നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ പി എസ് സി പരീക്ഷ

കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ പി എസ് സി പരീക്ഷ
------------------------------------------------------------------
വെെകുന്നേരം ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ എന്തോ വല്ലാത്ത തലവേദന തോന്നി.. ഒരു കാപ്പി കുടിയ്ക്കാം എന്നു വിചാരിച്ചു കോഫി ഹൗസിൽ കയറി..
ഏതായാലും കയറി.. ഇനിയിപ്പോൾ കാപ്പി മാത്രമാക്കണ്ട എന്നു കരുതി ഒരു മസാലദോശ കൂടി ഓർഡർ ചെയ്തു കാത്തിരുന്നു..
അപ്പോഴാണ് രണ്ടു ചെറുപ്പക്കാർ അങ്ങോട്ട് കയറി വന്നത്.. സുഹൃത്തുക്കളാണെന്ന് തോന്നുന്നു.. അവർ എൻ്റെ എതിർവശത്തുള്ള സീറ്റിൽ ഇരിപ്പുറപ്പിച്ചു..
അവരുടെ സംസാരം കേൾക്കാൻ നല്ല രസം തോന്നി.. അതുകൊണ്ടു തന്നെ ഞാൻ എൻ്റെ ചെവി അവർക്ക് കൊടുത്തു..
''പറ .. കേൾക്കട്ടെ..എന്തൊക്കെയാ നിൻ്റെ വിശേഷങ്ങൾ''..
ഒന്നാമൻ പറഞ്ഞു..
''എന്തു വിശേഷം.. കല്യാണം കഴിഞ്ഞതോടു കൂടി എല്ലാം തീർന്നു.. കഴിക്കേണ്ടിയിരുന്നില്ല എന്നു തോന്നുകയാ ഇപ്പോൾ.''
രണ്ടാമൻ തെല്ലു നിരാശയോടെ പറഞ്ഞു..
''അയ്യോ എന്തു പറ്റി?.. കല്യാണം കഴിഞ്ഞിട്ട് ആകെ ഒന്നരമാസം ആയതല്ലേയുള്ളു അപ്പോഴേക്കും പ്രശ്നങ്ങൾ തുടങ്ങിയോ''?
സുഹൃത്തിൻ്റെ മുഖത്ത് ഞെട്ടൽ പ്രകടമായി..
''അങ്ങനെയുള്ള പ്രശ്നങ്ങൾ ഒന്നുമല്ലെടാ.. എൻ്റെ സ്വാതന്ത്യത്തിന് ഒരു കെട്ട് വീണതു പോലെ.. എല്ലാത്തിലും അവൾ കേറി ഇടപെടും.. ഞാൻ ഒറ്റയ്ക്ക് പുറത്തു പോയാൽ നൂറു തവണ ഫോൺ ചെയ്ത് എവിടെയാ ഉള്ളത് എന്നു ചോദിച്ചു കൊണ്ടിരിക്കും.. ഒരു മാതിരി ചന്ദ്രട്ടനെവിടെയാ എന്ന സിനിമയിലെപ്പോലെ..''
''ഓഹ്.. അതാണോ.. ഞാൻ പേടിച്ചു പോയി.. അതൊക്കെ ഒരു സുഖമല്ലേടാ.. നമ്മളെ സ്നേഹിക്കാനും കെയർ ചെയ്യാനും ഒരാൾ ഉള്ളത് നല്ലതല്ലേ''..
ഒന്നാമൻ കല്യാണം കഴിയാത്തവനാണെന്ന് തോന്നുന്നു..
'' പിന്നേ നല്ല സുഖമല്ലേ.. കല്യാണം കഴിയുമ്പോൾ നീ സുഖിച്ചോളും.. അവളു പറയുന്നിടത്തെല്ലാം എഴുന്നെള്ളിച്ചു കൊണ്ടു പോവലാ ഇപ്പോ എൻ്റെ പ്രധാന തൊഴിൽ.. ''
''ആണോ?.,, കല്യാണം കഴിഞ്ഞാൽ ഇങ്ങനെയൊക്കയാണോ കാര്യങ്ങൾ?''..
ഒന്നാമൻ അത്ഭുതം കൂറി..
''അല്ലാതെ പിന്നെ.. നിനക്ക് കേൾക്കണോ ... കഴിഞ്ഞയാഴ്ച്ച അവൾക്ക് ഒരു പി എസ് സി പരീക്ഷയുണ്ടായിരുന്നു.. കാസർക്കോടായിരുന്നു സെൻ്റർ കിട്ടിയത്.. ഇത്രയും ദൂരെ പോയി പരീക്ഷ എഴുതണോയെന്ന് ഞാൻ അവളോട് ചോദിച്ചു.. അപ്പോ അവള് പറയുകയാ.. 'എന്തായാലും പോകണം.. കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ പി എസ് സി പരീക്ഷയാണ്'.. എന്ന്..
''ങ്ങേ.. ''
അയാളുടെ പറച്ചിൽ കേട്ട് സുഹൃത്ത് പകച്ചു പോയി.. ഒപ്പം ഞാനും..
''കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ ഓണം... ആദ്യത്തെ വിഷു എന്നൊക്കെ കേട്ടിട്ടുണ്ട്.. ഇനിയിപ്പോ കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ പി എസ് സി പരീക്ഷ എന്നൊരു ചടങ്ങും കൂടിയായോ?... ഈ ഞായറാഴ്ച്ച പെണ്ണുകാണാൻ പോകണമെന്ന് വിചാരിച്ചതാ.. ഇനിയിപ്പോൾ ഒന്നു കൂടി ആലോചിക്കണം..''
ഒന്നാമൻ തൻ്റെ തീരുമാനം മാറ്റിക്കഴിഞ്ഞു..
അപ്പോഴേക്കും എൻ്റെ മസാല ദോശ വന്നു.. അതുകൊണ്ട് ഞാൻ എൻ്റെ ചെവി തിരിച്ചെടുത്ത് തിന്നുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു..
അജിന സന്തോഷ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot