു...
''പാൽ എവിടെയാണ് ഇരിക്കുന്നതെന്ന് ചോദിച്ചവനോട് ആ പാൽ ഇവിടെ ഇല്ല വീട്ടിൽ പോയി നോക്കാൻ പറഞ്ഞ ഒരുത്തൻ....
രാത്രി കള്ളൻ വരും ഉറങ്ങാതിരിക്കണമെന്ന് പറഞ്ഞപ്പോൾ കള്ളൻസർ എത്ര മണിക്ക് വരുമെന്ന് വേറൊരുത്തൻ.....
നിന്നെയൊക്കെ അയാൾ കുമാർ എന്നല്ലടാ... വിളിച്ചെ....ഹുമാർ...ഹുമാർ....
കഴുത എന്നാണെടാ.... നാറികളെ...
എന്തായാലും അയാൾ ശരിക്കും നിനക്കൊക്കെപറ്റിയ പേരു തന്നെയാ വിളിച്ചെ....മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല ചിരിപ്പിച്ച് കൊല്ലാനായി കുറെയെണ്ണം നാട്ടിൽ നിന്ന് വണ്ടിയും പിടിച്ച് വന്നോളും....."
അയാൾ ഷീറ്റും തലവഴി മൂടി പിന്നെയും ഉറങ്ങാൻ കിടന്നു...
"അപ്പൊ... ഹലീബ്..."
കുമാർ സത്യനെ നോക്കി
"പാൽ... "
സത്യൻ പറഞ്ഞിട്ട് തിരിച്ചു ചോദിച്ചു "ആലിബാബ..."
കള്ളനായിരുന്നു കുമാർ പറഞ്ഞു....
ഹുമാർ.......
ജെ......

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot