Showing posts with label Mithun. Show all posts
Showing posts with label Mithun. Show all posts

മുൾക്ക് (മുൾക്ക് രാജാനന്ദ് )

Image may contain: 1 person, sunglasses and closeup
...............
(സുഹൃത്ത് മുൾക്കിന്റെ ഒരു പ്രഭാതം)
ശാന്തമായ ഉറക്കത്തെയും സുന്ദരമായ സ്വപ്നത്തെയും ഭേദിച്ചു കൊണ്ട് ചെവിയിലേക്ക് പാഞ്ഞെത്തിയ അച്ഛന്റെ ഗർജ്ജനം കേട്ട് മുൾക്ക് ഞെട്ടിയുണർന്നു. മുന്നിൽ ഉറഞ്ഞു തുള്ളി അച്ഛൻ പ്രഭാകരൻ പിള്ള.
"ഡാ !! എഴുന്നേൽക്കെടാ ..."
എന്താ?
നിന്നോടല്ലേ എഴുന്നേൽക്കാൻ പറഞ്ഞത് എന്നും പറഞ്ഞ് അച്ഛൻ പ്രഭാകരൻ പിള്ള മുൾക്ക് കിടന്ന ബെഡ്ഷീറ്റ് പിടിച്ച് ഒറ്റ വലി. ദേ കിടക്കുന്നു മുൾക്ക് നിലത്ത്.
അച്ഛൻ കാര്യം പറ അച്ഛാ....
"നീ പുറത്തിറങ്ങി ആ സത്യൻ മാഷിന്റെ വീട്ടിലോട്ട് നോക്ക് "
ങേ,,, സത്യൻ മാഷ് വടിയായോ...?
"എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്. പുറത്തിറങ്ങി നോക്കെട..."
മുൾക്ക് മെല്ലെ വീടിനു പുറത്തിറങ്ങി. സത്യൻ മാഷിന്റെ വീട്ടിലോട്ട് നോക്കിയ മുൾക്ക് ഞെട്ടി.
ങേ... ഇതെന്താ മൊത്തം തെങ്ങോല.. മതില് മഴുവൻ തെങ്ങോലകൾ ചാരി വച്ചിരിക്കുന്നു. മാഷിന്റെ വീട് കാണാനേയില്ല.
"ഇത് കണ്ടിട്ട് വല്ലതും മനസ്സിലായോ ?"
(പിന്നിൽ നിന്ന് പ്രഭാകരൻ പിള്ളയുടെ ചോദ്യം )
കണ്ടിട്ട് മാഷ് ഓല ബിസിനസ്സ് തുടങ്ങിയെന്നാ തോന്നുന്നത്.
" എന്നെക്കൊണ്ട് രാവിലെ തന്നെ പറയിപ്പിക്കരുത്. എടാ എന്നും രാവിലെ നീ അയാളുടെ മകളെ നോക്കിയിരിക്കുന്നുവെന്നും പറഞ്ഞാണ് അയാൾ ഈ കാണുന്ന ഓല മുഴുവൻ ഇവിടെ ചാരി വച്ചിരിക്കുന്നത്. "
ഞാനല്ല.. അയാളുടെ മകളാണ് ഇങ്ങോട്ട് നോക്കുന്നത്.
" അയാളുടെ മോൾക്ക് അത്രയ്ക്ക് ദാരിദ്ര്യം ഉണ്ടോടാ.. ഒരു കാര്യം ഞാൻപറഞ്ഞേക്കാം. അയൽവക്കക്കാരായി ഇനി മൂന്ന് വീടുകൾ കൂടി ബാക്കിയുണ്ട്. ഇനി അവരെക്കൊണ്ട് മതിലിൽ ഓല വെപ്പിക്കരുത്."
(പ്രഭാകരൻ പിള്ള രോഷം പൂണ്ട് അകത്തേക്ക് പോവുന്നു)
ഒരു ദീർഘശ്വാസം വിട്ട് മുൾക്ക് കിണറ്റിൽ കരയിലേക്ക് നടന്നു. ദേ നിൽക്കുന്നു മുന്നിൽ രോഷാകുലനായി അനിയൻ.
ന്താടാ.. നോക്കി പേടിപ്പിക്കുന്നോ.?
പെട്ടെന്ന് അനിയൻ ചാടി വീണ് മുൾക്കിന്റെ ഷർട്ടിന് കുത്തിപ്പിടിച്ച് വായുവിലേക്ക് ഉയർത്തി.
"ചേട്ടനോട് എനിക്കൊരു കാര്യം പറയാനുണ്ട്."
ഷർട്ടിന് കുത്തിപ്പിടിക്കുന്നതും ചേട്ടാ എന്ന് വിളിക്കുന്നതും ഒരു ചേർച്ചയില്ല. അനിയാ.... വിട്.
(അനിയൻ പിടിവിടുന്നു)
പറ എന്താ അനിയന്റെ പ്രശ്നം?
" അതേ എനിക്ക് സർക്കാർ ജോലി കിട്ടിയിട്ട് കാലം കുറേ ആയി "
അത് നല്ല കാര്യമല്ലേ ?
"മര്യാദയ്ക്ക് വല്ല ജോലിക്കും പോയ് ഒരു കല്യാണം കഴിക്കാൻ നോക്കെടേയ്.. നീ കാരണം എനിക്ക് കെട്ടാൻ പറ്റുന്നില്ലെടാ തെണ്ടീ... ദയവു ചെയ്ത് പുല്ല് ലോറി പോലെ എന്റെ മുന്നിൽ തടസ്സം നിൽക്കരുത്.."
( രോഷാകുലനായി അനിയൻ വീടിനകത്തേക്ക്)
ഓ.. അപ്പോ അതാണോ നിന്റെ പ്രശ്നം...
ഇന്നലെ എടുത്ത സെൽഫിയുമായി നേരെ ചെടികൾക്ക് വെള്ളമൊഴിച്ചു കൊണ്ടിരിക്കുന്ന അമ്മയുടെ അടുത്തേക്ക്.. ആകെ വീട്ടിൽ സ്നേഹമുള്ളത് അമ്മയ്ക്ക് മാത്രമാണ്.
ഈ ഫോട്ടോ എങ്ങനുണ്ടമ്മേ.. ഇന്നലെ എടുത്തതാ...
"നമ്മുടെ റോസാചെടിയുടെ അടിയിൽ സ്ഥിരമായി ഒരു ഓന്ത് വരാറില്ലേ.. അതേ മോന്ത.. ഇവിടെ നൂറുകൂട്ടം പണിയുള്ളപ്പോഴാ അവന്റെ ഫോട്ടോ... "
ഒന്നും പറയാതെ തിരിഞ്ഞ് നടന്ന് വീടിന്റെ ഉമ്മറക്കോലായിലേക്ക് കയറിയപ്പോൾ ദേ കാലാവധി കഴിഞ്ഞ മുത്തച്ഛൻ ഇരുന്ന് പത്രം വായിക്കുന്നു..
ചരമ കോളം വായിക്യാ ല്ലേ??
"ന്തേ ,നെനക്ക് പിടിച്ചില്ലേ?
ഒരു പടമൊക്കെ വരണ്ടേമുത്തച്ഛാ...?
ഫാ.... !! കുരുത്തംകെട്ടവനേ... പോയി വല്ല പണിക്കും പോടാ...നീ കാരണം ആ ചെറുക്കന് പെണ്ണുകെട്ടാൻ പറ്റാത്ത അവസ്ഥയാ... നായൊട്ട് തിന്നുകയുമില്ല പശൂനെയൊട്ട് തീറ്റിക്കുകയുമില്ല... കേറി പോടാ"
അടിപൊളി... പുല്ല് ലോറി , റോസാചെടിയിലെ ഓന്ത് , പശുവിനെ തിന്നാൻ സമ്മതിക്കാത്ത പട്ടി . ബഹുമുഖ വിശേഷണം.... രാവിലെ എഴുന്നേറ്റാൽ തെറി കേൾക്കുമെന്ന അവസ്ഥ ഇന്ന് ഇനി പുറത്തൊന്നും പോയിട്ട് കാര്യമില്ല.. വെറുതെ നാട്ടുകാരുടെ വിശേഷണം കൂടി കേൾക്കണ്ട... മുൾക്ക് നേരെ മുറിയിലേക്ക് പോയി പുതപ്പിനടിയിലേക്ക് ചുരുണ്ടുകൂടി... അടുത്ത വിശേഷണവുമായി ആരെങ്കിലും വരുന്നത് വരെ വണക്കം മാപ്പിളെ...
മിഥുൻ

മാസ്ട്രോ

Image may contain: 1 person
..................
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗൾഫിൽ നിന്നും മഴത്തുള്ളികൾ തേടി നാട്ടിൽ ലീവിനു വന്നതായിരുന്നു.നാടെങ്ങും നിപ്പ മയം. വൈറസ് പടർന്ന് പിടിക്കുകയാണ്. വവ്വാലിൽ നിന്നാണ് നിപ്പ പൊട്ടിപ്പുറപ്പെട്ടതെന്ന് ചിലർ.തൊടിയിലെ പേരമരത്തിലെ പഴുത്ത പേരയ്ക്ക, വാഴപ്പഴം ഇതൊക്കെ കഴിക്കുന്നതിന് പരിപൂർണ്ണ വിലക്ക്. കുട്ടിക്കാലത്ത് രാത്രികാലങ്ങളിൽ തറവാട്ടിലെ ഉമ്മറക്കോലായിൽ പറന്നു നടക്കുന്ന വവ്വാലുകളെ തോർത്ത് മുണ്ട് വീശി വീഴ്ത്തുന്ന രംഗം മനസിലൂടെ മിന്നി മറിഞ്ഞു.ഒന്നു നേരം വെളുത്തപ്പോഴേക്കും സംഗതി ആകെ മാറി മറിഞ്ഞു. ചില വവ്വാൽ പ്രേമികൾ നിപ്പയുടെ ഉറവിടം നമ്മുടെ ബ്രോയിലർ കോഴികളുടെ തലയിൽ വച്ചു കൊടുത്തു.ഇത് ഇഷ്ടപ്പെടാത്ത ചില കോഴികൾ നിപ്പയുടെ ഉറവിടം വലിയ തരം മത്സ്യങ്ങളാണെന്ന് പറഞ്ഞു പരത്തി. ആകെ കലുഷിതാവസ്ഥ.നാട്ടിൽ വന്നിട്ട് മര്യാദയ്ക്ക് ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥ.
ഉറ്റ സുഹൃത്ത് രാജാവിനോടൊപ്പം രാജാവെന്നത് വിളിപ്പേരാണ് .ശരിക്കുള്ള പേര് മുൾക്ക് രാജാനന്ദ്.. അവനോടൊപ്പം ടൗണിലേക്കിറങ്ങിയതാണ്. തെരുവുകൾ വിജനം.കടകളിൽ, ബസുകളിൽ ,ഹോട്ടലുകളിൽ ഒന്നും തന്നെ ആളനക്കമില്ല. ഞങ്ങളുടെ ലക്ഷ്യസ്ഥാനം മരുന്നുകട ആയിരുന്നു.
ഒടുവിൽ ലക്ഷ്യസ്ഥാനത്തെത്തി. തെരുവുകൾ വിജനമാണെങ്കിലും മരുന്നുകടയിൽ ആളുകളുടെ നീണ്ട നിര..ഗത്യന്തരമില്ലാതെ ഏറ്റവും പുറകുവശത്ത് ഞങ്ങൾ സ്ഥാനം പിടിച്ചു.
പെട്ടെന്നാണ് കാതടപ്പിക്കുന്ന ഒരു ശബ്ദം കേട്ടത്.റോഡിലേക്ക് നോക്കിയപ്പോൾ ഒരു മാസ്ട്രോ സ്കൂട്ടറിനെ പാതി വിഴുങ്ങിയ നിലയിൽ ഒരു ടിപ്പർ ലോറി നിൽക്കുന്നു .ഗംഭീര കാഴ്ച.ആ സ്കൂട്ടറുകാരനെ നല്ല പരിചയം.
"അയ്യോ രാജേഷേട്ടൻ"
രാജാവിന്റെ അലർച്ച കേട്ടാണ്. ഞാനും അത് ശ്രദ്ധിച്ചത്. ടിപ്പറിന്റെ വായിൽ നിന്നും മാസ്ട്രോ സ്കൂട്ടറിനെ വലിച്ചെടുക്കുന്ന രാജേഷേട്ടൻ.ആള് സർക്കാരുദ്യോഗസ്ഥനാണ്. ഒപ്പം മുൾക്കിന്റെ (രാജാവ്) ഗുരുവും. മുൾക്കിന്റെ ഗുരു എന്ന് പറയാൻ കാരണമുണ്ട്.പണ്ട് നാട്ടിൽ സകലമാന പ്രശ്നങ്ങളും ഉണ്ടാക്കി മരം മില്ലിൽ കൂലിത്തൊഴിലാളിയായി വിലസിയ മുൾക്കിനെ മൂക്കുകയറിട്ട് അച്ചടക്കമുള്ള ഒരു സർക്കാരുദ്യോഗസ്ഥനാക്കിയത് ഈ മാസ്ട്രോ രാജേഷേട്ടനാണ്. അതിന്റെ നന്ദിയും അവനുണ്ട്.
കണ്ണടച്ചു തുറക്കും മുൻപേ മുൾക്ക് ടിപ്പർ ലോറിക്ക് അടുത്തെത്തി. അതിലെ ഡ്രൈവറെ പിടിച്ചിറക്കി.
"നീ രാജേഷേട്ടനെ ഇടിച്ചിടും അല്ലേടാ "
എന്നും പറഞ്ഞ് അയാളെ തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി. രംഗം ഒന്ന് കൊഴുപ്പിക്കാമെന്ന് കരുതി ഞാനും ഇടപെട്ടു. അവൻ ടിപ്പർ ഡ്രൈവറെ തല്ലുന്നുണ്ടെങ്കിലും ഡ്രൈവർ തിരിച്ച് തല്ലുന്നത് മുഴുവൻ എന്നെയായിരുന്നു.
അടിയും ബഹളവുമൊക്കെയായി ഒരു പത്ത് പതിനഞ്ച് മിനുട്ട് കഴിഞ്ഞു.റോഡ് മുഴുവൻ ബ്ലോക്കായി.നിപ്പ കാരണം ഒഴിഞ്ഞുകിടന്ന സ്ഥലം ഞങ്ങൾ ഹൗസ്ഫുൾ ആക്കി.ഒടുക്കം തങ്ങളുടെ ധാർമ്മികമായ കടമ നിർവഹിക്കാനായി പോലീസും എത്തി.
രാജാവിന്റെ ഷർട്ടിന് കുത്തിപ്പിടിച്ച് എസ് ഐ യുടെ ചോദ്യം.
"റോഡിൽ കിടന്ന് അടിയുണ്ടാക്കുന്നോടാ, കേറെടാ രണ്ടെണ്ണവും ജീപ്പിൽ "
പിന്നീട് മുൾക്ക് ന്റെ രോദനമായിരുന്നു,,
"സർ,, ഇവൻ ഞങ്ങളടെ ചേട്ടനെ ഇടിച്ചിട്ടു,,, ഇവൻ അമിതവേഗത്തിലായിരുന്നു സാർ,,,,
സാർ,,, ഇത് ഞങ്ങടെ ചേട്ടൻ രാജേഷ്,,,, തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്,,,, ഇവൻ ഇടിച്ചിട്ടു സർ,,,,,,
അതിനിടെ എന്റെ മുഖത്ത് നോക്കിയും മുൾക്ക് രണ്ട് ഡയലോഗ് അടിച്ചു,,,
"നീയെന്താടാ തെണ്ടി ഒന്നും മിണ്ടാത്തേ....???"
രാജേഷേട്ടൻ പോയെടാ,,,,
എന്റെ വാക്കുകൾ കേട്ടാണ് മുൾക്ക് അത് ശ്രദ്ധിച്ചത്,..
അതെ !! രാജേഷേട്ടൻ മുങ്ങി,,, അടി തുടങ്ങിയപ്പോൾ തന്നെ അതായത് പോലീസ് വരുന്നതിന് മുൻപ് തന്നെ പുളളി സ്കൂട്ടറുമായി വീട്ടിലേക്ക് പോയിരുന്നു....
" കേറെടാ രണ്ടെണ്ണവും ജീപ്പിൽ "
പോലീസു മാമന്റെ ഗർജ്ജനം...
പോലീസിനെ നോക്കി മുൾക്കിന്റെ അവസാനത്തെ ഡയലോഗ്
തല കറങ്ങണ് സാറേ,,,,,
എന്ത്???
പനിയാ സാറേ,,,
നിന്റെ പനി ഞാൻ മാറ്റിത്തരാം കേറെടാ..
നിപ്പയാ സാറേ
എന്ത്???
നിപ്പ...,നിപ്പ ...
എന്ത് ചൊപ്പയാണേലും വേണ്ടീല കേറെ ടാ ജീപ്പിൽ.....
ഞാനൊരു സർക്കാരുദ്യോഗസ്ഥനാണ്,,, സാറേ,,
ആണോ,,, എന്നാ നീ ആദ്യം ജീപ്പിൽ കയറ്
നിന്ന് ചിലയ്ക്കാതെ ജീപ്പിൽ കേറെടാ.....
മുൾക്ക് ദയനീയ ഭാവത്തോടെ എന്നെ നോക്കി. ഞാൻ അവനെയും.
" രാജാവേ ",,,,,,,,,,,,,
മിഥുൻ

സ്മിർണോഫ്

Image may contain: 1 person, sunglasses and closeup

കുറ്റിക്കാട്ടിൽ കോളനി
ഹൗസ് നമ്പർ 12
സമയം 11:30 pm
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
തങ്ങളുടെ പന്ത്രണ്ടാം നമ്പർ വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്നു റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ശാന്തമ്മയും ഭർത്താവ് വേലയില്ലാ സുഗുണനും.
" ദേ മനുഷ്യാ നിങ്ങള് ഏത് ആശാൻ മരിച്ച കാര്യമാ നേരത്തെ പറഞ്ഞത് "?
പെട്ടെന്നാണ് തന്റെ ഉറക്കത്തെ ഭേദിച്ചു കൊണ്ട് ഭാര്യ ശാന്തമ്മയുടെ ശബ്ദം സുഗുണന്റെ ഇടത് ചെവിയിലൂടെ കയറി വലത് ചെവിയിലൂടെ ഇറങ്ങിപ്പോയത്,, ചെവിയുടെ വാതിൽക്കൽ കൊതുക് മൂളുമ്പോൾ ഉണ്ടാകുന്ന ഭാവത്തോടെ സുഗുണൻ ചാടിയെഴുന്നേറ്റു.
എടീ സത്യം പറയെടീഎന്റെ ഉറക്കം കളയാൻ നീ മനപ്പൂർവ്വം അലാറം വച്ചെഴുന്നേറ്റതല്ലേ,, സംശയമുണ്ടേൽ ക്ലോക്കിൽ നോക്ക്,, കറക്ട് പതിനൊന്നര,,, ഒരു മിനിട്ട് അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല,,, നിന്റെ ജീവിതത്തിൽ ഇന്നേ വരെ നീ കൃത്യസമയത്ത് എഴുന്നേറ്റിട്ടുണ്ടോടി,,,,,?? നാശം മനുഷ്യന്റെ ഉറക്കവും പോയി,
" നിങ്ങള് കാര്യം പറ എത് ആശാനാ മരിച്ചത്?"
നിനക്ക് ഇപ്പോ എന്താ വേണ്ടത്?
"നിങ്ങൾ വൈകുന്നേരം ആ സുരേഷിനോട് പറയുന്നത് കേട്ടല്ലോ ആശാൻ കാലിയായെന്ന്,,
ഒരു അര മണിക്കൂർ നിങ്ങൾ ആശാനെ പറ്റി സംസാരിച്ചിട്ടുണ്ടാകും,, എന്തോന്നാ അയാളുടെ പേര് പറഞ്ഞത് , ങാ സ്മിർണോഫ്,, "
പടച്ചോനേ ചതിച്ചു,,, "സമിർണോഫ് " ഇതെങ്ങനെ ഇവൾ കേട്ടു,,,, ആരും കാണാതെ അലമാരയിൽ ളെിച്ചു വച്ച മദ്യക്കുപ്പി കാലിയായ കാര്യമാ പിശാ ചേ പറഞ്ഞത്,,,
"നിങ്ങളെന്താ ആലോചിക്കുന്നത് ?ആരാ സമിർണോഫ് ആശാൻ,,, എപ്പോഴാ മരിച്ചത്,,,?
സ്മിർണോഫാശാൻ നിന്റെ .... എടീ,,, അത് ഒരു പ്രശസ്ത റഷ്യൻ സാഹിത്യകാരനാണ്.ഇന്ന് രാവിലെ തട്ടിപ്പോയി,, ഞാനും സുരേഷും അതിനെ പറ്റി ചർച്ച ചെയ്യുകയായിരുന്നു, നാളെ ഇതിനെ പറ്റി പറയുമ്പോ നിന്നെയും വിളിക്കാം. പോയിക്കിടന്ന ഉറങ്ങെടീ..
"ങേ സാഹിത്യകാരനോ,, സ്മിർണോഫ് അങ്ങനെ ഒരു പേര് ഞാൻ കേട്ടിട്ടല്ലല്ലോ? എനിക്കറിയണം അയാളെ പറ്റി ,,, ഇനി അത് പറഞ്ഞിട്ട് ഉറങ്ങിയാ മതി... "
ശല്യം,, എടീ അതൊരു വലിയ റഷ്യൻ സാഹിത്യകാരനാണ്, വല്യ തറവാടിയാണ്.
വോട് ക എന്നാണ് ഇവരുടെ തറവാടിന്റെ പേര്. ഏതാണ്ട് നൂറിലധികം രാജ്യങ്ങളിൽ ഇയാളുടെ കുപ്പി കയറ്റുമതി ചെയ്യുന്നുണ്ട്,,,
"കുപ്പിയോ?"
സോറി പുസ്തകം,,, പുസ്തകം,,,
" നിങ്ങള് ബാക്കി പറമനുഷ്യാ,, അയാള് ഏത് ടൈപ്പ് കഥകളാ എഴുതിയത് നോവലാണോ അതോ ഞാൻ നമ്മുടെ റസിഡൻസ് അസോസിയേഷൻ സാഹിത്യ ഗ്രൂപ്പിൽ എഴുതുന്നത് പോലത്തെ ചെറുകഥയോ?, "
വിഢിത്തം പറയാതെടീ നീ എഴുതുന്നത് പോലെ എഴുതിയാൽ അയാളെങ്ങനാ ലോകപ്രശസ്തനാവുക,,, സ്മിർണോഫ് പ്രധാനമായും ഈ സ്പിരിറ്റ് സംബന്ധമായ കഥകളാണ് എഴുതി കൊണ്ടിരുന്നത്.
"പ്രേതകഥ അല്ലേ അതിന് അവാർഡ് വല്ലതും കിട്ടിയായിരുന്നോ,,,?"
പിന്നേ റെഡ് ലേബൽ ,ഗോൾഡ്, ലേബൽ, ബ്ലാക്ക് ലേബൽ എന്നി പുരസ്കാരങ്ങൾ നേടിയ ആശാനാണ്,,, അമിത മദ്യപാനം കാരണം ഇന്ന് കാലത്ത് പത്ത് മണിക്ക് തട്ടിപ്പോയി,,, പോയി കിടന്നുറങ്ങെടീ,,,,
" ഈ റഷ്യക്കാരൻ എന്ന് പറയുമ്പോ നല്ല വെളുവെളാ വെളത്തിട്ടായിരിക്കും അല്ലേ,,?"
ഓ അങ്ങേർക്ക് അങ്ങനെ പ്രത്യേകിച്ച് കളർ ഒന്നുമില്ല,, നല്ല പച്ചവെള്ളം പോലെ സാധു മനുഷ്യനാ,,, ഒന്ന് കിടന്നുറങ്ങടീ "
(പക്ഷെ ശാന്തമ്മ സ്മിർണോഫിന്റെ ചരിത്രം മുഴുവൻ സുഗുണനെ കൊണ്ട് പറയിപ്പിച്ചതിനു ശേഷമാണ് കിടന്നുറങ്ങിയത് )
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
കാലത്ത് പത്ത് മണി
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പതിവുപോലെ ശാന്തമ്മയുടെ അട്ടഹാസം കേട്ടാണ് സുഗുണൻ എഴുന്നേറ്റത്,,, ഉഗ്രരൂപിയായ ശാന്തമ്മയെ കണ്ട് സുഗുണൻ ചാടിയെഴുന്നേറ്റു.
എന്തു പറ്റി ശാന്തമ്മേ,,,
" എന്തു പറ്റാൻ അസോസിയേഷന്റെ ഫേസ്ബുക്ക് സാഹിത്യ ഗ്രൂപ്പിൽ ഇന്ന് രാവിലെ ഞാൻ ഒരു ലേഘനം പോസ്റ്റ് ചെയ്തു,,, "
അത് നല്ല കാര്യമല്ലേ,, അതിന് നീയെന്തിനാ ഇങ്ങനെ ദേഷ്യപ്പെട്ട് നിൽക്കുന്നത്,, എന്താ ലേഘനത്തിന് കമന്റൊന്നും കിട്ടിയില്ലേ ശാന്തമ്മേ,,,!!
"എടോ മനുഷ്യാ നിങ്ങളിന്നലെ ഒരു ആളെ പറ്റി പറഞ്ഞില്ലായിരുന്നോ,,, സമീർണോഫിനെപറ്റി?"
അതേ,,, സ്മിർണോഫ്,,,
" ഉം,, അയാളെ പറ്റിയാ ഞാൻ ലേഘനം എഴുതി പോസ്റ്റ് ചെയ്തത്,, "
എടീ പിശാചേ,,, നീ തീർന്നെടീ നീ തീർന്നു,,,,
" നിങ്ങൾ ഇതെന്തോന്നാ മനുഷ്യാ പറയുന്നത്,, അവിടെയും കമൻറിൽ ആളുകൾ ചീത്ത വിളി തുടങ്ങി,, എന്നോട് പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ വരെ ഒരുത്തി പറഞ്ഞു,, ഈ സ്മിർണോഫ് ഇത്ര മോശം വ്യക്തിയാണോ എന്തായാലും ഗൂഗിളിൽ അങ്ങേരെ പറ്റി ഇപ്പോ തന്നെ സെർച്ച് ചെയ്തേക്കാം,,, "
( ശാന്തമ്മ ഫോൺ എടുത്തു )
ഗൂഗിളിൽ നോക്കരുത്,,, (, സുഗുണൻ തടഞ്ഞു)
"മാറി നിൽക്ക് മനുഷ്യാ ,, നിങ്ങടെ തലമണ്ട ഞാൻ അടിച്ചു പൊട്ടിക്കും,,,, ആ വൃത്തികെട്ടവനെ പറ്റി എനിക്കറിയണം."
ഞാൻ ഒന്ന് ടൗണിൽ പോവുകയാ,,, ഗൂഗിളിൽ നോക്കുന്നതിന് മുൻപ് നീ നമ്മുടെ അലമാര ഒന്ന് തുറന്ന് നോക്ക്,, അതിൽ സ്മിർണോഫിന്റെ രണ്ട് പുസ്തകം ഞാൻ വച്ചിട്ടുണ്ട്. അതും പറഞ്ഞ് സുഗുണൻ വീടിന് പുറത്തേക്കും , ശാന്തമ്മ സ്മിർണോഫിന്റെ പുസ്തകം എടുക്കാൻ അലമാരയുടെ അടുത്തേക്കും ഓടി....
ശാന്തമ്മ,,അലമാര തുറന്നതും ദേ മുന്നിൽ രണ്ട് മദ്യക്കുപ്പികൾ,,, അതിൽ എഴുതിയ പേരിൽ ശാന്തമ്മയുടെ കണ്ണുടക്കി ,,,,
"സ്മിർണോഫ് "
ശാന്തമ്മയുടെ കണ്ണിൽ ഇരുട്ടു കയറി,,,,
"ഈ മദ്യക്കുപ്പിയെ ആണോ ഞാൻ മഹാനായ സാഹിത്യകാരനാക്കിയത്. എടോ കാലമാടൻ സുഗുണാ തനിക്കോ ഒരു വെലയും നെലയും ഇല്ല,, ഇന്ന് തന്റെ അവസാനമാ,,,, "
താൻ പോസ്റ്റ് ചെയ്ത ലേഘനം ഡിലീറ്റ് ചെയ്യാനായി ശാന്തമ്മ ഫോൺ എടുത്തു,,,
മുന്നൂറ് കമൻസ് നാൽപ്പത്തിരണ്ട് ഷെയർ,,,,സംഭവം ആളുകൾ ഏറ്റെടുത്തു,,, വീടിനു പുറത്തിറങ്ങാതെ ശാന്തമ്മയും വീടിന് അകത്ത് കയറാനാകാതെ സുഗുണനും....
മിഥുൻ@ nallezhuth

ഉപ്പു സത്യാഗ്രഹം(1 minute story)

Image may contain: one or more people

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
1930 (ഗുജറാത്ത്), 78 ആളുകൾ (കടപ്പുറം)
.....................................................
ദണ്ഡിയാത്ര, നിയമ ലംഘന പ്രസ്ഥാനം, അഥവാ ഉപ്പുസത്യാഗ്രഹം.
പ്രവാസം
,,,,,,,,,,,,,,,,,,
2019 (ദുബായ്)3 ആളുകൾ ( റൂമിൽ)
........................................................
1) മുൾക്ക് രാജാനന്ദ്
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഞങ്ങൾ മൂന്ന് പേരിൽ ഒരുവൻ.ദുബായിൽ ആണെങ്കിലും നാടും നാട്ടിലെ പി എസ് സി പതനവും സോറി പഠനവും സർക്കാർ ജോലിയും മാത്രം ലക്ഷ്യം,, പ്രത്യേകിച്ച് ബാധ്യതയൊന്നുമില്ല.
രാവിലെ ലൈറ്റിട്ടും രാത്രി വൈകി ലൈറ്റ് ഓഫ് ചെയ്തും പി എസ് സി പഠനം വഴി ഞങ്ങളെ ശല്യപ്പെടുത്താൻ ദുബായ്ക്ക് എയർ ഇന്ത്യ പിടിച്ച് വന്ന "മലയാളി ".
,,,,,,,,,,,,,,,,,,,,
2) പ്രദീപ് മാത്യു
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഒടുക്കത്തെ സാമ്പത്തിക തിരിമറിയും ബാധ്യതയും .റിസർവ് ബാങ്ക് ഗവർണർക്കോ ധനകാര്യ മന്ത്രിക്കോ ഇല്ലാത്ത തലവേദനയും കൊണ്ട് നടക്കുന്നയാൾ,,
ഞാൻ
,,,,,,,,,,,,,,,
ദുബായിൽ തണുപ്പു കാലം വന്നാൽ അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ ചായ കുടിയും കോഫി കുടിയും
ചൂടു കാലംവന്നാൽ കൂൾ ഡ്രിങ്ക് സും
ഇന്നലെ രാത്രി 1 :30
,,,,,,,,,,,,,,,,, റൂമിൽ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
(ലൈറ്റ് അണയ്ക്കാതെ അവന്റെ ഒടുക്കത്തെ പി എസ് സി പഠനം)
മുൾക്ക് : "പ്രദീപ് ഭായി ഉപ്പുസത്യാഗ്രഹത്തെ ചായ കോപ്പയിലെ കൊടുങ്കാറ്റ് എന്ന് വിശേഷിപ്പിച്ചത് ആരാണ്?
പ്രദീപ് മാത്യു : നിന്റച്ഛൻ ,,,,,,,.&$%%##$$&&
അല്ല പിന്നെ നാളെ നാട്ടിലോട്ട് ലോണടക്കാൻ പൈസയില്ലാതെ കണ്ണുനീരിനെ ചോര നീരാക്കി കിടന്ന മനുഷ്യനെ ഉറങ്ങാൻ വിടാതെ ലൈറ്റുമിട്ട് ചായ കോപ്പയിലെ ചോദ്യം ചോദിച്ചാൽ ഇതല്ല ഇതിനപ്പുറവും കേൾക്കും,,,
ഹ ഹ ഹ,,,, ഇത്രയും ഹാസ്യാത്മകമായ സന്ദർഭത്തിൽ ഒരുത്തന്റെ പിതാവിനെ സ്മരിക്കുന്നത് ആദ്യായിട്ട് കേൾക്കുവാ,,,
കണ്ണു നിറഞ്ഞു,,,, രാവിലെ അവന്റെ സ്റ്റഡി മെറ്റീരിയലിൽ അതിന്റെ ഉത്തരം നോക്കി ,, അല്ലാ,, അറിയണമല്ലോ,,,,
ഉത്തരം
"ഇർവിൻ പ്രഭു,,, "
എന്നാലും എന്റെ പ്രഭൂ,,,,
മിഥുൻ

പടച്ചോനേ ങ്ങള് കാത്തോളീൻ

Image may contain: 1 person, beard and closeup
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഈ മാസത്തെ സെയിൽസ് ടാർഗറ്റ തികയാത്തതിന്റെ വിദ്യുല്ലക് ത്തിയിൽ ദുബായിലെ തന്റെ കാർ ഷോറൂമിൽ അങ്ങനെ ഇരിക്കുകയാണ് നമ്മുടെ അബ്ദുള്ളാക്ക,, ഇത്തവണ തന്റെ സെയിൽസ് ലക്ഷ്യം കണ്ടില്ലെങ്കിൽ ഹെഡ് ഓഫീസിൽ നിന്ന് തനിക്ക് ലഭിക്കാൻ പോകുന്ന ആക്ഷേപത്തെ പറ്റി ഓർത്ത് അബ്ദുള്ളാക്കയുടെ കണ്ണ് തള്ളി,
" പടച്ചോനേ ഒരൊറ്റ കസ്റ്റമറും വരുന്നില്ലല്ലോ,,,
വരുന്നവരു മുഴുവനും മീൻ ചന്തയിൽ അടുക്കി വച്ച മത്തിക്ക് വെല ചോദിക്കണപോലെ ചോദിച്ചതിനു ശേഷം വന്ന വഴിയേ തിരിച്ചു പോകും,,, "
അബ്ദുള്ളക്കയെ പ്രസന്നവദനനാക്കിക്കൊണ്ട് ദേവരുന്നു കോട്ടും ടൈയും ഒക്കെ ധരിച്ച് ഒരു സുമുഖൻ കസ്റ്റമർ,,,
"വെൽക്കം സർ,, "
താങ്ക് യു,,, യു ഹാവ് ലാൻറ് ക്രൂയിസർ,,,?
പടച്ചോനേ നല്ല വിലയുള്ള കാറും തേടിയാണ് പുള്ളി വന്നിരിക്കുന്നത്, അബ്ദുള്ളക്ക ഉഷാറായി.
വിച് മോഡൽ യു ആർ ലുക്കിങ് ഫോർ സാർ?
കക്കൂസെവിടെയാ,,,,,,???
കസ്റ്റമറുടെ അപ്രതീക്ഷിത ചോദ്യം കേട്ട് അബ്ദുള്ളാക്ക ഞെട്ടി,
എന്താ,,, സാർ,,?
എടോ,,, കക്കൂസെവിടെയാന്ന്??
കക്കൂസിന് നേരെ കൈ ചൂണ്ടിയതും കസ്റ്റമർ ഒറ്റയോട്ടമാണ്,
പാവം അടിയന്തിര സാഹചര്യമല്ലേ,,, എന്തായാലും ഒരു കസ്റ്റമറെ കിട്ടിയ സന്തോഷത്തിൽ അബ്ദുള്ളാക്കയുടെ മുഖത്ത് ഒരു നേർത്ത പുഞ്ചിരി പടർന്നു,
അല്പനേരത്തിന് ശേഷം എന്തോ വലിയ ഭാരം ഇറക്കി വച്ച സന്തോഷത്തിൽ നമ്മുടെ കസ്റ്റമർ പുറത്തേക്ക് വന്നു, എന്നിട്ട് അബ്ദുള്ളാക്കയുടെ മുഖത്ത് നോക്കി പറഞ്ഞു,
"താങ്ക് യു,,, "
എന്നിട്ട് താൻ വന്ന വഴിയെ തന്നെ ഇറങ്ങി പോയി,
കുന്തം വിഴുങ്ങിയ പെരുച്ചാഴിയെ പോലെ അബ്ദുള്ളാക്ക,,
"കക്കൂസിൽ പോവാനാണോ പഹയാ ലാന്റ് ക്രൂയിസർ ഉണ്ടോന്ന് ചോദിച്ചത്, "
തന്റെ സകലപ്രതീക്ഷയും കക്കൂസിൽ പോയതിന്റെ നിരാശയിൽ അബ്ദുളളാക്ക ഇരുന്നു,
ദേ വരുന്നു തന്റെ അടുത്ത പ്രതീക്ഷ,, ഒരു സുന്ദരി കസ്റ്റമർ,,,
"വെൽക്കം മാഡം,,,, "
താങ്കയു,,, യു ഹാവ് ഹോണ്ട സിവിക്?
"യെസ് ,,, വിച് മോഡൽ,,,,?"
യു ഹാവ് ഹോട്ട് ചോക്കലേറ്റ് ???
"ഹോട്ട് ചോക്കലേറ്റ്,,, പടച്ചോനേ ,അതേത് മോഡൽ"?
തന്റെ കസ്റ്റമർ അടുത്തുള്ള ചായമെഷീനിലേക്ക് വിരൽ ചൂണ്ടിയാണ് ചോദിച്ചതെന്ന കാര്യം അബ്ദുള്ളാക്കക്ക് പിന്നെയാണ് മനസ്സിലായത്,
"യെസ്,,,, " അബ്ദുള്ളാക്ക നല്ല ചൂടുള്ള ഒരു കപ്പ് ചോക്കലേറ്റ് പാനീയം സന്തോഷത്തോടെ നമ്മുടെ സുന്ദരി കസ്റ്റമറിനു കൊടുത്തു,,
"താങ്ക് യൂ,,,, ഐ വിൽ കം ഓക്കേ,,,, "
അതും പറഞ്ഞ് ചോക്കലേറ്റ് നുണഞ്ഞ് സുന്ദരി കസ്റ്റമർ താൻ വന്ന ഡോറിലൂടെ തിരിച്ചുപോയി,,,
കുന്തം വിഴുങ്ങിയ പെരുച്ചാഴിയെ പോലെ വീണ്ടും അബ്ദുള്ളാക്ക,,,,,
" പടച്ചോനേ ഞമ്മള ടാർഗറ്റ് ????"
നല്ല എന്തോ കാര്യത്തിന് മുന്നോടിയായുള്ള പടച്ചോന്റെ പരീക്ഷണം എന്നു വിശ്വസിച്ച് വീണ്ടും അബ്ദുള്ളാക്ക കാത്തിരുന്നു,
ദേ വരുന്നു ഒരു കസ്റ്റമർ,,,, എക്സിക്യൂട്ടീവ് ലുക്ക്,,, നല്ല മാന്യൻ,,
"വെൽക്കം സാർ,,,, "
യു ഹാവ് ഫർണിച്ചർ,,,,?
" ഫർണിച്ചറോ,,,, ദിസ് ഈസ് നോട്ട് എ ഫർണിച്ചർ ഷോറൂം,,,, ദിസ് ഈസ് എ കാ,,,,,,,, ർ "
അബ്ദുള്ളക്ക ഒരു വിധം പറഞ്ഞൊപ്പിച്ചു,
ഇതു കേട്ട കസ്റ്റമർ ,,,,
യെസ് ,,,, ഐ നോ,,, അയാം ആസ്കിങ് യു ഹാവ്
ഫർണിച്ചർ,?
കസ്റ്റമർ വിടാൻ ഭാവമില്ല,
"എന്റെ പൊന്നു സാറേ ദിസ് ഈസ് എ കാർ ഷോറൂം,,,, "
അബ്ദുള്ളക്കയുടെ രണ്ട് കണ്ണിൽ നിന്നും കണ്ണുനീർത്തുള്ളികൾ ഒഴുകി,
ഇതു കേട്ട കസ്റ്റമർ
"യു ഹാവ് ടൊയോട്ട ഫർണ്ണിച്ചർ',, " ?
അപ്പോഴാണ് അബ്ദുള്ളക്കക്ക് കാര്യം പിടികിട്ടിയത്,
"ഫർണ്ണിച്ചറല്ലടോ ഫോർച്യൂണർ, ടൊയോട്ട ഫോർച്യൂണർ, രാവിലെ തന്നെ മെനക്കെടുത്താൻ ഓരോന്ന് എഴുന്നള്ളിക്കൊള്ളും, വാങ്ങാൻ വന്ന കാറിന്റെ പേരു പോലും മര്യാദക്ക് പറയാൻ അറിയില്ല.
പൈസ ഇഷ്ടം പോലെയുണ്ട് ഒട്ടും വിവരമില്ല ഇവറ്റകൾക്ക്, നേരത്തെ ഒരുത്തൻ വന്ന് കക്കൂസിൽപോയി, പിന്നെ വേറൊരുത്തി ചായേം കുടിച്ച് പോയി,,, ഇപ്പോ ദേ ഒരുത്തൻ ഫർണിച്ചറ് വാങ്ങാൻ വന്നേക്കണ്,,,, "
ഇത് കേട്ട കട്ട ലോക്കൽഅറബി കസ്റ്റമർ
വാട്ട് ഡിഡ് യു സേ,,,,
"വിച് മോഡൽ യു ആർ ലുക്കിങ് ഫോർ സാർ,,, "
താങ്ക് യു,,,,!!
കസ്റ്റമർ വന്ന വഴിയേ ഒറ്റ പോക്കാണ് ,,,,
ടാർഗറ്റ് മാങ്ങാത്തൊലി,,, ഇനി ഇവിടെ ഇരുന്നാ ശരിയാവൂല,,,,,, അബ്ദുള്ളക്ക ഒരു സിഗരറ്റുമെടുത്ത് നേരെ ഷോറൂമിന് പുറത്തേക്ക്,
മിഥുൻ

ജർമ്മൻ രാജു...



...............................
രാജുവേട്ടൻ നമ്മളെ സ്വന്തം ഓട്ടോക്കാരൻ. ഇപ്പോ പേരിനു മുന്നിൽ ജർമ്മൻ എന്ന ഓമനപ്പേരും.( ജർമ്മൻ രാജു ). അതൊരു വലിയ കഥയാ.നാട്ടുകാർ ഓർത്തോർത്ത് ചിരിച്ച കഥ.
ഈ രാജു ഭായിക്കൊരു കുഴപ്പമുണ്ട് പട്ടി എന്ന് കേട്ടാൽ ജീവനും കൊണ്ടോടും അത്രയ്ക്ക് പേടിയാ..
10:30 AM എന്റെ വീട്
.............................
രാവിലത്തെ ഉറക്കം ഭേദിച്ചു കൊണ്ട്  അയൽവക്കക്കാരനും ഉറ്റ സുഹൃത്തുമായ മുൾക്കിന്റെ (മുൾക്ക് രാജാനന്ദ് )ഫോൺ കോൾ.
"ഹലോ.. "
ഹലോ ഡാ ഒന്ന് മൃഗാശുപത്രി വരെ പോണല്ലോ.. വീട്ടിലെ പട്ടീനെ കൊണ്ടുപോവാനാ.. നിന്റെ കയ്യിൽ ഓട്ടോക്കാരുടെ നമ്പർ വല്ലതും ഉണ്ടോ.?
"പട്ടിയെ കൊണ്ടുപോവാനല്ലേ.. പറ്റിയ ഒരാളുണ്ട്.. ഇപ്പോ ശരിയാക്കിത്തരാം.. നീ ഫോൺ കട്ട് ചെയ്.. "
(മൊബൈൽ എടുത്ത് നേരെ വിളിച്ചു നമ്മുടെ ഓട്ടേക്കാരനെ)
"ഹലോ രാജു ഭായ്... ഒരോട്ടം പോണല്ലോ.. "
എവിടേക്കാടാ...?
"നമ്മുടെ പുനത്തിലേക്ക്.. ഹയ് ന്റെ വീടിന്റെ തൊട്ടപ്പുറത്തെ വീട്... നമ്മുടെ മുൾക്കിന്റെ അമ്മൂമ്മയ്ക്ക് തീരെ സുഖമില്ല.ന്തോ ആശുപത്രിക്കേസാന്നാ തോന്നണത്..."
ഞാൻ വരാട്ടാ...... ന്തോന്ന് പേടിക്കാനാടാ...ഇപ്പോ വരാട്ടാ..
(ഫോൺ കട്ടായി)
അര മണിക്കൂറിന് ശേഷം
11:00 AM
.............................................
ആ വലിയ ബഹളം കേട്ടാണ് മുൾക്കിന്റെ വീട്ടിലേക്ക് എത്തി നോക്കിയത്. ഓട്ടോക്കാരൻ രാജുവേട്ടനും മുൾക്കിന്റെ അപ്പനും തമ്മിൽ മുടിഞ്ഞ വഴക്ക്..
പട്ടിയെ കൊണ്ടു പോണമെന്ന് മുൾക്കിന്റെ പ്പനും പറ്റില്ലെന്ന് ജർമ്മൻരാജുവും..
പത്ത് മിനിട്ടോളം നീണ്ട വാദപ്രതിവാദത്തിനൊടുവിൽ നമ്മുടെ രാജു പട്ടിയെ കൊണ്ടുപോവാമെന്നേറ്റു.കൂടെ ഒരു അന്ത്യശാസനവും.
" അതേ.. തിരിച്ചു വരുമ്പോൾ വേറെ ഏതെങ്കിലും ഓട്ടോ വിളിച്ചോളണം."
അങ്ങനെ മുൾക്കിന്റപ്പനും ജർമ്മൻ ഷപ്പേർഡ് പട്ടിയും പിൻസീറ്റിലും രാജു ഭായ് ഡ്രൈവിങ് സീറ്റിലുമായി യാത്ര തുടർന്നു.
11:35 AM ബൈപ്പാസിലേക്കുള്ള റോഡ്
.........................................................
( യാത്രക്കിടയിൽ മുൾക്കിന്റപ്പൻ വാചാലനായി)
"ഹയ്.റോഡൊക്കെ ആകെ നാശമായിരിക്യാണല്ലേ....?"
ഉം..
" ഇതിലൂടെ വണ്ടിയോടിക്കാൻ ഭയങ്കര ബുദ്ധിമുട്ടാല്ലേ...?"
ഉം...
അല്ലാ.. രാജൂന്റെ വീട്ടില് പട്ടിയൊന്നുമില്ലേ...
ഇല്ല..
"നീയെന്താ രാജു ഭയങ്കര ഗൗരവത്തില്..ഈ പട്ടി കടിക്കുമെന്ന് പേടിച്ചിട്ടാണോ... ഇത് കിടക്കില്യ... ഇവനെനിക്ക് മോനെ പോലെയാ..."
ന്റെ പൊന്നു പ്രഭാകരേട്ടാ.. ങ്ങള ഞാൻ മൃഗാശുപത്രീല് എത്തിച്ചാപ്പോരേ. ങ്ങള് ആ പട്ടിയെ ഒന്ന് മുറുകെ പിടിച്ചാ മാത്രം മതി.
"ഹയ്.. താൻ മസിലുപിടിക്കാതെ വല്ലതുമൊക്കെ പറയെടോ..
സഹികെട്ട ഓട്ടോക്കാരൻ രാജു എന്തോ പറയാനായി പുറകിലേക്ക് തിരിഞ്ഞ് നോക്കിയതും നമ്മുടെ ജർമ്മൻകാരൻ പട്ടി ഡ്രൈവിങ് സീറ്റിലേക്ക് എത്തിവലിഞ്ഞ് നോക്കിയതും ഒരുമിച്ചായിരുന്നു.
ഓട്ടോക്കാരൻ രാജുവും ജർമ്മൻ പട്ടിയും മുഖാമുഖം നോക്കി..
ഗർ....!!
പട്ടിയുടെ ദേഷ്യ ഭാവത്തിലുള്ളശബ്ദവും കൂടിയായപ്പോൾ സംഗതി കൈവിട്ടു.
പേടിച്ച് നിലവിളിച്ച രാജു ഭായിന്റെ കയ്യീന്ന് ഓട്ടോയുടെ നിയന്ത്രണവും നഷ്ടപ്പെട്ടു. ബൈപ്പാസ് റോഡിലേക്ക് കയറുന്നതിന് പകരം ഓട്ടോ മ്മടെ ആട്ടിറച്ചി വിൽക്കണ പക്കർ കോയയുടെ പറമ്പിലൂടെ കയറി അയാളുടെ ഷീറ്റ് മേഞ്ഞ കുളിപ്പുരയും പറിച്ചെടുത്ത് നേരെ അടുത്തുള്ള കല്ലുവെട്ടുകുഴിയിലേക്ക്.
ഓട്ടോ തവിടുപൊടി.. മുൾക്കിന്റെപ്പനും രാജു ഭായും സഹകരണാശുപത്രിയിലും ജർമ്മൻ പട്ടി പോക്കർ കോയേന്റെ ആടിനു പിന്നാലെയും..
ഓട്ടോയൊക്കെ നന്നാക്കിയെടുത്ത് ഓട്ടം തുടങ്ങിയെങ്കിലും ഇന്ന് നാട്ടുകാർ രാജുവേട്ടനെ ജർമ്മൻ രാജു എന്ന് വിളിക്കാനും തുടങ്ങി.
മിഥുൻ

ഹഫീസ

Image may contain: one or more people and closeup

രാവിലെ തന്നെ ഉറ്റ സുഹൃത്ത് മുൾക്ക് മുഴുവൻ പേര് മുൾക്ക് രാജാനന്ദിന്റെ ഫോൺ കോൾ കേട്ടാണ് എഴുന്നേറ്റത്..
ഹലോ..
"ഹലോ.. ഇത് ഞാനാടാ മുൾക്ക് "
എന്താടാ രാവിലെ തന്നെ
"ഡാ.. നിയറിഞ്ഞാ.. ഹഫീസയുടെ നിക്കാഹ് ഉറപ്പിക്കാൻ പോകുന്നു... ഇന്ന് രാവിലെയാണ് അവൾ എന്നെ വിളിച്ചു പറഞ്ഞത് "
ഏത് നിന്റെ കാമുകി ഹഫീസയോ...?
"ഓ... അത് തന്നെ. ഡാ.. ഞങ്ങൾ ഒളിച്ചോടാൻ തീരുമാനിച്ചു... നമ്മുടെ കണാരേട്ടന്റെ കടയുടെ മുന്നിൽ ഒരു ഇടവഴിയില്ലേ.. അവിടെ വരാന്നാണ് പറഞ്ഞിരിക്കുന്നത്.. എനിക്ക് നിന്റെ സഹായം വേണം."
ഒളിച്ചോടാനോ.. അതും ഒരു മുസ്ലിം കുടുംബത്തിലേ കുട്ടിയുമായിട്ട്... ഡാ.. മുൾക്കേ നീ ഇത് വിട്ടേക്ക നിന്റെ് ആരോഗ്യത്തിന് അതാ നല്ലത്...ന്തായലും ഈ അപകടത്തിന് ഞാൻ കൂട്ടുനിക്കൂല.....
" നീ കൂടെ നിക്കൂലേ...?"
ഇല്ല
"അവസാനത്തെ വാക്കാണാ...?"
ഞാൻ കൂടെ നിൽക്കുല .. ഫോൺ വച്ചിട്ട് പോടാ.. രാവിലെ തന്നെ കടുവക്കൂട്ടിൽ തള്ളിയിടാൻ ഇറങ്ങിയിരിക്കുവാ...
"ഒറപ്പാണോ നീ കൂടെ നിക്കൂലേ...?"
ഇല്ല.. സൗകര്യമില്ല.
" എന്നാ കേട്ടോ... നമ്മുടെ പഴയ പി ജി കോഴ്സ അവസാനസെമസ്റ്റർ നീ മനപ്പൂർവ്വം എഴുതാത്തതാണെന്നും.. അതിന് മുൻപത്തെ സെമസ്റ്റർ നീ എട്ടു നിലയിൽ പൊട്ടിയതാണെന്നും ഞാൻ നിന്റെ അച്ഛനെ വിളിച്ചു പറയും... ഇപ്പോ പറയും"
ഡാ.. എവിടെയാ വരണ്ടത് ?
" നീ നിന്റെ വീട്ടിന് മുന്നിലേക്ക് വാ... ഞാൻ നിന്റെ ഗേറ്റിന്റെ മുന്നിലുണ്ട്... "
ഇവൻ തല്ലുകൊള്ളിച്ചേ അടങ്ങൂ... ചാടിയെഴുന്നേറ്റ് ഡ്രസ്സും മാറി നേരെ ഗേറ്റിന് മുന്നിലേക്ക് ... അതാ തന്റെ ഓട്ടോറിക്ഷയുമായി മുൾക്ക് ഗേറ്റിന് തൊട്ടടുത്ത്..
കണാരേട്ടന്റെ കടയുടെ മുന്നിലെ ഇടവഴി ലക്ഷ്യമാക്കി ഓട്ടോനീങ്ങി...
ഡാ ഇത് വിട്ടേക്ക്.. ന്യൂ ജനറേഷന് പറ്റിയ അന്തരീക്ഷമല്ല അവളുടെ വീട്ടിലേത്.
" ന്യൂ ജനറേഷന് പറ്റാത്ത വീടോ...? നീയെന്താ ഉദ്ദേശിച്ചത്? " (മുൾക്കിന്റെ ഇടറിയ സ്വരം)
ഡാ.. ഒന്നാമത് അവൾ ഇന്നാട്ടിലെഅതിപുരാതന മുസ്ലിം തറവാട്ടിലെ പെൺകുട്ടി. അവസാനത്തെ കണ്ണി. പോരാത്തതിന് പതിനൊന്ന് ആങ്ങളമാരും. ഇന്നത്തെ കാലത്ത് ഏത് കാമുകിക്കാണെടാ പതിനൊന്ന് ആങ്ങളമാരുള്ളത്.?
പെട്ടെന്നാണ് മുൾക്കിന്റെ ഓട്ടോയുടെ പേര് ശ്രദ്ധയിൽ പെട്ടത്..അതിങ്ങനെ ആയിരുന്നു..
" ഹഫീസ"
ഡാ.. ദ്രോഹീ... നീ ഓട്ടോയുടെ പേര് മാറ്റിയാ...?
" മാറ്റി ഇപ്പോ എന്റെ കാമുകിയുടെ പേരാണ് ഹഫീസ..."
അപ്പോ നിന്റെ അമ്മൂമ്മയുടെ പേരോ..?ആദ്യം നിന്റെ അമ്മൂമ്മയുടെ പേരായിരുന്നില്ലേ ?
"കാർത്തിയായനി അമ്മ "എന്നായിരുന്നില്ലേ.?
" എടാ ഇന്നത്തെ കാലത്ത് ആരെങ്കിലും ഓട്ടോയ്ക്ക് കാർത്തിയായനി അമ്മ എന്ന് പേരിടുമോ...?"
ന്നാലും വേണ്ടായിരുന്നു... കാർത്തിയായനിയിൽ നിന്നും ഹഫീസ എന്നാക്കിയത് ഒട്ടും ശരിയായില്ല...
"ഒന്നു പോടാ.. ഇവിടെ മാധവിക്കുട്ടിക്ക് കമലാ സുരയ്യ ആകാം...കാർത്തിയായനി അമ്മയ്ക്ക് ഹഫീസ ആകാൻ പാടില്ലേ....?"
ന്നാലും കാമുകിക്ക് വേണ്ടി അമ്മൂമ്മയുടെ പേര് മാറ്റിയത് ശരിയായില്ല...
"ഡാ.. നീ നമ്മുടെ ഓട്ടോസ്റ്റാന്റിൽ ഒന്ന് നോക്കിയേ.
ഓർമ്മയ്ക്കായ്
നിനക്കായ്
അവൾക്കായ്
നമുക്കായ്
ഇതൊക്കെയാണ് ഇപ്പോഴത്തെ ഓട്ടോറിക്ഷയുടെ ട്രന്റ് നെയിം.. "
സംസാരിച്ച് സമയം പോയതറിഞ്ഞില്ല. ഓട്ടോ ഹഫീസ വരാമെന്ന് പറഞ്ഞ ഇടവഴിയിൽ എത്തി.
ഡാ.. അവളെ കാണുന്നില്ലല്ലോ.? നീയൊന്ന അവളുടെ ഫോണിൽ വിളിച്ച് നോക്ക.
മുൾക്ക് ഹഫീസയുടെ ഫോണിലേക്ക് വിളിച്ചു. മറുതലയ്ക്കൽ മധുര സ്വരം...
" മുള്ളിക്കാ..... "
മുള്ളാനോ....
"ച്ചേ... അതല്ല മുൾക്കിക്കാ ങ്ങള് ന്നോട് ക്ഷമിക്കണം... ന്റെ ഉമ്മാനേം ഇക്കാക്ക മാരേം
വല്യുപ്പാനേം ഒക്കെ നാണം കെടുത്തിയിട്ട് ഒരു ജീവിതം നിക്ക് മാണ്ട.. ങ്ങള് തിരിച്ച് പൊയ്ക്കോളീൻ..... ഞാൻ വരൂല...."
(ഫോൺ കട്ടായി....)
ന്താടാ മുൾക്കേ..... അവളെന്താ പറഞ്ഞത്...?
"വെള്ളം...വെള്ളം.... "
അതൊക്കെ വന്നിട്ട് വാങ്ങിക്കൊടുക്കാം നി ആദ്യം അവളോട് പെട്ടെന്ന് വരാൻ പറ.....
"അതല്ലടാ....എനിക്ക് കൊറച്ച് വെള്ളം താടാ .. ഞാനിപ്പം ചാവുമെടാ..
ഓടിപ്പോയി കണാരേട്ടന്റെ കടയിൽ നിന്നും ഒരു കുപ്പിവെള്ളം വാങ്ങി.നേരെ ഓട്ടോയിലേക്ക്..
ഓട്ടോയുടെ അടുത്തെത്തിയതും മുൾക്കിന്റെ കുഴഞ്ഞമട്ടിലുള്ള സ്വരം
"ഞാനെന്റെ ഓട്ടോയുടെ പേര് ഒന്നൂടെ മാറ്റാൻ പോവാണെടാ...... "
എന്ത് പേരാടാ...?

"തനിച്ചായ് "
മിഥുൻ

ഒരു പ്രഭാതം

ഒരു പ്രഭാതം
..........................
അതിരാവിലെ പത്ത് മണി. ഫോണിൽ സെറ്റ് ചെയ്ത് വച്ച അലാറത്തിന് പകരം മുഴങ്ങിയത് അച്ഛന്റെ കേൾക്കാൻ ഇമ്പമുള്ള അട്ടഹാസം. ഉടൻ തന്നെ ചാടിയെഴുന്നേറ്റു.
"നീയൊന്ന് എഴുന്നേറ്റ് മുറ്റത്തേക്ക് വന്നേ.. രാവിലെ എന്നൊരു സമയം വന്നിട്ടുണ്ട് "
(അച്ഛന്റെ സ്വരം)
കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ പതുക്കെ എഴുന്നേറ്റ് മുറ്റത്തേക്ക് പോയി. പതിവുകാഴ്ചകൾ തന്നെ. നേരിയ ചാറ്റൽ മഴയിലും തന്റെ റോസാചെടികളോടുള്ള അമിത വാത്സല്യം കാരണം അവയ്ക്ക് ദാഹജലം നൽകുന്ന അമ്മ.
പത്രം വായിക്കാമെന്ന് കരുതിയപ്പോൾ ചരമ കോളം അപ്പൂപ്പന്റെ കയ്യിൽ.സ്പോർട്സ് പേജ് അനിയന്റെ കയ്യിൽ, ബാക്കിയുള്ളത് അച്ഛനും കയ്യടക്കി വച്ചിരിക്കുന്നു.. മോഹന വാഗ്ദാനങ്ങൾ നൽകുന്ന വിവാഹപങ്തിയിലേക്കായി അടുത്ത നോട്ടം. ഞെട്ടിപ്പിക്കുന്ന കാഴ്ച തന്നെ. സ്പോർട്സ് പേജിന്റെ അടിയിൽ അനിയൻ ആ പേജും അടക്കിപ്പിടിച്ചിരിക്കുന്നു...
"ഡാ... മുട്ടയിൽ നിന്ന് വിരിഞ്ഞില്ല.. അതിന് മുന്നേ വിവാഹ പരസ്യം നോക്കുന്നോടാ... ആ പേജ് ഇങ്ങ് താടാ."
അതേ... എന്റെ പേര് ഇത്തവണത്തെ പി എസ് സി മെയിൻലിസ്റ്റിൽ ഉണ്ട്.. ആദ്യം പോയി ഒരു ജോലി ഉണ്ടാക്കാൻ നോക്ക്.. പട്ടി തിന്നത്തുമില്ല, പശുവിനെ തിന്നാൻ സമ്മതിക്കത്തുമില്ല.
(പശുവിനെ തീറ്റിക്കാത്ത പട്ടി.... രാവിലെ തന്നെ നല്ല വിശേഷണം)
പഴുതുകൾ അടച്ച അനിയന്റെ മറുപടി.. മനസ്സ് കലുഷിതമാക്കി
ഇനി നോക്കാൻ തൊട്ടയൽവക്കത്തെ ഗോപാലൻ മാഷുടെ മകൾ മാത്രമേയുള്ളൂ.. പതുക്കെ മുറ്റത്തേക്കിറങ്ങി.. വീണ്ടും ഞെട്ടിപ്പിക്കുന്ന കാഴ്ച.ഗോപാലൻ മാഷുടെ വീട് കാണാനില്ല.
ചുറ്റുമതിൽ നിറയെ തെങ്ങോലകൾ ചാരി വച്ചിരിക്കുന്നു. മാഷിന്റെ വീട് കാണാനേ കഴിയുന്നില്ല .
"നോക്കിയിട്ട് കാര്യമില്ല... നീ കാരണമാണ് മാഷ് ഈ ഓലകൾ മുഴുവൻ മതിലിൻമേൽ ചാരി വച്ചത് "
(അച്ഛന്റെ സ്വരം)
ഞാൻ കാരണമോ....?
"എടാ എന്നും രാവിലെ നീ അയാളുടെ മകളെ തുറിച്ചു നോക്കുന്നു എന്നും പറഞ്ഞാണ് അയാൾ ഈ ഓലപ്പണി ചെയ്തത്.."
ഞാനോ...?
" നീ തന്നെ "
ഡാഡ്.. ആക്ച്വലി എവരി ഡേ ഷി ഈസ് ലുക്കിങ്... ലുക്കിങ് മീ...
"ഫാ..!! മലയാളത്തിൽ പറയെടാ.."
അച്ഛാ,,,, ശരിക്കും പറഞ്ഞാൽ എല്ലാ ദിവസവും അവളാണ് എന്നെ തുറിച്ചു നോക്കുന്നത്..
"എടാ.. വെള്ളരിക്കണ്ടത്തിൽ വച്ച കോലം പോലത്തെ നിന്നെ ആ കുട്ടി നോക്കിയെന്ന് ഞാൻ വിശ്വസിക്കണമല്ലേ..? ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ഇപ്പുറത്തെ വീട്ടിലെ നാരായണൻ ചേട്ടനെക്കൊണ്ടും ഓലപ്പണി ചെയ്യിക്കരുത്.. നീയായിട്ട് ഇന്നാട്ടിലെ തെങ്ങോലകൾക്ക് ഡിമാൻറ് കൂട്ടരുത്"
(അച്ഛൻ അകത്തേക്ക് പോവുന്നു)
മനസ്സു നിറയെ അച്ഛൻ വിശേഷിപ്പിച്ച വെള്ളരിക്കണ്ടത്തിലെ കോലമായിരുന്നു. അത്രക്ക് മോശമാണോ ഞാൻ... ഒന്നും നോക്കിയില്ല. കയ്യിലുണ്ടായിരുന്ന മൊബൈൽ നീട്ടിപ്പിടച്ച് ഉടനെ ഒരു സെൽഫി.
അമ്മേ.. എങ്ങനെയുണ്ട് ഈ സെൽഫി...?
" ഇത് ഒരു മാതിരി നമ്മുടെ റോസാചെടിയിൽ വരുന്ന ഓന്തിനെ പോലെയുണ്ട്. നാണമില്ലല്ലോടാ ഇന്നത്തെ കാലത്തും അഞ്ച് മെഗാപിക്സൽ ക്യാമറയുള്ള ഫോണുമായി നടക്കാൻ "
(ഒടുവിൽ അമ്മയും അകത്തേക്ക്...)
അമ്മയുടെ അപ്രതീക്ഷിത മറുപടി.. കാലം മുന്നോട്ടു പോയതാണോ അതോ ഞാൻ പുറകോട്ടു പോയതാണോ.... പശുവിനെ തീറ്റിക്കാത്ത പട്ടി ,വെള്ളരിക്കണ്ടത്തിൽ വച്ച കോലം, റോസാചെടിയിലെ ഓന്ത്. തൃപ്തിയായി രാവിലെ തന്നെ ബഹുമുഖ വിശേഷണം... ഇന്ന് ഇനി പുറത്തൊന്നും പോയിട്ട് വല്യ കാര്യമില്ല.
നേരെ മുറിയിലേക്ക്.. പുതപ്പിനടിയിലേക്ക് ചുരുണ്ടുകൂടി. അടുത്ത വിശേഷണവുമായി ആരെങ്കിലും വരുന്നത് വരെ സുഖ നിദ്ര.
മിഥുൻ

രക്തസാക്ഷി

രക്തസാക്ഷി
.........................
പ്രിയ'രക്തസാക്ഷീ ഓർക്കുന്നുവോ
ആർക്കോ വേണ്ടി ചിന്തിയ
നിൻ രക്തത്തെ
ആർക്കോ വേണ്ടി ചേർന്ന്
വിളിച്ച മുദ്രാവാക്യത്തെ
ആർക്കോ വേണ്ടി ചേർന്ന്
പൊരുതിയ സമരമുഖത്തെ
പ്രിയ രക്തസാക്ഷീ ഓർക്കുന്നുവോ
നീ താണ്ടിയ പാതകളെ
ചോര ചിന്തിയ പാതകളെ
ഉയിരുചിന്തിയ പാതകളെ
പക പോക്കിയ പാതകളെ
പ്രിയ രക്ത സാക്ഷീ ഓർക്കുന്നുവോ
നീ അരിഞ്ഞു വീഴ്ത്തിയ മുഖങ്ങളെ
ആരാന്റെ ചോര ചിന്തിയ മുഖങ്ങളെ
ഉറ്റവരുടെ ഉച്ചത്തിലുള്ള വിലാപങ്ങളെ
തീപ്പൊരി പ്രസംഗം നടത്തിയ തെരുവുകളെ
പ്രിയ രക്ത സാക്ഷീ ആർക്കു വേണ്ടി
പഴയ പട മുഖത്തെ സ്മരണകളിലെ
കടലാസു പുലികൾക്ക് വേണ്ടി
മാടമ്പിമാർക്ക് വേണ്ടി
ഇന്നിന്റെ നേതാക്കൾക്ക് വേണ്ടി
വെറുമൊരു പടയാളി നീ
കടലാസു പുലികളുടെ പടയാളി
വെറുമൊരു അനുഭാവി നീ
കടലാസു പുലികളുടെ അനുഭാവി
ഒടുവിൽ തിരിഞ്ഞു കൊത്തപ്പെട്ട പടയാളീ
നിന്നിൽ അവർ ബാക്കി വച്ചത് ?
വെട്ടിനുറുക്കിയ ശരീരത്തിൽ ബാക്കി വച്ചത് ?
ചുരുട്ടിയ മുഷ്ടിക്കുള്ളിൽ ഭദ്രമായ
നിൻ ഇടത് ചൂണ്ടുവിരൽ മാത്രം
ഓർക്കുക നിൻ ഇടത് ചൂണ്ടുവിരൽ മാത്രം
മിഥുൻ

പുകമറ

പുകമറ
...............
കുട്ടികൾ അവരുടെ ഇഷ്ടങ്ങൾ
രക്ഷിതാക്കൾ അവർക്കും ഇഷ്ടങ്ങൾ
ഇഷ്ടങ്ങൾക്കിടയിലെ പുകമറ
മാടമ്പിമാരായ രക്ഷിതാക്കൾ സൃഷ്ടിച്ച പുകമറ
ബാല്യകാലം ,കുട്ടികളുടെ ബാല്യകാലം
പുകമറയിൽ കാഴ്ച മറഞ്ഞ ബാല്യകാലം
പുകമറ , മാടമ്പിമാർ തീർത്ത പുകമറ
അസ്വാതന്ത്ര്യത്തിന്റെ പുകമറ
'അച്ഛൻ, അച്ഛന്റെ ഇഷ്ടങ്ങൾ
അമ്മ, അമ്മയുടെ ഇഷ്ടങ്ങൾ
അച്ഛനും അമ്മയ്ക്കുമിടയിലെ പുകമറ
വേർതിരിവിന്റെ പുകമറ
വേർപിരിയലിന്റെ പുകമറ
അവനവന് അവനവന്റെ വഴിയൊരുക്കിയ - പുകമറ...
മിഥുൻ

RAND - 4:00 AM ( വീര്യം കൂടിയത് )

BRAND - 4:00 AM ( വീര്യം കൂടിയത് )
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
രാവിലെ ഓടാനിറങ്ങിയതും, മുത്താമ്പി പാലത്തിനരികിലെ കള്ള് ഷാപ്പിന്റെ മുൻവശത്തെ കല്ല് കാലേൽ തട്ടി വീണതും ഒരുമിച്ചായിരുന്നു..
"രാവിലെ തന്നെ ആവശ്യമുള്ളത് കുടിച്ചാൽ പോരായിരുന്നോ ??"
പത്രക്കാരൻ ബൈജുവിന്റെ ചോദ്യം എനിക്കത്ര രസിച്ചില്ല.
കള്ളുഷാപ്പിന്റെ മുന്നിൽ കാൽ വഴുതി വീഴുന്നോരെല്ലാം കള്ളുകുടിയന്മാരാണോ.?
" എന്ററിവിൽ അല്ല "
തൊട്ടടുത്തുടെ കടന്നുപോയ കള്ളുകുടിയന്റെ മറുപടി തെല്ലൊരാശ്വാസം നൽകി.
ഓടിക്കിതച്ച് ചക്രശ്വാസം വലിച്ച് നാക്കുകൾ പുറത്തേക്ക് നീട്ടി വീട്ടിൽ തിരിച്ചെത്തിയപ്പോൾ ,അതാ ഉഗ്രരൂപിയായ അച്ഛൻ രൗദ്രഭാവത്തോടെ വരാന്തയിൽ..
ഉമ്മറക്കോലായിൽ വലത് കാൽ വച്ചതേയുള്ളൂ
"ഊതെടാ...?" (അച്ഛന്റെ ഇടിവെട്ട് ശബ്ദം)
ങേ...?'
"എടാ ഊതാൻ. നീ കള്ളുകുടിയും തുടങ്ങിയോ?"
പത്രക്കാരൻ കെണിയൻ ബൈജു വന്നിരുന്നു അല്ലേ?
"വന്നു. വന്നെന്ന് മാത്രമല്ല നീ കള്ള് കുടിച്ച് ഷാപ്പിന്റെ മുന്നിൽ റോഡിൽ വീണ് വാള് വച്ച കാര്യവും പറഞ്ഞു. "
അപ്പോഴേക്കും വാളും വച്ചാ....?? ഇതാണ് നാട്ടാരുടെ കുഴപ്പം എന്തെങ്കിലും സംഭവിച്ചാൽ അത് ഇരട്ടിയാക്കി പറഞ്ഞ് നടക്കും. ഞാൻ കള്ളും കുടിച്ചില്ല വാളും വച്ചില്ല. പിന്നെ വീണു.കല്ല് കാലേൽ തട്ടി വീണതാ.
"ഒന്നും പറയണ്ട ഊതെടാ, മര്യാദക്ക് ഊതാൻ. മുഖം കണ്ടാലറിയാം കള്ളുകുടിച്ചിട്ടുണ്ടെന്ന് "
അറിയാമെങ്കിൽ പിന്നെ എന്തിനാ ഊതിക്കുന്നത്.അങ്ങനെ തന്നെ വിശ്വസിച്ചോളൂ
"തർക്കുത്തരം പറയാതെ ഊതെടാ"
അതു വേണോ?
പിന്നൊന്നും നോക്കിയില്ല.
"ഫൂഫൂ........." അച്ഛന്റെ മുഖത്തേക്ക് ശാന്തമായൊന്ന് ഊതി.
ദേ കിടക്കുന്നു. അച്ഛൻ നിലത്ത്.ഒട്ടും ബോധമില്ല.
"ഉഗ്രൻ ബ്രാൻറ് തന്നാണല്ലോടാ അടിച്ചത്.ഊതിയപ്പോഴേക്കേ ബോധം പോയി. നല്ല കിടിലൻ ബ്രാൻറ് തന്നെ "
(ഒരു പണിയുമില്ലാതെ അതും എന്റെ വീട്ടിൽ തന്നെ ചുറ്റിപ്പറ്റി നടക്കുന്ന അമ്മാവന്റെ അടക്കം പറച്ചിൽ )
" ആട്ടേ. ഏത് ബ്രാൻറാടാ ഇത്? ഒരെണ്ണം അമ്മാവനും താ മോനേ "
ഇതോ.?. ഇതേ.... പല്ല് തേക്കാത്ത ബ്രാന്റ്
"പല്ലു തേക്കാത്ത ബ്രാന്റോ? നീ ഇന്ന് പല്ല് തേച്ചില്ലേ "
രാവിലെ നാല് മണിക്ക് പല്ല് തേച്ച് ഓടാൻ പോകാൻ എനിക്ക് വട്ടല്ലേ....
"വെറുതെ മനുഷ്യമാരെ കൊതിപ്പിച്ചു. ഞാൻ കരുതി ഏതോ വീര്യം കൂടിയ സാധനം അടിച്ചേച്ച് വന്നേക്കുവാന്ന്. വൃത്തികെട്ടവനേ നിനക്ക് പല്ലൊക്കെ തേച്ച് ഓടാൻ പോയ്ക്കൂടേടാ..... പാവം അളിയൻ കെടക്കണ കെടപ്പ കണ്ടില്ലേ...
നീ എവട പരിപാടി അവതരിപ്പിച്ചാലും ഇത് തന്നാണല്ലോടാ ഗതി?"
എന്റെ രാമൻ കുട്ടി മാമാ ഞാൻ ആയിരം പ്രാവശ്യം ഈ അച്ഛനോട് പറഞ്ഞിട്ടുണ്ട് എന്നെക്കൊണ്ട് ഊതിക്കണ്ടാ... എന്നെക്കൊണ്ട് ഊതിക്കണ്ടാന്ന്. പറഞ്ഞിട്ട് കാര്യമില്ല വരാനുള്ളത് വഴീത്തങ്ങില്യാ എന്നാണല്ലോ.

Midhun

ബ്ലേഡ് ഒരു ഭീകരജീവിയാണ്

ബ്ലേഡ് ഒരു ഭീകരജീവിയാണ്
....................................................
ശാന്തമായ ഉറക്കത്തെയും സുന്ദരമായ സ്വപ്നത്തെയും ഭേദിച്ചു കൊണ്ട് ഉറ്റ സുഹൃത്തിന്റെ ക്ഷമിക്കണം തൊട്ട അയൽവക്കക്കാരിയുടെ ഫോൺ കോൾ.
ഹലോ..
"ഹലോ. ചേട്ടാ ഇന്ന് എന്റെ കോളേജ് വരെ ഒന്ന് വരണം"
എന്തിന്?
"ഒരു ചെറിയ പ്രശ്നമുണ്ട.. വീട്ടീന്ന് ആളെ വിളിച്ചിട്ട് ക്ലാസിൽ കയറിയാ മതീന്ന് പറഞ്ഞു. "
ഞാൻ വരില്ല..
" വന്നില്ലെങ്കിൽ നമ്മൾ തമ്മിൽ ഇഷ്ടത്തിലാണെന്ന കാര്യം ഞാൻ വീട്ടിൽ പറയും "
ഞാൻ വരാം..
"അങ്ങനെ വഴിക്ക് വാ... അപ്പോ പറഞ്ഞ പോലെ കൃത്യം പത്ത് മണിക്ക് എത്തിക്കൊള്ളണം"
(ഫോൺ കട്ട് ചെയ്തു)
നാശം പഠിക്കണ കാലത്ത് മര്യാദയ്ക്ക് കോളേജിൽ പോയിട്ടില്ല.. ഇപ്പോ അവളുടെ രക്ഷിതാവായിട്ട് പോണമത്രേ. ഞാനെന്താ രക്ഷാധികാരി ബൈജുവോ.?
പതുക്കെ എഴുന്നേറ്റ് താഴേക്കുള്ള കോണിപ്പടികൾ ലക്ഷ്യമാക്കി ഞാൻ നടന്നു. മരത്തടിയിൽ തീർത്ത അതിപുരാതനമായ കോണിപ്പടികൾ.കോണിപ്പടികളെ വേദനിപ്പിക്കാതെ പതിയെ താഴേക്കിറങ്ങി. എങ്ങാനും ഒടിഞ്ഞു പോയാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല.
താഴെ മരത്തടിയിൽ തീർത്ത ചാരു കസേരയിൽ ഇരുന്ന് പത്രം വായിക്കുന്ന അച്ഛൻ.വെള്ള മുണ്ടും കണ്ണടയുമൊക്കെയായി വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിപ്പിക്കുന്ന വേഷം. കണ്ണടക്കിടയിലൂടെ ഒളികണ്ണിട്ടു നോക്കുന്ന നോട്ടം എന്നും കിട്ടാറുണ്ട്.ഏറെ മുഷിപ്പിക്കുന്ന നോട്ടം.
എന്നെ കണ്ടതും അച്ഛന്റെ പതിവു പല്ലവി
" നേരെ പോയി ഇടത്തോട്ട് തിരിഞ്ഞ് നടന്നാൽ മതി" ( അടുക്കളയിലോട്ടുള്ള വഴി പറഞ്ഞു തന്നതാണ്. വല്ലതും കഴിച്ച് സ്ഥലം കാലിയാക്കാനുള്ള പരിഹാസ സ്വരം)
പത്ത് മണിക്ക് കോളേജിൽ എത്തണമെന്ന പ്രിയ സഖിയുടെ അന്ത്യശാസനം ഓർമ്മ വന്നു.
പല്ലുതേപ്പും പ്രഭാത ഭക്ഷണവുമൊക്കെ കഴിഞ്ഞു്. ഇന്നത്തെ ദിവസമെങ്കിലും ഒന്ന് കുളിക്കാമെന്ന് കരുതി. കുളിമുറിയിലേക്ക് പോകുന്ന വഴി ഭിത്തിയിൽ പതിച്ച വലിയ കണ്ണാടിയിൽ അറിയാതെ ഒന്ന് ശ്രദ്ധ പതിഞ്ഞു.
വെട്ടിയൊതുക്കാത്ത താടിരോമങ്ങളും ജഡ പിടിച്ച മുടിയും, രാത്രി ഡിസ്കവറി ചാനലിൽ കണ്ട ആൺ സിംഹത്തെ ഓർമ്മപ്പെടുത്തി .
മുഖത്ത് നിന്നും താടിരോമങ്ങൾ മഴുവനായും മാറ്റാൻ ഒരു മോഹം. ഈ രൂപത്തിൽ കോളേജിൽ പോവാൻ പറ്റില്ല. ഷേവ് ചെയ്യാനുള്ള യാതൊരു ഉപകരണങ്ങളും കയ്യിലില്ല.മാസങ്ങളായി താടിരോമങ്ങളെ മുഖത്ത് അഴിഞ്ഞാടാൻ വിട്ടിരിക്കുകയായിരുന്നു. ബാർബർ ഷോപ്പിലെ മുടിവെട്ടുകാരൻ വരെ തോറ്റു പിന്മാറിയ തലമുടി.ഒരിക്കൽ മുടി വെട്ടുകാരൻ എനിക്ക് ഇങ്ങോട്ട പൈസ തന്നിട്ടുണ്ട്. ഒപ്പം ,മേലിൽ മുടി വെട്ടാൻ കടയിൽ വരാൻ പാടില്ലെന്ന അപേക്ഷയും.
ഒടുവിൽ എവിടെ നിന്നോ ഒരു ഷേവിങ് സെറ്റ് കയ്യിൽ കിട്ടി. നേരെ കുളിമുറിയിലേക്ക്. പെട്ടെന്നാണ് അത് ശ്രദ്ധയിൽ പെട്ടത്. ഷേവിങ് ഉപകരണത്തിൽ ബ്ലേഡ് ഇല്ല. വണ്ടിയുണ്ട് ഡ്രൈവർ ഇല്ല എന്ന് പറഞ്ഞ അവസ്ഥ. സമയം അതിക്രമിച്ചിരിക്കുന്നു.
രണ്ടാമതൊന്ന് ആലോചിച്ചില്ല. മേശപ്പുറത്ത് അച്ഛൻ വാങ്ങി വച്ച ഒരേ ഒരു ബ്ലേഡ് കൈപ്പിടിയിൽ ഒതുക്കി നേരെകുളിമുറിയിലേക്ക്.
പുറത്ത് അച്ഛന്റെ ഇടിവെട്ട് ശബ്ദം.
"മര്യാദയ്ക്ക് പറയുകയാണ്. എന്റെ ബ്ലേഡ് താടാ"
ഞാൻ എടുത്തില്ല
" നീ എടുത്തത് കണ്ടവരുണ്ട് മര്യാദക്ക് ബ്ലേഡ് താടാ"
ഞാൻ എടുത്തില്ലെന്ന്
"പട്ടി പുല്ല് തിന്നുകയുമില്ല പശുവിനെ തിന്നാൻ സമ്മതിക്കത്തുമില്ല. മര്യാദയ്ക്ക് ബ്ലേഡ് താടാ"
ഇല്ലാത്ത ബ്ലേഡ് ഞാനെവിടുന്ന് തരാനാ?
"വാതില് ഞാൻ ചവിട്ടിപ്പൊളിക്കും, മര്യാദക്ക് ബ്ലേഡ് താടാ"
രാമലീല പടം ഇറങ്ങിയിട്ടുണ്ട്. അച്ഛൻ അവൾക്കൊപ്പമാണോ അതോ അവനൊപ്പ മാണോ?
"പത്തിരുപത്തഞ്ച് വർഷമായി നിന്റെ അമ്മക്കൊപ്പം. അതിന്റെ പരിണിത ഫലമാണെടാ ഞാനീ കെടന്നനുഭവിക്കുന്നത്. മര്യാദക്ക് ബ്ലേഡ് താടാ"
പത്ത് മിനുട്ട് കുളി അരമണിക്കൂർ നീട്ടി അച്ഛനിൽ നിന്നും രക്ഷ നേടി. നല്ല ക്ലീൻ ഷേവ് മുഖം. പതുക്കെ പുറത്തിറങ്ങി. അച്ഛനുണ്ടോന്ന് ചുറ്റുപാടും സസൂക്ഷ്മം നിരീക്ഷിച്ചു.
"അച്ഛൻ കട തുറക്കാൻ പോയി "
(അമ്മയാണ് മറുപടി പറഞ്ഞത്)
കട തുറക്കാൻ പോയി എന്ന് പറയരുത് അമ്മേ. ഷോറൂം തുറക്കാൻ പോയി എന്ന് പറയൂ, തേങ്ങാ ഷോറൂം.
" ഈയിടെ ആയിട്ട് നീ അച്ഛനെ വല്ലാതെ കളിയാക്കുന്നുണ്ട് "
(ഒരു ഭാര്യയുടെ അമർഷം)
പിന്നെ ഞാനെന്ത് പറയണം. നാട്ടിലുള്ള തേങ്ങ മുഴുവൻ ശേഖരിച്ച് ആ കടയിൽ കൊണ്ട് വന്ന് ഗവേഷണം നടത്തുന്ന ആളല്ലേ. നാട്ടുകാർ അച്ഛന്റെ തേങ്ങാ പ്രാന്ത് കാരണം എന്നെ എന്താ വിളിക്കുന്നതെന്ന് അറിയാമോ?
"എന്താ വിളിക്കുന്നത്?"
മച്ചിങ്ങാന്ന്.
"ഭാഗ്യം തേങ്ങക്കുള്ളിലെ " പൊങ്ങ് " കഷ്ണം എന്ന് വിളിച്ചില്ലല്ലോ?"
(അമ്മയുടെ ചങ്കിൽ കൊള്ളുന്ന കോമഡി )
നേരെ പ്രഭാതഭക്ഷണം കഴിക്കാൻ ഡൈനിങ് ടേബിളിൽ ചെന്നിരുന്നു.,
"ഡാ നീ ഒരു പ്രാവശ്യം ചായ കുടിച്ചതല്ലേ? അതിനു ശേഷമല്ലേ കുളിക്കാൻ പോയത്?
(അമ്മയുടെ ശബ്ദം)
സോറി മറന്നു പോയതാണ്.
അവിടുന്ന് പതുക്കെ എഴുന്നേറ്റ വസ്ത്രം മാറി മെല്ലെ പുറത്തേക്ക്. എത്രയും പെട്ടെന്ന അവളുടെ് കോളജിൽ എത്തണം.
ആദ്യം കിട്ടിയ തുളസി ബസ്സിൽ തന്നെ ചാടിക്കയറി. ഭയങ്കര തിരക്ക .അതെങ്ങനെയാ ഇന്ന് തിങ്കളാഴ്ച അല്ലേ തിരക്ക് ഉണ്ടാവും.
കണ്ടക്ടറുടെ ആഗമനം.
"താനെങ്ങോട്ടാ?"
അല്ല, താനെങ്ങോടല്ല എനിക്ക് കോഴിക്കോട്ടേക്കാ പോണ്ടത്.
"അത് തന്നെയാണെടോ ഞാനും ചോദിച്ചത് താനെങ്ങോട്ടാ പോവുന്നതെന്ന് "
കവലയിൽ എത്തിയപ്പോഴേക്കും ഒരിക്കലുമില്ലാത്ത ട്രാഫിക് പ്രോബ്ലം. ബസ് ആമ ഇഴയുന്ന വേഗതയിൽമന്ദം മന്ദം മുന്നോട്ട് നീങ്ങി. പെട്ടെന്ന് ആ ഇഴച്ചിലും നിന്നു.ബസ് ഒരടി മുന്നോട്ട് നിങ്ങുന്നില്ല.
പെട്ടെന്നാണ് ഒരു കടയുടെ വരാന്തയിൽ നിന്ന് ഒരു മനുഷ്യൻ ബസിലേക്ക് സൂക്ഷിച്ച് നോക്കുന്നത് ശ്രദ്ധയിൽ പെട്ടത്. നല്ല പരിചയമുള്ള മുഖം.പക്ഷെ എവിടെ വച്ചാ കണ്ടതെന്ന് ഒരെത്തും പിടിയുമില്ല. എന്നെ കണ്ടതും ആ മനുഷ്യൻ ഉച്ചത്തിൽ അലറി വിളിച്ചു.
"ഢാ.... "
ദൈവമേ അച്ഛൻ.ബസിന് ട്രാഫിക്കിൽ പെടാൻ അച്ഛന്റെ കടയുടെ മുൻവശം മാത്രമേ കിട്ടിയുള്ളോ..
വീണ്ടും അച്ഛൻ
"ഡാ നീ എന്റെ ബ്ലെയിഡ് എടുത്തോട?"
ബസിലെ യാത്രക്കാരുടെ ശ്രദ്ധ മുഴുവനും അച്ഛന്റെ നേർക്കായി.
"സത്യം പറഞ്ഞോ.കുളിയും നനയുമില്ലാത്ത നിനക്ക് ഇന്ന് മാത്രമെന്താടാ ഇത്ര പ്രത്യേകത? നീയല്ലെടാ ബ്ലേഡ് എടുത്തത്?"
ബസിൽ കൂട്ടച്ചിരി മുഴങ്ങി. ആളെ മനസ്സിലാവാതിരിക്കാൻ ഞാനും യാത്രക്കാരോടൊപ്പം ചിരിയിൽ പങ്കു ചേർന്നു.
വന്നു അച്ഛന്റെ അടുത്ത ബൗൺസർ.
" ആ പച്ച ഷർട്ട് ഇട്ടവനെ ഒന്ന് വിളിച്ചേ"
കുടുങ്ങി ബസിൽ പച്ച ഷർട്ട് ഇട്ടവൻ ഞാൻ മാത്രം.
"ഡാ നീ എന്റെ ബ്ലേഡെടുത്തോടാ?"
ഇതിലും വലിയ നാണക്കേട് സ്വപ്നങ്ങളിൽ മാത്രം.
ബസിലെ സ്ത്രീജനങ്ങളും പുരുഷകേസരികളും കുട്ടി കൂറകളും എല്ലാം നോമിനെ കണക്കറ്റ് കളിയാക്കുന്നൂ.
എല്ലാത്തിനും കാരണം ലവളാണ്. അവളുടെ ഒര് കോളേജില് വിളിപ്പിക്കൽ .ഞാൻ വരാട്ടാ കോളേജില് ഞാൻ വരാട്ടാ.. മനുഷ്യനെ നാണം കെടുത്തിയവളേ ഞാൻ വരാട്ടാ.. മര്യാദക്ക് വീട്ടിൽ കിടന്നുറങ്ങിയ ഞാനാണ്.
തൊട്ടടുത്ത സ്റ്റോപ്പിൽ യാത്ര അവസാനിപ്പിച്ച് ഞാൻ പോയി. ഒരു പുതിയ ബ്ലേഡ് വാങ്ങാൻ
മിഥുൻ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo